പ്രമാണവാക്യങ്ങളുടെ വ്യാഖ്യാനം


നസ്സ്വും ഇജ്‌മാഉമാണ് (النص والإجماع) ഇസ്‌ലാമിൻെറ പ്രമാണങ്ങൾ. നസ്സ്വ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഖുർആൻ സുക്തങ്ങളും നബിവചനങ്ങളുമാണ്. അവ രണ്ടും മുഹമ്മദ് നബി ﷺ ക്ക് വഹ്‌യായിട്ടാണ് ലഭിച്ചത്. ലോകാവസാനം വരെയുള്ള മുഴുവൻ ജനപദങ്ങളും അവരുടെ ജീവിതത്തിൽ പിന്തുടരേണ്ടത് ഈ പ്രമാണങ്ങളെയാണ്. മൂലവാക്യങ്ങളായിട്ടാണ് അവ മനുഷ്യരുടെ കൈകളിലെത്തുന്നത്. അത്തരം മൂലവാക്യങ്ങൾ, വിശിഷ്യാ ഖുർആൻ സൂക്തങ്ങൽ ബഹുമുഖ വ്യാഖ്യാന സാധ്യതകൾ ഉള്ളവയാണ്. മനസ്സിൽ രോഗവുമായി നടക്കുന്ന കുഴപ്പകാരികൾ മിക്കപ്പോഴും അതിലെ സ്വതഃസ്പഷ്ടവും അസന്ദിഗ്‌ദവുമായ സൂക്തങ്ങൾവിട്ട് സംശയാത്മകമായ വചനങ്ങളുടെ പിന്നാലെ പോകും. ദുർവ്യാഖ്യാനങ്ങൾ ചമച്ച് കുഴപ്പങ്ങളുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം.

ഖുർആൻ സൂക്തങ്ങൾ ആദ്യമായി ദുർവ്യാഖ്യാനിക്കാൻ മുതിർന്ന ഖവാരിജുകളുമായി സംവദിക്കാൻ ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ വിനെ നിയോഗിക്കുമ്പോൾ അലി رَضِيَ اللهُ عَنْهُ ഇക്കാര്യം വ്യക്തമാക്കുന്നത് ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടപ്പുണ്ട്. അത് ഇപ്രകാരം വായിക്കാം:

عن ابن عباس رَضِيَ اللهُ عَنْهُ أن علي بن أبي طالب رَضِيَ اللهُ عَنْهُ أرسله إلى الخوارج فقال: إذهب إليهم فخاصمهم، ولا تحاجهم بالقرآن فإنه ذو وجوه، ولكن خاصمهم بالسنة. [ابن سعد في الطبقات]

[ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ നിവേദനം. അലി رَضِيَ اللهُ عَنْهُ ഖവാരിജുകളിലേക്ക് തന്നെ അയച്ചപ്പോൾ ഇപ്രകാരം പറഞ്ഞു: താങ്കൾ അവരുടെ അടുത്ത് പോയി അവരുമായി സംവദിക്കൂ. ഖുർആൻകൊണ്ട് അവരോട് സംവദിക്കാൻ മുതിരരുത്. കാരണം അത് ധാരാളം വ്യാഖ്യാന സാധ്യതകളുള്ളതാണ്. മറിച്ച്, അവരോട് സുന്നത്ത് കൊണ്ടാണ് താങ്കൾ സംവദിക്കേണ്ടത്.] (ഇബ്‌നു സഅ്ദ് ത്വബഖാതിൽ ഉദ്ധരിച്ചത്)

പ്രമാണവാക്യങ്ങൾ ശരിയായ വിധത്തിൽ വായിക്കുകയും ഗ്രഹിക്കുകയും വ്യാഖ്യാനിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് സമുദായത്തിൻെറ നാശത്തിനു കാരണമായിത്തീരുമെന്ന് നബി ﷺ താക്കീത് ചെയ്തിരിക്കുന്നു. അവിടുന്ന് പറയുന്നു:

عَنْ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: هَلَاكُ أُمَّتِي فِي الْكِتَابِ وَاللَّبَنِ. قَالُوا: يَا رَسُولَ اللَّهِ، مَا الْكِتَابُ وَاللَّبَنُ؟ قَالَ: يَتَعَلَّمُونَ الْقُرْآنَ فَيَتَأَوَّلُونَهُ عَلَى غَيْرِ مَا أَنْزَلَ اللَّهُ، وَيُحِبُّونَ اللَّبَنَ فَيَدَعُونَ الْجَمَاعَاتِ وَالْجُمَعَ وَيَبْدُونَ. [أحمد في مسنده وصححه الألباني]

[ഉഖ്ബഃ ബിൻ ആമിർ അൽ ജുഹനി رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു, നബി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ഗ്രന്ഥവും ക്ഷീരവും മൂലമായിരിക്കും എൻെറ സമുദായത്തിന്റെ നാശം. അവർ ചോദിച്ചു: അല്ലാഹുവിൻെറ റസൂലേ! ഗ്രന്ഥവും ക്ഷീരവും എന്നു വെച്ചാൽ എന്താണ്? അവിടുന്ന് പറഞ്ഞു: അവർ ഖുർആൻ പഠിക്കും. എന്നിട്ട് അല്ലാഹു അവതരിപ്പിച്ച ഉദ്ദേശ്യത്തിലല്ലാതെ അതിനെ വ്യാഖ്യാനിക്കും. അവർ പാൽ ഇഷ്ടപ്പെടും. അങ്ങനെ ജമാഅത്തുകളും ജുമുഅഃകളും ഉപേക്ഷിച്ച് മരുഭൂമിയിൽ അലയും.] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

ഏതാണ് ആധികാരിക വ്യാഖ്യാനം?

ഖുർആൻ സൂക്തങ്ങളുടെ ശരിയായ അർത്ഥവും വ്യാഖ്യാനും മാനവരാശിക്ക് നൽകിയത് അല്ലാഹു തന്നെയാണ്. വഹ്‌യിൻെറ അവതരണ വേളയിൽ ഖുർആൻ സൂക്തങ്ങൾ നബി യുടെ ഹൃദയത്തിൽ സമാഹരിച്ചു കൊടുക്കുന്നതും അത് ശരിയായി പാരായണം ചെയ്യാൻ പഠിപ്പിച്ചു കൊടുക്കുന്നതും അല്ലാഹു തന്നെ ഏറ്റെടുത്തിരുന്നു. അതിനാൽ നബി അത് മനഃപാഠമാക്കുന്ന കാര്യത്തിലോ പാരായണം ചെയ്യുന്ന കാര്യത്തിലോ വ്യാകുലപ്പെടേണ്ടി വന്നില്ല. അത് ഹൃദിസ്ഥമാക്കാനായി ധൃതിപ്പെട്ട് തൻെറ നാവ് ചലിപ്പിക്കേണ്ടതില്ല എന്നാണ് അല്ലാഹു പറഞ്ഞത്. കൂടാതെ, അപ്പപ്പോൾ അവതരിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന ഖുർആൻ സൂക്തങ്ങളുടെ ശരിയായ അർത്ഥവും വ്യാഖ്യാനവും അല്ലാഹു തന്നെയാണ് വിവരിച്ചു കൊടുത്തത്. ഇക്കാര്യം നബി യെ അല്ലാഹു ഉണർത്തുന്നത് കാണുക:

﴿لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ ۞ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ ۞ فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ ۞ ثُمَّ إِنَّ عَلَيْنَا بَيَانَهُ﴾ (القيامة: 16-19)

[നീ ധൃതിപ്പെട്ട് അതുമായി നിന്റെ നാവ് ചലിപ്പിക്കേണ്ടതില്ല. തീർച്ചയായും അതിൻെറ സമാഹരണവും പാരായണവും നാം തന്നെ ഏറ്റെടുത്തിരിക്കുന്നു. നാം അത് ഓതി തരുമ്പോൾ താങ്കൾ ആ പാരായണം പിന്തുടരുക. പിന്നീട് അത് വിവരിച്ചു തരുന്ന കാര്യവും നാം തന്നെ ഏറ്റെടുത്തിരിക്കുന്നു.] (ഖിയാമഃ 16-19)

അല്ലാഹു അവതരിപ്പിച്ച മൂലവാക്യങ്ങളും അവക്ക് അവൻ നൽകിയ വിവരണങ്ങളും കൃത്യവും വ്യക്തവുമായ രീതിയിൽ ജനങ്ങൾക്ക് കൈമാറുകയും അത് അവരെ പഠിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് മുഹമ്മദ് നബി യെ ഏൽപിച്ചിരിക്കുന്നത്. അതിനു വേണ്ടിയാണ് ഈ സന്ദേശം നബി ക്ക് അല്ലാഹു ഇറക്കി കൊടുത്തതും. അല്ലാഹു പറയുന്നു:

﴿وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ﴾ (النحل: 44)

[ഈ സന്ദേശം താങ്കൾക്കു നാം ഇറക്കിത്തന്നത്, ജനങ്ങൾക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടത് താങ്കൾ അവർക്ക് വിവരിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ്. അവർ പര്യാലോചന നടത്തിയേക്കാം.] (നഹ്ൽ 44)

ഖുർആൻ സൂക്തങ്ങൾ പോലെ അവയുടെ വിവരണവും അല്ലാഹു തന്നെയാണ് നബി ക്ക് ഇറക്കി കൊടുത്തത്. അവിടുന്ന് നൽകുന്ന വിവരണങ്ങൾ ഒന്നും തന്നെ തൻെറ അഭീഷ്ടങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് പറയുന്ന കാര്യങ്ങളല്ല. മറിച്ച്, അല്ലാഹു ഇറക്കിയ വഹ്‌യ് മാത്രമാണ്. അല്ലാഹു പറയുന്നു:

﴿وَمَا يَنْطِقُ عَنِ الْهَوَى ۞ إِنْ هُوَ إِلَّا وَحْيٌ يُوحَى﴾ (النجم: 3-4)

[അവിടുന്ന് സംസാരിക്കുന്നത് അഭീഷ്ടമനുസരിച്ചല്ല. അത് ബോധനം ചെയ്യപ്പെടുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല.] (നജ്‌മ് 3-4).

ഇപ്രകാരം, ഖുർഅനിലെ മൂലവാക്യങ്ങൾക്കുള്ള വിവരണമായി അല്ലാഹു തൻെറ ദൂതന് ഇറക്കിക്കൊടുത്തതിന് ഹിക്‌മത്ത് അല്ലെങ്കിൽ സുന്നത്ത് എന്നാണ് പറയുക. അല്ലാഹു പറയുന്നു:

﴿وَاذْكُرْنَ مَا يُتْلَى فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا﴾ (الأحزاب: 34)

[നിങ്ങളുടെ വീടുകളിൽ പാരായണം ചെയ്യപ്പെടാറുള്ള അല്ലാഹുവിൻെറ ആയത്തുകളും ഹിക്‌മത്തും നിങ്ങൾ സ്മരിക്കുവീൻ. നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാണ്.] (അഹ്സാബ് 34) മേൽ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ ഇബ്‌നു കഥീർ രേഖപ്പെടുത്തുന്നത് കാണുക:

أي واعملن بما ينزل الله تبارك وتعالى عَلَى رَسُولِهِ فِي بُيُوتِكُنَّ مِنَ الْكِتَابِ وَالسُّنَّةِ، قَالَهُ قَتَادَةُ وَغَيْرُ وَاحِدٍ. [ابن كثير في تفسيره]

[അല്ലാഹു തൻെറ റസൂലിന് ഇറക്കിക്കൊടുക്കുന്ന ഖുർആനും സുന്നത്തും നിങ്ങളുടെ വീടുകളിൽ നിങ്ങൾ പ്രാവർത്തികമാക്കുക. ഇങ്ങനെ വ്യാഖ്യാനിച്ചത് ഖതാദഃയാണ്, കൂടാതെ ഒന്നിൽ കൂടുതൽ പേർ വേറെയും.] (ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ഖുർആനിലെ മൂലവാക്യങ്ങൾ നബി തൻെറ സുന്നത്തിലൂടെയാണ് അനുചരന്മാർക്ക് വിവരിച്ചു കൊടുത്തത്. സുന്നത്ത് അഥവാ നബിചര്യ എന്നു പറയുന്നത് അവിടുത്തെ വാക്കുകളും കർമ്മങ്ങളും അംഗീകാരങ്ങളും ഉൾക്കൊള്ളുന്നവയാണ്. അവയിൽ വാക്കുകളെക്കാൾ കൂടുതൽ കർമ്മങ്ങളാണുള്ളത്. മിതമായി സംസാരിക്കുകയും പറയുന്നതെല്ലാം ജീവിതത്തിൽ പാലിക്കുകയും ചെയ്യുക എന്നതായിരുന്നു അവിടുത്തെ രീതി. ഖുർആൻ പരിപൂർണ്ണമായി ജീവിതത്തിൽ പകർത്തുകയും, തന്റെ അനുചരന്മാർക്കുള്ള സാക്ഷിയായും മാതൃകാ പുരുഷനായും അവരുടെ ഇടയിൽ ജീവിക്കുകയുമാണ് നബി ﷺ ചെയ്തത്. മഹതി ആയിശ പറയുന്നത് കാണുക:

عن سعد بن هشام بن عامر قال: أتيت عائشة رَضِيَ اللهُ عَنْهَا فقلت: يا أم المؤمنين ! أخبريني بخلق رسول الله ﷺ، قالت: كان خلقه القرآن، أما تقرآ القرآن قول الله عزوجل: ﴿وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ﴾ (القلم: 4)  [أحمد في مسنده وصححه الألباني]

[സഅദ് ബിൻ ഹിശാം നിവേദനം. ഞാൻ ആയിശ رَضِيَ اللهُ عَنْهَا യുടെ അടുക്കൽ ചെന്ന് ചോദിച്ചു: ഉമ്മുൽ മുഅ്മിനീൻ! റസൂൽ ﷺ യുടെ സ്വഭാവത്തെ കുറിച്ച് എനിക്കൊന്ന് വിവരിച്ചു തന്നാലും. അവർ പറഞ്ഞു: നബി ﷺ യുടെ സ്വഭാവം ഖുർആനായിരുന്നു. നീ ഖുർആനിൽ അല്ലാഹുവിൻെറ ഈ വചനം വായിച്ചിട്ടില്ലേ? “തീർച്ചയായും താങ്കൾ വലിയ സ്വഭാവ വൈശിഷ്ട്യത്തിലാണ്.” (ഖലം 4)] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

നമസ്കാരം, ഹജ്ജ് മുതലായ ഇബാദത്തുകളുടെ രൂപങ്ങളോ വിശദാംശങ്ങളോ ഖുർആനിൽ പ്രതിപാദിക്കപ്പെട്ടിട്ടില്ല. ഖുർആനിൻെറ വ്യാഖ്യാനമായി അല്ലാഹു ഇറക്കിക്കൊടുത്ത സുന്നത്തിലാണ് അവ വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ഉദാഹരണമായി, നമസ്കാരത്തിന്റെ സമയക്രമങ്ങളും അനുഷ്ഠാന രീതികളും കാണിച്ചു കൊടുക്കാൻ ജിബ്‌രീൽ രണ്ടു തവണ നബി ﷺ യുടെ അരികിൽ വന്നു. നബി ﷺ ക്ക് ഇമാമായി നമസ്കരിച്ചു കൊണ്ടാണ് അത് കാണിച്ചു കൊടുത്തത്. ഈ സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയത് ഇപ്രകാരം വായിക്കാം:

عن ابن عباس رضي الله عنه قال: قال رسول الله ﷺ أمني جبريل عند البيت مرتين، وصلى بي الظهر حين زالت الشمس، وكانت قدر الشراك، و صلى بي العصر حين كان ظله مثله، وصلى بي يعني المغرب حين أفطر الصائم، وصلى بي العشاء حين غاب الشفق، وصلى بي الفجر حين حرم الطعام والشراب على الصائم، فلما كان الغد صلى بي الظهر حين كان ظله مثله، وصلى بي العصر حين كان ظله مثليه، وصلى بي المغرب حين أفطر الصائم، وصلى بي العشاء إلى ثلث الليل، وصلى بي الفجر فأسفر، ثم التفت إلي فقال: يا محمد هذا وقت الأنبياء من قبلك، والوقت ما بين هذين الوقتين. [أبو داود في سننه، وحسنه الألباني]

[ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ നിവേദനം. റസൂൽ പറഞ്ഞു: ജിബ്‌രീൽ കഅ്ബയുടെ അരികിൽ വെച്ച് രണ്ടു തവണ എനിക്ക് ഇമാമായി നമസ്കരിച്ചു. സൂര്യൻ മധ്യാഹ്നത്തിൽ നിന്നും ഒരു ചെരിപ്പിന്റെ വാറിനോളം തെന്നിയപ്പോൾ എന്നെ കൂട്ടി ളുഹർ നമസ്കരിച്ചു. ഒരു വസ്തുവിൻെറ നിഴൽ അതിൻെറ അത്രയുമായപ്പോൾ എന്നെ കൂട്ടി അസ്വ്‌ർ നമസ്കരിച്ചു. നോമ്പുകാരൻ നോമ്പുതുറക്കുന്ന സമയമായപ്പോൾ എന്നെ കൂട്ടി മഗ്‌രിബ് നമസ്കരിച്ചു. അസ്തമയ ശോഭ മറഞ്ഞു കഴിഞ്ഞപ്പോൾ എന്നെ കൂട്ടി ഇശാഅ് നമസ്കരിച്ചു. നോമ്പുകാരന് അന്നപാനീയങ്ങൾ നിഷിദ്ധമാകുന്ന സമയമായപ്പോൾ എന്നെ കൂട്ടി ഫജ്ർ നമസ്കരിച്ചു. അടുത്ത ദിവസം, ഒരു വസ്തുവിന്റെ നിഴൽ അതിൻെറ അത്രയുമായപ്പോഴാണ് എന്നെ കൂട്ടി ളുഹർ നമസകരിച്ചത്. ഒരു വസ്തുവിൻെറ നിഴൽ അതിൻെറ രണ്ടിരട്ടിയായപ്പോൾ എന്നെ കൂട്ടി അസ്വ്‌ർ നമസ്കരിച്ചു. നോമ്പുകാരൻ നോമ്പു തുറക്കുന്ന സമയമായപ്പോൾ എന്നെ കൂട്ടി മഗ്‌രിബ് നമസ്കരിച്ചു. രാത്രിയുടെ മൂന്നിലൊന്ന് ആയപ്പോൾ എന്നെ കൂട്ടി ഇശാഅ് നമസികരിച്ചു. പിന്നീട് എന്നെ കൂട്ടി ഫജ്ർ നമസ്കരിച്ചു. അപ്പോൾ പ്രഭാതം തെളിഞ്ഞു കഴിഞ്ഞിരുന്നു. അനന്തരം ജിബ്‌രീൽ എൻെറ അടുത്തേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: മുഹമ്മദ്! ഇതാണ് താങ്കളുടെ മുമ്പുള്ള നബിമാർക്ക് നിശ്ചയിച്ചു കൊടുത്ത സമയം. അഥവാ ഈ രണ്ടു സമയങ്ങൾക്കും ഇടയിലുള്ളതാണ് നമസ്കാര സമയം.] (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

ജിബ്‌രീൽ നമസ്കാരത്തിൻെറ രുപവും, ഓരോ നമസ്കാരത്തിൻെറയും സമയം എപ്പോൾ തുടങ്ങി എപ്പോൾ അവസാനിക്കുന്നു എന്നതുമാണ് ഇതിലൂടെ നബി ക്ക് കാണിച്ചു കൊടുത്തത്. അല്ലാഹു വഹ്‌യിലൂടെ നൽകിയ ഇക്കാര്യം നബി അനുചരന്മാരെ പഠിപ്പിച്ചത് മിമ്പറിനു മുകളിൽ വെച്ച് ചെയ്തു കാണിച്ചു കൊണ്ടാണ്. ഇമാം ബുഖാരി رَحِمُهُ اللهُ ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക:

عن سهل بن سعد رَضِيَ اللهُ عَنْهُ، قال: ثم رأيت رسول الله صلى عليها فكبر وهو عليها، ثم ركع وهو عليها، ثم نزل القهقرى، فسجد في أصل المنبر، ثم عاد، فلما فرغ أقبل على الناس فقال: أيها الناس! إنما صنعت هذا لتأتموا ولتعلموا صلاتي. [البخاري في صحيحه]

[സഹ്ൽ ബിൻ സഅ്ദ് رَضِيَ اللهُ عَنْهُ നിവേദനം. പിന്നീട് നബി മിമ്പറിൻെറ പടികളിൽ വെച്ചു നമസ്കരിച്ചത് ഞാൻ കണ്ടു. അതിന്മേൽ വെച്ച് തക്ബീർ ചൊല്ലി. ശേഷം അതിന്മേൽ വെച്ച് തന്നെ റുകൂഅ് ചെയ്തു. പിന്നീട് പിറകിലേക്ക് മാറി മിമ്പറിൻെറ ചുവട്ടിൽ സുജൂദ് ചെയ്തു. അനന്തരം തിരികെ കേറി. അതിൽ നിന്ന് വിരമിച്ച ശേഷം ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: ജനങ്ങളേ! ഞാൻ ഇപ്രകാരം ചെയ്തത് നിങ്ങൾ പിന്തുടരാനും എൻെറ നമസ്കാരം പഠിക്കാനുമാണ്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഹജ്ജിൽ അനുഷ്ഠിക്കേണ്ട കർമ്മങ്ങളും വാചികമായിട്ടല്ല നബി അനുചരന്മാരെ പഠിപ്പിച്ചത്. ഹിജ്റാബ്ദം ഒമ്പതിന് അവിടുന്ന് ഹജ്ജ് നിർവ്വഹിക്കാനുദ്ദേശിക്കുന്ന കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചു. കൂടെ വരാനുദ്ദേശിക്കുന്നവർക്ക് മുന്നൊരുക്കം നടത്താൻ വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുന്ന് അനുചരന്മാരോടൊപ്പം ഹജ്ജിനു പുറപ്പെട്ടു. ഇതാണ് ഹജ്ജത്തുൽ വിദാഅ് എന്ന പേരിൽ അിറയപ്പെടുന്നത്. ഹജ്ജിൻെറ കർമ്മങ്ങൾ എന്തെല്ലാമാണ്, അത് എങ്ങനെയാണ് അനുഷ്ഠിക്കേണ്ടത് എന്നതിനെ കുറിച്ച് അവിടുന്ന് ഒരു ഹജ്ജ് പഠനക്ലാസ് സംഘടിപ്പിച്ചില്ല. മറിച്ച് അതിനെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്:

عَنْ جَابِرٍرضِِيَ اللهُ عَنْهُ: رَأَيْتُ النَّبِيَّ يَرْمِي عَلَى رَاحِلَتِهِ يَوْمَ النَّحْرِ، وَيَقُولُ: لِتَأْخُذُوا مَنَاسِكَكُمْ، فَإِنِّي لَا أَدْرِي لَعَلِّي لَا أَحُجُّ بَعْدَ حَجَّتِي هَذِهِ. [مسلم في صحيحه]

[ജാബിർ رَضِيَ اللهُ عَنْهُ നിവേദനം. നബി അറവു ദിനം തൻെറ വാഹനപ്പുറത്തിരുന്ന് ജംറഃയിലേക്ക് എറിയുന്നത് ഞാൻ കണ്ടു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: നിങ്ങളുടെ ഹജ്ജ് കർമ്മങ്ങൾ എന്നെ നോക്കി പഠിക്കുക. നിശ്ചയം ഞാൻ – എനിക്കറിയില്ല – എൻെറ ഈ ഹജ്ജിനു ശേഷം ഹജ്ജ് ചെയ്യാനിടയില്ല.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

ചുരുക്കത്തിൽ പ്രമാണവാക്യങ്ങൾ ഒാരോരുത്തർക്കും അവരവരുടെ അഭീഷ്ടത്തിനും അഭിരുചിക്കുമനുസരിച്ച് വ്യാഖ്യാനിക്കാവതല്ല. അതിന് ആധികാരികമായ വ്യാഖ്യാനമുണ്ട്; വഹ്‌യിലൂടെ ലഭിച്ച വ്യാഖ്യാനം. നബി പഠിപ്പിച്ചു തന്ന വ്യാഖ്യാനം. സ്വഹാബികൾ മനസ്സിലാക്കിയ വ്യാഖ്യാനം.

സ്വഹാബികളുടെ ഗ്രാഹ്യം

അല്ലാഹു മുഹമ്മദ് നബി ക്ക് ഖുർആൻ ഇറക്കിക്കൊടുത്തു. അതിൻെറ ആധികാരിക വ്യാഖ്യാനമായ ഹിക്‌മത്തും വഹ്‌യ് മുഖേന വിവരിച്ചു കൊടുത്തു. അവയുടെ അവതരണത്തിന് സാക്ഷ്യം വഹിച്ചത് സ്വഹാബിമാരായിരുന്നു. അവരാണ് വഹ്‌യിൻെറ പ്രഥമ അഭിസംബോധിത സമൂഹം. അന്ത്യനാൾ വരെ നിലനിൽക്കാനുള്ള ഈ സന്മാർഗ്ഗദർശനം മാനവരാശിക്കു കൈമാറിയപ്പോൾ അത് നേരിട്ട് ഏറ്റുവാങ്ങിയതും അവരാണ്. അല്ലാഹുവിൻെറയും റസൂലിൻെറയും മേൽനോട്ടത്തിലാണ് പ്രമാണ വാക്യങ്ങളുടെ ശരിയായ അർത്ഥവും വ്യാഖ്യാനവും പ്രയോഗരീതികളും അവർ പഠിക്കുകയും അഭ്യസിക്കുകയും ചെയ്തത്. അതിനാൽ തന്നെ അവരുടെ ധാരണകൾ കുറ്റമറ്റതാണ്. അവർ പ്രാമാണികരും മാതൃകാ യോഗ്യരുമാണ്. അവരുടെ ഗ്രാഹ്യത്തിനും (فهم) വ്യാഖ്യാനത്തിനും (تفسير) പ്രയോഗരീതികൾക്കും (تطبيق) ആധികാരികതയുണ്ട്. ഇക്കാര്യം അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. താഴെ വരുന്ന ഖുർആൻ സൂക്തം കാണുക:

﴿وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا…﴾ (البقرة: 143)

[അതേ പോലെ, നിങ്ങളെ നാം പ്രാമാണ്യ യോഗ്യരായ സമൂഹമാക്കിയിരിക്കുന്നു – നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാകുന്നതിനു വേണ്ടി, റസൂൽ നിങ്ങൾക്കു സാക്ഷയാകുന്നതിനും…] (ബഖറഃ 143)

മേൽ സൂക്തത്തിലെ وَسَطًا എന്ന ശബ്ദത്തിന് നബി നൽകിയിരിക്കുന്ന അർത്ഥം عَدْلاً എന്നാണ്. ഈ പദത്തിൻെറ വിവക്ഷ പ്രാമാണികർ, ആധികാരികതയുള്ളവർ, യോഗ്യർ, നീതിമാന്മാർ എന്നൊക്കെയാണ്. മുഹമ്മദ് നബി യുടെയും മുസ്‌ലിം സമുദായത്തിൻെറയും സ്ഥാനം എന്താണ്? അവരിൽ സ്വഹാബികൾ അലങ്കരിക്കുന്ന ഉന്നത സ്ഥാനം ഏതാണ് എന്ന് മനസ്സിലാക്കുന്നതിനു വേണ്ടി ഇമാം ബുഖാരി رَحِمَهُ اللهُ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ് കാണുക:

عن أبي سعيد الخدري رضي الله عنه قال: قال رسول الله : يجاء بنوح يوم القيامة، فيقال له هل بلغت؟ فيقول: نعم يا رب، فتسأل أمته، هل بلغكم؟ فيقولون ما جاءنا من نذير، فيقول: من شهودك؟ فيقول: محمد وأمته، فيجاء بكم فتشهدون، ثم قرأ رسول الله : وكذلك جعلناكم أمة وسطا، قال عدلا، لتكونوا شهداء على الناس ويكون الرسول عليكم شهيدا. [البخاري في صحيحه]

[അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللهُ عَنْهُ നിവേദനം. അല്ലാഹുവിൻെറ റസൂൽ പറഞ്ഞു: അന്ത്യനാളിൽ നൂഹ് عَلَيْهِ السَّلام നെ ഹാജരാക്കും. എന്നിട്ട് അദ്ദേഹത്തോട് ചോദിക്കും: നീ സന്ദേശം എത്തിച്ചിരുന്നോവോ? അദ്ദേഹം പറയും: അതെ റബ്ബേ! പിന്നീട് അദ്ദേഹത്തിന്റെ സമുദായത്തോട് ചോദിക്കും: അദ്ദേഹം നിങ്ങൾക്ക് സന്ദേശം എത്തിച്ചു തന്നിരുന്നോ? അവർ പറയും: ഞങ്ങൾക്ക് ഒരു താക്കീതുകാരനും വന്നിരുന്നില്ല. അപ്പോൾ അല്ലാഹു ചോദിക്കും. താങ്കൾക്ക് ആരെങ്കിലും സാക്ഷികളുണ്ടോ? അദ്ദേഹം പറയും: മുഹമ്മദും അദ്ദേഹത്തിൻെറ സമുദായവും. അങ്ങനെ നിങ്ങളെ ഹാജരാക്കുകയും നിങ്ങൾ സാക്ഷി പറയുകയും ചെയ്യും. തുടർന്ന് നബി പാരായണം ചെയ്തു. وكذلك جعلناكم أمة وسطا “അപ്രകാരം നിങ്ങളെ നാം പ്രാ മാണിക യോഗ്യരായ സമൂഹമാക്കിയിരിക്കുന്നു” എന്നിട്ട് പറഞ്ഞു: عَدْلاً (പ്രാമാണിക യോഗ്യർ) – നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാകുന്നതിനു വേണ്ടി, റസൂൽ നിങ്ങൾക്കു സാക്ഷിയാകുന്നതിനും.] (ബുഖാരി സ്വഹീഹീൽ ഉദ്ധരിച്ചത്)

സ്വഹാബത്തിനെ പരിപൂർണ്ണമായി പിന്തുടരുക

പ്രമാണവാക്യങ്ങളുടെ അർത്ഥവും വ്യാഖ്യാനവും തെറ്റാതെ മനസ്സിലാക്കണമെങ്കിൽ സ്വഹാബത്തിനെ പൂർണ്ണമായി പിന്തുടർന്നേ മതിയാകൂ. പ്രമാണവാക്യങ്ങൾ കൊണ്ട് അല്ലാഹുവും അവൻെറ റസൂലും എന്താണ് ഉദ്ദേശിച്ചത് എന്ന് ആധികാരികമായി മനസ്സിലാക്കിയത് അവരാണ്. നബി യുടെ മേൽനോട്ടത്തിലാണ് അവർ ദീൻ പഠിച്ചതും പ്രാവർത്തികമാക്കിയതും. അവർക്ക് സംശയം ഉണ്ടായാൽ നബി യോട് ചോദിച്ച് നിവാരണം വരുത്തും. അവർക്ക് വല്ല പിഴവും സംഭവിച്ചാൽ അല്ലാഹു ഇടപെട്ട് വഹ്‌യിലൂടെ അത് തിരുത്തും. അവർ ഒരു തെറ്റിൽ ഉറച്ചു നിൽക്കുന്ന അവസ്ഥയുണ്ടായിരുന്നില്ല. കാരണം, അവർ ജനങ്ങൾക്കുള്ള മാതൃകയും സാക്ഷിയുമാണ്. അവരുടെ മാതൃക നബി യുമാണ്. അവരെ യഥാവിധം പരിപൂർണ്ണമായി പിൻപറ്റിയെങ്കിൽ മാത്രമേ ഇതര ജനങ്ങൾ സന്മാർഗ്ഗം പ്രാപിക്കുകയുള്ളു. നബി യും സ്വഹാബത്തും അടങ്ങുന്ന ഇസ്‌ലാമിൻെറ പ്രാഥമിക സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:

﴿فَإِنْ آمَنُوا بِمِثْلِ مَا آمَنْتُمْ بِهِ فَقَدِ اهْتَدَوْا وَإِنْ تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ فَسَيَكْفِيكَهُمُ اللَّهُ وَهُوَ السَّمِيعُ الْعَلِيمُ﴾ (البقرة: 137)

[നിങ്ങൾ വിശ്വസിച്ചതിനു തത്തുല്യമായത് അവരും വിശ്വസിക്കുന്നുവെങ്കിൽ അവർ സന്മാർഗ്ഗം പ്രാപിച്ചതു തന്നെ. മറിച്ച് അവർ പിന്തിരിയുകയാണെങ്കിൽ നിശ്ചയമായും അവർ വിരുദ്ധചേരിയിലാണ്. അവരുടെ കാര്യത്തിൽ നിനക്ക് അല്ലാഹു മതി. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.] (ബഖറഃ 137)

സംശയങ്ങൾ ദൂരീകരിക്കുന്നു

സ്വഹാബിമാർക്ക് മതകാര്യങ്ങളിൽ വല്ല സംശയവും ഉടലെടുത്താൽ അവർ അത് നബി യോട് ചോദിക്കും. വഹ്‌യിൻെറ അടിസ്ഥാനത്തിൽ അവിടുന്ന് അത് ദൂരീകരിച്ച് കൊടുക്കുകയും ചെയ്യും. ഒരു ഉദാഹരണം കാണുക. അല്ലാഹു വിശ്വാസികളോട് കൽപിക്കുന്നു:

﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ (الأحزاب: 56)

[നിശ്ചയമായും അല്ലാഹുവും അവൻെറ മലക്കുകളും നബി ക്ക് സ്വലാത് ചെയ്യുന്നു. വിശ്വാസികളേ! നിങ്ങളും അദ്ദേത്തിന് സ്വലാതും സ്വലാമും ചൊല്ലുക.] (അഹ്സാബ് 56)

നബി ക്ക് സലാം പറയേണ്ടത് എങ്ങനെയാണെന്ന് സ്വഹാബിമാർക്ക് അിറയാമായിരുന്നു. എന്നാൽ സ്വലാത് ചൊല്ലേണ്ടത് എങ്ങനെയാണെന്ന് അവർക്ക് അറിയുമായിരുന്നില്ല. അതിനാൽ അവർ നബി യോട് ചോദിച്ചു: എങ്ങനെയാണ് ഞങ്ങൾ താങ്കൾക്ക് സ്വലാത് ചൊല്ലേണ്ടത്? അപ്പോഴാണ് നമസ്കാരത്തിൽ ചൊല്ലാറുള്ള ഇബ്റാഹീമീ സ്വലാത് നബി അവർക്ക് പഠിപ്പിച്ചു കൊടുത്തത്. ഇത് ബുഖാരി, മുസ്ലിം ഉൾപ്പടെയുള്ള മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. കഅ്ബ് ബിൻ ഉജ്റഃ നിവേദനം ചെയ്യുന്ന ഹദീസിൽ പറയപ്പെട്ടിരിക്കുന്ന സ്വലാതിന്റെ പദങ്ങൾ ഇങ്ങനെയാണ്:

اللهم صلِّ على محمدٍ، وعلى آل محمدٍ، كما صليتَ على إبراهيمَ، وعلى آلِ إبراهيمَ، إنك حميدٌ مجيدٌ. اللهم بارك على محمدٍ، وعلى آلِ محمدٍ، كما باركتَ على إبراهيمَ، وعلى آلِ إبراهيمَ، إنك حميدٌ مجيدٌ.

[അല്ലാഹുവേ! നീ ഇബ്റാഹീമിനും ഇബ്റാഹീമിൻെറ അനുയായികൾക്കും സ്വലാത് (കാരുണ്യം) ചെയ്തതു പോലെ മുഹമ്മദിനും മുഹമ്മദിൻെറ അനുയായികൾക്കും സ്വലാത് (കാരുണ്യം) ചെയ്യേണമേ! നിശ്ചയമായും നീ സ്തുത്യാർഹനും പ്രതാപശാലിയുമാണ്. അല്ലാഹുവേ! നീ ഇബ്റാഹീമിനും ഇബ്റാഹീമിൻെറ അനുയായികൾക്കും ബർകത് (അനുഗ്രഹം) ചെയ്തതു പോലെ മുഹമ്മദിനും മുഹമ്മദിൻെറ അനുയായികൾക്കും ബർകത് (അനുഗ്രഹം) ചെയ്യേണമേ! നിശ്ചയമായും നീ സ്തുത്യാർഹനും പ്രതാപശാലിയുമാണ്.]

ധാരണപ്പിശകുകൾ തിരുത്തുന്നു

സ്വഹാബത്തിന് മതകാര്യങ്ങളിൽ വല്ല ധാരണപ്പിശകും സംഭവിച്ചാൽ ഒട്ടും വിളംബം വരുത്താതെ നബി അത് തിരുത്തി കൊടുക്കുമായിരുന്നു. അവരുടെ ഓരോ ചുവടുകളിലും അല്ലാഹുവിൻെറയും റസുലിൻെറയും മേൽനോട്ടമുണ്ടായിരുന്നു. പ്രമാണങ്ങവാക്യങ്ങൾ മനസ്സിലാക്കുന്നതിലോ വ്യാഖ്യാനിക്കുന്നതിലോ പ്രയോഗവൽക്കരിക്കുന്നതിലോ വല്ല പിശകും സംഭവിച്ചാൽ യഥാസമയം ഇടപെടുകയും അത് പരിഹരിക്കുകയും ചെയ്യുക എന്നത് അവിടുത്തെ ദൗത്യത്തിൻെറ ഭാഗമാണ്. തെറ്റിൽ ഉറച്ചു പോകാൻ അവരെ അനുവദിക്കുമായിരുന്നില്ല. ഉദാഹരണമായി ബുഖാരി رَحِمَهُ اللهُ ഉദ്ധരിച്ച ഒരു സംഭവം വായിക്കാം:

عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ، قَالَ: لَمَّا نَزَلَتْ هَذِهِ الآيَةُ: الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ (الأنعام: 82) شَقَّ ذَلِكَ عَلَى أَصْحَابِ النَّبِيِّ ، وَقَالُوا: أَيُّنَا لَمْ يَظْلِمْ نَفْسَهُ؟ فَقَالَ رَسُولُ اللَّهِ : لَيْسَ كَمَا تَظُنُّونَ، إِنَّمَا هُوَ كَمَا قَالَ لُقْمَانُ لِابْنِهِ: ﴿يَا بُنَيَّ لاَ تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾ (لقمان: 13) [البخاري في صحيحه]

[അബ്ദുല്ലാ ബിൻ മസ്ഊദ് പറയുന്നു: “വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അക്രമം കലർത്താതിരിക്കുകയും ചെയ്തവർ…” (അൻആം 82) എന്ന സൂക്തം അവതരിച്ചപ്പോൾ നബി യുടെ അനുചരന്മാർക്ക് അത് പ്രയാസമുണ്ടാക്കി. അവർ ചോദിച്ചു: ഞങ്ങളിൽ സ്വന്തത്തോട് അക്രമം ചെയ്യാത്തവർ ആരുണ്ട്? നബി പറഞ്ഞു: കാര്യം നിങ്ങൾ ധരിക്കുന്നതു പോലെയല്ല. അത് ലുഖ്‌മാൻ തൻെറ പുത്രനോട് പറഞ്ഞതു പോലെയാണ്: “മകനേ, നീ അല്ലാഹുവിൽ പങ്കുചേർക്കരുത്. തീർച്ചയായും ശിർക്ക് കൊടിയ അക്രമം തന്നെയാണ്” (ലുഖ്‌മാൻ 13).] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഈമാനിൽ അക്രമം കലർത്താതിരിക്കുക എന്നതിൻെറ വിവക്ഷ ശിർക്ക് ചെയ്യാതിരിക്കുക എന്നാണ്. അവർക്ക് മൗലികമോ മൗലികേതരമോ ആയ ഏതെങ്കിലും കാര്യത്തിൽ വല്ല ധാരണപിശകും സംഭവിച്ചാൽ ഉടനെ തന്നെ അത് നബി തിരുത്തി കൊടുക്കുമായിരുന്നു. തെറ്റായ ഒരു ധാരണയും അവരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ അവിടുന്ന് അനുവദിക്കുമായിരുന്നില്ല.

അബദ്ധങ്ങൾ പരിഹരിക്കുന്നു

നബി യുടെ മുമ്പാകെ വെളിപ്പെടുത്താൻ മടിക്കുന്ന സ്വകാര്യ വിഷയങ്ങളിലാവാം ചിലപ്പോൾ ധാരണ പിശകുകൾ സംഭവിക്കുന്നത്. അല്ലെങ്കിൽ ചിലതൊക്കെ അവിടുത്തെ ശ്രദ്ധയിൽപെടാതെ പോകാം. പക്ഷെ, രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹു വഹ്‌യിലൂടെ അക്കാര്യം യഥാസമയം അറിയിച്ചു കൊടുക്കുകയും നബി ഇടപെട്ട് അത് തിരുത്തുകയും ചെയ്യും. ഒരു സാഹചര്യത്തിലും തെറ്റിൽ ഉറച്ചു പോകാൻ അവരെ വിട്ടേക്കുമായിരുന്നില്ല. ഉദാഹരണമായി, റമളാനിൽ നോമ്പ് തുറന്ന് കഴിഞ്ഞാൽ പിന്നീട് രാത്രികാലങ്ങളിൽ ഭക്ഷണപാനീയങ്ങൾ കഴിക്കാനോ ലൈംഗിക ബന്ധം നടത്താനോ പാടില്ലെന്നായിരുന്നു സ്വഹാബിമാരിൽ ചിലർ ധരിച്ചിരുന്നത്. എങ്കിലും ചിലർ രാത്രിയിൽ ഭാര്യമാരെ സമീപിക്കുകയും ചെയ്യുമായിരുന്നു. ഉടനെ തന്നെ അല്ലാഹു വഹ്‌യിറക്കി:

﴿أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَى نِسَائِكُمْ هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ عَلِمَ اللَّهُ أَنَّكُمْ كُنْتُمْ تَخْتَانُونَ أَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا كَذَلِكَ يُبَيِّنُ اللَّهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ﴾ (البقرة: 187)

[നോമ്പിൻെറ രാവിൽ ഭാര്യമാരുമായുള്ള ലൈംഗിക ബന്ധം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവർ നിങ്ങൾക്കുള്ള വസ്ത്രമാണ്. നിങ്ങൾ അവർക്കുള്ള വസ്ത്രവും. നിങ്ങൾ ആത്മവഞ്ചന കാണിക്കാറുണ്ടായിരുന്നത് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാൽ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും നിങ്ങൾക്ക് മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു. ഇനിമേൽ നിങ്ങൾ അവരുമായി സംസർഗ്ഗം നടത്തിക്കൊള്ളുക. അതിൽ അല്ലാഹു നിങ്ങൾക്ക് കണക്കാക്കിയത് കാംക്ഷിക്കുക. കറുത്ത ഇഴകളിൽനിന്ന് പുലരിയുടെ വെളുത്ത ഇഴകൾ തെളിയുന്നതുവരെ നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം. പിന്നീട് രാത്രിയാകുന്നതുവരെ നിങ്ങൾ വ്രതം പൂർത്തീകരിക്കുക. എന്നാൽ പള്ളികളിൽ ഭജനമിരിക്കുമ്പോൾ നിങ്ങൾ അവരുമായി വേഴ്ചയിലേർപ്പെടരുത്. അല്ലാഹു നിശ്ചയിച്ച സീമകളാണവ. അവയെ നിങ്ങൾ സമീപിക്കുക പോലുമരുത്. അപ്രകാരം അല്ലാഹു അവൻെറ ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. അവർ സൂക്ഷ്മത പുലർത്തിയേക്കാം.] (ബഖറഃ 187)

യഥാർത്ഥത്തിൽ അനുവദനീയമായ കാര്യമാണ് വിലക്കപ്പെട്ടതായി അവരിൽ ചിലർ തെറ്റിദ്ധരിച്ചത്. എന്നിട്ട് ആ വിലക്ക് മാനിക്കാൻ അവർക്ക് സാധിച്ചതുമില്ല. സ്വകാര്യമായി അതവർ ലംഘിച്ചു. അതിനെ ആത്മവഞ്ചനാപരമായ നടപടിയായിട്ടാണ് അല്ലാഹു ഗണിച്ചത്. അവരെ സ്വകാര്യമായ ഈ വീഴ്ചയിൽ തുടരാൻ അല്ലാഹു അനുവദിച്ചില്ല. തെറ്റുകൾ മാപ്പാക്കി അവരെ വീണ്ടെടുത്തു. അവരുടെ പശ്ചാത്താപം സ്വീകരിച്ചു. തെറ്റിദ്ധാരണ തീർത്തുകൊടുത്തു. കുറ്റബോധമില്ലാതെ അക്കാര്യം ചെയ്യാമെന്ന് അറിയിച്ചു. സ്വഹാബത്തിനുമേൽ അല്ലാഹുവിനും റസൂലിനുമുള്ള ശ്രദ്ധയും കരുതലും ഇത്രത്തോളം ശക്തവും പൂർണ്ണവുമായിരുന്നു. കാരണം അവർ ലോകർക്കുള്ള മാതൃകയാണ്. സത്യത്തിൻെറ സാക്ഷികളാണ്. അവരുടെ ആധികാരികതയിലും പ്രാമാണികതയിലും സംശയത്തിൻെറ കരിനിഴൽ വീഴാൻ പാടില്ല.

ഇതേ സൂക്തത്തിൽ മറ്റൊരു കാര്യം കൂടിയുണ്ട്. നോമ്പുകാരന് ഏതു സമയം വരെ അത്താഴം കഴിക്കാം? ഇതിനെ കുറിച്ച് അല്ലാഹു ആദ്യം അവതരിപ്പിച്ച സൂക്തം കൊണ്ട് സ്വഹാബിമാരിൽ ചിലർക്ക് കാര്യം ശരിയായി മനസ്സിലാക്കാനായില്ല. ”കറുത്ത നൂലിൽനിന്ന് വെളുത്ത നൂൽ വ്യക്തമാകുന്നതു വരെ നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം” എന്ന വചനത്തിൽനിന്ന് അവർ മനസ്സിലാക്കിയത് കറുത്തതും വെളുത്തതുമായ നൂലുകൾ വ്യക്തമായി കാണുന്ന സമയം വരെ തിന്നുകയും കുടിക്കുകയുമാവാം എന്നായിരുന്നു. യഥാർത്ഥത്തിൽ അതിൻെറ വിവക്ഷ രാത്രിയുടെ ഇരുണ്ട ഇഴകളിൽനിന്ന് പുലരിയുടെ വെളുത്ത തന്തുക്കൾ വെളിവാകുന്നതുവരെ എന്നതത്രെ. ഇതു സംബന്ധിച്ച് മുസ്‌ലിം رَحِمَهُ اللهُ ഉദ്ധരിച്ച ഒരു ഹദീസ് കാണുക:

عن سهل بن سعد رضي الله عنه قال: لما نزلت هذه الآية (وكلوا واشربوا حتى يتبين لكم الخيط الأبيض من الخيط الأسود) قال: وكان الرجل إذا أراد الصوم ربط أحدهم في رجليه الخيط الأسود والخيط الأبيض ولايزال يأكل ويشرب حتى يتبين له رئيهما، فأنزل الله بعد ذلك (من الفجر) فعلموا أنما يعني الليل والنهار. [مسلم في صحيحه]

[സഹ്ൽ ബിൻ സഅ്ദ് رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: ”കറുത്ത ഇഴകളിൽനിന്ന് വെളുത്ത ഇഴകൾ തെളിയുന്നത് വരെ നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം” എന്ന സൂക്തം അവതരിച്ച സമയം. അവരിൽ ഒരാൾ വ്രതമെടുക്കാൻ ഉദ്ദേശിച്ചാൽ തൻെറ രണ്ടു കാലിലും കറുത്ത നൂലും വെളുത്ത നൂലും കെട്ടിവെക്കും. അവ രണ്ടും വേർതിരിഞ്ഞ് കാണുന്നതു വരെ അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. അതിനു ശേഷം مِنَ الْفَجْرِ ‘പുലരിയാകുന്ന’ എന്ന വാക്കു കൂടി അല്ലാഹു അവതരിപ്പിച്ചു. അപ്പോൾ അവൻ ഉദ്ദേശിക്കുന്നത് രാവും പകലുമാണെന്ന് അവർക്ക് മനസ്സിലായി.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

സലഫുകളും അവരെ പിന്തുടരുന്നവരും

സലഫുകൾ എന്നാൽ മുൻഗാമികൾ എന്നാണർത്ഥം. മുസ്‌ലിം സമുദായം മാതൃകായോഗ്യരായി കണക്കാക്കുകയും പരിപൂർണ്ണമായി പിന്തുടരുകയും ചെയ്യേണ്ട പൂർവ്വസൂരികൾ എന്നു വിവക്ഷ. നബി ﷺ യോടൊപ്പം സഹവസിക്കുകയും വഹ്‌യിന് സാക്ഷ്യം വഹിക്കുകയും ചെയ്ത സ്വഹാബികളെയാണ് അതു കൊണ്ട് സവിശേഷമായി ഉദ്ദേശിക്കുന്നത്. എന്നാൽ സലഫുകൾ എന്നതിൻെറ സാമാന്യവും വിശാലവുമായ വിവക്ഷയിൽ മൂന്നു തലമുറകൾ ഉൾപ്പെടും. ഒന്നാം തലമുറക്കാരായ സ്വഹാബികൾ, അവരിൽനിന്ന് നേരിട്ട് ദീൻ സ്വീകരിച്ച രണ്ടാം തലമുറക്കാരായ താബിഉകൾ, അവരിൽനിന്ന് നേരിട്ട് ദീൻ സ്വീകരിച്ച മൂന്നാം തലമുറക്കാരായ താബിഉത്താബിഉകൾ; ഇവരാണ് ശ്രേഷ്ഠരായ മൂന്നു തലമുറകൾ. ഇവർ ദീനിൽ ഭേദഗതികൾ വരുത്തിയില്ല. തങ്ങളുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ദീൻ വ്യാഖ്യാനിച്ചില്ല. സ്വന്തമായ അഭിപ്രായങ്ങൾ തള്ളി നബി യിൽനിന്ന് ഉദ്ധരിക്കപ്പെടുന്ന രേഖകളനുസരിച്ച് ജീവിച്ചവർ. നബി പറയുന്നു:

عَنْ عَبْدِ اللَّهِ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ قَالَ: خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ. [البخاري في صحيحه]

[അബ്ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ നിവേദനം. നബി പറഞ്ഞു: ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠർ എൻെറ തലമുറയാണ്. പിന്നെ അവരുടെ തൊട്ടടുത്ത തലമുറ. പിന്നെ അവരുടെ തൊട്ടടുത്ത തലമുറയും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ദീൻ സ്വീകരിക്കുന്നതിലും മനസ്സിലാക്കുന്നതിലും പ്രമാണവാക്യങ്ങൾ വ്യാഖ്യാനിക്കുന്നതിലും അവ ജീവിതത്തിൽ പ്രയോഗിക്കുന്നതിലും മാതൃകായോഗ്യർ അവരാണ്. അവരെ കുറിച്ച് സൂറത്തുൽ ബഖറഃയിൽ أُمَّةً وَسَطًا (പ്രാമാണിക യോഗ്യർ) എന്നും സൂറത്തു ആലു ഇംറാനിൽ خَيْرُ أُمَّةٍ (ശ്രേഷ്ഠ സമൂഹം) എന്നും അല്ലാഹു പ്രശംസിച്ചിരിക്കുന്നു. അവരുടെ ഗ്രാഹ്യത്തിന് ആധികാരികതയുണ്ടെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവരാണ് ജനങ്ങളിൽ ശ്രേഷ്ഠർ എന്ന് നബി പ്രഖ്യാപിച്ചിരിക്കുന്നു. അവരെ പരിപൂർണ്ണമായി പിന്തുടരണമെന്ന് അല്ലാഹുവും റസൂലും ആജ്ഞാപിച്ചിരിക്കുന്നു.

﴿وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ﴾ (التوبة: 100)

[ഇസ്‌ലാമിലേക്ക് ആദ്യം കടന്നുവന്നവരായ മുഹാജിറുകളും അൻസ്വാറുകളും, അവരെ പരിപൂർണ്ണമായി പിന്തടുർന്നവരും! അവരെയാണ് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നത്; അവർ അവനെയും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെച്ചിരിക്കുന്നു. അവർ അതിൽ ശാശ്വതരായിരിക്കും. അതാണ് മഹത്തായ വിജയം.] (തൗബഃ 100)

അല്ലാഹുവിൽ തൃപ്തിയടയുക, അവൻെറ പ്രീതി കരസ്ഥമാക്കുക, താഴ്ഭാഗത്ത് അരുവികൾ ഒഴുകുന്ന സ്വർഗ്ഗീയാരാമങ്ങൾ ലഭിക്കുക, അതിൽ ശാശ്വതമായി വസിക്കാനാവുക, മനുഷ്യ ഭാവനകൾക്കും അപ്പുറം അവാച്യമായ ഈ മഹദ് വിജയം നേടാൻ ആർക്കാണ് സാധിക്കുക? ഇസ്‌ലാമിലേക്ക് ആദ്യം കടന്നുവന്നവർക്ക്, അഥവാ നബി ക്കും കൂടെയുണ്ടായിരുന്ന മുഹാജിറുകൾക്കും അൻസാറുകൾക്കും. പിന്നെയോ? മേൽ സൂക്തത്തിൽ പരാമർശിച്ച സ്വഹാബികളെ പരിപൂർണ്ണമായി പിന്തുടർന്നവർക്കും. അവരെ പിന്തുടരാതെ ഒരാൾക്കും ഈ മഹദ് വിജയം നേടുക സാധ്യമല്ല. അതു കൊണ്ടു തന്നെ അവരെ പരിപൂർണ്ണമായി പിന്തുടരാൻ അനുശാസിക്കുന്ന വചനങ്ങൾ അനേകമാണ്. വിസ്താരഭയത്താൽ ഒന്നു രണ്ട് ഉദാഹണങ്ങൾ മാത്രം താഴെ കൊടുക്കാം.

عَنْ حُذَيْفَةَ رضي الله عنه، قَالَ: قَالَ رَسُولُ اللَّهِ ﷺ: اقْتَدُوا بِالَّذَيْنِ مِنْ بَعْدِي أَبَا بَكْرٍ وَعُمَرَ. [الترمذي في سننه وصححه الألباني]

[ഹുദൈഫഃ رَضِيَ اللهُ عَنْهُ നിവേദനം. നബി പറഞ്ഞിരിക്കുന്നു: എൻെറ പിൻഗാമികളെ നിങ്ങൾ പിന്തുടരുക; അബൂബക്കറിനെയും ഉമറിനെയും.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

عَنْ الْعِرْبَاضَ بْنَ سَارِيَةَ رضي الله عنهُ، يَقُولُ: قَامَ فِينَا رَسُولُ اللَّهِ ﷺ ذَاتَ يَوْمٍ، فَوَعَظَنَا مَوْعِظَةً بَلِيغَةً، وَجِلَتْ مِنْهَا الْقُلُوبُ، وَذَرَفَتْ مِنْهَا الْعُيُونُ، فَقِيلَ يَا رَسُولَ اللَّهِ: وَعَظْتَنَا مَوْعِظَةَ مُوَدِّعٍ، فَاعْهَدْ إِلَيْنَا بِعَهْدٍ، فَقَالَ: عَلَيْكُمْ بِتَقْوَى اللَّهِ، وَالسَّمْعِ وَالطَّاعَةِ، وَإِنْ عَبْدًا حَبَشِيًّا، وَسَتَرَوْنَ مِنْ بَعْدِي اخْتِلَافًا شَدِيدًا، فَعَلَيْكُمْ بِسُنَّتِي، وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَالْأُمُورَ الْمُحْدَثَاتِ، فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ. [ابن ماجة في سننه وصححه الألباني]

[ഇർബാദ് ബിൻ സാരിയഃ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു ദിവസം നബി ഞങ്ങളെ അഭിസംബോധന ചെയ്തു. അങ്ങനെ ഹൃദയസ്പർശിയായ ഒരു ഉപദേശം ഞങ്ങൾക്കു നൽകി. അതു കാരണം ഞങ്ങളുടെ മനസ്സ് പിടക്കാൻ തുടങ്ങി. കണ്ണുകൾ ഈറനണിഞ്ഞു. ഒരാൾ ചോദിച്ചു: അല്ലാഹുവിൻെറ റസൂലേ! യാത്ര പരയുന്നവനെ പോലെയാണല്ലോ അങ്ങ് ഞങ്ങളെ ഉപദേശിച്ചത്! അതിനാൽ ഞങ്ങൾക്ക് ഒരു ഉടമ്പടി നൽകിയാലും. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കടമ അല്ലാഹുവിനെ സൂക്ഷിക്കുക, അധികാരസ്ഥനെ – അദ്ദേഹം ഒരു കാപ്പിരിയായ അടിമയാണെങ്കിലും – കേൾക്കുക, അനുസരിക്കുക. എൻെറ ശേഷം നിങ്ങൾ കടുത്ത ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ എൻെറ ചര്യ നിങ്ങൾ മുറുകെ പിടിക്കുക; സച്ചരിതരും സന്മാർഗ്ഗികളുമായ എൻെറ ഉത്തരാധികാരികളുടെ ചര്യയും. അത് നിങ്ങൾ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുക. പുതുതായി കൊണ്ടുവരുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ നൂതന കാര്യങ്ങളും വഴികേടാണ്.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

عَنْ جَابِرِ بْنِ سَمُرَةَ قَالَ: خَطبنا عُمَرُ بْنُ الْخَطَّابِ رَضِيُ اللهُ عَنْهُ بالجَابِيَةِ قَالَ: قَامَ فِينَا رَسُولُ اللَّهِ مَقامي فيكُمُ الْيَوْمَ فَقَالَ: أَحْسِنُوا إِلَى أَصْحَابِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهمْ ثُمَّ يَفشُو الكذبُ حَتَّى يَشهدَ الرَّجُلُ عَلَى الْيَمِينِ لَا يُسألها فَمَنْ أَرَادَ بُحْبُوحَةَ الْجَنَّةِ فَلْيَلزمِ الْجَمَاعَةَ فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِن الِاثْنَيْنِ أبعدُ وَلَا يَخْلُوَنَّ أحدَكُم بِالْمَرْأَةِ فَإِنَّ الشَّيْطَانَ ثالِثُهما ومَنْ سرَّتْهُ حَسنَتُهُ وسَاءَتْهُ سَيِّئَتُهُ فَهُوَ مُؤْمِنٌ. [التعليقات الحسان على صحيح ابن حبان، وصححه الألباني]

[ജാബിർ ബിൻ സമുറഃ നിവേദനം. ജാബിയഃ പ്രദേശത്തു വെച്ച് ഉമർ رَضِيُ اللهُ عَنْهُ ഞങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു: ഇന്ന് ഞാൻ നിങ്ങളുടെ മുമ്പാകെ നിൽക്കുന്ന പോലെ നബി ഒരിക്കൽ ഞങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞു: നിങ്ങൾ എൻെറ അനുചരന്മാരെ പരിപൂർണ്ണമായി സ്വീകരിക്കുക. പിന്നെ അവർക്ക് തൊട്ടു ശേഷം വരുന്നവരെയും, പിന്നെ അവർക്ക് തൊട്ടു പിറകിൽ വരുന്നവരെയും. പിന്നീട് കള്ളത്തരങ്ങൾ പ്രത്യക്ഷപ്പെടും. ഒരാൾ ശപഥം ചെയ്യാൻ ആവശ്യപ്പെടാതെ തന്നെ ശപഥം ചെയ്യുന്ന സ്ഥിതി വരും. സ്വർഗ്ഗത്തിൻെറ മധ്യത്തിലുള്ള ഉന്നത സ്ഥാനം ആരെങ്കിലും മോഹിക്കുന്നുവെങ്കിൽ അവൻ മുസ്‌ലിംകളുടെ ജമാഅത്തിനൊപ്പം നിലക്കൊള്ളട്ടെ. തീർച്ചയായും പിശാച് ഒറ്റയാൻെറ കൂടെയായിരിക്കും. അവൻ രണ്ടു പേരിൽ നിന്ന് അകലെയുമായിരിക്കും. നിങ്ങളിൽ ഒരാളും ഒരു സ്ത്രീയോടൊപ്പം തനിച്ചാവരുത്. എങ്കിൽ അവരിൽ മൂന്നാമനായി പിശാചുണ്ടായിരിക്കും. ഏതൊരാളുടെ നന്മ തന്നെ സന്തോഷിപ്പിക്കുകയും തിന്മ തന്നെ മുഷിപ്പിക്കുകയും ചെയ്യുന്നുവോ അവൻ വിശ്വാസിയാണ്.] (ഇബ്‌നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിച്ചത്)

സ്വഹാബിമാർ, അവരാണ് നബി കഴിഞ്ഞാൽ ദീനിൽ അവഗാഹമുള്ളവരും നേർമാർഗ്ഗം പ്രാപിച്ചവരും മാതൃകായോഗ്യരും. ഇബ്‌നു മസ്ഊദ് رَضِيُ اللهُ عَنْهُ വിൻെറ വാക്കുകൾ ശ്രദ്ധിക്കുക:

قَالَ ابْنُ مَسْعُودٍ رَضِيَ اللهُ عَنْهُ: مَنْ كَانَ مِنْكُمْ مُتَأَسِّيًا فَلْيَتَأَسَّ بِأَصْحَابِ مُحَمَّدٍ ﷺ؛ فَإِنَّهُمْ كَانُوا أَبَرَّ هَذِهِ الْأُمَّةِ قُلُوبًا وَأَعْمَقَهَا عِلْمًا وَأَقَلَّهَا تَكَلُّفًا وَأَقْوَمَهَا هَدْيًا وَأَحْسَنَهَا حَالًا، قَوْمًا اخْتَارَهُمُ اللَّهُ تَعَالَى لِصُحْبَةِ نَبِيِّهِ، فَاعْرِفُوا لَهُمْ فَضْلَهُمْ وَاتَّبِعُوهُمْ فِي آثَارِهِمْ؛ فَإِنَّهُمْ كَانُوا عَلَى الْهُدَى الْمُسْتَقِيم. [ابن عبد البر في جامع بيان العلم وفضله]

[ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ പറഞ്ഞു: നിങ്ങളിലൊരാൾ ആരെയെങ്കിലും മാതൃകയാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ മുഹമ്മദ് യുടെ സ്വഹാബത്തിനെ മാതൃകയാക്കട്ടെ. അവരാണ് ഈ സമുദായത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ഹൃദയാലുക്കൾ. ഏറ്റവും അവഗാഹമുള്ളവർ, ഒട്ടും കൃത്രിമത്വമില്ലാത്തവർ, ഏറ്റവും നല്ല സന്മാർഗ്ഗചാരികൾ, ഏറ്റവും മികച്ച സ്ഥിതിയിലുള്ളവർ. അഥവാ ഒരു സമൂഹത്തെ; (നിങ്ങൾ മാതൃകയാക്കുക). അവരെയാണ് അല്ലാഹു തൻെറ നബി യുടെ സഹവാസത്തിന് തെരഞ്ഞെടുത്തത്. അതിനാൽ അവർക്കുള്ള മികവ് നിങ്ങൾ വകവെച്ചു കൊടുക്കുക. അവരുടെ കാൽപാടുകളിൽ അവരെ നിങ്ങൾ പിന്തുടരുക. കാരണം അവരാണ് ഏറ്റവും നേരായ മാർഗ്ഗത്തിലുള്ളവർ.] (ഇബ്‌നു അബ്ദിൽ ബർ, ജാമിഉ ബയാനിൽ ഇൽമി വ ഫള്‌ലിഹി)

സ്വഹാബത്ത്: അനിതരമായ സുരക്ഷിതത്വം

സ്വഹാബത്തിനെ മാതൃകയാക്കുകയും അവരെ പരിപൂർണ്ണമായി പിന്തുടരുകയും ചെയ്യുന്നവർ തീർത്തും സുരക്ഷിതരാണ്. കാരണം അവർക്ക് ദീൻ ആദിമപരിശുദ്ധിയോടെ കരസ്ഥമാക്കാൻ കഴിഞ്ഞിരിക്കുന്നു. മുസ്‌ലിം സമുദായം മിക്കപ്പോഴും പിഴച്ചുപോകുന്നത് അല്ലാഹുവും റസൂലും പറഞ്ഞത് തെറ്റായി മനസ്സിക്കുകയും, അവയെ ദുരുപദിഷ്ടമായി സമീപിക്കുകയും ചെയ്യുന്നതു കൊണ്ടാണ്. പ്രമാണവാക്യങ്ങളെ വായിക്കേണ്ടതും ഗ്രഹിക്കേണ്ടതും സ്വഹാബികൾ മനസ്സിലാക്കിയതു പോലെയാണ്. സ്വഹാബികളുടെ വ്യാഖ്യാനത്തിനു മാത്രമേ ആധികാരികതയുള്ളു. മറ്റെല്ലാം മനുഷ്യയുക്തിയിൽനിന്ന് ഉടലെടുക്കുന്നവയാണ്. വ്യക്തികളുടെ അഭീഷ്ടങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ചുള്ള അഭിപ്രായങ്ങൾ പ്രകടനങ്ങൾ മാത്രമാണ്. ദീനിൽ പിഴച്ചു പോകാതിരിക്കാൻ സ്വഹാബികൾ വരച്ചുകാണിച്ച ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിൽക്കണം. അവർ മനസ്സിലാക്കി സ്വീകരിച്ചു പോന്നതു പോലെ തന്നെ ദീൻ മനസ്സിലാക്കക്കുകയും സ്വീകരിക്കുകയും ചെയ്യണം. അവരാണ് നമുക്കുള്ള സുരക്ഷിതത്വം, അന്ത്യനാൾ വരെയുള്ള മുസ്‌ലിം ജനപദങ്ങളുടെ ആശയപരമായ രക്ഷാകവചം. നബി പറയുന്നത് കാണുക:

عن أبي بردة عن أبيه قال: صلينا المغرب مع رسول الله ، ثم قلنا لو جلسنا حتى نصلي معه العشاء، قال فجلسنا، فخرج علينا فقال: ما زلتم ههنا، قلنا: يا رسول الله، صلينا معك المغرب، ثم قلنا نجلس حتى نصلي معك العشاء، قال: أحسنتم أو أصبتم، قال: فرفع رأسه إلى السماء، وكان كثيرا مما يرفع رأسه إلى السماء، فقال: النجوم أمنة للسماء، وإذا ذهبت النجوم أتى السماء ما توعد، وأنا أمنة لأصحابي، وإذا ذهبت أتى أصحابي ما يوعدون، وأصحابي أمنة لأمتي، فإذا ذهب أصحابي أتى أمتي ما يوعدون. [مسلم في صحيحه]

[അബു ബുർദഃ നിവേദനം. അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു: നബി യോടൊപ്പം ഞങ്ങൾ മഗ്‌രിബ് നമസ്കരിച്ചു. ശേഷം ഞങ്ങൾ പറഞ്ഞു: നബി യുടെ കൂടെ ഇശാ നമസ്കരിക്കുന്നതു വരെ കാത്തിരുന്നാലോ. അദ്ദേഹം തുടരുന്നു: അങ്ങനെ ഞങ്ങൾ അവിടെ തന്നെ ഇരുന്നു. അപ്പോൾ നബി ഞങ്ങളുടെ അടുത്തുവന്ന് പറഞ്ഞു: നിങ്ങൾ ഇവിടെ നിന്നും നീങ്ങിയിട്ടില്ല അല്ലേ. ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ! ഞങ്ങൾ താങ്കളോടൊപ്പം മഗ്‌രിബ് നമസികരിച്ചു. പിന്നീട് താങ്കളോടൊപ്പം ഇശാ നമസകരിക്കുന്നതു വരെ കാത്തിരിക്കാമെന്ന് പറഞ്ഞു. നിങ്ങൾ ചെയ്തത് തീർത്തും ശരി എന്നോ നിങ്ങൾ ചെയതത് നേരുതന്നെ എന്നോ അവിടുന്ന് പ്രതിവചിച്ചു. അദ്ദേഹം തുടരുന്നു: അനന്തരം നബി തൻെറ ശിരസ്സ് മുകളിലേക്കുയർത്തി. അവിടുന്ന് പലപ്പോഴും മുകളിലേക്ക് ശിരസ്സുയർത്താറുണ്ട്. എന്നിട്ട് പറഞ്ഞു: നക്ഷത്രങ്ങൾ ആകാശത്തിനുള്ള സുരക്ഷിതത്വമാണ്. നക്ഷത്രങ്ങൾ പോയിക്കഴിഞ്ഞാൽ ആകാശത്തിന് നിശ്ചയിക്കപ്പട്ടത് ഭവിക്കുകയായി. ഞാൻ എൻെറ അനുചരന്മാർക്കുള്ള സുരക്ഷിതത്വമാണ്. ഞാൻ പോയിക്കഴിഞ്ഞാൽ എൻെറ അനുചരന്മാരോട് പറയപ്പെട്ടത് വന്നു ഭവിക്കുകയായി. എൻെറ അനുചരന്മാർ എൻെറ സമുദായത്തിനുള്ള സുരക്ഷിതത്വമാണ്. എൻെറ അനുചരന്മാർ പോയിക്കഴിഞ്ഞാൽ എൻെറ സമുദായത്തിന് പറയപ്പെട്ടത് സംഭവിക്കുകയായി.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)