﴿ يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴾ [آل عمران 106]

(അതെ) ചില മുഖങ്ങൾ വെളുക്കുകയും, ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ദിവസം! എന്നാൽ, യാതൊരു കൂട്ടരുടെ മുഖങ്ങൾ കറുത്തുവോ അവർ, –

(അവരോടു പറയപ്പെടും:) ‘നിങ്ങളുടെ സത്യവിശ്വാസത്തിനു ശേഷം നിങ്ങൾ അവിശ്വസിച്ചുവോ?! –

എന്നാൽ നിങ്ങൾ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം നിങ്ങൾ ശിക്ഷ ആസ്വദിച്ചു കൊള്ളുവിൻ’〉 [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/540]

അന്ത്യനാളിൽ ചില മുഖങ്ങൾ ശോഭിക്കുകയും ചില മുഖങ്ങൾ ഇരുളുകയും ചെയ്യും. അല്ലാഹുവിൽ വിശ്വസിക്കുകയും അവൻെറ ദൂതന്മാരെ സത്യപ്പെടുത്തുകയും അവൻെറ കൽപനാ വിലക്കുകൾ പാലിക്കുകയും അവൻെറ ദീൻ ആദിമ വിശുദ്ധിയിൽ നിലനിർത്തുകയും ചെയ്തവരുടെ മുഖമാണ് ശോഭിക്കുക.

എന്നാൽ ശരിയാം വണ്ണം അല്ലാഹുവിൽ വിശ്വസിക്കാതിരിക്കുകയും അവൻെറ ദുതന്മാരെ മറികടക്കുകയും മതശാസനകൾ വളച്ചൊടിക്കുകയും ദീനിൽ ഭേദഗതി വരുത്തുകയും ചെയ്യുന്ന ഖവാരിജുകളെ പോലുള്ളവരുടെ മുഖമാണ് ഇരുണ്ടു പോവുക. ശൈഖ് അബ്ദുറഹ്‌മാൻ അസ്സഅ്ദി رَحِمَهُ اللهُ മേൽ സൂക്തത്തിനു നൽകുന്ന വ്യാഖ്യാനം കാണുക:

يخبر تعالى بتفاوت الخلق يوم القيامة في السعادة والشقاوة وأنه تبيض وجوه أهل السعادة الذين آمنوا بالله وصدقوا رسله وامتثلوا أمره واجتنبوا نهيه وأن الله تعالى يدخلهم الجنات ويفيض عليهم أنواع الكرامات وهم فيها خالديون. [الشيخ عبد الرحمن ناصر السعدي في تيسير الكريم الرحمن]

അന്ത്യനാളിൽ സൃഷ്ടികൾ വിജയ പരാജയങ്ങളുടെ കാര്യത്തിൽ ഏറിയും കുറഞ്ഞുമിരിക്കും എന്നാണ് അല്ലാഹു അറിയിക്കുന്നത്. അന്ന് സൗഭാഗ്യവാന്മാരുടെ മുഖം ശോഭിക്കും. അവർ അല്ലാഹുവിൽ വിശ്വസിക്കുകയും അവൻെറ ദൂതന്മാരെ സത്യപ്പെടുത്തുകയും അവൻെറ കൽപനകൾ പാലിക്കുകയും വിലക്കുകളിൽനിന്ന് മാറിനിൽക്കുകയും ചെയ്തവരാണ്. അവരെ അല്ലാഹു സ്വർഗ്ഗത്തോപ്പുകളിൽ പ്രവേശിപ്പിക്കും. ഉന്നത പദവികൾ അവരുടെ മേൽ ചൊരിയും. അവർ അവിടെ ശാശ്വതരായി വാഴുകയും ചെയ്യും. [സഅ്ദി തയ്‌സീറുൽ കരിമി റഹ്‌മാനിൽ രേഖപ്പെടുത്തിയത്]

ഖവാരിജുകളുടെ മുഖം അന്ന് ഇരുണ്ടു പോകുമെന്ന് നബി ﷺ യിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

عن أبي غالب قال رأى أبو أمامة رؤوسا منصوبة على درج مسجد دمشق فقال أبو أمامة كلاب النار شر قتلى تحت أديم السماء خير قتلى من قتلوه ثم قرأ ﴿يوم تبيض وجوه وتسود وجوه﴾ إلى آخر الآية قلت لأبي أمامة أنت سمعته من رسول الله ﷺ قال لو لم أسمعه إلا مرة أو مرتين أو ثلاثا أو أربعا حتى عد سبعا ما حدثتكموه. [الترمذي في سننه وصححه الألباني]

〈അബൂ ഗാലിബ് നിവേദനം. ഡമസ്കസ് പള്ളിയുടെ പടികളിൽ (ഖവാരിജുകളുടെ അറുത്തു മാറ്റിയ) കുറച്ചു ശിരസ്സുകൾ നാട്ടിവെച്ചത് അബൂ ഉമാമഃ رَضِيَ اللهُ عَنْهُ കാണാനിടയായി. അപ്പോൾ അദ്ദേഹം പറഞ്ഞു: നരകത്തിലെ പട്ടികൾ! ആകാശത്തിനു കീഴെ വധിക്കപ്പെട്ടവരിൽ ഏറ്റവും നീചർ; അവർ വധിച്ചവർ വധിക്കപ്പെട്ടവരിൽ ഏറ്റവും നല്ലവർ. പിന്നീട് അദ്ദേഹം «ചില മുഖങ്ങൾ ശോഭിക്കുകയും ചില മുഖങ്ങൾ ഇരുണ്ടുപോവുകയും ചെയ്യുന്ന ദിവസം…» എന്ന സൂക്തം അവസാനം വരെ പാരായണം ചെയ്തു. ഞാൻ അബൂ ഉമാമയോട് ചോദിച്ചു: താങ്കൾ ഇത് നബി ﷺ യിൽനിന്ന് കേട്ടതാണോ? അദ്ദേഹം മറുപടി പഞ്ഞു: ഞാൻ ഇത് ഒന്നോ രണ്ടോ മൂന്നോ നാലോ – അങ്ങനെ ഏഴുവരെ എണ്ണി – തവണ കേട്ടിട്ടില്ലായിരുന്നുവെങ്കിൽ ഇത് ഞാൻ നിങ്ങളോട് ഉദ്ധരിക്കുമായിരുന്നില്ല.〉 [തിർമുദി സുനനിൽ ഉദ്ധരിച്ചത്]

ന്യായവിധിനാൾ വരാനിരിക്കുന്നുവെന്നും അന്ന് അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നും വിശ്വസിക്കുന്നവർ അല്ലാഹുവിൻെറ വിലക്കുകളിൽനിന്ന് പൂർണ്ണമായും മാറിനിൽക്കുകയും അവൻെറ കൽപനകൾ പരമാവധി പാലിക്കുകയും അവൻെറ ദീനിൽ മാറ്റത്തിരുത്തലുകൾ വരുത്താതിരിക്കുകയും ചെയ്യട്ടെ.

പുതിയവ