വിശ്വാസത്തിൻെറ പൊരുളിൽ ഭ്രംശം വരുത്തൽ
ഈമാൻ, ഇസ്‌ലാം എന്നീ അടിസ്ഥാന വിഷയങ്ങളുടെ വിവക്ഷയിൽ നബി ﷺ യും സ്വഹാബത്തും സഞ്ചരിച്ച രാജമാർഗ്ഗത്തിൽനിന്ന് വഴിതെറ്റി, അഭീഷ്ടത്തെയും ബുദ്ധിയെയും പിന്തുടർന്ന് കക്ഷിയായി വേർപിരിഞ്ഞ മറ്റൊരു വിഭാഗമാണ് മുർജിഅഃ. ഇർജാഅ് എന്നാൽ ഭ്രംശം വരുത്തുക, പിന്തിക്കുക എന്നൊക്കെയാണ് അർത്ഥം. ആ വാക്കിൻെറ ഭാഷാർത്ഥം സൂചിപ്പിക്കന്നതു പോലെ തന്നെ, മൗലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഒഴിവാക്കാനാവാത്ത ഘടകങ്ങളെ നിഷേധിക്കുകയും അവയുടെ അടിസ്ഥാന വിഭാവനയിൽ ഭ്രംശം വരുത്തുകയും ചെയ്യുന്നവരായിരുന്നു അവർ. വാദമുഖങ്ങളിലുള്ള വ്യത്യാസമനുസരിച്ച് അവർ തന്നെ പല തരക്കാരായി വേർപിരിയുകയും ചെയ്തിട്ടുണ്ട്.
(ഒന്ന്) അതിൽ ഒന്നാമത്തേത് സ്വഹാബത്തിൻെറ വിഷയത്തിലുള്ള ഇർജാഅ് ആണ്. ഉസ്‌മാൻ ബിൻ അഫ്ഫാൻ, അലി ബിൻ അബീ ത്വാലിബ്, ത്വൽഹഃ, സുബൈർ رَضِيَ اللهُ عَنْهُمْ തുടങ്ങിയ സ്വഹാബിമാരെ ഖവാരിജുകൾ കാഫിറുകളാക്കി. അതേ സമയം അവരോടുള്ള നിലപാടിൽ ഖവാരിജുകൾക്ക് എതിരിൽ നിലക്കൊണ്ടവരാണ് ആദ്യകാല മുർജിഅഃകൾ. അതിരുവിട്ട മറ്റൊരു നിലപാടാണ് അവർ സ്വീകരിച്ചത്. അലി ബിൻ അബീത്വാലിബ് رَضِيَ اللهُ عَنْهُ വിന് നബി ﷺ യുടെ പുത്രിയായ ഫാത്വിമഃ رَضِيَ اللهُ عَنْهَا ൽ അല്ലാതെ മറ്റൊരു ഭാര്യയിലുള്ള മകനാണ് മുഹമ്മദ് ബിൻ അൽഹനഫിയ്യഃ. അദ്ദേഹത്തിൻെറ പുത്രനായ ഹസൻ ബിൻ മുഹമ്മദ് ബിൻ അൽഹനഫിയ്യഃയോട് ജനങ്ങൾ അന്ന് നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ കാര്യത്തിൽ വിധിയന്വേഷിച്ചു. ആദ്യം അദ്ദേഹം മൗനം പാലിച്ചു. പിന്നീട് ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ വാദം ഞാൻ കേട്ടു. അലി, ഉസ്മാൻ, ത്വൽഹ, സുബൈർ എന്നിവരുടെ കാര്യം നാം മാറ്റിവെക്കുകയും അല്ലാഹുവിലേക്ക് ഏൽപിക്കുകയും ചെയ്യുന്നു. അതിനെക്കാൾ ഭേദപ്പെട്ട ഒരു നിലപാട് ഞാൻ വേറെ കാണുന്നില്ല. അതേ കാര്യം പിന്നീട് അദ്ദേഹം എഴുതുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
ونوالي أبا بكر وعمر رضي الله عنهما، ونجاهد فيهما؛ لأنهما لم تقتتل عليهما الأمة، ولم تشك في أمرهما، ونرجئ من بعدهما ممن دخل في الفتنة، فنكل أمرهم إلى الله.
[അബൂബക്കർ, ഉമർ رَضِيَ اللهُ عَنْهُمَا എന്നിവരോട് നാം വലാഅ് പലുർത്തുകുയം അവരുടെ കാര്യത്തിൽ നാം പോരാടുകയും ചെയ്യും. കാരണം അവർ രണ്ടു പേരുടെയും കാര്യത്തിൽ സമുദായം ഭിന്നിച്ചിട്ടില്ല. അവരുടെ കാര്യത്തിൽ ഒരു സംശയവും ഉണ്ടായിട്ടുമില്ല. അവർ രണ്ടു പേരുടെയും ശേഷം ഫിത്നഃയിൽ അകപ്പെട്ടവരുടെ കാര്യം നാം നീട്ടിവെക്കുന്നു. അവരുടെ കാര്യം അല്ലാഹുവിലേക്ക് ഏൽപിക്കുന്നു.]
എന്നാൽ അദ്ദേഹത്തിൻെറ വാക്കുകളിലടങ്ങിയ അപകടത്തെ സംബന്ധിച്ച് പിതാവായ മുഹമ്മദ് ബിൻ അൽ ഹനഫിയ്യഃ ഉണർത്തിക്കൊടുത്തു. അത് അദ്ദേഹത്തിനു ബോധ്യപ്പെടുകയും ഖേദിച്ചു മടങ്ങുകയും ചെയ്തു.
عَنْ زَاذَانَ، وَمَيْسَرَةَ، قَالَا: أَتَيْنَا الْحَسَنَ بْنَ مُحَمَّدٍ، فَقُلْنَا: مَا هَذَا الْكِتَابُ الَّذِي وَضَعْتَهُ، وَكَانَ هُوَ الَّذِي أَخْرَجَ كِتَابَ الْمُرْجِئَةِ؟ قَالَ زَاذَانُ: فَقَالَ لِي: يَا أَبَا عَمْرٍو لَوَدِدْتُ أَنِّي كُنْتُ مُتُّ قَبْلَ أَنْ أُخْرِجَ هَذَا الْكِتَابَ، أَوْ قَالَ: قَبْلَ أَنْ أَضَعَ هَذَا الْكِتَابَ [السنة لأبي بكر الخلال]
[സാദാൻ, മൈസറഃ എന്നിവർ നിവേദനം. അവർ പറയുന്നു: ഞങ്ങൾ ഹസൻ ബിൻ മുഹമ്മദ് അൽ ഹനഫിയ്യഃയെ സന്ദർശിച്ചു. അദ്ദേഹത്തോട് ചോദിച്ചു: എന്താണ് താങ്കൾ രചിച്ച ഈ രേഖ? മുർജിഅഃ യുടെ പ്രമാണ പത്രം പുറത്തിറക്കിയത് അദ്ദേഹമായിരുന്നു.
സാദാൻ പറയുന്നു: അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: അബൂ അംറ്! ഈ പത്രം പുറത്തിറക്കുന്നതിനു മുമ്പ് ഞാൻ മരണപ്പെട്ടിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ്.
അല്ലെങ്കിൽ, അദ്ദേഹം പറഞ്ഞത്: ഞാൻ ഈ രേഖ രചിക്കുന്നതിനു മുമ്പ് എന്നാണ്.] (ഖല്ലാൽ സുന്നഃയിൽ ഉദ്ധരിച്ചത്)
അദ്ദേഹം ആ നിലപാട് തിരുത്തുകയും അതിൽനിന്ന് മടങ്ങുകയും ചെയ്തു. ആ പത്രം എഴുതുന്നതിനു മുമ്പ് തൻെറ മരണം സംഭവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു വരെ അദ്ദേഹം കൊതിച്ചു. പക്ഷെ, അഭീഷ്ടങ്ങൾ പിന്തുടരുന്ന ചില ഹൃദയങ്ങൾ അത് കൈവിടാൻ തയ്യാറായില്ല. അദ്ദേഹം എഴുതിയത് അവർ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ഇർജാഇൻെറ ഈ വാദഗതിക്ക് അധികം അനുയായികളെ ലഭിച്ചില്ല. എന്നാൽ ഇർജാഅ് എന്ന ആശയം അതിലൂടെ സ്ഥാപിതമാവുകയായിരുന്നു.
(രണ്ട്) ഇർജാഅ് ഈമാനിൻെറ വിവക്ഷയിൽ: അല്ലാഹുവിൻെറ കിതാബിൽനിന്നും റസൂലിൻെറ സുന്നത്തിൽനിന്നും സ്വഹാബത്ത് കേട്ട് മനസ്സിലാക്കിയ ഈമാൻ ഹൃദയത്തിൽ രൂഢമൂലമായതും വാക്കുകൊണ്ട് സത്യപ്പെടുത്തുന്നതും കർമ്മങ്ങളിൽ പുലരുന്നതുമാണ്. പുണ്യകർമ്മങ്ങളാൽ അത് വർദ്ധിക്കുകയും പാപങ്ങളാൽ കുറവു വരികയും ചെയ്യുന്നതാണ്. നിരവധി പ്രമാണരേഖകളിൽ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണിത്.
പാപം ചെയ്തവൻ കാഫിറായിത്തീരുമെന്ന് ഖവാരിജുകൾ വാദിച്ചു. അവൻെറ ഈമാൻ പുർണ്ണമായും നഷ്ടപ്പെടുന്നു എന്നതാണ് അവരുടെ വാദത്തിൻെറ അടിസ്ഥാനം. ഖവാരിജുകളുടെ ഈ വാദത്തെ ബുദ്ധികൊണ്ട് എതിരിടുകയായിരുന്നു മുർജിഅ ചെയ്തത്. പാപം ചെയ്തതു കൊണ്ട് ഈമാനിൽ യാതൊരു കുറവും സംഭവിക്കുന്നില്ലെന്ന് സ്ഥാപിക്കുവാൻ കർമ്മത്തെ ഈമാനിൽനിന്ന് വേർപ്പെടുത്തുകയാണ് അവർ ചെയ്തത്.
തുടക്കത്തിൽ ഇതിനു സാങ്കേതികവും പദപരവുമായ പ്രഭാവമേ ഉണ്ടായിരുന്നുള്ളുവെങ്കിലും പിന്നീട് അത് വലിയ വിപത്തുകളിലേക്കുള്ള കവാടമായി മാറി. കൂഫഃയിലെ അറിയപ്പെട്ട കർമ്മശാസ്ത്ര പണ്ഡിതന്മാരായിരുന്ന ദർ ബിൻ അബ്ദില്ല അൽ ഹമദാനി, അബൂ ഹനീഫഃയുടെ ഗുരുനാഥനായിരുന്ന ഹമ്മാദ് ബിൻ സൂലൈമാൻ തുടങ്ങിയവരായിരുന്നു ഈ വാദത്തിൻെറ തുടക്കക്കാർ. സ്വഹാബത്തിൻെറ അവസാന കാലത്ത് അഥവാ അബ്ദുൽ മലിക് ബിൻ മർവാൻെറ ഭരണ കാലത്തായിരുന്നു അവരുടെ രംഗപ്രവേശം.
(മൂന്ന്) തീവ്ര വചനശാസ്ത്ര വക്താക്കളുടെ ഇർജാഅ് (إرجاء الغلاة المتكلمين): വചനശാസ്ത്രത്തെ പിന്തുടർന്ന കടുത്ത ഇർജാഅ് വാദികൾ ഈമാൻ ഹൃദയത്തിൻെറ മാത്രം പ്രവർത്തിയാക്കി ചുരുക്കി. വാക്കും കർമ്മവും ഈമാനിൽനിന്ന് അവർ പുറത്താക്കി. ഗയ്‌ലാൻ അൽ ദിമശ്ഖി, ജഹ്‌മ് ബിൻ സ്വഫ്‌വാൻ, മുഖാതിൽ ബിൻ സൂലൈമാൻ തുടങ്ങിയ ബിദ്അത്തിൻെറ തലവന്മാരായിരുന്നു ഈ വാദഗതിയുടെ പ്രചാരകന്മാർ. കൂഫഃയിലെ ഫുഖഹാക്കളിൽ വെളിപ്പെട്ടത് വാചികമായ ചില അബദ്ധങ്ങളാണെങ്കിൽ ഇക്കൂട്ടർ അതിനെ അഭീഷ്ടത്തിൻെറ പാരമ്യത്തിലെത്തിച്ചു. അവരുടെ വാദമുഖം ഇപ്രകാരമാണ്:
لا يضر مع الإيمان معصية، كما لا ينفع مع الكفر طاعة
[അവിശ്വാസം ഉണ്ടെങ്കിൽ അതിൻെറ കൂടെ ഒരു പുണ്യകർമ്മവും ഉപകാരം ചെയ്യാത്ത പോലെ, ഈമാൻ ഉണ്ടെങ്കിൽ അതിൻെറ കൂടെ അല്ലാഹുവിനുള്ള ഒരു ധിക്കാരവും ദോഷം വരുത്തുകയുമില്ല.]
(നാല്) കർറാമിയ്യഃ വിഭാഗക്കാരുടെ ഇർജാഅ്: ജഹ്‌മിൽനിന്നും മുഹമ്മദ് ബിൻ കർറാം ഇർജാഇൻെറ വിഷബീജം സ്വീകരിച്ചു. അയാളാകട്ടെ ജഹ്‌മിനെക്കാൾ ഒരു പടി മുന്നിലേക്ക് പോയി. ഈമാൻ നാവുകൊണ്ടുള്ള വാക്കു മാത്രമാണെന്ന് ജൽപിച്ചു. ഹൃദയത്തിൽ കുഫ്റ് വിശ്വസിച്ചാലും ഈമാനിൽ നിന്ന് പുറത്തുപോകയില്ല എന്നും വാദിച്ചു. ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു:
وأيضا فلم يكن حدث في زمنهم من المرجئة من يقول الإيمان هو مجرد القول بلا تصديق ولا معرفة في القلب، فإن هذا إنما أحدثه ابن كرام وهذا هو الذي انفرد به ابن كرام [ابن تيمية في مجموع فتاويه]
കൂടാതെ, ഹൃദയത്തിൽ അറിയുകയോ സത്യപ്പെടുത്തുകയോ ചെയ്യാതെയുള്ള വെറും വാക്ക് മാത്രമാണ് ഈമാൻ എന്നു പറയുന്നവർ മുർജിഅഃ വിഭാഗത്തിൽ അവരുടെ കാലത്ത് ഉണ്ടായിരുന്നില്ല. ഈ നൂതനവാദത്തിൻെറ ഉപജ്ഞാതാവ് ഇബ്‌നു കർറാം ആണ്. ഇതാണ് ഇബ്‌നു കർറാം മാത്രം ഉന്നയിച്ച അനിതരമായ വാദം.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
ഇത് ഒരു സൈദ്ധാന്തികമായ ചർച്ചയല്ലേ? അതിൽ എന്താണ് ഇത്ര വലിയ അപകടം എന്നു ചിലർക്കു തോന്നാം. നാവു കൊണ്ട് ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് പറഞ്ഞാൽ ഈമാനായി. പിന്നെ തെറ്റുകുറ്റങ്ങൾ എന്തു ചെയ്താലും ഒരു ദോഷവും വരില്ല, ഈമാനുണ്ടല്ലോ. ഈ ധാരണ മനസ്സിലുറച്ചാൽ പിന്നെ ആ മനുഷ്യ എങ്ങനെയാണ് സംസ്കൃതി നേടുക. നബി ﷺ യും സ്വഹാബത്തും വളർത്തിയെടുത്ത ഒരു വിശ്വാസി സമൂഹത്തെ അപമാനവീകരിക്കാനും നശിപ്പിക്കാനും ഇതിനെക്കാൾ വിഷലിപ്തവും വിനാശകാരിയുമായ മറ്റൊരു അപനിർമ്മിതി വേറെയുണ്ടായിട്ടില്ല.