﴿ فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّهِ ۖ إِنَّ اللَّهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴾ [آل عمران 37]
പള്ളിയിലെ മിഹ്റാബിൽ – പ്രാർത്ഥനാ മണ്ഡപത്തിൽ – തന്നെയായിരുന്നു മർയമിനും സ്ഥലം ഏർപ്പാട് ചെയ്തിരുന്നത്. വിശുദ്ധ ഖുർആൻ വിവരണം, പുറം 488〉
〈അടിക്കുറിപ്പ്: പള്ളികളിൽ നമസ്കാരത്തിന്നു നേതൃത്വം നൽകുന്ന ഇമാമിനു നിൽക്കുവാൻ വേണ്ടി പ്രത്യേകം ഉണ്ടാക്കപ്പെടുന്ന പ്രത്യേക സ്ഥാനത്തിനാണ് നാം ഇപ്പോൾ ‘മിഹ്റാബു’ എന്ന് പറഞ്ഞുവരുന്നത്. ഇവിടെ അതല്ല ഉദ്ദേശ്യം. കൃസ്തീയ പള്ളികളിലും മറ്റും അവിടുത്തെ പുരുോഹിതന്മാർക്കും, പരിചാരകന്മാർക്കും പ്രാർത്ഥനാ കർമ്മങ്ങൾ നടത്തുവാൻ വേണ്ടി പ്രത്യേകം സജ്ജമാക്കപ്പെടുന്നതും, മറ്റു സ്ഥലങ്ങളെക്കാൾ അൽപം ഉയർന്നു നിൽക്കുന്നതുമായ പ്രാർത്ഥനാ മണ്ഡപമാണ് അതു കൊണ്ട് ഉദ്ദേശിക്കുപ്പെടുന്നത്. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/488]
പള്ളികളിൽ ഇന്നു പ്രചാരത്തിലുള്ള മിഹ്റാബ് നബി (സ)ക്കു ശേഷം ഉണ്ടായിത്തീർന്നതാകുന്നു. [വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1933]
മുസ്‌ലിം പള്ളികളിൽ ഇമാമിനു നിൽക്കുവാനുള്ള പ്രത്യേക കമാനങ്ങൾക്കും കാലാന്തരത്തിൽ ഈ വാക്ക് ഉപയോഗിക്കപ്പെട്ടുവരുന്നു. [വിശുദ്ധ ഖുർആൻ വിവരണം, പുറം 3/2647]
ഇംറാൻെറ ഭാര്യ ഗർഭിണിയായപ്പോൾ ജനിക്കാൻ പോകുന്ന കുഞ്ഞിനെ അവർ അല്ലാഹുവിന് നേർച്ചയാക്കി. അല്ലാഹുവിനെ മാത്രം ആരാധിക്കുക, മസ്‌ജിദുൽ അഖ്‌സ്വായുടെ പരിചരണം നിർവ്വഹിക്കുക ഇതു മാത്രമായിരിക്കും ആ കുഞ്ഞിൻെറ കടമ. പ്രതീക്ഷക്കു വിപരീതമായി പെൺകുഞ്ഞിനാണ് അവർ ജന്മം നൽകിയത്. കുഞ്ഞിന് മർയം എന്ന് പേർ വിളിക്കുകയും നേർച്ച പൂർത്തീകരിക്കുകയും ചെയ്തു. കുഞ്ഞിൻെറ സംരക്ഷണം നറുക്കെടുപ്പിലൂടെ സകരിയ്യാ عليه السلام ന് വന്നുചേർന്നു. അവർക്ക് ആരാധന ചെയ്യാനും താമസിക്കാനും ഒരു മിഹ്റാബ് നിശ്ചയിച്ചു കൊടുത്തു. അഥവാ അവർക്ക് സ്വതന്ത്രമായി ആരാധന ചെയ്യാനും സ്വസ്ഥമായി കഴിച്ചുകൂട്ടാനുമുള്ള ഒരു സ്ഥലം നിർണ്ണയിച്ചു കൊടുത്തു എന്നു സാരം.
മിഹ്റാബ് എന്ന് പറയുമ്പോൾ ഇന്ന് നാം മനസ്സിലാക്കുന്നത് പള്ളിയുടെ ഏറ്റവും മുന്നിൽ ഇമാമിന് നമസ്കരിക്കാൻ വേണ്ടി പണികഴിപ്പിച്ചിട്ടുള്ള കമാനാലങ്കാരത്തോടെയുള്ള പ്രത്യേക നിർമ്മിതി എന്നാണ്. ഇന്നു പ്രചാരത്തിലുള്ള രൂപത്തിൽ ഒരു മിഹ്റാബ് നബി ﷺ യുടെ കാലത്തുണ്ടായിരുന്നില്ല. അത് പിന്നീട് ഉണ്ടായിട്ടുള്ളതാണ്. ഈ സത്യം വിശുദ്ധ ഖുർആൻ വിവരണത്തിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അപ്പോൾ മിഹ്റാബ് എന്ന് ഖുർആനിലും സുന്നത്തിലും പറയുമ്പോൾ അതിൻെറ അർത്ഥമെന്താണ്? ഇബ്‌നു ജരീറുത്ത്വബ്‌രി رَحِمَهُ اللهُ പറയുന്നത് കാണുക:
والمحراب: مقدم كل مسجد وبيت ومصلى. [ابن جرير الطبري في جامع البيان]
«ഏതൊരു പള്ളിയുടെയും വീടിൻെറയും നമസ്കാര സ്ഥലത്തിൻെറയും മുൻഭാഗമാണ് മിഹ്റാബ്». [ഇബ്‌നു ജരീർ ജാമിഉൽബയാനിൽ രേഖപ്പെടുത്തിയത്]
പ്രശസ്ത ഹദീസ് നിഘണ്ടുവായ അന്നിഹായഃയിൽ ഇബ്‌നുൽ അഥീർ പറയുന്നത് കാണുക:
المِحْرَابُ: المَوْضع العَالي المُشْرِفُ، وهُو صَدْر المَجْلس أَيْضًا، وَمِنْهُ سُمّي مِحْرَاب المسْجد، وَهُوَ صَدْرُه وأشْرَف مَوْضِع فِيهِ، وَمِنْهُ حديث أنس رضي الله عنه «أنه كان يَكْره المَحَارِيب» أَيْ لَمْ يَكُن يُحِبُّ أَنْ يَجْلِس فِي صَدْر الْمَجْلِسِ ويتَرَفَّع عَلَى النَّاس. [ابن الأثير في النهاية في غريب الحديث]
«നല്ല കാഴ്ച ലഭിക്കുന്ന ഉയർന്ന തിണ്ണയാണ് മിഹ്റാബ്. സദസ്സിൻെറ മുൻഭാഗവും മിഹ്റാബാണ്. ഇതിൽനിന്നാണ് പള്ളിയുടെ മിഹ്റാബ് എന്ന പ്രയോഗം ഉണ്ടായത്. അത് പള്ളിയുടെ മുൻഭാഗവും, അതിലെ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനവുമായിരിക്കും. ഇതേ അർത്ഥത്തിലാണ് അനസ് رَضِيَ اللهُ عَنْهُ നെ കുറിച്ച് ‘അദ്ദേഹം മിഹ്റാബുകൾ ഇഷ്ടപ്പെട്ടിരുന്നില്ല’ എന്ന ഹദീസ് വന്നിരിക്കുന്നത്. അഥവാ സദസ്സിൻെറ മുന്നിൽ ഇരിക്കാനും ജനങ്ങളുടെമേൽ ഔന്നത്യം കാണിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നു സാരം». [ഇബ്‌നുൽ അഥീർ അന്നിഹായഃയിൽ രേഖപ്പെടുത്തിയത്]
ചുരുക്കത്തിൽ, മുസ്‌ലിം പള്ളികളിലെ മിഹ്റാബ് കമാന രൂപങ്ങളോടും അലങ്കാര വേലകളോടും കൂടിയ ഒരു നിർമ്മിതിയല്ല. മറിച്ച്, പള്ളിയുടെ മുൻഭാഗത്ത് ഇമാം നമസ്കരിക്കാൻ നിൽക്കുന്ന ഒരു ശ്രേഷ്ഠ സ്ഥാനം മാത്രമാണ്. മറ്റുള്ള നിർമ്മിതികൾ നബി ﷺ യുടെ കാലശേഷം ഉണ്ടായതാണ്.
അകത്തേക്ക് കടന്നു നിൽക്കാവുന്ന കമാന രൂപത്തിലുള്ള മിഹ്റാബുകൾ വളരെ ആദ്യകാലം മുതൽ തന്നെ മുസ്‌ലിം പള്ളികളിൽ ഉണ്ടായിട്ടുള്ളതാണെന്നും, മഹാന്മാരായ സ്വഹാബിമാരും താബിഉകളും ഇമാമുകളും അതിനോട് അനിഷ്ടം പ്രകടിപ്പിച്ചിട്ടുള്ളതാണെന്നും രേഖകളിൽ സ്ഥിരപ്പെട്ടു കാണുന്നു. അവയിൽ ചിലത് ഇവിടെ ഉദ്ധരിക്കാം:
عن إِسْمَاعِيلَ بْنِ إِبْرَاهِيمَ بْنِ الْمُهَاجِرِ، عَنْ أَبِيهِ، عَنْ عَلِيٍّ، أَنَّهُ كَرِهَ الصَّلَاةَ فِي الطَّاقِ [ابن أبي شيبة في مصنفه]
ഇബ്റാഹീം ബിൻ മുഹാജിർ അലി رَضِيَ اللهُ عَنْهُ നെ കുറിച്ച് നിവേദനം ചെയ്യുന്നു: അദ്ദേഹം കമാന രൂപത്തിലുള്ള മിഹ്റാബിൽ വെച്ച് നമസ്കരിക്കുന്നത് വെറുത്തിരുന്നു. [ഇബ്‌നു അബീ ശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത്]
عَنْ مُطَرِّفٍ، عَنْ إِبْرَاهِيمَ، قَالَ: قَالَ عَبْدُ اللَّهِ: اتَّقُوا هَذِهِ الْمَحَارِيبَ وَكَانَ إِبْرَاهِيمُ لَا يَقُومُ فِيهَا [ابن أبي شيبة في مصنفه]
മുത്വർറിഫ് നിവേദനം. ഇബ്റാഹീം അൽ നഖ്ഈ رَحِمَهُ اللهُ പറഞ്ഞു: അബ്ദുല്ലാഹ് ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ പറയാറുണ്ടായിരുന്നു: ഈ മിഹ്റാബുകളെ നിങ്ങൾ സൂക്ഷിക്കണം. ഇബ്റാഹീം അൽ നഖ്ഈ رَحِمَهُ اللهُ അവയിൽ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നില്ല. [ഇബ്‌നു അബീ ശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത്]
ولا يجعل محرابا مجوفا في مسجد يبنيه. [الشوكاني في الفتح الرباني فتاوى الإمام الشوكاني]
ഇമാം ശൗകാനി പറയുന്നു: താൻ നിർമ്മിക്കുന്ന പള്ളിയിൽ അകത്തേക്ക് കടന്നു നിൽക്കാവുന്ന മിഹ്റാബ് പണികഴിപ്പിക്കരുത്. [ശൗകാനിയുടെ ഫതാവായിൽനിന്ന്]
هذا وأما المحراب في المسجد فالظاهر أنه بدعة لأننا لم نقف على أي أثر يدل على أنه كان موجودا في عهد النبي صلى الله عليه وسلم. [الألباني في الثمر المستطاب في فقه السنة والكتاب]
ഇമാം അൽബാനി رَحِمَهُ اللهُ പറയുന്നു: എന്നാൽ പള്ളിയിൽ ഇങ്ങനെയുള്ള മിഹ്റാബ്, അത് ബിദ്അത്താണെന്ന കാര്യം വ്യക്തമാണ്. കാരണം നബി ﷺ യുടെ കാലത്ത് അങ്ങനെ ഉണ്ടായിരുന്നു എന്ന് കുറിക്കുന്ന ഒരു രേഖയും നമുക്ക് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. [അൽബാനി അൽഥമർ അൽ മുസ്തത്വാബിൽ രേഖപ്പെടുത്തിയത്]
ചുരുക്കത്തിൽ അകത്തേക്ക് കേറിനിൽക്കാവുന്ന വിധം കമാന രൂപത്തിൽ നിർമ്മിച്ചിട്ടുള്ള മിഹ്റാബുകൾക്ക് ജൂത ക്രൈസ്തവരുടേതിനോട് സാമ്യമുണ്ട്. ഏതായിരുന്നാലും അത് നബി ﷺ യുടെ കാലത്ത് ഉണ്ടായിരുന്നതുമല്ല. ഇന്നത്തെ സ്ഥിതിവിശേഷം വളരെ പരിതാപകരമാണ്. പള്ളിയുടെ മിഹ്റാബും മിൻബറും ചുമരുകളും മേൽക്കൂരകളും മോടിപിടിപ്പിക്കുന്നതിലാണ് മുഴുശ്രദ്ധയും. അതിൽ മാത്സരിച്ചു മുന്നേറുകയാണ് മുസ്‌ലിംകൾ. നബി ﷺ പറയുന്നത് കാണുക:
عَنْ أَنَسٍ أَنَّ النَّبِيَّ ﷺ قَالَ: لاَ تَقُومُ السَّاعَةُ حَتَّى يَتَبَاهَى النَّاسُ فِى الْمَسَاجِدِ [أبو داود والنسائي وابن ماجه في سننهم، وصححه الألباني]
അനസ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: പള്ളികളുടെ കാര്യത്തിൽ ജനങ്ങൾ മാത്സര്യം കാണിക്കുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല. [അബൂദാവൂദ്, നസാഈ, ഇബ്‌നു മാജഃ എന്നിവർ സുനനുകളിൽ ഉദ്ധരിച്ചത്]
ഇവിടെ മാത്സര്യം കാണിക്കുക എന്നതിനെ കുറിച്ച് ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
وَقَالَ ابْنُ عَبَّاسٍ: لَتُزَخْرِفُنَّهَا كَمَا زَخْرَفَتِ اليَهُودُ وَالنَّصَارَى. [البخاي في صحيحه معلقا]
ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا പറയുന്നു: ജൂതരും ക്രൈസ്തവരും മോടിപിടിപ്പിച്ചതു പോലെ നിങ്ങളും ആരാധനാലയങ്ങൾ മോടിപിടിപ്പിക്കുക തന്നെ ചെയ്യും. [ബുഖാരി നിവേദക പരമ്പരയില്ലാതെ ഉദ്ധരിച്ചത്]
മുസ്‌ലിംകൾ ജൂത ക്രൈസവരോട് മത്സരിച്ചു കൊണ്ട് മിഹ്റാബുകൾ ആൾത്താരകൾക്കു സമാനമാക്കുകയും പള്ളികൾ ചർച്ചുകളെ വെല്ലുന്ന വിധത്തിലും പണികഴിപ്പിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. നബി ﷺ യുടെ ഒരു വചനം ഇവിടെ ഉണർത്തുന്നത് സാന്ദർഭികമായിരിക്കും.
عَنْ أَبِي سَعِيدٍ قَالَ: قَالَ رَسُولُ اللَّهِ ﷺ: لَتَتَّبِعُنَّ سُننَ مَنْ قبلكُمْ شبْرًا بشبرٍ وذراعاً بذراعٍ حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ، قِيلَ: يَا رَسُولَ اللَّهِ، الْيَهُودَ وَالنَّصَارَى؟ قَالَ: فَمَنْ؟ [مُتَّفق عَلَيْهِ]
അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങളുടെ മുൻഗാമികളെ ചാണിനു ചാണായി, മുഴത്തിനു മുഴമായി നിങ്ങൾ പിന്തുടരുക തന്നെ ചെയ്യും. ഒരു ഉടുമ്പിൻെറ മാളത്തിൽ അവർ കേറിയാൽ അതിൽ വരെ നിങ്ങൾ അവരെ പിന്തുടരും. അപ്പോൾ ആരോ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, ജൂതരെയും ക്രൈസ്തവരെയുമാണോ ഉദ്ദേശിക്കുന്നത്? അവിടുന്ന് ചോദിച്ചു: പിന്നെയാരാണ്? [ബുഖാരിയും മുസ്‌ലിമും സ്വഹീഹുകളിൽ ഉദ്ധരിച്ചത്]
നിലവിലുള്ള ഇത്തരം മിഹ്റാബുകൾ നമസ്കാരത്തിന് ഉപയോഗിക്കാതിരിക്കാനും, പുതുതായി നിർമ്മിക്കുന്ന പള്ളികളിൽ അത്തരം മിഹ്റാബുകൾ ഉണ്ടാക്കാതിരിക്കാനും പള്ളികൾ മോടിപിടിപ്പിക്കാതിരിക്കാനുമുള്ള പക്വത മുസ്‌ലിംകൾ ആർജ്ജിക്കുകയാണ് വേണ്ടത്. وبالله التوفيق