﴿ ضُرِبَتْ عَلَيْهِمُ الذِّلَّةُ أَيْنَ مَا ثُقِفُوا إِلَّا بِحَبْلٍ مِّنَ اللَّهِ وَحَبْلٍ مِّنَ النَّاسِ وَبَاءُوا بِغَضَبٍ مِّنَ اللَّهِ وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ الْأَنبِيَاءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴾ [آل عمران 112] 

അറബി രാഷ്ട്രങ്ങളാണെങ്കിൽ, സമ്പത്തു കൊണ്ടും അഭിവൃദ്ധികൊണ്ടും എന്നത്തെക്കാളും അധികം മുൻപന്തിയിലാണു ഇന്നുള്ളത്. എന്താണിതിനു കാരണം? മുസ്‌ലിം രാഷ്ട്രങ്ങളെന്ന നിലക്കാണ് അവ അറിയപ്പെടുന്നതെങ്കിലും യഥാർത്ഥമായ ഇസ്‌ലാമിക ചൈതന്യം അവിടങ്ങളിൽ വിരളമായിരിക്കുന്നു. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/546]  

വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ വിശദീകരണത്തിൽ ബാഹ്യമായി ദോഷം തോന്നിക്കൊള്ളണമെന്നില്ലെങ്കിലും അത് അപകടകരമായ ഒരു പ്രവണതിയിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ഇത് ഭരണാധികാരികളോട് ഒരു മുസ്‌ലിം പുലർത്തേണ്ട ശരിയായ സമീപനമല്ല പ്രതിഫലിപ്പിക്കുന്നത്. ഉദ്ദേശപൂർവ്വമല്ലെങ്കിലും പ്രജകളുടെ മനസ്സിൽ ഭരണാധികാരികളോട് രഹസ്യമായും സാവകാശത്തിലും അസംതൃപ്തിയും പകയും ഉണർത്താനേ അത് ഉപകരിക്കുകയുള്ളു.

ഭരണാധികാരികളും ഭരണീയരും തമ്മിലുള്ള ബന്ധം ഇസ്‌ലാം ദീനിൽ കൃത്യമായി നിർവ്വചിച്ചിട്ടുളളതാണ്. മുസ്‌ലിം ഭരണാധികാരികളോട് അവരുടെ കീഴിൽ ജീവിക്കുന്ന മുസ്‌ലിം പ്രജകൾ മനസാ വാചാ കർമ്മണാ തികഞ്ഞ കൂറുപുലർത്തേണ്ടതാണ്. മനസ്സിൽ പക വെച്ചു പുലർത്താവതല്ല. നാവുകൊണ്ട് രഹസ്യമായോ പരസ്യമായോ അവരെ വിമർശിക്കാനും പാടില്ല. അവർക്കെതിരിൽ സായുധ-നിരായുധ സമരങ്ങളോ കലാപങ്ങളോ നടത്തുന്നത് ഇസ്‌ലാമികവുമല്ല.

നാം ഓർക്കേണ്ട വസ്തുത, ഭരണാധികാരിളും മനുഷ്യരാണ്. അവർ തെറ്റിനതീതരല്ല; കൈയിൽ അധികാരം കൂടിയുള്ളവാരാണു താനും. അവരുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന വീഴ്‌ചകൾ അവരോട് നേരിട്ട് സ്വകാര്യമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. അന്യായങ്ങളുണ്ടായാൽ അതു സഹിക്കുകയേ നിവൃത്തിയുള്ളു. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ലഭിക്കേണ്ട അവകാശങ്ങൾ അല്ലാഹുവിനോട് ചോദിക്കുക. നമ്മുടെ കർത്തവ്യം നാം ഉപേക്ഷ കൂടാതെ നിറവേറ്റുകയും ചെയ്യുക. അതിലൂടെ മാത്രമേ നാട്ടിൽ സമാധാനം പുലരുകയും നാട്ടുകാർക്ക് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുകയും ചെയ്യുകയുള്ളു. അല്ലാതെ പരസ്യ വിമർശനം ഒരു പ്രയോജനവും ചെയ്യില്ല. അവരുടെ നന്മക്കു വേണ്ടി പ്രാർത്ഥിക്കാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. ഇതു സംബന്ധിച്ച് സ്വതന്ത്രമായ ഒരു ഉപന്യാസം ലേഖനങ്ങൾ എന്ന വിഭാഗത്തിൽ കൊടുക്കുന്നുണ്ട്.

എന്നാൽ ഭരണാധികാരികളുടെ വീഴ്ചകൾ പിന്തുടരുകയും അത് പരസ്യ വിർശനത്തിന് വിധേയമാക്കുകയും പ്രജകളിൽ അസംതൃപ്തി വളർത്തി അവർക്കെതിരിൽ കലാപ വാസന ഉണർത്തുകയും ചെയ്യുക എന്നത് ഖവാരിജുകളുടെ രീതിയാണ്. ആധുനിക കാലത്ത് മുസ്‌ലിം സമൂഹങ്ങളിൽ ഖവാരിജുകളുടെ ഈ ചിന്താരീതി (خُرُوجٌ) സംഘടിതമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇഖ്‌വാനീ-മൗദൂദീ അച്ചുതണ്ടാണ്. സയ്യിദ് ഖുത്വ്‌ബും അയാളുടെ فِي ظِلَالِ الْقُرْآنِ എന്ന ഗ്രന്ഥവും ഖവാരിജുകളുടെ ചിന്താരീതിയാൽ നിബിഡമാണ്. നിലവിലുള്ള ഇസ്‌ലാമിക സമൂഹങ്ങളെല്ലാം (രാഷ്ട്രീയ) കുഫ്റിലും ജാഹിലിയ്യത്തിലുമാണെന്നും, ഭരണാധികാരികൾ ത്വാഗൂത്തുകളാണെന്നും ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നവരാണ് ഇഖ്‌വാനികൾ. സയ്യിദ് ഖുത്വ്‌ബിനെ ഉപജീവിച്ചതുകൊണ്ടാണ് അറബ് രാജ്യങ്ങളിലുള്ള മുസ്‌ലിം ഭരണാധികാരികളോട് മനസ്സു തെളിയാത്ത സമീപനം രൂപപ്പെട്ടത്. ഇത് ഒരു നല്ല പ്രവണതയായി കാണാനാവില്ല. അതിലടങ്ങിയിരിക്കുന്ന അപകടം വായനക്കാർ മനസ്സിലാക്കണമെന്ന് ഉണർത്തുന്നു.

പുതിയവ