﴿ وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ ﴾ [الأنعام ١٢١ ]

അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാതെ അറുത്തതിൽ നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ മുശ്‌രിക്കുകളായിപ്പോകും, തീർച്ച. (അൻആം 121)


എന്നാൽ ഇമാം ശാഫിഈ (റ) യുടെയും മറ്റു ചിലരുടെയും അഭിപ്രായം അറുക്കുമ്പോൾ ബിസ്‌മി ചൊല്ലണമെന്നു നിർബ്ബന്ധമില്ല – അതു വേണ്ടപ്പെട്ട കാര്യവും നല്ലതുമാണെന്നേയുളുളു – എന്നാകുന്നു. അല്ലാഹുവിൻെറ നാമം പറയപ്പെടാതെ അറുത്തതു (ما لم يذكر اسم الله عليه) എന്ന വാക്കിൻെറ താൽപര്യം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടതു (ما أهل لغير الله به) എന്നത്രെ അവരുടെ അഭിപ്രായം. താഴെ 145-ാം വചനത്തിൽ, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടതിനെപ്പറ്റിയാണു ‘തോന്നിയവാസം’ (فسق) എന്നു വിശേഷിപ്പിച്ചിരിക്കുന്നതു. അതു പോലെ, ആ വിശേഷണം (وإنه لفسق എന്നുള്ളത്) ഇവിടെയും അതിനെ ഉദ്ദേശിച്ചാണു – അല്ലാഹുവിൻെറ പേരു പറയാതെ അറുത്തതിനെ ഉദ്ദേശിച്ചല്ല – എന്നും അവർ പറയുന്നു. കൂടാതെ, ആയിശാ (റ) യുടെ ഒരു ഹദീസും ഇതിനു തെളിവായി ഉദ്ധരിക്കപ്പെടുന്നു. അതിങ്ങനെയാണു; ചില ആളുകൾ റസൂൽ (സ) തിരുമേനിയോട് പറഞ്ഞു: “അടുത്ത കാലത്തു ഇസ്‌ലാമിൽ വന്ന ചില ജനങ്ങൾ ഞങ്ങളുടെ അടുക്കൽ മാംസവും കൊണ്ടുവരുന്നു. അതിൽ അല്ലാഹുവിൻെറ നാമം പറയപ്പെട്ടിരിക്കുമോ ഇല്ലേ (ബിസ്‌മി ചൊല്ലിയിരിക്കുമോ ഇല്ലേ) എന്ന് ഞങ്ങൾക്ക് അറിയുകയില്ല. ( ഇത് ഞങ്ങൾക്ക് ഭക്ഷിക്കാമോ)” തിരുമേനി ഉത്തരം പറഞ്ഞു: “നിങ്ങൾ അതിൽ അല്ലാഹുവിൻെറ നാമം പറഞ്ഞു (ബിസ്‌മി ചൊല്ലി) ഭക്ഷിച്ചു കൊള്ളുവിൻ.” (ബുഖാരീ) 

അപ്പോൾ, അറുക്കുമ്പോൾ ബിസ്‌മി ചൊല്ലൽ നിർബ്ബന്ധമുണ്ടെങ്കിൽ, അതിൻെറ സൂക്ഷ്മാവസ്ഥ അന്വേഷിക്കാതെ അതു ഭക്ഷിക്കുവാൻ നബി (സ) അനുവാദം കൊടുക്കുമായിരുന്നില്ല. അവിശ്വാസികൾ അവരുടെ വിഗ്രഹങ്ങളുടെയും മറ്റും പേരുകൾ പറഞ്ഞുകൊണ്ടു മാത്രം അറുക്കുകയും, അതിനെ ന്യായീകരിക്കുകയും ചെയ്യുന്നവരായിരുന്നതു കൊണ്ടാണ് അല്ലാഹുവിൻെറ നാമത്തിൽ അറുക്കുന്നതിനെപ്പറ്റി ഇത്രയും ശക്തിയായ ഭാഷയിൽ പ്രസ്താവിക്കുവാൻ കാരണം. അല്ലാഹുവിൽ വിശ്വസിക്കുന്ന സത്യവിശ്വാസികൾ അറുക്കുമ്പോഴും അല്ലാഹുവിൻെറ നാമം പറഞ്ഞു (ബിസ്‌മി ചൊല്ലിക്കൊണ്ടു) അറുത്താലേ ഭക്ഷിക്കുവാൻ പാടുള്ളുവെന്ന് അതിൽനിന്ന് മനസ്സിലാക്കിക്കൂടാ എന്നൊക്കെയാണ് ഈ അഭിപ്രായത്തിനു ന്യായീകരണം.  മൂന്നാമതു ഒരു അഭിപ്രായം ഇതാണു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, അവർ മറന്നു കൊണ്ടു ബിസ്‌മി വിട്ടുകളഞ്ഞാൽ വിരോധമില്ല. കൽപിച്ചു കൂട്ടി വിട്ടുകളഞ്ഞാൽ അത് നിഷിദ്ധമായിരിക്കും. ഇതു ഇമാം അബൂഹനീഫഃ (റ) യുടെയും മറ്റു ചില മഹാന്മാരുടെയും അഭിപ്രായമാകുന്നു. ഇതിൻെറ മുമ്പു പറഞ്ഞ അഭിപ്രായത്തെക്കാൾ യുക്തമായിത്തോന്നുന്നതു ഇതാകുന്നു. الله أعلم (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1023)

പൊതുവെ ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ ഏതാണു പ്രബലമെന്നു നിർണ്ണയിക്കുകയോ അതിനുള്ള തെളിവുകൾ പറയുകയോ ചെയ്യാതെ വിട്ടുകളയുകയാണ് വിശുദ്ധ ഖുർആൻ വിവരണത്തിൽ ചെയ്യാറുള്ളത്. അത് വായനക്കാരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. എന്നാൽ ഈ വിഷയത്തിൽ മൂന്നാമത്തെ അഭിപ്രായമായി കൊടുത്ത, ഇമാം അബൂ ഹനീഫഃയുടെ പക്ഷത്തിനാണ് മുൻഗണന കൽപിച്ചിരിക്കുന്നത്. അതു ശരിയല്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. കൂടാതെ, അതിനു പ്രാമുഖ്യം കൽപിക്കാനുള്ള തെളിവ് യുക്തമായിത്തോന്നുന്നു എന്നു മാത്രമാണ്. അതു ശരിയായ നിലപാടല്ല. സലഫുകളുടെ രീതികളോട് ചേർന്നുനിൽക്കുന്നതുമല്ല. ഭിന്നാഭിപ്രായങ്ങളിൽ ഒന്നിന് മുൻഗണന കൽപിക്കേണ്ടത് യുക്തിയുടെയും തോന്നലിൻെറയും അടിസ്ഥാനത്തിലല്ല. മറിച്ച്, അടിസ്ഥാനപരവും ഉപോൽബലകവുമായ തെളിവുകളും അവയുടെ ബലാബലവുമാണ് അതിന് പരിഗണിക്കേണ്ടത്.

ഒരു മുസ്‌ലിം അറവ് നടത്തുമ്പോൾ അല്ലാഹുവിൻെറ നാം ഉച്ചരിക്കൽ നിർബ്ബന്ധമാണ്. കാരണം, ചർച്ചയിലിരിക്കുന്ന സൂക്തത്തിലും മറ്റു ചില സൂക്തങ്ങളിലും സ്ഥിരപ്പെട്ട നബിചര്യയിലും അറവു സമയത്ത് അല്ലാഹുവിൻെറ നാമം ഉച്ചരിക്കാനുള്ള കൽപനയുണ്ട്. കൽപനയുടെ അർത്ഥം നിർബ്ബന്ധമാണു താനും.

എന്നാൽ ഒരാൾ അറവു സമയത്ത് അല്ലാഹുവിൻെറ നാമം ഉച്ചരിക്കാൻ മറന്നാൽ അത് വിട്ടുവീഴ്‌ചാപരമാണ്. അല്ലാഹു പറയുന്നു:

﴿ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ﴾ [البقرة ٢٨٦]

ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ.. (ബഖറഃ 286)

മറവി വിട്ടുവീഴ്‌ച ചെയ്യപ്പെടുമെന്ന് നബി ﷺ യും വ്യക്തമാക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ ﷺ: تَجَاوَزَ اللَّهُ عَنْ أُمَّتِي الْخَطَأَ، وَالنِّسْيَانَ، وَمَا اسْتُكْرِهُوا عَلَيْهِ. [الحاكم في مستدركه وصححه الألباني]

ഇബ്‌നു അബ്ബാസ് –رَضيَ اللهُ عَنْهُمَا– നിവേദനം. നബി ﷺ പറയുന്നു: അല്ലാഹു എൻെറ സമുദായത്തിന് അബദ്ധവും മറവിയും നിർബ്ബന്ധിതാവസ്ഥയിൽ ചെയ്ത കാര്യങ്ങളും വിട്ടുവീഴ്ച ചെയ്തുകൊടുത്തിരിക്കുന്നു. (ഹാകിം മുസ്തദ്റകിൽ ഉദ്ധരിച്ചത്)

അറവു സമയത്ത് അല്ലാഹുവിൻെറ നാമം ഉച്ചരിക്കാൻ മറന്നു പോയാൽ, അഹ്‌ലുൽ കിതാബ് അറുത്ത മാംസം ഭക്ഷിക്കുമ്പോൾ, വേട്ടമൃഗങ്ങൾ പിടിച്ചു കൊണ്ടു വരുന്നത് ഭക്ഷിക്കുമ്പോൾ എല്ലാം അവയുടെ മേൽ അല്ലാഹുവിൻെറ നാമം ഉച്ചരിക്കപ്പെട്ടിട്ടുണ്ടായിരിക്കില്ല. പക്ഷെ, അവ നമുക്ക് ഭക്ഷിക്കുന്നത് അല്ലാഹു അനുവദിച്ച് തന്നിട്ടുള്ളതാണ്. അത്തരം മാംസം ഭക്ഷിക്കുന്ന സമയത്ത് അല്ലാഹുവിൻെറ നാമം ഉച്ചരിക്കേണ്ടതും അനിവാര്യമാണ്. പരാമൃഷ്ട സൂക്തത്തിൻെറ വിവക്ഷ അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തത് ഭക്ഷിക്കരുത് എന്നാണ്. ഇവ്വിഷയകമായി ഇമാം ശാഫിഈ –رَحِمَهُ اللهُ– മുന്നോട്ടു വെക്കുന്ന ന്യായങ്ങൾ പ്രസക്തവുമാണ്. അറവു സമയത്ത് അല്ലാഹുവിൻെറ നാമം ഉച്ചരിക്കാത്തതു ഭക്ഷിക്കാം, അത് ഒഴിവാക്കപ്പെടേണ്ടതല്ല എന്ന അദ്ദേഹത്തിൻെറ പക്ഷം ശരിവെക്കുന്നതാണ് താഴെ കൊടുക്കുന്ന ഹദീസ്.

عَنْ عَائِشَةَ، قَالَتْ: قَالُوا: يَا رَسُولَ اللَّهِ، إِنَّ هَا هُنَا أَقْوَامًا حَدِيثٌ عَهْدُهُمْ بِشِرْكٍ، يَأْتُونَا بِلُحْمَانٍ لاَ نَدْرِي يَذْكُرُونَ اسْمَ اللَّهِ عَلَيْهَا أَمْ لاَ، قَالَ: اذْكُرُوا أَنْتُمُ اسْمَ اللَّهِ، وَكُلُوا. [البخاي في صحيحه]

ആയിശഃ –رَضيَ اللهُ عَنْهَا– നിവേദനം. അവർ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, ഇവിടെ അടുത്തിടെ ഇസ്‌ലാമിലേക്ക് വന്ന കുറേ ആളുകളുണ്ട്. അവർ ഞങ്ങൾക്ക് മാംസം കൊണ്ടുവന്ന് തരാറുമുണ്ട്. അവയെ അറുക്കുമ്പോൾ അല്ലാഹുവിൻെറ നാമം ഉച്ചരിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നു ഞങ്ങൾക്കു തിട്ടമില്ല. അവിടുന്ന് പ്രതിവചിച്ചു: നിങ്ങൾ അല്ലാഹുവിൻെറ നാമം ഉച്ചരിക്കുകയും നിങ്ങൾ അത് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)