ആലു ഇംറാൻ – سُورَةُ آلُ عِمْرَانَ
ഹിജ്റ ഒമ്പതാം കൊല്ലത്തിൽ നജ്രാൻ ദേശക്കാരായ ഒരു കൃസ്തീയ നിവേദക സംഘം നബി (സ) യുടെ അടുക്കൽ വന്ന സംഭവത്തെ തുടർന്നാണ് ഈ സൂറത്തിൻെറ ആദ്യം മുതൽക്കുള്ള എൺപതിൽപരം വചനങ്ങൾ അവതരിച്ചത് എന്നത്രെ പല ഖുർആൻ വ്യാഖ്യാതാക്കളും പറയുന്നത്… ‘അസ്വർ’ നമസ്കാരം കഴിഞ്ഞ ഉടനെയായിരുന്നു അവർ മദീനാ പള്ളിയിൽ പ്രവേശിച്ചത്. അവരുടെ നമസ്കാരത്തിൻെറ (പ്രാർത്ഥനാ കർമ്മത്തിൻെറ) സമയമായപ്പോൾ പള്ളിയിൽ വെച്ചു തന്നെ അത് നിർവ്വഹിച്ചു കൊള്ളുവാൻ നബി (സ) അവർക്ക് അനുമതി നൽകി. (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/463)
വിശുദ്ധ ഖുർആൻ വിവരണത്തിൽ പറയുന്ന മേൽ സംഭവത്തിന് കേരളീയ മുസ്‌ലിം സമൂഹത്തിൽ വലിയ സ്വാധീനമുണ്ട്. അത് ഇതര ഖുർആൻ പരിഭാഷകളിലും, മറ്റു മുസ്‌ലിം രചനകളിലും സ്ഥാനം പിടിച്ചിരിക്കുന്നു. വെള്ളിയാഴ്ച ഖുത്വ്‌ബകളിലും മതപ്രഭാഷണങ്ങളിലും അത് യഥേഷ്ടം ഉദ്ധരിക്കുന്നു. മതസൗഹാർദ്ദ ചർച്ചകളിലെ ഒരു വായ്ത്താരിയായി മാറിയിരിക്കുന്നു അതെന്നു വേണം പറയാൻ.
എന്താണ് മതസൗഹാർദ്ദം? ഭൗതികവും മാനുഷികവുമായ വിഷയങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കുമിടയിലുള്ള ക്രിയാത്മക സഹവർത്തിത്വം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനു പറയേണ്ടത് മനുഷ്യസൗഹാർദ്ദം എന്നാണ്; മതസൗഹാർദ്ദം എന്നല്ല. കാരണം, ഈ സൗഹാർദ്ദവും സഹർവർത്തിത്വവും വിവധ മതാനുയായികൾക്കിടയിൽ മാത്രം പോരാ, മതമില്ലാത്തവരടക്കം എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും അത് നിലനിൽക്കേണ്ടതുണ്ട്. ഇവിടെ മതത്തിനല്ല, മനുഷ്യനായിരിക്കണം ഊന്നൽ നൽകേണ്ടത്. മനുഷ്യർക്കിടയിലെ സൗഹാർദ്ദവും സഹവർത്തിത്വവുമാണ് പലുരേണ്ടത്. അതാണ് പ്രയോഗക്ഷമമായ ആശയം.
കൂടാതെ, ഇന്ന് മതസൗഹാർദ്ദം അതിൻെറ അടിസ്ഥാന ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നതായിട്ടാണ് നാം കണ്ടുവരുന്നത്. മിക്കപ്പോഴും അത് മതങ്ങളിൽ വെള്ളം ചേർക്കുന്നതിലേക്കും മതപരമായ കാര്യങ്ങളിൽ കുറ്റകരമായ ഉപേക്ഷ വരുത്തിക്കുന്നതിലേക്കും വഴുതിപ്പോകുന്നു എന്നതാണ് യാഥാർത്ഥ്യം.
എല്ലാ മതങ്ങളും ഒന്നാണ് എന്ന സങ്കൽപനത്തിൽനിന്നാണ് മതസൗഹാർദ്ദമെന്ന പ്രമേയം പൊങ്ങിവരുന്നത്. സർവ്വമതവാദികളാണ് അതിൻെറ പ്രയോക്താക്കൾ. അവർ ആദ്യമായി മതങ്ങളെ മൂല്യങ്ങളിൽ പരിമിതപ്പെടുത്തും. പിന്നെ, മൂല്യങ്ങളിലുള്ള എന്തെങ്കിലും സാദൃശ്യമോ ബന്ധമോ മുൻനിർത്തി അവ ഒന്നു തന്നെയാണെന്നു വാദിക്കും. ഈ ഐക്യം പരസ്പരമുള്ള പങ്കുവയ്പിലൂടെയും കൈമാറ്റത്തിലൂടെയും സാധ്യമായതാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കും. ആശയങ്ങൾ പരസ്പരം പങ്കുവെക്കാത്ത, നൂറുശതമാനം ആദർശ വിശുദ്ധി പുലർത്തുന്ന ഒരു മതവും ഇല്ലെന്നു വാദിക്കും. പരസ്പരം കൈമാറിയും പങ്കുവെച്ചും മുന്നോട്ടു ഗമിച്ച മാനവരാശിയുടെ ചരിത്രത്തെ ഇതിൻെറ സാക്ഷീകരണത്തിനായി കൂട്ടുപിടിക്കും. ഇത്തരം പങ്കുവയ്പുകളെയും കൈമാറ്റങ്ങളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കും. കലാസാഹിത്യങ്ങൾ, ആധ്യാത്മികചിന്തകൾ, മാനവികത, ചരിത്രം പോലുള്ള പ്രമേയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ആശയം പങ്കുവയ്‌പും കൈമാറ്റവുമാണല്ലോ. ഇത്തരം പങ്കുവയ്‌പുകളുടെയും കൈമാറ്റങ്ങളുടെയും സമ്പന്നമായ സാമൂഹ്യ തലമായി അവർ മതസൗഹാർദ്ദത്തെ മുന്നോട്ടു വെക്കും.
യഥാർത്ഥത്തിൽ, ഈ പ്രമേയത്തിൽ മൗലികമായ രണ്ടു പിശകുകളുണ്ട്.
1. പാരസ്പര്യത്തിൻെറയും പങ്കുവയ്‌പിൻെറയും വർണ്ണച്ചിത്രങ്ങളുടെ പ്രഭയിൽ അല്ലാഹു അതരിപ്പിച്ച സത്യമതത്തിൻെറ വിശുദ്ധി ചവിട്ടി മെതിക്കാനുള്ള ശ്രമമാണിത്. മനുഷ്യൻെറ സർഗ്ഗാത്മകമായ ആവിഷ്കാരങ്ങളിൽ പരസ്പരമുള്ള പങ്കുവയ്പുകൾ സാധ്യമാണ്, അത് ആവശ്യവുമാണ്. എന്നാൽ അല്ലാഹു അവതരിപ്പിച്ച ദീനിനെ മനുഷ്യൻെറ സർഗ്ഗാത്മക സൃഷ്ടികളുമായി താരതമ്യം ചെയ്തു കൂടാ. അത്തരം താരതമ്യങ്ങളിൽനിന്ന് ലഭിക്കുന്ന നിഗമനങ്ങൾ വസ്തുതാപരമായിരിക്കുകയുമില്ല. ദീൻ മനുഷ്യ നിർമ്മിതമല്ല; അല്ലാഹു ഇറക്കിയതാണ്. അത് ആദിപരിശുദ്ധിയോടെ പിന്തുടരപ്പെടാനും വിനിമയം ചെയ്യപ്പെടാനുമുള്ളതാണ്. എല്ലാവിധ മായങ്ങളും കലർപ്പുകളും തീർത്തും നിരാകരിച്ച്, അതിൻെറ പരിശുദ്ധി സംരക്ഷിക്കപ്പെടുക തന്നെ വേണം.
2. പങ്കുവയ്‌പുകളുടെയും കൈമാറ്റങ്ങളുടെയും സാമൂഹ്യതലമായി കാണേണ്ടത് മതസൗഹാർദ്ദത്തെയല്ല, മനുഷ്യസൗഹാർദ്ദത്തെയാണ്. പങ്കുവയ്പുകളുടെ വർണ്ണാഭമായ ചിത്രങ്ങൾ രചിക്കാൻ മനുഷ്യ സൗഹാർദ്ദത്തിൻെറ കാൻവാസാണ് ആവശ്യം. അതിനു മതം ഒരു ഭീഷണിയാവില്ല. ശരിയായ മതം മനുഷ്യ സൗഹാർദ്ദത്തെ മാത്രമേ ഉണർത്തുകയുള്ളു; മതവിദ്വേഷത്തെ ഉണർത്തുകയില്ല. എന്നാൽ, വെള്ളം ചേർത്ത് വികലമാക്കിയ മതത്തിൻെറ ഉപോൽപന്നങ്ങൾ എന്തായിരിക്കുമെന്നത് പ്രവചിക്കാനാവില്ല. ഉദാഹരണത്തിന്, മതത്തിൽ രാഷ്ട്രീയം കലർത്തുമ്പോൾ അത് എത്രത്തോളം അപകടകരമായിത്തീരുന്നു എന്നതു മാത്രം ചിന്തിച്ചു നോക്കിയാൽ മതി.
മതസൗഹാർദ്ദം എന്നത് വിമർശനം പോവട്ടെ, വിശകലനം പോലും പാടില്ലാത്ത ഒരാശയമായിട്ടാണ് ഇന്ന് അവതരിപ്പിക്കപ്പെടാറുള്ളത്. സത്യത്തിൽ മനുഷ്യ സൗഹാർദ്ദം ഉൽകൃഷ്ടവും പ്രായോഗികവുമായ ആശയമാണ്. അത് മാനുഷിക വിഷയങ്ങളിൽ മുഴുവൻ മനുഷ്യ വിഭാഗങ്ങളും തമ്മിലുള്ള സഹവർത്തിത്വമാണ്. അത് ആവശ്യവുമാണ്. എന്നാൽ രണ്ടു മതങ്ങൾ തമ്മിലുള്ള പങ്കുവയ്പ് രണ്ടിനെയും കൂടുതൽ ദുഷിപ്പിക്കുകയേയുള്ളു. അത് അപ്രായോഗികവും അനാവശ്യവുമാണ്. മിക്കപ്പോഴും അത് വിപരീതഫലം ഉളവാക്കുന്നതുമായിരിക്കും.
നജ്‌റാനിൽനിന്നു വന്ന കൃസ്തീയ സംഘത്തിന് അവരുടെ ആരാധന നിർവ്വഹിക്കാൻ നബി ﷺ മസ്‌ജിദുന്നബവി അനുവദിച്ചു കൊടുത്തു എന്നതാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്. യഥാർത്ഥത്തിൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത കാര്യമാണ്. ഹദീസ് വിജ്ഞാനീയത്തിൽ അവഗാഹമുള്ള മഹാന്മാരായ രണ്ടു നിരൂപകന്മാർ അതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് താഴെ ഉദ്ധരിക്കാം:
وقد حانت صلاتهم فقاموا في مسجد رسول الله ﷺ يصلون، فقال رسول الله ﷺ دعوهم، فصلوا إلى المشرق، قيل: هذا منقطع ضعيف، لا يحتج بمثله. [ابن رجب في فتحه 342/2]
«അവരുടെ ആരാധനാ സമയമായപ്പോൾ അവർ മസ്‌ജിദുന്നബവിയിൽ വെച്ച് പ്രാർത്ഥിക്കാനൊരുങ്ങി. അപ്പോൾ നബി ﷺ പറഞ്ഞു: അവരെ വിട്ടേക്കൂ. അങ്ങനെ അവർ കിഴക്കോട്ട് തിരിഞ്ഞു പ്രാർത്ഥിച്ചു. ഇത് മുറിഞ്ഞുപോയ നിവേദക പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടതും ദുർബ്ബലവുമാണ്. ഇതു പോലുള്ളവ തെളിവിന് യോഗ്യമല്ല». [ഇബ്‌നു റജബ് ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയത്]
ضعيف، أخرجه ابن هشام (46/2) عن ابن اسحاق: حدثني محمد بن جعفر ابن الزبير قال: فذكره. وهذا مرسل أو معضل. [الألباني في تعليقه على فقه السيرة]
ഇത് ദുർബ്ബലമാണ്. ഇബ്‌നു ഹിശാം ഇബ്‌നു ഇസ്ഹാഖിൽനിന്നാണ് ഇത് ഉദ്ധരിച്ചിരിക്കുന്നത്. അദ്ദേഹം (ഇബ്‌നു ഇസ്ഹാഖ്) പറയുന്നത് മുഹമ്മദ് ബിൻ ജഅ്ഫറാണ് തനിക്ക് ഇത് പറഞ്ഞു തന്നത് എന്നാണ്. അങ്ങനെ അദ്ദേഹം (മുഹമ്മദ് ബിൻ ജഅ്ഫർ) ഈ സംഭവം ഉദ്ധരിക്കുന്നു. ഇത് നിവേദക പരമ്പര ആരംഭത്തിൽ തന്നെ മുറിഞ്ഞു പോയിട്ടുള്ള مُرْسَلٌ ആണ്; അല്ലെങ്കിൽ നവേദക പരമ്പരയിൽ രണ്ടോ അതിലധികമോ ആളുകൾ മുറിഞ്ഞു പോയിട്ടുള്ള مُعْضَلٌ ആണ്. [അൽബാനി ഫിഖ്ഹുസ്സീറഃക്ക് നൽകിയ അടിക്കുറിപ്പിൽനിന്ന്]
ഇവിടെ നാം പക്വതയോടെ വിലയിരുത്തേണ്ട ഒരു കാര്യമുണ്ട്. ഇസ്‌ലാം ബഹുദൈവാരാധന അംഗീകരിക്കുന്നില്ല. അത് ഏറ്റവും ഗുരുതരവും പൊറുക്കപ്പെടാത്ത അപരാധവുമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുകയും ചെയ്യുന്നു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളു എന്നതാണ് ഇസ്‌ലാമിൻെറ സർവ്വസാരാംശം. അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടിയാണ് പള്ളികൾ പടുത്തുയർത്തപ്പെട്ടിട്ടുള്ളത്. അവിടെ വെച്ച് അല്ലാഹുവല്ലാതെ മറ്റാരെങ്കിലും ആരാധിക്കപ്പെടുന്നത് അവൻ നിശിതമായി വിലക്കുന്നു:
﴿ وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا ﴾ [الجن 18]
പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്. [ജിന്ന് 18]
അവിടെ വെച്ച് ത്വാഗൂത്തുകൾ ആരാധിക്കപ്പെടാൻ അവസരം ഒരുക്കണമെന്ന് പറയുന്നതിൽ എന്ത് നന്മയാണുള്ളത്? അത് എങ്ങനെ സൗഹാർദ്ദമാകും? അല്ലാഹുവിൻെറ ഏറ്റവും വലിയ ശാസനയെ തന്നെ നഗ്നമായി ലംഘിക്കുകയും, അവൻ പൊറുക്കില്ലെന്നു പറഞ്ഞ ബഹുദൈവാരാധനക്ക് പള്ളികൾ അനുവദിക്കുകയും ചെയ്യുക എന്നത് മതസൗഹാർദ്ദമല്ല; മതദൂഷണമാണ്. അതിഥികളായി വന്ന ക്രൈസ്തവർക്ക് ഉചിതമായ മറ്റൊരു സ്ഥലം കാണിച്ചു കൊടുക്കുന്നതിലേ സാംഗത്യമുള്ളു. അത് ക്രിയാത്മകമായ സഹിഷ്ണുതയുടെയും മനുഷ്യ സൗഹാർദ്ദത്തിൻെറയും പരിധിയിൽ പെടുകയും ചെയ്യും. വികാരങ്ങൾക്ക് അടിമപ്പെടാതെ വിവേകപൂർവ്വം കാര്യങ്ങൾ വിലയിരുത്താനും യാഥാർത്ഥ്യബോധം ഉൾക്കൊള്ളാനും വായനക്കാർ തയ്യാറാവണം. നിർവ്യാജമായ, കപടരഹിതമായ, പ്രായോഗികമായ, ക്രിയാത്മകമായ മനുഷ്യസൗഹാർദ്ദവും സഹവർത്തിത്വവുമാണ് മതസൗഹാർദ്ദത്തിനുള്ള ഇസ്‌ലാമിൻെറ ബദൽ.