﴿ فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ الصَّالِحِينَ ﴾ [آل عمران 39]
〈അവിടുന്ന് ഐഹിക ജീവിതത്തിന് വിലകൽപിച്ചിരുന്നതുമില്ല〉 [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/490]
ലൗകികതയോടുള്ള ഒരു വിശ്വാസിയുടെ സമീപനം നിർവ്വചിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ, ഒട്ടും കൂടുകയോ കുറയുകയോ ചെയ്യാത്ത, പ്രമാണബദ്ധമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ അത് ഐഹിക ജീവിതത്തെ മാത്രമല്ല, പരലോക വിജയത്തെയും തകർത്തു കളയും.
ലൗകികതക്ക് അല്ലാഹു കൽപിക്കുന്ന ഒരു മൂല്യമുണ്ട്. എന്നാൽ ഭൂലോകത്ത് ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ ലൗകികതക്ക് കൽപിക്കണമെന്ന് അല്ലാഹു അനുശാസിക്കുന്ന മൂല്യം ഒന്നു വേറെയുമുണ്ട്. രണ്ടും വേർതിരിച്ചു കാണേണ്ടതാണ്.
ഒന്നുകിൽ മനുഷ്യർ ഭൗതിക പ്രമത്തതയിൽ മുഴുകാം. സ്വർണ്ണ നാണയങ്ങൾക്കും വെള്ളിക്കാശുകൾക്കും അടിമപ്പെടാം. അങ്ങനെ ഉബൂദിയ്യത്തിൽ തന്നെ വീഴ്ചവരുത്താം.
അല്ലെങ്കിൽ, ദുനിയാവിനെ വെറുക്കാം. ലൗകികതയോട് വിരോധം പുലർത്താം. അല്ലാഹു അനുവദിച്ച ജീവിത സുഖങ്ങൾ വെടിഞ്ഞ് സർവസംഗപരിത്യാഗിയായി നടക്കാം. ഭ്രാന്തന്മാരെപ്പോലെയോ ഭിക്ഷാംദേഹികളെപ്പോലെയോ ജീവിതത്തിൻെറ ഉത്തരവാദിത്തങ്ങളിൽനിന്ന് ഓടിയൊളിച്ച് അലഞ്ഞു നടക്കാം.
ഇത് രണ്ടുമല്ല ഇസ്‌ലാം നിർദ്ദേശിക്കുന്ന മാർഗ്ഗം. അല്ലാഹു ലൗകികതക്ക് നൽകുന്ന വിലയെന്ത് എന്ന് ആദ്യം പരിശോധിക്കാം. നബി ﷺ പറയുന്നു:
عَنْ سَهْلِ بْنِ سَعْدٍ قَالَ: قَالَ رَسُولُ اللَّهِ ﷺ: لَوْ كَانَتِ الدُّنْيَا تَعْدِلُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ مَا سَقَى كَافِرًا مِنْهَا شربة. [أَحْمد وَالتِّرْمِذِيّ وَابْن مَاجَه وصححه الألباني]
«സഹ്ൽ ബിൻ സഅ്ദ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിൻെറ അടുക്കൽ ദുനിയാവ് ഒരു കൊതുകിൻ ചിറകിനെങ്കിലും സമമായിരുന്നെങ്കിൽ അതിൽനിന്ന് ഒരു മുറുക്ക് പോലും ഒരു അവിശ്വാസിയെയും അവൻ കുടിപ്പിക്കുമായിരുന്നില്ല». [അഹ്‌മദ് മുസ്‌നദിലും തിർമുദി, ഇബ്‌നു മാജഃ സുനനുകളിലും ഉദ്ധരിച്ചത്]
മുകളിൽ പറഞ്ഞത് ലൗകികതക്ക് അല്ലാഹു കൽപിക്കുന്ന വിലയാണ്. ‘عِنْدَ اللَّهِ – അല്ലാഹുവിൻെറ അടുക്കൽ’ എന്ന പ്രയോഗം അതാണ് അർത്ഥമാക്കുന്നത്. അല്ലാതെ മനുഷ്യർ കൽപിക്കേണ്ട വിലയല്ല ഇവിടെ പറഞ്ഞിരിക്കുന്നത്.
അല്ലാഹു നിശ്ചയിച്ച അവധിവരെ മനുഷ്യർക്കു തങ്ങാനുള്ള താൽക്കാലിക സങ്കേതമാണ് ദുനിയാവ്. അവിടെ ജീവിത സന്ധാരണത്തിനാവശ്യമായ വിഭവങ്ങൾ അവൻ ഒരുക്കിയിരിക്കുന്നു. ഭൂമുഖത്ത് നിശ്ചിത കാലം വരെ ജീവിതം അനുവദിച്ചത് പരീക്ഷണാർത്ഥമാണ്. ദുനിയാവിനെ പാടെ ത്യജിച്ചും അവഗണിച്ചും മുന്നോട്ടു പോകാൻ അല്ലാഹു നിർദ്ദേശിച്ചിട്ടില്ല. ലൗകികതയോടുള്ള അത്തരം നിഷേധാത്മകമായ സമീപനം പാരത്രിക ജീവിതത്തിനു വേണ്ട പാഥേയമൊരുക്കാൻ സഹായകമാവുകയുമില്ല. ലൗകിക ജീവിതത്തിൻെറ നട്ടെല്ലാണ് സമ്പത്ത്. അതിനെ നിലനിൽപിനുള്ള ആധാരമായിട്ടാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. വിവേകമില്ലാത്തവരുടെ കൈകളിൽ അത് ഏൽപിക്കരുതെന്നും അവൻ കൽപിക്കുന്നു:
﴿ وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللَّهُ لَكُمْ قِيَامًا وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا ﴾ [النساء 5]
«അല്ലാഹു നിങ്ങളുടെ നിലനില്‍പായി നിശ്ചയിച്ച നിങ്ങളുടെ സ്വത്തുക്കള്‍ വിവേകമില്ലാത്തവര്‍ക്ക് കൈമാറരുത്. അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും, അവരോട് ന്യായമായ വാക്ക് പറയുകയും ചെയ്യുക». [നിസാഅ് 5]
സ്വത്ത് ലൗകിക ജീവിതത്തിൻെറ ആധാരമാണ്. അതിനെയാണ് നിലനിൽപായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. അത് കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പുലർത്തണം. അതിനെ പരിത്യജിക്കുകയോ അവഗണിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യരുത് എന്നതാണ് മേൽ സൂക്തത്തിൽ പറഞ്ഞിരിക്കുന്നത്. ലൗകിക ജീവിതത്തോടുള്ള ഒരു മുസ്‌ലിമിൻെറ സമീപനം ഉരുത്തിരിയേണ്ടത് ഇത്തരം വചനങ്ങളിൽനിന്നാണ്.
ലൗകിക വിഭവങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നത് അടിസ്ഥാനപരമായും അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നവർക്ക് വേണ്ടിയാണ്. ദുനിയാവ് പരീക്ഷണാർത്ഥം ഒരുക്കപ്പെട്ട താൽക്കാലിക സങ്കേതമായതിനാലും, ലൗകികതക്ക് അല്ലാഹുവിങ്കൽ ഒരു കൊതുകിൻ ചിറകിൻെറ വിലപോലും ഇല്ലാത്തതിനാലും അവിശ്വസികൾക്കും അതിൽനിന്ന് മുടക്കമില്ലാതെ നൽകുന്നു എന്നതാണ് സത്യം.
﴿ قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ ۚ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ ۗ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ﴾ [الأعراف 32]
«പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉണ്ടാക്കിവെച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ വിഭവങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. അന്ത്യനാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. അപ്രകാരമാണ് നാം ഗ്രാഹ്യമുള്ള ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വിവരിച്ചുകൊടുക്കുന്നത്». [അഅ്റാഫ് 32]
ധനത്തെയും ലൗകിക ജീവിതത്തിലെ വിശിഷ്ടമായ വസ്തുക്കളെയും പാടെ ത്യജിക്കേണ്ടതില്ല. അത് വിശ്വാസികൾക്ക് വിലക്കപ്പെട്ടതല്ല. അത് മറ്റാരെയോ ഉദ്ദേശിച്ചുണ്ടാക്കിയതാണെന്ന് തെറ്റിദ്ധരിക്കേണ്ടതുമില്ല. വെറുക്കപ്പെടേണ്ട ഒന്നായി ധനത്തെ കാണുന്നത് ശരിയല്ല. സമ്പാദ്യവും വിനിയോഗവും അല്ലാഹുവിൻെറ കൽപന പ്രകാരമാണെങ്കിൽ അത് വിശിഷ്ടമാണ്. നബി ﷺ പറയുന്നത് കാണുക:
عن عمرو بن العاص عن النبي ﷺ قال: نعم المال الصالح للرجل الصالح. [أحمد في مسنده وصححه الألباني]
«അംറ് ബിൻ ആസ്വ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: നല്ല ധനം നല്ലവനായ ഒരു വ്യക്തിക്ക് എത്ര ഭൂഷണമാണ്!» [അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്]
ജീവിച്ചിരിക്കെ സ്വർഗ്ഗം ലഭിക്കുമെന്ന് മുൻകൂട്ടി അറിയിപ്പു ലഭിച്ച പത്തു പേരാണ് നബി ﷺ യുടെ അനുചരന്മാരിൽ ഏറ്റവും ശ്രേഷ്ഠർ. അവരൊന്നും ഭിക്ഷുക്കളോ ഫഖീറുകളോ ആയിരുന്നില്ല. മറിച്ച്, സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരായിരുന്നു. എന്നല്ല, അവർ സ്വന്തം സമ്പാദ്യം കൊണ്ട് ജീവിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും അല്ലാഹുവിൻെറ മാർഗ്ഗത്തിൽ ധാരാളമായി വ്യയം ചെയ്തവരുമായിരുന്നു. അവർ ധനം നെഞ്ചേറ്റിയില്ല, കൈയിൽ വെക്കുക മാത്രമാണ് ചെയ്തത്. അതിനാൽ ധനം അവരെ കീഴ്‌പ്പെടുത്തിയില്ല, ധനം തങ്ങളുടെ ഐഹികവും പാരത്രികവുമായ നന്മക്കു വേണ്ടി ചെലവഴിക്കാൻ അവർക്കു സാധിച്ചു. നബി ﷺ പറയുന്നത് കാണുക:
عن يسار بن عبد الله الجهني قال: كنا في مجلس، فجاء النبي ﷺ وعلى رأسه أثر ماء، فقال له بعضنا نراك اليوم طيب النفس، فقال: أجل، والحمد لله، ثم أفاض القوم في ذكر الغنى فقال ﷺ: لا بأس بالغنى لمن اتقى، والصحة لمن اتقى خير من الغنى، وطيب النفس من النعيم. [ابن ماجة في سننه وصححه الألباني]
«യസാർ ബിൻ അബ്ദില്ല رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ ഒരു സദസ്സിലിരിക്കുമ്പോൾ നബി ﷺ തലയിൽ ഈറനണിഞ്ഞതിൻെറ അടയാളവുമായി അവിടെ വന്നു. ഞങ്ങളിൽ ഒരാൾ പറഞ്ഞു: അങ്ങയെ ഞങ്ങൾ ഇന്ന് ഉദാത്തമായ മനോനിലയിലാണല്ലോ കാണുന്നത്! അവിടുന്ന് പറഞ്ഞു: അതെ, അല്ലാഹുവിന്ന് സ്തുതി. പിന്നെ ജനങ്ങൾ സമ്പത്തിനെ കുറിച്ച് പലതും സംസാരിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: തഖ്‌വ പുലർത്തുന്നവർക്ക് സമ്പത്തുണ്ടാകുന്നതിൽ കുഴപ്പമില്ല. ആരോഗ്യമാണ് തഖ്‌വ പുലർത്തുന്നവർക്ക് സമ്പത്തിനെക്കാൾ ഉത്തമം. നല്ല മനോനില സ്വർഗ്ഗീയ സുഖമാണ്». [ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്]
ചുരുക്കത്തിൽ, ലൗകികത വെറുക്കപ്പെട്ടതോ വിലക്കപ്പെട്ടതോ അല്ല. ലൗകിക ജീവിതത്തിൻെറ ആധാരമായ ധനം സൂക്ഷ്മതയോടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും വേണം എന്നു മാത്രം. സൂക്ഷ്മത പുലർത്തുന്ന ഒരാൾക്ക് നല്ല സമ്പാദ്യം ഭൂഷണമാണ്. ഇവിടുത്തെ വിശിഷ്ട വസ്തുക്കൾ അടിസ്ഥാനപരമായി വിശ്വാസികളെ ഉദ്ദേശിച്ചു കൊണ്ട് ഒരുക്കിയതാണ്. ലൗകികത ആർജ്ജിക്കുന്നതിലും വ്യയം ചെയ്യുന്നതിലും അല്ലാഹുവിൻെറ കൽപനകൾ പാലിക്കുകയും വിലക്കുകൾ മാനിക്കുകയും ചെയ്യണം. ബ്രഹ്മചര്യം, പൗരോഹിത്യം, ലൗകിക പരിത്യാഗം പോലുള്ള അഗ്രയാനങ്ങൾ ഇസ്‌ലാമിൻെറ വഴിയല്ല. മിതത്വത്തിൻെറ മധ്യമ വഴിയിലൂടെയാണ് ഒരു മുസ്‌ലിം മുന്നോട്ടു പോകേണ്ടത്.