വഹ്‌യ്


മാനവരാശിയിലേക്ക് അവരിൽനിന്നു തന്നെയുള്ള ദൂതന്മാരെ ഇതഃപര്യന്തം അല്ലാഹു തെരഞ്ഞെടുത്തയച്ചു. അവർ മുഖേന മനുഷ്യർക്കായി അവൻ നൽകിയിട്ടുള്ള ബോധനമാണ് വഹ്‌യ്. ഇഹപര സൗഭാഗ്യത്തിന് ആവശ്യമായ മാർഗ്ഗദർശനം നൽകുകയാണ് വഹ്‌യിൻെറ ലക്ഷ്യം. മനുഷ്യരെ ഭൂലോകത്ത് അധിവസിപ്പിക്കുന്ന സമയത്ത് അല്ലാഹു ആദമിനോടും ഹവ്വാഇനോടുമായി പറഞ്ഞു:

﴿قَالَ اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَى﴾ (طه: 123)

[അവൻ പറഞ്ഞു: നിങ്ങൾ രണ്ടു പേരും ഒരുമിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോകുവീൻ. നിങ്ങളിൽ ചിലർ മറ്റുചിലരുടെ ശത്രുക്കളാണ്. എൻെറയടുക്കൽനിന്നുള്ള മാർഗ്ഗദർശനം നിങ്ങൾക്കു വന്നെത്തും. അപ്പോൾ ആർ എൻെറ മാർഗ്ഗദർശനം പിന്തുടരുന്നവോ അവൻ വഴിതെറ്റുകയില്ല, നിർഭാഗ്യവാനാവുകയുമില്ല.] (ത്വാഹാ 123)

മേൽ പറഞ്ഞ മാർഗ്ഗദർശനം വഹ്‌യിലൂടെയാണ് അല്ലാഹു നൽകുന്നത്. ഏതെല്ലാം രൂപത്തിലാണ് അവൻ ദൂതന്മാർക്ക് വഹ്‌യ് നൽകുന്നത് എന്നതിനെ കുറിച്ചുള്ള വിവരണം കാണുക:

﴿وَمَا كَانَ لِبَشَرٍ أَنْ يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِنْ وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ إِنَّهُ عَلِيٌّ حَكِيمٌ﴾ (الشورى: 51)

[ഒരു മനുഷ്യനോടും വഹ്‌യ് മുഖേനയല്ലാതെ അല്ലാഹു സംസാരിക്കുകയില്ല. അല്ലെങ്കിൽ ഒരു മറക്കു പിന്നിൽ നിന്നുകൊണ്ടല്ലാതെ. അതുമല്ലെങ്കിൽ ഒരു ദൂതനെ നിയോഗിച്ച് താനുദ്ദേശിക്കുന്നത് തൻെറ അനുമതി പ്രകാരം ബോധനം നൽകിക്കൊണ്ടല്ലാതെ. തീർച്ചയായും അവൻ അത്യുന്നതനും, ജ്ഞാനസമ്പൂർണ്ണനായ അധികാരസ്ഥനുമാകുന്നു]. (ശൂറാ 51)

വഹ്‌യിൻെറ മൂന്ന് രൂപങ്ങളാണ് ഇവിടെ അല്ലാഹു വിവരിച്ചിരിക്കുന്നത്. (ഒന്ന്) സ്വപ്നത്തിലൂടെയും മറ്റുമായി അവൻ നേരിട്ട് നൽകുന്ന ബോധനങ്ങൾ. (രണ്ട്) മറക്കു പിന്നിൽനിന്നുകൊണ്ടുള്ള സംസാരം. (മൂന്ന്) മലക്ക് മുഖേന കൈമാറുന്ന വഹ്‌യ്.
വഹ്‌യ് സ്വീകരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങൾ മുഹമ്മദ് നബി ﷺ വിവരിച്ചിട്ടുള്ളത് ഇമാം ബുഖാരി തൻെറ സ്വഹീഹിൽ ഉദ്ധരിച്ചിട്ടുണ്ട്. كيف كان بدء الوحي إلى رسول الله ﷺ എപ്രകാരമായിരുന്നു നബി ﷺ ക്കുള്ള വഹ്‌യിൻെറ ആരംഭം എന്ന അധ്യായത്തിൽ അത് നമുക്ക് ഇപ്രകാരം വായിക്കാം:

عَنْ عَائِشَةَ أُمِّ المُؤْمِنِينَ ، أَنَّ الحَارِثَ بْنَ هِشَامٍ سَأَلَ رَسُولَ اللَّهِ ﷺ فَقَالَ: يَا رَسُولَ اللَّهِ، كَيْفَ يَأْتِيكَ الوَحْيُ؟ فَقَالَ رَسُولُ اللَّه : أَحْيَانًا يَأْتِينِي مِثْلَ صَلْصَلَةِ الجَرَسِ، وَهُوَ أَشَدُّهُ عَلَيَّ، فَيُفْصَمُ عَنِّي وَقَدْ وَعَيْتُ عَنْهُ مَا قَالَ، وَأَحْيَانًا يَتَمَثَّلُ لِيَ المَلَكُ رَجُلًا فَيُكَلِّمُنِي فَأَعِي مَا يَقُولُ. قَالَتْ عَائِشَةُ : وَلَقَدْ رَأَيْتُهُ يَنْزِلُ عَلَيْهِ الوَحْيُ فِي اليَوْمِ الشَّدِيدِ البَرْدِ، فَيَفْصِمُ عَنْهُ وَإِنَّ جَبِينَهُ لَيَتَفَصَّدُ عَرَقًا. [البخاري في صحيحه]

[ആയിശ رَضِيَ اللهُ عَنْهُا നിവേദനം. ഹാരിസ് ബിൻ ഹിശാം رَضِيَ اللهُ عَنْهُ റസൂൽ ﷺ യോട് ചോദിച്ചു: എപ്രകാരമാണ് താങ്കൾക്ക് വഹ്‌യ് വരുന്നത്? അപ്പോൾ റസൂൽ ﷺ പറഞ്ഞു: ചിലപ്പോൾ മണിനാദം മുഴങ്ങുന്ന രൂപത്തിൽ എനിക്ക് വഹ്‌യ് വരും. അതാണ് എനിക്ക് ഏറ്റവും കഠിനമായത്. അത് നിലക്കുമ്പോൾ എന്നോട് വചിച്ചതെല്ലാം ഹൃദിസ്ഥമായികഴിഞ്ഞിരിക്കും. മറ്റു ചിലപ്പോൾ മലക്ക് എൻെറയടുക്കൽ ഒരു മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടും. എന്നിട്ട് എന്നോട് സംസാരിക്കും. വചിക്കുന്നത് അപ്പോൾ തന്നെ ഞാൻ ഹൃദിസ്ഥമാക്കുന്നുണ്ടായിരിക്കും. ആയിശഃ رَضِيَ اللهُ عَنْهَا പറയുന്നു: കഠിനമായ തണുപ്പുള്ള ദിവസത്തിൽ നബി ﷺ ക്ക് വഹ്‌യ് ഇറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് നിലക്കുമ്പോൾ അവിടുത്തെ നെറ്റിത്തടം വിയർത്തിട്ടുണ്ടായിരിക്കും]. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

അല്ലാഹു ദൂതന്മാർക്കെല്ലാം വഹ്‌യ് നൽകുന്നത് ഒരേ രൂപത്തിലാണ്. മുൻകാല നബിമാർക്ക് ബോധനം നൽകിയ പോലെ തന്നെയാണ് മുഹമ്മദ് നബി ﷺ ക്കും ബോധനം നൽകിയിരിക്കുന്നത്. അല്ലാഹു മുഹമ്മദ് നബി ﷺ യോട് പറയുന്നു:

﴿إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ وَأَوْحَيْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَى وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ وَآتَيْنَا دَاوُودَ زَبُورًا﴾ (النساء: 163)

[നൂഹ് عَلَيْهِ السَلَامُ നും അദ്ദേഹത്തിനു ശേഷമുള്ള നബിമാർക്കും വഹ്‌യ് നൽകിയ പോലെ തന്നെ താങ്കൾക്കും നാം വഹ്‌യ് നൽകിയിരിക്കുന്നു, അതേ പോലെ ഇബ്റാഹീമിനും ഇസ്‌മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും അദ്ദേഹത്തിൻെറ സന്തതികൾക്കും, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂൻ, സുലൈമാൻ തുടങ്ങിയവർക്കും നാം വഹ്‌യ് നൽകിയിരിക്കുന്നു. ദാവൂദിനു നാം സബൂർ നൽകുകയും ചെയ്തിരിക്കുന്നു.] (നിസാഅ് 163)

മുഹമ്മദ് ﷺ അവസാനത്തെ നബിയും റസൂലുമാണ്. അവിടുത്തെ വിയോഗത്തോടെ നുബുവ്വത്തും വഹ്‌‌യും അവസാനിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:

﴿اَلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا…﴾ إلخ. (المائدة: 3)

[ഇന്നേ ദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം സമ്പൂർണ്ണമാക്കിത്തന്നിരിക്കുന്നു. എൻെറ അനുഗ്രഹം നിങ്ങളിൽ ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. ദീനായി ഇസ്‌ലാമിനെ നിങ്ങൾക്ക് ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.] (മാഇദഃ 3)

ഇതോടുകൂടി നുബുവ്വത്തിൻെറ പരിസമാപ്തി കുറിച്ചു. ഇനി ഒരു നബിയും വരാനില്ല. അതേ പോലെ, മുഹമ്മദ് ﷺ ക്ക് നൽകിക്കൊണ്ടിരുന്ന ഇസ്‌ലാം ദീനിൻെറ പൂർത്തീകരണവും നടന്നു. ഇസ്‌ലാം ദീനിൽ ഒന്നും കൂട്ടാനും കുറക്കാനുമില്ല. നബി ﷺ യുടെ വിയോഗത്തോടെ വഹ്‌യും നിലച്ചു. ഇനി ആർക്കും വഹ്‌യ് അവതരിക്കാനുമില്ല.

عَنْ أَنَسٍ، قَالَ: قَالَ أَبُو بَكْرٍ بَعْدَ وَفَاةِ رَسُولِ اللهِ ﷺ لِعُمَرَ: انْطَلِقْ بِنَا إِلَى أُمِّ أَيْمَنَ نَزُورُهَا، كَمَا كَانَ رَسُولُ اللهِ يَزُورُهَا، فَلَمَّا انْتَهَيْنَا إِلَيْهَا بَكَتْ، فَقَالَا لَهَا: مَا يُبْكِيكِ؟ مَا عِنْدَ اللهِ خَيْرٌ لِرَسُولِهِ ؟ فَقَالَتْ: مَا أَبْكِي أَنْ لَا أَكُونَ أَعْلَمَ أَنَّ مَا عِنْدَ اللهِ خَيْرٌ لِرَسُولِهِ ، وَلَكِنْ أَبْكِي أَنَّ الْوَحْيَ قَدِ انْقَطَعَ مِنَ السَّمَاءِ، فَهَيَّجَتْهُمَا عَلَى الْبُكَاءِ. فَجَعَلَا يَبْكِيَانِ مَعَهَا. (مسلم في صحيحه)

[അനസ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ മരണപ്പെട്ടപ്പോൾ അബൂബക്കർ رَضِيَ اللهُ عَنْهُ ഉമർ رَضِيَ اللهُ عَنْهُ നോട് പറഞ്ഞു: നമുക്കൊന്ന് ഉമ്മു അയ്‌മനിനെ സന്ദർശിക്കാം. നബി ﷺ അവരെ സന്ദർശിക്കാറുണ്ടായിരുന്നല്ലോ. അങ്ങനെ അവർ രണ്ടുപേരും അവരുടെ അടുക്കൽ ചെന്നു. ഞങ്ങൾ അവരുടെ അടുത്തെത്തിയപ്പോൾ അവർ കരയാൻ തുടങ്ങി. അവർ രണ്ടു പേരും ചോദിച്ചു: അല്ലയോ ഉമ്മു അയ്മൻ, അല്ലാഹുവിൻെറ അടുക്കൽ ഉള്ളതെന്തോ അതല്ലേ അല്ലാഹുവിൻെറ റസൂലിന് ഉത്തമം! അപ്പോൾ അവർ പറഞ്ഞു: ഞാൻ കരയുന്നത് അല്ലാഹുവിൻെറ റസൂലിന് ഉത്തമം അല്ലാഹുവിൻെറ അടുക്കലുള്ളതാണെന്ന് അറിയാത്തതുകൊണ്ടല്ല. മറിച്ച്, ആകാശത്തുനിന്നുള്ള വഹ്‌യ് നിലച്ചുപോയില്ലേ. അതോർത്താണ് ഞാൻ കരഞ്ഞുപോയത്. അങ്ങനെ അവർ അവരെയും കരയിപ്പിച്ചു. തുടർന്ന് അവർ രണ്ടുപേരും അവരോടൊപ്പം കരയാൻ തുടങ്ങി]. (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

ഖുർആൻ

ഖുർആൻ അല്ലാഹു അവതരിപ്പിച്ച വഹ്‌യാണ്, അവൻ ഇറക്കിയ അവസാനത്തെ ഗ്രന്ഥവും. മുഹമ്മദ് നബി ﷺ ക്കാണ് അത് നൽകിയത്. ഖുർആൻ അല്ലാഹുവിൻെറ വചനമാണ്, സൃഷ്ടിയല്ല. അത് അല്ലാഹുവിൽനിന്നുള്ളതും അവനിലേക്ക് തന്നെ മടങ്ങാനുള്ളതുമാണ്.

അവതരണ കാലം മുതൽ അന്ത്യനാൾ വരെയുള്ള ജനപദങ്ങളിലേക്ക് ഖുർആൻ കൈമാറ്റം ചെയ്യപ്പെടുന്നത് സംശയരഹിതവും അനിഷേധ്യവുമായ രുപത്തിലാണ്. ഓരോ തലമുറയിലുമുള്ള ആയിരങ്ങളും ലക്ഷങ്ങളുമാണ് വള്ളി പുള്ളി വ്യത്യാസമില്ലാതെ അത് ഹൃദിസ്ഥമാക്കുന്നത്. വിശ്വസ്തതയും സൂക്ഷ്മതയും ഉയർത്തിപ്പിടിക്കുന്ന യോഗ്യരായ ഇത്തരം സമൂഹങ്ങൾ സമൂഹങ്ങളിലേക്ക്, അവരുടെ മനസ്സുകളിൽനിന്ന് മനസ്സുകളിലേക്ക് ഖുർആനിനെ ആദ്യന്തം വിനിമയം ചെയ്യുന്നു. സംശയത്തിൻ്റെ കരിനിഴൽ വീഴാനിടയില്ലാത്ത വിധം സാമൂഹികമായി കൈമാറ്റം ചെയ്യപ്പെടുന്ന വൃത്താന്തങ്ങൾക്ക് സാങ്കേതികമായി മുതവാതിർ എന്നാണ് പറയുക. ഈ രുപത്തിൽ മുതവാതിർ ആയിട്ടാണ് ഖുർആൻ കൈമാറിപ്പോരുന്നത്. അല്ലാതെ, വ്യക്തിയധിഷ്ഠിത നിവേദനത്തിലൂടെയല്ല.

അവതരണ സമയത്തു തന്നെ നബി ﷺ യുടെ നിർദ്ദേശ പ്രകാരം ഖുർആൻ സൂക്തങ്ങൾ ഏടുകളിൽ ഉല്ലേഖനം ചെയ്ത് സൂക്ഷിച്ചിരുന്നു. അവിടുത്തെ വിയോഗത്തോടെ വഹ്‌യ് നിലച്ചപ്പോൾ ഉത്തരാധികാരിയായി ചുമതലയേറ്റ അബൂബക്കർ رَضِيَ اللهُ عَنْهُ ആ ഏടുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതും ഹൃദിസ്ഥമാക്കിയവരുടെ മനഃപാഠവും തമ്മിൽ ഒത്തുനോക്കി ഒരു ഗ്രന്ഥത്തിൽ അത് ക്രോഡീകരിച്ചു. അങ്ങനെ അനിഷേധ്യങ്ങളായ രണ്ടു തരം സാക്ഷിത്വത്തിൻെറ അകമ്പടിയിലാണ് അത് സൂക്ഷിക്കുകയും കൈമാറിപ്പോരുകയും ചെയ്യുന്നത്, അഥവാ ആലേഖനം ചെയ്യപ്പെട്ട ഏടുകളുടെയും ഹൃദിസ്ഥമാക്കപ്പെട്ട മനഃപാഠത്തിൻെറയും ഇരട്ട സാക്ഷ്യത്തിൽ. അതു കൊണ്ടു തന്നെയാണ് ഖുർആനിൻെറ വിനിമയ കാര്യത്തിൽ ആർക്കും സംശയം ജനിപ്പിക്കാൻ കഴിയാത്തതും. ലോകാവസാനം വരെ അത് നിലനിൽക്കും. അതിൻെറ സംരക്ഷണം അല്ലാഹു തന്നെ ഉറപ്പ് നൽകിയിട്ടുള്ളതുമാണ്.

﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ (الحجر: 9)

[തീർച്ചയായും നാമാണ് ഈ സന്ദേശം ഇറക്കിയത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും]. (ഹിജ്ർ 9)

മേൽ സൂക്തത്തിൻെറ വിവക്ഷ ഖുർആനിൻെറ ലിപികളും ശബ്ദങ്ങളും അല്ലാഹു സംരക്ഷിക്കും എന്നു മാത്രമല്ല. മറിച്ച്, ഖുർആനിൻെറ ജീവിക്കുന്ന പതിപ്പുകൾ കൂടി അല്ലാഹു എക്കാലത്തും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യും എന്നു തന്നെയാണ്. അല്ലാഹു പറയുന്നത് കാണുക:

﴿بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ﴾ (العنكبوت: 49)

[എന്നാൽ അവ അറിവു നൽകപ്പെട്ടവരുടെ ഹൃദയങ്ങളിലുള്ള സുവ്യക്തമായ സൂക്തികളാണ്. അക്രമികളല്ലാതെ നമ്മുടെ സൂക്തങ്ങൾ നിഷേധിക്കുകയില്ല.]  (അൻകബൂത്ത് 49)

വഹ്‌യ് വിജ്ഞാനമാണ്. ആ വിജ്ഞാനമാണ് നബിമാർ വിട്ടേച്ചു പോകുന്ന അനന്തര സ്വത്ത്. അത് അനന്തരം എടുക്കുന്ന ജ്ഞാനികളെ അന്ത്യനാൾ വരെ അല്ലാഹു ഇവിടെ നിലനിർത്തുക തന്നെ ചെയ്യും. അവരുടെ പാവനമായ ഹൃദയങ്ങളിലായി ഖുർആൻ സൂക്തങ്ങളെ അവൻ സംരക്ഷിക്കുകയും ചെയ്യും. അപ്പോൾ ഖുർആൻ അല്ലാഹു സംരക്ഷിക്കും എന്ന് പറഞ്ഞതിൻെറ അർത്ഥം അതിൻെറ ലിപികളും ശബ്ദങ്ങളും സൂക്തികളും മാത്രം നിലനിർത്തുമെന്നല്ല. മറിച്ച്, അന്ത്യനാൾവരെ അതനുസരിച്ച് ജീവിക്കുന്ന ഒരു മാതൃകാ സമൂഹത്തെ കൂടി അല്ലാഹു സംരക്ഷിക്കുമെന്നാണ്.

عن عُمَيْرَ بْنِ هَانِئٍ أَنَّهُ سَمِعَ مُعَاوِيَةَ يَقُولُ: سَمِعْتُ النَّبِيَّ ﷺ يَقُولُ: لاَ يَزَالُ مِنْ أُمَّتِي أُمَّةٌ قَائِمَةٌ بِأَمْرِ اللَّهِ، لاَ يَضُرُّهُمْ مَنْ خَذَلَهُمْ، وَلاَ مَنْ خَالَفَهُمْ، حَتَّى يَأْتِيَهُمْ أَمْرُ اللَّهِ وَهُمْ عَلَى ذَلِكَ. [البخاري في صحيحه]

[മുആവിയഃ رَضِيَ اللهُ عَنْهُ പറയുന്നു, നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: എൻ്റെ സമുദായത്തിലെ ഒരു വിഭാഗം അല്ലാഹുവിൻെറ ശാസനയിൽ തന്നെ നിലക്കൊള്ളും. അവരുടെ എതിരാളികളോ, കൂടെ നിന്നു കൈയൊഴിയുന്നവരോ അവർക്ക് ഒരു ദോഷവും വരുത്തില്ല. അല്ലാഹുവിൻെറ അന്തിമ കൽപന അവർക്ക് വന്നെത്തുന്നതുവരെ അവർ അതിൽ തന്നെയായിരിക്കും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മുഅ്ജിസത്ത്

അല്ലാഹു ദൂതരെ നിയോഗിക്കുമ്പോൾ പ്രബോധിത സമൂഹത്തിനു മുമ്പാകെ അവരുടെ സത്യത തെളിയിക്കാൻ ഉതകുന്ന ചില ദൃഷ്ടാന്തങ്ങൾ കൂടി അവർക്ക് നൽകാറുണ്ട്. അവയാണ് മുഅ്ജിസത്തുകൾ. സാധാരണ ഗതിയിൽ മനുഷ്യസാധ്യമല്ലാത്ത അത്ഭുതകരമായ കാര്യങ്ങളായിരിക്കും അവ. ജനങ്ങൾക്കാർക്കും അങ്ങനെ ഒന്ന് ചെയ്യാൻ കഴിയില്ല. എന്നല്ല, ദൂതന്മാർക്ക് പോലും യഥേഷ്ടം അവ വെളിപ്പെടുത്താനോ കൈകാര്യം ചെയ്യാനോ ആവില്ല. അവയിൽ ഗോചരവും അഗോചരവുമായവയുണ്ട്. മുഹമ്മദ് നബി ﷺ ക്ക് ലഭിച്ചത്തിൽ ഏറ്റവും പ്രമുഖവും ആശയപരവുമായ മുഅ്ജിസത്താണ് ഖുർആൻ. മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമാകാതെ, ആദിമ പരിശുദ്ധിയിൽ നിലക്കൊള്ളുന്നതും, ലോകാവസാനം വരെ അവശേഷിക്കുന്നതുമായ ഏക മുഅ്ജിസത്തും അതു തന്നെ.

സുന്നത്ത്

മുഹമ്മദ് നബി ക്ക് അല്ലാഹു നൽകിയ വഹ്‌യിൻെറ ഇനങ്ങളിൽപെട്ടതാണ് ഹിക്‌മത്ത്. അതിനു തന്നെയാണ് സുന്നത്ത് എന്നും പറയാറുള്ളത്. നബി ﷺ യുടെ പത്നിമാരോട് അല്ലാഹു ആജ്ഞാപിക്കുന്നത് കാണുക:

﴿وَاذْكُرْنَ مَا يُتْلَى فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا﴾ (الأحزاب: 34)

[നിങ്ങളുടെ വീടുകളിൽ പാരായണം ചെയ്യപ്പെടാറുള്ള അല്ലാഹുവിൻെറ ആയത്തുകളും ഹിക്‌മത്തും നിങ്ങൾ സ്മരിക്കുവീൻ. നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാണ്.] (അഹ്സാബ് 34)

നബി ﷺ യുടെ പത്നിമാരുടെ വീടുകളിൽ അല്ലാഹുവിൻെറ ആയത്തുകൾക്ക് പുറമെ പഠിപ്പിക്കപ്പെടുകയും പാരായണം ചെയ്യപ്പെടുകയും ചെയ്തിരുന്നത് സുന്നത്താണ്. അതിനെ കുറിച്ച് മലയാളത്തിൽ നബിചര്യ എന്നാണ് വ്യവഹരിക്കാറുള്ളത്. അതു തന്നെയാണ് ഹിക്‌മത്ത് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതും. അത് ഖുർആൻ പോലെ തന്നെ വഹ്‌യാണ്, പ്രമാണവുമാണ്. സുന്നത്തിനെ കുറിച്ച് നബി ﷺ പറയുന്നത് കാണുക:

 عَنِ الْمِقْدَامِ بْنِ مَعْدِي كَرِبَ الْكِنْدِيِّ، قَالَ: قَالَ رَسُولُ اللَّهِ ﷺ: أَلَا إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ… إلخ [أبو داود في سننه وصححه الألباني]

[മിഖ്‌ദാം ബിൻ മഅ്ദീകരിബ് അൽകിന്ദി നിവേദനം. നബി ﷺ പറഞ്ഞു: അിറയുവീൻ! എനിക്ക് ഗ്രന്ഥം നൽകപ്പെട്ടിരിക്കുന്നു, അതിൻെറ കൂടെ തത്തുല്യമായ മറ്റൊന്നും…] (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

ഖുർആൻ നമുക്ക് ലഭിച്ചത് മുതവാതിർ ആയിട്ടാണ്. എന്നാൽ നബിചര്യയിൽ മുതവാതിറും, മുതവാതിറല്ലാത്ത വ്യക്തിയധിഷ്ഠിത നിവേദനങ്ങളുമുണ്ടായിരിക്കും. ഏതൊരു ഹദീസിലെ ആശയങ്ങളും വാക്കുകളും അല്ലാഹുവിൽനിന്നുള്ളതാണോ അതിന് ഖുദ്‌സിയായ ഹദീസ് എന്ന് പറയുന്നു. മറ്റുള്ളവ അല്ലാഹു വഹ്‌യിലൂടെ അറിയിച്ച ആശയങ്ങൾ, നബി ﷺ നുബുവ്വത്തിൻെറ മുദ്രയുള്ള തൻെറ സവിശേഷമായ ഭാഷയിൽ വിനിമയം ചെയ്തിട്ടുള്ളവയുമാണ്. നബി ﷺ യുടെ വാക്കും പ്രവർത്തിയും മൗനാനുവാദവും അടങ്ങുന്നതാണ് സുന്നത്ത്. അവയെല്ലാം തന്നെ അല്ലാഹുവിൻെറ വഹ്‌യ് പ്രകാരമുള്ളവയുമായിരിക്കും. അല്ലാഹു പറയുന്നു:

﴿وَمَا يَنْطِقُ عَنِ الْهَوَى ۞ إِنْ هُوَ إِلَّا وَحْيٌ يُوحَى﴾  (النجم: 3، 4)

[അവിടുന്ന് സംസാരിക്കുന്നത് അഭീഷ്ടമനുസരിച്ചല്ല. അത് ബോധനം ചെയ്യപ്പെടുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല.] (നജ്‌‌മ് 3, 4)

വഹ്‌യിൻെറ അവശേഷിപ്പുകൾ

നബിമാർക്ക് അല്ലാഹു അവതരിപ്പിച്ചുകൊണ്ടിരുന്ന വഹ്‌യ് അന്തിമ ദൂതനായ മുഹമ്മദ് ﷺ യോടുകൂടി അവസാനിച്ചു. ഇനി അവശേഷിക്കുന്നത് സ്വാലിഹീങ്ങൾക്ക് അല്ലാഹു നൽകുന്ന മുബശ്ശിറാതുകളും ഇൽഹാമുകളും തഹ്ദീസുകളുമാണ്. നബി ﷺ ക്ക് ലഭിച്ച വഹ്‌യല്ലാത്ത മറ്റൊന്നും പ്രമാണമല്ല. മറ്റുള്ളവ പരിഗണിക്കണമെങ്കിൽ ഖുർആനിലോ സുന്നത്തിലോ അതിനെ സാധൂകരിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്ന പരാമർശമുണ്ടായിരിക്കണം.