﴿ مَا كَانَ لِبَشَرٍ أَن يُؤْتِيَهُ اللَّهُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا عِبَادًا لِّي مِن دُونِ اللَّهِ وَلَٰكِن كُونُوا رَبَّانِيِّينَ بِمَا كُنتُمْ تُعَلِّمُونَ الْكِتَابَ وَبِمَا كُنتُمْ تَدْرُسُونَ ﴾ [آل عمران 79]
അതു കൊണ്ട് വേദ വിജ്ഞാനങ്ങൾ അറിഞ്ഞും ഉപദേശിച്ചും വരുന്ന മതോപദേഷ്ടാക്കളും മതവിജ്ഞാനികളുമാണ് ഇവിടെ ഉദ്ദേശ്യമെന്ന് കരുതാവുന്നതാകുന്നു. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/522]
‘നിങ്ങൾ റബ്ബാനികൾ (رَبَّانِيُّونَ) ആയിത്തീരുക’ എന്ന് അല്ലാഹു കൽപിക്കുന്നു. ആരാണ് റബ്ബാനികൾ? സ്വഹാബികളിലെ ഏറ്റവും വലിയ ഖുർആൻ വ്യാഖ്യാതാവായ ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ അതിനു നൽകിയ വ്യാഖ്യാനം ഇമാം ബുഖാരി رَحِمَهُ اللهُ തന്നെ ഉദ്ധരിക്കുന്നുണ്ട്. അത് ഇപ്രകാരം വായിക്കാം:
وَقَالَ ابْنُ عَبَّاسٍ: {كُونُوا رَبَّانِيِّينَ﴾ (آل عمران 79) حُلَمَاءَ فُقَهَاءَ، وَيُقَالُ: الرَّبَّانِيُّ الَّذِي يُرَبِّي النَّاسَ بِصِغَارِ العِلْمِ قَبْلَ كِبَارِهِ. [البخاري في صحيحه معلقا]
ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ പറഞ്ഞു: «നിങ്ങൾ റബ്ബാനികളാവുക» [ആലുഇംറാൻ 79] അഥവാ വിവേകമതികളായ പണ്ഡിതന്മാർ ആവുക. ബൃഹത്തായ അറിവുകൾ നൽകുന്നതിനു മുമ്പ് ചെറിയ അറിവുകൾ പകർന്നു കൊടുത്ത് ജനങ്ങളെ വളർത്തിക്കൊണ്ടുവരുന്നവൻ ആരാണോ അവനാണ് റബ്ബാനി എന്ന് പറയാറുണ്ട്. [ബുഖാരി സ്വഹീഹിൽ നിവേദക പരമ്പര കൂടാതെ ഉദ്ധരിച്ചത്]
പ്രാമാണികമായ സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളെ അറിവാക്കി മാറ്റുകയും അറിവിനുമപ്പുറം അതിനെ വിവേകത്തിൻെറ തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യാനുള്ള പക്വതയാർജ്ജിക്കുക എന്നതാണ് റബ്ബാനികളാവുക എന്നതിൻെറ വിവക്ഷ. അത് ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا തൻെറ വ്യാഖ്യാനത്തിൽ കൃത്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, അറിവു പകർന്നു കൊടുക്കുമ്പോൾ പഠിതാക്കളുടെ നിലവാരമനുസരിച്ചുള്ള അറിവുകൾ മാത്രം പകർന്നു കൊടുക്കണം. അവരെ പടിപടിയായി വളർത്തിക്കൊണ്ടുവരികയും ചെയ്യണം. അവരാണ് റബ്ബാനികൾ. വിവര ശേഖരണം, അറിവിൻെറ ആർജ്ജനം, ജ്ഞാനത്തിൻെറ വിവേകപൂർണ്ണമായ പ്രയോഗം, പഠിതാക്കൾക്ക് വലിയ വിവരങ്ങൾ കൈമാറുന്നതിനു മുമ്പ് പരിപക്വനത്തിന് (maturity) അനുസരിച്ചുള്ള ചെറിയ ചെറിയ വിവരങ്ങൾ പകർന്നു കൊടുത്ത് പടിപടിയായി വളർത്തിക്കൊണ്ടുവരൽ ഇവയാണ് റബ്ബാനികളെ വേർതിരിക്കുന്ന സവിശേഷതകൾ.
മതപരമായ അറിവ്, അറിവിൻെറ സമ്പാദനം, അറിവ് പഠിപ്പിക്കൽ എന്നിവയുടെ മികവ് വളരെ വലുതാണ്. സലഫുകൾ അതിനെ കണ്ടിരുന്നത് എങ്ങനെയായിരുന്നു എന്ന് നോക്കാം.
عَن كثير بن قيس قَالَ كُنْتُ جَالِسًا مَعَ أَبِي الدَّرْدَاءِ فِي مَسْجِد دمشق فَجَاءَهُ رَجُلٌ فَقَالَ يَا أَبَا الدَّرْدَاءِ إِنِّي جِئْتُكَ مِنْ مَدِينَةِ الرَّسُولِ ﷺ مَا جِئْتُ لِحَاجَةٍ قَالَ فَإِنِّي سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ مَنْ سَلَكَ طَرِيقًا يَطْلُبُ فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ وَإِنَّ الْمَلَائِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ وَإِنَّ الْعَالِمَ يسْتَغْفر لَهُ من فِي السَّمَوَات وَمَنْ فِي الْأَرْضِ وَالْحِيتَانُ فِي جَوْفِ الْمَاءِ وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ وَإِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ وَإِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا وَإِنَّمَا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ. [أَحْمَدُ وَالتِّرْمِذِيُّ وَأَبُو دَاوُدَ وَابْنُ مَاجَهْ وَالدَّارِمِيُّ وحسنه الألباني]
കഥീർ ബിൻ ഖൈസ് നിവേദനം. അദ്ദേഹം പറയുന്നു: ഞാൻ അബുദ്ദർദാഅ് رَضِيَ اللهُ عَنْهُ ൻെറ കൂടെ ഡമസ്കസ് പള്ളിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിനരികിൽ ഒരാൾ വന്നുകൊണ്ട് പറഞ്ഞു: ഓ അബുദ്ദർദാഅ്, ഞാൻ താങ്കളുടെ അടുത്തേക്ക് വരുന്നത് നബി ﷺ യുടെ പട്ടണമായ മദീനയിൽനിന്നാണ്. മറ്റൊരാവശ്യത്തിനും വേണ്ടിയല്ല ഞാൻ വന്നിരിക്കുന്നത്. (ഭൗതികമായ ഒരാവശ്യവും നിറവേറിക്കിട്ടുന്നതിനു വേണ്ടിയല്ല. മറിച്ച് താങ്കൾ നബി ﷺ യിൽനിന്ന് ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ടെന്നറിഞ്ഞു. അത് നേരിൽ കേൾക്കാൻ വേണ്ടി മാത്രമാണ് എന്ന് സാരം) അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഒരാൾ അറിവു തേടി ഒരു വഴിയിൽ പ്രവേശിച്ചാൽ അദ്ദേഹത്തെയും കൂട്ടി അല്ലാഹു സ്വർഗ്ഗത്തിലേക്കുള്ള വഴികളിലൊന്നിൽ പ്രവേശിക്കും. അറിവ് തേടുന്ന പഠിതാവിനോടുള്ള തൃപ്തി കൊണ്ട് മലക്കുകൾ അവന് ചിറകുകൾ വിരിച്ചു കൊടുക്കും. ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും സമുദ്രാന്തർഭാഗത്തുള്ള മത്സ്യങ്ങൾ വരെയും ഒരു പണ്ഡിതനു വേണ്ടി പാപമോചനത്തിനിരക്കും. ആരാധനയിൽ മുഴുകിയിരിക്കുന്ന ഒരു ആബിദിനെക്കാൾ പണ്ഡിതനുള്ള മികവ്, പൗർണ്ണമി നാളിൽ മറ്റു നക്ഷത്രങ്ങളെക്കാൾ പൂർണ്ണ ചന്ദ്രനുള്ള മികവ് പോലെയാണ്. പണ്ഡിതന്മാരാണ് അൻബിയാക്കളുടെ അനന്തിരവന്മാർ. അൻബിയാക്കൾ ഒരൊറ്റ സ്വർണ്ണനാണയമോ വെള്ളിക്കാശോ അനന്തരം നൽകിയിട്ടില്ല. അറിവ് മാത്രമാണ് അവർ അനന്തരം നൽകിയത്. ആർ അത് സ്വീകരിച്ചുവോ അവൻ വമ്പിച്ച ഒരോഹരി തന്നെയാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. [അഹ്‌മദ്, തിർമുദി, അബൂദാവൂദ്, ഇബ്‌നു മാജഃ, ദാരിമി എന്നിവർ ഉദ്ധരിച്ചത്]
ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചു കൊടുക്കുന്ന റബ്ബാനികളായ ഗുരുനാഥന്മാർക്കുള്ള ശ്രേഷ്ഠത പ്രത്യേകമായി തന്നെ ഹദീസുകളിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
عن جابر قال: قال رسول الله ﷺ: مُعَلِّمُ الخَيْرِ يَسْتَغْفِرُ لهُ كُلُّ شيءٍ حتى الحيتانُ في البحارِ. [الطبراني في الأوسط وصححه الألباني]
ജാബിർ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: നല്ലതു പഠിപ്പിക്കുന്ന അധ്യാപകനു വേണ്ടി ആഴിയിലെ മത്സ്യങ്ങളടക്കം എല്ലാ വസ്തുക്കളും പാപമോചനത്തിനിരക്കുന്നു. [ത്വബ്റാനി ഔസത്വിൽ ഉദ്ധരിച്ചത്]
ഖേദകരമെന്നു പറയട്ടെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ അടിക്കുറിപ്പിൽ رَبَّانِيُّون എന്ന പദം വിശദീകരിക്കാൻ വേദപുസ്തക നിഘണ്ടുവിൽനിന്നുള്ള കുറേ ഭാഗം ഉദ്ധരിച്ചിട്ടുണ്ട്. ഖുർആനിക ശബ്ദങ്ങൾ വ്യാഖ്യാനിക്കാൻ ഇത്തരം ഇസ്‌ലാമികേതര സ്രോതസ്സുകൾ ഉപയോഗിക്കുന്നത് തെറ്റാണ്. ഇക്കാര്യം പലതവണ ആവർത്തിച്ച് ഉണർത്തിയിട്ടുള്ളതുമാണ്. അധിക വായനക്കായി മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല അധിക എന്ന ലേഖനം കാണുക.