﴿ كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ ﴾ [ آل عمران 110]

മേൽ സൂക്തത്തിലെ മൗലിക പ്രാധാന്യമുള്ള രണ്ടു വിഷയങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. (ഒന്ന്) ‘നിങ്ങളാണ് മനുഷ്യരാശിക്കു വേണ്ടി കൊണ്ടുവരപ്പെട്ട ഉത്തമ സമുദായം’ എന്ന വചനത്തിലെ നിങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്? (രണ്ട്) مَعْرُوفٌ، مُنْكَرٌ എന്നിവയുടെ ശരിയായ വിവക്ഷയെന്ത്?

മനുഷ്യരാശിക്കു വേണ്ടി കൊണ്ടുവരപ്പെട്ട ഉത്തമ സമുദായം എന്നതു കൊണ്ടുള്ള ഉദ്ദേശ്യം സ്വഹാബിമാരാണ്. കാരണം:

  1. നിങ്ങൾ (كُنْتُمْ) എന്ന് ഒന്നാമതായി വഹ്‌യ് അഭിസംബോധന ചെയ്തത് അവരെയാണ്. അതു കൊണ്ട് അവർക്ക് പ്രഥമസ്ഥാനം (أَوَّلِيَّةٌ) കൈവരുന്നു.
  2. മേൽ സൂക്തത്തിൽ പറഞ്ഞ നിബന്ധനകളും വിശേഷണങ്ങളും പൂർണ്ണമായും സാക്ഷാൽകരിച്ചത് സ്വഹാബിമാരാണ്. അതു കൊണ്ട് അതിന് ഏറ്റവും അർഹതയുള്ളവരും (أَوْلَوِيَّةٌ) അവരാണ്.

അതിനാൽ നമുക്ക് അസന്നിഗ്‌ധമായി തന്നെ പറയാനാവും, പ്രഥമസ്ഥാനം കൊണ്ടും ഏറ്റവും തരപ്പെട്ടവർ എന്ന നിലയിലും (أَوَّلِيًّا وأََوْلَوِيًّا) സ്വഹാബികളെയാണ് كُنْتُمْ (നിങ്ങൾ) എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

പിൻതലമുറക്കാർ സ്വഹാബത്തിനെ പൂർണ്ണമായി പിന്തുടരുന്നുവെങ്കിൽ (بِالْمِثْلِيَّةِ) അവരെ സ്വഹാബികളുടെ കൂടെ അനുബന്ധമായി ചേർക്കപ്പെടും.

ഈ സൂക്തത്തിന് ഉമർ رَضِيَ اللهُ عَنْهُ  നൽകിയ വ്യാഖ്യാനം വായിക്കുക. അത് മേൽ വസ്തുതക്ക് അടിവരയിടുന്നു:

حَدَّثَنَا أَحْمَدُ بْنُ عُثْمَانَ بْنِ حَكِيمٍ الأَوْدِيُّ، ثنا أَحْمَدُ بْنُ الْمُفَضَّلِ، ثنا أَسْبَاطٌ، عَنِ السُّدِّيِّ: كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ قَالَ: قَالَ عُمَرُ بْنُ الْخَطَّابِ: لَوْ شَاءَ اللَّهُ تَعَالَى لَقَالَ: أَنْتُمْ فَكُنَّا كُلُّنَا وَلَكِنْ قَالَ: كُنْتُمْ فِي خَاصَّةِ أَصْحَابِ مُحَمَّدٍ وَمَنْ صنع مثل صَنِيعِهُمْ كَانُوا خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ. [ابن أبي حاتم في تفسيره]

«നിങ്ങളാണ് മനുഷ്യരാശിക്കു വേണ്ടി കൊണ്ടുവരപ്പെട്ട ഉത്തമ സമുദായം» എന്ന സൂക്തത്തിൻെറ വ്യാഖ്യാനമായി സുദ്ദി رَحِمَهُ اللهُ നിവേദനം ചെയ്യുന്നു. ഉമർ رَضِيَ اللهُ عَنْهُ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ أَنْتُمْ (നിങ്ങൾ) എന്നു പറയുമായിരുന്നു. എങ്കിൽ നാം എല്ലാവരും അതിലുൾപ്പെടുമായിരുന്നു. മറിച്ച് അവൻ كُنْتُمْ എന്ന് പ്രയോഗിച്ചത് മുഹമ്മദ് നബി ﷺ യുടെ അനുചരന്മാരുടെ കാര്യം സവിശേഷമായി പറയാനാണ്. അവരുടെ പ്രവർത്തനങ്ങൾക്ക് തത്തുല്യമായ പ്രവർത്തനം കാഴ്ചവെച്ചവരും അതിലുൾപ്പെടും. അവരാണ് മനുഷ്യരാശിക്കു വേണ്ടി കൊണ്ടുവരപ്പെട്ട ഉത്തമ സമുദായം. [ഇബ്‌നു അബീ ഹാതിം തഫ്‌സീറിൽ ഉദ്ധരിച്ചത്]

ഈ യാഥാർത്ഥ്യം സാധൂകരിക്കുന്ന പ്രമാണ രേഖകളിൽപെട്ടതാണ് താഴെ കൊടുക്കുന്ന ഖുർആൻ സൂക്തം:

﴿ وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴾ [التوبة 100]

〈ഇസ്‌ലാമിലേക്ക് ആദ്യമായി കടന്നുവന്ന മുഹാജിറുകളും അന്‍സാറുകളും, അവരെ പൂർണ്ണാർത്ഥത്തിൽ പിൻപറ്റിയവരും – അവരെയാണ് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നത്; അവർ അവനെയും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വർഗ്ഗീയാരാമങ്ങളാണ് അവര്‍ക്ക് അവന്‍ ഒരുക്കിവെച്ചിരിക്കുന്നത്. അവരതില്‍ നിത്യവാസികളായിരിക്കും. അതു തന്നെയാണ് ഏറ്റവും മഹത്തായ വിജയം.〉 [തൗബഃ 100]

മനുഷ്യരാശിക്കു വേണ്ടി കൊണ്ടുവരപ്പെട്ട ഉത്തമ സമുദായം എന്നത് അടിസ്ഥാനപരമായി സ്വഹാബത്തിനുള്ള സവിശേഷതയാണ്. അവരെ പിൻപറ്റുന്നതിലുള്ള പൂർണ്ണതക്കനുസരിച്ച് പിൻതലമുറക്കാർ സ്വഹാബത്തിലേക്ക് അനുബന്ധമായി ചേർക്കപ്പെടുകയാണ് ചെയ്യുന്നത്.  ഈ യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു നബിവചനം കൂടി ഉദ്ധരിക്കാം:

عَنْ عَبْدِ اللَّهِ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ قَالَ: خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ. [البخاري في صحيحه]

[അബ്ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ നിവേദനം. നബി പറഞ്ഞു: ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠർ എൻെറ തലമുറയാണ്. പിന്നെ അവരുടെ തൊട്ടടുത്ത തലമുറ. പിന്നെ അവരുടെ തൊട്ടടുത്ത തലമുറയും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

സ്വഹാബത്തിൻെറ അനിഷേധ്യമായ ഈ സവിശേഷത ഒന്നുകൂടി തെളിയിച്ച് കാണിക്കുന്നതാണ് താഴെ കൊടുക്കുന്ന വചനം:

قَالَ ابْنُ مَسْعُودٍ رَضِيَ اللهُ عَنْهُ: مَنْ كَانَ مِنْكُمْ مُتَأَسِّيًا فَلْيَتَأَسَّ بِأَصْحَابِ مُحَمَّدٍ ﷺ؛ فَإِنَّهُمْ كَانُوا أَبَرَّ هَذِهِ الْأُمَّةِ قُلُوبًا وَأَعْمَقَهَا عِلْمًا وَأَقَلَّهَا تَكَلُّفًا وَأَقْوَمَهَا هَدْيًا وَأَحْسَنَهَا حَالًا، قَوْمًا اخْتَارَهُمُ اللَّهُ تَعَالَى لِصُحْبَةِ نَبِيِّهِ، فَاعْرِفُوا لَهُمْ فَضْلَهُمْ وَاتَّبِعُوهُمْ فِي آثَارِهِمْ؛ فَإِنَّهُمْ كَانُوا عَلَى الْهُدَى الْمُسْتَقِيم. [ابن عبد البر في جامع بيان العلم وفضله]

[ഇബ്‌നു മസ്ഊദ് رَضِيَ اللهُ عَنْهُ പറഞ്ഞു: നിങ്ങളിലൊരാൾ ആരെയെങ്കിലും മാതൃകയാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ മുഹമ്മദ് നബി യുടെ സ്വഹാബത്തിനെ മാതൃകയാക്കട്ടെ. അവരാണ് ഈ സമുദായത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ഹൃദയാലുക്കൾ. ഏറ്റവും അവഗാഹമുള്ളവർ, ഒട്ടും കൃത്രിമത്വമില്ലാത്തവർ, ഏറ്റവും നല്ല സന്മാർഗ്ഗചാരികൾ, ഏറ്റവും മികച്ച സ്ഥിതിയിലുള്ളവർ. അഥവാ ഒരു സമൂഹത്തെ; (നിങ്ങൾ മാതൃകയാക്കുക). അവരെയാണ് അല്ലാഹു തൻെറ നബി യുടെ സഹവാസത്തിന് തെരഞ്ഞെടുത്തത്. അതിനാൽ അവർക്കുള്ള മികവ് നിങ്ങൾ വകവെച്ചു കൊടുക്കുക. അവരുടെ കാൽപാടുകളിൽ അവരെ നിങ്ങൾ പിന്തുടരുക. കാരണം അവരാണ് ഏറ്റവും നേരായ മാർഗ്ഗത്തിലുള്ളവർ.] (ഇബ്‌നു അബ്ദിൽ ബർ, ജാമിഉ ബയാനിൽ ഇൽമി വ ഫള്‌ലിഹിയിൽ ഉദ്ധരിച്ചത്)

ഖുർആനിൻെറ മൂലവാക്യങ്ങളും വ്യാഖ്യാനങ്ങളും പ്രയോഗരീതികളും നബി ﷺ ൽനിന്ന് നേരിൽ കണ്ടും കേട്ടും സ്വീകരിച്ചത് അവരാണ്. അവരുടെ ധാരണകളിൽ പിശക് സംഭവിച്ചപ്പോഴെല്ലാം അല്ലാഹു ഇടപെടുകയും വഹ്‌യിലൂടെ അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അതു തന്നെയാണ് അവരുടെ യോഗ്യതയുടെ അടിസ്ഥാനവും. ഈ പ്രാമാണികതയും ആധികാരികതയും അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. അവരാണ് അറിവും ദീനും സത്യസന്ധമായും ആധികാരികമായും വിനിമയം ചെയ്തു തന്നവർ. അവരാണ് സാക്ഷികൾ; വഹ്‌യിൻെറ അവതരണത്തിനു സാക്ഷ്യം വഹിച്ചവർ, പരലോകത്ത് അല്ലാഹുവിൻെറ കോടതിയിൽ നൂഹ് നബി عَلَيْهِ السَلَام നുവേണ്ടി സാക്ഷി പറയുന്നവർ.

عَنْ أَبِي سَعِيدٍ الخُدْرِيِّ، قَالَ: قَالَ رَسُولُ اللَّهِ ﷺ: يُجَاءُ بِنُوحٍ يَوْمَ القِيَامَةِ، فَيُقَالُ لَهُ: هَلْ بَلَّغْتَ؟ فَيَقُولُ: نَعَمْ، يَا رَبِّ، فَتُسْأَلُ أُمَّتُهُ: هَلْ بَلَّغَكُمْ؟ فَيَقُولُونَ: مَا جَاءَنَا مِنْ نَذِيرٍ، فَيَقُولُ: مَنْ شُهُودُكَ؟ فَيَقُولُ: مُحَمَّدٌ وَأُمَّتُهُ، فَيُجَاءُ بِكُمْ، فَتَشْهَدُونَ، ثُمَّ قَرَأَ رَسُولُ اللَّهِ ﷺ ﴿وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا﴾ [البقرة: 143]- قَالَ: عَدْلًا – ﴿لِتَكُونُوا شُهَدَاءَ عَلَى النَّاسِ، وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا﴾ [البخاري في صحيحه]

അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: അന്ത്യനാളിൽ നൂഹ് നബി عَلَيْهِ السَلَامُ ഹാജരാക്കപ്പെടും. എന്നിട്ട് അദ്ദേഹത്തോട് ചോദിക്കപ്പെടും:  നീ ജനങ്ങൾക്ക് സന്ദേശം എത്തിച്ചു കൊടുത്തുവോ? അദ്ദേഹം പറയും: അതെ, റബ്ബേ! അപ്പോൾ അദ്ദേഹത്തിൻെറ സമുദായത്തോട് ചോദിക്കും: അദ്ദേഹം നിങ്ങൾക്ക് എത്തിച്ചു തന്നിരുന്നുവോ? അപ്പോൾ അവർ പറയും: ഒരു മുന്നറിയിപ്പുകാരനും ഞങ്ങൾക്ക് വന്നിട്ടേയില്ല. അപ്പോൾ അദ്ദേഹത്തോട് തന്നെ ചോദിക്കപ്പെടും: നിനക്ക് സാക്ഷികളുണ്ടോ? അദ്ദേഹം പറയും: മുഹമ്മദ് നബി ﷺ യും അദ്ദേഹത്തിൻെറ സമുദായവും. അപ്പോൾ നിങ്ങളെ ഹാജരാക്കും. അങ്ങനെ നിങ്ങൾ സാക്ഷിപറയുകയും ചെയ്യും. പിന്നീട് അല്ലാഹുവിൻെറ റസൂൽ ബഖറഃ 143-ാം സൂക്തം ഓതി: “അപ്രകാരം നിങ്ങളെ നാം ‘വസത്വ്’ ആയ ഒരു സമൂഹമാക്കിയിരിക്കുന്നു”. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘അദ്ൽ ആയവർ’ (യോഗ്യർ, നീതിമാന്മാർ). «നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാവാൻ; റസൂൽ നിങ്ങൾക്കും സാക്ഷിയായിരിക്കാൻ വേണ്ടി». [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]

അപ്പോൾ മേൽ സൂക്തത്തിൽ ‘നിങ്ങൾ (كُنْتُمْ)’ എന്ന് പറഞ്ഞതിൻെറ വിവക്ഷ സ്വഹാബികളാണ്. പിന്നെ അവരെ പൂർണ്ണവും അന്യൂനവുമായ നിലയിൽ പിന്തുടരുന്ന പിൻതലമുറക്കാരും.


അല്ലാഹു നിർദ്ദേശിച്ച, അവൻ നിയമമാക്കിയ, അവൻ അംഗീകരിക്കുന്ന കാര്യമാണ് മഅ്റൂഫ് (مَعْرُوفٌ).

അല്ലാഹു നിഷിദ്ധമാക്കിയ, അവൻ വിലക്കിയ, അവൻ വെറുക്കുന്ന കാര്യമാണ് മുൻകർ (مُنْكَرٌ).

ചിലപ്പോൾ ഇതിന് മലയാളത്തിൽ നന്മ തിന്മകളെന്നോ, പുണ്യ പാപങ്ങളെന്നോ, ന്യായാന്യായങ്ങളെന്നോ പറയാറുണ്ട്. ആരാണ് നന്മ തിന്മകൾ നിർണ്ണയിക്കുന്നത് എന്നതാണ് വിഷയത്തിൻെറ മർമ്മം.

ഒരു നിശ്ചിത കാലാവധി വരെ ജീവിക്കാൻ അല്ലാഹു മനുഷ്യനെ ഭൂലോകത്തേക്ക് അയച്ചു. അവിടെ ജീവിതവും മരണവും സംവിധാനിച്ചത് അവനെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ്. ആദിമ പിതാവായ ആദമിനെയും ഹവ്വായെയും സ്വർഗ്ഗലോകത്തു നിന്നും ഭൂമിയിലേക്ക് ഇറക്കിവിട്ടപ്പോൾ അവൻ അവരോട് കനിഞ്ഞു. തങ്ങളുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം, ഈ പരീക്ഷണത്തിൽ വിജയിച്ചു കേറാനുള്ള വഴിയേതാണ് എന്ന് സ്വയം കണ്ടെത്താൻ അവൻ അവരോട് ആജ്ഞാപിച്ചില്ല. പരിമിതികൾ ഏറെയുള്ള അവരുടെ ബുദ്ധിക്ക് അവരെ എറിഞ്ഞുകൊടുത്തതുമില്ല. മറിച്ച്, അവരുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണമെന്നും, ഈ പരീക്ഷണത്തിൽ വിജയിച്ചു കേറാനുള്ള മാർഗ്ഗമേതാണെന്നും അവൻ തന്നെ കാണിച്ചുകൊടുത്തു. അല്ലാഹു പറയുന്നത് കാണുക:

﴿ قُلْنَا اهْبِطُوا مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾ [البقرة 38]

നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകൂ. എൻെറ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ ആർ എൻെറ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവോ അവര്‍ക്ക് ഭയപ്പെടാനൊന്നുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. [ബഖറഃ 38]

നന്മതിന്മകളും പുണ്യപാപങ്ങളും നിർണ്ണയിക്കാനുള്ള ശേഷി മനുഷ്യ ബുദ്ധിക്കില്ല. സമയാസമയങ്ങളിൽ അവർക്ക് ആവശ്യമായ സന്മാർഗ്ഗ ദർശനം ഇറക്കിക്കൊടുക്കാതെ അവരെ അവൻ ബുദ്ധിക്ക് വിട്ടുകൊടുത്തിരുന്നുവെങ്കിൽ അതിൻെറ ഭവിഷ്യത്ത് വളരെ വലുതാകുമായിരുന്നു. അല്ലാഹു പറയുന്നു:

﴿ وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَنْ فِيهِنَّ بَلْ أَتَيْنَاهُمْ بِذِكْرِهِمْ فَهُمْ عَنْ ذِكْرِهِمْ مُعْرِضُونَ ﴾ [المؤمنون 71]

[അവരുടെ അഭീഷ്ടങ്ങളെയായിരുന്നു സത്യം പിന്തുടർന്നിരുന്നത് എങ്കിൽ ആകാശഭൂമികളും അവയിലുള്ളവയുമെല്ലാം കുഴപ്പത്തിൽ അകപ്പെട്ടുകഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. മറിച്ച്, അവർക്കുള്ള സന്ദേശം നാം തന്നെ എത്തിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ടും അവർ തങ്ങൾക്കുള്ള സന്ദേശത്തിൽനിന്ന് തിരിഞ്ഞുകളയുകയാണല്ലോ!] (മുഅ്മിനൂൻ 71)

നന്മയും തിന്മയും പുണ്യവും പാപവും നിർണ്ണയിക്കുന്നത് അല്ലാഹുവാണ്. ഇഹപര ജീവിത വിജയത്തിന്നാധാരമായ മാർഗ്ഗദർശനങ്ങളും മൂല്യവ്യവസ്ഥകളും നിശ്ചയിക്കുന്നതും അവൻ തന്നെ. ആത്യന്തികമായി നന്മ തിന്മകൾ നിശ്ചയിക്കാൻ മനുഷ്യ ബുദ്ധിക്കാവില്ല. മനുഷ്യനെയും മനുഷ്യ ബുദ്ധിയെയും സൃഷ്ടിച്ച, മനുഷ്യാസ്തിത്വത്തിൻെറ സകലമാന സാധ്യതകളും ബാധ്യതകളുമറിയുന്ന സൂക്ഷ്മജ്ഞാനിയും പരമകാരുണികനുമായ അല്ലാഹുവിന് മാത്രമാണ് അത് നിശ്ചയിക്കാൻ സാധിക്കുക. അവയുടെ യുക്തിപരതയും ശാസ്ത്രീയതയും പ്രായോഗികതയും കാലികതയും സ്വീകാര തിരസ്കാരങ്ങളും ഒന്നും തന്നെ മനുഷ്യബുദ്ധി ഉപയോഗിച്ച് തീർച്ചപ്പെടുത്തേണ്ട കാര്യങ്ങളല്ല. ഇക്കാര്യത്തിൽ മനുഷ്യബുദ്ധിക്കും യുക്തിക്കും യാതൊരു സ്ഥാനവുമില്ല. മനുഷ്യബുദ്ധി കളങ്കരഹിതമാണെങ്കിൽ നന്മയെ നന്മയായും തിന്മയെ തിന്മയായും മനസ്സിലാക്കാൻ കഴിയും. അല്ലാഹു അവതരിപ്പിച്ച മാർഗ്ഗദർശനങ്ങൾ മനസ്സിലാക്കാനും അതു ജീവിതത്തിൽ പ്രയോഗിക്കാനും ബുദ്ധി ഉപയോഗിക്കേണ്ടതായും വരും. ഇത്രമാത്രമാണ് മനുഷ്യബുദ്ധിയുടെ പങ്ക്.

ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക, അല്ലാത്തവ തിരസ്കരിക്കുക എന്ന് പറയുമ്പോൾ അത് ശരിയായ ആശയമല്ലേ എന്ന് തോന്നാം. പ്രത്യേകിച്ച് മലയാളികളുടെ പൊതുബോധം അത് ശരിവെക്കുന്ന തരത്തിലുള്ളതാണ്. എന്നാൽ സൂക്ഷ്മവിശകലനത്തിൽ അത് ശരിയല്ലെന്ന് സമ്മതിക്കേണ്ടി വരും. ആരുടെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നത് എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം കണ്ടെത്താനാവില്ല. അപ്പോൾ എല്ലാവരുടെയും ബുദ്ധിക്കും യുക്തിക്കും നിരക്കുന്നത് എന്നാണോ ഉദ്ദേശിക്കുന്നത്? എങ്കിൽ അങ്ങനെ ഏതെങ്കിലും ഒരു കാര്യത്തിൽ എല്ലാവരുടെയും ബുദ്ധിയും യുക്തിയും യോജിക്കുമോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടാവില്ല. ഒരാളുടെ ഏതു ഘട്ടത്തിലുള്ള ബുദ്ധിയും യുക്തിയുമാണ് പരിഗണിക്കേണ്ടത് എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കും. നന്മയും തിന്മയും പുണ്യവും പാപവും നിശ്ചയിക്കുന്ന കാര്യത്തിൽ മനുഷ്യബുദ്ധിയുടെ അപര്യാപ്തത നിഷേധിക്കാനാവാത്ത കാര്യമാണ്. പല മേഖലകളിലും ബുദ്ധിയും യുക്തിയും അസ്ഥിരവും ആപേക്ഷികവുമായി വർത്തിക്കുന്നതു കാണാം. അതിനാൽ, ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക, അല്ലാത്തവ തിരസ്കരിക്കുക എന്നത് മതകാര്യങ്ങളിൽ യാഥാർത്ഥ്യമില്ലാത്ത, കേവല ബാഹ്യസ്പർശിയായ ഒരു പ്രസ്താവന മാത്രമാണ്. അത് വിശ്വാസത്തിൻെറയും വിനയത്തിൻെറയും മാർഗ്ഗമല്ല; മറിച്ച് പിശാചിൻെറ വഴിയാണ്.

ഇതാണ് സലഫുകളുടെ നിലപാട്. ഈ ആശയമാണ് അഹ്‌ലുസ്സുന്നഃ പിന്തുടരുന്നത്. എന്നാൽ സത്യത്തിൽനിന്ന് വ്യതിചലിച്ച കക്ഷികൾ ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. നന്മതിന്മകളും പുണ്യപാപങ്ങളും നിർണ്ണയിക്കുന്ന കാര്യത്തിൽ ഖദരിയ്യഃ, ജഹ്‌മിയ്യഃ, മുഅ്തസിലഃ, അശ്അരിയ്യഃ, മാതുരീദിയ്യഃ, അഖ്‌ലാനിയ്യഃ, ഇസ്വ്‌ലാഹിയ്യഃ പോലുള്ള കക്ഷികൾ ഏറിയും കുറഞ്ഞും ബുദ്ധിയെ മാനദണ്ഡമായി കാണുന്നവരാണ്. അതു കൊണ്ടു തന്നെയാണ് മഅ്റൂഫ് (مَعْرُوفٌ), മുൻകർ (مُنْكَرٌ) എന്നതിന് ബുദ്ധിക്കും യുക്തിക്കും നിരക്കുന്നത്, നിരക്കാത്തത് എന്ന ധ്വനിയുള്ള അർത്ഥങ്ങൾ അവർ നൽകിപ്പോരുന്നത്. അല്ലാഹു നൽകിയ ശുദ്ധമായ പ്രകൃതി കളങ്കപ്പെടുത്തിയിട്ടില്ലാത്തവർക്ക് അല്ലാഹുവിൻെറ നിർണ്ണയങ്ങൾ സത്യവും ന്യായവും ഹൃദ്യവുമായി അനുഭവപ്പെടുക സ്വാഭാവികമാണ്. പക്ഷെ, ബുദ്ധിയല്ല അത് നിർണ്ണയിക്കുന്നത്, അത് നിശ്ചയിക്കുന്നതിന് ബുദ്ധിയെ മാനദണ്ഡമായി കാണാൻ കഴിയുകയുമില്ല.

അധിക വായനക്കായി യുക്തി ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കാണുക.

പുതിയവ