പ്രമാണങ്ങൾക്ക് സർവഥാ കീഴ്‌പ്പെടുക


അല്ലാഹു മനുഷ്യരെ സ്വർഗ്ഗ ലോകത്തുനിന്നും ഭൂമിയിലേക്ക് മാറ്റി പാർപ്പിക്കുമ്പോൾ അവർക്കു നൽകിയ മഹത്തായ ഒരു വാഗ്‌ദാനമുണ്ട്: നിങ്ങളുടെ ഇഹപരസൗഭാഗ്യത്തിന് ആവശ്യമായ മാർഗ്ഗദർശനം ഞാൻ നിങ്ങൾക്ക് സമയാസമയങ്ങളിൽ ഇറക്കിത്തരാം. അത് നിങ്ങൾ പിന്തുടരുകയാണെങ്കിൽ വഴിതെറ്റുകയില്ല, നിർഭാഗ്യവാന്മാരാകേണ്ടി വരികയുമില്ല. ജീവിത സാഫല്യത്തിനു വേണ്ട വഴി സ്വയം ചിന്തിച്ചു കണ്ടെത്തേണ്ട ഭാരവും ബാധ്യതയും അവൻ അവരുടെമേൽ ചുമത്തിയില്ല എന്നു സാരം.

മനുഷ്യന് അല്ലാഹു ബുദ്ധിയും യുക്തിയും നൽകിയിരിക്കുന്നു. പക്ഷെ, അതിനു പരിമിതികളുണ്ട്. കാലാതിവർത്തിയായ ആത്യന്തിക സത്യങ്ങളും മൂല്യങ്ങളും ആവിഷ്കരിക്കുക എന്നത് മനുഷ്യയുക്തിയുടെ സാധ്യതയിൽപെട്ടതല്ല. ഏകീകൃതവും സാർവ്വലൗകികവുമായ ഒരു മൂല്യവ്യവസ്ഥ രൂപപ്പെടുത്താൻ അതിനു സാധിക്കുകയില്ല. ഒരാളുടെ ബോധ്യമായിരിക്കില്ല മറ്റൊരാളുടേത്. ഓരോരുത്തരുടെയും ബോധ്യങ്ങൾ തന്നെ സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ച് മാറിമറിയാം. മാത്രമല്ല ഒരാളുടെ ബോധ്യം മറ്റൊരാൾക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ല. സർവ്വോപരി, ഏറെ പരിമിതികളുള്ള മനുഷ്യബുദ്ധിയുടെ ബോധ്യങ്ങൾക്ക് അപ്രമാദിത്വം അവകാശപ്പെടാനുമാവില്ല.

മാർഗ്ഗദർശനം അല്ലാഹുവിൽനിന്ന്

അല്ലാഹു അവൻെറ അടിയാന്മാരോട് ഏറെ കനിവുള്ളവനാണ്. ദുർവ്വഹമായ ഭാരങ്ങളൊന്നും അവരുടെമേൽ ചുമത്തിയിട്ടില്ല. അവർക്ക് ചെയ്യാനാകുന്ന ലളിതമായ കര്യങ്ങളേ അവരെ ഏൽപിച്ചിട്ടുള്ളു. എല്ലാവർക്കും സ്വീകാര്യമായ കുറ്റമറ്റ ഒരു മാർഗ്ഗദർശനം നിങ്ങൾ തന്നെ കണ്ടെത്തണമെന്ന് അല്ലാഹു കൽപിക്കുന്നില്ല. അത് അവൻ തന്നെ ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്. അല്ലാഹു പറയുന്നു:

﴿وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَنْ فِيهِنَّ بَلْ أَتَيْنَاهُمْ بِذِكْرِهِمْ فَهُمْ عَنْ ذِكْرِهِمْ مُعْرِضُونَ﴾ (المؤمنون: 71)

[അവരുടെ അഭീഷ്ടങ്ങളെയായിരുന്നു സത്യം പിന്തുടർന്നിരുന്നത് എങ്കിൽ ആകാശഭൂമികളും അവയിലുള്ളവയുമെല്ലാം കുഴപ്പത്തിൽ അകപ്പെട്ടുകഴിഞ്ഞിട്ടുണ്ടായിരുന്നു. മറിച്ച്, അവർക്കുള്ള സന്ദേശം നാം തന്നെ എത്തിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ടും, അവർക്കുള്ള സന്ദേശത്തിൽനിന്ന് അവർ തിരിഞ്ഞു കളയുകയാണല്ലോ!] (മുഅ്മിനൂൻ 71)

അല്ലാഹുവിന്റെ മഹത്തായ ഈ വാഗ്‌ദാനം, അതു തന്നെയാണ് മാനവരാശിക്ക് അവൻ ചെയ്തു കൊടുത്ത ഏറ്റവും വലിയ അനുഗ്രഹവും. ഭൂലോകത്തേക്ക് ഇറക്കിവിട്ട്, ലക്ഷ്യമറിയാതെ, വഴിയറിയാതെ, പരിത്യക്തരായി സ്വയം നഷ്ടപ്പെടാൻ അവൻ അവരെ കൈവിട്ടു കളയുന്നില്ല. അവർക്ക് ആവശ്യമായ മാർഗ്ഗദർശനങ്ങൾ കാലാകാലങ്ങളിൽ ദൂതന്മാർ മുഖേന ഇറക്കിക്കൊടുക്കും. അക്കാര്യം അവൻ ഏറ്റെടുത്തിരിക്കുന്നു. അവർ അത് പിന്തുടരുകയേ വേണ്ടൂ. അല്ലാഹു പറയുന്നു:

﴿اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلَا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ قَلِيلًا مَا تَذَكَّرُونَ﴾ (الأعراف: 3)

[നിങ്ങളുടെ റബ്ബിൽനിന്ന് നിങ്ങൾക്ക് അവതരിച്ചത് നിങ്ങൾ പിന്തുടരണം. അതിനു പുറമെ മറ്റു ഔലിയാക്കളാരെയും നിങ്ങൾ പിൻപറ്റിപ്പോകരുത്. കുറച്ചു മാത്രമല്ലേ നിങ്ങൾ ആലോചിക്കുന്നുള്ളു!] (അഅ്റാഫ് 3)

അല്ലാഹുവിൻെറ അനുഗ്രഹം എത്ര അപാരമാണ്! അവൻെറ മാർഗ്ഗദർശനം കൃത്യവും വ്യക്തവുമാണ്. അതിൽ അവ്യക്തകളും ആശയക്കുഴപ്പങ്ങളുമില്ല. വ്യാഖ്യാനവും പ്രയോഗവും സഹിതമാണ് അവൻ അത് അവതരിപ്പിച്ചിരിക്കുന്നുത്. അല്ലാഹു പറയുന്നു:

﴿لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ ۞ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ ۞ فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ ۞ ثُمَّ إِنَّ عَلَيْنَا بَيَانَهُ﴾ (القيامة: 16-19)

[താങ്കൾ ധൃതിപ്പെട്ട് അതുമായി താങ്കളുടെ നാവ് ചലിപ്പിക്കേണ്ടതില്ല. തീർച്ചയായും അതിൻെറ സമാഹരണവും പാരായണവും നാം തന്നെ ഏറ്റെടുത്തിരിക്കുന്നു. നാം അത് ഓതിത്തരുമ്പോൾ താങ്കൾ ആ പാരായണം പിന്തുടരുക. പിന്നീട് അതിനു വിവരിച്ചുതരുന്ന കാര്യവും നാം തന്നെ ഏറ്റെടുത്തിരിക്കുന്നു.] (ഖിയാമഃ 16-19)

ഖുർആനിലെ മൂലവാക്യങ്ങളുടെ വ്യാഖ്യാനവും പ്രയോഗവും അല്ലാഹു തന്നെ ഇറക്കിക്കൊടുത്തതാണ്. ഉപരിയിൽനിന്ന് അറിയിപ്പ് കിട്ടാതെ സ്വന്തമായി ഒരു കാര്യവും നബി ﷺ പറയാറില്ല. അവയുടെ വ്യാഖ്യാനവും പ്രായോഗ രീതികളും അവിടുന്ന് അനുചരന്മാരെ പഠിപ്പിച്ചു കൊടുത്തത് അല്ലാഹു നൽകിയ ബോധന പ്രകാരം മാത്രമാണ്. അല്ലാഹു പറയുന്നു:

﴿وَمَا يَنْطِقُ عَنِ الْهَوَى ۞ إِنْ هُوَ إِلَّا وَحْيٌ يُوحَى﴾ (النجم: 3-4)

[അവിടുന്ന് സംസാരിക്കുന്നത് അഭീഷ്ടമനുസരിച്ചല്ല. അത് ബോധനമായി നൽകപ്പെടുന്ന വഹ്‌യ് മാത്രമാണ്.] (നജ്‌മ് 3-4)

നബി ﷺ ക്ക് അറിയിപ്പ് കിട്ടാത്ത കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടുമ്പോൾ വഹ്‌യിനു വേണ്ടി കാത്ത് നിൽക്കുകയാണ് ചെയ്യാറുള്ളത്. അല്ലാതെ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുക എന്നത് അവിടുത്തെ രീതിയായിരുന്നില്ല. ഒരു ഉദാഹരണം കാണുക:

عن جبير بن مطعم رضي الله عنه أن رجلا قال: يا رسول الله! أي البلدان أحب إلى الله؟ واي البلدان أبغض إلى الله؟ قال: لا أدري حتى أسأل جبريل عليه السلام، فأتاه جبريل فأخبره أن أحب البقاع إلى الله المساجد وأبغض البقاع إلى الله الأسواق. [أحمد والبزار واللفظ له وأبو يعلى والحاكم، وحسنه الألباني]

[ജുബൈർ ബിൻ മുത്വ്ഇം رَضِيَ اللهُ عَنْهُ പറയുന്നു, ഒരാൾ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്ന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏത്? അല്ലാഹുവിന്ന് ഏറ്റവും വെറുപ്പുള്ള സ്ഥലം ഏത്? അവിടുന്ന് പറഞ്ഞു: എനിക്ക് അിറയില്ല; ജിബ്‌രീലിനോട് ചോദിക്കട്ടെ. അങ്ങനെ ജിബ്‌രീൽ വരികയും നബി ﷺ യെ അറിയിക്കുകയും ചെയ്തു: അല്ലാഹുവിന്ന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം പള്ളികളും ഏറ്റവും വെറുപ്പുള്ള സ്ഥലം അങ്ങാടികളുമാണ്.]  (അഹ്‌മദ്, ബസ്സാർ, അബൂ യഅ്‌ലാ, ഹാക്കിം)

ജിബ്‌രീലിനോട് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നും, അല്ലാഹുവിനോട് ചോദിക്കാമോ എന്നാരാഞ്ഞപ്പോൾ ചോദിക്കില്ല, അല്ലാഹു പറഞ്ഞാൽ അറിയിക്കാമെന്നും പറഞ്ഞു. അനന്തരം ജിബ്‌രീൽ ഒന്നു പിടയുകയും അതു മൂലം നബി ﷺ മോഹാലസ്യപ്പെടാറാവുകയും ചെയ്തു. പിന്നീട് അല്ലാഹു തന്നെ ജിബ്‌രീലിനോട് ഇങ്ങോട്ട് ചോദിച്ചു: മുഹമ്മദ് നിന്നോട് ഇങ്ങനെ ഒരു കാര്യം ചോദിച്ചുവല്ലോ. എന്നാൽ, അല്ലാഹുവിന്ന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം പള്ളികളും ഏറ്റവും വെറുപ്പുള്ള സ്ഥലം അങ്ങാടികളുമാണ് എന്ന് അറിയിക്കുക. തദടിസ്ഥാനത്തിലാണ് ജിബ്‌രീൽ നബി ﷺ ക്ക് ഉത്തരം നൽകിയതെന്നും മറ്റു ചില റിപ്പോർട്ടുകളിലുണ്ട്.

നബി ﷺ ഗൗരവത്തിലോ തമാശയിലോ കോപത്തിലോ സന്തോഷത്തിലോ ഏതവസ്ഥയിലാണെങ്കിലും  സത്യമല്ലാതെ ഒന്നും അവിടുത്തെ നാവിൽനിന്ന് പുറത്ത് വരില്ല. താഴെ കൊടുക്കുന്ന ഹദീസ് ശ്രദ്ധിക്കുക:

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللهُ عنْهُ، قَالَ: كُنْتُ أَكْتُبُ كُلَّ شَيْءٍ أَسْمَعُهُ مِنْ رَسُولِ اللَّهِ ﷺ أُرِيدُ حِفْظَهُ، فَنَهَتْنِي قُرَيْشٌ وَقَالُوا: أَتَكْتُبُ كُلَّ شَيْءٍ تَسْمَعُهُ وَرَسُولُ اللَّهِ بَشَرٌ يَتَكَلَّمُ فِي الْغَضَبِ، وَالرِّضَا، فَأَمْسَكْتُ عَنِ الْكِتَابِ، فَذَكَرْتُ ذَلِكَ لِرَسُولِ اللَّهِ ﷺ، فَأَوْمَأَ بِأُصْبُعِهِ إِلَى فِيهِ، فَقَالَ: اكْتُبْ فَوَالَّذِي نَفْسِي بِيَدِهِ مَا يَخْرُجُ مِنْهُ إِلَّا حَقٌّ. [أبو داود في سننه وصححه الألباني]

[അബ്ദുല്ലാഹ് ബിൻ അംറ് رَضِيَ اللهُ عَنْهُ പറയുന്നു: നബി ﷺ യിൽനിന്ന് കേൾക്കുന്നതെല്ലാം ഹൃദിസ്ഥമാക്കാൻ ഉദ്ദേശിച്ചു കൊണ്ട് ഞാൻ അതെല്ലാം രേഖപ്പെടുത്തി വെക്കാറുണ്ടായിരുന്നു. അങ്ങനെ ഖുറൈശികൾ എന്നെ വിലക്കിക്കൊണ്ട് പറഞ്ഞു: നീ കേൾക്കുന്നതെല്ലാം എഴുതിവെക്കുകയാണോ? നബി ﷺ യും ഒരു മനുഷ്യനാണ്; ദ്വേഷ്യത്തിലും സന്തോഷത്തിലുമെല്ലാം അവിടുന്ന് സംസാരിക്കും. അങ്ങനെ ഞാൻ എഴുതുന്നത് നിർത്തിവെച്ചു. അത് നബി ﷺ യോട് പറയുകയും ചെയ്തു. അവിടുന്ന് തൻെറ വിരൽ കൊണ്ട് വായിലേക്ക് ചൂണ്ടിയിട്ടു പറഞ്ഞു: നീ എഴുതിക്കൊള്ളുക. എൻെറ ആത്മാവ് ആരുടെ കൈയിലാണോ അവൻ സത്യം! ഇതിൽനിന്ന് സത്യമല്ലാതൊന്നും പുറത്തുവരില്ല.] (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

പ്രബോധനം നബിയുടെ ബാധ്യത

അല്ലാഹു ഇറക്കിക്കൊടുത്ത മാർഗ്ഗദർശനത്തിൻെറ തത്വവും പ്രയോഗവും വ്യക്തവും പൂർണ്ണവുമായ രീതിയിൽ യഥാസമയം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്നത് നബി ﷺ യുടെ കർത്തവ്യമാണ്. അല്ലാഹു പറയുന്നു:

﴿وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ﴾ [النحل: 44]

[ഈ സന്ദേശം താങ്കൾക്കു നാം ഇറക്കിത്തന്നത്, ജനങ്ങൾക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടത് താങ്കൾ അവർക്ക് വിവരിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ്. അവർ പര്യാലോചന നടത്തിയേക്കാം.] (നഹ്ൽ 44)

നമ്മുടെ കമട അതിനു സർവഥാ കീഴ്‌പ്പെടുക മാത്രം

മനുഷ്യാസ്തിത്വത്തിൻെറ സകലമാന സാധ്യതകളും ബാധ്യതകളും സൂക്ഷ്മമായി അറിയുന്നവൻ സ്രഷ്ടാവായ അല്ലാഹുവാണ്. നന്മ തിന്മകളുടെ മാനങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കാൻ കഴിവുള്ളതും നിയന്താവായ അല്ലാഹുവിന് മാത്രമാണ്; സൃഷ്ടികൾക്കാർക്കും അതിനുള്ള കഴിവില്ല. മനുഷ്യൻെറ ഇഹപരവിജയത്തിനാവശ്യമായ ആധികാരിക നിയമസംഹിത ആവിഷ്കരിക്കാൻ സാധിക്കുക അവനു മാത്രമാണ്. അത് തൻെറ സൃഷ്ടികളോടുള്ള കാരുണ്യത്തിൻെറ ഭാഗമായി അവൻ സ്വയം ഏറ്റെടുത്തതുമാണ്. മുഹമ്മദ് നബി ﷺ യുടെ ബാധ്യത അല്ലാഹു ഇറക്കിക്കൊടുക്കുന്ന മാർഗ്ഗദർശനവും നിയമസംഹിതയും സത്യസന്ധമായി ജനങ്ങൾക്ക് എത്തിച്ച് കൊടുക്കലും, കുറ്റമറ്റ രീതിയിൽ അത് അവരെ അഭ്യസിപ്പിക്കലുമാണ്. ജീവിത ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ജനങ്ങൾ ചെയ്യേണ്ടത് ആ സന്ദേശം പൂർണ്ണമനസ്സോടെ സ്വീകരിക്കുകയും അതിനു സർവഥാ കീഴ്‌പ്പെടുകയും ചെയ്യുക എന്നതു മാത്രമാണ്. പ്രസിദ്ധ താബിഈവര്യനായ ഇമാം ഇബ്‌നു ശിഹാബ് അൽ സുഹ്‌രി പറയുന്നത് കാണുക:

وَقَالَ الزُّهْرِيُّ: مِنَ اللَّهِ الرِّسَالَةُ، وَعَلَى رَسُولِ اللَّهِ البَلاَغُ، وَعَلَيْنَا التَّسْلِيمُ. [البخاري في صحيحه معلقا]

[മാർഗ്ഗദർശനം (രിസാലത്ത്) അല്ലാഹുവിൽനിന്നുള്ളതാണ്. റസൂലിൻെറ ബാധ്യത എത്തിച്ചുതരിക എന്നതാണ്. നമ്മുടെ കടമ അതിനു സർവഥാ കീഴ്‌പ്പെടുക എന്നതും.] (ബുഖാരി നിവേദകപരമ്പരയില്ലാതെ സ്വഹീഹിൽ ഉൾപ്പെടുത്തിയത്)

ഭൂമുഖത്തുള്ള മനുഷ്യജീവിതം സഫലമാകണമെങ്കിൽ ലിംഗഭേദമില്ലാതെ ഓരോ വ്യക്തിയും അല്ലാഹു നൽകുന്ന മാർഗ്ഗദർശനം സഹൃദയത്വത്തോടെ കേൾക്കണം. അത് സത്യപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്യണം. അതിനു സർവഥാ കീഴ്‌പ്പെടണം. അല്ലാഹുവോ അവൻെറ ദൂതനോ ഒരു കാര്യം വിധിച്ചാൽ അത് മനസാ വാചാ കർമ്മണാ അംഗീകരിക്കണം. യാതൊരു ചാഞ്ചല്യമോ വിമ്മിട്ടമോ കൂടാതെ അതിനു സർവ്വാത്മനാ കീഴ്‌പ്പെടണം. അതിനു മുന്നിൽ തൻെറ വൈയക്തികമായ താൽപര്യങ്ങൾക്കോ ഇഷ്ടാനിഷ്ടങ്ങൾക്കോ ഒരു സ്ഥാനവും നൽകാനും പാടില്ല. അല്ലാഹു പറയുന്നു:

﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا﴾ (الأحزاب: 36)

[അല്ലാഹുവും അവൻെറ റസൂലും ഒരു കാര്യം വിധിച്ചാൽ വിശ്വാസിയായ പുരുഷന്നോ സ്ത്രീക്കോ സ്വന്തം താൽപര്യത്തിൽപെട്ട മറ്റൊന്നു തെരഞ്ഞെടുക്കാൻ പാടില്ല. അല്ലാഹുവിനെയും അവൻെറ റസൂലിനെയും ആർ ധിക്കരിക്കുന്നുവോ തീർച്ചയായും അവൻ വിദൂരമായ വഴികേടിലായിരിക്കുന്നു.] (അഹ്സാബ് 36)

അടിയനായ മനുഷ്യൻ സ്രഷ്ടാവായ അല്ലാഹുവിൻെറ മുന്നിൽ നടത്തേണ്ട ആത്മസമർപ്പണത്തിൻെറ നിരവധി പാഠങ്ങൾ ഖുർആനിലുണ്ട്. മറ്റൊരു സൂക്തം ശ്രദ്ധിക്കുക:

﴿إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَئِكَ هُمُ الْمُفْلِحُونَ﴾ (النور: 51)

[തങ്ങൾക്കിടയിൽ വിധികൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിച്ചാൽ സത്യവിശ്വാസികൾ പറയുക, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്നു മാത്രമായിരിക്കും. അവർ തന്നെയാകുന്നു വിജയികൾ.] (അന്നൂർ 51)

ആത്മാർപ്പണത്തിൻെറ പൂർണ്ണത വിശ്വാസത്തിൻെറ ഭാഗമാണ്. ഈ രംഗത്തു തന്നെയാണ് വിശ്വാസം പരീക്ഷിക്കപ്പെടുന്നതും. അല്ലാഹുവിൻെറ ശാസനകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും കീഴ്‌പ്പെടുന്നത് ഏത് മനോനിലയിലാണെന്ന് പരീക്ഷിക്കപ്പെടാതെ പോവില്ല. അല്ലാഹുവിൻെറയും റസൂലിൻെറയും കൽപനാ വിലക്കുകൾക്ക് കീഴ്‌പ്പെടുമ്പോൾ മനസ്സിൽ വല്ല വിഷമമോ വിമ്മിട്ടമോ തോന്നുന്നുവെങ്കിൽ അർപ്പണം പരിപൂർണ്ണമല്ലെന്നും അത് വിശ്വാസത്തെ ബാധിക്കുമെന്നും അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം:

﴿فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ (النساء: 65)

[നിൻെറ റബ്ബു തന്നെ സത്യം! അവർക്കിടയിൽ ഭിന്നിപ്പുണ്ടായ കാര്യത്തിൽ താങ്കളെ അവർ വിധികർത്താവാക്കുന്നതുവരെ അവർ വിശ്വാസികളാവില്ല; എന്നിട്ട് താങ്കൾ വിധിച്ചതിൽ അവരുടെ മനസ്സിൽ യാതൊരു വിഷമവും അനുഭവപ്പെടാതിരിക്കുകയും അതിന് അങ്ങേയറ്റം കീഴ്‌പ്പെടുകയും ചെയ്യുന്നതുവരേക്കും.] (നിസാഅ് 65)

അല്ലാഹുവിൻെറയും റസൂലിൻെറയും ശാസനകൾക്ക് പൂർണ്ണ മനസ്സോടെ കീഴ്‌പ്പെടുന്നതിനു പകരം, തന്നിഷ്ടങ്ങൾ പിൻപറ്റി അവയിൽ നിന്ന് വ്യതിചലിക്കാനാണ് ഭാവമെങ്കിൽ അവരുടെ പരിണിതി വളരെ പരിതാപകരമായിരിക്കും; അവരുടെ ധാർമ്മികവും നൈതികവുമായ നില ഏറ്റവും ദൂഷിതവുമായിരിക്കും. അല്ലാഹു പറയുന്നു:

﴿فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ﴾ (النور: 63)

[അതിനാൽ അവിടുത്തെ കൽപനയിൽനിന്ന് വ്യതിചലിക്കുന്നവർ തങ്ങൾക്ക് വല്ല ഫിത്നഃയും വന്നുഭവിക്കുന്നതോ, വേദനിപ്പിക്കുന്ന ശിക്ഷ ബാധിക്കുന്നതോ സൂക്ഷിച്ചു കൊള്ളട്ടെ.] (അന്നൂർ 63)

നബി ﷺ യുടെ കൽപനയിൽ നിന്ന് വ്യതിചലിക്കുന്നവരെ ഫിത്നഃ ബാധിക്കുമെന്നതിൻെറ വിവക്ഷ പ്രാമാണികരായ ഖുർആൻ വ്യാഖ്യാതാക്കൾ വിവരിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ മുതൽ അഹ്‌മദ് ബിൻ ഹൻബൽ വരെയുള്ളവർ നൽകിയ വ്യാഖ്യാനം അത്തരക്കാർ ശിർക്കിൽ അകപ്പെടുമെന്നാണ്. നബി ﷺ യുടെ കൽപന യിൽനിന്ന് വ്യതിചലിക്കുകയും തന്നിഷ്ടങ്ങൾ പിന്തുടരുകയും ചെയ്യുന്നവർക്ക് ഹൃദയലാവണ്യവും സഹൃദയത്വവും നഷ്ടപ്പെടാൻ ഇടവരും. പകരം അവരുടെ മനസ്സിൽ വക്രതയും കുടിലതയും സ്ഥാനംപിടിക്കും. അങ്ങനെ അവരുടെ വ്യതിയാനം ചെറിയ കാര്യങ്ങളിൽ നിന്ന് ഗുരുതരമായ കാര്യങ്ങളിലേക്ക് നീങ്ങുകയും അവസാനം ശിർക്കിൽ അകപ്പെട്ട് നശിച്ചു പോകുകയും ചെയ്യും. മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് رَحِمَهُ اللهُ കിതാബുത്തൗഹീദിൽ ഉദ്ധരിക്കുന്നത് കാണുക:

وقال الإمام أحمد: عجبت لقوم عرفوا الإسناد وصحته، ويذهبون إلى رأي سفيان، والله تعالى يقول: فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ۞ أتدري ما الفتنة؟ الفتنة الشرك؛ لعله إذا رد بعض قوله أن يقع في قلبه شيء من الزيغ فيهلك. [محمد بن عبد الوهاب في كتاب التوحيد]

[ഇമാം അഹ്‌മദ് പറയുന്നു: ഹദീസും നിവേദന പരമ്പരയും അറിയാവുന്നവർ തന്നെ സുഫ്‌യാൻെറ അഭിപ്രായത്തിലേക്ക് പോകുന്നതിൽ എനിക്ക് ആശ്ചര്യം തോന്നുകയാണ്! അല്ലാഹു പറയുന്നു: ”അവിടുത്തെ കൽപനയിൽനിന്ന് വ്യതിചലിക്കുന്നവർ തങ്ങൾക്ക് വല്ല ഫിത്നഃയും വന്നുഭവിക്കുന്നതോ, വേദനിപ്പിക്കുന്ന ശിക്ഷ ബാധിക്കുന്നതോ സൂക്ഷിച്ചു കൊള്ളട്ടെ”. ഫിത്നഃ എന്താണെന്ന് നിനക്കറിയുമോ? ഫിത്നഃ എന്നാൽ ശിർക്കാകുന്നു. അവിടുത്തെ കൽപനകളിൽ ചിലത് നിരാകരിക്കുന്നതോടെ അവൻെറ ഹൃദയത്തിൽ ചില വ്യതിയാനങ്ങൾ സ്ഥാനംപിടിക്കുന്നു. അങ്ങനെ അവൻ നാശമടയുടകയും ചെയ്യുന്നു.] (മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് കിതാബുത്തൗഹീദിൽ ഉദ്ധരിച്ചത്)

അല്ലാഹുവോ അവൻെറ റസൂലോ ഒരു കാര്യം അനുശാസിച്ചാൽ വിശ്വാസികൾക്ക് ചെയ്യാനുള്ളത് അത് കേൾക്കുക, സത്യപ്പെടുത്തുക, അംഗീകരിക്കുക, അനുസരിക്കുക, സർവ്വാത്മനാ കീഴ്‌പ്പെടുക എന്നതു മാത്രമാണ്. അല്ലാഹു കൽപിച്ചിരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ അതിനു സർവഥാ കീഴ്‌പ്പെടണം. യുക്തിപരമാണോ, ശാസ്ത്രീയമാണോ, കാലികമാണോ, പ്രായോഗികമാണോ, പ്രയോജനാത്മകമാണോ എന്നൊന്നും നോക്കിയല്ല സ്വീകരിക്കേണ്ടതെന്ന് സാരം. അതിനു മുന്നിൽ തൻെറ താൽപര്യങ്ങൾക്കോ മുൻഗണനകൾക്കോ അഭീഷ്ടങ്ങൾക്കോ അഭിരുചികൾക്കോ യാതൊരു പരിഗണനയുമില്ല. അതിനു സർവഥാ കീഴ്‌പ്പെടുന്നതിൽ യാതൊരുവിധ മുഷിപ്പോ മനോവിഷമമോ തോന്നാവതുമല്ല. അല്ലാഹുവിൻെറയും റസൂലിൻെറയും ശാസനകൾക്കുള്ള അപരിമേയമായ വിധേയത്വമാണ് സ്രഷ്ടാവിന്നുള്ള ആത്മാർപ്പണത്തിൻെറ കാതൽ. ഈ പൊരുളിൽ നിന്നാണ് അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം – ഇസ്‌ലാം – അതിൻെറ പേരു തന്നെ സ്വീകരിച്ചിരിക്കുന്നത്.

അഹം വെടിഞ്ഞ് അല്ലാഹുവിന്ന് ആത്മസമർപ്പണം നടത്തുക എന്നതാണ് ഇസ്‌ലാമിൻെറ കാതൽ. ഇത് സാക്ഷാത്ക്കരിക്കാൻ ഉതകുന്ന പ്രാമാണികമായ ചില ശാസനകളും ശിക്ഷണങ്ങളുമാണ് നടേ സൂചിപ്പിച്ചത്. അതേപോലെ പ്രമാണരേഖകളിൽ സ്ഥിരപ്പെട്ടിട്ടുള്ള ആത്മസമർപ്പണത്തിൻെറ ചില മഹനീയ മാതൃകകൾ കൂടി നമുക്ക് പരിശോധിക്കാം.

നാഗരികതയുടെ കളിത്തൊട്ടിലായി വിശേഷിപ്പിക്കപ്പെടാറുള്ള പുരാതന ഇറാഖിൽ സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇബ്റാഹീം എന്ന ഒരു ചെറുപ്പക്കാരൻ വളർന്നു വരുന്നു. സ്രഷ്ടാവ് കനിഞ്ഞേകിയ ശുദ്ധപ്രകൃതത്തെ മലിനമാക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്വാഭാവികമായും തൻെറ ചുറ്റുപാടുകളിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊടിയ അക്രമങ്ങളോട് അദ്ദേഹത്തിനു രാജിയാവാൻ കഴിഞ്ഞില്ല. തൻെറ മനസ്സ് കടുത്ത അസംതൃപ്തിയിലും സംഘർഷത്തിലും അകപ്പെടുന്നു. ഏകനായ സ്രഷ്ടാവും ആരാധ്യനുമായ അല്ലാഹുവിനോട് സൃഷ്ടികളെ പങ്കുചേർക്കുന്ന ശിർക്ക്, അതു തന്നെയായിരുന്നു തൻെറ പിതാവടക്കമുള്ള സമൂഹം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റായ നടപടികളിൽ അദ്ദേഹത്തെ ഏറ്റവുമധികം വേദനിപ്പിച്ചത്.

അങ്ങനെ സാധാരണക്കാരനായിരുന്ന ഇബ്റാഹീമിനെ അല്ലാഹു തെരഞ്ഞെടുക്കുന്നു, നുബുവ്വത്ത് നൽകി നബിയുടെ പദവിയിലേക്ക് ഉയർത്താൻ. അല്ലാഹുവിൻെറ സന്ദേശം പാമരജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്ന ദൂത് ഏൽപിക്കാനും ഇബ്റാഹിമിനെ തന്നെ തെരഞ്ഞെടുക്കുന്നു. അതോടെ റസൂലിൻെറ പദവിയിലേക്കും അദ്ദേഹം ഉയർത്തപ്പെടുന്നു. അല്ലാഹുവിൻെറ പ്രാപഞ്ചികമായ നടപടിക്രമങ്ങൾക്ക് അതീതനല്ല ഇബ്റാഹീം. അദ്ദേഹത്തൻെറ വിശ്വാസ ദാർഢ്യം അല്ലാഹു പരീക്ഷിക്കുന്നു; അക്ഷരാർത്ഥത്തിൽ അഗ്നിപരീക്ഷണങ്ങൾക്ക് തന്നെ അദ്ദേഹത്തെ വിധേയനാക്കുന്നു. എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂർത്തീകരിച്ചപ്പോൾ അദ്ദേഹത്തെ അല്ലാഹു ലോകരുടെ ഇമാമായി തെരഞ്ഞെടുത്ത് പദവി വീണ്ടും ഉയർത്തിക്കൊടുക്കുന്നു. അതു കൊണ്ടും അവസാനിക്കുന്നില്ല. അല്ലാഹു അദ്ദേഹത്തെ തൻെറ ഖലീലായി തെരഞ്ഞെടുക്കുന്നു. അങ്ങനെ അല്ലാഹുവിൻെറ അതിവിശിഷ്ഠമായ സ്നേഹവലയത്തിലേക്ക് അദ്ദേഹത്തെ ഉയർത്തുന്നു. അല്ലാഹുവിൻെറ സാമീപ്യശ്രേണിയിൽ ഈ ശൃംഗത്തിലെത്താൻ അദ്ദേഹത്തെ യോഗ്യനാക്കിയ കാര്യമെന്താണ്? അല്ലാഹുവിന്നുള്ള ആത്മസമർപ്പണമല്ലാതെ മറ്റൊന്നുമല്ല. അല്ലാഹു പറയുന്നത് കാണുക:

﴿وَمَنْ يَرْغَبُ عَنْ مِلَّةِ إِبْرَاهِيمَ إِلَّا مَنْ سَفِهَ نَفْسَهُ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ ۞ إِذْ قَالَ لَهُ رَبُّهُ أَسْلِمْ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ ۞ وَوَصَّى بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللَّهَ اصْطَفَى لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ ۞ أَمْ كُنْتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنْ بَعْدِي قَالُوا نَعْبُدُ إِلَهَكَ وَإِلَهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ ۞ تِلْكَ أُمَّةٌ قَدْ خَلَتْ لَهَا مَا كَسَبَتْ وَلَكُمْ مَا كَسَبْتُمْ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ﴾ (البقرة: 130-134)

[സ്വയം മൂഢനായവനല്ലാതെ ആരാണ് ഇബ്റാഹീമിൻെറ മാർഗ്ഗത്തിൽനിന്നും മുഖംതിരിക്കുക?! ഇഹലോകത്ത് വെച്ച് തന്നെ അദ്ദേഹത്തെ നാം ശ്രേഷ്ഠനായി തെരഞ്ഞെടുത്തിരിക്കുന്നു. നിശ്ചയമായും അദ്ദേഹം പരലോകത്ത് സജ്ജനങ്ങളുടെ കൂട്ടത്തിലുമായിരിക്കും. നീ സർവഥാ കീഴ്‌പ്പെടൂ എന്ന് തൻെറ റബ്ബ് പറഞ്ഞ മാത്രയിൽ അദ്ദേഹം പ്രതിവചിച്ചു: ഞാൻ ഇതാ മുഴുലോകങ്ങളുടെയും റബ്ബായ അല്ലാഹുവിന് സർവഥാ കീഴ്‌പ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതു തന്നെയാണ് ഇബ്റാഹീം തൻെറ മക്കൾക്ക് വസ്വിയ്യത്ത് നൽകിയതും; അതേ പോലെ യഅ്ഖൂബും: എൻെറ മക്കളേ, നിശ്ചയമായും ഈ അർപ്പണത്തിൻെറ മതമാണ് അല്ലാഹു നിങ്ങൾക്ക് തെരഞ്ഞെടുത്തു തന്നിരിക്കുന്നത്. അതിനാൽ ആത്മാർപ്പണം ചെയ്തവരായിട്ടല്ലാതെ നിങ്ങൾ മരിക്കാൻ ഇടവരരുത്. യഅ്ഖൂബിന് മരണം ആസന്നമായ സമയത്ത് നിങ്ങൾ അവിടെ സന്നിഹിതരായിരുന്നോ? അന്നേരം അദ്ദേഹം തൻെറ മക്കളോട് ചോദിച്ചു: എൻെറ കാലശേഷം നിങ്ങൾ ആരെയാണ് ആരാധിക്കുക? അവർ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കൾ ഇബ്റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെ ആരാധ്യനായ, ഏക ഇലാഹിനെ മാത്രമായിരിക്കും ഞങ്ങൾ ആരാധിക്കുക. ഞങ്ങൾ അവന്ന് ആത്മാർപ്പണം ചെയ്യുന്നവരായിരിക്കും. ആ സമുദായം കഴിഞ്ഞുപോയി. അവർ പ്രവർത്തിച്ചതിൻെറ ഫലം അവർക്കുണ്ടായിരിക്കും. നിങ്ങൾ പ്രവർത്തിച്ചതിൻെറ ഫലം നിങ്ങൾക്കും. അവർ ചെയ്തിരുന്നതിനെ കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടില്ല.] (ബഖറഃ 130-134)

അല്ലാഹുവിന്നുള്ള ആത്മാർപ്പണമാണ് ഇസ്‌ലാമിൻെറ പൊരുൾ. ശിർക്കിൻെറ പക്ഷം വെടിഞ്ഞ്, വ്യക്തമായി തൗഹീദിൻെറ പക്ഷത്ത് നിലയുറപ്പിക്കലാണ് ഇബ്റാഹീമിൻെറ മാർഗ്ഗം. ഈ നിലപാടാണ് അദ്ദേഹത്തിന് അല്ലാഹുവിങ്കൽ ഉന്നത സ്ഥാനം നേടിക്കൊടുത്തത്. ഒരു വിശ്വാസിക്ക് പിന്തുടരാൻ ഇതിനെക്കാൾ ഉദാത്തമായ മറ്റൊരു മാർഗ്ഗമോ മാതൃകയോ ഇല്ല. അല്ലാഹു പറയുന്നു:

﴿وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا﴾ (النساء: 125)

[മതപരമായ പൂർണ്ണത കൈവരിച്ചു കൊണ്ട് തൻെറ മുഖം (സ്വത്വം) അല്ലാഹുവിന്ന് സമർപ്പിക്കുകയും, ശിർക്ക് വെടിഞ്ഞ് വ്യക്തമായും അല്ലാഹുവിൻെറ ഏകത്വത്തിലേക്ക് തിരിഞ്ഞുകൊണ്ട് ഇബ്റാഹീമീ മാർഗ്ഗം പിന്തുടരുകയും ചെയ്തവനെക്കാൾ മതകാര്യത്തിൽ കുറ്റമറ്റവനായി ആരുണ്ട്? അല്ലാഹു ഇബ്റാഹീമിനെ ഉറ്റമിത്രമായി സ്വീകരിച്ചിരിക്കുന്നു.] (നിസാഅ് 125)

വിശ്വാസത്തെ കുറിച്ച് മനുഷ്യരുടെ അവകാശവാദങ്ങൾ കണ്ണടച്ച് അനുവദിച്ചു കൊടുക്കുക എന്നതല്ല അല്ലാഹുവിൻെറ രീതി. അത് പരീക്ഷണങ്ങളിലൂടെ തെളിയിച്ച് കാണിക്കാതെ ഒരാളെയും വിടാൻ പോകുന്നില്ല. ഇബ്റാഹീമിനെ അല്ലാഹു കടുത്ത പരീക്ഷണങ്ങൾക്ക് വിധേയമാക്കി. അവയെല്ലാം അദ്ദേഹം വിജയകരമായി പൂർത്തികരിച്ചു. തൽഫലമായി അദ്ദേഹത്തിന് ഉന്നതമായ സ്ഥാനമാനങ്ങൾ നൽകുകയും ചെയ്തു. അല്ലാഹു പറയുന്നു:

﴿وَإِذِ ابْتَلَى إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا قَالَ وَمِنْ ذُرِّيَّتِي قَالَ لَا يَنَالُ عَهْدِي الظَّالِمِينَ﴾ (البقرة: 124)

[ഇബ്റാഹീമിനെ തൻെറ റബ്ബ് ചില കൽപനാ വചനങ്ങളിലൂടെ പരീക്ഷിക്കുകയും അദ്ദേഹം അവയെല്ലാം പൂർത്തികരിക്കുകയും ചെയ്ത സന്ദർഭം. അവൻ അരുൾ ചെയ്തു: നിന്നെ ഞാൻ ലോകർക്കുള്ള ഇമാമാക്കുകയാണ്. അദ്ദേഹം യാചിച്ചു: എൻെറ സന്തതികളിൽ പെട്ടവരെയും. അവൻ പറഞ്ഞു: എൻെറ ഉടമ്പടി അക്രമികൾക്ക് ലഭിക്കുകയില്ല.] (ബഖറഃ 124)

അല്ലാഹുവിൻെറ പരീക്ഷണങ്ങൾ അദ്ദേഹം വിജയകരമായി പൂർത്തീകരിച്ചത് എങ്ങനെ എന്ന് പരിശോധിക്കാം. അവൻെറ കൽപന വന്നാൽ യാതൊരു വിധ പുനരാലോചനയുമില്ലാതെ, എന്തിനെന്നോ എങ്ങനെയെന്നോ തിരിച്ചൊരു അന്വേഷണമില്ലാതെ അവക്ക് സർവഥാ കീഴ്‌പ്പെടുന്നു. അതിനു മുന്നിൽ തൻെറ അഹം ത്യജിക്കുന്നു. മുഖവും സ്വത്വവും ജീവിതവും മരണവും അല്ലാഹുവിന്ന് സമർപ്പിക്കുന്നു. ഉദാഹരണമായി ഭാര്യയെയും, ജീവിതത്തിൻെറ സായംസന്ധ്യയിൽ ഇരുവർക്കും ഓമനിക്കാൻ കിട്ടിയ കൈകുഞ്ഞിനെയും അങ്ങകലെ ആൾപാർപ്പില്ലാത്ത, ജീവജലമില്ലാത്ത, വിജനവും ദുർഘടവുമായ ബക്കാ താഴ്വരയിൽ കൊണ്ടു വിട്ട് തനിയെ തിരിച്ചു പോരാനുള്ള കൽപന. അത് വരുമ്പോൾ പുനരാലോചനയില്ലാതെ അതിനു സർവഥാ കീഴ്‌പ്പെടുന്നു. അതിൻെറ പിന്നിലെ യുക്തി അന്വേഷിക്കുന്നില്ല. അതിൻെറ പ്രായോഗികതയെ കുറിച്ച് വ്യാകുലപ്പെടുന്നില്ല. അല്ലാഹു കൽപിച്ചാൽ അത് പൂർണ്ണമനസ്സോടെ നിറവേറ്റുക തന്നെ. അവരെ തനിച്ചാക്കി തിരിച്ചു പോരുമ്പോൾ ജീവിതസഖിയായ ഹാജർ വലിയ നിസ്സഹായതയോടെ ആരായുന്നു: ഇത് അല്ലാഹുവിൻെറ കൽപന പ്രകാരമാണോ? ഒറ്റവാക്കിൽ ഉത്തരം നൽകുന്നു: അതെ. അവർ ആശ്വസിക്കുന്നു; എങ്കിൽ, അവൻ ഞങ്ങളെ പാഴാക്കില്ല. അവിടെയാണ് വിശ്വാസത്തിൻെറ വീര്യം. ആത്മാർപ്പണത്തിൻെറ മഹനീയമായ മാതൃക. വളവു തിരിഞ്ഞ് കൺവെട്ടത്തു നിന്ന് അവർ അപ്രത്യക്ഷമായപ്പോൾ ഇബ്റാഹീം ഇരുകൈകളും ഉയർത്തി തൻെറ റബ്ബിനോട് പറയുന്നു:

﴿رَبَّنَا إِنِّي أَسْكَنْتُ مِنْ ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِنْدَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُمْ مِنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ﴾ (إبراهيم: 37)

[ഞങ്ങളുടെ റബ്ബേ! ഞാൻ ഇതാ ഒരു കൃഷിയുമില്ലാത്ത ഈ താഴ്വരയിൽ, നിൻെറ പവിത്രമായ ഗേഹത്തിനരികെ എൻെറ പിൻമുറയിൽപെട്ടവരെ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അവർ യഥാവിധം നമസ്കാരം നിർവ്വഹിക്കുന്നതിനു വേണ്ടിയാണത്. മനുഷ്യരിൽ ചിലരുടെയെങ്കിലും ഹൃദയങ്ങളെ അവരിലേക്ക് നീ തിരിക്കേണമേ. അവർക്ക് എല്ലാവിധ ഫലങ്ങളിൽനിന്നും നീ ഉപജീവനം നൽകുകയും ചെയ്യേണമേ. അവർ നന്ദി കാണിച്ചേക്കാം.] (ഇബ്റാഹീം 37)

ആ കുഞ്ഞ് വളർന്നു വളർന്ന് ബക്കാ താഴ്വരയിൽ, കഅ്ബാലയത്തിൻെറ പരിസരങ്ങളിലൂടെ പിച്ചവെച്ച് നടക്കാൻ തുടങ്ങുന്നു. ഇസ്മാഈലിൻെറ കുഞ്ഞിക്കാലുകൾ ഓടിച്ചാടുന്നത് കണ്ട് മനം കുളിർക്കുമ്പോൾ വീണ്ടും അതാ അല്ലാഹുവിൻെറ കൽപന വരുന്നു:

﴿فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ فَانْظُرْ مَاذَا تَرَى قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِنْ شَاءَ اللَّهُ مِنَ الصَّابِرِينَ﴾ (الصافات: 102)

[തൻെറ കൂടെ ഓടിനടക്കുന്ന പ്രായമെത്തിയപ്പോൾ ഇബ്റാഹീം പറയുന്നു: മകനേ, നിന്നെ ഞാൻ അറുക്കണമെന്ന് എനിക്ക് സ്വപ്നത്തിലൂടെ കൽപന ലഭിച്ചിരിക്കുന്നു. നോക്കൂ! നിനക്ക് എന്ത് തോന്നുന്നു? അവൻ പറഞ്ഞു: പിതാവേ, അങ്ങയോട് കൽപിക്കപ്പെട്ടത് ചെയ്തുകൊള്ളുക. അല്ലാഹുവിൻെറ വേണ്ടുകയാൽ ക്ഷമാശാലികളുടെ കൂട്ടത്തിൽ നിങ്ങൾക്ക് എന്നെ കാണാൻ കഴിയും.] (സ്വാഫ്ഫാത് 102)

ഒരു വിമ്മിട്ടവുമില്ലാതെ ഇബ്റാഹീം അല്ലാഹുവിൻെറ കൽപനക്ക് സർവഥാ കീഴ്‌പ്പെടുന്നു. അതിൻെറ യുക്തിയും കാരണവും തേടുന്നില്ല. അത് ഏൽപിച്ചേക്കാവുന്ന മാനസിക ആഘാതത്തെ കുറിച്ച് പരിഭവപ്പെടുന്നില്ല. എന്തിനാണ് അപ്രകാരം ചെയ്യുന്നത്, അതിൻെറ പ്രയോജനമെന്താണ് എന്നൊന്നും അന്വേഷിക്കുന്നില്ല. എല്ലാവിധ സംശയങ്ങൾക്കുമുള്ള ഉത്തരം ഇബ്റാഹീമിൻെറ ബോധ്യത്തിലും വിശ്വാസത്തിലുമുണ്ട്. സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിൻെറ കൽപനയാണിത്. അവനു കീഴ്‌പ്പെടാൻ വേറെ കാരണങ്ങളും യുക്തികളും വേണ്ട. അവൻ കൽപിച്ചു എന്ന ഒറ്റക്കാരണം മതി. അപ്പോൾ മാത്രമേ അവനുള്ള സമർപ്പണം പൂർണ്ണമാകുന്നുള്ളു. ഇബ്റാഹീം പൂർണ്ണ മനസ്സോടെ അല്ലാഹുവിൻെറ കൽപന നടപ്പിലാക്കുന്നു.

﴿فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ ۞ وَنَادَيْنَاهُ أَنْ يَا إِبْرَاهِيمُ ۞ قَدْ صَدَّقْتَ الرُّؤْيَا إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ﴾ (الصافات: 103-105)

[അങ്ങനെ അവർ രണ്ടു പേരും കീഴ്‌പ്പെടുകയും അദ്ദേഹത്തെ (ഇസ്മാഈലിനെ) നെറ്റിവെച്ച് കമഴ്ത്തിക്കിടത്തുകയും ചെയ്തപ്പോൾ അല്ലാഹു അദ്ദേഹത്തെ വിളിച്ചു. ഇബ്റാഹീം! നീ സ്വപ്നത്തിലൂടെ ലഭിച്ച കൽപന പാലിച്ചിരിക്കുന്നു. തീർച്ചയായും സർവ്വാർപ്പണം ചെയ്യുന്നവർക്ക് ഇപ്രകാരമാണ് നാം പ്രതിഫലം നൽകുന്നത്.] (സ്വാഫാത്ത് 103-105)

ഇബ്റാഹീം അല്ലാഹു നിയോഗിച്ച നബിയും റസൂലുമാണ്. അമ്പിയാക്കന്മാരുടെ പിതാവാണ്. മുവഹ്ഹിദുകളുടെ നേതാവാണ്. ലോകരുടെ ഇമാമാണ്. അല്ലാഹുവിൻെറ ഖലീലാണ്. ആകാശഭൂമികളുടെ ആധിപത്യ രഹസ്യങ്ങൾ കാണിക്കപ്പെട്ടവനാണ്. അദ്ദേഹത്തെ ഇത്രയും ശ്രേഷ്ഠനായി തെരഞ്ഞെടുത്തതും ഉന്നതമായ പദവികളിലേക്ക് ഉയർത്തിയതും ആത്മാർപ്പണത്തിൻെറ പൂർണ്ണത കൊണ്ടാണ്. നീ കീഴ്‌പ്പെടൂ എന്ന് തൻെറ റബ്ബ് പറഞ്ഞപ്പോൾ, ഞാൻ ഇതാ മുഴുലോകങ്ങളുടെയും റബ്ബായ അല്ലാഹുവിന് സർവഥാ കീഴ്‌പ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ് അദ്ദേഹം പ്രതിവചിച്ചത്. അല്ലാഹുവിൻെറ ഏകത്വം ഉയർത്തിപ്പിടിച്ച് അവൻെറ ശാസനകൾക്ക് സർവഥാ കീഴ്‌പ്പെടുകയും അവനു മുമ്പിൽ ആത്മാർപ്പണം നടത്തുകയും ചെയ്യുക എന്നതാണ് ഇബ്റാഹീമിൻെറ മില്ലത്ത്. അതു തന്നെയാണ് ഇസ്‌ലാമിൻെറ ആകത്തുകയും.

അല്ലാഹു ഇറക്കിയ സന്ദേശത്തിൻെറ ഉള്ളടക്കം വൃത്താന്തങ്ങളോ വിധിവിലക്കുകളോ ആയിരിക്കും. വൃത്താന്തങ്ങൾ സത്യപ്പെടുത്തുകയും ചാഞ്ചല്യമില്ലാതെ അവയിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യണം. വിധി വിലക്കുകളാണെങ്കിൽ അവയെ മാനിക്കുകയും വീഴ്ച കൂടാതെ പാലിക്കുകയും വേണം. ഇതാണ് മുഹമ്മദ് നബി ﷺ കൊണ്ടുവന്ന സന്ദേശങ്ങൾക്ക് കീഴ്‌പ്പെടുന്ന രീതി. ഇക്കാര്യം അനുചരന്മാരെ ബോധ്യപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ നബിചര്യയിലുണ്ട്. ഒരു ഉദാഹരണം കാണുക:

عن أبي سعيد أن رجلا أتى النبي ﷺ فقال: أخي يشتكي بطنه، فقال: اسقه عسلا، ثم أتاه الثانية، فقال: اسقه عسلا، ثم أتاه الثالثة فقال: اسقه عسلا، ثم أتاه فقال: قد فعلت فقال: صدق الله وكذب بطن أخيك، اسقه عسلا، فسقاه، فبرأ. [البخاري في صحيحه]

[അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللهُ عَنْهُ നിവേദനം. ഒരാൾ നബി ﷺ യെ സമീപിച്ചുകൊണ്ട് പറയുന്നു: എൻെറ സഹോദരനു വയറിളക്കം ബാധിച്ചിരിക്കുന്നു. അവിടുന്ന് നിർദ്ദേശിച്ചു: അവനു തേൻ നൽകൂ. അദ്ദേഹം രണ്ടാമതും നബി ﷺ യെ സമീപിക്കുന്നു. അപ്പോഴും നബി ﷺ പറയുന്നു: അവനു തേൻ നൽകൂ. അദ്ദേഹം മൂന്നാമതും നബി ﷺ യെ സമീപിക്കുന്നു. അപ്പോഴും നബി ﷺ പറയുന്നു: അവനു തേൻ നൽകൂ. പിന്നെയും അദ്ദേഹം വന്ന് പറഞ്ഞു: ഞാൻ ചെയ്തുവല്ലോ? അപ്പോൾ അവിടുന്ന് പ്രതിവചിക്കുന്നു: അല്ലാഹു പറഞ്ഞത് സത്യമാണ്. നിന്റെ സഹോദരൻെറ ഉദരം നിരാകരിക്കുകയാണ്!! അവന് തേൻ നൽകൂ. അങ്ങനെ അദ്ദേഹം അയാൾക്ക് വീണ്ടും തേൻ കൊടുക്കുകയും അദ്ദേഹത്തിനു രോഗമുക്തി ലഭിക്കുകയും ചെയ്തു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്).

തേനിൽ ശമനം ഉണ്ടെന്നത് അല്ലാഹുവിൻെറ വചനമാണ്. അവൻെറ വചനം സത്യമാണ്, അതിൽ തെറ്റ് സംഭവിക്കുന്ന പ്രശ്നമില്ല. ഒരു സ്വഹാബി വന്ന് തൻെറ സഹോദരന് വയറിളക്കം ബാധിച്ച കാര്യം പറയുന്നു. അദ്ദേഹത്തിന് തേൻ കൊടുക്കാൻ നബി ﷺ നിർദ്ദേശിക്കുന്നു. മൂന്നു തവണ ആവർത്തിച്ചിട്ടും രോഗം മൂർഛിക്കുകയല്ലാതെ ശമിക്കുന്ന മട്ടില്ല. എന്നിട്ടും നബി ﷺ ക്ക് അല്ലാഹുവിൻെറ വചനത്തെ കുറിച്ച് യാതൊരു സന്ദേഹവും തോന്നുന്നില്ല. അവിടുന്ന് പറയുന്നു: അല്ലാഹു പറഞ്ഞത് സത്യമാണ്. നിൻെറ സഹോദരൻെറ ഉദരമാണ് കളവാക്കുന്നത്!! വീണ്ടും അദ്ദേഹത്തിന് തേൻ കൊടുക്കാൻ നിർദ്ദേശിക്കുകയും നാലാം തവണ തേൻ നൽകിയപ്പോൾ അയാൾക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു. വൃത്താന്തങ്ങൾക്ക് കീഴ്‌പ്പെടുന്ന രൂപം ഇതാണ്. അത് സത്യപ്പെടുത്തുക, വിശ്വസിക്കുക, അതിൽ സന്ദേഹമോ ചാഞ്ചല്യമോ തോന്നാതിരിക്കുക. അതിനു സാധിക്കണമെങ്കിൽ അല്ലാഹുവിൻെറ ശാസനകൾക്ക് സർവഥാ കീഴ്‌പ്പെടുകയും അവൻെറ മുമ്പിൽ ആത്മാർപ്പണം നടത്തുകയും ചെയ്യണം. ഈ സംഭവത്തിലൂടെ നബി ﷺ അർപ്പണത്തെ കുറിച്ച് മഹത്തായ ഒരു പാഠം നൽകുകയും അനുചരന്മാരെ അതിനു പരിശീലിപ്പിക്കുകയുമാണ് ചെയ്യുന്നത്

അബൂബക്കർ സ്വിദ്ദീഖ് رَضِيَ اللهُ عَنْهُ വിൻെറ കാര്യമെടുക്കാം. നബി ﷺ യുടെ ഏറ്റവും അടുത്ത അനുയായി, ഉത്തരാധികാരികളിൽ പ്രഥമൻ, നബി ﷺ കഴിഞ്ഞാൽ ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠനായ വ്യക്തി, പരമ സാത്വികൻ, നബി ﷺ യെ ഏതു കാര്യത്തിലും പരിപൂർണ്ണമായി സത്യപ്പെടുത്തിയവൻ. അവിടുന്ന് നൽകുന്ന വൃത്താന്തങ്ങൾക്ക് അദ്ദേഹം കീഴ്‌പ്പെട്ടിരുന്ന രീതി നോക്കാം. ഒരു രാത്രിയിൽ നബി ﷺ യെ മസിജിദുൽ ഹറാമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വാ വരെ അല്ലാഹു നിശാപ്രയാണം ചെയ്യിക്കുന്നു. ഈ ദൃഷ്ടാന്ത വിസ്മയത്തെ കുറിച്ച് അവിടുന്ന് ഖുറൈശി പ്രമുഖരെ അിറയിക്കുന്നു. തെളിവായി വഴിയിൽ വെച്ച് അവരുടെ സാർത്ഥ വാഹക സംഘത്തെ കണ്ടതും അപ്പോൾ അവർ എത്തിയ സ്ഥാനവും കൃത്യമായി അവരെ ബോധ്യപ്പെടുത്തുന്നു. അതെല്ലാം ബധിര കർണ്ണങ്ങളിൽ തട്ടി പരിഹാസത്തോടെ തിരസ്കരിക്കപ്പെടുന്നു. ദുർബ്ബല മനസ്കരായ ചിലരെ കുഴപ്പത്തിലാക്കാനും മുഹമ്മദിനു ബുദ്ധിഭ്രംശം സംഭവിച്ചിരിക്കുന്നു എന്ന് പ്രചരിപ്പിക്കാനും മാത്രമാണ് അവർ ഇക്കാര്യം ഉപയോഗിച്ചത്. അങ്ങനെ അവർ അബൂബക്കർ رَضِيَ اللهُ عَنْهُ നെ കണ്ടുമുട്ടുന്നു. അദ്ദേഹത്തോട് അവർ ചോദിക്കുന്നു: നിൻെറ കൂട്ടാളി ഇപ്പോൾ ഇത്തരം ഭ്രാന്തൻ വാദങ്ങളാണ് നിരത്തുന്നത്. അതിനെ കുറിച്ച് നീ എന്തു പറയുന്നു? അതും നീ സത്യപ്പെടുത്തുമോ? നമുക്ക് അദ്ദേഹത്തിൻെറ മറുപടി വായിക്കാം:

قال: نعم إني لأصدقه فيما هو أبعد من ذلك، أصدقه بخبر السماء في غدوة أو روحة، فلذلك سمي أبو بكر الصديق. [الحاكم في المستدرك وأورده الألباني في الصحيحة]

[അദ്ദേഹം പറഞ്ഞു: തീർച്ചയായും! അതിലും വിദൂരമായ കാര്യത്തിൽ ഞാൻ അദ്ദേഹത്തെ സത്യപ്പെടുത്തുന്നുണ്ട്. അതായത് ഉപരിലോകത്തുനിന്ന് രാവിലെയോ വൈകുന്നേരമോ അദ്ദേഹത്തിനു വൃത്താന്തങ്ങൾ കിട്ടുന്നു എന്നത് ഞാൻ സത്യപ്പെടുത്തുന്നുണ്ടല്ലോ. അതു കൊണ്ടാണ് അബൂബക്കർ رَضِيَ اللهُ عَنْهُ ന് സ്വിദ്ദീഖ് എന്ന സ്ഥാനപ്പേരു ലഭിച്ചത്.] (ഹാക്കിം മുസ്തദ്റകിൽ ഉദ്ധരിച്ചത്)

അവിടുന്ന് അറിയിക്കുന്ന വൃത്താന്തങ്ങൾക്ക് ഇവ്വിധം സർവഥാ കീഴ്‌പ്പെടാൻ കഴിയുമ്പോൾ മാത്രമാണ് ഒരാൾ തഖ്‌വയുള്ളവനാകുന്നത്. സ്വന്തം അജയ്യതയും ആധികാരികതയും ഉദ്ഘോഷിച്ചു കൊണ്ട് തുടങ്ങുന്ന ഖുർആൻ, അത് വഴികാട്ടിയാകുമെന്ന് അവകാശപ്പെടുന്നത് അദൃശ്യമായ വൃത്താന്തങ്ങൾ സത്യപ്പെടുത്തുന്ന സൂക്ഷ് മാലുക്കൾക്ക് മാത്രമാണ്. അല്ലാഹു പറയുന്നത് കാണുക:

﴿الٓمٓ ۞ ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ ۞ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ﴾ (البقرة: 1-3)

[അലിഫ്-ലാം-മീം. അതാണു ഗ്രന്ഥം! സംശയമില്ല; അതിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് മാർഗ്ഗദർശനമുണ്ട്. അവർ ഗൈബിൽ (അദൃശ്യങ്ങളിൽ) വിശ്വസിക്കുകയും നമസ്കാരം യഥാവിധം നിർവ്വഹിക്കുകയും നാം നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണ്.] (ബഖറഃ 1-3)

അതെ, അദൃശ്യനായ അല്ലാഹുവിൽ വിശ്വസിക്കണം. അവൻ അറിയിച്ചു തരുന്ന അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കണം. ബുദ്ധിക്കും യുക്തിക്കും വഴങ്ങുന്നുവോ, ശാസ്ത്രവും അനുഭവവും സാക്ഷ്യപ്പെടുത്തുന്നുവോ എന്നതല്ല മാനദണ്ഡം. അദൃശ്യമായി അല്ലാഹുവിൽ വിശ്വസിക്കാനും അവന്ന് ആത്മാർപ്പണം നടത്താനും അവൻെറ ശാസനകൾക്ക് പരിപൂർണ്ണമായി കീഴ്‌പ്പെടാനും സാധിക്കണം. അതാണ് ഖുർആനിലെ മാർഗ്ഗദർശനം ഉപകാരപ്പെടാനുള്ള അടിസ്ഥാനയോഗ്യത തന്നെ. ഈ ആധാരങ്ങളിലാണ് മുഹമ്മദ് നബി ﷺ അനുചരന്മാരെ വളർത്തിക്കൊണ്ടു വന്നത്. അല്ലാഹുവോ റസൂലോ ഒരു കാര്യം കൽപിച്ചാൽ ചോദ്യം ചെയ്യാതെ, പുനരാലോചിക്കുക പോലും ചെയ്യാതെ, എല്ലാം മാറ്റിനിർത്തി അപ്പടി അതിനു കീഴ്‌പ്പെടുക എന്നതായിരുന്നു അവരുടെ നിലപാട്. ലളിതമായ ഒരു ഉദാഹരണം കാണുക:

عن أبي سعيد الخدري رضي الله عنه أنه قال: صلى بنا رسول الله ﷺ ذات يوم، فخلع نعليه، فوضعهما عن يساره، فلما رأى القوم أن رسول الله ﷺ قد خلع نعليه خلعوا نعالهم، فلما انفتل قال لهم، ما شأنكم خلعتم نعالكم، قالوا: يا رسول الله! رأيناك خلعت نعليك،فخلعنا نعالنا فقال: أتاني آت فحدثني أن في نعلي أذى فخلعتهما، فإذا دخل أحدكم المسجد فلينظر فإذا رأى في نعليه قذرا فليمسحهما بالأرض ثم يصلي فيهما. [ابن خزيمة في صحيحه]

[അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللهُ عَنْهُ പറയുന്നു: അല്ലാഹുവിൻെറ റസൂൽ ﷺ ഒരു ദിവസം ഞങ്ങളെ കൂട്ടി നമസ്കരിച്ചു. അങ്ങനെ അവിടുന്ന് രണ്ടു ചെരിപ്പുകളും അഴിച്ച് തൻെറ ഇടതുഭാഗത്ത് വെച്ചു. റസൂൽ ﷺ അവിടുത്തെ രണ്ടു ചെരിപ്പുകളും അഴിച്ചുവെച്ചതായി ജനങ്ങൾ കണ്ടപ്പോൾ അവരും ചെരിപ്പുകൾ അഴിച്ചുവെച്ചു. നമസ്കാരത്തിൽനിന്ന് വിരമിച്ചപ്പോൾ അവിടുന്ന് അവരോട് ചോദിച്ചു: നിങ്ങൾ ചെരിപ്പുകൾ അഴിച്ചുവെക്കാൻ എന്താണ് കാര്യം? അവർ പറഞ്ഞു: അല്ലാഹുവിൻെറ റസൂലേ, അവിടുന്ന് രണ്ടു ചെരിപ്പുകളും അഴിച്ചുവെച്ചത് ഞങ്ങൾ കണ്ടു. അപ്പോൾ ഞങ്ങളും അഴിച്ചുവെച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: എൻെറ അടുക്കൽ ഒരാൾ (ജിബ്‌രീൽ) വന്ന് എൻെറ ചെരിപ്പിൽ മാലിന്യമുണ്ടെന്ന് അറിയിച്ചു. അതു കൊണ്ടാണ് അവ രണ്ടും ഞാൻ അഴിച്ചുവെച്ചത്. നിങ്ങളിൽ വല്ലവരും പള്ളിയിൽ പ്രവേശിക്കുമ്പോൾ അവൻ പരിശോധിക്കട്ടെ. തൻെറ ചെരിപ്പുകളിൽ വല്ല മാലിന്യവും കണ്ടാൽ അതു രണ്ടും നിലത്ത് തുടച്ചു കളയട്ടെ. എന്നിട്ട് അവൻ അതിൽ നമസ്കരിക്കുകയും ചെയ്യട്ടെ.] (ഇബ്‌നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്)

മേൽ സംഭവത്തിന് അടിക്കുറിപ്പ് ആവശ്യമില്ല. അത് നൽകുന്ന പാഠം സ്വതഃസ്പഷ്ടമാണ്. സ്വഹാബിമാർ നബി ﷺ യെ പിന്തുടർന്നിരുന്നതും അവിടുത്തെ കൽപനക്ക് കീഴ്‌പ്പെട്ടിരുന്നതും എങ്ങനെയായിരുന്നുവെന്ന് അത് സ്വയം വിശദീകരിക്കുന്നുണ്ട്. എന്നാൽ നാമും നമ്മുടെ മാതൃകാ പുരുഷന്മാരും തമ്മിലുള്ള അന്തരം എത്ര വലുതാണ്. ഇന്ന് മുസ്‌ലിംകളിൽ അധിക പേരും അല്ലാഹുവിൻെറയും റസൂലിൻെറയും കൽപനകൾ അനുസരിക്കുന്നത് തങ്ങളുടെ യുക്തിക്ക് അത് വഴങ്ങുമ്പോൾ മാത്രമാണ്. അല്ലെങ്കിൽ ആധുനിക ശാസ്ത്രം അതിനെ ശരിവെക്കുമ്പോഴാണ്. അല്ലെങ്കിൽ ഇന്ദ്രിയാനുഭവത്തിൽ അക്കാര്യം വന്നെങ്കിൽ മാത്രമാണ്. ഇതൊന്നുമല്ല അല്ലാഹുവിൻെറയും റസൂലിൻെറയും കൽപനക്ക് കീഴ്‌പ്പെടാനുള്ള മാനദണ്ഡം. അല്ലാഹു കൽപിച്ചു എന്ന ഒറ്റക്കാരണം മുൻനിർത്തി അതിനു സർവഥാ കീഴ്‌പ്പെടുക എന്നതാണ് ദീനിൻെറ ആത്മാവ്. ഈ ചൈതന്യം ഉൾക്കൊണ്ടു പ്രവർത്തിക്കുക എന്നതാണ് കാര്യം. അല്ലാതെ കർമ്മങ്ങൾ സങ്കീർണ്ണവൽക്കരിക്കുക എന്നത് അല്ലാഹുവിൻെറ ദീനിൽപെട്ടതല്ല. നബി ﷺ പറയുന്നു:

عن أبي هريرة رضي الله عنه عن النبي ﷺ قال: دعوني ما تركتكم إنما هلك من كان قبلكم بسؤالهم واختلافهم على أنبيائهم، فإذا نهيتكم عن شيء فاجتنبوه، وإذا أمرتكم بأمر فأتوا منه ما استطعتم [البخاري في صحيحه]

[അബൂ ഹുറയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ഞാൻ നിങ്ങൾക്ക് വിട്ടുതന്ന കാര്യങ്ങളിൽ നിങ്ങൾ എന്നെ ഒഴിവാക്കൂ. നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർ നശിക്കാനുള്ള കാരണം അവരുടെ അധികരിച്ച ചോദ്യവും നബിമാരോടുള്ള വിപരീത പ്രവർത്തനങ്ങളുമായിരുന്നു. ഞാൻ ഒരു കാര്യം വിലക്കിയാൽ അത് നിങ്ങൾ വർജ്ജിക്കുക. ഞാൻ ഒരു കാര്യം കൽപിച്ചാൽ കഴിയുന്നത്ര അത് അനുവർത്തിക്കുക.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

യുക്തിക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും, പ്രായോഗികമാണെന്ന് തോന്നിയാലും ഇല്ലെങ്കിലും അല്ലാഹുവിൻെറ ശാസനകൾക്ക് കീഴ്‌പ്പെട്ടേ മതിയകൂ. അത് എങ്ങനെയായിരിക്കണമെന്ന് അല്ലാഹുവും അവൻെറ റസൂലും സ്വഹാബത്തിനെ പരിശീലിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു ഉദാഹരണം പരിശോധിക്കാം. സൂറത്തുൽ ബഖറഃ 284-ാം സൂക്തം അവതരിച്ചപ്പോൾ നബി ﷺ യുടെ അനുചരന്മാർക്ക് അതുൾക്കൊള്ളാൻ കഴിഞ്ഞില്ല. അവർക്കത് പ്രയാസമുണ്ടാക്കുകയും അക്കാര്യത്തെ കുറിച്ച് അവർ നബി ﷺ യോട് പരിഭവപ്പെടുകയുമുണ്ടായി. ആ സംഭവം ഇമാം മുസ്‌ലിം رَحِمَهُ اللهُ സ്വഹീഹിൽ ഉദ്ധരിച്ചത് കാണുക.

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: لَمَّا نَزَلَتْ عَلَى رَسُولِ اللهِ ﷺ: لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللهُ فَيَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ وَاللهُ عَلَى كُلِّ شَيْءٍ قَدِيرٌ ۞ (البقرة: 284) قَالَ: فَاشْتَدَّ ذَلِكَ عَلَى أَصْحَابِ رَسُولِ اللهِ ﷺ، فَأَتَوْا رَسُولَ اللهِ ﷺ ثُمَّ بَرَكُوا عَلَى الرُّكَبِ، فَقَالُوا: أَيْ رَسُولَ اللهِ، كُلِّفْنَا مِنَ الْأَعْمَالِ مَا نُطِيقُ، الصَّلَاةَ وَالصِّيَامَ وَالْجِهَادَ وَالصَّدَقَةَ، وَقَدِ اُنْزِلَتْ عَلَيْكَ هَذِهِ الْآيَةُ وَلَا نُطِيقُهَا، قَالَ رَسُولُ اللهِ ﷺ: أَتُرِيدُونَ أَنْ تَقُولُوا كَمَا قَالَ أَهْلُ الْكِتَابَيْنِ مِنْ قَبْلِكُمْ سَمِعْنَا وَعَصَيْنَا؟ بَلْ قُولُوا: سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ، قَالُوا: سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ، فَلَمَّا اقْتَرَأَهَا الْقَوْمُ، ذَلَّتْ بِهَا أَلْسِنَتُهُمْ، فَأَنْزَلَ اللهُ فِي إِثْرِهَا: آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ۞ (البقرة: 285) فَلَمَّا فَعَلُوا ذَلِكَ نَسَخَهَا اللهُ تَعَالَى، فَأَنْزَلَ اللهُ عَزَّ وَجَلَّ: لَا يُكَلِّفُ اللهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا، قَالَ: نَعَمْ، رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا، قَالَ: نَعَمْ، رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ، قَالَ: نَعَمْ، وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ ۞ (البقرة: 286) قَالَ: نَعَمْ. [مسلم في صحيحه]

[അബൂ ഹുറയ്റഃ رَضِيَ اللهُ عَنْهُ പറയുന്നു: ”ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻേറതാകുന്നു. നിങ്ങൾ മനസ്സിലുള്ളത് വെളിവാക്കിയാലും മറച്ചുവെച്ചാലും അല്ലാഹു അത് വിചാരണക്ക് വിധേയമാക്കുക തന്നെ ചെയ്യും. അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തുകൊടുക്കുകയും അവനുദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാകുന്നു”. (ബഖറഃ 284) എന്ന സൂക്തം അല്ലാഹുവിൻെറ ദൂതന് അവതരിച്ചപ്പോൾ അത് അവിടുത്തെ അനുചരന്മാർക്ക് പ്രയാസമുണ്ടാക്കി. അവർ നബി ﷺ യുടെ അടുക്കൽ ചെന്ന് മുട്ടുകുത്തിനിന്നുകൊണ്ട് പറഞ്ഞു:

”അല്ലാഹുവിൻെറ ദൂതരേ, കർമ്മങ്ങളിൽനിന്ന് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളായിരുന്നു ഞങ്ങളെ വഹിപ്പിച്ചിരുന്നത്; നമസ്കാരം, നോമ്പ്, ജിഹാദ്, സദഖഃ മുതലായവ. എന്നാൽ താങ്കൾക്ക് അവതരിപ്പിക്കപ്പെട്ട ഈ സൂക്തം, അത് ഞങ്ങൾക്ക് വഹിക്കാൻ കഴിയുന്ന കാര്യമല്ല.”

അല്ലാഹുവിൻെറ ദൂതൻ പറഞ്ഞു: ”നിങ്ങൾക്ക് മുമ്പുള്ള രണ്ടു ഗ്രന്ഥങ്ങളുടെ അവകാശികൾ ‘ഞങ്ങൾ കേട്ടിരിക്കുന്നു, ധിക്കരിച്ചിരിക്കുന്നു’ എന്നു പറഞ്ഞ പോലെ നിങ്ങളും പറയാനാണോ ഉദ്ദേശിക്കുന്നത്?
മറിച്ച്, നിങ്ങൾ പറയേണ്ടത്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് നീ പൊറുക്കേണമേ; നിന്നിലേക്കാകുന്നു മടക്കം എന്നാണ്.”

അവർ പറഞ്ഞു: ”ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തരിക്കുന്നു; ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ; നിന്നിലേക്കാകുന്നു മടക്കം”.

അങ്ങനെ അവർ അപ്രകാരം ചൊല്ലുകയും അത് അവരുടെ നാവുകളിൽ വഴങ്ങുകയും ചെയ്തതിനെ തുടർന്ന് അല്ലാഹു അവതരിപ്പിച്ചു: ”റസൂൽ തൻെറ റബ്ബിങ്കൽനിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിച്ചിരിക്കുന്നു; സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവൻെറ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദുതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻെറ ദുതന്മാരിൽ ഒരാൾക്കിടയിലും ഞങ്ങൾ വിവേചനം കാണിക്കുകയില്ല. അവർ പറയുകയും ചെയ്തു: ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ; നിന്നിലേക്കാകുന്നു മട.ക്കം”

അവർ അങ്ങനെ ചെയ്തപ്പോൾ അല്ലാഹു അത് ദുർബ്ബലപ്പെടുത്തുകയും അനന്തരം അവതരിപ്പിക്കുകയും ചെയ്തു:

”ഒരാത്മാവിനെയും അതിൻെറ കഴിവിൽപെടാത്തതൊന്നും അല്ലാഹു വഹിപ്പിക്കുകയില്ല. അത് സമ്പാദിച്ചത് അതിനുണ്ടായിരിക്കും. അതു ചെയ്തുവെച്ചത് (തിന്മ) അതിനു പ്രതികൂലമായും ഭവിക്കും. ഞങ്ങളുടെ റബ്ബേ ഞങ്ങൾ മറന്നോ അബദ്ധവശാലോ ചെയ്തു പോകുന്നതിൻെറ പേരിൽ ഞങ്ങളെ നീ പിടികൂടരുതേ ”

അല്ലാഹു പറഞ്ഞു: “അതെ.”

”ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് മുമ്പുള്ളവരുടെ മേൽ നീ ചുമത്തിയ പോലെ ഞങ്ങളുടെ മേൽ നീ ദുർവ്വഹമായ ഭാരങ്ങൾ ചുമത്തരുതേ.”

അവൻ പറഞ്ഞു: “അതെ.”

”ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് സാധ്യമല്ലാത്തതൊന്നും ഞങ്ങളെ നീ വഹിപ്പിക്കരുതേ.”

അവൻ പറഞ്ഞു: “അതെ.”

”ഞങ്ങൾക്ക് മാപ്പു നൽകുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ യജമാനൻ. ആകയാൽ അവിശ്വാസികൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ”.

അവൻ പറഞ്ഞു: “അതെ.”] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

എന്നാൽ, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട ഏതെങ്കിലും ഒരു കാര്യം ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ അത് നിഷേധിക്കാനോ അതിൽ സംശയം പ്രകടിപ്പിക്കാനോ മുതിരുകയല്ല ചെയ്യേണ്ടത്. അത് അഹങ്കാരത്തിൻെറയും ധിക്കാരത്തിൻെറയും വഴിയാണ്. മറിച്ച്, വിനയത്തിൻെറയും അനുസരണത്തിൻെറയും മാർഗ്ഗമാണ് ഒരു വിശ്വാസി അവലംബിക്കേണ്ടത്. ആദ്യമായി തൻെറ അജ്ഞതയെയും ബൗദ്ധികമായ പരിമിതികളെയും കുറിച്ച് ആലോചിക്കണം. അത്തരം അജ്ഞേയമായ കാര്യങ്ങൾ അറിവുള്ളവരിലേക്ക് മടക്കണം. തനിക്ക് അറിയില്ലെങ്കിലും അതിനെ കുറിച്ച് അറിവുള്ള പണ്ഡിതന്മാർ വേറെയുണ്ടാകും. അക്കാര്യം അവർക്ക് വിടുകയാണ് ചെയ്യേണ്ടത്. ഒരു പക്ഷെ, ഈ ഘട്ടത്തിൽ നമുക്ക് ഗ്രഹിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു ഘട്ടത്തിൽ അതിൻെറ രഹസ്യം അല്ലാഹു നമുക്ക് തുറന്നു തരികയും ചെയ്യാം. കാര്യങ്ങളെ കുറിച്ച് ശരിയായ ഗ്രാഹ്യത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടത്. നബിമാരും മഹത്തുക്കളും കാര്യങ്ങൾ ആഴത്തിലും ശരിയായ വിധത്തിലും ഗ്രഹിച്ചെടുക്കുന്നതിനായി അല്ലാഹുവിനോട് പ്രാർത്ഥിച്ചിരുന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്. കൂടാതെ, ഗ്രഹിക്കാനാവാത്ത വചനങ്ങളിൽ മൊത്തമായി വിശ്വാസം രേഖപ്പെടുത്തുകയും അതിനു കീഴ്‌പ്പെടുകയുമാണ് വേണ്ടത്. ഇതാണ് വിനീതരായ ദാസന്മാരുടെ മാർഗ്ഗം. ഇമാം അഹ്‌മദ് رَحِمَهُ اللهُ പറയുന്നത് കാണുക:

ومن لم يعرف تفسير الحديث ولم يبلغه عقله، فقد كفي ذلك، وأحكم له، فعليه الإيمان به والتسليم له. [أحمد بن حنبل في أصول السنة]

[ഒരു ഹദീസിൻെറ വിവക്ഷ ഒരാൾക്ക് അറിയില്ലെങ്കിൽ, അഥവാ തൻെറ ബുദ്ധിക്ക് അത് പ്രാപിക്കാനായില്ലെങ്കിൽ അയാൾക്ക് അത് അത്ര മതി. അക്കാര്യം പ്രബലമായ രേഖകളിലൂടെ സ്ഥിരപ്പെട്ടതായി അദ്ദേഹത്തിന് വേറെ കിട്ടും. അതിനാൽ അയാളുടെ ബാധ്യത അതിൽ വിശ്വസിക്കുകയും അതിനു കീഴ്‌പ്പെടുകയും ചെയ്യുക എന്നതാണ്.] (അഹ്‌മദ് ബിൻ ഹൻബൽ ഉസൂലുസ്സുന്നഃയിൽ രേഖപ്പെടുത്തിയത്)