ആമുഖം


യുഗാന്തരങ്ങളായി മനുഷ്യൻ ഈ ഭൂമുഖത്ത് അധിവസിക്കുന്നു. താൻ എങ്ങനെ ഉണ്ടായി? തൻെറ ജീവിത ലക്ഷ്യമെന്ത്? തനിക്കു നിറവേറ്റാനുള്ള ദൗത്യമെന്തെല്ലാം ? ഇത്തരം താത്വിക പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താതെ, തൻെറ ഉണ്മക്ക് സാഫല്യമോ ധിഷണക്ക് സംതൃപ്തിയോ ലഭിക്കിക്കാൻ പോകുന്നില്ല. ഈയൊരു സമീക്ഷയിലാണ് സ്രഷ്ടാവും മതവുമെല്ലാം കടന്നുവരുന്നത്.

മുഴുലോകങ്ങളുടെയും ലോകരുടെയും സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായ അല്ലാഹു, അവനാണ് മനുഷ്യനെ സൃഷ്ടിച്ച് ഭൂമുഖത്ത് അധിവസിപ്പിച്ചത്. ഇവിടുത്തെ മനുഷ്യജീവിതം പരീക്ഷണാർത്ഥമാണെന്ന് അവൻ പറയുന്നു. സ്രഷ്ടാവായ അല്ലാഹുവിനെ സൃഷ്ടികൾ അറിയണം, അവൻ ഏകനും അതുല്യനുമാണ്. അവൻെറ മഹത്വം കുടികൊള്ളുന്നത് ഏകത്വത്തിലാണ്. ഈ ഏകത്വമാണ് തൗഹീദ്. സൃഷ്ടികളായ മനുഷ്യർ തൗഹീദ് അംഗീകരിക്കുകയും അവൻെറ മഹത്വം ഉൾക്കൊള്ളുകയും വേണം. അവനെ മാത്രം ആരാധിക്കണം. അവൻെറ ഹിതാനുസാരം മനുഷ്യൻ ഭൂമുഖത്തുള്ള തൻെറ ജീവിതം ചിട്ടപ്പെടുത്തണം, ഇതുമാത്രമേ സ്രഷ്ടാവായ അല്ലാഹു മനുഷ്യരോട് ആവശ്യപ്പെടുന്നുള്ളു.

അല്ലാഹു സൃഷ്ടികളോട് ഏറെ കരുണയുള്ളവനാണ്. അവർക്ക് നല്ലതു മാത്രമേ അവൻ ഉദ്ദേശിക്കുന്നുള്ളു. അവരുടെ നന്മക്കു വേണ്ടി അവൻ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങളാണ് മതശാസനകൾ. അവയിൽ ചിലതിനോട് ചിലർക്ക് പ്രഥമവീക്ഷണത്തിൽ പ്രയാസം തോന്നാം. അത് തൻെറ പരിമിതി മൂലമാണെന്ന് അവൻ മനസ്സിലാക്കട്ടെ. അല്ലാഹു ഉപദേശിച്ച കാര്യങ്ങളിലാണ് അവൻെറ ആത്യന്തികമായ നന്മ കുടികൊള്ളുന്നത്.

ഇസ്‌ലാമാണ് അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം. ഇസ്‌ലാംമതവുമായി മനുഷ്യലോകത്തേക്ക് വന്ന അവസാനത്തെ നബിയാണ് മുഹമ്മദ് ﷺ. ഇസ്‌ലാമിൻെറ ശാസനകളും നിയമനിർദ്ദേശങ്ങളും നബി ﷺ ക്കു കിട്ടിയത് വഹ്‌യിലൂടെയാണ്. ആദിമ പരിശുദ്ധിയോടെ ഖുർആനിലും സുന്നത്തിലുമായി അത് നിലനിന്നുപോരുന്നു. അന്ത്യനാൾ വരെ അതിനെ സംരക്ഷിച്ച് നിലനിർത്തുമെന്നത് അല്ലാഹുവിൻെറ വാഗ്‌ദാനമാണ്.

ഖുർആൻ അവതരിച്ചത് അറബി ഭാഷയിലാണ്. അത് അല്ലാഹുവിൻെറ വചനമാണ്. പൂർണ്ണതയും മേന്മയുമാണ് അതിൻെറ മുഖമുദ്ര. അതുൾക്കൊള്ളുന്ന സാഹിത്യമൂല്യവും മനോഹാരിതയും അനുകൂലികളെയും പ്രതികൂലികളെയും ഒരു പോലെ സ്തബ്ധരാക്കിയിരിക്കുന്നു. ഈ മികവ് അനുഭവവേദ്യമാകണമെങ്കിൽ അറബി ഭാഷാ പരിജ്ഞാനം അനിവാര്യമാണ്. വിവർത്തനങ്ങളിലൂടെ അത് നേടിയെടുക്കാം എന്നു കരുതുന്നത് വിഡ്ഢിത്തമാണ്. പരിഭാഷകൾക്കൊന്നും ഖുർആനിൻെറ തനതു പ്രതിഛായ പ്രതിഫലിപ്പിക്കാനാവില്ല.

ഖുർആൻ, ഖുർആൻ വ്യാഖ്യാനം, ഖുർആൻ വിവരണം, ഖൂർആനിക വിജ്ഞാനീയങ്ങളുടെ സമ്പാദനം, മതപഠനം, മതവിഷയങ്ങളിലുള്ള പാണ്ഡിത്യം, മതവിധിനൽകൽ തുടങ്ങി മൗലികമായ പല വിഷയങ്ങളിലേക്കുമുള്ള കുറുക്കുവഴിയായിട്ടാണ് പലരും ഇന്ന് പരിഭാഷകളെ കാണുന്നത്. കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടുള്ള മര്യാദകൾ പാലിച്ചുകൊണ്ട്, യോഗ്യരും സത്യസന്ധരുമായ ഗുരുനാഥന്മാരിൽനിന്ന് നേരിട്ടാണ് മതം പഠിക്കേണ്ടതും അഭ്യസിക്കേണ്ടതും. മതപരമായ അറിവ് സ്വയം ആർജ്ജിക്കാവുന്നതല്ല. അത് പഠിപ്പിക്കപ്പെടേണ്ടതാണ്. അവ അന്വേഷണ ഗവേഷണങ്ങളിലൂടെ കണ്ടെത്താവുന്നവയല്ല. ഗവേഷണ നിരീക്ഷണങ്ങളിലൂടെയുള്ള അറിവിൻെറ നിർമ്മാണം (Constructivism) പ്രസക്തമാകുന്നത് മതവിജ്ഞാനീയങ്ങളിലല്ല, ഭൗതിക വിഷയങ്ങളിലാണ്. അറിവിൻെറ സ്വകീയമായ സമ്പാദനം (Autodidactism) ഇസ്‌ലാമിന് അന്യമാണ്. അത്തരക്കാർ (Autodidacts) ബൃഹത്തായ ഇസ്‌ലാമിക പാരമ്പര്യത്തിൻെറ അന്തകരാണ്.

പരിഭാഷകൾ ഖുർആനല്ല. പുസ്തകങ്ങളെ ഗുരുനാഥന്മാാർക്കു പകരം വെക്കാനാവുകയുമില്ല. ഗ്രന്ഥങ്ങൾ വിവരങ്ങളുടെ സമാഹാരങ്ങളാണ്. വിവരങ്ങളും (Information), അറിവും (Knowledge) രണ്ടാണ്. വിവരങ്ങൾ പ്രാഥമിക വസ്തുതകളാണ്. അവയെ അതേപടി ജീവിത്തിലേക്ക് പകർത്താനാവില്ല. അവയിൽനിന്ന് പ്രയോജനപ്രദമായ അറിവ് രൂപപ്പെടുത്തേണ്ടതുണ്ട്. വിവരശേഖരങ്ങളിൽനിന്ന് അറിവ് നിർദ്ധാരണം ചെയ്യാൻ കഴിയുക അറിവിൻെറ അവകാശികൾക്കു മാത്രമാണ്. യോഗ്യരല്ലാത്ത ആളുകൾ അതിനു മുതിരുന്നത് ആപൽക്കരമാണ്. അനർഹമായ കൈകളെ അറിവ് അവഹേളിക്കുകയേയുള്ളു. അവരുടെ അപക്വമായ ഉദ്യമങ്ങൾ സമൂഹത്തെ വഴിതെറ്റിക്കും. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ഘടനാപരമായ ചട്ടക്കൂടിൻെറ സവിശേഷത മനസ്സിലാക്കാതെ, വിവരം, അറിവ്, വിവേകം, വിമർശനം, ആസ്വാദനം പോലുള്ള തലങ്ങളെ സ്പർശിക്കാതെ പരിഭാഷകളുടെ കുറുക്കുവഴികളിലൂടെ കാര്യം നേടാമെന്ന് കരുതുന്നത് മൗഢ്യമാണ്. അത് സ്വയം നാശമടയാനും സമൂഹത്തെ നാശത്തിലേക്ക് നയിക്കാനും മാത്രമേ ഉപകരിക്കൂ.

ഖുർആൻ പരിഭാഷകളും വിവരണങ്ങളും മനുഷ്യ രചനകളാണ്. അവയിൽ ന്യൂനതകളും പിഴവുകളും സ്വാഭാവികം. മലയാളത്തിലെ ഖുർആൻ പരിഭാഷകളിലും വിവരണങ്ങളിലും കുറേയധികം പിഴവുകൾ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം കണ്ടെത്തി അതതു സന്ദർഭങ്ങളിൽ ഉണർത്തുകയെന്നത് ഏറെ ശ്രമകരമാണ്. പൊതുവായി കണ്ടുവരുന്ന പ്രമാദങ്ങളെ കുറിച്ച് സ്വതന്ത്രമായ ചില ലേഖനങ്ങൾ തയ്യാറാക്കിയിരിക്കുന്നു. അനുവാചകർക്ക് അതു മാത്രമായി വായിച്ചു ഗ്രഹിക്കാവുന്നതാണ്. ഏതെങ്കിലും പരിഭാഷകളോ വിവരണങ്ങളോ നോക്കുന്നവരാണെങ്കിൽ, താൻ വായിക്കുന്ന ഭാഗവുമായി ബന്ധപ്പെട്ട വല്ല വിശദീകരണവും ലഭ്യമാണോ എന്ന്  ‘അധ്യായങ്ങൾ’ എന്ന ശീർഷകത്തിൽ പരതിനോക്കാവുന്നതാണ്. ‘ലേഖനങ്ങൾ’ എന്ന ഈ ശീർഷകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സ്വതന്ത്ര ലേഖനങ്ങളാണ്. അവ കേരളീയ മുസ്‌ലിം സമൂഹത്തിൻെറ പൊതുബോധത്തിൽ വേരുറച്ചുപോയ പല മിഥ്യാധാരണകളും മൂഢസങ്കൽപങ്ങളും തിരുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. ഖുർആനുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. ഈ സദുദ്യമം അല്ലാഹു സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.