ഐക്യത്തെക്കുറിച്ചുള്ള ഇസ്‌ലാമിൻെറ കാഴ്ചപ്പാട് മൗലികവും സമഗ്രവും പ്രായോഗികവുമാണ്. മനുഷ്യൻ അധിവസിക്കുന്ന ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവേയുള്ളു, അല്ലാഹു മാത്രം. അതിനാൽ മുഴുസൃഷ്ടികൾക്കും ഒരേ ഒരു ആരാധ്യനേ പാടുള്ളു. ന്യായമായും ആരാധിക്കപ്പെടേണ്ട സ്രഷ്ടാവും നിയന്താവും പരിപാലകനുമായ അല്ലാഹു മാത്രം. അവർക്ക് പിന്തുടരാനുള്ള ഏക മതം ഇസ്‌ലാം. അവരുടെയെല്ലാം ആത്യന്തിക ലക്ഷ്യം ഒന്ന്; സ്വർഗ്ഗത്തിൽ പ്രവേശിച്ച് സ്രഷ്ടാവും ഏകാരാധ്യനുമായ അല്ലാഹുവിനെ കൺനിറയെ കാണുക. അവർ ഒരൊറ്റ സമുദായമാണ്. ലോകത്തെങ്ങും അവർ വിന്യസിക്കപ്പെട്ടിരിക്കുന്നത് ഒരേ മാതാപിതാക്കളിൽനിന്ന് പെറ്റുപെരുകിയാണ്. ഇങ്ങനെ മനുഷ്യരുടെ സൃഷ്ടിപ്പ്, ജീവിതം, ഭാഗഥേയം തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഒരേ താളം. ഐക്യത്തിൻെറയും ഒരുമയുടെയും ഇരടുകളിലാണ് അവരുടെ മുഴുപ്രശ്നങ്ങളും നെയ്തെടുത്തിരിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക:
إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ۞ (الأنبياء: 92، المؤمنون: 52)
〈നിശ്ചയം, നിങ്ങളുടെ ഈ സമുദായം ഏക സമുദായവും ഞാൻ നിങ്ങളുടെ റബ്ബുമാണ്. അതിനാൽ നിങ്ങൾ എന്നെ മാത്രമേ ആരാധിക്കാവൂ.〉 (അൻബിയാഅ് 92, മുഅ്മിനൂൻ 52)
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ۞ (الحجرات: 13)
〈മനുഷ്യരേ, നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഒരു പുരുഷനിൽനിന്നും ഒരു സ്ത്രീയിൽനിന്നുമാണ്. നിങ്ങളെ നാം വ്യത്യസ്ത ജനപദങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടിയാണ്. നിങ്ങളിൽ ഏറ്റവും സൂക്ഷ്മതയുള്ളവനാരോ അവനാണ് അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയൻ. നിശ്ചയം അല്ലാഹു എല്ലാം അിറയുന്നവനും സൂക്ഷ്മജ്ഞനാണ്.〉 (ഹുജുറാത് 13)
മാനവികൈക്യം എന്ന മേൽ പ്രമേയത്തെ കുറിച്ചുള്ള നബി ﷺ യുടെ വാക്കുകൾ കൂടി കാണുക:
يا أيها الناس! إن ربكم واحد، وإن أباكم واحد، ألا لا فضل لعربي على عجمي، ولا عجمي على عربي، ولا أحمر على أسود، ولا أسود على أحمر إلا بالتقوى (إن أكرمكم عند الله أتقاكم) ألا هل بلغت؟ قالوا: بلى يا رسول الله! قال: فليبلغ الشاهد الغائب. [البيهقي في شعب الإيمان وأبو نعيم في الحلية، وأورده الألباني في الصحيحة]
〈ജനങ്ങളേ, നിശ്ചയമായും നിങ്ങളുടെ റബ്ബ് ഏകനാണ്. നിങ്ങളുടെ പിതാവ് ഒരുവനാണ്. ശ്രദ്ധിക്കുക! ഒരു അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, ചുവന്നവന് കറുത്തവനെക്കാളോ, കറുത്തവന് ചുവന്നവനെക്കാളോ തഖ്‌വയുടെ അടിസ്ഥാനത്തിലല്ലാതെ ഒരു മികവുമില്ല. നിശ്ചയമായും നിങ്ങളിൽ ഏറ്റവും സൂക്ഷ്മതയുള്ളവനാരോ അവനാണ് അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയൻ. ഈ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നില്ലയോ? അവർ പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ, തീർച്ചയായും. അവിടുന്ന് പറഞ്ഞു: എങ്കിൽ, ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് എത്തിച്ചു കൊടുക്കട്ടെ.〉 (ബൈഹഖി ശുഅബുൽ ഈമാനിലും അബൂ നുഐം ഹിൽയഃയിലും ഉദ്ധരിച്ചത്)
മേൽവിവരിച്ച പോലെയാണ് വസ്തുതകൾ. അതിനാൽ തന്നെ മാനവർ ഒന്നടങ്കം ഒരുമയോടെ പുലരുകയും, ഈ ഭൂമഖത്ത് നന്മയും സമൃദ്ധിയും വിളയിക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷെ, ഇന്നോളമുള്ള മനുഷ്യവംശത്തിൻെറ ചരിത്രത്തിൽ ഛിദ്രതയും ശത്രുതയുമാണ് ശ്രദ്ധേയമാം വിധം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതിനുള്ള കാരണങ്ങൾ പലതാണ്. അവയിൽ പ്രധാനപ്പെട്ട ചില കാരണങ്ങൾ പരിശോധിക്കാം.
(ഒന്ന്) മനുഷ്യൻെറ വർഗ്ഗശത്രുവായ ഇബ്‌ലീസ്: ഖുദ്‌സിയായ ഒരു ഹദീസിൽ അല്ലാഹു പറയുന്നത് കാണുക:
وإني خلقت عبادي حنفاء كلهم، وإنهم أتتهم الشياطين فاجتالتهم عن دينهم، وحرمت عليهم ما أحللت لهم، وأمرتهم أن يشركوا بي ما لم أنزل به سلطانا.. [مسلم في صحيحه]
〈തീർച്ചയായും ഞാൻ എൻെറ അടിയാന്മാരെ മുഴുവനും തൗഹീദ് ഉയർത്തിപ്പിടിക്കുന്നവരായാണ് സൃഷ്ടിച്ചത്. അങ്ങനെ പിശാചുക്കൾ അവരെ സമീപിക്കുകയും അവരുടെ മതത്തിൽനിന്ന് അവരെ പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. ഞാൻ അവർക്ക് അനുവദിച്ചത് പിശാചുക്കൾ അവർക്ക് നിഷിദ്ധമാക്കി. ഞാൻ ഒരു ലക്ഷ്യവും ഇറക്കിയിട്ടില്ലാത്ത, എനിക്ക് പങ്കാളികളെ നിശ്ചയിക്കുക എന്ന ശിർക്ക് ചെയ്യാൻ പിശാചുക്കൾ അവരോട് കൽപിച്ചു.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഇതാണ് ഇബ്‌ലീസിൻെറ പങ്ക്. മനുഷ്യരെ ഭിന്നിപ്പിച്ച് സർവ്വനാശത്തിൽ വീഴ്ത്താൻ താനും തൻെറ സൈന്യവും ഏതറ്റംവരെയും പോകുമെന്ന് ശപഥം ചെയ്ത് ഇറങ്ങിത്തിരിച്ചവനാണ് അവൻ.
(രണ്ട്) മനുഷ്യരിൽ നിലീനമായിട്ടുള്ള പൈശാചിക ഭാവം: മനുഷ്യാസ്തിത്വത്തിൻെറ ഘടനയിൽ തന്നെ പൈശാചികതയുണ്ട്. ദ്വന്ദഭാവത്തോടുകൂടിയാണ് അല്ലാഹു അതിനെ സംവിധാനിച്ചിരിക്കുന്നത്. അല്ലാഹുവിനോടുള്ള ഭയഭക്തിയും പൈശാചികതയും ഉൾക്കൊള്ളുന്ന ഒരു സംരചനയാണ് അവനു നൽകപ്പെട്ടിരിക്കുന്നത്. അല്ലാഹു പറയുന്നു:
وَنَفْسٍ وَمَا سَوَّاهَا۞ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا۞ (الشمس: 78)
〈മനുഷ്യാസ്തിത്വവും അതിനെ സംവിധാനിച്ച രീതിയും തന്നെ സത്യം. അങ്ങനെ അവൻ അതിനു ബോധിപ്പിച്ചുകൊടുത്തു; അതിൻെറ പൈശാചികതയും സൂക്ഷ്മതയും.〉 (ശംസ് 7, 8)
(മൂന്ന്) അതിക്രമ വാസന: ഇബ്‌ലീസും മനുഷ്യനിലുള്ള സഹജമായ പൈശാചിക ഭാവവും നേർവഴിയിൽനിന്ന് വ്യതിചലിച്ചു പോകാനും സഹജീവികളുമായി ഭിന്നിപ്പും ശത്രുതയും വെച്ചുപുലർത്താനും സദാ അവനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. തൽഫലമായി അവൻ മുഴുത്ത അഹങ്കാരവും അതിക്രമവാസനയും പ്രകടിപ്പിക്കുന്നു. ഇക്കാര്യം അല്ലാഹു തന്നെ വ്യക്തമാക്കുന്നത് കാണുക:
كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ۞ (البقرة: 213)
〈മനുഷ്യർ ഒരൊറ്റ സമൂദായമായിരുന്നു. അപ്പോൾ അല്ലാഹു സുവിശേഷകരും താക്കീതുകാരുമായി നബി ﷺ മാരെ നിയോഗിച്ചു. അവരോടൊപ്പം സത്യവുമായി ഗ്രന്ഥം ഇറക്കിക്കൊടുക്കുകയും ചെയ്തു. ജങ്ങൾക്കിടയിലുണ്ടാകുന്ന ഭിന്നിപ്പുകളിൽ തീർപ്പുകൽപിക്കുന്നതിനു വേണ്ടിയാണത്. അതു ലഭിച്ചവരല്ലാതെ അതിൽനിന്ന് ഭിന്നിച്ചു പോയിട്ടില്ല. വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയതിനു ശേഷം പരസ്പരമുള്ള അതിക്രമമനോഭാവം കൊണ്ട് മാത്രമായിരുന്നു അത്. അവർ ഭിന്നിച്ച വിഷയങ്ങളിൽ അല്ലാഹു വിശ്വാസികളെ അവൻെറ വേണ്ടുകയാൽ സത്യം കൊണ്ട് നേർവഴി നടത്തി. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് നേർവഴി കാണിക്കുന്നു.〉 (ബഖറഃ 213)
إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ ۗ وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۗ وَمَن يَكْفُرْ بِآيَاتِ اللَّهِ فَإِنَّ اللَّهَ سَرِيعُ الْحِسَابِ۞ (آل عمران: 19)
〈നിശ്ചയമായും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്‌ലാമാകുന്നു. ഗ്രന്ഥാവകാശികൾ അവർക്ക് അറിവു ലഭിച്ചതിനു ശേഷം പരസ്പരമുള്ള അതിക്രമമനോഭാവത്താലല്ലാതെ ഭിന്നിച്ചുപോയിട്ടില്ല. അല്ലാഹുവിൻെറ വചനങ്ങളെ ആർ നിഷേധിക്കുന്നുവോ അല്ലാഹു അതിവേഗം കണക്കു തീർക്കുന്നവനാണ്, തീർച്ച.〉 (ആലു ഇംറാൻ 19)
(നാല്) സ്വാഭിപ്രായങ്ങളും അഭീഷ്ടങ്ങളും: മനുഷ്യരിൽ നിഹിതമായിട്ടുള്ള പൈശാചികതയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഇബ്‌ലീസ് അവരെ നാശത്തിൽ വീഴ്ത്താൻ കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. നബി ﷺ പറയുന്നു:
إِنَّ الشَّيْطَانَ يَجْرِي مِنَ الإِنْسَانِ مَجْرَى الدَّمِ… [البخاري في صحيحه]
〈നിശ്ചയമായും പിശാച് രക്തം പ്രവഹിക്കുന്നിടത്തെല്ലാം മനുഷ്യരിൽ ഒഴുകി നടക്കുന്നു…〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
പിശാച് തെറ്റായ അഭിപ്രായങ്ങളും അഭീഷ്ടങ്ങളും അവരുടെ മനസ്സിൽ അങ്കുരിപ്പിക്കും. അവയെ മഹത്വവൽക്കരിച്ച് കാണിക്കുകയും അലങ്കാരമായി തോന്നിക്കുകയും ചെയ്യും. അങ്ങനെ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങളിലും അഭീഷ്ടങ്ങളിലും ഉറച്ചുനിന്ന് പോരടിക്കാൻ തുടങ്ങും. അതിലൂടെ അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി അവൻ തൻെറ ലക്ഷ്യം നേടാൻ ശ്രമിക്കും. നബി ﷺ പറയുന്നു:
عن أبي عامر الهوزني، أنه حج مع معاوية رَضِيَ اللهُ عَنْهُ فسمعه يقول: قام فينا رسول الله ﷺ يوما فذكر: أن أهل الكتاب قبلكم تفرقوا على اثنتين وسبعين فرقة في الأهواء، ألا ! وإن هذه الأمة ستفترق على ثلاث وسبعين فرقة في الأهواء، كلها في النار؛ إلا واحدة، وهي الجماعة، ألا ! وإنه يخرج في أمتي قوم يهوون هوى، يتجارى بهم ذلك الهوى كما يتجارى الكلب بصاحبه، لا يدع منه عرقا ولا مفصلا إلا دخله. [ابن أبي عاصم في السنة وصححه الألباني]
〈അബൂ ആമിർ അൽ ഹൗസനി നിവേദനം. അദ്ദേഹം മുആവിയഃ رَضِيَ اللهُ عَنْهُ ൻെറ കൂടെ ഹജ്ജ് നിർവ്വഹിക്കുകയുണ്ടായി. അപ്പോൾ മുആവിയഃ رَضِيَ اللهُ عَنْهُ ഇപ്രകാരം പറയുന്നത് കേട്ടു: ഒരിക്കൽ നബി ﷺ ഞങ്ങളുടെ മുന്നിൽ എഴുന്നേറ്റുനിന്നു. എന്നിട്ട് പറഞ്ഞു: നിങ്ങളുടെ മുമ്പുള്ള ഗ്രന്ഥാവകാശികൾ അഭീഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് എഴുപത്തിരണ്ടു കക്ഷികളായി പിരിഞ്ഞത്. അറിയുക! ഈ സമുദായവും അഭീഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ എഴുപത്തിമൂന്ന് കക്ഷികളായിത്തീരും. അവരൊക്കെയും നരകത്തിലായിരിക്കും, ഒന്നൊഴികെ. അവരാണ് അൽ ജമാഅഃ. അറിയുക! ഈ സമുദായത്തിൽ അഭീഷ്ടങ്ങൾ വെച്ചുപുലർത്തുന്ന ഒരു കൂട്ടർ വരാനിരിക്കുന്നു. പേവിഷം ബാധിച്ചവനിൽ അതു പരക്കുന്നതുപോലെ ആ അഭീഷ്ടങ്ങൾ അവരിൽ പടർന്നുപിടിക്കും. അത് കടന്നുചെല്ലാതെ ഒരു സിരയോ സന്ധിയോ അവനിൽ അവശേഷിക്കുകയില്ല.〉 (ഇബ്‌നു അബീ ആസിം സുന്നഃയിൽ ഉദ്ധരിച്ചത്)
ഈ സമുദായത്തിൽ സംഭവിച്ചിട്ടുള്ള ഭിന്നിപ്പിൻെറ വേരുകൾ നാം പരതുക. നബി ﷺ കാണിച്ചു തന്ന മാർഗ്ഗം ഉപേക്ഷിച്ച് തൽസ്ഥാനത്ത് ചിലർ വ്യക്തിപരമായ അഭിപ്രായങ്ങളും അഭീഷ്ടങ്ങളും പ്രതിസ്ഥാപിക്കാൻ ശ്രമിച്ചതുമൂലമാണ് അവ ഉടലെടുത്തത് എന്ന് കാണാൻ കഴിയും. എന്നാൽ സത്യവിശ്വാ സികൾ അല്ലാഹുവിൻെറ കൽപനക്കു മുമ്പിൽ അവരുടെ അഹത്തെ ഹനിക്കും. അഭീഷ്ടങ്ങൾ വെടിയും. അവൻെറ ശാസനകൾക്ക് സർവഥാ കീഴ്‌പ്പെടുകയും ചെയ്യും. അപ്പോൾ അവിടെ കിടമാത്സര്യങ്ങളും അതിക്രമ മനോഭാവങ്ങളും ഉടലെടുക്കുകയില്ല. മറിച്ച്, ഒരുമയുടെയും സമർപ്പണത്തിൻെറയും സ്വഛതയായിരിക്കും കളിയാടുക.
പരീക്ഷണാർത്ഥമാണ് അല്ലാഹു ഭൂമുഖത്ത് മനുഷ്യാധിവാസം സംവിധാനിച്ചിരിക്കുന്നത്. അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നത്, അവൻ എന്തു ചെയ്യും, എന്തു ചെയ്യില്ല എന്ന് അറിയാത്തതു കൊണ്ടല്ല. മറിച്ച്, അവനു നൽകിയ ഇഛാസ്വാതന്ത്ര്യവും കഴിവും അവൻ എങ്ങനെ വിനിയോഗിക്കുന്നു എന്നത് അവനിലൂടെ തന്നെ വെളിപ്പെടുത്തി തെളിയിക്കുന്നതിനു വേണ്ടിയാണ്. അവനു നൽകപ്പെട്ട സ്വാതന്ത്ര്യങ്ങളുടെ വിനിയോഗം എങ്ങനെയാണെന്ന് അവൻ തന്നെ വെളിപ്പെടുത്തുന്നതിൻെറ അടിസ്ഥാനത്തിലാണ് അവനുള്ള ശിക്ഷാ രക്ഷകൾ വിധിച്ചു നടപ്പിലാക്കുന്നത്. കുറച്ചു പേർ മാത്രം ജീവിതത്തെ ഗൗരവപൂർവ്വം സമീപിക്കുമ്പോൾ അധികമാളുകളും ജീവിതമാകുന്ന അമാനത്ത് പാഴാക്കുകയാണ് ചെയ്യുന്നത്. ഇത് അല്ലാഹുവിൻെറ അനാദിയും അനന്തവുമായ അറിവിൽ രേഖപ്പെട്ടുകിടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മനഷ്യരിൽ ഭൂരിഭാഗവും പിഴച്ചുപോകുമെന്നും അവർ ഭിന്നിപ്പിലും കലഹത്തിലും അകപ്പെടുമെന്നും അല്ലാഹു മുൻകൂട്ടി പറയുന്നത്. ഇതിനാണ് അല്ലാഹുവിൻെറ മുൻനിർണ്ണയത്തിലുള്ളതും പ്രാപഞ്ചികവുമായ ഭിന്നത (الخلاف القدري أو الكوني) എന്ന് പണ്ഡിതന്മാർ പറയാറുള്ളത്. അല്ലാഹു പറയുന്നത് കാണുക:
وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ۞ إِلَّا مَن رَّحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْ ۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ۞ (هود: 118-119)
〈നിൻെറ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ, അവർ ഭിന്നിച്ചുകൊണ്ടേയിരിക്കും; നിൻെറ റബ്ബ് കരുണ ചെയ്തുകൊടുത്തവർ ഒഴികെ. അവൻ അവരെ സൃഷ്ടിച്ചത് അതിനു വേണ്ടിയാണ്. ജിന്നിലും മനുഷ്യരിലും പെട്ടവരെ കൊണ്ട് ഞാൻ നരകം നിറക്കുക തന്നെ ചെയ്യുമെന്ന നിൻെറ റബ്ബിൻെറ വചനം പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു.〉 (ഹുദ് 118-119)
അല്ലാഹുവിൻെറ മുൻനിർണ്ണയവുമായി ബന്ധപ്പെട്ട പ്രാപഞ്ചികമായ ഈ ഭിന്നതയെ കുറിച്ചുള്ള ധാരാളം പ്രസ്താവനകൾ പ്രമാണ വചനങ്ങളിലുണ്ട്. ഇത് ഭിന്നത അനുവദനീയമാണെന്നതിനുള്ള തെളിവല്ല. വസ്തുത മറിച്ചാണ്. ഭിന്നതയുടെ എല്ലാ രൂപഭാവങ്ങളും അല്ലാഹു അവതരിപ്പിച്ച ശറഇലൂടെ അവൻ തൻെറ സൃഷ്ടികൾക്ക് വിലക്കിയിട്ടുണ്ട്. അവൻ ഭിന്നതയെ ശക്തമായി അധിക്ഷേപിക്കുകയും വെറുക്കുകയും ചെയ്തിട്ടുണ്ട്. ഭിന്നത സത്യത്തിൻെറ പക്ഷക്കാർക്കു ഭൂഷണമല്ലെന്നും, അല്ലാഹുവിൻെറ ഏകത്വം എന്ന പരമസത്യത്തിൽനിന്ന് വ്യതിചലിച്ചവരുടെ ലക്ഷണമാണ് ഛിദ്രതയെന്നും അവൻ ഉണർത്തിയിട്ടുണ്ട്. ഭിന്നത തിന്മയാണെന്നും തിന്മയുടെ വഴിയിൽ നിങ്ങൾ പ്രവേശിക്കരുതെന്നും അവൻ അടിക്കടി താക്കീത് ചെയ്യുന്നുമുണ്ട്. അല്ലാഹു പറയുന്നു:
وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ وَاصْبِرُوا إِنَّ اللَّهَ مَعَ الصَّابِرِينَ۞ (الأنفال: 46)
〈നിങ്ങൾ അല്ലാഹുവിനെയും അവൻെറ ദൂതനെയും അനുസരിക്കുക, നിങ്ങൾ ഭിന്നിക്കരുത്. എങ്കിൽ നിങ്ങൾ പരാജയപ്പെടുകയും നിങ്ങളുടെ വീര്യം ചോർന്നുപോവുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുക. നിശ്ചയമായും അല്ലാഹു ക്ഷമാശാലികളുടെ കൂടെയാണ്.〉 (അൽ അൻഫാൽ 46)
إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ۞ (الأنعام: 159)
〈തീർച്ചയായും ദീനിൽ ഭിന്നിപ്പുണ്ടാക്കുകയും പല കക്ഷികളായി വേർപിരിയുകയും ചെയ്തവർ, അവരുമായി താങ്കൾക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിലേക്ക് മാത്രം. വഴിയെ അവരുടെ ചെയ്തികളെ കുറിച്ച് അവൻ അവരെ അറിയിക്കുക തന്നെ ചെയ്യും.〉 (അൻആം 105)
وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ۞ (آل عمران: 105)
〈വ്യക്തമായ ദൃഷ്ടാന്തങ്ങൾ വന്നെത്തിയ ശേഷം വേർതിരിവുണ്ടാക്കുകയും ഭിന്നിക്കുകയും ചെയ്തവരെ പോലെ നിങ്ങൾ ആകരുത്. അവർക്കുള്ളത് ഭയാനകമായ ശിക്ഷയാണ്.〉 (ആലു ഇംറാൻ 105)
وَلَا تَكُونُوا مِنَ الْمُشْرِكِينَ۞ مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا ۖ كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ۞ (الروم: 31-32)
〈നിങ്ങൾ മുശ്‌രിക്കുകളിൽപെട്ടുപോകരുത്, അതായത് തങ്ങളുടെ മതത്തിൽ ഭിന്നിപ്പുണ്ടാക്കി കക്ഷിതിരിഞ്ഞവരിൽ. ഓരോ കക്ഷിയും അവരവരുടെ പക്കലുള്ളതുകൊണ്ട് ഉന്മാദഭരിതരാവുകയാണ്.〉 (അൽ റൂം 31-32)
ഒരേ സ്രഷ്ടാവിൻെറ അടിമകൾ, ഒരേ മാതാപിതാക്കളിൽനിന്ന് വളർന്നു വികസിച്ചവർ, ഒരേ മാർഗ്ഗം പിന്തുടർന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നവർ. അവരെ കരുതിക്കൂട്ടി പിഴപ്പിക്കുന്നതിന്നു വേണ്ടി താനും അനുയായികളും അഹോരാത്രം പരിശ്രമിക്കുമെന്ന് പ്രഖ്യാപിച്ച് ഇബ്‌ലീസ് ഗോദയിലിറങ്ങുമ്പോൾ, മനുഷ്യരേ! നിങ്ങളൊന്നാണ്, നിങ്ങൾ ഭിന്നിക്കരുത് എന്ന് നിരന്തരം അവരെ ഉണർത്താൻ ഗ്രന്ഥങ്ങളുമായി അല്ലാഹു നബിമാരെ നിയോഗിച്ചു. എന്നിട്ടും, അഭീഷ്ടങ്ങൾ പിന്തുടർന്നും പരസ്പരമുള്ള അതിക്രമ മനോഭാവം കൊണ്ടും സത്യത്തിൻെറ പാതയിൽനിന്ന് വ്യതിചലിച്ച് ഭിന്നിച്ചും കലഹിച്ചും നാശത്തിലേക്ക് പാഞ്ഞടുക്കുന്നവരെ തിരികെ വിളിക്കാൻ അല്ലാഹു മുന്നോട്ടുവെക്കുന്ന ലളിതമായ സമവാക്യം ഇതാണ്:
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا… إلخ (آل عمران: 103)
〈നിങ്ങളൊന്നിച്ച് അല്ലാഹുവിൻെറ പാശം മുറുകെ പിടിക്കുക, നിങ്ങൾ ഭിന്നിച്ചു പോകരുത്…〉 (ആലു ഇംറാൻ 103)
അല്ലാഹുവിൻെറ പാശം, അതു തന്നെയാണ് ഐക്യത്തിൻെറ ആധാരം. ഉപരിയിൽനിന്ന് ഭൂലോകത്തേക്ക് അല്ലാഹു ഇറക്കിത്തന്ന വഹ്‌യാകുന്ന പാശം. ഒരിക്കലും മുറിഞ്ഞുപോകുമെന്ന് ഭയപ്പെടാനില്ലാത്ത ബലിഷ്ഠമായ പാശം. ആ പാശം നിങ്ങൾ ഒന്നിച്ച് മുറുകെപ്പിടിക്കുക. ഒരിക്കലും അതു കൈവിട്ടുപോകരുത്. അതു നിങ്ങൾ കൈവിട്ടാൽ പകരം കൈയിൽകിട്ടുന്നത് സ്വാഭിപ്രായങ്ങളുടെയും തന്നിഷ്ടങ്ങളുടെയും കച്ചിത്തുരുമ്പുകൾ മാത്രമായിരിക്കും. പിന്നീട് നിങ്ങൾ ചെന്നു പതിക്കുക നരഗാഗ്നിയുടെ അഗാധങ്ങളിലായിരിക്കും. നബി ﷺ പറയുന്നു:
عن يَزِيدُ بْنُ حَيَّان، قَالَ: انْطَلَقْتُ أَنَا وَحُصَيْنُ بْنُ سَبْرَةَ، وَعُمَرُ بْنُ مُسْلِمٍ، إِلَى زَيْدِ بْنِ أَرْقَمَ، فَلَمَّا جلسنا إِلَيْهِ قَالَ لَهُ حُصَيْنٌ: لَقَدْ لَقِيتَ يا زَيْدُ خَيْرًا كَثِيرًا، رَأَيْتَ رَسُولَ اللَّهِ ﷺ ، وَسَمِعْتَ حَدِيثَهُ، وَغَزَوْتَ مَعَهُ، وَصَلَّيْتَ خَلْفَــهُ لَقَدْ لَقِيتَ، يَا زَيْدُ خَيْرًا كَثِيرًا، حَدِّثْنَا يَا زَيْدُ ما سَمِعْتَ مِنْ رسول اللَّهِ ﷺ، قَالَ: يَا ابْنَ أَخِي ! وَاللَّهِ لَقَدْ كَبِرَتْ سِنِّي، وَقَدُمَ عَهْدِي، وَنَسِيتُ بَعْضَ الَّذِي كُنْتُ أعي من رسول اللَّهِ ﷺ، فما حدثتكم فَاقْبَلُوا، وَمَا لَا، فَلَا تُكَلِّفُونِيهِ، ثُمَّ قَالَ: قَامَ رَسُولُ اللَّهِ ﷺ يَوْمًا فِينَا خَطِيبًا، بِمَاءٍ يُدْعَى خُمًّا بَيْنَ مَكَّةَ وَالْمَدِينَةِ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ، وَوَعَظَ وَذَكَّرَ، ثُمَّ قَالَ: أَمَّا بَعْدُ، أَلَا أَيُّهَا النَّاسُ فَإِنَّمَا أَنَا بَشَرٌ يُوشِكُ أَنْ يَأْتِيَ رَسُولُ رَبِّي فَأُجِيبَ، وَأَنَا تَارِكٌ فِيكُمْ ثَقَلَيْنِ: أَوَّلُهُمَا كِتَابُ اللَّهِ فِيهِ الْهُدَى وَالنُّورُ فَخُذُوا بِكِتَابِ اللَّهِ، وَاسْتَمْسِكُوا بِهِ فَحَثَّ عَلَى كِتَابِ اللَّهِ وَرَغَّبَ فِيهِ… إلخ [مسلم في صحيحه]
〈യസീദ് ബിൻ ഹയ്യാൻ പറയുന്നു: ഞാനും ഹുസ്വൈൻ ബിൻ സബ്റ, ഉമർ ബിൻ മുസ്‌ലിം എന്നിവരും സൈദ് ബിൻ അർഖം رَضِيَ اللهُ عَنْهُ ൻെറ അടുക്കൽ ചെന്നു. ഞങ്ങൾ അദ്ദേഹത്തിൻെറ അരികിൽ ഇരുന്നപ്പോൾ ഹുസ്വൈൻ പറഞ്ഞു: സൈദ്! താങ്കൾക്ക് ഏറിയ നന്മകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. താങ്കൾ അല്ലാഹുവിൻെറ റസൂൽ യെ കണ്ടിട്ടുണ്ട്. അവിടുത്തെ വചനങ്ങൾ കേട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻെറ പിന്നിൽ നമസ്കരിച്ചിട്ടുണ്ട്. സൈദ്! താങ്കൾക്ക് ഏറിയ നന്മകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്!! സൈദ്, താങ്കൾ നബി ﷺ യിൽനിന്ന് കേട്ടത് ഞങ്ങൾക്ക് ഉദ്ധരിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: എൻെറ സഹോദര പുത്രാ, എനിക്ക് വയസ്സ് ഏറെയായി. കാലം കുറേ കഴിഞ്ഞുപോയി. നബി ﷺ യിൽനിന്ന് ഞാൻ ഹൃദിസ്ഥമാക്കിവെച്ചിരുന്ന ചിലതെല്ലാം മറന്നും പോയി. അതിനാൽ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത് നിങ്ങൾ സ്വീകരിക്കുക. അല്ലാത്തതിൽ നിങ്ങൾ എന്നെ നിർബ്ബന്ധിക്കാതിരിക്കുക. അദ്ദേഹം തുടർന്നു:
ഒരു ദിവസം മക്കക്കും മദീനക്കും ഇടയിൽ ഖുമ്മ് എന്ന് പറയുന്ന ഒരു തണ്ണീർത്തടത്തിനരികിൽ വെച്ച് നബി ﷺ ഞങ്ങളുടെ മുന്നിൽ പ്രസംഗിക്കാൻ എഴുന്നേറ്റുനിന്നു. അനന്തരം അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർ ത്തിക്കുകയും ചെയ്തു. ഉപദേശങ്ങളും ഉദ്ബോധനങ്ങളും നൽകി. പിന്നീട് പറഞ്ഞു: ജനങ്ങളേ, അറിഞ്ഞു കൊള്ളുക! ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. എൻെറ റബ്ബിൻെറ ദൂതൻ വരാനും ഞാൻ ഉത്തരം നൽകാനും സമയമാവാറായി. അതിനാൽ ബൃഹത്തായ രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേക്കുന്നു. അതിൽ ഒന്ന് അല്ലാഹുവിൻെറ ഗ്രന്ഥമാണ്. അതിൽ മതിയായ മാർഗ്ഗദർശനവും വെളിച്ചവുമുണ്ട്. അതിനാൽ അല്ലാഹുവിൻെറ ഗ്രന്ഥം നിങ്ങൾ സ്വീകരിക്കുക. അത് നിങ്ങൾ മുറുകെപ്പിടിക്കുക. അങ്ങനെ, അല്ലാഹുവിൻെറ ഗ്രന്ഥത്തിൻെറ കാര്യത്തിൽ അവിടുന്ന് വളരെയധികം പ്രചോദനമേകുകയും താൽപര്യം ജനിപ്പിക്കുകയും ചെയ്തു…〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഐക്യത്തിനു വിഘാതം നിൽക്കുന്നത് പിശാചും പൈശാചികതയുമാണ്. മനുഷ്യൻെറ അഹന്തയും അതിക്രമ മനോഭാവവുമാണ്. തന്നെപ്പോലുള്ള മറ്റൊരു സൃഷ്ടി മുന്നോട്ടുവെക്കുന്ന സിദ്ധാന്തങ്ങളും നിർദ്ദേശങ്ങളും താൻ എന്തിന് അംഗീകരിച്ചു കൊടുക്കണം എന്നത് അവൻെറ അഹംഭാവത്തിൽനിന്ന് ഉടലെടുക്കുന്നതാണ്. അതുകൊണ്ടു തന്നെ എല്ലാവർക്കും അംഗീകരിക്കാൻ പറ്റുന്ന ഒരു പൊതുമാനദണ്ഡം ഐക്യത്തിന് അനിവാര്യമാണ്. അല്ലെങ്കിൽ പരസ്പരമുള്ള കിടമാത്സര്യവും അതിക്രമ മനോഭാവവും കാരണം സർവ്വത്ര നാശമാണ് ഉണ്ടാവുക. ആ പൊതു മാനദണ്ഡമാണ് അല്ലാഹുവിൻെറ വഹ്‌യ്. അതാണ് എല്ലാവരും ഒരുമിച്ച് മുറുകെ പിടിക്കേണ്ടത്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ നബി ﷺ കാണിച്ച മാർഗ്ഗം ചില വ്യക്തികളെ മുറുകെ പിടിക്കലല്ല. മറിച്ച് വഹ്‌യിനെ മുറുകെ പിടിക്കൽ മാത്രമാണ്. ആ വഹ്‌യിൻെറ വഴി കാണിച്ചുകൊടുക്കുന്ന കാര്യത്തിൽ മാത്രമാണ് അറിവുള്ളവർ അറിവില്ലാത്തവരുടെമേൽ മികച്ചു നിൽക്കുന്നത്. അതു തന്നെയാണ് ‘നിങ്ങൾ ഒന്നടങ്കം അല്ലാഹുവിൻെറ പാശം മുറുകെപിടിക്കുക’ (ആലു ഇംറാൻ 103) എന്ന സൂക്തത്തിൻെറ താൽപര്യവും.
عَنْ مُعَاوِيَةَ بْنِ أَبِي سُفْيَانَ رَضِيَ اللهُ عَنْهُ أَنَّهُ قَالَ: أَلَا إِنَّ رَسُولَ اللَّهِ ﷺ قَامَ فِينَا فَقَالَ: أَلَا إِنَّ مَنْ قَبْلَكُمْ مِنْ أَهْلِ الْكِتَابِ افْتَرَقُوا عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَإِنَّ هَذِهِ الْمِلَّةَ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ، ثِنْتَانِ وَسَبْعُونَ فِي النَّارِ، وَوَاحِدَةٌ فِي الْجَنَّـــةِ، وَهِيَ الْجَمَاعَةُ. [أبو داود في سننه، والترمذي في سننه بلفظ:] وَتَفْتَرِقُ أُمَّتِي عَلَى ثَلَاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلَّا مِلَّةً وَاحِدَةً، قَالُوا: وَمَنْ هِيَ يَا رَسُولَ اللَّهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي.
〈മുആവിയ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു, ഒരിക്കൽ നബി ﷺ ഞങ്ങൾക്കിടയിൽ എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു: അറിയുക! നിങ്ങൾക്ക് മുമ്പുള്ള ഗ്രന്ഥാവകാശികൾ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. നിശ്ചയമായും ഈ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി വേർപിരിയും. എഴുപത്തിരണ്ടും നരകത്തിലാണ്, ഒന്ന് സ്വർഗ്ഗത്തിലുമാണ്. (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്). തിർമുദി സുനനിൽ ഉദ്ധരിച്ചത്: എൻെറ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. ഒരേ ഒരു വിഭാഗമൊഴിച്ച് മറ്റെല്ലാവരും നരകത്തിലാണ്. അവർ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ! ആരാണ് അവർ? അവിടുന്ന് പറഞ്ഞു: ഞാനും എൻെറ അനുചരന്മാരും ഏതിലാണോ അതിൽ നിലകൊള്ളുന്നവർ.〉
ഇവിടെ ജൂതക്രൈസ്തവ വിഭാഗങ്ങളിൽ ഉണ്ടായിട്ടുള്ളതും, മുസ്‌ലിംകളിൽ ഉണ്ടാകാനിരിക്കുന്നതുമായ കക്ഷിത്വത്തെ കുറിച്ച് നബി ﷺ സംസാരിക്കുന്നത് പ്രാപഞ്ചികമായ ഭിന്നത എന്ന അർത്ഥത്തിലാണ്. മുസ്‌ലിംകൾക്കിടയിലുണ്ടാകുന്ന കക്ഷികളിൽ ഒന്നൊഴികെ എഴുപത്തിരണ്ടും നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും. അവരെല്ലാവരും നരകത്തിൽ ശാശ്വതരാണെന്ന് അതിന്ന് അർത്ഥമില്ല. ഓരോ വിഭാഗവും നരകത്തിൽ കഴിച്ചുകൂട്ടേണ്ടിവരുന്നതിൻെറ ദൈർഘ്യവും ശാശ്വതികത്വവും അവരവരുടെ വിശ്വാസങ്ങളെയും കർമ്മങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും തീരുമാനിക്കുക. നരകത്തിൽ ശാശ്വതരായി കഴിയേണ്ടവരാണെങ്കിൽ അങ്ങനെയും, അല്ലാത്തവർ അവരർഹിക്കുന്ന ശിക്ഷയുടെ കാലാവധി കഴിഞ്ഞാൽ നരകത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്യും. എന്നാൽ നരകം സ്പർശിക്കാതെ നേരെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് ഒരേ ഒരു വിഭാഗം മാത്രമാണ്. അവരാണ് അൽ ജമാഅഃ. അവർ പല വിശേഷണങ്ങളിൽ അറിയപ്പെടാറുണ്ട്. أهل السنة (നബി ﷺ യും സ്വഹാബത്തും ചലിച്ച അതേ മാർഗ്ഗം നിഷ്കൃഷ്ടമായി പിന്തുടരുന്നവർ), الفرقة الناجية (ഇഹത്തിലും പരത്തിലും രക്ഷപ്പെട്ട കക്ഷി), الطائفة المنصورة (ഇരുലോകത്തും അല്ലാഹുവിൻെറ സഹായത്താൽ വിജയം വരിച്ച വിഭാഗം), أهل الحديث والأثر (യുക്തിയും അഭീഷ്ടങ്ങളും ഉപേക്ഷിച്ച് വചനങ്ങളും രേഖകളും അവലംബിക്കുന്നവർ) തുടങ്ങിയവ അതിനുള്ള ഉദാഹരണങ്ങളാണ്. അവർ വിശ്വാസപരമായ വിഷയങ്ങളിലും നയനിലപാടുകളിലും ആചാരാനുഷ്ഠാനങ്ങളിലും ഇടപാടുകളിലും പെരുമാറ്റമര്യാദകളിലും എല്ലാം തന്നെ നബി ﷺ യും സ്വഹാബത്തും ഏതൊരു മാർഗ്ഗത്തിലായിരുന്നുവോ അതേ മാർഗ്ഗത്തിൽ ചലിക്കുന്നവരായിരിക്കും. അൽ ജമാഅഃ എന്നത് ഒരു നിലപാടും, അതേ സമയം തന്നെ ഒരു ജീവിക്കുന്ന മാതൃകയുമായിരിക്കും. സംഖ്യാ ബലമല്ല, നിലപാടിലെ കണിശതയാണ് അവരെ മറ്റുള്ളവരിൽനിന്ന് വേർതിരിക്കുന്ന ഘടകം.
അൽ ജമാഅഃയെ കുറിച്ചുള്ള വിവരണങ്ങളിൽ ഏറ്റവും ശ്രദ്ധേയം മഹാനായ സ്വഹാബിവര്യൻ ഇബ്‌നു മസ്ഊദ് നൽകുന്ന നിർവ്വചനമാണ്.
قال ابن مسعود رَضِيَ اللهُ عَنْهُ لعمرو بن ميمون: الجماعة ما وافق الحق، وإن كنت وحدك. [اللالكائي في شرح أصول اعتقاد أهل السنة والجماعة]
〈ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ അംറ് ബിൻ മൈമൂനിനോട് പറഞ്ഞു: അൽ ജമാഅഃ എന്നാൽ നിഷ്കൃഷ്ടമായും സത്യത്തോട് യോജിക്കുന്ന നിലപാടാണ്, നീ തനിച്ചായാൽ പോലും.〉 (ലാലകാഈ)
അൽ ജമാഅഃ ഒരു സങ്കൽപമോ സിദ്ധാന്തമോ അല്ല. മറിച്ച്, വസ്തുതാപരമായ ഒരു നിലപാടും ജീവിക്കുന്ന ഒരു യാഥാർത്ഥ്യവുമാണ്. ലോകാവസാനം വരെ സത്യത്തോട് കൃത്യമായി യോജിക്കുന്ന, യഥാർത്ഥമായ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഒരു ന്യൂനപക്ഷം ഭൂലോകത്ത് അവശേഷിക്കുക തന്നെ ചെയ്യും. ഈ അൽ ജമാഅഃ തന്നെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാനവിക ഐക്യത്തിൻെറ കേന്ദ്രബിന്ദുവും. അഥവാ അല്ലാഹു അവതരിപ്പിച്ച വഹ്‌യ്, മുഹമ്മദ് നബി ﷺ പ്രയോഗിച്ചു കാണിച്ച രീതി, സ്വഹാബത്ത് പിന്തുടർന്ന മാർഗ്ഗം, ലോകാവസാനം വരെ ഓരോ തലമുറയിലും സത്യത്തിൻെറ മാർഗ്ഗത്തിൽനിന്ന് വ്യതിചലിക്കാതെ ഉറച്ചുനിൽക്കുന്ന നിലപാട്, അതനുസരിച്ച് ജീവിക്കുന്ന സത്യത്തിൻെറ സാക്ഷികൾ. ഈ നിലപാടിൽ എല്ലാവരും യോജിക്കുകയും സത്യത്തിൻെറ സാക്ഷികളായ അൽ ജമാഅഃയുടെ കൂടെ നിലക്കൊള്ളുകയും ചെയ്യുക എന്നതാണ് മാനവികൈക്യത്തിന് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സമവാക്യം.
നടേ സൂചിപ്പിച്ച പ്രകാരം ഭിന്നിപ്പും കക്ഷിത്വവും അല്ലാഹുവിൻെറ മുൻനിർണ്ണയമനുസരിച്ചുള്ള ഒരു പ്രാപഞ്ചിക യാഥാർത്ഥ്യമാണ്. പക്ഷെ, ഭിന്നിപ്പിലേക്ക് നയിക്കുന്ന ശിർക്ക് മുതൽ ചെറുദോഷങ്ങൾ വരെയുള്ള തെറ്റുകുറ്റങ്ങളൊന്നും തന്നെ അല്ലാഹു ഇഷ്ടപ്പെടുകയോ അവൻെറ അടിയാറുകൾക്ക് അനുവദിച്ചു കൊടുക്കുകയോ ചെയ്യുന്നില്ല. ഐക്യത്തിന് വിഘാതം നിൽക്കുന്ന ചെറുതും വലുതുമായ കാരണങ്ങളും സാഹചര്യങ്ങളും എല്ലാം തന്നെ അവൻ വിലക്കിയിട്ടുണ്ട്. മറുഭാഗത്ത്, ഐക്യം സുസാധ്യമാക്കുന്നതിന് സഹായകമായ പ്രത്യക്ഷവും പരോക്ഷവുമായ ഒരുപാട് കൽപനകൾ അവൻ നൽകിയിട്ടുമുണ്ട്. ബാഹ്യമായ പ്രവർത്തനങ്ങളെ ഭരിക്കുന്നത് ഒരു വ്യക്തി ഉൾക്കൊള്ളുന്ന വിശ്വാസസംഹിതകളും വീക്ഷണങ്ങളുമാണ്. ആയതിനാൽ ഐക്യത്തിലേക്കുള്ള ആദ്യപടി വിശ്വാസപരവും ആരാധനാപരവുമായ ഏകീകരണമാണ്. തൻെറ മുഖത്തെ അല്ലാഹുവിന്ന് സമർപ്പിച്ചിരിക്കുന്നു. തൻെറ ജീവിതവും മരണവും അല്ലാഹുവിന്നുള്ളതാണ്. തൻെറ അകവും പുറവും അവന് സർവഥാ കീഴ്‌പ്പെടുത്തിയിരിക്കുന്നു. അസ്തിത്വത്തിൻെറ സർവ്വ തലങ്ങളെയും സ്പർശിക്കുന്ന ഈ മഹിതമായ ദാസ്യത്തെ കുറിച്ച് വ്യവഹരിക്കാൻ അറബിയിൽ ഉബൂദിയ്യഃ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. വിശ്വാസങ്ങളിലും വീക്ഷണങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും മികച്ചു നിൽക്കേണ്ട ഘടകവും ഉബൂദിയ്യഃ തന്നെയാണ്. അല്ലാത്ത പക്ഷം കർമ്മങ്ങൾ യാന്ത്രികവും നിഷ്ഫലവുമായിത്തീരും. ഈ ഉബൂദിയ്യഃ തന്നെയാണ് സ്രഷ്ടാവായ അല്ലാഹുവിന് സൃഷ്ടികൾ സമർപ്പിക്കുന്ന തൗഹീദിൻെറ സാരാംശവും.
ഖുർആനിൽ രണ്ടിടത്ത് (അൽ അൻബിയാഅ് 92ലും അൽ മുഅ്മിനൂൻ 52ലും) അല്ലാഹു ആവർത്തിക്കുന്ന ശാസന ഇക്കാര്യം വ്യക്തമാക്കുന്നു: മാനവരേ, നിങ്ങൾ ഒറ്റ സമുദായമാണ്. ഞാൻ മാത്രമാണ് നിങ്ങളെ സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിച്ചു പരിപാലിക്കുകയും ചെയ്യുന്ന റബ്ബ്. അതിനാൽ നിങ്ങൾ എന്നെ മാത്രം ആരാധിക്കണം. ആ ആരാധനയുടെ മുഖ്യചേരുവ ഉബൂദിയ്യത്തായിരിക്കണം. ഈ ശാസന മാനവിക ഐക്യത്തിലേക്കുള്ള പ്രായോഗികമായ നടപടിക്രമങ്ങളിലെ ആദ്യ ചുവടുവെപ്പാണ്.
അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കുക എന്നതാണ് ശിർക്ക്. അതു തന്നെയാണ് ഏറ്റവും വലിയ ഭിന്നതയും. അതിൽ ഒരാൾ അകപ്പെട്ടു കഴിഞ്ഞാൽ അയാളുടെ മുഴുവൻ നയനിലപാടുകളിലും സമീപനങ്ങളിലും കർമ്മങ്ങളിലും ഇടപാടുകളിലും അന്യത്ര ഭിന്നത ഉടലെടുക്കും. കാരണം മുശ്‌രിക്കുകൾ അവരുടെ അസ്തിത്വവും വ്യക്തിത്വവും മനവും ശരീരവുമെല്ലാം വ്യാജദൈവങ്ങൾക്ക് വീതംവെച്ചു നൽകിയവരാണ്. അതുകൊണ്ട് അവരുടെ മതം തന്നെ ഭിന്നിപ്പാണ്.
وَلَا تَكُونُوا مِنَ الْمُشْرِكِينَ مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًاكُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ۞ (الروم: 31-32)
〈നിങ്ങൾ മുശ്‌രിക്കുകളിൽ പെട്ടുപോകരുത്. അഥവാ തങ്ങളുടെ മതത്തിൽ ഭിന്നിപ്പുണ്ടാക്കുകയും കക്ഷിപിരിയുകയും ചെയ്തവരിൽ. ഓരോ കക്ഷിയും അവരുടെ പക്കലുള്ളതുകൊണ്ട് ആഹ്ളാദിച്ചുകൊണ്ടിരിക്കുകയാണ്.〉 (റും 31-32)
അവരുടെ മനസ്സിന് ഒരിക്കലും ഏകാഗ്രത ലഭിക്കില്ല. പല ദൈവങ്ങളിൽ, പല ലക്ഷ്യങ്ങളിൽ അതു ചിതറിപ്പോവുകയേ ഉള്ളു. സൂറതുൽ ഹജ്ജിൽ അല്ലാഹു പറഞ്ഞ വചനം ഈ ഭിന്നതയുടെ ഭയാനകമായ മാനസികാവസ്ഥ കൂടി അനാവരണം ചെയ്യുന്നുണ്ട്.
وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ۞ (الحج: 31)
〈ആരെങ്കിലും അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചാൽ അവൻ ആകാശത്തുനിന്ന് താഴെ വീണതു പോലെയായിത്തീരും. അങ്ങനെ പക്ഷികൾ അവനെ റാഞ്ചിക്കൊണ്ടു പോവുകയോ, അല്ലെങ്കിൽ കാറ്റ് അവനെ അഗാ ധഗർത്തത്തിലേക്ക് വലിച്ചെറിയുകയോ ചെയ്യുന്നതു പോലെയായിരിക്കും.〉 (അൽ ഹജ്ജ് 31)
അകത്ത് ഭിന്നത സൃഷ്ടിക്കുന്ന ആത്മസംഘർഷങ്ങൾ, പുറത്ത് ഭിന്നിപ്പിൻെറ വിഹ്വലതകളുമായുള്ള പരക്കം പാച്ചിലുകൾ. അവൻെറ ജീവിതത്തിന് എങ്ങനെയാണ് ഒരു സമാധാനമുണ്ടാവുക? മാത്രമല്ല, ഈ കൊടിയ ഭിന്നതക്ക് സമാനതകളില്ലാത്ത ശിക്ഷയാണ് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത്.
1. അല്ലാഹുവിനോട് സൃഷ്ടികൾ ചെയ്യുന്ന ഏറ്റവും വലിയ പാതകമാണ് ശിർക്ക്. അതു മാത്രം അവൻ പൊറുക്കില്ല. അതിനു താഴെയുള്ള ഏതു പാപവും അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കും.
إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا۞ (النساء: 48)
〈നിശ്ചയമായും അല്ലാഹു അവനിൽ പങ്കുചേർക്കുന്നത് ഒരിക്കലും പൊറുക്കില്ല. അതിനു താഴെയുള്ളതെന്തും അവനുദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കും. ആർ അല്ലാഹുവിൽ പങ്കുചേർക്കുന്നുവോ തീർച്ചയായും അവൻ ഗുരുതരമായ കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.〉 (നിസാഅ് 48)
2. ശിർക്ക് സകലമാന നന്മകളെയും നിഷ്ഫലമാക്കി അവനെ പരാജയപ്പെടുത്തിക്കളയും.
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ۞ (الزمر: 65)
〈തീർച്ചയായും നിനക്കും നിനക്ക് മുമ്പുള്ളവർക്കും നൽകപ്പെട്ടിരിക്കുന്ന സന്ദേശം ഇതാണ്: നീ അല്ലാഹുവിൽ പങ്കുചേർക്കുന്ന പക്ഷം നിൻെറ കർമ്മം നിഷ്ഫലമായിത്തീരുകയും, നിശ്ചയമായും നീ പരാജിതരിൽ പെട്ടുപോകുകയും ചെയ്യും.〉 (സുമർ 65)
3. ശിർക്ക് ചെയ്തവന് അല്ലാഹു സ്വർഗ്ഗം നിഷിദ്ധമാക്കും.
4. ശിർക്ക് ചെയ്തവൻെറ അഭയ കേന്ദ്രം നരകമായിരിക്കും.
إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ۞ (المائدة: 72)
〈തീർച്ചയായും കാര്യം, ആർ അല്ലാഹുവിൽ പങ്കുചേർക്കുന്നുവോ അവന് അല്ലാഹു സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. അവൻെറ വാസസ്ഥാലം നരകമായിരിക്കും. അക്രമികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല.〉 (മാഇദഃ 72)
5. അവൻ പൂർണ്ണ നിസ്സഹായനായി നരകാഗ്നിയിൽ ശാശ്വതമായി കഴിച്ചുകൂട്ടേണ്ടി വരും.
إِلَّا بَلَاغًا مِنَ اللَّهِ وَرِسَالَاتِهِ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا۞ (الجن: 23)
〈അല്ലാഹുവിങ്കൽനിന്നുള്ള അറിയിപ്പും അവൻെറ സന്ദേശങ്ങളുമല്ലാതെ മറ്റൊന്നും എൻെറ കൈവശമില്ല. ആർ അല്ലാഹുവിനെയും അവൻെറ ദുതനെയും ധിക്കരിക്കുന്നുവോ അവന്നുള്ളതാണ് നരഗാഗ്നി. അവർ അതിൽ എന്നെന്നും ശാശ്വതരായി കഴിച്ചുകൂട്ടേണ്ടിവരും.〉 (ജിന്ന് 23)
മാനവിക ഐക്യത്തിലേക്കുള്ള പ്രായോഗികമായ നടപടിക്രമങ്ങളിൾ പ്രഥമവും പ്രമുഖവുമായിട്ടുള്ളത് വിശ്വാസപരമായ ഐക്യമാണ്. മനുഷ്യൻ സ്വീകരിച്ച് ഉൾക്കൊള്ളേണ്ട വിശ്വാസങ്ങൾ പരമവും ആത്യന്തികവുമായ സത്യങ്ങളായിരിക്കണം. അത് അന്യൂനവും സമഗ്രവും സമ്യക്കുമായിരിക്കണം. അത് ഉപരിയിൽനിന്ന് അവതരിപ്പിക്കപ്പെട്ടതും മനുഷ്യൻെറ ശുദ്ധപ്രകൃതി താൽപര്യപ്പെടുന്നതുമായിരിക്കണം. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വിശ്വാസ സംഹിതക്കു മാത്രമേ ഈ മികവുകൾ അവകാശപ്പെടാനാവൂ. ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ ആധാരങ്ങൾ ഏറെ മൗലികവും, അതേ സമയം ലളിതവും അവക്രവുമായ കാര്യങ്ങളാണ്. ഉദാഹരണമായി ഇസ്‌ലാമിക വിശ്വാസസംഹിതയുടെ ചില ആധാരങ്ങൾ കാണുക: ഏകനായ സ്രഷ്ടാവിലുള്ള വിശ്വാസം. അവനാണ് അല്ലാഹു. അവൻ ഏകനും അതുല്യനും അദ്വിതീയനുമാണെന്ന വിശ്വാസം. രക്ഷാധികർതൃത്വത്തിലും ആരാധ്യതയിലും നാമഗുണ വിശേഷങ്ങളിലും അവൻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നുമുള്ള വിശ്വാസം. അവൻെറ മലക്കുകളിലും ദൂതന്മാരിലും ഗ്രന്ഥങ്ങളിലുമുള്ള വിശ്വാസം. അന്ത്യനാളിലും ന്യായവിധിയിലുമുള്ള വിശ്വാസം. സൃഷ്ടിലോകത്ത് സംഭവിക്കുന്നതെല്ലാം അവൻെറ അറിവും മുൻനിർണ്ണയവും വേണ്ടുകയും അനുസരിച്ചു മാത്രമാണെന്ന വിധിവിശ്വാസം.
ഇസ്‌ലാമിൻെറ വിശ്വാസസംഹിത വ്യക്തികളിലുണ്ടാക്കുന്ന മാറ്റങ്ങൾ അനിതരവും വിസ്മയാവഹവുമാണ്. അത് അവൻെറ വീക്ഷണങ്ങളെ സ്ഫുടം ചെയ്യുന്നു. പ്രപഞ്ചം, സൃഷ്ടിപ്പ്, ഏകനായ സ്രഷ്ടാവ്, അവനോട് സൃഷ്ടികൾക്കുള്ള കടമകൾ, സൃഷ്ടികൾക്കിടയിലെ പരസ്പര ബന്ധങ്ങൾ, പ്രപഞ്ച ഘടനയിൽ ഓരോരുത്തരുടെയും ധർമ്മങ്ങൾ മുതലായ പ്രാപഞ്ചിക വിഷയങ്ങളെ കുറിച്ചെല്ലാം അത് അവനു സമ്യക്കായ ഒരു വീക്ഷണം പ്രദാനം ചെയ്യുന്നു. കുറ്റമറ്റതും സമഗ്രവുമായ ഒരു പ്രപഞ്ച വീക്ഷണം അവൻെറ ബോധമണ്ഡലത്തിൽ വേരുറപ്പിക്കുന്നു. അത് അനിവാര്യമായും, തന്നോടും സഹജീവികളോടും ഇതര ജീവികളോടും പ്രകൃതിയിലെ ഓരോ ഘടകത്തോടും ആരോഗ്യകരമായ പാരസ്പര്യം നിലനിർത്താനും സംഘർഷങ്ങൾ വെടിഞ്ഞ് രഞ്ജിപ്പോടെ സഹവർത്തിക്കാനും അവനെ പ്രാപ്തനാക്കുന്നു.
മനുഷ്യൻെറ ജീവിതലക്ഷ്യം ഒന്നു മാത്രമാണ്, സ്വർഗ്ഗപ്രവേശം. അവിടെ വെച്ച് തൻെറ ഏകനായ സ്രഷ്ടാവും ആരാധ്യനുമായ അല്ലാഹുവിനെ കൺനിറയെ കാണൽ. ലക്ഷ്യത്തിലുള്ള ഐക്യം അതിലേക്കുള്ള മാർഗ്ഗത്തിലെ ഐക്യം അനിവാര്യമാക്കുന്നു. ഒരു ലക്ഷ്യത്തിലേക്ക് നേരായ രണ്ടു വഴികൾ അസാധ്യമാണ്. രണ്ടു ബിന്ദുക്കൾക്കിടയിൽ നേർരേഖ ഒന്നു മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ആ നേർരേഖയാണ് ശരിയായ വഴി. അവിടെ, ഭിന്നമായ വഴികൾക്കു സാധ്യതയില്ല. ഐക്യത്തിൻെറ ഒരേ ഒരു പാത മാത്രം. അത് പിന്തുടരാനാണ് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നത്.
وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ۞ (الأنعام: 153)
〈നിശ്ചയം, ഇതാണ് എൻെറ നേരായ മാർഗ്ഗം. അത് നിങ്ങൾ പിന്തുടരുക. മററു വഴികൾ നിങ്ങൾ പിന്തുടർന്നു പോകരുത്. അവയെല്ലാം അവൻെറ നേർമാർഗ്ഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ചു കളയും. നിങ്ങൾ സൂക്ഷിക്കുന്നതിനു വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണിത്.〉 (ആൻആം 153)
അവിടുന്ന് കാണിച്ചു തന്ന ഈ ഏകമായ വഴി ലക്ഷ്യത്തിലെത്തിക്കുന്നതുംو മറ്റുള്ള വഴികളെല്ലാം വളഞ്ഞു പുളഞ്ഞ് ലക്ഷ്യത്തിൽനിന്ന് ചിതറിക്കുന്നവയുമാണ്. ഈ നേർവഴിയിൽ ഐക്യപ്പെടേണ്ടത് വിശ്വാസത്തിൻെറ താൽപര്യമാണ്. അല്ലാഹു പറയുന്നു:
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا۞ (النساء: 65)
〈നിൻെറ രക്ഷിതാവു തന്നെ സത്യം. അവർക്കിയടയിൽ ഭിന്നിപ്പുണ്ടായ കാര്യത്തിൽ താങ്കളെ വിധികർത്താവാക്കുകയും, താങ്കൾ തീർപ്പുകൽപിച്ചതിൽ പിന്നീട് അവർക്ക് മനസാ യാതൊരു വിഷമവും തോന്നാതിരിക്കയും, അതിന് സർവഥാ കീഴ്‌പ്പെടുകയും ചെയ്യുന്നതു വരെ അവർ വിശ്വാസികളായിത്തീരുകയില്ല.〉 (അന്നിസാഅ് 65)
നബി ﷺ യെ പരിപൂർണ്ണമായി പിൻപറ്റുകയും അവിടുത്തെ കാൽപാടുകൾ കണിശമായി പിന്തുടരുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ ഐക്യം സഫലമാവുകയുള്ളു. അവിടുന്ന് കാണിച്ചു തന്ന ഒരു കാര്യത്തിലും വീണ്ടുവിചാരം പോലുമില്ലാതെ സർവഥാ കീഴ്‌പ്പെടുന്നതാണ് യഥാർത്ഥമായ ഇത്തിബാഅ്. അവിടെ ബുദ്ധിക്കും യുക്തിക്കും അഭീഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും യാതൊരു സ്ഥാനവുമില്ല. അവിടുന്ന് എന്ത് പറഞ്ഞുവോ അത് സത്യപ്പെടുത്തുകയും വിശ്വസിക്കുകയും അംഗീകരിക്കുയും സർവഥാ കീഴ്‌പ്പെടുകയും ചെയ്യുക. അതിലാണ് നബി ﷺ യെ പിന്തുടരുക എന്നതിൻെറ ആത്മാവ് കുടിക്കൊള്ളുന്നത്. നബി ﷺ മുന്നിൽ പോയ ഈ വഴി അതു മാത്രമേ ഇനി നിലനിൽക്കുന്ന വഴിയായിട്ടുള്ളു. അല്ലാഹുവിലേക്ക് ആ വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെയും എത്തിപ്പെടുക സാധ്യമല്ല. അതല്ലാത്ത വഴികളെല്ലാം അടക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സാക്ഷാൽ മൂസാ നബി عليه السلام തന്നെ ജീവനോടെ എഴുന്നേറ്റുവരികയും, മുഹമ്മദ് നബി ﷺ യെ വിട്ട് ജനങ്ങൾ അദ്ദേഹത്തെ പിന്തുടരുകയും ചെയ്താൽ അവർ പിഴച്ചുപോയതു തന്നെ. മൂസാ നബി عليه السلام തന്നെ ജീവനോടെ വരികയാണെങ്കിൽ മുഹമ്മദ് നബി ﷺ യെ പിന്തുടരുകയല്ലാതെ മറ്റൊരു വഴി അദ്ദേഹത്തിനു പോലുമില്ല.
لو نزل موسى فاتبعتموه وتركتموني لضللتم أنا حظكم من النبيين وأنتم حظي من الأمم. [السيوطي في الجامع الصغير وحسنه الألباني]
〈മൂസാ നബി عليه السلام ഇറങ്ങിവരികയും, നിങ്ങൾ അദ്ദേഹത്തെ പിൻപറ്റി എന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങൾ പിഴച്ചതു തന്നെ. നബിമാരിൽനിന്ന് നിങ്ങൾക്കുള്ള വിഹിതം ഞാനാണ്; ജനപദങ്ങളിൽനിന്ന് എൻെറ വിഹിതം നിങ്ങളും.〉 (സുയൂത്വി ജാമിഉസ്സ്വ ഗീറിൽ ഉദ്ധരിച്ചത്)
لو كان أخى موسى حيا ما وسعه إلا اتباعى. [أحمد في مسنده والبيهقي في شعب الإيمان والدارمي في سننه وحسنه الألباني]
〈എൻെറ സഹോദരൻ മൂസാ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് എന്നെ പിന്തുടരുകയല്ലാതെ വേറെ വഴിയുണ്ടാകുമായിരുന്നില്ല.〉 (അഹ്‌മദ് മുസ്‌നദിലും ബൈഹഖി ശുഅബിലും ദാരിമി സുനനിലും ഉദ്ധരിച്ചത്)
അവസാന കാലത്ത് ഈസാ ഭൂലോകത്തേക്ക് ഇറങ്ങിവരും. അപ്പോൾ മുസ്‌ലിംകൾ ഇഖാമത്ത് വിളിച്ച് നമസ്കാരത്തിന് ഒരുങ്ങി നിൽക്കുന്ന സമയമായിരിക്കും. അവിടെ വെച്ച് ഇമാം മഹ്ദിയും അദ്ദേഹവും തമ്മിൽ നടത്തുന്ന വളരെ ശ്രദ്ധേയമായ ഒരു സംഭാഷണമുണ്ട്.
ينزل عيسى بن مريم، فيقول أميرهم المهدي: تعال صل بنا، فيقول: لا إن بعضهم أمير بعض، تكرمة الله لهذه الأمة. [مسلم في صحيحه]
〈മർയമിൻെറ പുത്രൻ ഈസാ ഇറങ്ങിവരും. അപ്പോൾ അവരുടെ നായകനായ മഹ്ദി പറയും: വരൂ, നമസ്കാരത്തിന് നേതൃത്വം നൽകൂ. അപ്പോൾ അദ്ദേഹം പ്രതിവചിക്കും: ഇല്ല, അവരിൽപെട്ടവർ തന്നെയാണ് അവരുടെ നായകന്മാർ. ഈ സമുദായത്തിന് അല്ലാഹു നൽകിയ ആദരമത്രെ അത്.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
തന്നെ പ്രതീക്ഷിച്ചുകൊണ്ടും തനിക്കു വേണ്ടിയുമല്ല ഇവിടെ ഇഖാമത്ത് വിളിച്ചിരിക്കുന്നത്. അല്ലാഹു ആദരവ് നൽകിയ സമുദായമാണ് നിങ്ങൾ. അതിനാൽ നിങ്ങളിൽപെട്ടവർ തന്നെയാണ് നിങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. ഇതായിരിക്കും ഈസാ നബി عليه السلام കൈക്കൊള്ളുന്ന നിലപാട്. അദ്ദേഹം തന്നെയും മുഹമ്മദ് നബി ﷺ യുടെ കാൽപ്പാടുകൾ പിന്തുടർന്നുകൊണ്ടാണ് ശിഷ്ടകാലം ജീവിക്കുകയും തൻെറ ദൗത്യം പൂർത്തീകരിക്കുകയും ചെയ്യുക.
ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് ഇനി അല്ലാഹുവിലേക്ക് എത്താൻ മുഹമ്മദ് നബി ﷺ യിലൂടെയല്ലാതെ മറ്റൊരു വഴിയില്ല. ആ വഴി ഏകമാണ്, അതിൽ ബഹുത്വമില്ല. അത് അവക്രമാണ്, ഋജുവാണ്, ലളിതമാണ്, രാജവീഥി പോലെ സുവ്യക്തമാണ്. ആ വഴി അവിടുന്ന് വരച്ചു കാണിക്കുന്നത് ശ്രദ്ധിക്കുക:
عن عبد الله بن مسعود رَضِيَ اللهُ عَنْهُ، قال: خط لنا رسول الله خطا، ثم قال: هذا سبيل الله، ثم خط خطوطا عن يمينه وعن شماله، ثم قال: هذه سبل قال يزيد: متفرقة على كل سبيل منها شيطان يدعو إليه، ثم قرأ: ﴿وأن هذا صراطي مستقيما فاتبعوه ولا تتبعوا السبل، فتفرق بكم عن سبيله﴾. [أحمد في مسنده وصححه الألباني]
〈ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ ഞങ്ങളെ ഒരു നേർരേഖ വരച്ചു കാണിച്ചു. എന്നിട്ടു പറഞ്ഞു: ഇത് അല്ലാഹുവിൻെറ വഴി. പിന്നീട് അതിൻെറ ഇടതും വലതും കുറേ രേഖകൾ വരച്ചു. എന്നിട്ട് പറഞ്ഞു: ഇത് ഛിദ്രതയുടെ വഴികൾ. അതിൽ ഓരോ വഴിയുടെയും മുഖത്ത് അതിലേക്ക് വിളിച്ചുകൊണ്ട് ഓരോ പിശാച് ഇരിപ്പുണ്ട്. തുടർന്ന് അവിടുന്ന് പാരായണം ചെയ്തു: ”നിശ്ചയം, ഇതാണ് എൻെറ നേർമാർഗ്ഗം. അത് നിങ്ങൾ പിന്തുടരുക. മററു വഴികൾ നിങ്ങൾ പിന്തുടരരുത്. അവയെല്ലാം അവൻെറ മാർഗ്ഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ചു കളയും.”〉 (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)
ഈ നേർവഴിയിലൂടെ മുമ്പേ നടന്നത് അല്ലാഹുവിൻെറ ദൂതനായ മുഹമ്മദ് നബി ﷺ കൂടെ പിന്തുടർന്നത് അവിടുത്തെ അനുചരന്മാരായ സ്വഹാബത്. തുടർന്നു വന്ന രണ്ടും മൂന്നും തലമുറകളും ഈ വഴി തന്നെ പിന്തുടർന്നു. പിന്നീടു വന്ന പിൻതലമുറക്കാർ ഈ വഴിയിൽനിന്നും ഇടത്തോട്ടും വലത്തോട്ടും വ്യതിചലിച്ചു തുടങ്ങി. ചിലർ സ്വാഭിപ്രായങ്ങളെയും അഭീഷ്ടങ്ങളെയും പിൻപറ്റാൻ തുടങ്ങി. ഭിന്നിപ്പിൻെറയും കക്ഷിത്വത്തിൻെറയും വളഞ്ഞ വഴികൾ തേടി. അങ്ങനെ മാർഗ്ഗത്തിലുള്ള ഐക്യം തകർന്നു. അവർ ഏഴുപത്തിരണ്ടു കക്ഷികളായി. അൽ ജമാഅഃ മാത്രം അല്ലാഹു നിർദ്ദേശിച്ച നേർവഴിയിൽ അവശേഷിച്ചു.
ഓരോ കക്ഷിയും ഭിന്നിപ്പിന് അടിസ്ഥാനമാക്കിയത് അവരവരുടെ യുക്തിയും സ്വാഭിപ്രായങ്ങളും അഭീഷ്ടങ്ങളും മാത്രമായിരുന്നു. ഈ ഭിന്നിപ്പ് മതത്തെയും മാർഗ്ഗത്തെയും കളങ്കപ്പെടുത്തി. വരാനിരിക്കുന്ന ഈ ഭിന്നിപ്പിൻെറ ആഴം മനസ്സിലാക്കി നബി ﷺ അതിനെ കുറിച്ച് തുടരത്തുടരെ താക്കീതു ചെയ്തുകൊണ്ടിരുന്നു. തൻെറ അനുചരന്മാരെ അഭിസംബോധന ചെയ്യുമ്പോഴെല്ലാം ആമുഖമായി അവിടുന്ന് പറഞ്ഞുകൊണ്ടേയിരുന്നു:
وَشَرُّ الْأُمُورِ مُحْدَثَاتُهَا، وَكُلُّ بِدْعَةٍ ضَلَالَةٌ [مسلم في صحيحه]
〈തീർച്ചയായും നൂതനനിർമ്മിതികളാണ് ഏറ്റവും ദോഷകരമായ കാര്യം. മാതൃകയില്ലാത്ത എല്ലാ അപനിർമ്മിതികളും വഴികേടാണ്.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
സമൂഹത്തിൽ ഒരു ബിദ്അത്ത് പോലും ഉടലെടുത്തിട്ടില്ലാത്ത, അപനിർമ്മിതിയുടെയും കൃതിപ്പിൻെറയും ലാഞ്ചന പോലും കണ്ടു തുടങ്ങിയിട്ടില്ലാത്ത, ഇസ്‌ലാം തനിമയോടെ നിലക്കൊള്ളുന്ന കാലത്താണ് അവിടുന്ന് ഈ താക്കീത് നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നത്. അവയെ കുറിച്ച്, കാര്യങ്ങളിൽ വെച്ച് ഏറ്റവും ദോഷകരം എന്ന് വിശേഷിപ്പിച്ചത് രണ്ടു കാരണങ്ങളാലാണ്.
(ഒന്ന്) അവ അല്ലാഹുവിൻെറ ദീനിനെ നശിപ്പിക്കുന്നു. മുഹമ്മദ് നബി ﷺ കാണിച്ചു തന്ന മാർഗ്ഗത്തിൻെറ വിശുദ്ധി കളങ്കപ്പെടുത്തുന്നു.
(രണ്ട്) അവ സമുദായത്തെ ഭിന്നിപ്പിച്ച് പരസ്പരം പോരടിക്കുന്ന കക്ഷികളാക്കി മാറ്റുന്നു. നബി ﷺ ഉണർത്തി: ‘എൻെറ സമൂദായം അഭീഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് എഴുപത്തി മൂന്ന് കക്ഷികളായി പിരിയുക’.
നബി ﷺ യെ പിൻപറ്റുന്നതിനു പകരം സ്വാഭിപ്രായങ്ങളെയും അഭീഷ്ടങ്ങളെയും പിൻപറ്റി ഭിന്നിപ്പിൻെറ വഴികളിലൂടെ പോകുന്നവർ മഹാനാശത്തിലാണ് ചെന്നുപതിക്കാനിരിക്കുന്നത്. അതിനാൽ മതിയായ ജാഗ്രത കാണിക്കണമെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു:
فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ۞ (النور: 63)
〈ആകയാൽ അവിടുന്ന് കൊണ്ടുവന്ന കാര്യത്തിൽനിന്ന് (ദീനിൽ) വ്യതിചലിക്കുന്നവർ തങ്ങൾക്ക് വല്ല ഫിത്നഃയും പിടികൂടുന്നതോ, വേദനയേറിയ ശിക്ഷ ബാധിക്കുന്നതോ സൂക്ഷിച്ചുകൊള്ളട്ടെ.〉 (നൂർ 63)
ഫിത്നഃയുടെ സാമാന്യമായ അർത്ഥം പരീക്ഷണം എന്നാണ്. ഈ സന്ദർഭത്തിൽ ഫിത്നഃ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് ഇമാം അഹ്‌മദും മറ്റും വിശദീകരിച്ചിരിക്കുന്നതു പോലെ ശിർക്ക് എന്ന മഹാപാതകം തന്നെയാണ്. അഥവാ, നബി ﷺ യുടെ മാർഗ്ഗത്തിൽനിന്ന് വ്യതിചലിക്കുന്നവർ ക്രമേണ ഇസ്‌ലാമിൽനിന്നു തന്നെ പൂർണ്ണമായും ബഹിഷ്കൃതരായിപ്പോകുന്ന ശിർക്കിലാണ് ചെന്നെത്തുക എന്നു സാരം. ഇബ്‌നു മസ്ഊദ് പറഞ്ഞു:
وَلَوْ تَرَكْتُمْ سُنَّةَ نَبِيِّكُمْ لَضَلَلْتُمْ [مسلم في صحيحه]
〈നിങ്ങളുടെ നബി ﷺ കാണിച്ചു തന്ന മാർഗ്ഗം നിങ്ങൾ ഉപേക്ഷിക്കുന്ന പക്ഷം നിങ്ങൾ പിഴച്ചതു തന്നെ.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
മുസ്‌ലിംകൾ ഒരു സമുദായമാണ്. സമുദായത്തിൻെറ ഐക്യവും ഭദ്രതയും ഏറെ പ്രധാനവും കാത്തുസൂക്ഷിക്കപ്പെടേണ്ടുതമാണ്. ചിന്താപരമായും കർമ്മപരമായും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ സമുദായത്തിന് സാമാന്യമായ ചില ലക്ഷ്യങ്ങളും അതിർ വരമ്പുകളുമുണ്ട്. അവ ലംഘിക്കപ്പെട്ടു കൂടാ. ശരിയായ വിധത്തിൽ പാലിക്കപ്പെടുക തന്നെ വേണം. മുസ്‌ലിംകളുടെ സാമൂഹികമായ ഐക്യത്തിന് അത് അത്യന്താപേക്ഷിതമാണ്. അഹ്ലുൽ ഖിബ്‌ല എന്ന ആശയം അതിനു വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഘടനാപരമായ ചട്ടക്കൂടാണ്. അതിനകത്ത് ഒതുങ്ങിനിൽക്കാൻ മുസ്‌ലിംകൾ ബാധ്യസ്ഥരുമാണ്. നബി ﷺ പറയുന്നു:
عن أنس بن مالك رَضِيَ اللهُ عَنْهُ قال: قال رسول الله ﷺ: من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته. [البخاري في صحيحه]
അനസ് رَضِيَ اللهُ عَنْهُ നിവേദനം. അല്ലാഹുവിൻെറ റസൂൽ ﷺ പറഞ്ഞു: ആർ നമ്മുടെ നമസ്കാരം അതേപോലെ നിർവ്വഹിക്കുകയും, നമ്മുടെ ഖിബ്‌ലയിലേക്ക് തിരിയുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവോ അവൻ അല്ലാഹുവിൻെറയും റസൂലിൻെറയും പരിരക്ഷയുള്ള മുസ്‌ലിംമാണ്. അവനു നൽകിയ പരിരക്ഷയുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനോട് ലംഘനം കാണിക്കരുത്.〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
ഈ ചട്ടക്കൂടിൽനിന്ന് പുറത്തു പോകരുതെന്നും ഐക്യത്തിനു വലിയ വിലകൽപിച്ച് പൊതുവായ കാര്യങ്ങളിൽ അഹ്ലുൽ ഖിബ്‌ലഃയുടെ കൂടെ നിൽക്കണമെന്നും നിരവധി ഹദീസുകളിൽ കൽപന വന്നിട്ടുണ്ട്.
عن جبير بن مطعم عن أبيه قال: قام رسول الله ﷺ بالخيف من منى فقال: نضر الله امرأ سمع مقالتي فبلغها، فرب حامل فقه غير فقيه، ورب حامل فقه إلى من هو أفقه منه، ثلاث لا يغل عليهن قلب مؤمن، إخلاص العمل لله، والنصيحة لولاة المسلمين، ولزوم جماعتهم فإن دعوتهم تحيط من ورائهم. [ابن ماجة في سننه وصححه الألباني]
〈ജുബൈർ ബിൻ മുത്വ്ഇം നിവേദനം, അദ്ദേഹം പറയുന്നു: അല്ലാഹുവിൻെറ റസൂൽ ﷺ മിനായിലെ ഖൈഫിൽ വെച്ച് ഞങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: എൻെറ വചനം കേൾക്കുകയും അത് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ അല്ലാഹു പ്രസന്നനാക്കട്ടെ. മതിയായ ഗ്രാഹ്യതയില്ലാത്ത എത്ര പേർ അറിവിൻെറ വാഹകരാവാറുണ്ട്! തന്നെക്കാൾ ഗ്രാഹ്യതയുള്ളവർക്ക് അറിവ് വഹിച്ച് കൊണ്ടുകൊടുക്കുന്ന എത്ര പേരുണ്ട്!! മൂന്നു കാര്യങ്ങളുള്ളപ്പോൾ ഒരു വിശ്വാസിയുടെ ഹൃദയത്തിൽ പക സ്ഥാനംപിടിക്കുകയില്ല: കർമ്മം അല്ലാഹുവിന്ന് വേണ്ടി മാത്രമാക്കിത്തീർക്കുക, മുസ്‌ലിം ഭരണാധികാരികളോട് ഗുണകാംക്ഷ പുലർത്തുക, അവരുടെ ഐക്യത്തോടൊപ്പം നിലക്കൊള്ളുക. മുസ്‌ലിം എന്ന പൊതുസംബോധനം തീർച്ചയായും അവർക്കു ചുറ്റുമുള്ള ഒരു സംരക്ഷണവലയം തന്നെയാണ്.〉 (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)
മുസ്‌ലിം സമൂഹത്തിൻെറ ആന്തരഘടനയിൽ നിലനിൽക്കുന്ന വീക്ഷണ വൈവിധ്യങ്ങൾക്കും വൈജ്ഞാനിക ഭിന്നതകൾക്കും ആശയപരമായ സംഘർഷങ്ങൾക്കും എല്ലാം അതീതമായി, യഥാർത്ഥത്തിൽ മുസ്‌ലിം എന്ന ഒരു പൊതുസംബോധന അവരെ വലയംചെയ്തു നിൽക്കുന്നുണ്ട്. ഈ ഐക്യം മുസ്‌ലിംകൾക്ക് പൊതുവായി സാമൂഹികമായ ഒരു സുരക്ഷാ കവചം ഒരുക്കുന്നു. സർവ്വോപരി, മുസ്‌ലിം സമൂഹത്തിൻെറ നിലനിൽപിനും ക്ഷേമത്തിനും വേണ്ടി വ്യക്തിഗതമായും സാമൂഹികമായും അവർ നടത്തുന്ന പ്രാർത്ഥനകൾ മൂലം ലഭിക്കുന്ന സുരക്ഷിതത്വം വേറെയും. ഇത് ഐക്യത്തിൻെറ സദ്‌ഫലങ്ങളായി ഗണിക്കാവുന്നതാണ്.
നബി ﷺ ചൂണ്ടിക്കാണിച്ച മൗലികമായ ഈ മൂന്നു നിലപാടുകൾ ഉൾക്കൊള്ളുന്ന ഒരു വിശ്വാസിയുടെ വ്യക്തി ത്വം എത്ര പ്രസന്നവും സന്തുഷ്ടവും സന്തുലിതവുമായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ. അതു കൊണ്ടു തന്നെ ഈ നിലപാടുകൾക്ക് വിരുദ്ധമായതോ ഐക്യത്തിന് വിഘാതം നിൽക്കുന്നതോ ആയ കാര്യങ്ങളെ ല്ലാം വിലക്കപ്പെടുകയും ചെയ്തു. നബി ﷺ പറയുന്നത് കാണുക:
عن ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ ﷺ قَالَ: مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ عَلَيْهِ فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا فَمَاتَ إِلَّا مَاتَ مِيتَةً جَاهِلِيَّةً. [البخاري في صحيحه]
〈ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ആരെങ്കിലും തൻെറ ഭരണാധികാരിയിൽനിന്ന് അഹിതകരമായ വല്ലതും കണ്ടാൽ അത് ക്ഷമിച്ചു കൊള്ളട്ടെ. നിശ്ചയമായും കാര്യം, ഒരാൾ മുസ്‌ലിം ജമാഅത്തിൽനിന്ന് ഒരു ചാൺ അകന്നാണ് മരണപ്പെടുന്നതെങ്കിൽ അയാളുടെ മരണം ജാഹീലീ മരണല്ലാതെ മറ്റൊന്നുമായിരിക്കില്ല.〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
അഹ്ലുൽ ഖിബ്‌ലഃയുടെയുടെ പരിധിയിൽ മുസ്‌ലിംകളിൽപെട്ട എല്ലാ കക്ഷികളും ഉൾപ്പെടുന്നു. എന്നാൽ ഭരണാധികാരിക്ക് ബൈഅത്ത് നൽകിയ മുഴുവൻ മുസ്‌ലിംകളുമാണ് മുസ്‌ലിം ജമാഅത്തിൻെറ (جماعة المسلمين) പരിധിയിൽ ഉൾപ്പെടുന്നത്. ഈ വിഭാഗങ്ങളിൽ ചിന്താപരമായും കർമപരമായും വേർതിരിഞ്ഞു നിൽക്കുന്ന ധാരാളം കക്ഷികളുണ്ടായിരിക്കും. അൽ ജമാഅഃയുമായി (الجماعة) തുലനം ചെയ്തു കൊണ്ടാണ് അവരുടെ നിലപാടുകളിലെ ശരിതെറ്റുകൾ നിർണ്ണയിക്കുക. നബി ﷺ യും സ്വഹാബത്തും നിലക്കൊണ്ടിരുന്ന സത്യമാർഗ്ഗം എന്നതാണ് അൽ ജമാഅഃ (الجماعة) കൊണ്ട് ഉദ്ദേശിക്കുന്നത്. നബി ﷺ യെയും സ്വഹാബത്തിനെയും പൂർണ്ണമായും പിന്തുടരുന്നവർ അൽ ജമാഅത്തിൻെറ ജീവിക്കുന്ന പ്രതികളായിരിക്കും. അവരത്രെ നരകം സ്പർശിക്കാതെ നേരെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ.
സുന്നത്തിൽനിന്ന് വ്യതിചലിച്ചുപോയിട്ടുള്ള കക്ഷികളെ കുറിച്ചുള്ള അന്തിമ വിധി അല്ലാഹുവിൻെറ കോടതിയിലാണ് തീരുമാനിക്കുക. അവർ പരസ്പരം ദുനിയാവിൽ വെച്ച് കുഫ്റ് ആരോപിക്കുന്നതിനോ ഇസ്‌ലാമിൽനിന്ന് ഭ്രഷ്ട് കൽപിക്കുന്നതിനോ യാതൊരു അടിസ്ഥാനവുമില്ല. സത്യസാക്ഷ്യത്തിൻെറ വചനം പ്രഖ്യാപിച്ച ഒരു മുസ്‌ലിമിനെ കാഫിറാക്കുക എന്നത് ലളിതമായ കാര്യമല്ല. അയാളിൽനിന്ന് സത്യസാക്ഷ്യത്തിനുള്ള ലംഘനം ഉണ്ടാവുന്ന പക്ഷം, നിബന്ധനകൾക്ക് വിധേയമായി, യോഗ്യനായ ഒരു അധികാരി ശരിയായ നടപടിക്രമങ്ങളിലൂടെ മാത്രമേ ഒരാളെ കാഫിറാണെന്ന് പ്രഖ്യാപിക്കാൻ പാടുള്ളു. അതു കൊണ്ടു തന്നെ ഇസ്‌ലാമിൻെറ നേർവഴിയിൽ നിലക്കൊള്ളുന്ന അഹ്ലുസ്സുന്നഃത്തി വൽ അൽജമാഅഃ ഇതര കക്ഷികളെ ഒരിക്കലും കാഫിറാക്കുകയില്ല. ഇമാം അബു ജഅ്ഫർ അത്ത്വഹാവി പറയുന്നത് കാണുക:
ولا نكفر أحدا من أهل القبلة بذنب ما لم يستحله. [أبو جعفر الطحاوي في عقيدته]
〈അഹ്ലുൽ ഖിബ്‌ലഃയിൽപെട്ട ഒരാളെയും പാപം ചെയ്തു എന്നതിൻെറ പേരിൽ നാം കാഫിറാക്കുകയില്ല, അയാൾ ആ മതനിയമം ഭേദഗതി വരുത്താമെന്ന് വിശ്വസിക്കാത്തിടത്തോളം.〉 (അബു ജഅ്ഫർ അത്ത്വഹാവി അഖീദത്തുത്ത്വഹാവിയ്യയിൽ രേഖപ്പെടുത്തിയത്)
പാപം ചെയ്ത വ്യക്തി കർമ്മപഥത്തിൽ ആ തെറ്റ് ആവാമെന്നാണ് തൻെറ പ്രവർത്തിയിലൂടെ തെളിയിക്കുന്നത്. പക്ഷെ, അല്ലാഹുവിൻെറ നിയമം മറിച്ചാണെന്നും അത് ഭേദഗതി വരുത്താൻ പാടില്ലെന്നും അയാൾ മനസ്സുകൊണ്ട് അംഗീകരിക്കുന്നു. അപ്പോൾ അയാൾ തെറ്റുചെയ്ത ഒരു പാപിയായത്തീരുകയേ ചെയ്യുന്നുള്ളു. അയാൾ കാഫിർ ആകണമെങ്കിൽ താൻ ലംഘിച്ച മതപരമായ ആ കൽപനയെ ഇഷ്ടാനുസാരം മാറ്റിമറിക്കാമെന്ന് മനസ്സുകൊണ്ട് അംഗീകരിച്ച് വിശ്വസിക്കണം. ഇതിനാണ് ഇസ്തിഹ്ലാൽ (استحلال) എന്ന് പറയുന്നത്. അല്ലാഹുവിൻെറ നിയമം തൻെറ ഇഷ്ടാനുസാരം മാറ്റിമറിക്കാമെന്ന വിശ്വാസം തന്നെ കുഫ്ർ ആണ്. ഈ വിശ്വാസത്തോടെ പാപം ചെയ്യുമ്പോൾ അയാൾ ഒരു പാപി മാത്രമല്ല, അവിശ്വാസി കൂടിയായിത്തീരുന്നു. വസ്തുതകൾ ഇവ്വിധം വ്യവഛേദിക്കപ്പെടേണ്ടതുണ്ട്. കുഫ്റിനെ കുഫ്റായും പാപത്തെ പാപമായും വേർതിരിക്കപ്പെടണം. അല്ലാത്ത പക്ഷം പാപികളെയെല്ലാം അവിശ്വാസികളാക്കി മുദ്രകുത്തുന്ന ഗുരുതരമായ തെറ്റിൽ നാം അകപ്പെട്ടുപോകും.
وأهل السنة يتبعون الحق من ربهم الذي جاء به الرسول، ولا يكفرون من خالفهم فيه. [ابن تيمية في منهاج السنة النبوية]
〈അഹ്ലുസ്സുന്നഃ അവരുടെ റബ്ബിങ്കൽനിന്ന് റസൂൽ കൊണ്ടുവന്നുകൊടുത്ത സത്യത്തെയാണ് പിൻപറ്റുന്നത്. അതിൽ അവരോട് വിയോജിക്കുന്നവരെ അവർ കാഫിറാക്കുകയില്ല. (ഇബ്‌നു തൈമിയ്യഃ മിൻഹാജുസ്സുന്നത്തിന്നബവിയ്യയിൽ രേഖപ്പെടുത്തിയത്)
മുകളിൽ കൊടുത്ത ഉദ്ധരണികളിൽ വിശദീകരിച്ചിരിക്കുന്നത് ഇസ്‌ലാമിൻെറ സവിശേഷമായ നിലപാടുകളാണ്. മുസ്‌ലിം സമൂഹത്തിൻെറ പൊതുവായ ഐക്യത്തിന് കൽപ്പിക്കപ്പെടുന്ന വില എന്താണെന്ന് കൂടി അവ അനാവരണം ചെയ്യുന്നുണ്ട്. കൂടാതെ, സാമൂഹികമായ ഐക്യത്തിന് ഏറെ ആവശ്യമായ കാര്യമാണ് വ്യവസ്ഥാപിതമായ ഭരണം. ഭരണാധികാരിയെ പ്രജകൾ സഹൃദയം കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് വ്യവസ്ഥാപിതമായ ഭരണത്തിൻെറ ആധാരം. ഏതു വിധേന അധികാരത്തിൽ വന്നാലും, ഭരണാധികാരിയായി സ്ഥിരപ്പെട്ടു കഴിഞ്ഞാൽ അദ്ദേഹത്തെ കേൾക്കാനും അനുസരിക്കാനും മുസ്‌ലിം പ്രജകൾ ബാധ്യസ്ഥരാണ്. ഇമാം അഹ്‌മദ് ബിൻ ഹൻബൽ പയുന്നത് കാണുക:
والسمع وَالطَّاعَة للأئمة وأمير الْمُؤمنِينَ الْبر والفاجر وَمن ولي الْخلَافَة وَاجْتمعَ النَّاس عَلَيْهِ وَرَضوا بِهِ وَمن غلبهم بِالسَّيْفِ حَتَّى صَار خَليفَة وَسمي أَمِير الْمُؤمنِينَ. [أحمد بن حنبل في أصول السنة]
〈ഭരണകർത്താക്കളെയും വിശ്വാസികളുടെ നായകനെയും നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും വേണം, അവർ നല്ലവരാണെങ്കിലും അധർമ്മകാരികളാണെങ്കിലും. അതേപോലെ, ഒരാൾ അധികാരം ഏറ്റെടുക്കുകയും, ജനം അദ്ദേഹത്തിൻെറ കാര്യത്തിൽ ഏകോപിക്കുകയും തൃപ്തിപ്പെടുകയും ചെയ്തുവെങ്കിൽ അദ്ദേഹത്തെയും; ആയുധം കൊണ്ട് അവരെ കീഴ്‌പ്പെടുത്തി അധികാരിയാവുകയും വിശ്വാസികളുടെ നായകനെന്ന് വിളിക്കപ്പെടുകയും ചെയ്തവനെയും.〉 (അഹ്‌മദ് ബിൻ ഹൻബൽ ഉസൂലുസ്സുന്നഃയിൽ രേഖപ്പെടുത്തിയത്)
എന്നാൽ മുസ്‌ലിംകളുടെ കൈകാര്യകർത്താവായി ഒരാൾ അധികാരത്തിലിരിക്കുമ്പോൾ മറ്റൊരാളും അദ്ദേഹത്തോട് അധികാരവടംവലി നടത്താൻ പാടില്ല. അധികാരത്തിൽ വന്നുകഴിഞ്ഞ ഒരു ഭരണാധികാരിയെ അനുസരിക്കുക എന്നത് പ്രജകളുടെ പ്രാഥമികമായ കടമയാണ്. നബി ﷺ പറയുന്നത് കാണുക:
عَنْ عَبْدِ اللَّهِ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ ﷺ، قَالَ: السَّمْعُ وَالطَّاعَةُ عَلَى المَرْءِ المُسْلِمِ فِيمَا أَحَبَّ وَكَرِهَ، مَا لَمْ يُؤْمَرْ بِمَعْصِيَةٍ، فَإِذَا أُمِرَ بِمَعْصِيَةٍ فَلاَ سَمْعَ وَلاَ طَاعَةَ. [البخاري في صحيحه]
〈അബ്ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: തനിക്ക് ഇഷ്ടമുള്ളതോ വെറുപ്പുള്ളതോ ആയ കാര്യ മാവട്ടെ, അല്ലാഹുവിനെ ധിക്കരിക്കാൻ കൽപിക്കപ്പെടാത്തിടത്തോളം അത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് വിശ്വാസിയായ ഒരു മനുഷ്യൻെറ ബാധ്യതയാണ്. അല്ലാഹുവിനെ ധിക്കരിക്കാൻ കൽപിക്കപ്പെടുകയാണെങ്കിൽ കേൾക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടതില്ല.〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
മുസ്‌ലിംകളുടെ സാമൂഹിക ഐക്യം സാധ്യമാക്കുന്നതിനു വേണ്ടി കൂടിയാണ് ഇത്തരം ശാസനകൾ ശറഇൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവയുടെ മാനങ്ങളും തലങ്ങളും സവിശേഷ ശ്രദ്ധയർഹിക്കുന്ന വിഷയമാണ്. അതിനാൽ തദ്വിഷയകമായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റു ചില നബി ﷺ വചനങ്ങൾ കൂടി കാണുക:
عَنْ جُنَادَةَ بْنِ أَبِي أُمَيَّةَ، قَالَ: دَخَلْنَا عَلَى عُبَادَةَ بْنِ الصَّامِتِ رَضِيَ اللهُ عَنْهُ، وَهُوَ مَرِيضٌ، قُلْنَا: أَصْلَحَكَ اللَّهُ، حَدِّثْ بِحَدِيثٍ يَنْفَعُكَ اللَّهُ بِهِ، سَمِعْتَهُ مِنَ النَّبِيِّ ﷺ، قَالَ: دَعَانَا النَّبِيُّ ﷺ فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا: أَنْ بَايعْنَا عَلَى السَّمْعِ وَالطَّاعَةِ، فِي مَنْشَطِنَا وَمَكْرَهِنَا، وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لاَ نُنَازِعَ الأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا، عِنْدَكُمْ مِنَ اللَّهِ فِيهِ بُرْهَانٌ. [البخاري في صحيحه]
〈ജുനാദതു ബിൻ അബീ ഉമയ്യഃ നിവേദനം. അദ്ദേഹം പറയുന്നു: ഉബാദതു ബിൻ അസ്സ്വാമിത് رَضِيَ اللهُ عَنْهُ രോഗിയായിരിക്കെ ഞങ്ങൾ അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. ഞങ്ങൾ പറഞ്ഞു: അല്ലാഹു താങ്കൾക്ക് എല്ലാം ഭേദമാക്കിത്തരട്ടെ, നബി ﷺ യിൽനിന്ന് താങ്കൾ കേട്ട ഒരു വചനം ഞങ്ങൾക്ക് പറഞ്ഞു തന്നാലും. അതു മുഖേന അല്ലാഹു താങ്കൾക്ക് ഗുണം ചെയ്യുമാറാകട്ടെ. അദ്ദേഹം പറഞ്ഞു: നബി ﷺ ഞങ്ങളെ വിളിച്ചു വരുത്തുകയും, ഞങ്ങൾ നബി ﷺ ക്ക് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) നൽകുകയും ചെയ്യുകയുണ്ടായി. ഞങ്ങളോട് വാങ്ങിയ പ്രതിജ്ഞയിൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു: നിങ്ങൾ എനിക്ക് പ്രതിജ്ഞ നൽകൂ, ഞങ്ങൾക്ക് ഉത്സാഹമുള്ളപ്പോഴും വൈമുഖ്യമുള്ളപ്പോഴും, പ്രയാസമുള്ളപ്പോഴും സുഖമായിരിക്കുമ്പോഴും, ഞങ്ങളോട് പക്ഷപാതം കാണിക്കുമ്പോഴും (അങ്ങനെ ഏതവസ്ഥയിലും) ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യാം. അധികാരത്തിൻെറ കാര്യത്തിൽ അതിൻെറ അവകാശികളോട് ഞങ്ങൾ കിടമാത്സര്യം കാണിക്കുകയില്ല; പരസ്യമായ കുഫ്ർ നിങ്ങൾ കണ്ടാലൊഴികെ. അക്കാര്യത്തിൽ നിങ്ങളുടെ അടുക്കൽ അല്ലാഹുവിങ്കൽ നിന്നുള്ള സുവ്യക്തമായ ലക്ഷ്യമുണ്ട് താനും.〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
قَالَ حُذَيْفَةُ بْنُ الْيَمَانِ رَضِيَ اللهُ عَنْهُ: قُلْتُ: يَا رَسُولَ اللهِ، إِنَّا كُنَّا بِشَرٍّ، فَجَاءَ اللهُ بِخَيْرٍ، فَنَحْنُ فِيهِ، فَهَلْ مِنْ وَرَاءِ هَذَا الْخَيْرِ شَرٌّ؟ قَالَ: نَعَمْ، قُلْتُ: هَلْ وَرَاءَ ذَلِكَ الشر خَيْرٌ؟ قَالَ: نَعَمْ، قُلْتُ: فَهَلْ وَرَاءَ ذَلِكَ الْخَيْرِ شر؟ قَالَ: نَعَمْ، قُلْتُ: كَيْفَ؟ قَالَ: يَكُونُ بَعْدِي أئمة لَا يَهْتَدُونَ بهداي، وَلَا يَسْتَنُّونَ بِسُنَّتِي، وَسَيَقُومُ فِيهِمْ رِجَالٌ قُلُوبُهُمْ قُلُوبُ الشَّيَاطِينِ فِي جُثْمَانِ إِنْسٍ، قَالَ: قُلْتُ: كَيْفَ أَصْنَعُ يَا رَسُولَ اللهِ، إِنْ أَدْرَكْتُ ذَلِكَ؟ قَالَ: تَسْمَعُ وَتُطِيعُ لِلْأَمِيرِ، وَإِنْ ضُرِبَ ظَهْرُكَ، وَأُخِذَ مَالُكَ، فَاسْمَعْ وَأَطِعْ. [مسلم في صحيحه]
〈ഹുദൈഫഃ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: ഞാൻ ചോദിച്ചു, അല്ലാഹുവിൻെറ ദൂതരേ! ഞങ്ങൾ തിന്മയിലായിരുന്നു. അപ്പോൾ അല്ലാഹു ഈ നന്മ ഞങ്ങൾക്കു നൽകി. ഇപ്പോൾ ഞങ്ങൾ അതിലാണ്. ഈ നന്മക്ക് ശേഷം വല്ല തിന്മയും വരാനുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ. ഞാൻ ചോദിച്ചു: ആ തിന്മക്കു ശേഷം പിന്നെ വല്ല നന്മയും വരാനുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ. ഞാൻ ചോദിച്ചു: ആ നന്മക്കു ശേഷം പിന്നെയും തിന്മ വരാനുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ. ഞാൻ ചോദിച്ചു: എങ്ങനെയായിരിക്കും അത്? അവിടുന്ന് പറഞ്ഞു: എനിക്ക് ശേഷം കുറച്ച് നേതാക്കൾ വരും. അവർ എൻെറ മാർഗ്ഗദർശനം ഉൾക്കൊള്ളാത്തവരും എൻെറ ചര്യ പിന്തുടരാത്തവരുമായിരിക്കും. അവരുടെ കൂട്ടത്തിൽ ചിലരുണ്ട്, അവരുടെ ഹൃദയം പിശാചുക്കളുടെ ഹൃദയമായിരിക്കും, അത് മനുഷ്യ ശരീരത്തിലാണെന്നു മാത്രം. അദ്ദേഹം പറയുന്നു: ഞാൻ ചോദിച്ചു, ആ കാലത്ത് ജീവിച്ചിരിക്കുകയാണെങ്കിൽ ഞാൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത്? അവിടുന്ന് പറഞ്ഞു: നീ ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിൻെറ മുതുകിൽ അടിച്ചാലും നിൻെറ ധനം പിടിച്ചെടുത്താലും നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഭരണാധികാരിക്കു നൽകിയ അനുസരണ പ്രതിജ്ഞ ലംഘിക്കാവതല്ല, എന്തു വില കൊടുത്തും അത് പൂർത്തീകരിക്കേണ്ടതാണ്. അദ്ദേഹത്തിൽനിന്ന് ഉണ്ടായേക്കാവുന്ന സ്വജനപക്ഷപാതമോ അക്രമപരമായ നടപടികളോ അനുസരണ പ്രതിജ്ഞ പിൻവലിക്കാനുള്ള കാരണല്ല. പരസ്യവും അനിഷേധ്യവുമായ സത്യനിഷേധം (كفر بواح) അദ്ദേഹത്തിൽനിന്ന് സംഭവിക്കാത്തിടത്തോളം ക്ഷമിക്കാനും അനുസരണയുള്ള പ്രജയായി നിലക്കൊള്ളാനും ഒരു മുസ്‌ലിം ബാധ്യസ്ഥനാണ്. പരസ്യമായ കുഫ്ർ സംഭവിച്ചാൽ തന്നെ അദ്ദേഹത്തിനെതിരിൽ ആയുധമെടുക്കാൻ പിന്നെയും ചില നിബന്ധനകൾ പൂർത്തീകരിക്കേണ്ടതുണ്ട്. അദ്ദേഹത്തെ നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ ഉണ്ടായേക്കാവുന്ന കുഴപ്പങ്ങൾ നിലവിലുള്ളതിനെക്കാൾ കൂടുതലാണെങ്കിൽ അത്തരമൊരു ശ്രമം ഉപേക്ഷിക്കേണ്ടതാണ്. നബി ﷺ പറയുന്നത് കാണുക:
عَنْ عَوْفِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ،عَنْ رَسُولِ اللهِ ﷺ قَالَ: خِيَار أَئِمَّتِكُمُ الَّذِينَ تُحِبُّونَهُمْ وَيُحِبُّونَكُمْ، وَيُصَلُّونَ عَلَيْكُمْ وَتُصَلُّونَ عَلَيْهِمْ،وَشِرَار أَئِمَّتِكُمُ الَّذِينَ تُبْغِضُونَهُمْ وَيُبْغِضُونَكُمْ، وَتَلْعَنُونَهُمْ وَيَلْعَنُونَكُمْ،قِيلَ: يَارَسُولَ اللهِ،أَفَلَانُنَابِذُهُمْ بِالسَّيْفِ؟ فَقَالَ: لَا،مَاأَقَامُوا فِيكُمُ الصَّلَاةَ، وَإِذَا رَأَيْتُمْ مِنْ وُلَاتِكُمْ شَيْئًا تَكْرَهُونَهُ،فَاكْرَهُواعَمَلَهُ،وَلَا تَنْزِعُوا يَدًامِنْ طَاعَةٍ. [مسلم في صحيحه]
〈ഔഫ് ബിൻ മാലിക് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങൾക്ക് ലഭിക്കുന്ന ഭരണാധികാരികളിൽ ഏറ്റവും ഉത്തമർ നിങ്ങൾ അങ്ങോട്ട് സ്നേഹിക്കുകയും നിങ്ങളെ ഇങ്ങോട്ട് സ്നേഹിക്കുകയും ചെയ്യുന്നവരാണ്, നിങ്ങൾക്ക് വേണ്ടി അവർ പ്രാർത്ഥിക്കുന്നു, അവർക്കു വേണ്ടി നിങ്ങളും പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് ലഭിക്കുന്ന ഭരണാധികരികളിൽ ഏറ്റവും നീചർ നിങ്ങൾ അങ്ങോട്ട് വെറുക്കുകയും നിങ്ങളെ ഇങ്ങോട്ട് വെറുക്കുകയും ചെയ്യുന്നവരാണ്. നിങ്ങൾ അവരെ ശപിക്കുന്നു. അവർ നിങ്ങളെ ഇങ്ങോട്ടും ശപിക്കുന്നു. അപ്പോൾ ചോദിക്കപ്പെടുകയുണ്ടായി: അല്ലാഹുവിൻെറ ദുതരേ, ഞങ്ങൾക്ക് അവരെ വാളുകൊണ്ട് നേരിടാൻ പാടില്ലയോ? അവിടുന്ന് പറഞ്ഞു: അരുത്, അവർ നിങ്ങൾക്കിടയിൽ നമസ്കാരം നിലനിർത്തുന്ന കാലത്തോളം. നിങ്ങൾ ഭരണാധികാരികളിൽ നിന്നും അഹിതകരമായ വല്ലതും കാണുന്ന പക്ഷം അദ്ദേഹത്തിൻെറ ചെയ്തികളെ നിങ്ങൾ വെറുക്കുക. അനുസരണ പ്രതിജ്ഞയിൽനിന്ന് നിങ്ങൾ കൈവലിച്ചു പോകരുത്.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
അദ്ദേഹത്തിൻെറ തെറ്റുകൾ പരസ്യപ്പെടുത്താനോ വിമർശിക്കാനോ പാടില്ല. തിരുത്തപ്പെടേണ്ട കാര്യങ്ങളുണ്ടാകുമ്പോൾ അർഹതപ്പെട്ടവർ രഹസ്യമായിട്ടാണ് അദ്ദേഹത്തെ അക്കാര്യം ഉണർത്തേണ്ടത്. നബി ﷺ നൽകുന്ന നിർദ്ദേശം കാണുക:
عن عياض بن غنم رَضِيَ اللهُ عَنْهُ أن رسول الله ﷺ قال: من أراد أن ينصح لذي ســلطان فلا يبده علانية، ولكن يأخذ بيده فيخلو به فإن قبل منه فذاك، وإلا كان قد أدى الذي عليه. [أحمد في مسنده وابن أبي عاصم في السنة، وصححه الألباني]
〈ഇയാദ് ബിൻ ഗൻമ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ആരെങ്കിലും അധികാരമുള്ള ഒരാളെ ഉപദേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഒരിക്കലും പരസ്യമായി നടത്തരുത്. മറിച്ച്, അദ്ദേഹത്തിൻെറ കൈപിടിച്ച്, അദ്ദേഹവുമായി തനിച്ചിരുന്നു കൊണ്ട് ചെയ്യട്ടെ. അത് സ്വീകരിക്കപ്പെട്ടുവെങ്കിൽ നല്ലതു തന്നെ. ഇല്ലെങ്കിൽ തൻെറ ബാധ്യത അദ്ദേഹം നിറവേറ്റിയല്ലോബ്ല. (അഹ്‌മദ് മുസ്നദിലും ഇബ്‌നു അബീ ആസ്വിം സുന്നഃയിലും ഉദ്ധരിച്ചത്)
ഭരണാധികാരിയോടുള്ള ഗുണകാംക്ഷയുടെ ഭാഗമാണ് അവരുടെ നന്മക്ക് വേണ്ടിയുള്ള പ്രാർത്ഥന. ഭരണാധികാരികൾക്ക് എതിരിൽ പ്രാർത്ഥിക്കുന്നവരെ അഭീഷ്ടങ്ങൾ പിന്തുടരുന്ന തന്നിഷ്ടക്കാരായും, അവരുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരെ സുന്നത്ത് പിന്തുടരുന്നവരായിട്ടുമാണ് സച്ചരിതരായ മുൻഗാമികൾ കണക്കാക്കിയിരുന്നത്. ഒരാൾ തൻെറ വ്യക്തിപരമായ നന്മക്കു വേണ്ടി പ്രാർത്ഥിച്ചാൽ അതിൻെറ സദ്‌ഫലങ്ങൾ അയാളിൽ പരിമിതമായിരിക്കും. എന്നാൽ ഭരണാധികാരിയുടെ നന്മക്ക് വേണ്ടിയുള്ള പ്രാർത്ഥന സ്വീകരിക്കപ്പെട്ടാൽ ഭരണാധികാരി നല്ലവനായിത്തീരും. അതു മുഖേന നാടിനും നാട്ടുകാർക്കും നന്മ ലഭിക്കുകയും ചെയ്യും. അതു കൊണ്ടാണ് ഫുദൈൽ ബിൻ ഇയാദ് ഇപ്രകാരം പറഞ്ഞത്:
لو أن لي دعوة مستجابة ما جعلتها إلا في السلطان. [البربهاري في شرح السنة]
〈എനിക്ക് ഉത്തരം ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു പ്രാർത്ഥന അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ ഞാൻ അത് ഭരണാധികാരിയുടെ കാര്യത്തിലല്ലാതെ വിനിയോഗിക്കുമായിരുന്നില്ല.〉 (ബർബഹാരി ശർഹുസ്സുന്നഃയിൽ ഉദ്ധരിച്ചത്)
സമൂഹത്തിൻെറ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി ഇതുപോലുള്ള വ്യക്തവും ശക്തവുമായ ശാസനകളാണ് അല്ലാഹു നൽകിയിരിക്കുന്നത്. അവയൊന്നും മാനിക്കാതെ അധികാരത്തിനു വേണ്ടി കിടമാത്സര്യം നടത്തുകയും മുസ്‌ലിംകളുടെ ഐക്യം തകർക്കുകയും ചെയ്യുന്ന ഛിദ്രശക്തികൾ ആരായിരുന്നാലും അവരെ പ്രതിരോധിക്കാനുള്ള കൽപനകൾ ഹദീസുകളിൽ വന്നിട്ടുണ്ട്.
عن عَرْفَجَةَ رَضِيَ اللهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللهِ ﷺ، يَقُولُ: إِنَّهُ سَتَكُونُ هَنَاتٌ وَهَنَاتٌ، فَمَنْ أَرَادَ أَنْ يُفَرِّقَ أَمْرَ هَذِهِ الْأُمَّةِ وَهِيَ جَمِيعٌ، فَاضْرِبُوهُ بِالسَّيْفِ كَائِنًامَنْ كَانَ. [مسلم في صحيحه]
〈അർഫജഃ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: അല്ലാഹുവിൻെറ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: തീർച്ചയായും ഇടക്കിടെ പുതിയ പുതിയ കുഴപ്പങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും. ഈ സമുദായം (ഒരു ഭരണാധികാരിയുടെ കീഴിൽ) ഒന്നിച്ചു നിൽക്കുമ്പോൾ അവരുടെ കാര്യത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ആരെങ്കിലും ഉദ്യമിക്കുകയാണെങ്കിൽ അവനെ നിങ്ങൾ വാളെടുത്ത് വെട്ടിക്കൊള്ളുക, അവൻ ആരു തന്നെയായിരുന്നാലും.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഭരണാധികാരികളോട് മാത്സര്യം കാണിക്കുക എന്നത് ഇത്രയും ശക്തമായ ഭാഷയിൽ വിലക്കാനുള്ള കാരണം, അത് മുസ്‌ലിംകളുടെ ഐക്യം തകർക്കുകയും, നിലക്കാത്ത രക്തച്ചൊരിച്ചിലുകൾക്ക് കാരണമായിത്തീരുകയും ചെയ്യും എന്നതിനാലാണ്. നിലവിലുള്ള ഭരണവ്യവസ്ഥ അട്ടിമറിക്കാൻ നടത്തുന്ന അഭ്യന്തര കലാപങ്ങൾ മൂലം ഒഴുക്കപ്പെടുന്ന നിരപരാധികളുടെ രക്തം അളവറ്റതാണ്. അതുമൂലമുണ്ടാകുന്ന യാതനകൾ വർണ്ണനാതീതവും. ഭരണാധികാരികളുടെ പക്ഷത്തുനിന്ന് ഉണ്ടായേക്കാവുന്ന അതിക്രമങ്ങളെക്കാൾ എത്രയോ ഭയാനകമാണ് അവയുണ്ടാക്കുന്ന ദുരിതങ്ങളും നാശനഷ്ടങ്ങളും. മാനവ ചരിത്രവും വർത്തമാനകാല സംഭവ വികാസങ്ങളും ഇതിൻെറ നേർസാക്ഷ്യമാണ്. അതു കൊണ്ടാണ് ഭരണാധികാരികൾ അക്രമികളോ അധർമ്മകാരികളോ ആണെങ്കിൽ പോലും നിങ്ങൾ അവർക്കു നൽകിയ പ്രതിജ്ഞ ലംഘിക്കുകയോ അനുസരണത്തിൻെറ കൈ പിൻവലിക്കുകയോ ചെയ്യരുതെന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നത്.
അല്ലാഹുവിൻെറ കൽപനാ വിലക്കുകളുടെ സുപ്രധാനമായ ഒരു ലക്ഷ്യം നന്മ സ്ഥാപിക്കലും തിന്മ പ്രതിരോധിക്കലുമാണ്. മാനവിക ഐക്യം മഹത്തരമായ ഒരു നന്മയാകയാൽ ഐക്യത്തിൻെറ തൂണുകൾ ഉറപ്പിക്കുന്നതിനാവശ്യമായ അനുബന്ധ കൽപനകളും വിലക്കുകളും ഹദീസുകളിൽ വന്നിട്ടുണ്ട്. അവയിൽപെട്ടതാണ് മുസ് ലിംകളിൽ കക്ഷിത്വവും ധ്രുവീകരണവും ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും മാറിനിൽക്കുക എന്നത്.
മതപ്രബോധനത്തിൻെറ പേരിൽ രൂപീകരിക്കപ്പെടുന്ന സംഘടനകൾ മുസ്‌ലിം ഐക്യം പോഷിപ്പിക്കേണ്ടതിനു പകരം മുസ്‌ലിംകൾക്കിടയിൽ കക്ഷിത്വവും ധ്രുവീകരണവും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഏകോദര സഹോദരന്മാരായി നിൽക്കേണ്ട മുസ്‌ലിംകൾ സംഘടനാടിസ്ഥാനത്തിൽ ഭിന്നിക്കുകയും, മുസ്‌ലിം ഐക്യം ശിഥിലമായിത്തീരുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നു കാണാൻ സാധിക്കുന്നത്. കക്ഷിത്വത്തെയോ അതിലേക്ക് എത്തിക്കുന്ന സംവിധാനങ്ങളെയോ സാധൂകരിക്കുന്ന യാതൊരു രേഖയും ഇസ്‌ലാമിക പ്രമാണങ്ങളിലില്ല. അടിസ്ഥാനപരമായി ലോകത്ത് രണ്ടു കക്ഷികളണുള്ളത്. അല്ലാഹുവിൻെറ കക്ഷിയും പിശാചിൻെറ കക്ഷിയും.
أَلاَ إِنَّ حِزْبَ اللهِ هُمُ الْمُفْلِحُونَ۞ (المجادلة: 22)
〈അറിയുക! അല്ലാഹുവിൻെറ കക്ഷി, അവർ തന്നെയാണ് വിജയികൾ.〉 (മുജാദലഃ 22)
أَلاَ إِنَّ حِزْبَ الشَيْطَانِ هُمُ الْخَاسِرُونَ۞ (المجادلة: 19)
〈അറിയുക! പിശാചിൻെറ കക്ഷി, അവർ തന്നെയാണ് പരാജിതർ.〉 (മുജാദലഃ 19)
അല്ലാഹുവിൻെറ കക്ഷി ഒന്നാണ്. ആ ഒറ്റക്കക്ഷിയെ തന്നെ പല കക്ഷികളാക്കി വേർതിരിക്കുന്നത് അതിനെ ദുർബ്ബലപ്പെടുത്താൻ മാത്രം സഹായിക്കുന്ന നടപടിയാണ്. വൃത്തത്തിനകത്ത് വൃത്തം വരച്ച്, പരസ്പര സാഹോദര്യത്തിൻെറ കണ്ണികൾ വേർപ്പെടുത്തി, മുസ്‌ലിം സമുദായത്തെ ക്ഷയിപ്പിക്കുകയാണ് സംഘടനകൾ ചെയ്യുന്നത്. മുസ്‌ലിംകളെ പല വിഭാഗങ്ങളാക്കി, അവക്ക് ചുറ്റും സംഘടനാ വേലിക്കെട്ടുകൾ തീർത്ത്, പരസ്പരം വിദ്വേഷത്തിൻെറയും വൈരത്തിൻെറയും ശരവർഷം നടത്തുന്ന ഇന്നത്തെ പ്രബോധനരീതി ഇസ്‌ലാമിൻെറ മൗലികമായ അധ്യാപനങ്ങൾക്കു തന്നെ വിരുദ്ധമാണ്. മതത്തിൽ വിഭാഗീയത സൃഷ്ടിക്കാനോ മതാനുയായികളെ പല കക്ഷികളാക്കി വേർതിരിക്കാനോ പാടില്ലെന്നും, അത് ബഹുദൈവവിശ്വാസികളുടെ നടപടിയാണെന്നും, അങ്ങനെ ചെയ്യുന്നവരുമായി നബി ﷺ ക്ക് യാതൊരു ബന്ധവുമില്ലെന്നും ഖുർആനിൽ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
〈തീർച്ചയായും ദീനിൽ ഭിന്നിപ്പുണ്ടാക്കുകയും പല കക്ഷികളായി വേർപിരിയുകയും ചെയ്തവർ, അവരുമായി താങ്കൾക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിലേക്ക് മാത്രം. വഴിയെ അവരുടെ ചെയ്തികളെ കുറിച്ച് അവൻ അവരെ അറിയിക്കുക തന്നെ ചെയ്യും.〉 (അൻആം 159)
സംഘടനകൾ യഥാർത്ഥത്തിൽ മുസ്‌ലിംകൾക്കിടയിൽ വിഭാഗീയതയും കക്ഷിത്വ മനഃസ്ഥിതിയും വളർത്തുകയാണ് ചെയ്യുന്നത്. കക്ഷിത്വം എന്തിൻെറ പേരിലായിരുന്നാലും ഇസ്‌ലാം അത് അംഗീകരിക്കുന്നതേയില്ല. ദീൻ അംഗീകരിച്ച പേരുകളുടെയും ചിഹ്നങ്ങളുടെയും അടിസ്ഥാനത്തിൽ പോലും കക്ഷിത്വം കാണിക്കുന്നത് നബി ﷺ വിലക്കിയിട്ടുണ്ട്. അത് ജാഹിലിയ്യത്തിൻെറ ജീർണ്ണതകളിൽപെട്ടതാണെന്ന് അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി رَحِمَهُ اللهُ ഉദ്ധരിക്കുന്ന ഹദീസ് കാണുക:
عَنْ عَمْرُو بْنُ دِينَارٍ، أَنَّهُ سَمِعَ جَابِرًا ، يَقُولُ: غَزَوْنَا مَعَ النَّبِيِّ ﷺ، وَقَدْ ثَابَ مَعَهُ نَاسٌ مِنَ المُهَاجِرِينَ حَتَّى كَثُرُوا، وَكَانَ مِنَ المُهَاجِرِينَ رَجُلٌ لَعَّابٌ، فَكَسَعَ أَنْصَارِيًّا، فَغَضِبَ الأَنْصَارِيُّ غَضَبًا شَدِيدًا حَتَّى تَدَاعَوْا، وَقَالَ الأَنْصَارِيُّ: يَا لَلْأَنْصَارِ، وَقَالَ المُهَاجِرِيُّ: يَا لَلْمُهَاجِرِينَ، فَخَرَجَ النَّبِيُّ ﷺ، فَقَالَ: مَا بَالُ دَعْوَى أهل الجاهلية؟ ثم قال: مَا شَأْنُهُمْ فَأُخْبِرَ بكسعة المهاجري الأَنْصَارِيَّ، قَالَ: فَقَالَ النَّبِيُّ ﷺ: دعوها فإنها خَبِيثَةٌ. [البخاري في صحيحه]
〈അംറു ബിൻ ദീനാർ നിവേദനം. അദ്ദേഹം പറയുന്നു, ജാബിർ رَضِيَ اللهُ عَنْهُ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു യുദ്ധത്തിൽ പങ്കെടുക്കുകയായിരുന്നു. നബി ﷺ യോടൊപ്പം ധാരാളം മുഹാജിറുകൾ ഒരുമിച്ചുകൂടി. മുഹാജിറുകളിൽ യുദ്ധോപകരണങ്ങളുമായി കളിക്കുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹം ഒരു അൻസാരിയുടെ പിൻഭാഗത്ത് അടിച്ചു. അപ്പോൾ അദ്ദേഹം അത്യധികം കുപിതനായി. അങ്ങനെ അവർ പരസ്പരം ആളെ വിളിച്ചുകൂട്ടാൻ തുടങ്ങി. അൻസാരി അൻസാറുകളേ എന്നും, മുഹാജിർ മുഹാജിറുകളേ എന്നും വിളിച്ചു. ഇതു കേട്ട് അവിടുന്ന് പുറത്തിറങ്ങിക്കൊണ്ട് പറഞ്ഞു: എന്താണ് ജാഹിലിയ്യത്തിലേക്ക് ക്ഷണിക്കുന്നവരുടെ അവസ്ഥ! പിന്നീട്, അവരുടെ പ്രശ്നമെന്താണെന്ന് അവിടുന്ന് ആരാഞ്ഞു. അപ്പോൾ മുഹാജിർ അൻസാരിയെ അടിച്ച കാര്യം അവർ ധരിപ്പിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങൾ ആ ജാഹിലിയ്യത്ത് ഉപേക്ഷിക്കുക. തീർച്ചയായും അത് നികൃഷ്ടമാണ്.〉 (ബുഖാരി സ്വഹീഹീൽ ഉദ്ധരിച്ചത്)
മുഹാജിർ, അൻസാർ എന്നീ നാമകരണം അല്ലാഹു ഖുർആനിൽ സ്ഥിരപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷെ, അതിൻെറ പേരിൽ ഒരു കക്ഷിത്വം ഉടലെടുക്കാൻ തുടങ്ങിയപ്പോൾ അവിടുന്ന് ആ കക്ഷിത്വം വിലക്കുകയും അതിനെ ജാഹിലിയ്യത്തെന്നും നികൃഷ്ടമെന്നും പറഞ്ഞ് അധിക്ഷേപിക്കുകയുമാണ് ചെയ്തത്. എങ്കിൽ, സംഘടനാപരമായ സങ്കുചിതത്വവും കക്ഷിത്വവും വലിയ ജാഹിലിയ്യത്തും നികൃഷ്ടതയുമല്ലേ? സംഘടനാ പ്രവർത്തകർ അധികവും തങ്ങളുടേത് എന്തും ശരിയെന്ന് ശഠിക്കുകയും മറ്റുള്ളവർ ചെയ്യുന്നതെല്ലാം തെറ്റായി ചിത്രീകരിക്കുകയും, തങ്ങളുടേത് മാത്രം അംഗീകരിക്കുകയും മററുള്ളതിനെയെല്ലാം തള്ളിക്കളുയുകയും ചെയ്യുന്നു. ഇത് കക്ഷിത്വം കൊണ്ടാണ്. സംഘടനാപരമായ സങ്കുചിതത്വവും കക്ഷിത്വവും വളരുന്നിടത്ത് സത്യം പരാജയപ്പെടുന്നു. സത്യത്തിൻെറ മാനദണ്ഡം അല്ലാഹുവിൻെറ വഹ്‌യ് എന്നതു മാറി ഓരോ കക്ഷിക്കും അവരുടെ പക്ഷം എന്നതായിത്തീരുന്നു. നമ്മുടെ കക്ഷി ചെയ്തതൊക്കെ ശരി. നമ്മുടെ കക്ഷി ചെയ്യാത്തതൊക്കെ തെറ്റ് എന്ന സ്ഥിതി വരുന്നു. ഈ കക്ഷിത്വം നിഷിദ്ധമാണ്. അതിൽനിന്ന് മുക്തമായ ഏത് സംഘടനയാണുള്ളത്? സംഘടനയിൽപെട്ടവർ ഇസ്‌ലാമിക വിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ അത് വെള്ളപൂശാനും, സംഘടനയിൽ പെടാത്തവർ ഇസ്‌ലാമികമായ കാര്യങ്ങൾ ചെയ്താൽ അതിനെ സംഘടനാ വിരുദ്ധമെന്നും ഇസ്‌ലാമിക വിരുദ്ധമെന്നും മുദ്രകുത്തി അധിക്ഷേപിക്കാനും കാരണം ഈ കക്ഷിത്വ മനഃസ്ഥിതി മാത്രമാണ്. ഒരു മുസ്‌ലിം, മദ്ഹബിലേക്കോ ത്വരീഖത്തിലേക്കോ ശൈഖിലേക്കോ ചേർത്തു പറയുന്നതു പോലെത്തന്നെയാണ് ഏതെങ്കിലും കക്ഷിയിലേക്ക് ചേർത്തുപറയുന്നതും. രണ്ടും തെറ്റു തന്നെ.
സംഘടനകൾ നിലനിൽക്കുന്നതു തന്നെ പക്ഷപാതിത്വത്തിൻെറ ആധാരങ്ങളിലാണ്. അവയെല്ലാം പക്ഷപാതിത്വത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നു. അന്തരാളകാലത്ത് നിലനിന്നിരുന്ന ഗോത്രപക്ഷപാതിത്വത്തിനു പകരം ആധുനിക കാലത്ത് നിലനിൽക്കുന്നത് സംഘടനാ പക്ഷപാതിത്വമാണ്. അന്ന്, ഗോത്ര പക്ഷപാതിത്വത്തിൻെറ പേരിൽ പോരടിക്കുകയും കഴുത്തറുത്ത് രക്തം ചിന്തുകയും ചെയ്തിരുന്നതു പോലെ, ഇന്ന് സംഘടനാ പക്ഷപാതിത്വത്തിൻെറ പേരിൽ പോരടിക്കുകയും രക്തം ചിന്തുകയും ചെയ്യുന്നു. തൻെറ സംഘടനയിൽപെട്ടവൻ ശരി ചെയ്താലും തെറ്റ് ചെയ്താലും അവനെ സഹായിക്കുക; മർദ്ദിതനായാലും മർദ്ദകനായാലും അവൻെറ പക്ഷം ചേരുക. ഇവിടെ സത്യവും ന്യായവും പരാജയപ്പെടുന്നു; പക്ഷപാതിത്വം വിജയിക്കുന്നു. ഇത് ഏറ്റവും ശക്തമായ ഭാഷയിലാണ് നബി ﷺ വിലക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുള്ളത്.
عَنْ جُنْدَبِ بْنِ عَبْدِ اللهِ الْبَجَلِيِّ رَضِيَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ ﷺ: مَنْ قُتِلَ تَحْتَ رَايَةٍ عِمِّيَّةٍ، يَدْعُو عَصَبِيَّةً، أَوْ يَنْصُرُ عَصَبِيَّةً، فَقِتْلَةٌ جَاهِلِيَّةٌ. [مسلم في صحيحه]
〈ജുൻദുബ് رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു, നബി ﷺ പറഞ്ഞിരിക്കുന്നു: അന്ധമായ ഒരു പതാകക്കു കീഴിൽ (സത്യമേത് അസത്യമേത് എന്ന വകതിരിവില്ലാതെ) പക്ഷപാതിത്വത്തിലേക്ക് ക്ഷണിച്ചുകൊണ്ട്, അല്ലെങ്കിൽ പക്ഷപാതിത്വത്തെ സഹായിച്ചു കൊണ്ട് ഒരാൾ കൊല്ലപ്പെട്ടാൽ അത് ജാഹിലീ മരണമാണ്.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ജാഹിലിയ്യത്തിലേക്ക് ക്ഷണിക്കുക എന്നതിൻെറ വിവക്ഷ ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ വിശദീകരിക്കുന്നത് കാണുക:
الدُّعَاءُ بِدَعْوَى الْجَاهِلِيَّةِ، وَالتَّعَزِّي بِعَزَائِهِمْ، كَالدُّعَاءِ إِلَى الْقَبَائِلِ وَالْعَصَبِيَّةِ لَهَا وَلِلْأَنْسَابِ، وَمِثْلُهُ التَّعَصُّبُ لِلْمَذَاهِبِ، وَالطَّرَائِقِ، وَالْمَشَايِخِ، وَتَفْضِيلُ بَعْضِهَا عَلَى بَعْضٍ بِالْهَوَى وَالْعَصَبِيَّةِ، وَكَوْنُهُ مُنْتَسِبًا إِلَيْهِ، فَيَدْعُو إِلَى ذَلِكَ وَيُوَالِي عَلَيْهِ، وَيُعَادِي عَلَيْهِ، وَيَزِنُ النَّاسَ بِهِ، كُلُّ هَذَا مِنْ دَعْوَى الْجَاهِلِيَّةِ. [ابن القيم في زاد المعاد في هدي خير العباد]
〈ജാഹിലിയ്യാ വാദഗതിയിലേക്ക് ക്ഷണിക്കുകയും, അവർ ആശ്വാസകരമായി കാണുന്ന കാര്യങ്ങളിൽ സമാശ്വാസം കണ്ടെത്തുകയും ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗോത്രത്തിലേക്കോ, ഗോത്രത്തിൻെറയോ തറവാടിൻെറയോ പേരിലുള്ള പക്ഷപാതിത്വത്തിലേക്കോ ക്ഷണിക്കുന്നതു പോലുള്ള കാര്യങ്ങളെയാണ്. മദ്ഹബുകളുടേയോ മറ്റു കക്ഷികളുടേയോ ശൈഖുമാരുടേയോ പക്ഷപാതിത്വത്തിലേക്ക് ക്ഷണിക്കുകയും, താൽപര്യവും പക്ഷപാതിത്വവും കാണിച്ചുകൊണ്ട് ചിലർക്ക് മറ്റു ചിലരെക്കാൾ പ്രാമുഖ്യം കൽപിക്കുകയും, തന്നെ അവരിലേക്ക് ചേർത്തുപറയുകയും, അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും, തദടിസ്ഥാനത്തിൽ ബന്ധുത്വവും ശത്രുതയും പുലർത്തുകയും ജനങ്ങളെ തൂക്കിനോക്കുകയും ചെയ്യുന്നതെല്ലാം ഇതേപോലെ തന്നെയാണ്. ഇവയെല്ലാം ജാഹിലിയ്യത്തിലേക്കുള്ള ക്ഷണം തന്നെയാണ്.〉 (ഇബ്‌നുൽ ഖയ്യിം, സാദുൽ മആദിൽ രേഖപ്പെടുത്തിയത്)
അനുഭവങ്ങളാണ് സാക്ഷി, ഇന്ന് നിലവിലുള്ള സംഘടനകളുടെയെല്ലാം മൂലധനങ്ങളും വിഭവങ്ങളും പക്ഷപാതിത്വം മാത്രമാണ്; അത് നിഷിദ്ധവുമാണ്. സംഘടനകൾക്കു കീഴിൽ നടക്കുന്ന പ്രബോധന പ്രവർത്തനങ്ങൾ ഈ പക്ഷപാതത്തിന് കീഴ്‌പ്പെട്ടിരിക്കുന്നു എന്നു വേണം പറയാൻ. ഒരു സംഘടനയുടെ പ്രബോധനം കേൾക്കുന്നത് മിക്കപ്പോഴും ആ സംഘടനയുടെ ആളുകൾ മാത്രമായിരിക്കും. മറ്റു സംഘടനക്കാർ അത് കേൾക്കാൻ മുതിരില്ല. കേൾക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവർ അതിനു മുതിരുന്നത്, മിക്കപ്പോഴും അറിവും തെളിവും തേടിക്കൊണ്ടല്ല; പക്ഷപാതിത്വം കൊണ്ടാണ്. അതിനാൽ തന്നെ കേൾക്കുന്നവർ കേൾക്കുന്നതിലും കേൾക്കാത്തവർ കേൾക്കാതിരിക്കുന്നതിലും ഒരു നന്മയുമില്ല. രണ്ടും ഒരുപോലെ പക്ഷപാതിത്വം കൊണ്ടാണ്. സംഘടനാവത്ക്കരണം കൊണ്ട് പലരെയും സത്യം കേൾപ്പിക്കാൻ സാധിക്കുന്നില്ല. കേൾക്കുന്നവരോ പൊതുവെ സത്യാന്വേഷണബുദ്ധി ഉൾക്കൊള്ളുന്നുമില്ല.
ഇസ്‌ലാമിൻെറ അടിസ്ഥാന തത്ത്വങ്ങളിൽപെട്ടതാണ് വലാഉം ബറാഉം (الولاء والبراء). ദീനിൻെറ പേരിലുള്ള ബന്ധം, ബന്ധവിഛേദം എന്നാണ് ഈ പദങ്ങളുടെ അർത്ഥം. ആദർശത്തിൻെറയും മതത്തിൻെറയും പേരിലുള്ള ബന്ധമാണ് വലാഅ്. ആരോട് വലാഅ് പുലർത്തുന്നുവോ അയാൾ വലിയ്യാണ്. ഒരു മുവഹ്ഹിദായ മനുഷ്യൻ ആരോട് വലാഅ് കാണിക്കണം, ആരോട് ബറാഅ് കാണിക്കണം എന്നത് ഖുർആനിൽ വിശദീകരിച്ചിട്ടുണ്ട്. അവൻെറ വലിയ്യ് ഒന്നാമതായി അല്ലാഹു; പിന്നെ, മുഹമ്മദ് നബി ﷺ . പിന്നെ, സത്യവിശ്വാസികൾ. അവിശ്വാസികളോടും കപടവിശ്വാസികളോടും ഗ്രന്ഥാവകാശികളോടും നമുക്ക് വലാഅ് പാടില്ല. വിശ്വാസത്തെ വിട്ട് അവിശ്വാസത്തെ തെരഞ്ഞെടുത്തവർ, മാതാപിതാക്കളോ മക്കളോ അടുത്ത ബന്ധുക്കളോ, ആരായിരുന്നാലും അവരോട് വലാഅ് പാടില്ല. സത്യവിശ്വാസികൾ അന്യോന്യം വലാഅ് കാണിക്കണം. അവർ പരസ്പരം വലിയ്യുകളാണ്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ അക്രമിക്കാവതല്ല, കൈയൊഴിയാവതല്ല, അന്യോന്യം സ്നേഹസൗഭാത്രം പുലർത്തണം, ഒരേ ശരീരത്തിലെ അവയവങ്ങൾ പോലെ പ്രതിവർത്തിക്കണം. അത് അല്ലാഹുവിൻെറ കൽപനയും ഇസ്‌ലാമിലെ വലാഇൻെറ താൽപര്യവുമാണ്. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിൽനിന്ന് ലഭിക്കേണ്ട ഈ വലാഅ് തെറ്റായ സംഘടനാവത്ക്കരണം കാരണം പുനർനിർണ്ണയം ചെയ്യപ്പെട്ടു. സംഘടനാടിസ്ഥാനത്തിലാണ് മിക്കാവാറും ഇന്ന് വലാഉം ബറാഉം തീരുമാനിക്കുന്നത്. മുസ്‌ലിംകൾ പരസ്പരം വലാഅ് കാണിക്കേണ്ടതിനു പകരം ഒരേ സംഘടനയുടെ ആളുകൾക്കിടയിൽ മാത്രം വലാഅ് കാണിച്ചാൽ മതിയെന്നു വെച്ചു. സംഘടനകൾ രംഗത്ത് വന്നതോടെ ഇസ്‌ലാമിലെ സാഹോദര്യഭാവന സംഘടനാ ബന്ധത്തിനു വഴിമാറി. ഐക്യത്തിൻെറ ചാലകങ്ങളെ ഭിന്നതയുടെ ഹേതുക്കളാക്കി മാറ്റി.
മുസ്‌ലിംകളുടെ സാമൂഹിക ഐക്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഫലപ്രദമായ ഉപാധികളിലൊന്നാണ് ഭരണം. നീതിയോടും കാരുണ്യത്തോടും കൂടി ഭരണനിർവ്വഹണം നടത്തുന്ന അധികാരിയും അദ്ദേഹത്തിനു അനുസരണ പ്രതിജ്ഞ ചെയ്തിട്ടുള്ള പ്രജകളും കൂടിച്ചേരുമ്പോഴാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സുശക്തമായ സാമൂഹ്യ ഘടന രൂപപ്പെടുന്നത്. ഈ സ്ഥിതിവിശേഷം എന്നും നിലനിർക്കുകയില്ലെന്നും ഇസ്‌ലാമിക സമൂഹത്തിനു കടന്നു പോകാനുള്ള ചരിത്രപരമായ ദശാസന്ധികളിൽ ഭരണം നഷ്ടപ്പെടുന്ന സന്ദർഭങ്ങളുണ്ടായിരിക്കുമെന്നും നബി ﷺ ഉണർത്തിയിട്ടുണ്ട്. അത്തരം വേളകളിൽ ഭിന്നതകളിലും കക്ഷിത്വങ്ങളിലും അകപ്പെടാതിരിക്കാൻ ഒരു മുസ്‌ലിം എങ്ങനെ വർത്തിക്കണമെന്ന അനുശാസന ഇമാം ബുഖാരി رَحِمَهُ اللهُ ഉദ്ധരിക്കുത് കാണുക:
بَابٌ: كَيْفَ الأَمْرُ إِذَا لَمْ تَكُنْ جَمَاعَةٌ؟ عن أبي إِدْرِيسَ الخَوْلاَنِيَّ، أَنَّهُ سَمِعَ حُذَيْفَةَ بْنَ اليَمَانِ رَضِيَ اللهُ عَنْهُ، يَقُولُ: كَانَ النَّاسُ يَسْأَلُونَ رَسُولَ اللَّهِ ﷺ عَنِ الخَيْرِ، وَكُنْتُ أَسْأَلُهُ عَنِ الشَّرِّ، مَخَافَةَ أَنْ يُدْرِكَنِي، فَقُلْتُ: يَا رَسُولَ اللَّهِ، إِنَّا كُنَّا فِي جَاهِلِيَّةٍ وَشَرٍّ، فَجَاءَنَا اللَّهُ بِهَذَا الخَيْرِ، فَهَلْ بَعْدَ هَذَا الخَيْرِ مِنْ شَرٍّ؟ قَالَ: نَعَمْ، قُلْتُ: وَهَلْ بَعْدَ ذَلِكَ الشَّرِّ مِنْ خَيْرٍ؟ قَالَ: نَعَمْ، وَفِيهِ دَخَنٌ، قُلْتُ: وَمَا دَخَنُهُ؟ قَالَ: قَوْمٌ يَهْدُونَ بِغَيْرِ هَدْيِي، تَعْرِفُ مِنْهُمْ وَتُنْكِرُ، قُلْتُ: فَهَلْ بَعْدَ ذَلِكَ الخَيْرِ مِنْ شَرٍّ؟ قَالَ: نَعَمْ، دُعَاةٌ عَلَى أَبْوَابِ جَهَنَّمَ، مَنْ أَجَابَهُمْ إِلَيْهَا قَذَفُوهُ فِيهَا، قُلْتُ: يَا رَسُولَ اللَّهِ! صِفْهُمْ لَنَا، قَالَ: هُمْ مِنْ جِلْدَتِنَا، وَيَتَكَلَّمُونَ بِأَلْسِنَتِنَا قُلْتُ: فَمَا تَأْمُرُنِي إِنْ أَدْرَكَنِي ذَلِكَ؟ قَالَ: تَلْزَمُ جَمَاعَةَ المُسْلِمِينَ وَإِمَامَهُمْ، قُلْتُ: فَإِنْ لَمْ يَكُنْ لَهُمْ جَمَاعَةٌ وَلاَ إِمَامٌ؟ قَالَ: فَاعْتَزِلْ تِلْكَ الفِرَقَ كُلَّهَا، وَلَوْ أَنْ تَعَضَّ بِأَصْلِ شَجَرَةٍ، حَتَّى يُدْرِكَكَ المَوْتُ وَأَنْتَ عَلَى ذَلِكَ. [البخاري في صحيحه]
〈ജമാഅത്ത് ഇല്ലാതായാൽ കാര്യം എങ്ങനെയായിരിക്കണം എന്ന അധ്യായം. ഹുദൈഫഃ رَضِيَ اللهُ عَنْهُ നിവേദനം. ജനങ്ങൾ നന്മയെ കുറിച്ചാണ് നബി ﷺ യോട് ചോദിക്കാറുണ്ടായിരുന്നത്. എന്നാൽ ഞാൻ ചോദിച്ചിരുന്നത് തിന്മയെ കുറിച്ചാണ്, എനിക്ക് അത് ബാധിക്കുമോ എന്ന ഭയത്താലായിരുന്നു അത്. അങ്ങനെ ഞാൻ ചോദിച്ചു: അല്ലാഹുവിൻെറ ദുതരേ, ഞങ്ങൾ ജാഹിലിയ്യത്തിലും തിന്മയിലുമായിരുന്നു. അപ്പോൾ അല്ലാഹു ഈ നന്മ ഞങ്ങൾക്ക് നൽകി. ഈ നന്മക്കു ശേഷം തിന്മ വരുമോ? അവിടുന്ന് പറഞ്ഞു: അതെ. ഞാൻ ചോദിച്ചു, ആ തിന്മക്കു ശേഷം നന്മ വരുമോ? അവിടുന്ന് പറഞ്ഞു: അതെ. പക്ഷെ, അതിൽ കലർപ്പുണ്ടായിരിക്കും. ഞാൻ ചോദിച്ചു: എന്താണ് അതിലെ കലർപ്പ്? അവിടുന്ന് പറഞ്ഞു: എൻെറ മാർഗ്ഗദർശനം കൊണ്ടല്ലാതെ വഴികാണിക്കുന്ന ഒരു പറ്റം ആളുകൾ. അവരിൽനിന്നുണ്ടാകുന്ന നടപടികളിൽ (നന്മയായി) നീ അംഗീകരിക്കുന്നവയും (തിന്മയായി) നീ നിരാകരിക്കുന്നവയുമുണ്ടാകും. ഞാൻ ചോദിച്ചു: ആ നന്മക്ക് ശേഷം തിന്മ വരുമോ? അവിടുന്ന് പറഞ്ഞു: അതെ, നരകകവാടങ്ങളിലേക്ക് ആളെ വിളിക്കുന്നവർ. അതിന്ന് ആർ ഉത്തരം ചെയ്തുവോ അവനെ അവരതിൽ എറിയും. ഞാൻ പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ, ഞങ്ങൾക്ക് അവരെക്കുറിച്ച് വർണ്ണിച്ചു തന്നാലും. അപ്പോൾ അവിടുന്ന് പറഞ്ഞു: അവർ നമ്മുടെ അതേ വർഗ്ഗത്തിൽപെട്ടവർ. നമ്മുടെ അതേ ഭാഷ സംസാരിക്കുന്നവർ. ഞാൻ ചോദിച്ചു: ആ ഘട്ടം എനിക്ക് വന്നെത്തിയാൽ ഞാൻ എന്തു ചെയ്യണമെന്നാണ് താങ്കൾ കൽപിക്കുന്നത്? അവിടുന്ന് പറഞ്ഞു: നീ മുസ്‌ലിംകളുടെ ഇമാമിൻെറയും ജമാഅത്തിൻെറയും കൂടെ നിൽക്കുക. ഞാൻ ചോദിച്ചു: അവർക്ക് ഇമാമും ജമാഅത്തും ഇല്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: അപ്പോൾ വൃക്ഷമൂലത്തിൽ കടിച്ചുപിടിച്ചിട്ടെങ്കിലും ആ കക്ഷികളെയെല്ലാം നീ വെടിയുക; നീ ആ നിലയിലായിരിക്കെ നിനക്ക് മരണം വരുന്നതുവരെ.〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
മേൽ ഹദീസിന് പൗരാണികരും ആധുനികരുമായ പ്രാമാണിക പണ്ഡിതന്മാർ നൽകിയ വിശദീകരണങ്ങൾ പരിശോധിക്കുക. ശൈഖുൽ മുഫസ്സിരീൻ ഇബ്‌നു ജരീറുത്വബ്‌രി رَحِمَهُ اللهُ യുടെ വാക്കുകൾ ഇബ്‌നു ഹജറുൽ അസ്ഖലാനി رَحِمَهُ اللهُ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:
وَفِي الْحَدِيثِ أَنَّهُ مَتَى لَمْ يَكُنْ لِلنَّاسِ إِمَامٌ فَافْتَرَقَ النَّاس أَحْزابا فَلَا يتبع أحدا فِي الفرقة وَيَعْتَزِلُ الْجَمِيعَ إِنِ اسْتَطَاعَ ذَلِكَ خَشْيَةً مِنَ الْوُقُوعِ فِي الشَّرِّ [ابن حجر في فتح الباري]
〈ഈ ഹദീസിലുള്ളത്, എപ്പോൾ ജനങ്ങൾക്ക് ഇമാം ഇല്ലാതായിത്തീരുകയും ജനം പല കക്ഷികളായിത്തീരുകയും ചെയ്യുന്നുവോ ആ ഭിന്നതയിൽ ആരെയും പിൻപറ്റരുത്; തിന്മയിൽ അകപ്പെടുമോ എന്ന ഭയത്താൽ, കഴിയുമെങ്കിൽ എല്ലാ കക്ഷികളെയും വെടിയുകയാണ് വേണ്ടത്.〉 (ഇബ്‌നു ഹജർ ഫത്ഹുൽബാരിയിൽ ഉദ്ധരിച്ചത്)
ഒരു കാലത്തെ മുസ്‌ലിംകൾ മൊത്തം ഒറ്റ ഇമാമിൻെറ കീഴിൽ വന്നെങ്കിൽ മാത്രമേ ഇമാമും ജമാഅത്തുമായി പരിഗണിക്കാവൂ എന്ന് പറയാവതല്ല. ഇമാം ഖുർതുബി رَحِمَهُ اللهُ തൻെറ തഫ്‌സീറിൽ വ്യക്തമാക്കിയതുപോലെ ഒരു നാട്ടിൽ ഒരേ സമയത്ത് ഒരു ഇമാം ഉണ്ടായിരിക്കുക, ആ നാട്ടിലെ മുഴുവൻ മുസ്‌ലിംകളും അദ്ദേഹത്തിന് ബൈഅത്ത് ചെയ്യുക എന്നതാണ് ഇമാമും ജമാഅത്തും എന്നതിൻെറ വിവക്ഷ. വിവിധ നാടുകളിൽ വേറെ വേറെ ഖലീഫഃമാർ ഉണ്ടാകുന്നത് ഇതിനെതിരല്ല. അവർ അതതു നാടുകളിലെ ഇമാമുകളാണ് താനും. ഇസ്‌ലാമിക ചരിത്രത്തിൽ അതിനു മാതൃകയുമുണ്ട്. പൗരസ്ത്യലോകത്ത് അബ്ബാസികൾ ഭരിക്കുമ്പോൾ സ്പെയിനിൽ അമവികൾ ഭരിച്ചിരുന്നു. എന്നാൽ, ഒരേ നാട്ടിൽ ഒരേ സമയത്ത് ഒന്നിലധികം ഖലീഫഃമാർ ഉണ്ടാവാൻ പാടില്ല.
മേൽ ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ശൈഖ് അൽബാനി رَحِمَهُ اللهُ പറയുന്നത് ഇപ്രകാരമാണ്:
وإن في الحديث تصريحا واضحا جدا يتعلق بواقع المسلمين اليوم، حيث إنه ليس لهم جماعة قائمة وإمام مبايع وإنما هم أحزاب مختلفة اختلافا فكريا ومنهجيا أيضا، ففي الحديث أن المسلم إذا أدرك مثل هذا الوضع فعليــه حينذاك ألا يتحزب، وألا يتكتل مع أي جماعة أو مع أي فرقة ما دام أنه لا توجد الجماعة التي عليها إمام مبايع للمسلمين. [الألباني، سلسلة الهدى والنور 2-200]
〈ഈ ഹദീസിൽ മുസ്‌ലിംകളുടെ ഇന്നത്തെ അവസ്ഥയുമായി, അഥവാ അവർക്ക് നിലവിൽ ഒരു ജമാഅത്തും ബൈഅത്തു ചെയ്യപ്പെട്ട ഒരു ഇമാമും ഇല്ലാത്ത, അവർ ചിന്താപരമായും മൻഹജിയായും വളരെയധികം വ്യത്യാസം പുലർത്തുന്ന, പല കക്ഷികളായി വേർപിരിഞ്ഞ, (അവസ്ഥയുമായി) ബന്ധപ്പെട്ട വളരെ വ്യക്തമായ ഒരു പ്രസ്താവനയുണ്ട്. ഈ ഹദീസിലുള്ളത്, അതുപോലുള്ള അവസ്ഥ ഒരു മുസ്‌ലിമിന് വന്നെത്തിയാൽ, ഒരു ജമാഅത്തും അവരുടെ മേൽ ബൈഅത്ത് ചെയ്യപ്പെട്ട ഒരു ഇമാമും മുസ്‌ലിംകൾക്കില്ലാത്ത കാലത്തോളം അവൻ ഒരു സംഘടനയിലും ചേരാൻ പാടില്ല; ഏതെങ്കിലും കക്ഷികളുമായോ വിഭാഗങ്ങളുമായോ കൂട്ടുകെട്ട് ഉണ്ടാക്കാനും പാടില്ല എന്നാണ്.〉 (അൽബാനിയുടെ ശബ്ദം, സിൽസിലത്തുൽ ഹുദാ വന്നൂർ, 2-200)
ഇവിടെ ആദ്യം ഉദ്ധരിച്ചത് ഇമാം ബുഖാരിയും മുസ്‌ലിമും ഒരുമിച്ചുദ്ധരിച്ച നബിവചനമാണ്. അതിൻെറ പദങ്ങളിലോ ആശയങ്ങളിലോ അവ്യക്തതകളില്ല. അത്യധികം വ്യക്തവും സ്ഫുടവുമായ കാര്യങ്ങൾ. ഖുർആൻ വ്യാഖ്യാതാക്കളിൽ ഏറ്റവും പ്രാമാണികനായ ത്വബ്‌രിയും ഹദീസ് വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇബ്‌നു ഹജറും رَحِمَهُما اللهُ ഒരുമിച്ച് നൽകിയ വിശദീകരണം. ആധുനികനായ ശൈഖ് അൽബാനി رَحِمَهُ اللهُ ഖണ്ഡിതമായി പറഞ്ഞ കാര്യം: ഇന്നത്തെ പോലെ, മുസ്‌ലിംകൾക്ക് ബൈഅത്ത് ചെയ്യപ്പെട്ട ഭരണാധികാരിയും അയാളുടെ കീഴിൽ ബൈഅത്ത് നൽകിയ പ്രജകളും ഇല്ലാത്ത ഒരു കാലം വന്നാൽ, അവർ പല കക്ഷികളായി ചേരിതിരിഞ്ഞാൽ, തിന്മയിൽ അകപ്പെടുന്നത് പേടിച്ച് ഒരു കക്ഷിയിലും ചേരരുത്. എല്ലാ കക്ഷികളെയും വെടിയണം. അതിനുവേണ്ടി എന്ത് ത്യാഗം ചെയ്യേണ്ടി വന്നാലും.
ഹദീസിൻെറ പൊരുൾ മനസ്സിലാക്കുന്നതിൽ ഇമാം ബുഖാരി رَحِمَهُ اللهُ ക്ക് വലിയ പ്രാഗത്ഭ്യമുണ്ട്. സ്വഹീഹുൽ ബുഖാരിയിൽ ചേർത്തിരിക്കുന്ന തലവാചകങ്ങൾ അദ്ദേഹത്തിൻെറ പാണ്ഡിത്യവും പ്രാഗത്ഭ്യവും വിളിച്ചോതുന്നു. ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് ‘ജമാഅത്ത് ഇല്ലാതായാൽ കാര്യം എങ്ങനെയായിരിക്കണം’ എന്ന തലവാചകത്തിനു കീഴിലാണ്. ഖലീഫഃയും ജമാഅത്തും ഇല്ലാതായാൽ മുസ്‌ലിംകളിൽ ധ്രുവീകരണം സംഭവിക്കുകയും അവർ പല കക്ഷികളായി വേർതിരിയുകയും ചെയ്യും. അപ്പോൾ എന്തു വേണം? ഒരു കക്ഷിയിലും ചേരരുത്. എല്ലാ കക്ഷികളെയും വെടിയണം. അത് വളരെ പ്രയാസകരമായിരിക്കും. വൃക്ഷമൂലത്തിൽ കടിച്ചുപിടിച്ച് ത്യാഗം ചെയ്യേണ്ടിവന്നാലും ഒരു കക്ഷിയിലും ചേരാതിരിക്കുക തന്നെ വേണം. ഇതാണ് നബി ﷺ നൽകിയ മറുപടി.
ഈ ഹദീസിനെ തെറ്റായി വ്യാഖ്യാനിക്കാൻ മുതിരുന്ന ചിലർ പറയുന്നത് ഇപ്രകാരമാണ്: ഈ വചനത്തിലുള്ളത് ഖലീഫഃയും ജമാഅത്തും ഇല്ലാത്ത കാലം വന്നാൽ നരകകവാടത്തിലേക്ക് ക്ഷണിക്കുന്ന ഖവാരിജുകൾ, റാഫിളികൾ പോലുള്ള കക്ഷികളിൽ ചേരരുത് എന്നാണ്; തങ്ങളുടെ സംഘടന അതിൽപെടില്ല. ചിന്തിക്കുക! ഖലീഫഃയും ജമാഅത്തും ഇല്ലാത്ത കാലം നിങ്ങൾക്ക് വന്നെത്തുകയാണെങ്കിൽ നരകകവാടത്തിലേക്ക് ക്ഷണിക്കുന്ന കക്ഷികളെ നിങ്ങൾ വെടിയണം എന്ന് നബി ﷺ ഉപദേശിക്കുമോ? ഇല്ല, കാരണം, നരകകവാടത്തിലേക്ക് ക്ഷണിക്കുന്ന കക്ഷികളെ വെടിയാൻ ഖലീഫഃയും ജമാഅത്തും ഇല്ലാതാകുന്ന കാലം വരേണ്ടതില്ല. ഖലീഫഃയും ജമാഅത്തും നിലനിൽക്കുമ്പോൾ തന്നെ പിഴച്ചകക്ഷികളെ വെടിയണം. നബി ﷺ യുടെ വചനങ്ങൾ വ്യക്തവും സ്ഫുടവും സാഹിത്യ സമ്പുഷ്ടവുമായിരുന്നു. ആവിഷ്കാരത്തിൽ സാഹിതീയമായ മികവ് നബി ﷺ ക്ക് നൽകപ്പെട്ടിരിക്കുന്നു എന്നത് സുവിദിതമാണല്ലോ. ഇവർ ആരോപിക്കുന്നതുപോലുള്ള വികലമായ ഒരാശയം അവിടുന്ന് ആവിഷ്കരിക്കുന്ന പ്രശ്നമില്ല. അവിടുത്തെ വാക്യഘടനയിൽ അത്തരം അവ്യക്തതകൾ കടന്നുകൂടുകയുമില്ല. ഒന്നുകിൽ ഈ മഹദ്വചനം ഗ്രഹിക്കുന്നതിൽ അവർക്ക് പിഴവ് സംഭവിച്ചു. അല്ലെങ്കിൽ സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി വസ്തുതകൾ വളച്ചൊടിച്ചു എന്ന് പറയാനേ നിർവ്വാഹമുള്ളു. ഇതിൽ ഏതാണ് സംഭവിച്ചതെന്ന് അല്ലാഹുവിന്നറിയാം. രണ്ടായാലും കാര്യം ഗുരുതരം തന്നെ!
യഥാർത്ഥത്തിൽ, ഇമാമും ജമാത്തും നിലനിൽക്കുന്ന കാലത്തു തന്നെ നരകകവാടത്തിലേക്ക് ക്ഷണിക്കുന്നവർ രംഗത്തുവരും. അന്ന് മുസ്‌ലിംകളുടെ കടമ ഇമാമിൻെറയും ജമാഅത്തിൻെറയും കൂടെനിൽക്കലാണ്. അതിലാണ് അവരുടെ രക്ഷ. ഒരിക്കലും നരക കവാടത്തിലേക്ക് ക്ഷണിക്കുന്നവരുടെ കൂടെ പോകാൻ പാടില്ല; പോകേണ്ട കാര്യവുമില്ല. അവർക്ക് ചേരാൻ ഇമാമും ജമാത്തും ഉണ്ടല്ലോ. എന്നാൽ, ഇമാമും ജമാഅത്തും ഇല്ലാത്ത കാലം വന്നാൽ എന്തു ചെയ്യണം? നരകകവാടത്തിലേക്ക് ക്ഷണിക്കുന്നവരുടെ കൂടെ പോകാൻ പാടില്ല എന്നത് പറയാതെ തന്നെ സ്ഥിരപ്പെട്ട കാര്യമാണ്. ഇമാമും ജമാഅത്തും നിലവിലുണ്ടോ ഇല്ലേ എന്ന് നോക്കിയല്ല അവരെ വെടിയേണ്ടത്. അവരെ രണ്ടവസ്ഥയിലും ഒരുപോലെ വെടിയേണ്ടതാണ്. ഇമാമും ജമാഅത്തും ഇല്ലാത്ത അവസ്ഥയിൽ മുസ്‌ലിംകൾ പല കക്ഷികളായി വേർപിരിയും. അത്തരം കക്ഷികളിൽ ഒന്നിലും ചേരാൻ പാടില്ല എന്നതാണ് ഈ ഹദീസ് നൽകുന്ന പാഠം.
നമുക്ക് എന്താണ് ചെയ്യാനുള്ളത്? ശരിയായ ഇസ്‌ലാമിക നിലപാടിൽ ജീവിക്കുന്നവർ ഒരു സംഘടന ഉണ്ടാക്കുകയാണോ വേണ്ടത്? അതോ, തമ്മിൽ ഭേദപ്പെട്ട ഏതെങ്കിലും ഒരു സംഘടനയിൽ ചേരുകയോ? അങ്ങനെ ഒരു സംഘടന ഉണ്ടാക്കാൻ കൽപനയില്ല. നിലവിലുള്ളതിൽനിന്നും ഭേദപ്പെട്ട ഒരു സംഘടനയിൽ ചേരുകയുമരുത്. എല്ലാം വെടിയണം. എന്നിട്ട്, ശരിയായ ഇസ്‌ലാമിക നിലപാടിൽ ഉറച്ചുനിൽക്കണം. ചേരിതിരിവും കക്ഷിത്വവും ശരിയായ ഇസ്‌ലാമിക നിലപാടല്ല. ഇതാണ് നബി ﷺ യുടെ തിരുവചനത്തിലുള്ളത്. അതിലെ വാക്കും പൊരുളും ഇതിന് സാക്ഷിയാണ്. ഇമാം ബുഖാരി رَحِمَهُ اللهُ അങ്ങനെയാണ് അതിൽനിന്നും മനസ്സിലാക്കിയത്. ഖുർആൻ വ്യാഖ്യാതാവായ ത്വബ്‌രിയും ഹദീസ് വ്യാഖ്യാതാവായ ഇബ്‌നു ഹജറും رَحِمَهُمَا اللهُ അങ്ങനെ തന്നെയാണ് വിശദീകരിച്ചതും. ഇമാമും ജമാഅത്തുമില്ലാത്തിടത്ത് ജീവിച്ച സലഫി പണ്ഡിതന്മാർ അതാണ് പറഞ്ഞതും ജീവിതത്തിൽ പിന്തുടർന്നതും. ശരിയായ ഇസ്‌ലാമിക നിലപാടിൽ ഉറച്ചു നിൽക്കാനല്ലാതെ, തങ്ങൾക്ക് ചുറ്റും സംഘടനയുടെ വേലിക്കെട്ടുകൾ നിർമ്മിച്ച് കക്ഷിത്വവും ചേരിതിരിവും ഉണ്ടാക്കാൻ പാടില്ല. സംഘടനകളിൽ ചേരാതെ, ആരുടെയടുക്കലാണോ സത്യമുള്ളത് അതിനെ സഹായിക്കുക. ആരുടെ പക്ഷത്താണോ തിന്മയുള്ളത് അത് തിരുത്തുക. ഇതാണ് മേൽ ഹദീസും അതിൻെറ പ്രാമാണിക വ്യാഖ്യാനങ്ങളും നമ്മെ തെര്യപ്പെടുത്തുന്നത്. ഈ ഹദീസ് സത്യസന്ധമായി വിശദീകരിക്കുന്ന ആർക്കും ഇപ്രകാരമേ പറയാൻ സാധിക്കൂ.
ഐക്യത്തിന് ബാഹ്യവും ആന്തരികവുമായ തലങ്ങളുണ്ട്: വിശ്വാസങ്ങളിലും വീക്ഷണങ്ങളിലുമുള്ള യോജിപ്പും വാക്കുകളിലും പ്രവർത്തനങ്ങളിലുമുള്ള പൊരുത്തവും. ഇത് രണ്ടും കൂടിച്ചേരുമ്പോൾ മാത്രമേ സ്ഥായിയായ ഐക്യം രൂപപ്പെടുകയുള്ളു. ആന്തരികമായ യോജിപ്പ് ബാഹ്യതലത്തിലുള്ള ഐക്യം രൂപപ്പെടുത്തുന്നു. അതേ പോലെ, വാക്കുകളിലും പ്രവർത്തനങ്ങളിലുമുള്ള ഏകീകരണം ആന്തരികവും മാനസികവുമായ ഐക്യത്തെ തിരിച്ചും പോഷിപ്പിക്കുന്നു. അല്ലാഹു മതനിയമങ്ങൾ നിശ്ചയിച്ചപ്പോൾ, ഭിന്നിപ്പിലേക്കു നയിക്കുന്ന എല്ലാ വഴികളും അടക്കാനും ഐക്യത്തിൻെറ തൂണുകൾ ഊട്ടിയുറപ്പിക്കാനും ഉപയുക്തമായ നിയമനിർദ്ദേശങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ബാഹ്യവും ആന്തരികവുമായ തലങ്ങളിൽ ഐക്യത്തിലേക്ക് ഉന്മുഖമായി നിൽക്കുന്ന നിയമനിർദ്ദേശങ്ങൾ മാത്രമാണ് ഇസ്‌ലാമിലുള്ളത്. അവ കണിശമായി പാലിക്കപ്പെടണമെന്നതാണ് അല്ലാഹുവിൻെറ കൽപന. വിശ്വാസികളുടെ ചെറുതും വലുതമായ പ്രവർത്തനങ്ങളിൽ പരിപൂർണ്ണ ഏകീകരണം നടപ്പികലാക്കുക എന്നതാണ് അവൻെറ താൽപര്യം. ആരാധനകൾ, ആഘോഷങ്ങൾ, ആചാരവിശേഷങ്ങൾ, പെരുമാറ്റമര്യാദകൾ, ഇടപാടുകൾ തുടങ്ങി മുഴുവൻ മേഖലകളിലുമുള്ള ദീനിൻെറ കൽപനാ വിലക്കുകൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. ഉദാഹരണമായി അഞ്ചുനേരത്തെ നമസ്കാരത്തിൻെറ കാര്യം എടുക്കാം. അവ ഒരു ഇമാമിനു കീഴിൽ ഒറ്റ ജമാഅത്തായി നിർവ്വഹിക്കണമെന്നത് ദീനിൽ വിട്ടുവീഴ്ചയില്ലാത്ത കൽപനയാണ്. കൂടാതെ, നമസ്കാരത്തിൻെറ വിശദാംശങ്ങളിലും സൂക്ഷ്മതലങ്ങളിലും ഐക്യം സുസാധ്യമാക്കുന്ന നിരവധി കാര്യങ്ങൾ വേറെയും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇമാം മുസ്‌ലിം رَحِمَهُ اللهُ ഉദ്ധരിക്കുന്നത് കാണുക:
عَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ، قَالَ: مَنْ سَرَّهُ أَنْ يَلْقَى اللهَ غَدًا مُسْلِمًا، فَلْيُحَافِظْ عَلَى هَؤُلَاءِ الصَّلَوَاتِ حَيْثُ يُنَادَى بِهِنَّ، فَإِنَّ اللهَ شَرَعَ لِنَبِيِّكُمْ سُنَنَ الْهُدَى، وَإِنَّهُنَّ مَنْ سُنَنَ الْهُدَى، وَلَوْ أَنَّكُمْ صَلَّيْتُمْ فِي بُيُوتِكُمْ كَمَا يُصَلِّي هَذَا الْمُتَخَلِّفُ فِي بَيْتِهِ، لَتَرَكْتُمْ سُنَّةَ نَبِيِّكُمْ، وَلَوْ تَرَكْتُمْ سُنَّةَ نَبِيِّكُمْ لَضَلَلْتُمْ، وَمَا مِنْ رَجُلٍ يَتَطَهَّرُ فَيُحْسِنُ الطُّهُورَ، ثُمَّ يَعْمِدُ إِلَى مَسْجِدٍ مِنْ هَذِهِ الْمَسَاجِدِ، إِلَّا كَتَبَ اللهُ لَهُ بِكُلِّ خَطْوَةٍ يَخْطُوهَا حَسَنَةً،وَيَرْفَعُهُ بِهَا دَرَجَةً، وَيَحُطُّ عَنْهُ بِهَا سَيِّئَةً، وَلَقَدْ رَأَيْتُنَا وَمَا يَتَخَلَّفُ عَنْهَا إِلَّا مُنَافِقٌ مَعْلُومُ النِّفَاقِ، وَلَقَدْ كَانَ الرَّجُلُ يُؤْتَى بِهِ يُهَادَى بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِي الصَّفِّ. [مسلم في صحيحه]
〈അബ്ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ പറയുന്നു: മുസ്‌ലിമായി നാളെ അല്ലാഹുവിനെ കണ്ടുമുട്ടാൻ ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കിൽ ഈ നമസ്കാരങ്ങൾക്കുള്ള വിളി എവിടെ വെച്ചാണോ അവൻ കേൾക്കുന്നത് അവിടെ (പള്ളികളിൽ) വെച്ച് അത് നിർവ്വഹിച്ച് യഥാവിധം പരിപാലിച്ചു കൊള്ളട്ടെ. നിശ്ചയമായും അല്ലാഹു നിങ്ങളുടെ നബി ﷺ ക്ക് കുറേ സാന്മാർഗ്ഗിക ചര്യകൾ നിയമമാക്കി കൊടുത്തിട്ടുണ്ട്. ആ സാന്മാർഗ്ഗിക ചര്യകളിൽപെട്ടതാണ് അവകൾ. ജമാഅത്തിന് അമാന്തം കാണിച്ച് വീട്ടിൽവെച്ച് നമസ്കരിക്കുന്നവനെ പോലെ നിങ്ങളും വീടുകളിൽ വെച്ചാണ് നമസ്കരിക്കുന്നതെങ്കിൽ നിങ്ങൾ നബിചര്യ ഉപേക്ഷിച്ചവരായിത്തീരും. നിങ്ങളുടെ നബിയുടെ ചര്യ നിങ്ങൾ ഉപേക്ഷിക്കുന്ന പക്ഷം നിങ്ങൾ പിഴച്ചുപോയതു തന്നെ. ഏതൊരാൾ പൂർണ്ണ രൂപത്തിൽ ദേഹശുദ്ധി വരുത്തുകയും ഈ പള്ളികളിലൊന്ന് ലക്ഷ്യംവെച്ചു പോവുകയും ചെയ്യുന്നുവോ അവൻ എടുത്തുവെക്കുന്ന ഓരോ ചുവടും അല്ലാഹു ഒരു നന്മയായി രേഖപ്പെടുത്താതിരിക്കില്ല. അതു മുഖേന അവനു ഒരു പദവി ഉയർത്തി ക്കൊടുക്കുകയും അവൻെറ ഒരു തിന്മ ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. സ്വഹാബിമാരായ ഞങ്ങൾ കരുതിയിരുന്നത്, പരസ്യമായ നിലയിൽ കാപട്യം കൊണ്ട് അറിയപ്പെട്ട ഒരു മുനാഫിഖല്ലാതെ ആരും അവയിൽനിന്ന് പിന്തിനിൽക്കുകയില്ല എന്നാണ്. അന്ന് രണ്ടു പേരുടെ ചുമലിൽ ഊന്നിക്കൊണ്ടു പോലും ഒരാളെ കൊണ്ടു വന്ന് സ്വഫ്ഫിൽ നിർത്താറുണ്ടായിരുന്നു.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഒരു പ്രദേശത്ത് ഒന്നിലധികം മുസ്‌ലിംകൾ താമസിക്കുന്നു എങ്കിൽ അഞ്ചുനേരത്തെ നമസ്കാരം ഒരു ഇമാമിൻെറ കീഴിൽ ഒരുമിച്ചു വേണം നിർവ്വഹിക്കാൻ. അവ വീട്ടിൽ വെച്ച് തനിച്ചു നിർവ്വഹിക്കുക എന്നത് പരസ്യമായ കാപട്യമായിട്ടാണ് സച്ചരിതരായ മുൻഗാമികൾ ഗണിച്ചിരുന്നത്.
നമസ്കാരത്തിനു വേണ്ടി വരിയായി നിൽക്കുമ്പോൾ ആ സ്വഫ്ഫുകൾ പോലും അവർക്കിടയിലുള്ള ഐക്യവും രഞ്ജിപ്പും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് നബി ﷺ നിഷ്കർഷിച്ചിരുന്നു.
عَنْ أَبِي مَسْعُودٍ، قَالَ: كَانَ رَسُولُ اللهِ ﷺ يَمْسَحُ مَنَاكِبَنَا فِي الصَّلَاةِ، وَيَقُولُ: اسْتَوُوا، وَلَا تَخْتَلِفُوا، فَتَخْتَلِفَ قُلُوبُكُمْ، لِيَلِنِي مِنْكُمْ أُولُو الْأَحْلَامِ وَالنُّهَى ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ. [مسلم في صحيحه]
〈അബൂ മസ്ഊദ് رَضِيَ اللهُ عَنْهُ നിവേദനം. നമസ്കരിക്കാൻ നിൽക്കുമ്പോൾ ഞങ്ങളുടെ ചുമലുകൾ തടവിക്കൊണ്ട് നബി ﷺ ഇപ്രാകരം പറയുമായിരുന്നു: നിങ്ങൾ വടിവൊത്ത് നിൽക്കുക, നിങ്ങൾ വളഞ്ഞുനിൽക്കരുത്. അല്ലാത്ത പക്ഷം നിങ്ങളുടെ ഹൃദയങ്ങൾ ഭിന്നിച്ചു പോകും. ബുദ്ധിയും വിവേകവും ഉള്ളവർ എന്നോട് അടുത്ത് നിൽക്കുക. തൊട്ടടുത്തവർ അവരോടും അതിനോടടുത്തവർ അവരോടും ചേർന്നുനിൽക്കുക.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഐക്യത്തിൻെറ ഈ സൂക്ഷ്മതലത്തെ കുറിച്ച് അൽബാനി رَحِمَهُ اللهُ പറയുന്നത് കാണുക:
أي: تجمعوا ولا تتفرقوا بأبدانكم، لا تتفرقوا بظواهركم؛ فإن الظاهر عنوان الباطن، والظاهر يؤثر في الباطن صلاحا أو فسادا. [الألباني، سلسلة الهدى والنور 1-218]
〈നിങ്ങൾ ഒരുമിച്ചു നിൽക്കണം, ശാരീരികമായി ചിതറിപ്പോകരുത്. നിങ്ങളുടെ ബാഹ്യതലങ്ങളിൽ പോലും ഭിന്നിപ്പുണ്ടാവരുത്. കാരണം ബാഹ്യം ആന്തരികാവസ്ഥയെ കുറിക്കുന്ന മേൽവിലാസമാണ്. ആന്തരികതല ത്തെ സംസ്ക്കരിക്കുന്നതിലും ദുഷിപ്പിക്കുന്നതിലും ബാഹ്യാംശത്തിന് കാര്യമായ സ്വാധീനമുണ്ട്.〉 (അൽബാനിയുടെ ശബ്ദം, സിൽസിലത്തുൽ ഹുദാ വന്നൂർ, 1-218)
ഒരു നാട്ടിൽ നമസ്കാരം ഒറ്റ ജമാഅത്തായി നിർവ്വഹിക്കപ്പെടുമ്പോഴാണ് അവിടെ ഐക്യത്തിൻെറ ചൈതന്യം പ്രസരിക്കുക. അതുകൊണ്ട് കൂടിയാണ് ഭിന്നിപ്പിൻെറയും പിന്തിരിപ്പിൻെറയും രണ്ടും മൂന്നും തോണ്ടി ജമാഅത്തുകൾ ശറഇൽ സ്ഥിരപ്പെടാതെ പോയത്. ഐക്യത്തെ കുറിച്ചുള്ള ഇസ്‌ലാമിക വ്യവഹാരത്തിലായിരിക്കണം ഒന്നിലധികം തവണ നിർവ്വഹിക്കപ്പെടുന്ന ജമാഅത്ത് നമസ്കാരങ്ങളെ കുറിച്ച് നാം വിലയിരുത്തേണ്ടത്. ആന്തരികമായ ഐക്യത്തെ അസ്ഥിരപ്പെടുത്തുകയും ക്ഷയിപ്പിക്കുകയും ചെയ്യുന്ന ബാഹ്യമായ എല്ലാ നടപടികളെയും അപ്പപ്പോൾ തന്നെ നബി ﷺ അധിക്ഷേപിക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ട്. അവിടുത്തെ ഉത്തരാധികാരികളും ഇക്കാര്യം ഗൗരവപൂർവ്വമാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
وقال المُزني صاحب الإمام الشافعي رَحِمَهُ اللهُ: وقد اختلف أصحاب رسول الله ﷺ؛ فخطَّأ بعضهم بعضاً، ونظر بعضهم في أقاويل بعض وتعقَّبها، ولو كان قولهم كله صواباً عندهم؛ لما فعلوا ذلك، وغضب عمر بن الخطاب رَضِيَ اللهُ عَنْهُ من اختلاف أُبي بن كعب وابن مسعود رَضِيَ اللهُ عَنْهُما في الصلاة في الثوب الواحد؛ إذ قال أُبي: إن الصلاة في الثوب الواحد حسن جميل. وقال ابن مسعود: إنما كان ذلك والثياب قليلة. فخرج عمر رَضِيَ اللهُ عَنْهُ مغضباً، فقال: اختلف رجلان من أصحاب رسول الله ﷺ ممن ينظر إليه، ويؤخذ عنه! وقد صدق أُبَيّ، ولم يَأْلُ ابن مسْعود، ولكني لا أسمع أحداً يختلف فيه بعد مقامي هذا؛ إلا فعلت به كذا وكذا. [الألباني في أصل صفة صلاة النبي ﷺ]
〈ഇമാം ശാഫിഈ യുടെ ശിഷ്യൻ മുസ്നി പറയുന്നു: നബി ﷺ യുടെ അനുചരന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. അവർ പരസ്പരം തെറ്റുപിടിച്ചിട്ടുമുണ്ട്. ചിലർ മറ്റു ചിലരുടെ വാക്കുകൾ വിശകലനം ചെയ്ത് തിരുത്തിയിട്ടുണ്ട്. അവരുടെ എല്ലാവരുടെയും വാക്കുകൾ മുഴുവനും ശരിയാണെന്ന് അവർ കരുതിയിരുന്നുവെങ്കിൽ അവർ അങ്ങനെ ചെയ്യുമായിരുന്നില്ല. ഒറ്റ വസ്ത്രത്തിൽ നമസ്കരിക്കുന്നതിനെ കുറിച്ച് ഉബയ്യ് ബിൻ കഅ്ബും ഇബ്‌നു മസ്ഊദും رَضِيَ اللهُ عَنْهُا വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ ഉമർ رَضِيَ اللهُ عَنْهُ കോപിക്കുകയുണ്ടായി. ഉബയ്യ് പറഞ്ഞു ഒറ്റ വസ്ത്രത്തിലുള്ള നമസ്കാരം നല്ലതാണ്, മനോഹരമാണ്. ഇബ്‌നു മസ്ഊദ് പറഞ്ഞു: അത് വസ്ത്രം കുറവായിരുന്നപ്പോൾ മാത്രമാണ്. അപ്പോൾ ഉമർ رَضِيَ اللهُ عَنْهُ ദ്വേഷ്യത്തോടെ പുറത്തിറങ്ങി. എന്നിട്ടു പറഞ്ഞു: മറ്റുള്ളവർ മാതൃകയായി കാണുകയും ദീൻ സ്വീകരിക്കുകയും ചെയ്യുന്ന, നബി ﷺ യുടെ അനുചരന്മാരിൽപെട്ട രണ്ടു പേർ ഇതാ ഭിന്നിച്ചിരിക്കുന്നു! ഉബയ്യ് പറഞ്ഞത് സത്യമാണ്. ഇബ്‌നു മസ്ഊദ് വിലോപം വരുത്തിയിട്ടുമില്ല. ഈയൊരു സന്ദർഭത്തിനു ശേഷം ആരെങ്കിലും ഇക്കാര്യത്തിൽ ഭിന്നിച്ചുവെന്ന് ഞാൻ കേൾക്കാൻ ഇടവന്നാൽ അവനെ ഞാൻ വേണ്ടതു പോലെ കൈകാര്യംചെയ്യാതെ വിടില്ല.〉 (ഉദ്ധരണം: അൽബാനി, അസ്വ്‌ലു സ്വിഫതി സ്വലാതിന്നബിയ്യി ﷺ )
ഇല്ലായ്മയുടെ ഘട്ടത്തിൽ നബി ﷺ യും അനുചരന്മാരും ഒറ്റ വസ്ത്രത്തിൽ നമസ്കരിച്ചു എന്നത് സത്യമാണ്. ദാരിദ്ര്യം മാറിയതോടെ അത് അവസാനിപ്പിക്കുകയും ചെയ്തു. ഈ വസ്തുത ഉമർ رَضِيَ اللهُ عَنْهُ അവിടെയുണ്ടായിരുന്നവരെ ബോധ്യപ്പെടുത്തി. അദ്ദേഹം ഗൗരവത്തിലെടുത്ത കാര്യം മറ്റൊന്നായിരുന്നു. സ്വഹാബിമാരാണ് മതപരമായ കാര്യങ്ങളിൽ ജനങ്ങളുടെ മാതൃക. മറ്റുള്ളവർ അവരെയാണ് നോക്കുക. അവരിൽനിന്നാണ് ദീൻ സ്വീകരിക്കുക. എന്നിരിക്കെ, ഭിന്നതയുടെ യാതൊരു പ്രകാരവും അവരിൽനിന്ന് ഉണ്ടായിക്കൂടാ. ഐക്യത്തിന് അത്രമേൽ പ്രാധാന്യമാണ് ദീനിൽ കൽപിക്കപ്പെട്ടിരിക്കുന്നത്. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാതെ ഇക്കാര്യത്തിൽ ആരെങ്കിലും ഇനിയും അഭിപ്രായ വ്യത്യാസം ഉന്നയിക്കുന്ന പക്ഷം അവരെ വെറുതെ വിടില്ലെന്ന് ഉമർ رَضِيَ اللهُ عَنْهُ താക്കീത് നൽകുകയും ചെയ്തു.
ഹജ്ജിൻെറ വേളയിൽ മിനായിൽ വെച്ച് ഉസ്മാൻ رَضِيَ اللهُ عَنْهُ നമസ്കാരം ചുരുക്കാതെ പൂർത്തീകരിച്ചു നിർവ്വഹിച്ചതിനെ ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ എതിർക്കുകയും എന്നിട്ട് അദ്ദേഹത്തെ പിൻതുടർന്ന് നാലു റക്അത് നമസ്കരിക്കുകയും ചെയ്തു. അതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ നൽകിയ മറുപടി വളരെ ശ്രദ്ധേയമാണ്.
قَالَ الْأَعْمَشُ فَحَدَّثَنِي مُعَاوِيَةَ بْنُ قُرَّةَ عَنْ أَشْيَاخِهِ أَنَّ عَبْدَ اللَّهِ رَضِيَ اللهُ عَنْهُ صَلَّى أَرْبَعًا. قَالَ: فَقِيلَ لَهُ: عِبْتَ عَلَى عُثْمَانَ، ثُمَّ صَلَّيْتُ أَرْبَعًا؟ قَالَ الْخِلَافُ شَرٌّ. [أبو داود في سننه وصححه الألباني]
〈മുആവിയഃ ബിൻ ഖുർറഃ തൻെറ ഗുരുനാഥന്മാരെ ഉദ്ധരിക്കുന്നു. ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ നാലു റക്അത് പൂർത്തീകരിച്ചു നമസ്കരിച്ചപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെടുകയുണ്ടായി: താങ്കൾ ഉസ്മാൻ رَضِيَ اللهُ عَنْهُ നെ കുറിച്ച് ആക്ഷേപം ഉന്നയിക്കുകയും പിന്നീട് നാലു റക്അത് പൂർത്തീകരിക്കുകയും ചെയ്തുവല്ലോ? അദ്ദേഹം പറഞ്ഞു: ഭിന്നത തിന്മയാണ്.〉 (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)
മുകളിൽ ഉദ്ധരിച്ച രണ്ടു സംഭവങ്ങളും സമാനമായ മറ്റു കാര്യങ്ങളും മഹത്തായ രണ്ടു പാഠങ്ങൾ നമുക്ക് നൽകുന്നുണ്ട്.
1) സച്ചരിതരായ മുൻഗാമികൾക്കിടയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ വ്യത്യാസ്തമായ രണ്ട് തീരുമാനങ്ങളുണ്ടെങ്കിൽ രണ്ടും ഒരു പോലെ ശരിയാണെന്നും ഏതുവേണമെങ്കിലും നമുക്ക് സ്വീകരിക്കാമെന്നും പറയുന്നത് ശരിയല്ല. അതിൽനിന്ന് സത്യത്തോട് കൂടുതൽ അടുപ്പമുള്ളത് സ്വീകരിക്കണം. അല്ലാത്തത് തിരസ്കരിക്കണം. സത്യം ഒന്നു മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
2) ഭിന്നത വലിയ തിന്മയാണ്. പ്രവചനാതീതമായിരിക്കും അതിൻെറ പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും. അതിനാൽ അനൈക്യവും ഭിന്നതയും ആവതും ഒഴിവാക്കുകയും ഐക്യത്തിൻെറ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും വേണം. എന്നാൽ കപടമായ ഐക്യത്തിനു വേണ്ടി മതപരമായ കാര്യങ്ങൾ അട്ടിമറിക്കാവതല്ല. ദീനിൻെറ വിശുദ്ധി കളങ്കപ്പെടുത്തുന്ന യാതൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ല.
ആരാധനകളിലെന്ന പോലെ, ആഘോഷങ്ങളിലും ആചാരവിശേഷങ്ങളിലും ഭിന്നത വെടിഞ്ഞ് ഐക്യം ഉയർ ത്തിപ്പിടിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. നോമ്പ്, പെരുന്നാൾ, ഹജ്ജ് എന്നിവയുടെ കാര്യമെടുക്കാം. മുസ്‌ലിംകൾക്കിടയിൽ മേൽ വിഷയങ്ങളിൽ യാതൊരു വിധ ഭിന്നതയും ഉടലെടുക്കാതിരിക്കാനും പൂർണ്ണമായ ഐക്യം സാധ്യമാക്കാനും വേണ്ട നിയമനിർദ്ദേശങ്ങളാണ് ഖുർആനിലും സുന്നതിലുമുള്ളത്. ദൗർഭാഗ്യവശാൽ പ്രമാണവാക്യങ്ങൾ ശരിയായി വായിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും സമകാലീന മുസ്‌ലിം സമൂഹങ്ങൾക്കുണ്ടായ പരാജയമാണ് ഇന്ന് കാണുന്ന ഭിന്നതകൾക്ക് കാരണം.
നോമ്പും പെരുന്നാളും ഹജ്ജും തീരുമാനിക്കേണ്ടത് ഗോളമണ്ഡലത്തിൽ സംഭവിക്കുന്ന ന്യൂമൂൺ എന്ന പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച്, ഭൂമുഖത്ത് ജീവിക്കുന്ന മനുഷ്യരുടെ കാഴ്ചയെയാണ് അതിന് ആധാരമാക്കേണ്ടത്. നബി ﷺ പറയുന്നത് കാണുക:
عن محمد بن زياد قال سمعت أبا هُرَيْرَةَ رَضِيَ اللهُ عَنْهُ يقول: قَالَ النَّبِيُّ ﷺ: أَوْ قَالَ: قَالَ أَبُو القَاسِمِ : صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ، فَإِنْ غُبِّيَ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلاَثِينَ. [البخاري في صحيحه]
〈അബൂ ഹുറയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങൾ കാഴ്ചയെ അടിസ്ഥാനപ്പെടുത്തി നോമ്പ് തുടങ്ങുകയും നോമ്പ് അവസാനിപ്പിച്ച് പെരുന്നാൾ ആഘോഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് പിറവി മൂടപ്പെട്ടുവെങ്കിൽ ശഅ്ബാൻ മുപ്പത് പൂർത്തീകരിക്കുക.〉 (ബുഖാരി സ്വഹീഹീൽ ഉദ്ധരിച്ചത്)
മുസ്‌ലിം സമുദായത്തിലെ അയോഗ്യത കൽപിക്കപ്പെടാത്ത ഏതൊരു വ്യക്തിക്കും മസപ്പിറവി കണ്ടാൽ അത് സാക്ഷ്യപ്പെടുത്താൻ അവകാശമുണ്ട്. മുസ്‌ലിം ഭരണാധികാരിയാണ് അതിൻെറ സത്യാവസ്ഥ പരിശോധിച്ച്, കാഴ്ച സാധൂകരിക്കുകയോ നിരാകരിക്കുകയോ ചെയ്യേണ്ടത്. ഒരു ഭരണാധികാരിയുടെ പ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഭൂലോകത്തിൻെറ ഏതു കൊണിൽ ജീവിക്കുന്ന മുസ്‌ലിമിനും ആ വിവരം എത്തുന്ന മുറക്ക്, അത് പ്രാവർത്തികമാക്കാനുള്ള സാവകാശമുണ്ടെങ്കിൽ, അത് അംഗീകരിച്ച് പ്രവർത്തിക്കൽ നിർബന്ധമായി. ഇതാണ് ആഘോഷങ്ങൾക്കും ആചാരവിശേഷങ്ങൾക്കും ഇസ്‌ലാം നിശ്ചയിച്ച വ്യവസ്ഥ. ഈ വ്യവസ്ഥകളെ കുറിച്ച് ചിന്തിക്കുമ്പോൾ വ്യക്തമാകുന്നത് ഐക്യത്തെ കുറിച്ചുള്ള ഇസ്‌ലാമിൻെറ കാഴ്ചപ്പാടുകളാണ്. മാസപ്പിറവി നോക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന കാര്യത്തിൽ ഐക്യത്തിനു പ്രാധാന്യം കൽപിച്ചിരിക്കുന്നു. അയോഗ്യത കൽപിക്കപ്പെടാത്ത ഏതൊരു മുസ്‌ലിമിനും അതിന് അവകാശമുണ്ട്. അത് സാധൂകരിക്കാനുള്ള അധികാരം മുസ്‌ലിംകളെ ഭരിക്കുന്ന ഭരണാധികാരിക്ക് നൽകിയിരിക്കുന്നു. ഭരണാധികാരിയുടെ പ്രഖ്യാപനം സമയത്തു ലഭിക്കുന്ന ഏതൊരു മുസ്‌ലിമിനും അത് പ്രാവർത്തികമാക്കൽ കടമായകുന്നു. ഗോളശാസ്ത്രത്തെയല്ല, കാഴ്ചയെ അടിസ്ഥാനപ്പെടുത്തണമെന്നു വെച്ചത് ഇസ്‌ലാം സാർവ്വകാലികവും സാർവലൗകികവും സാർവ്വജനീനവും ആണെന്നതിനാലാണ്. ഭരണാധികാരി കാഴ്ചയെ കുറിച്ചുള്ള സാക്ഷ്യം സാധൂകരിച്ചു കൊടുക്കണമെന്ന് പറഞ്ഞത് അനൈക്യത്തിൻെറ വേരുകൾ പിഴുതെറിയാനാണ്. പ്രാദേശികമായ അതിർവരമ്പുകൾക്ക് പരിഗണന നൽകാതിരുന്നത് മുസ്‌ലിംകൾ ഒരൊറ്റ സമുദായവും ഇസ്‌ലാം ഒരു സാർവ്വലൗകിക പ്രബോധനവുമാണ് എന്നതിനാലുമാണ്. ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ യുടെ വിശദീകരണം കാണുക:
فإذا شهد شاهد ليلة الثلاثين من شعبان أنه رآه بمكان من الأمكنة قريب أو بعيد وجب الصوم… والاعتبار ببلوغ العلم بالرؤية في وقت يفيد. [ابن تيمية في مجموع فتاويه]
〈ഇരുപത്തിയൊമ്പത് പൂർത്തീകരിച്ച് ശഅ്ബാനിൻെറ മുപ്പതിലേക്കുള്ള രാവിൽ അടുത്തോ അകലെയോ ഉള്ള ഏതെങ്കിലുമൊരു സ്ഥലത്ത് ആരെങ്കിലും ഒരാൾ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തിയാൽ നോമ്പ് നിർബ്ബന്ധമായി… കാഴ്ചയെ സംബന്ധിച്ചുള്ള അറിവ് അത് പ്രാവർത്തികമാക്കാൻ ഉതകുന്ന സമയത്ത് ലഭിക്കുക എന്നതിനാണ് പരിഗണന.〉 (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
മാസപ്പിറവി കണ്ടു എന്ന സാക്ഷ്യം വൈകിയാണ് ലഭിക്കുന്നതെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് താഴെ കൊടുക്കുന്ന നബി ﷺ വചനം വ്യക്തമാക്കുന്നു.
عن أبي عمير بن أنس بن مالك قال: حدثني عمومتي من الأنصار من أصحاب رسول الله ﷺ قالوا: أغمي علينا هلال شوال، فأصبحنا صياما، فجاء ركــب من آخــر النهار، فشهدوا عند النبي أنهم رأوا الهلال بالأمس فأمرهم رسول الله أن يفطروا، وأن يخرجو إلى عيدهم من الغد. [ابن ماجه في سننه وصححه الألباني]
〈അബൂ ഉമൈറിൽനിന്ന് നിവേദനം. നബി ﷺ യുടെ അനുചരന്മാരിൽപെട്ട അൻസാറുകളായ എൻെറ പിതൃ സഹോദരന്മാർ പറഞ്ഞു: ശവ്വാൽ മാസപ്പിറവി ഞങ്ങൾക്ക് കാണാനാവാതെ മൂടിപ്പോയി. അങ്ങനെ ഞങ്ങൾ രാവിലെ നോമ്പുപിടിച്ചു. ആ പകലിൻെറ അവസാനത്തിൽ ഒരു വർത്തക സംഘം വരികയും അവർ തലേദിവസം മാസപ്പിറവി കണ്ടതായി നബി ﷺ യുടെ മുമ്പിൽ സാക്ഷി പറയുകയും ചെയ്തു. അപ്പോൾ അവിടുന്ന് നോമ്പ് മുറിക്കാനും പിറ്റേ ദിവസം പെരുന്നാൾ നമസ്കാരത്തിനു വേണ്ടി പുറപ്പെടാനും പറഞ്ഞു. (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)
സാക്ഷ്യം തള്ളപ്പെടുകയോ മറ്റു കാരണങ്ങളാൽ സമയ വ്യത്യാസം സംഭവിക്കുകയോ ചെയ്താൽ എന്തു ചെയ്യണം? ഐക്യം ഉയർത്തിപ്പിടിക്കുകയും മുസ്‌ലിം ജമാഅത്തിൻെറ കൂടെ നോമ്പും പെരുന്നാളും ആചരിക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ നബി ﷺ നൽകിയ നിർദ്ദേശം കാണാം.
عن أبي هريرة رَضِيَ اللهُ عَنْهُ أن النبي ﷺ قال: الصوم يوم تصومون والفطر يوم تفطرون، والأضحى يوم تضحون. قال أبو عيسى هذا حديث حسن غريب، وفسر بعض أهل العلم هذا الحديث فقال: أنما معنى هذا أن الصوم والفطر مع الجماعة وعظم الناس. [الترمذي في سننه]
〈അബു ഹുറയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ”നോമ്പ് നിങ്ങൾ (ജനസാമാന്യം) നോമ്പെടുക്കുന്ന ദിവസമാണ്. ഫിത്വ്‌ർ നിങ്ങൾ (ജനസാമാന്യം) നോമ്പ് അവസാനിപ്പിക്കുന്ന ദിവസമാണ്. ബലിപെരുന്നാൽ നിങ്ങൾ (ജനസാമാന്യം) ബലിപെരുന്നാൾ ആഘോഷിക്കുന്ന ദിവസമാണ്”. തിർമുദി പറയുന്നു: ചില പണ്ഡിതന്മാർ ഈ ഹദീസിനെ വ്യാഖ്യാനിച്ചിരിക്കുന്നത് നോമ്പും ഫിത്വ്‌റും മുസ്‌ലിം ജമാഅത്തിൻെറയും ബഹുജനങ്ങളുടെയും കൂടെയായിരിക്കണമെന്നാണ്.〉 (തിർമുദി സുനനിൽ ഉദ്ധരിച്ചത്)
അബുൽ ഹസൻ അസ്സിന്ദി ഇക്കാര്യം വിശദീകരിക്കുന്നതു കൂടി കാണുക:
والظاهر أن معناه أن هذه الأمور ليس للآحاد فيها دخل، وليس لهم التفرد فيها، بل الأمر فيها إلى الإمام والجماعة، ويجب على الآحاد اتباعهم للإمام والجماعة. [حاشية السندي على ابن ماجة]
〈ഇതിൻെറ വിവക്ഷ ഇത്തരം കാര്യങ്ങളിൽ വ്യക്തികൾക്കു ഒരു പ്രസക്തിയുമില്ല. അവർക്കതിൽ തനിച്ചു നിൽക്കാനും പാടില്ല. മറിച്ച് ഭരണാധികാരിക്കും പ്രജകൾക്കുമാണ് ഇക്കാര്യത്തിൽ നിർണ്ണയാധികാരമുള്ളത്. വ്യക്തികൾ ഭരണാധികാരിയെയും പ്രജകളെയും പിന്തുടരേണ്ടത് നിർബ്ബന്ധമാണ്.〉 (ഇബ്‌നു മാജഃയുടെ സുനനിന് സിന്ദി എഴുതിയ ഹാശിയഃയിൽനിന്ന്)
തദടിസ്ഥാനത്തിൽ ഒരാൾ മാസപ്പിറവി കാണുകയും ഭരണാധികാരി അദ്ദേഹത്തൻെറ സാക്ഷ്യം നിരാകരിക്കുകയും ചെയ്താൽ ഇത്തരം കാര്യങ്ങൾ അദ്ദേഹത്തിന്നു മാത്രമായി സ്ഥിരപ്പെടുകയില്ല. മറിച്ച് ജമാഅത്തിൻെറ കൂടെ നിൽക്കൽ അദ്ദേഹത്തിനു കടമയാണ്.
മുകളിൽ കൊടുത്ത രേഖകൾ എല്ലാം തന്നെ അനിഷേധ്യമായും നമ്മെ ബോധ്യപ്പെടുത്തുന്നത് മുസ്‌ലിം ഐക്യത്തിൻെറ പ്രാധാന്യത്തെ കുറിച്ചാണ്. ഇസ്‌ലാമിലെ നിയമനിർദ്ദേശങ്ങൾ മുസ്‌ലിംകളുടെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നു. മതപരമായ ഇത്തരം ശാസനകൾ ഭിന്നതയെയും ഭിന്നതയിലേക്ക് നയിക്കുന്ന മുഴുവൻ സാഹചര്യങ്ങളെയും വേരോടെ പിഴുതുമാറ്റാൻ ഉതകുന്നവയാണ്. അനൈക്യത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു പ്രവണതയെയും സച്ചരിതരായ ഖുലഫാക്കൾ മുളയിലേ നുള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. താഴെ കൊടുക്കുന്ന സംഭവം ഇക്കാര്യം സാധൂകരിക്കുന്നു.
وقد روي أن رجلين في زمن عمر بن الخطاب رأيا هلال شوال فأفطر أحدهما ولم يفطر الآخر، فلما بلغ ذلك عمر قال للذي أفطر: لولا صاحبك لأوجعتك ضربا. [ابن تيمية في مجموع فتاويه]
ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു: 〈ഉമറി رَضِيَ اللهُ عَنْهُ ൻെറ കാലത്ത് രണ്ടുപേർ വന്നു. അവർ രണ്ടു പേരും മാസപ്പിറവി കണ്ടവരായിരുന്നു. ഒരാൾ നോമ്പ് ഉപേക്ഷിച്ചിരുന്നു. മറ്റെയാൾ നോമ്പ് മുറിച്ചിട്ടുണ്ടായിരുന്നില്ല താനും. ഇക്കാര്യം ഉമർ رَضِيَ اللهُ عَنْهُ അറിഞ്ഞപ്പോൾ നോമ്പ് മുറിച്ചവനോട് അദ്ദേഹം പറഞ്ഞു: നിൻെറ ഈ കൂട്ടുകാരൻ ഇല്ലായിരുന്നെങ്കിൽ നിന്നെ ഞാൻ അടിച്ചു വേദനിപ്പിക്കുമായിരുന്നു.〉 (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
നോമ്പ് മുറിച്ച വ്യക്തി മുസ്‌ലിം ജമാഅത്തിനെ കണക്കിലെടുക്കാതിരിക്കുകയും സ്വന്തം നിലയിൽ തീരുമാനമെടുക്കുകയും ചെയ്തു. ഈ നടപടി അനൈക്യത്തിനു കാരണമായിത്തീരുമെന്നതിനാലാണ് ഉമർ അദ്ദേഹത്തെ താക്കീത് ചെയ്തത്.
ചെറുതോ വലുതോ ആയ ഏതു സാമൂഹിക സന്ദർഭങ്ങളിലും അനുചരന്മാർക്കിടയിൽ ഐക്യത്തിൻെറ ചൈതന്യം പ്രസരിപ്പിക്കുന്നതിൽ നബി ﷺ ബദ്ധശ്രദ്ധ പുലർത്തിയിരുന്നു. താഴെ കൊടുക്കുന്ന സംഭവം, ഇസ് ലാമിൻെറ ഐക്യത്തെ കുറിച്ചുള്ള വിഭാവന ജീവിതത്തിൻെറ സമസ്ത മേഖലകളെയും ചൂഴ്ന്നു നിൽക്കുന്നതും ബാഹ്യവും ആന്തരികവുമായ തലങ്ങളെ സ്പർശിക്കുന്നതുമാണെന്ന് സുതരാം വ്യക്തമാക്കി തരുന്നു.
عن أبي ثَعْلَبَةَ الْخُشَنِيُّ رَضِيَ اللهُ عَنْهُ قَالَ : كَانَ النَّاسُ إِذَا نَزَلَ رَسُولُ اللَّهِ ﷺ مَنْزِلًا تَفَرَّقُوا فِي الشِّعَابِ وَالْأَوْدِيَةِ ، فَقَالَ رَسُولُ اللَّهِ ﷺ: إِنَّ تَفَرُّقَكُمْ فِي هَذِهِ الشِّعَابِ وَالْأَوْدِيَةِ إِنَّمَا ذَلِكُمْ مِنْ الشَّيْطَانِ. فَلَمْ يَنْزِلْ بَعْدَ ذَلِكَ مَنْزِلًا إِلَّا انْضَمَّ بَعْضُهُمْ إِلَى بَعْضٍ حَتَّى يُقَالَ لَوْ بُسِطَ عَلَيْهِمْ ثَوْبٌ لَعَمَّهُمْ. [أبو دادو في سننه وصححه الألباني]
〈അബൂ ഥഅ്ലബഃ رَضِيَ اللهُ عَنْهُ പറയുന്നു: നബി ﷺ ഒരിടത്ത് ഇറങ്ങിയാൽ ജനങ്ങൾ മലഞ്ചെരുവുകളിലും താഴ്വരകളിലും ചിതറുമായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: മലഞ്ചെരുവുകളിലും താഴ്വരകളിലുമുള്ള നിങ്ങളുടെ ഈ ചിതറൽ പിശാചിൽനിന്നുള്ളതാണ്. അതിനു ശേഷം അവിടുന്ന് ഏതൊരിടത്ത് ഇറങ്ങിയാലും അവർ ഒന്നിച്ചു നിൽക്കുമായിരുന്നു. ഒരു വസ്ത്രം വിരിച്ചാൽ അത് അവരെ എല്ലാവരെയും ഉൾക്കൊള്ളും എന്ന് പറയാവുന്ന വിധത്തിൽ.〉 (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)