ശിആയിസം
അലി رَضِيَ اللهُ عَنْهُ ൻെറ പേരിലുള്ള കക്ഷിപിടുത്തം


ശീഅഃ എന്ന വാക്കിൻെറ ഭാഷാർത്ഥം കക്ഷി, അനുയായി എന്നൊക്കെയാണ്. സാങ്കേതികമായി അതുകൊണ്ട് ഉദ്ദേശിക്കുന്നത് അലി رَضِيَ اللهُ عَنْهُ ന് അവകാശപ്പെട്ടതും മറ്റുള്ളവർ അന്യായമായി തട്ടിയെടുത്തതുമായ അധികാരം തിരിച്ചുപിടിക്കാനായി അദ്ദേഹത്തിൻെറ പേരിൽ പക്ഷം ചേർന്നവർ എന്നാണ്. നബി ﷺ തൻെറ കാല ശേഷം മുസ്‌ലിംകളുടെ ഭരണാധികാരം അലി ബിൻ അബീ ത്വാലിബ് رَضِيَ اللهُ عَنْهُ ന് നൽകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു എന്നാണവർ വാദിക്കുന്നത്. നബി ﷺ യുടെ വിയോഗത്തിനു ശേഷം അവിടുത്തെ വ്യവസ്ഥയും വസ്വിയ്യത്തും മറികടന്ന് അതിക്രമപരമായി അധികാരം കയ്യടക്കിയവരാണ് ആദ്യത്തെ മൂന്ന് ഭരണാധികാരികൾ എന്ന് അവർ ആരോപിക്കുകയും ചെയ്യുന്നു. എന്നാൽ ഈ വാദഗതികളൊന്നും അലി رَضِيَ اللهُ عَنْهُ അംഗീകരിച്ചിരുന്നില്ല എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്.

ഈ നൂതന വാദത്തിൻെറ പ്രഥമ പ്രചാരകൻ ഇസ്‌ലാമിൻെറ അനിതരമായ വളർച്ചയിലും വ്യാപനത്തിലും അസൂയപൂണ്ട ഒരു യമനി ജൂതനാണ്. ഇബ്‌നുസ്സൗദാഅ് എന്നും അബ്ദുല്ലാ ബിൻ സബഅ് എന്നുമൊക്കെയാണ് അയാളെ വിളിക്കാറുണ്ടായിരുന്നത്. അയാൾ അലി ബിൻ അബീ ത്വാലിബ് رَضِيَ اللهُ عَنْهُ ന് നബി ﷺ യോടുള്ള കുടുംബ ബന്ധവും അടുപ്പവും അതിശയോക്തി കലർത്തി വിശദീകരിച്ചു കൊണ്ടിരുന്നു. ഖിലാഫത്തിനുള്ള അർഹത അലി رَضِيَ اللهُ عَنْهُ ലും സന്തതികളിലും മാത്രം നിക്ഷിപ്തമാണെന്ന് അയാൾ വാദിച്ചു. അബൂബക്കറും ഉമറും رَضِيَ اللهُ عَنْهما നബി ﷺ യുടെ വസ്വിയ്യത്ത് മറച്ചുപിടിച്ച് അതിക്രമപരമായാണ് ഖിലാഫത്ത് തട്ടിയെടുത്തതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഈ വിഷബീജം ക്രമേണ ദുർബ്ബല വിശ്വാസികളുടെ രോഗാതുരമായ മനസ്സുകളിൽ വളരാൻ തുടങ്ങി. തൻെറ വാദങ്ങൾക്ക് ബലം നൽകുന്ന കുറേ നൂതനമായ ആശയങ്ങൾ വേറെയും അയാൾ ആവിഷ്കരിച്ചു കൊണ്ടിരുന്നു. അതിനായി പ്രമാണ വചനങ്ങളെ അഭീഷ്ടങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിച്ചു.

ഇത് ഒരു സാമൂഹ്യ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരാൻ തക്കം പാർത്തിരിക്കുകയായിരുന്ന ഇബ്‌നുസ്സൗദാഅ് ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللهُ عَنْهُ നെതിരിൽ ഉപജാപക പ്രവർത്തനങ്ങിൽ ഏർപ്പെട്ടു. അദ്ദേഹം സ്വജന പക്ഷപാതിയാണെന്നും മദീനയിലെ നിവാസികൾ അദ്ദേഹത്തിൻെറ ഭരണത്തിനു കീഴിൽ കടുത്ത പീഢനങ്ങളാൽ പൊറുതിമുട്ടിയിരിക്കുകയാണെന്നും മറ്റു വിദൂര പ്രദേശങ്ങളിൽ പ്രചരിപ്പിക്കാൻ തുടങ്ങി. ഈ ഉപജാപക പ്രവർത്തനങ്ങൾ കാരണമായി ദൂര ദിക്കുകളിൽനിന്ന് കുഴപ്പകാരികൾ സംഘടിച്ചെത്തി ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللهُ عَنْهُ ൻെറ വീടുവളഞ്ഞ് അദ്ദേഹത്തെ വളരെ നിഷിഠൂരമായി കൊല ചെയ്തു. പിന്നീടുണ്ടായ സങ്കീർണ്ണ സാമൂഹ്യ സാഹചര്യങ്ങളുടെ മറപിടിച്ച് അയാളും അനുയായികളും അലി رَضِيَ اللهُ عَنْهُ ൻെറ പക്ഷക്കാരായി ചമഞ്ഞ് രംഗത്ത് വന്നു. അലി رَضِيَ اللهُ عَنْهُ ഇതിൽനിന്നെല്ലാം തീർത്തും മുക്തനായിരുന്നുവെങ്കിലും അദ്ദേഹത്തിൻെറ പേരിൽ ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു ദുരുപദിഷ്ട വിഭാഗം നിലവിൽ വന്നു. ഇബ്‌നുസ്സൗദാഉം അനുയായികളും പ്രചരിപ്പിച്ച ശീഅഃ ചിന്താഗതിയുടെ സുപ്രധാനമായ ആശയാദർശങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.

  1. അലി رَضِيَ اللهُ عَنْهُ നെയും അദ്ദേഹത്തിൻെറ കൂടെയുള്ളവർ എന്നു അവർ ജൽപിച്ചുണ്ടാക്കിയ ചില സ്വഹാബിമാരെയും ഒഴിച്ച് ബാക്കിയുള്ളവരെ കാഫിറാക്കൽ.
  2. ഇസ്‌ലാമിൻെറ ഏറ്റവും ശക്തമായ ആധാരങ്ങളിൽ ഒന്നാണ് ഇമാമത്ത് അഥവാ ഭരണ നേതൃത്വം എന്ന വിശ്വാസം.
  3. അവരുടെ പന്ത്രണ്ട് ഇമാമുകളെ കുറിച്ച് അറിയാത്തവൻ കാഫിറാണെന്ന വാദം.
  4. അവരുടെ ഇമാമുകൾ പാപസുരക്ഷിതരാണെന്ന് വിശ്വസിക്കൽ ദിനിൻെറ നിർബന്ധ ഘടകമാണ് എന്ന വാദം. അവർ നബിമാരെക്കാളും മുർസലുകളെക്കാളും ശ്രേഷ്ടരാണെന്നും അവർ വാദിച്ചു.
  5. അവരുടെ ഇമാമുകൾ അദൃശ്യജ്ഞാനം അറിയുന്നവരാണെന്നും എല്ലാ ചരാചരങ്ങളുടെയും നിയന്ത്രണത്തിൽ പങ്കുള്ളവരാണെന്നുമുള്ള വിശ്വസം.
  6. അല്ലാഹുവിൻെറ റസൂൽ ﷺ അലി رضي الله عنه ന് ഖിലാഫത്തിൻെറ കാര്യത്തിൽ വസ്വിയ്യത്ത് നൽകി എന്ന കള്ളവാദവും, അലി رَضِيَ اللهُ عَنْهُ ൽനിന്ന് മറ്റു സ്വഹാബിമാർ അത് അക്രമപരമായി തട്ടിയെടുത്തു എന്ന ജൽപനവും.
  7. സിർദാബിൽ ഇരിക്കുന്ന അവരുടെ മഹ്ദിയിലുള്ള വിശ്വാസം
  8. റജ്അഃ വാദം അഥവാ നബി ﷺയും അലി رَضِيَ اللهُ عَنْهُ വും അദ്ദേഹത്തിൻെറ രണ്ടു മക്കളായ ഹസനും ഹുസൈനും رَضِيَ اللهُ عَنهما മടങ്ങി വരുമെന്നും, അക്രമകാരികളെന്ന് അവർ ജൽപിച്ച സ്വഹാബിമാരെ ഖബറിൽനിന്ന് പുറത്തു കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കുമെന്നുമുള്ള വിശ്വാസം.
  9. സ്വഹാബത്ത് ഖുർആനിൽ തഹ്‌രീഫ് അഥവാ കൈക്രിയ നടത്തി എന്ന വിശ്വാസം. അതിനാൽ തന്നെ അവരുടെ അടുക്കൽ കൈകടത്തലിനു വിധേയമാകാത്ത, ഫാത്വിമഃ رَضِيَ اللهُ عَنْها യുടെ ഖുർആൻ എന്ന് അവർ പേരിട്ട് വിളിക്കുന്ന മറ്റൊരു ഖുർആനുണ്ടെന്ന വാദം.
  10. അവരുടെ ആധാരങ്ങളിൽപെട്ട മറ്റൊന്നാണ് തഖിയ്യഃ. ദീനിൻെറ പത്തിൽ ഒമ്പതു ഭാഗമായിട്ടാണ് അവർ അതിനെ കാണുന്നത്. തഖിയ്യഃ ഇല്ലാത്തവന് ദീനില്ല എന്നവർ വാദിക്കുന്നു.
  11. ഖബ്റുകൾ കെട്ടി ഉയർത്തലും അതിനു ചുറ്റും ത്വവാഫ് ചെയ്യലും ഖബ്റാളികളോട് സഹായം തേടലും ദീനിൻെറ അടിസ്ഥാന കാര്യങ്ങളിൽപെട്ടതാണെന്ന വിശ്വാസം.
  12. ഇസ്‌ലാമിൽ അതീവ പ്രാധ്യന്യമുള്ള നിർബന്ധ കാര്യങ്ങളിൽ പെട്ടതാണ് മുത്അഃ വിവാഹം. ഒരു പെണ്ണിനെ മുത്അഃ ചെയ്യുന്നത് കഅ്ബയെ എഴുപത് തവണ സന്ദർശിക്കുന്നതു പോലെയാണ് എന്നാണ് അവരുടെ ജൽപനം.

ഇവർ പിന്നീട് പന്ത്രണ്ടു കക്ഷികളായി വേർപിരിഞ്ഞു. പ്രത്യക്ഷത്തിൽ നോക്കുമ്പോൾ നിരവധി കക്ഷികളായി ഇന്ന് അവരെ കാണാൻ കഴിയുമെങ്കിലും ആശയപരമായി അവയെ എല്ലാം പന്ത്രണ്ടു വിഭാഗത്തിൽ ഒതുക്കാൻ കഴിയുന്നതാണ്. ശിആയിസം എന്നത് ഒരു രാഷ്ട്രീയ പ്രശ്നം മാത്രമായി കാണുന്നവർ മുതൽ, അലി رَضِيَ اللهُ عَنْهُ ന് കൊടുക്കേണ്ട വഹ്‌യ് ജിബ്‌രീൽ عليه السلام അബദ്ധത്തിൽ നബി ﷺ ക്ക് മാറികൊടുത്തു എന്നു വരെ വാദിക്കുന്നവർ അവരുടെ കൂട്ടത്തിലുണ്ട്. അദ്ദേഹത്തെ ആരാധ്യനായി കാണുന്ന പ്രവണതയിലേക്കു വരെ കാര്യങ്ങൾ ചെന്നെത്തിയിരുന്നു എന്നും, അലി رَضِيَ اللهُ عَنْهُ തന്നെ അത്തരക്കാരായ ചിലരെ ശിക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടപ്പുണ്ട് താനും.

ചുരുക്കത്തിൽ, ഈ കക്ഷി മുസ്‌ലിം സമുദായത്തിനകത്ത് ഉണ്ടാക്കിയ കുഴപ്പങ്ങളും ഫിത്നഃകളും വർണ്ണനാധീതമാണ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ യെ ഉദ്ധരിച്ചു കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.

فَلْيَنْظُرْ كُلُّ عَاقِلٍ فِيمَا يَحْدُثُ فِي زَمَانِهِ، وَمَا يَقْرُبُ مِنْ زَمَانِهِ مِنَ الْفِتَنِ وَالشُّرُورِ وَالْفَسَادِ فِي الْإِسْلَامِ، فَإِنَّهُ يَجِدُ مُعْظَمَ ذَلِكَ مِنْ قِبَلِ الرَّافِضَةِ، وَتَجِدُهُمْ مِنْ أَعْظَمِ النَّاسِ فِتَنًا وَشَرًّا، وَأَنَّهُمْ لَا يَقْعُدُونَ عَمَّا يُمْكِنُهُمْ مِنَ الْفِتَنِ وَالشَّرِّ وَإِيقَاعِ الْفَسَادِ بَيْنَ الْأُمَّةِ. [ابن تيمية في منهاج السنة النبوية]

[തൻെറ കാലത്തോ തൊട്ടടുത്ത കാലങ്ങളിലോ ഇസ്‌ലാമിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളെയും തിന്മകളെയും സംബന്ധിച്ച് ബുദ്ധിയുള്ള ഓരോരുത്തരും ചിന്തിച്ചു നോക്കട്ടെ. അവയിൽ സിംഹഭാഗവും റാഫിളികളായ ശിആക്കളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന് അവനു കണ്ടെത്താൻ കഴിയും, തീർച്ച. അവരാണ് ഏറ്റവും വലിയ പരീക്ഷണവും തിന്മയുമെന്ന് നിനക്ക് കാണാവുന്നതാണ്. അവർക്ക് സാധിക്കുന്ന ഏതൊരു ഫിത്നഃയിൽനിന്നും തിന്മയിൽനിന്നും അവർ മാറിനിൽക്കുകയില്ല. അതേ പോലെ, സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ലഭിക്കുന്ന ഒരവസരവും അവർ പാഴാക്കുകയുമില്ല.] (ഇബ്‌നു തൈമിയ്യഃ മിൻഹാജുസ്സുന്നഃയിൽ രേഖപ്പെടുത്തിയത്)