അല്ലാഹുവിനെ കാണൽ
എഴുപതിൽപരം ശാഖകളായിട്ടാണ് ഈമാൻ ഖുർആനിലും സുന്നത്തിലും വിശദീകരിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസം എന്നത് കൂടുകയും കുറയുകയും ചെയ്യുന്ന കാര്യമാണ്. വിശ്വാസത്തിൻെറ പൂർണ്ണത തന്നെ രണ്ടു തരമുണ്ട്. ഒരിക്കലും ചോർന്നു പോകാതെ നിർബ്ബന്ധമായും പൂർത്തീകരിക്കേണ്ട കാര്യങ്ങൾ (الْكَمَالُ الْوَاجِب). പൂർത്തീകരിക്കപ്പെട്ടില്ലെങ്കിലും ഈമാൻ റദ്ദായിപ്പോകാത്ത കാര്യങ്ങൾ (الْكَمَالُ الْمُسْتَحب). ഇത്തരം കാര്യങ്ങളെല്ലാം തികച്ചും സ്വാഭാവികവും ജൈവികവുമായ അന്തരീക്ഷത്തിലാണ് നബി ﷺ അനുചരന്മാരെ പഠിപ്പിച്ചത്. നബി ﷺ യോടൊപ്പമുള്ള തനിമയാർന്ന ജീവിത സന്ദർഭങ്ങളിൽനിന്നാണ് അനുചരന്മാർ അത് അനായാസം സ്വായത്തമാക്കിയത്. ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ ഉള്ളടക്കവും ക്രമീകരണവും സംബന്ധിച്ച് ഇസ്‌ലാമിക വിശ്വാസ സംഹിത എന്ന പേരിൽ തന്നെ ഒരു ലേഖനം വേറെ ചേർത്തിട്ടുണ്ട്. അതിൽ വിവരിച്ചിട്ടുള്ളത് ഒരു വിശ്വാസി പിന്തുടരേണ്ട മാർഗ്ഗരീതികളും (مَنَاهِج) ഉൾക്കൊള്ളേണ്ട വിശ്വാസ കാര്യങ്ങളുമാണ് (مَسَائِل). അതിൽ വിശ്വാസത്തിൻെറ ആധാരങ്ങളായി പറയുന്ന വിഷയങ്ങളും സ്തംഭങ്ങളായി (أَرْكَان) എണ്ണിയ കാര്യങ്ങളും ഉൾപ്പെടുന്നു.
ഇസ്‌ലാമിക വിശ്വാസ സംഹിത അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാർ ക്രോഡീകരിച്ചത് അൽപം കഴിഞ്ഞാണ്. അഭീഷ്ടങ്ങൾ പിന്തുടരുന്ന പിഴച്ച കക്ഷികൾ, സമീപന രീതികളിലും വിശ്വാസപരമായ വിഷയങ്ങളിലും വളരെയധികം തിരുത്തലുകൾ വരുത്തുകയും അപനിർമ്മിതികൾ കടത്തിക്കൂട്ടുകയും ചെയ്തപ്പോഴാണ് അത് ക്രോഡീകരിക്കേണ്ടി വന്നത്. പിഴച്ച കക്ഷികൾ ഉന്നയിച്ച നൂതനമായ ചിന്താഗതികളും തെറ്റിദ്ധാരണകളും ദൂരീകരിക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായത്. അതു കൊണ്ടുതന്നെ വിശ്വാസ സംഹിതയെ കുറിച്ചുള്ള അഹ്‌ലുസ്സുന്നഃയുടെ ആദ്യകാല കൃതികളിൽ ദുർവ്യാഖ്യാനങ്ങൾക്ക് വിധേയമാകാത്ത കാര്യങ്ങളെ കുറിച്ച് ദീർഘമായി ഉപന്യസിച്ചത് കാണാൻ കഴിയുകയില്ല. കൂടാതെ, കർമ്മപരമായ കാര്യങ്ങളിൽ വിശ്വാസത്തെ ബാധിക്കുന്ന ദുർവ്യാഖ്യാനങ്ങൾ നടത്തപ്പെട്ടിട്ടുണ്ടെങ്കിൽ അവയും അഖീദയുടെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കാറുണ്ട്. ഈ മാതൃക തന്നെയാണ് ഇവിടെയും പിന്തുടരാൻ പോകുന്നത്. അഹ്‌ലുസ്സുന്നഃയും ബിദഈ കക്ഷികളും തമ്മിൽ വേർപിരിയുന്ന കുറേയധികം വിഷയങ്ങൾ അല്ലാഹുവിൻെറ ഗുണവിശേഷങ്ങളുമായി ബന്ധപ്പെട്ടവയാണ്. അവയെല്ലാം അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങളെ കുറിച്ചുള്ള പ്രത്യേക ലേഖനത്തിലാണ് നാം ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിനു പുറമെ ബിദഈ കക്ഷികൾ പിഴച്ചുപോയ മറ്റു ചില വിഷയങ്ങൾ വേറെയുമുണ്ട്. അവയെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
അല്ലാഹുവിനെ കാണൽ ഒരു സൃഷ്ടിയുടെ ഏറ്റവും വലിയ അഭിലാഷം തൻെറ സ്രഷ്ടാവിനെ കാണുക എന്നതായിരിക്കും. ആ കാഴ്ചയിൽ ലഭിക്കുന്ന അനുഭൂതിയെക്കാൾ മികച്ച മറ്റൊരു അനുഭൂതിയും വേറെയില്ല. സ്രഷ്ടാവായ അല്ലാഹു മറ നീക്കി പ്രത്യക്ഷപ്പെടുന്നതും അവൻെറ മുഖം കണ്ട് ആനന്ദിക്കാൻ അവസരം നൽകുന്നതും വിശ്വാസികൾക്ക് മാത്രമാണ്. ഈ മഹാ സൗഭാഗ്യം അവർക്ക് ലഭിക്കുന്നത് പരലോകത്തു വെച്ചായിരിക്കും. അവിടെ വെച്ച് അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പാരിതോഷികവും അതു തന്നെയാണ്. അല്ലാഹു പറയുന്നു:
﴿لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ أُولَٰئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ﴾ (يونس 26)
[മുഹ്സിനുകൾക്കുള്ളത് അത്യുദാത്തമായ പ്രതിഫലമാണ്; അധികമായ പാരിതോഷികവും. അവരുടെ മുഖം ഇരുളോ അപമാനമോ തീണ്ടുകയില്ല. അവരാണ് സ്വർഗ്ഗത്തിൻെറ അവകാശികൾ. അവരതിൽ ശാശ്വതരായിരിക്കും.] (യൂനുസ് 26)
അല്ലാഹുവിൻെറ ദീനിന് സവിശേഷമായ ഒരു ഘടനയുണ്ട്. അത് ക്രമീകരിച്ചിരിക്കുന്നത് മൂന്നു തട്ടുകളിലായിട്ടാണ്. ഒന്ന് ഇസ്‌ലാം. അത് ദീനിൻെറ ബാഹ്യതലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. രണ്ട് ഈമാൻ. അത് ദീനിൻെറ ആന്തരിക തലത്തെയും. മൂന്നാമത്തേത് ഇഹ്സാൻ. അത് മതപരമായ പൂർണ്ണതയെയും ഉന്നതസ്ഥാനത്തെയുമാണ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ ശ്രേണിയിൽ എത്തിപ്പെടുന്നവരാണ് മുഹ്സിനുകൾ. അവർക്ക് അതിനനുഗുണമായ പ്രതിഫലവും അധികമായ പാരിതോഷികവും ഉണ്ടായിരിക്കും. അതാണ് മേൽ സൂക്തത്തിൽ പറഞ്ഞിരിക്കുന്നത്. അധികമായ പാരിതോഷികം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സ്വർഗ്ഗത്തിൽ വെച്ച് അല്ലാഹുവിനെ കൺനിറയെ കാണാനും ആനന്ദിക്കാനുമുള്ള സൗഭാഗ്യമാണ്.
ഈ വ്യാഖാനം അബൂബക്കർ, ഹുദൈഫഃ, ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمْ പോലുള്ള സ്വഹാബിമാരിൽനിന്നും താബിഉകളിലെ നിരവധി മുഫസ്സിറുകളിൽനിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
പരലോകത്ത് വിശ്വാസികളുടെ അവസ്ഥ എന്തായിരിക്കും? അല്ലാഹു പറയുന്നത് കാണുക:
﴿وُجُوهٌ يَوْمَئِذٍ نَاضِرَةٌ ۞ إِلَى رَبِّهَا نَاظِرَةٌ ﴾ (القيامة 22-23)
[അന്ന് ചില മുഖങ്ങൾ പ്രസന്നമായിരിക്കും; അവയുടെ റബ്ബിലേക്ക് ദൃഷ്ടിതിരിച്ച് നോക്കുന്നവയായിരിക്കും.] (ഖിയാമഃ 22, 23)
പരലോകത്തു വെച്ച് വിശ്വാസികൾ അവരുടെ സ്രഷ്ടാവായ അല്ലാഹുവിനെ കാണുമെന്ന ഈ യാഥാർത്ഥ്യം ജഹ്‌മികളും മുഅ്തസിലികളും മറ്റു ചില പിഴച്ച കക്ഷികളും നിഷേധിക്കാറുണ്ട്. അതിനു വേണ്ടി ഇവ്വിഷയകമായി വന്നിട്ടുള്ള പ്രമാണരേഖകളെ തള്ളിക്കളയുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്യും. ഇക്കാര്യത്തിൽ വന്നിട്ടുള്ള തെളിവുകൾ അനിഷേധ്യവും ദുർവ്യാഖ്യാനങ്ങൾക്ക് വഴങ്ങാത്തവയുമാണെന്ന് പറയേണ്ടതില്ലല്ലോ. പ്രശസ്തമായ ഒരു നബിവചനം കാണുക:
عَنْ جَرِيرِ بْنِ عَبْدِ اللَّهِ، قَالَ: كُنَّا عِنْدَ النَّبِيِّ ﷺ، فَنَظَرَ إِلَى القَمَرِ لَيْلَةً يَعْنِي البَدْرَ فَقَالَ: إِنَّكُمْ سَتَرَوْنَ رَبَّكُمْ، كَمَا تَرَوْنَ هَذَا القَمَرَ، لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا فَافْعَلُوا، ثُمَّ قَرَأَ: ﴿وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الغُرُوبِ﴾ (ق: 39) [البخاري في صحيحه]
[ജരീർ ബിൻ അബ്ദില്ലാ رَضِيَ اللهُ عَنْهُ നിവേദനം. ഞങ്ങൾ നബി ﷺ യുടെ അടുത്തായിരുന്നു. അപ്പോൾ ഒരു രാത്രിയിൽ, അഥവാ പൗർണ്ണമി രാവിൽ, അവിടുന്ന് ഇപ്രകാരം പറഞ്ഞു: നിശ്ചയമായും നിങ്ങൾ നിങ്ങളുടെ റബ്ബിനെ കാണുക തന്നെ ചെയ്യും; ഈ പൂർണ്ണ ചന്ദ്രനെ കാണുന്ന പോലെ. അവനെ കാണുന്നതിനായി നിങ്ങൾക്ക് തിരക്ക് അനുഭവിക്കേണ്ടി വരില്ല. സൂര്യൻ ഉദിക്കുന്നതിനും അസ്തമിക്കുന്നതിനും മുമ്പുള്ള നമസ്കാരത്തിൻെറ കാര്യത്തിൽ വീഴ്ച സംഭവിക്കാതിരിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതു നിങ്ങൾ പാലിക്കണം. പിന്നീട് അവിടുന്ന് പാരായണം ചെയ്തു: «സൂര്യോദയത്തിനു മുമ്പും അസ്തമയത്തിനു മുമ്പും നിൻെറ റബ്ബിന് സ്തോത്രം ചെയ്യുന്നതോടൊപ്പം അവൻെറ വിശുദ്ധി നീ ഉയർത്തിപ്പിടിക്കുക». (ഖാഫ് 39)] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
യാതൊരു തരത്തിലും ദുർവ്യാഖ്യാനിക്കാൻ പഴുതു ലഭിക്കാത്ത ഹദീസാണ് മുകളിൽ ഉദ്ധരിച്ചത്. തള്ളിക്കളയാൻ മറ്റു വഴികളൊന്നും ഇല്ലാത്തപ്പോൾ അത് വ്യക്തിയധിഷ്ഠിത രിവായത്ത് (خبر وَاحِد) ആണെന്ന് പറയുകയാണ് പിഴച്ച കക്ഷികൾ ചെയ്യാറുള്ളത്. വ്യക്തിയധിഷ്ഠിത രിവായത്തുകൾ ഖണ്ഡിതമായ അറിവ് പ്രദാനം ചെയ്യില്ല, ഊഹം മാത്രമേ നൽകുകയുള്ളു എന്നും, വിശ്വാസ കാര്യങ്ങൾ സ്ഥിരീകരിക്കാൻ അത് പര്യാപ്തമല്ലെന്നുമാണ് അവരുടെ വാദം. യഥാർത്ഥത്തിൽ അവർ ജൽപിക്കുന്ന രണ്ടു കാര്യങ്ങളും അടിസ്ഥാന രഹിതമാണ്. മേൽ ഹദീസ് വ്യക്തിയധിഷ്ഠിത രിവായത്തല്ല, മുതവാതിറാണ്. ഹദീസ് നിരൂപകന്മാർ അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഒരു ഹദീസ് മുതവാതിർ ആയിരിക്കാൻ വേണ്ട നിബന്ധനകളെല്ലാം അത് പൂർത്തീകരിച്ചിട്ടുള്ളതും അനവധി നിവേദക പരമ്പരകളിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. രണ്ടാമതായി, വ്യക്തിയധിഷ്ഠിത രിവായത്തുകൾ ഖണ്ഡിതമായ അറിവ് പ്രദാനം ചെയ്യില്ല, അതിനാൽ അവ വിശ്വാസ കാര്യങ്ങൾ സ്ഥിരീകരിക്കാൻ പര്യാപ്തമാവുകയുമില്ല എന്നത് ഒരു നൂതന വാദമാണ്. സച്ചരിതരായ മുൻഗാമികളുടെ കാലത്ത് അറിയപ്പെടാത്തതും പിൽക്കാലത്ത് തർക്കശാസ്ത്രത്തിൻെറയും വചനശാസ്ത്രത്തിൻെറയും വക്താക്കൾ ചമച്ചുണ്ടാക്കിയതുമാണ്. വ്യക്തിയധിഷ്ഠിത രിവായത്തുകളെ കുറിച്ച് പ്രത്യേകം ഒരു ലേഖനം വേറെ തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടുതൽ അറിയേണ്ടവർക്ക് അത് കൂടി വായിക്കാവുന്നതാണ്. നബി ﷺ പറയുന്ന മറ്റൊരു വചനം കൂടി കാണുക:
عَنْ صُهَيْبٍ، عَنِ النَّبِيِّ ﷺ قَالَ: إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ، قَالَ: يَقُولُ اللهُ تَبَارَكَ وَتَعَالَى: تُرِيدُونَ شَيْئًا أَزِيدُكُمْ؟ فَيَقُولُونَ: أَلَمْ تُبَيِّضْ وُجُوهَنَا؟ أَلَمْ تُدْخِلْنَا الْجَنَّةَ، وَتُنَجِّنَا مِنَ النَّارِ؟ قَالَ: فَيَكْشِفُ الْحِجَابَ، فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ [مسلم في صحيحه]
[സ്വുഹൈബ് رَضِيَ اللهُ عَنْهُ നിവദനം. നബി ﷺ പറഞ്ഞു: സ്വർഗ്ഗാവകാശികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അല്ലാഹു ചോദിക്കും: നിങ്ങൾക്കു ഞാൻ കൂടുതലായി എന്തെങ്കിലും നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? അവർ പറയും: നീ ഞങ്ങളുടെ മുഖം തെളിയിച്ചില്ലേ? നീ ഞങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചില്ലേ? നീ ഞങ്ങളെ നരകത്തിൽനിന്ന് രക്ഷിച്ചില്ലേ?
നബി ﷺ പറയുന്നു: അപ്പോൾ അവൻ (അല്ലാഹു) മറ നീക്കം ചെയ്യും. അവരുടെ റബ്ബിനെ നോക്കിക്കാണുന്നതിനെക്കാൾ ഇഷ്ടകരമായ മറ്റൊന്നും അവർക്ക് നൽകപ്പെട്ടിട്ടില്ല.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
സ്വർഗ്ഗത്തിൽ വെച്ച് അല്ലാഹു അവരോട് ചോദിക്കുന്നത് ഇനി വല്ല ആഗ്രഹവും അവർക്ക് ബാക്കിയുണ്ടോ എന്നാണ്. അവർ ആഗ്രഹിച്ചതെല്ലാം കിട്ടിക്കഴിഞ്ഞു. അവർക്കൊന്നും ചോദിക്കാനില്ല. മറ്റൊന്നും ആഗ്രഹിക്കാൻ പോലുമില്ല. അപ്പോഴാണ് അല്ലാഹു അവൻെറ മുഖത്തിൻെറ മറ നീക്കം ചെയ്യുന്നത്. സ്രഷ്ടാവായ അല്ലാഹുവിൻെറ മുഖം കാണുമ്പോൾ അവർക്കു ലഭിക്കുന്ന സന്തോഷവും ആനന്ദവും പരമവും അവാച്യവുമാണ്. അതിനപ്പുറം മറ്റൊരു പാരിതോഷികമില്ല. അതെ, സ്വർഗ്ഗത്തിൽ വെച്ച് അല്ലാഹുവിൻെറ മുഖം കാണുക, അതു തന്നെയാണ് ഒരു വിശ്വാസിയുടെ പരമമായ ലക്ഷ്യവും.
എന്നാൽ, ഭൂലോകത്ത് ജീവിക്കുന്ന മനുഷ്യർക്ക് അല്ലാഹു ഒരു പാട് നിയന്ത്രണങ്ങളും പരിമിതികളും ഏർപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് വിശ്വാസികൾക്കെന്നല്ല, നബിമാർക്കു പോലും ഇഹലോകത്തു വെച്ച് അല്ലാഹുവിനെ കാണുക സാധ്യമല്ല. അല്ലാഹു പറയുന്നു:
﴿لاَ تُدْرِكُهُ الْأَبْصَارُ وَهُوَ يُدْرِكُ الْأَبْصَارَ ۖ وَهُوَ اللَّطِيفُ الْخَبِيرُ﴾ (الأنعام: 103)
[ദൃഷ്ടികൾക്ക് അവനെ പ്രാപിക്കാനാവില്ല, അവൻ ദൃഷ്ടികളെ പിടികൂടുന്നു. അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാണ്.] (അൻആം 103)
വിശ്വാസികളോ സജ്ജനങ്ങളോ ജ്ഞാനികളോ നബിമാരോ ആരുമാവട്ടെ, മനുഷ്യർക്കാർക്കും തന്നെ ഇഹലോകത്തു വെച്ച് കണ്ണുകൊണ്ട് അല്ലാഹുവിനെ കാണുക സാധ്യമല്ല. കണ്ണുകൾ അവനെ പ്രാപിക്കുകയില്ലെന്ന വചനം അതാണ് അർത്ഥമാക്കുന്നത്. എന്നാൽ എല്ലാവരുടെയും കണ്ണുകളെ അവൻ പിടികൂടുന്നു. കട്ടുനോട്ടങ്ങൾ അവൻ അറിയുന്നു. അവനിൽനിന്ന് ഒന്നും മറച്ചു പിടിക്കാൻ ഒരു സൃഷ്ടിക്കുമാവില്ല.
മഹാനായ മൂസാ عَلَيْهِ السَلَامُ ത്വൂർ പർവ്വതത്തിൽ വെച്ച് അല്ലാഹുവുമായി സംസാരിക്കവെ തനിക്ക് അല്ലാഹുവിനെ കാണാനുള്ള അദമ്യമായ ആഗ്രഹം വെളിപ്പെടുത്തുകയും അതു സാധ്യമല്ലെന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു. താഴെ കൊടുത്ത സൂക്തം ശ്രദ്ധിക്കുക:
﴿وَلَمَّا جَاءَ مُوسَىٰ لِمِيقَاتِنَا وَكَلَّمَهُ رَبُّهُ قَالَ رَبِّ أَرِنِي أَنظُرْ إِلَيْكَ ۚ قَالَ لَن تَرَانِي وَلَٰكِنِ انظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي ۚ فَلَمَّا تَجَلَّىٰ رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّا أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَا أَوَّلُ الْمُؤْمِنِينَ﴾ (الأعراف: 143)
[നാം നിശ്ചയിച്ച സമയത്ത് മൂസാ വരികയും അദ്ദേഹത്തോട് തൻെറ റബ്ബ് സംസാരിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: എൻെറ റബ്ബേ! എനിക്കൊന്ന് ദർശനം അനുവദിക്കണേ. ഞാൻ നിന്നെയൊന്ന് നോക്കി കാണട്ടെ. അവൻ പറഞ്ഞു: നിനക്ക് എന്നെ കാണാനാവില്ല, തീർച്ച. നീ ആ മലയിലേക്ക് നോക്കൂ. അത് തൽസ്ഥാനത്ത് ഉറച്ചു നിന്നാൽ നിനക്ക് എന്നെ കാണാൻ കഴിയും. അങ്ങനെ തൻെറ റബ്ബ് ആ പർവ്വതത്തിൽ വെളിപ്പെട്ടപ്പോൾ അതിനെ അവൻ പൊടി പൊടിയാക്കിക്കളഞ്ഞു. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. അദ്ദേഹത്തിനു ബോധം തിരിച്ചുകിട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു. നീ എത്ര പരിശുദ്ധൻ! ഞാൻ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. ഞാൻ വിശ്വാസികളിൽ ഒന്നാമനാകുന്നു.] (അഅ്റാഫ് 143)
മുൻകാല നബിമാരിൽ ഒരാളും ഇഹലോകത്തു വെച്ച് അല്ലാഹുവിനെ കണ്ടിട്ടില്ല. അല്ലാഹുവുമായി സംസാരിക്കാനുള്ള മഹാഭാഗ്യം ലഭിച്ച كَلِيمُ اللهِ മൂസാ عَلَيْهِ السَلَامُ നു പോലും അതിനു സാധിച്ചിട്ടില്ലെന്ന കാര്യമാണ് മേൽ സൂക്തത്തിൽ സുതരാം വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇനി മുഹമ്മദ് നബി ﷺ യുടെ കാര്യം എടുക്കാം. ആകാശാരോഹണ (مِعْرَاج) സമയത്ത് അവിടുന്ന് അല്ലാഹുവിനെ കണ്ടുവോ? അല്ലാഹുവിനെ കണ്ടു എന്ന് ചിലർ പറയാറുണ്ട്. അതിനു വിശ്വാസികളുടെ മാതാവായ ആയിശ رَضِيَ اللهُ عَنْهَا നൽകിയ വിശദീകരണം ഇപ്രകാരമാണ്:
مَنْ زَعَمَ أَنَّ مُحَمَّدًا ﷺ رَأَى رَبَّهُ فَقَدْ أَعْظَمَ عَلَى اللهِ الْفِرْيَةَ. (مسلم في صحيحه)
[മുഹമ്മദ് നബി ﷺ തൻെറ റബ്ബിനെ കണ്ടിട്ടുണ്ട് എന്ന് ആരെങ്കിലും വാദിച്ചാൽ തീർച്ചയായും അവൻ അല്ലാഹുവിൻെറമേൽ മഹാകള്ളം ചമച്ചിരിക്കുന്നു.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഇക്കാര്യത്തെ കുറിച്ച് വന്നിട്ടുള്ള മറ്റു ഹദീസുകൾ കൂടി പരിശോധിക്കാം.
عَنْ أَبِي ذَرٍّ، قَالَ: سَأَلْتُ رَسُولَ اللهِ ﷺ، هَلْ رَأَيْتَ رَبَّكَ؟ قَالَ: نُورٌ أَنَّى أَرَاهُ. [مسلم في صحيحه]
[അബൂദർ رَضِيَ اللهُ عَنْهُ നിവേദനം. ഞാൻ നബി ﷺ യോട് ചോദിക്കുകയുണ്ടായി: താങ്കൾ താങ്കളുടെ റബ്ബിനെ കണ്ടിട്ടുണ്ടോ? അവിടുന്ന് പറഞ്ഞു: വെളിച്ചമാണ് (അവൻെറ മറ), ഞാൻ എങ്ങനെ അവനെ കാണാനാണ്!] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഇവിടെ ‘വെളിച്ചമാണ് (അവൻെറ മറ)’ എന്ന് അർത്ഥം കൊടുത്തിരിക്കുന്നത് താഴെ വരുന്ന അബൂ മൂസാ رَضِيَ اللهُ عَنْهُ ൻെറ ഹദീസിനെ അടിസ്ഥാനമാക്കിയാണ്.
عَنْ أَبِي مُوسَى، قَالَ: قَامَ فِينَا رَسُولُ اللهِ ﷺ بِخَمْسِ كَلِمَاتٍ، فَقَالَ: إِنَّ اللهَ عَزَّ وَجَلَّ لَا يَنَامُ، وَلَا يَنْبَغِي لَهُ أَنْ يَنَامَ، يَخْفِضُ الْقِسْطَ وَيَرْفَعُهُ، يُرْفَعُ إِلَيْهِ عَمَلُ اللَّيْلِ قَبْلَ عَمَلِ النَّهَارِ، وَعَمَلُ النَّهَارِ قَبْلَ عَمَلِ اللَّيْلِ، حِجَابُهُ النُّورُ، لَوْ كَشَفَهُ لَأَحْرَقَتْ سُبُحَاتُ وَجْهِهِ مَا انْتَهَى إِلَيْهِ بَصَرُهُ مِنْ خَلْقِهِ [مسلم في صحيحه]
[അബൂ മൂസാ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ ഒരിക്കൽ ഞങ്ങളുടെ മുന്നിൽനിന്നു കൊണ്ട് അഞ്ചു വചനങ്ങൾ വിവരിച്ചു: നിശ്ചയം അല്ലാഹു ഉറങ്ങുന്നില്ല; അവന് ഉറങ്ങേണ്ട കാര്യവുമില്ല. അവൻ ത്രാസ് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. പകലിലെ കർമ്മങ്ങൾക്കു മുമ്പ് രാത്രിയിലെ കർമ്മങ്ങൾ അവൻെറ അടുക്കലേക്ക് ഉയർത്തപ്പെടുന്നു; രാത്രിയിലെ കർമ്മങ്ങൾക്കു മുമ്പ് പകലിലെ കർമ്മങ്ങളും. പ്രകാശമാണ് അവൻെറ മറ. അത് അവൻ നീക്കിയാൽ അവൻെറ ദൃഷ്ടി എത്തുന്നിടത്തുള്ള സൃഷ്ടികളെയെല്ലാം അവൻെറ മുഖദീപ്തി കരിച്ചുകളയുക തന്നെ ചെയ്യും.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഇതു തന്നെയാണ് താഴെ കൊടുക്കുന്ന ഹദീസിലും വ്യക്തമാക്കുന്നത്.
عَنْ عَبْدِ اللهِ بْنِ شَقِيقٍ، قَالَ: قُلْتَ لِأَبِي ذرٍّ، لَوْ رَأَيْتُ رَسُولَ اللهِ ﷺ لَسَأَلْتُهُ فَقَالَ: عَنْ أيِّ شيْءٍ كُنْتَ تَسْأَلُهُ؟ قَالَ: كُنْتُ أَسْأَلُهُ هَلْ رَأَيْتَ رَبَّكَ؟ قَالَ أَبُو ذَرٍّ: قَدْ سَأَلْتُ، فَقَالَ: رَأَيْتُ نُورًا [مسلم في صحيحه]
[അബ്ദുല്ലാ ബിൻ ശഖീഖ് പറയുന്നു: ഞാൻ അബൂദർ رَضِيَ اللهُ عَنْهُ നോട് പറയുകയുണ്ടായി; നബി ﷺ യെ ഞാൻ കണ്ടിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു.. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്തിനെ കുറിച്ചാണ് നീ ചോദിക്കുമായിരുന്നത്? ഞാൻ നബി ﷺ യോട് ചോദിക്കുമായിരുന്നത്, താങ്കൾ താങ്കളുടെ റബ്ബിനെ കണ്ടിട്ടുണ്ടോ എന്നായിരുന്നു. അബൂദർ رَضِيَ اللهُ عَنْهُ പറഞ്ഞു: അത് ഞാൻ തന്നെ ചോദിച്ചിട്ടുണ്ട്. അപ്പോൾ അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്: ഞാൻ ഒരു വെളിച്ചമാണ് കണ്ടത്.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
എന്നാൽ, ഈ വിഷയത്തിൽ പ്രബലമല്ലാത്ത രണ്ടാമതൊരു പക്ഷം കൂടിയുണ്ട്. ആകാശാരോഹണ വേളയിൽ മുഹമ്മദ് നബി ﷺ അല്ലാഹുവിനെ കണ്ടിട്ടുണ്ട് എന്നുള്ളതാണ് അത്. അതിനു മുഖ്യമായ തെളിവായി ഉന്നയിക്കാറുള്ളത് ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا നിവേദനം ചെയ്യുന്ന ഹദീസാണ്. അത് ഇപ്രകാരം വായിക്കാം:
عنْ ابْنِ عَبَّاسٍ، قَالَ: قَالَ رَسُولُ اللَّهِ ﷺ: رَأَيْتُ رَبِّي تَبَارَكَ وَتَعَالَى. [أحمد في مسنده]
[ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا പറയുന്നു, നബി ﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ഞാൻ എൻെറ റബ്ബിനെ കണ്ടിട്ടുണ്ട്. അവൻ അത്യുന്നതനും അനുഗ്രഹ സമ്പൂർണ്ണനുമാണ് . (അഹ്‌മദ് മുസ്നദിൽ ഉദ്ധരിച്ചത്)
ഇതിൻെറ മറ്റൊരു പാഠഭേദം ഇപ്രകാരമാണ്: “ഞാൻ എൻെറ റബ്ബിനെ കണ്ടു, ഏറ്റവും നല്ല രൂപത്തിൽ.”
ഇവിടെ നാം ആദ്യമായി ചെയ്യേണ്ടത് ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا ൽനിന്നുള്ള റിപ്പോർട്ടുകളും അവയിലെ പാഠഭേദങ്ങളും പരിശോധിക്കുകയാണ്. അപ്പോൾ മാത്രമേ വിശകലന വിധേയമാക്കാൻ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ച് പൂർണ്ണവും തെറ്റാത്തതുമായ ധാരണ ലഭിക്കുകയുള്ളു.
അദ്ദേഹത്തിൽനിന്നുള്ള ചില റിപ്പോർട്ടുകളിൽ, മുകളിൽ കൊടുത്തതു പോലെ, ഉപാധികളൊന്നുമില്ലാതെ (مُطْلَق) സാമാന്യമായി ഞാൻ എൻെറ റബ്ബിനെ കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ മറ്റു ചില റിപ്പോർട്ടുകളിൽ പറയുന്നതു കൂടി കാണുക:
عَنْ أَبِي الْعَالِيَةِ، عَنِ ابْنِ عَبَّاسٍ، قَالَ: ﴿مَا كَذَبَ الْفُؤَادُ مَا رَأَى﴾ (النجم: 11) ﴿وَلَقَدْ رَآهُ نَزْلَةً أُخْرَى﴾ (النجم: 13)، قَالَ: رَآهُ بِفُؤَادِهِ مَرَّتَيْنِ. [مسلم في صحيحه]
[അബുൽ ആലിയഃ നിവദനം. ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا പറഞ്ഞു: അദ്ദേഹം കണ്ടത് ഹൃദയം കളവാക്കിയിട്ടില്ല. (നജ്‌മ് 11) മറ്റൊരു ഇറക്കത്തിലും അദ്ദേഹം അവനെ കണ്ടിട്ടുണ്ട്. (നജ്‌മ് 13) ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا പറയുന്നു: നബി ﷺ അല്ലാഹുവിനെ തൻെറ ഹൃദയം കൊണ്ട് രണ്ടു തവണ കണ്ടു.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
عَنْ سَعِيدِ بْنِ أَبِي هِلالٍ حَدَّثَهُ أَنَّ مَرْوَانَ بْنَ عُثْمَانَ حَدَّثَهُ عَنْ عُمَارَةَ بْنِ عَامِرٍ عَنْ أُمِّ الطُّفَيْلِ امْرَأَةِ أُبَيِّ بْنِ كَعْبٍ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: رَأَيْتُ رَبِّي فِي الْمَنَامِ فِي أَحْسَنِ صُورَةٍ. [السنة لابن أبي عاصم، وقال الألباني: حديث صحيح بما قبله]
[ഉബയ്യു ബിൻ കഅ്ബിൻെറ പത്നിയായ ഉമ്മു ത്വുഫൈൽ رَضِيَ اللهُ عَنْهَا നിവേദനം. നബി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. എൻെറ റബ്ബിനെ ഞാൻ സ്വപ്നത്തിൽ കാണുകയുണ്ടായി, ഏറ്റവും നല്ല രൂപത്തിൽ തന്നെ.] (ഇബ്‌നു അബീ ആസ്വിം സുന്നഃയിൽ ഉദ്ധരിച്ചത്)
മുകളിൽ കൊടുത്ത രണ്ടു ഹദീസുകളിലും പറയുന്നത് നബി ﷺ അല്ലാഹുവിനെ കണ്ടത് തൻെറ ഹൃദയം കൊണ്ടാണ്, സ്വപ്നത്തിലാണ്. കാഴ്ചയെ കുറിച്ച് നിരുപാധികമായിട്ടല്ല, സോപാധികമായിട്ടാണ് (مُقَيَّد) ഇവിടെ പരാമർശിച്ചിരിക്കുന്നത്. ഇങ്ങനെ വരുമ്പോൾ സോപാധികമായ പരാമർശത്തിനു മുൻഗണന നൽകേണ്ടതും, അതിന് അനുരൂപമായി നിരുപാധികമായ പരാമർശമത്തെ വിശദീകരിക്കേണ്ടതുമാണ്. അഥവാ ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا പറയുന്നത് നബി ﷺ അല്ലാഹുവിനെ കണ്ടത് ഹൃദയം കൊണ്ടാണ്, സ്വപ്നത്തിലാണ്, അല്ലാതെ അത് കണ്ണുകൊണ്ടുള്ള സാധാരണ കാഴ്ചയല്ല. മാത്രമല്ല, നബി ﷺ അല്ലാഹുവിനെ തൻെറ ശിരസ്സിലുള്ള കണ്ണുകൾ കൊണ്ട് കണ്ടു എന്ന് സവിശേഷമായി പറയുന്ന സ്വീകാര്യയോഗ്യമായ ഒറ്റ റിപ്പോർട്ടും ആരിൽനിന്നും ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. മറ്റൊരു ഹദീസുകൂടി കാണുക:
عَنْ ثَوْبَانَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِنَّ رَبِّي أَتَانِي اللَّيْلَةَ فِي أَحْسَنِ صُورَةٍ. [ابن أبي عاصم في السنة]
[ഥൗബാൻ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: എൻെറ റബ്ബ് രാത്രിയിൽ (സ്വപ്നത്തിൽ) എൻെറ അരികിൽ ഏറ്റവും നല്ല രൂപത്തിൽ വന്നു.] (ഇബ്‌നു അബീ ആസ്വിം സുന്നഃയിൽ ഉദ്ധരിച്ചത്)
ചുരുക്കത്തിൽ, മുഹമ്മദ് നബി ﷺ അല്ലാഹുവിനെ കണ്ടിട്ടില്ല എന്നതാണ് സത്യം. കണ്ടു എന്നു വാദിക്കുന്നവർ തെളിവാക്കാറുള്ള ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهَما ൻെറ ഹദീസും സമാനമായ റിപ്പോർട്ടുകളും കണ്ണുകൊണ്ടുള്ള സാധാരണ കാഴ്ചയെ സ്ഥിരപ്പെടുത്താൻ പര്യാപ്തമല്ല. അവയിൽ പറയുന്നത് ഹൃദയം കൊണ്ടുള്ള കാഴ്ചയാണ്, സ്വപ്നത്തിലുള്ള ദർശനമാണ്. അല്ലാതെ സാധാരണ കാഴ്ചയല്ല.
ഇമാം അഹ്‌മദ് رَحِمَهُ اللهُ ൽനിന്ന് ഉദ്ധരിക്കപ്പെടുന്ന വാചകങ്ങളുടെ കാര്യവും ഇതേ പോലെ തന്നെയാണ്. മുഹമ്മദ് നബി ﷺ കണ്ണുകൊണ്ടുള്ള സാധാരണ കാഴ്ച അല്ലാഹുവിനെ കണ്ടു എന്ന് സ്ഥിരപ്പെടുത്താവുന്ന വാചകങ്ങളൊന്നും അദ്ദേഹത്തിൽനിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.
ഇവ്വിഷയകമായി ഇമാം അൽബാനി رَحِمَهُ اللهُ നൽകുന്ന വിശദീകരണം കൂടി കാണുക:
لم يأت هناك حديث صحيح ومرفوع إلى النبي ﷺ أنه قال: رأيت ربي ليلة أسري بي، لا يوجد مثل هذا حديث، وصح عن النبي ﷺ أنه قال: «رأيت ربي في المنام»، وهذا خارج عن موضوع الكلام، بل يوجد هناك حديث في صحيح مسلم، وأثر صحيح عن السيدة عائشة ينفي ذلك، روى الإمام مسلم في صحيحه من حديث أبي ذر رضي الله تعالى عنه أن رجلاً قال: يا رسول الله هل رأيت ربك؟ قال: «نور أنى أراه»، وفي حديث أبي موسى، وقد سرده مسلم عقب ذاك الحديث، قال: «حجابه النور»، فإذا ضممت هذا إلى هذا أخذت النتيجة أنه لم يره. هذا؛ الحديث المرفوع، أما الحديث الموقوف وفيه جزم من أم المؤمنين عائشة رضي الله تعالى عنها الصِّدِّيقة بنت الصِّديق، وهي من أعرف الناس بشخصية الرسول وما يتعلق بإسرائه ومعراجه حيث جاء في الصحيحين في البخاري ومسلم من طريق التابعي الجليل المسمى بـ” مسروق”، أنه جاء إلى عائشة فقال: يا أم المؤمنين هل رأى محمدٌ ربه؟ هذا سؤالك، واسمع الجواب ليس مني، إنما أنا ناقل: هل رأى محمدٌ ربه؟ قالت: لقد قَفَّ شعري مما قلت. قال: يا أم المؤمنين ارحميني ولا تعجلي عليّ، أليس قال الله عز وجل: ﴿وَلَقَدْ رَآهُ نَزْلَةً أُخْرَى﴾ (النجم:13)؟ قالت: أنا أعلم الناس بذلك، رأيت رسول الله .. أنا أعلم الناس بذلك، سألت رسول الله ﷺ فقال: «رأيت جبريل في صورته التي خلق فيها مرتين، وله ستمائة جناح، وقد سد الأفق»، إذاً؛ هذا تفسير الآية، ثم قالت متابعة تعليم الأمة، جزاها الله عن الأمة خيراً: ثلاث؛ من حدثكموهن فقد أعظم على الله الفرية: من حدثكم أن محمداً ﷺ رأى ربه فقد أعظم على الله الفرية، ثم تلت قول الله تبارك وتعالى: ﴿وَمَا كَانَ لِبَشَرٍ أَنْ يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِنْ وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا﴾ (الشورى:51)، إذاً لا يمكن المكالمة مع الله إلا من وراء حجاب في هذه الحياة الدنيا، ولذلك كانت رؤية الله في الآخرة تباين الرؤية هنا في الدنيا. هذه المسألة الأولى.
قالت: ومن حدثكم بأن محمداً ﷺ كان يعلم ما في غدٍ فقد أعظم على الله الفرية، ثم تلت قوله تبارك وتعالى: ﴿قُلْ لا يَعْلَمُ مَنْ في السَّمَوَاتِ وَالأَرْضِ الْغَيْبَ إِلَّا اللَّهُ﴾ (النمل:65). الثالثة والأخيرة: ومن حدثكم بأن محمداً ﷺ كتم شيئاً أمر بتبليغه فقد أعظم على الله الفرية، ثم تلت قوله عز وجل: ﴿يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِنْ رَبِّكَ وَإِنْ لَمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَاللَّهُ يَعْصِمُكَ مِنَ النَّاسِ﴾ (المائدة:67) في رواية تفرد بها مسلم دون صاحبه البخاري قال: قالت: لو أن محمداً ﷺ كان كتم شيئاً أمر بتبليغه لكان كتم قول ربه: ﴿وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّهَ وَتُخْفِي في نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَنْ تَخْشَاهُ﴾ (الأحزاب:37)، لكنه ما كتم؛ لأن هذا واجبه رسالةً: ﴿يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِنْ رَبِّكَ﴾ إلى آخر الآية، غيره.
الملقي: بالنسبة للرؤية الرؤية في الدنيا، فمن ادَّعى رؤية الدنيا فقد أعظم على الله الفرية. ومن يؤول حديث النبي ﷺ: «نور أَنَّى أراه» ويقول: «نور إِنَّي أراه».
الشيخ: لا، هذا؛ أولاً خلاف الرواية الصحيحة، وخلاف رواية أبي موسى التي دعم بها مسلم الرواية الصحيحة. نعم. [سلسلة الهدى والنور 641/3]
[“നിശാപ്രയാണ രാത്രിയിൽ ഞാൻ എൻെറ റബ്ബിനെ കണ്ടു” എന്ന് നബി ﷺ പറഞ്ഞതായി സ്വീകാര്യയോഗ്യമായ നിലയിൽ നബി ﷺ യിലേക്ക് എത്തുന്ന ഒരു ഹദീസും വന്നിട്ടില്ല. ഇതു പോലുള്ള ഒരു ഹദീസും ഇല്ല തന്നെ. എന്നാൽ, “ഞാൻ സ്വപ്നത്തിൽ എൻെറ റബ്ബിനെ കണ്ടു” എന്ന് അവിടുന്ന് പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട് താനും. ഇത് സംസാര വിഷയത്തിനു പുറത്താണ്. കൂടാതെ, ഇമാം മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ച ഒരു നബിവചനവും (حَدِيثٌ), അതേ പോലെ ആയിശ رَضِيَ اللهُ عَنْهَا ൽ നിന്നുള്ള ഒരു വചനവും (أَثَر) അക്കാര്യം നിഷേധിക്കുന്നുണ്ട് താനും. ഇമാം മുസ്‌ലിമിൻെറ സ്വഹീഹിൽ ചേർത്തിട്ടുള്ള, അബൂദർ رَضِيَ اللهُ عَنْهُ നിവേദനം ചെയ്യുന്ന ഹദീസിൽ ഒരാൾ നബി ﷺ യോട് ചോദിക്കുന്നു: അല്ലാഹുവിൻെറ റസൂലേ, താങ്കൾ താങ്കളുടെ റബ്ബിനെ കണ്ടിട്ടുണ്ടോ? അവിടുന്ന് പറഞ്ഞു: “പ്രകാശമാണ്; ഞാൻ എങ്ങനെ അവനെ കാണാനാണ്!” ഈ ഹദീസിനു ശേഷം മുസ്‌ലിം വിവരിക്കുന്ന അബൂ മൂസാ رَضِيَ اللهُ عَنْهُ ൻെറ ഹദീസ് പ്രകാരം അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്: “പ്രകാശമാണ് അവൻെറ മറ”. ഈ വസ്തുത അതിലേക്ക് ചേർത്താൽ, അവിടുന്ന് അല്ലാഹുവിനെ കണ്ടിട്ടില്ലെന്ന നിർണ്ണായകമായ ഒരു തീർപ്പിൽ നിനക്കെത്താൻ കഴിയും. എന്നാൽ നബി ﷺ യിൽ എത്താതെ സ്വഹാബിയിൽ അവസാനിക്കുന്ന (مَوْقُوف) ഒരു വചനത്തിൽ അബൂബക്കർ സ്വിദ്ദീഖിൻെറ സാത്വികയായ പുത്രിയും വിശ്വാസികളുടെ മാതാവുമായ മഹതി ആയിശ رضي الله عنها ഖണ്ഡിതമായി പറയുന്ന ഒരു കാര്യമുണ്ട്. അവരാണ് നബി ﷺ യുടെ വ്യക്തിത്വത്തെ കുറിച്ചും, അവിടുത്തെ നിശാപ്രയാണവും ആകാശാരോഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും ജനങ്ങളിൽ ഏറ്റവും നന്നായി അറിയുന്നവർ. ബുഖാരിയുടെയും മുസ്‌ലിമിൻെറയും സ്വഹീഹുകളിൽ മഹാനായ താബിഈ വര്യൻ മസ്റൂഖിൻെറ നിവേദനത്തിലുള്ളത്, അദ്ദേഹം ആയിശ رضي الله عنها യുടെ അരികിൽ ചെന്ന് ചോദിച്ചു: വിശ്വാസികളുടെ മാതാവേ, മുഹമ്മദ് ﷺ തൻെറ റബ്ബിനെ കണ്ടിട്ടുണ്ടോ? ഇതാണ് നിൻെറയും ചോദ്യം. ഉത്തരം നീ കേൾക്കുക. അത് എന്നിൽനിന്നുള്ളതല്ല. ഞാൻ നിവേദകൻ മാത്രമാണ്.
മുഹമ്മദ് ﷺ തൻെറ റബ്ബിനെ കണ്ടിട്ടുണ്ടോ? ഇതാണ് മസ്റൂഖിൻെറ ചോദ്യം. അവർ (ആയിശ) رضي الله عنها പറയുന്നു: നീ പറഞ്ഞ വാക്കു കാരണം എൻെറ രോമം എഴുന്നേറ്റുനിൽക്കുന്നു. അദ്ദേഹം പറഞ്ഞു: വിശ്വാസികളുടെ മാതാവേ, നിങ്ങൾ എന്നോട് അൽപം കരുണ കാണിക്കൂ, എന്നോട് തിടുക്കപ്പെടാതിരിക്കൂ. അല്ലാഹു അല്ലയോ പറഞ്ഞിട്ടുള്ളത്: «മറ്റൊരു ഇറക്കത്തിലും അവിടുന്ന് അവനെ കണ്ടിട്ടുണ്ട്» (നജ്‌മ് 13) എന്ന്? അവർ പറഞ്ഞു: അതിനെ കുറിച്ച് മറ്റുള്ളവരെക്കാളെല്ലാം അറിയാവുന്നത് എനിക്കാണ്. ഞാൻ നബി ﷺ യെ കണ്ടിട്ടുണ്ട്. മറ്റാരെക്കാളും അതിനെ കുറിച്ച് അറിയാവുന്നത് എനിക്കാണ്. അതിനെ കുറിച്ച് ഞാൻ നബി ﷺ യോട് ചോദിക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്: «ജിബ്‌രീലിനെ തനതു സ്വരൂപത്തിൽ രണ്ടു തവണ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് അറുനൂറ് ചിറകുകളുണ്ട്! അദ്ദേഹം ചക്രവാളം നിറഞ്ഞു നിൽക്കുന്നു!!» അപ്പോൾ പ്രസ്തുത സൂക്തത്തിൻെറ വ്യാഖ്യാനം ഇതാണ്. അനന്തരം സമുദായത്തെ പഠിപ്പിക്കാനായി അവർ തുടർന്നു: — ഈ സമുദായത്തിനു വേണ്ടി, അല്ലാഹു അവർക്ക് ഉത്തമമായ പ്രതിഫലമേകട്ടെ — മൂന്നു കാര്യങ്ങൾ ആർ നിങ്ങളോട് പറഞ്ഞാലും അവൻ അല്ലാഹുവിൻെറ മേൽ മഹാകള്ളം ചമച്ചിരിക്കുന്നു: മുഹമ്മദ് ﷺ തൻെറ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അവൻ അല്ലാഹുവിൻെറ മേൽ മഹാകള്ളമാണ് ചമച്ചിരിക്കുന്നത്. പിന്നീട് അവർ അല്ലാഹുവിൻെറ വചനം പാരായണം ചെയ്തു: «ഒരു മനുഷ്യനോടും വഹ്‌യ് മുഖേനയല്ലാതെ അല്ലാഹു സംസാരിക്കുകയില്ല. അല്ലെങ്കിൽ ഒരു മറക്കു പിന്നിൽ നിന്നുകൊണ്ടല്ലാതെ. അതുമല്ലെങ്കിൽ ഒരു ദൂതനെ നിയോഗിച്ചു കൊണ്ട്». (ശൂറാ 51) അപ്പോൾ ഇഹലോക ജീവിതത്തിൽ ഒരു മറക്കു പിന്നിൽനിന്നു കൊണ്ടല്ലാതെ അല്ലാഹുവിനോട് സംസാരിക്കുക സാധ്യമല്ല. അതു കൊണ്ടാണ് പരലോകത്തു വെച്ച് അല്ലാഹുവിനെ കാണുക എന്നത് ഭൂലോകത്ത് വെച്ചുള്ള കാഴ്ചയിൽനിന്ന് വ്യത്യസ്തമാകുന്നത്. ഇത് ഒന്നാമത്തെ വിഷയം.
അവർ പറഞ്ഞു: മുഹമ്മദ് ﷺ ഭാവിയിലുള്ളത് അറിയും എന്ന് ആർ നിങ്ങളോട് പറഞ്ഞുവോ അവൻ അല്ലാഹുവിൻെറ മേൽ മഹാകള്ളമാണ് ചമച്ചിരിക്കുന്നത്. അനന്തരം അവർ അല്ലാഹുവിൻെറ വചനം പാരായണം ചെയ്തു: «പറയുക! അല്ലാഹു അല്ലാതെ, ആകാശഭൂമികളിലുള്ളവരാരും അദൃശ്യം (غَيْب) അറിയുകയില്ല». (നംല് 65)
മൂന്നാമത്തേതും അവസാനത്തേതുമായ കാര്യം: പ്രബോധനം ചെയ്യാൻ കൽപിച്ച എന്തെങ്കിലും ഒരു കാര്യം മുഹമ്മദ് ﷺ മറച്ചുവെച്ചിരിക്കുന്നു എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ, അവൻ അല്ലാഹുവിൻെറമേൽ മഹാകള്ളമാണ് ചമച്ചിരിക്കുന്നത്. പിന്നീട് അവർ അല്ലാഹുവിൻെറ വചനം പാരായണം ചെയ്തു: «ദൂതരേ, താങ്കളുടെ രക്ഷിതാവിങ്കൽനിന്ന് താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കൾ എത്തിച്ചു കൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കൾ അവനേൽപിച്ച ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളിൽനിന്ന് അല്ലാഹു താങ്കളെ രക്ഷിക്കും». (മാഈദഃ 67)
ബുഖാരിയെ കൂടാതെ മുസ്‌ലിം തനിച്ച് ഉദ്ധരിക്കുന്ന ഒരു റിപ്പോർട്ടിൽ പറയുന്നു, അവർ (ആയിശ رَضِيَ اللهُ عَنْهَا) പറയുന്നു: പ്രബോധനം ചെയ്യാൻ കൽപിച്ച ഏതെങ്കിലും ഒരു കാര്യം നബി ﷺ മറച്ചുപിടിച്ചിരുന്നുവെങ്കിൽ തീർച്ചയായും അവിടുന്ന് മറച്ചുപിടിച്ചിട്ടുണ്ടായിരിക്കുക തൻെറ റബ്ബിൻെറ ഈ വചനമായിരുന്നു: «അല്ലാഹു അനുഗ്രഹമേകിയ, നീയും ഔദാര്യം ചെയ്തുകൊടുത്ത ഒരു വ്യക്തിയോട് താങ്കൾ പറഞ്ഞ സന്ദർഭം! നീ നിൻെറ ഭാര്യയെ നിൻെറയടുക്കൽ തന്നെ പിടിച്ചുനിർത്തുക; നീ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു വെളിപ്പെടുത്താൻ പോകുന്ന ഒരു കാര്യം താങ്കളുടെ മനസ്സിൽ താങ്കൾ മറച്ചുവെക്കുകയും, ജനങ്ങളെ താങ്കൾ പേടിക്കുകയും ചെയ്തിരുന്നു. എന്നാൽ താങ്കൾ പേടിക്കാൻ ഏറ്റവും തരപ്പെട്ടത് അല്ലാഹുവിനെയാകുന്നു». (അഹ്സാബ് 37) പക്ഷെ, അവിടുന്ന് അത് മറച്ചുവെച്ചിട്ടില്ലല്ലോ. കാരണം അത് അവിടുത്തെ ദൗത്യവുമായി ബന്ധപ്പെട്ട കടമയാണ്: «ദൂതരേ, താങ്കളുടെ രക്ഷിതാവിങ്കൽനിന്ന് താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കൾ എത്തിച്ചു കൊടുക്കുക..» ഇതു പോലുള്ള മറ്റു തെളിവുകളും.
അവതാരകൻ: കാഴ്ചയെന്നാൽ ഭൂലോകത്ത് വെച്ചുള്ള കാഴ്ചയാണ്. ഭൂലോകത്ത് വെച്ച് അല്ലാഹുവിനെ കാണാം എന്ന് ആരെങ്കിലും വാദിച്ചാൽ അവൻ മഹാ കള്ളമാണ് അല്ലാഹുവിൻെറമേൽ ചമച്ചിരിക്കുന്നത്. എന്നാൽ ഒരാൾ “പ്രകാശമാണ് (അവൻെറ മറ); ഞാൻ എങ്ങനെ അവനെ കാണാനാണ്! എന്ന നബിവചനത്തെ “അവൻ പ്രകാശമാണ്, എനിക്കവൻെറ ദർശനം അനുവദിക്കപ്പെട്ടിരിക്കുന്നു” എന്ന് വ്യാഖ്യാനിച്ചാലോ?
ശൈഖ്: അങ്ങനെ പറയാവതല്ല. ഒന്നാമതായി അത് സ്വീകാര്യയോഗ്യമായ രിവായത്തിന് എതിരാണ്. സ്വഹീഹായ രിവായത്തിന് ഉപോൽബലകമായി കൊണ്ടു വന്ന അബൂ മൂസാ رَضِيَ اللهُ عَنْهُ ൻെറ രിവായത്തിനും അത് എതിരാണ്.] (അൽബാനിയുടെ ശബ്ദരേഖ, സിൽസിലതുൽ ഹുദാ വന്നൂർ 3/641)
ചുരുക്കത്തിൽ, ഇഹലോകത്തു വെച്ച് ആർക്കും അല്ലാഹുവിനെ കാണുക സാധ്യമല്ല. മൂസാ നബി عَلَيْهِ السَلًام യോ മുഹമ്മദ് നബി ﷺ യോ അല്ലാഹുവിനെ കണ്ടിട്ടില്ല. വിശ്വാസികൾക്ക് പരലോകത്ത് വെച്ചാണ് അല്ലാഹുവിനെ കാണാൻ സാധിക്കുക.
എന്നാൽ കൃതഘ്നരായ അവിശ്വാസികൾക്ക് പരലോകത്തു വെച്ചും അവൻ ദർശനം അനുവദിക്കുകയില്ല. അല്ലാഹു പറയുന്നത് കാണുക:
﴿كَلَّا إِنَّهُمْ عَنْ رَبِّهِمْ يَوْمَئِذٍ لَمَحْجُوبُونَ﴾ (المطففون: 15)
[അല്ല, അന്നേ ദിവസം ഉറപ്പായും അവരുടെ റബ്ബിൽനിന്നും അവർ മറക്കപ്പെട്ടവരായിരിക്കും.] (മുത്വഫ്ഫിഫൂൻ 15)
എന്നാൽ മഹ്ശറിൽ വെച്ച് അല്ലാഹു പ്രത്യക്ഷപ്പെടുന്ന കാര്യം ഹദീസുകളിൽ വന്നിട്ടുള്ളത് മുനാഫിഖുകളെയും മറ്റും പരീക്ഷിക്കാൻ വേണ്ടിയുള്ളതാണ്. അത് ഭീതിജനകവും പീഡ നിറഞ്ഞതും ആമയകരവുമായിരിക്കും. അത് സന്തോഷത്തിൻെറയോ ആനന്ദത്തിൻെറയോ കാഴ്ചയല്ല. ഇതുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചിട്ടുള്ള സുദീർഘമായ ഒരു നബിവചനത്തൻെറ ആദ്യഭാഗം ഇങ്ങനെ വായിക്കാം:
عنْ أَبِي سَعِيدٍ الخُدْرِيِّ، قَالَ: قُلْنَا يَا رَسُولَ اللَّهِ هَلْ نَرَى رَبَّنَا يَوْمَ القِيَامَةِ؟ قَالَ: «هَلْ تُضَارُونَ فِي رُؤْيَةِ الشَّمْسِ وَالقَمَرِ إِذَا كَانَتْ صَحْوًا؟»، قُلْنَا: لاَ، قَالَ: «فَإِنَّكُمْ لاَ تُضَارُونَ فِي رُؤْيَةِ رَبِّكُمْ يَوْمَئِذٍ، إِلَّا كَمَا تُضَارُونَ فِي رُؤْيَتِهِمَا» ثُمَّ قَالَ: «يُنَادِي مُنَادٍ: لِيَذْهَبْ كُلُّ قَوْمٍ إِلَى مَا كَانُوا يَعْبُدُونَ، فَيَذْهَبُ أَصْحَابُ الصَّلِيبِ مَعَ صَلِيبِهِمْ، وَأَصْحَابُ الأَوْثَانِ مَعَ أَوْثَانِهِمْ، وَأَصْحَابُ كُلِّ آلِهَةٍ مَعَ آلِهَتِهِمْ، حَتَّى يَبْقَى مَنْ كَانَ يَعْبُدُ اللَّهَ، مِنْ بَرٍّ أَوْ فَاجِرٍ، وَغُبَّرَاتٌ مِنْ أَهْلِ الكِتَابِ، ثُمَّ يُؤْتَى بِجَهَنَّمَ تُعْرَضُ كَأَنَّهَا سَرَابٌ، فَيُقَالُ لِلْيَهُودِ: مَا كُنْتُمْ تَعْبُدُونَ؟ قَالُوا: كُنَّا نَعْبُدُ عُزَيْرَ ابْنَ اللَّهِ، فَيُقَالُ: كَذَبْتُمْ، لَمْ يَكُنْ لِلَّهِ صَاحِبَةٌ وَلاَ وَلَدٌ، فَمَا تُرِيدُونَ؟ قَالُوا: نُرِيدُ أَنْ تَسْقِيَنَا، فَيُقَالُ: اشْرَبُوا، فَيَتَسَاقَطُونَ فِي جَهَنَّمَ، ثُمَّ يُقَالُ لِلنَّصَارَى: مَا كُنْتُمْ تَعْبُدُونَ؟ فَيَقُولُونَ: كُنَّا نَعْبُدُ المَسِيحَ ابْنَ اللَّهِ، فَيُقَالُ: كَذَبْتُمْ، لَمْ يَكُنْ لِلَّهِ صَاحِبَةٌ، وَلاَ وَلَدٌ، فَمَا تُرِيدُونَ؟ فَيَقُولُونَ: نُرِيدُ أَنْ تَسْقِيَنَا، فَيُقَالُ: اشْرَبُوا فَيَتَسَاقَطُونَ فِي جَهَنَّمَ، حَتَّى يَبْقَى مَنْ كَانَ يَعْبُدُ اللَّهَ مِنْ بَرٍّ أَوْ فَاجِرٍ، فَيُقَالُ لَهُمْ: مَا يَحْبِسُكُمْ وَقَدْ ذَهَبَ النَّاسُ؟ فَيَقُولُونَ: فَارَقْنَاهُمْ، وَنَحْنُ أَحْوَجُ مِنَّا إِلَيْهِ اليَوْمَ، وَإِنَّا سَمِعْنَا مُنَادِيًا يُنَادِي: لِيَلْحَقْ كُلُّ قَوْمٍ بِمَا كَانُوا يَعْبُدُونَ، وَإِنَّمَا نَنْتَظِرُ رَبَّنَا، قَالَ: فَيَأْتِيهِمُ الجَبَّارُ فِي صُورَةٍ غَيْرِ صُورَتِهِ الَّتِي رَأَوْهُ فِيهَا أَوَّلَ مَرَّةٍ، فَيَقُولُ: أَنَا رَبُّكُمْ، فَيَقُولُونَ: أَنْتَ رَبُّنَا، فَلاَ يُكَلِّمُهُ إِلَّا الأَنْبِيَاءُ، فَيَقُولُ: هَلْ بَيْنَكُمْ وَبَيْنَهُ آيَةٌ تَعْرِفُونَهُ؟ فَيَقُولُونَ: السَّاقُ، فَيَكْشِفُ عَنْ سَاقِهِ، فَيَسْجُدُ لَهُ كُلُّ مُؤْمِنٍ، وَيَبْقَى مَنْ كَانَ يَسْجُدُ لِلَّهِ رِيَاءً وَسُمْعَةً، فَيَذْهَبُ كَيْمَا يَسْجُدَ، فَيَعُودُ ظَهْرُهُ طَبَقًا وَاحِدًا» [البخاري في صحيحه]
[അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللهُ عَنْهُ നിവേദനം. ഞങ്ങൾ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, അന്ത്യനാളിൽ ഞങ്ങൾക്ക് ഞങ്ങളുടെ റബ്ബിനെ കാണാൻ കഴിയുമോ? അവിടുന്ന് പ്രതിവചിച്ചു: മാനം തെളിഞ്ഞുനിൽക്കുമ്പോൾ സൂര്യനെയോ ചന്ദ്രനെയോ കാണുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് വരാറുണ്ടോ? ഞങ്ങൾ പറഞ്ഞു: ഇല്ല. അവിടുന്ന് പറഞ്ഞു: അവ രണ്ടും കാണാൻ നിങ്ങൾക്കുള്ള ബുദ്ധിമുട്ട് പോലെയല്ലാതെ അന്നേ ദിവസം നിങ്ങളുടെ റബ്ബിനെ കാണാൻ നിങ്ങൾ ബുദ്ധിമുട്ടേണ്ടിവരില്ല. പിന്നീട് അവിടുന്ന് പറഞ്ഞു: വിളംബരം നടത്തുന്ന ഒരാൾ വിളിച്ചു പറയും: ഓരോ ജനവിഭാഗവും അവർ ആരാധിച്ചിരുന്നതിൻെറ അടുത്തേക്ക് പോകട്ടെ. അപ്പോൾ കുരിശിൻെറ ആളുകൾ അവരുടെ കുരിശിനോടൊപ്പം പോകും, വിഗ്രഹാരാധകർ അവരുടെ വിഗ്രഹങ്ങളോടൊപ്പവും, ഓരോ ദൈവത്തിൻെറയും ആളുകൾ ആ ദൈവത്തോടൊപ്പവും. അവസാനം, പുണ്യവാന്മാരോ താന്തോന്നികളോ ആവട്ടെ, അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്നവർ അവിടെ ബാക്കിയായി. കൂടാതെ, അഹ്‌ലുൽ കിതാബിൽനിന്ന് അവശേഷിച്ചവരും. പിന്നീട് നരകം കൊണ്ടുവരികയായി. മരീചിക പോലെ അത് തെളിഞ്ഞുവരുന്നു. അങ്ങനെ ജൂതന്മാരോട് ചോദിക്കും, നിങ്ങൾ ആരെയാണ് ആരാധിച്ചിരുന്നത്? അവർ പറയും: അല്ലാഹുവിൻെറ പുത്രൻ ഉസൈറിനെയായിരുന്നു ഞങ്ങൾ ആരാധിച്ചിരുന്നത്. അപ്പോൾ അവരോട് പറയപ്പെടും. നിങ്ങൾ കള്ളമാണ് പറഞ്ഞിരിക്കുന്നത്. അല്ലാഹുവിന് ഇണയും സന്താനവുമില്ലല്ലോ. ഇനിയെന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അവർ പറയും: നീ ഞങ്ങൾക്ക് വല്ലതും കുടിക്കാൻ തരണം. അപ്പോൾ പറയപ്പെടും: നിങ്ങൾ കുടിച്ചു കൊള്ളുക. അങ്ങനെ അവർ നരകത്തിൽ ആപതിക്കും. പിന്നീട് ക്രൈസ്തവരോട് ചോദിക്കപ്പെടും: നിങ്ങൾ എന്തിനെയായിരുന്നു ആരാധിച്ചിരുന്നുത്? അവർ പറയും: ഞങ്ങൾ അല്ലാഹുവിൻെറ പുത്രനായ ഈസയെയാണ് ആരാധിച്ചിരുന്നത്. അപ്പോൾ അവരോട് പറയപ്പെടും. നിങ്ങൾ കള്ളമാണ് പറഞ്ഞിരിക്കുന്നത്. അല്ലാഹുവിന് ഇണയും സന്താനവും ഇല്ലല്ലോ. ഇനി എന്താണ് നങ്ങൾ ആഗ്രഹിക്കുന്നത്. അവർ പറയും. നീ ഞങ്ങൾക്ക് വല്ലതും കുടിക്കാൻ തരണം. അപ്പോൾ പറയപ്പെടും. നിങ്ങൾ കുടിച്ചു കൊള്ളുക. അങ്ങനെ അവർ നരകത്തിൽ ആപതിക്കും. അങ്ങനെ പുണ്യവാന്മാരോ താന്തോന്നികളോ ആവട്ടെ, അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്നവർ മാത്രം അവശേഷിക്കും. അവരോട് ചോദിക്കും: നിങ്ങളെ ഇനിയും ഇവിടെ തടഞ്ഞു നിർത്തുന്നതെന്താണ്? ജനങ്ങളെല്ലാം പോയിക്കഴിഞ്ഞല്ലോ! അവർ പറയും: ഞങ്ങൾ മുമ്പേ അവരെ പിരിഞ്ഞവരാണല്ലോ. ഇന്നേ ദിവസം ഞങ്ങൾക്ക് ആത്മത്തെക്കാൾ ആവശ്യം അവനെയാണ്. ഓരോ ജനവിഭാഗവും അവർ ആരാധിക്കുന്നതിനോടൊപ്പം ചേരട്ടെ എന്നു വിളംബരം ചെയ്യുന്ന ഒരാൾ വിളിച്ചു പറയുന്നത് ഞങ്ങൾ കേട്ടിരുന്നു. അതിനാൽ ഞങ്ങൾ ഞങ്ങളുടെ റബ്ബിനെ കാത്തുനിൽക്കുകയാണ്.
അവിടുന്ന് പറയുന്നു: അപ്പോൾ ഉഗ്രപ്രതാപിയായ അല്ലാഹു, ആദ്യതവണ അവനെ അവർ കണ്ട രൂപത്തിലല്ലാതെ, മറ്റൊരു രൂപത്തിൽ അവരുടെ അടുക്കൽ പ്രത്യക്ഷപ്പെടും. എന്നിട്ട് പറയും: ഞാനാണ് നിങ്ങളുടെ റബ്ബ്. അവർ പറയും: നീ തന്നെയാണ് ഞങ്ങളുടെ റബ്ബ്. ആ വേള അവനോട് നബിമാരല്ലാതെ മറ്റാരും സംസാരിക്കുകയില്ല. അവൻ ചോദിക്കും: അവനെ നിങ്ങൾക്ക് തിരിച്ചറിയാനുള്ള വല്ല അടയാളവും അവനും നിങ്ങൾക്കും ഇടയിൽ ഉണ്ടോ? അവർ പറയും: സാഖ് (سَاق = കണങ്കാൽ) ഉണ്ട്. അപ്പോൾ അവൻ അവൻെറ സാഖ് വെളിവാക്കും. അങ്ങനെ വിശ്വാസികളെല്ലാവരും അതിനു സുജൂദ് ചെയ്യും. അവസാനം, മറ്റുള്ളവരെ കാണിക്കാനോ കീർത്തിക്കു വേണ്ടിയോ അല്ലാഹുവിന് സുജൂദ് ചെയ്തിരുന്നവർ അവശേഷിക്കും. അവർ സൂജൂദ് ചെയ്യാൻ മുതിരുമ്പോഴെല്ലാം അവരുടെ മുതുക് വളക്കാനാവാതെ ഒറ്റക്കഷ്ണമായി മാറും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
മഹ്ശറിൽ വെച്ച് അല്ലാഹുവിൻെറ സാഖിന് സുജൂദ് ചെയ്യാൻ കഴിയുന്ന, സ്വർഗ്ഗത്തിൽ വെച്ച് അല്ലാഹുവിൻെറ മുഖം ദർശിക്കാനുള്ള മഹാഭാഗ്യം ലഭക്കുന്ന സജ്ജനങ്ങളിൽ ഉൾപ്പെടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ.