﴿ وَيَوْمَ يَحْشُرُهُمْ جَمِيعًا يَا مَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُم مِّنَ الْإِنسِ ۖ وَقَالَ أَوْلِيَاؤُهُم مِّنَ الْإِنسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا ۚ قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا إِلَّا مَا شَاءَ اللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴾ [الأنعام ١٢٨]
അവരെയെല്ലാം അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം. ജിന്നു സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍പെട്ട അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങൾ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ വാസസ്ഥലം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിൻെറ റബ്ബ് ജ്ഞാനിയായ അധികാരസ്ഥനും എല്ലാം അറിയുന്നവനുമാകുന്നു. (അൻആം 128)
മനുഷ്യർക്ക് മുമ്പ് സൃഷ്ടിക്കപ്പട്ട അദൃശ്യ ലോകത്തെ ഒരു ജീവി വർഗ്ഗമാണ് ജിന്നുകൾ. മലക്കുകളെ പ്രകാശത്തിൽ നിന്നും ജിന്നുകളെ തീജ്വാലയിൽനിന്നും മനുഷ്യരെ പശിമയുള്ള കറുത്ത കളിമൺ സത്തിൽനിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്. അവർ മലക്കുകളുടെ കൂടെ സഹവസിച്ചിരുന്നവരും സ്വർഗ്ഗത്തിൽ പ്രവേശനാനുമതിയുള്ളവരുമായിരുന്നു. ആദമിനെ അല്ലാഹു തൻെറ കൈകൊണ്ട് സൃഷ്ടിക്കുകയും അതിൽ ആത്മാവിനെ സന്നിവേശിപ്പിക്കുകയും ചെയ്താൽ അവന് സുജൂദ് ചെയ്തുകൊള്ളണമെന്ന് അല്ലാഹു മലക്കുകളോടും ജിന്നുകളുടെ തലവനായ ഇബ്‌ലീസിനോടും ആജ്ഞാപിച്ചു. മലക്കുകൾ അല്ലാഹുവിൻെറ കൽപന ശരിയാംവണ്ണം ശിരസ്സാവഹിച്ചപ്പോൾ ഇബ്‌ലീസ് അഹങ്കരിക്കുകയും തൻെറ ബുദ്ധി ഉപയോഗിച്ച് അതിനെ ചോദ്യം ചെയ്യുകയുമുണ്ടായി: തീയിൽനിന്ന് സൃഷ്ടിക്കപ്പെട്ട ഞാൻ കളിമണ്ണിൽനിന്ന് സൃഷ്ടിക്കപ്പെട്ടവന് സുജൂദ് ചെയ്യുകയോ? ഇതായിരുന്നു അവൻെറ യുക്തി. അല്ലാഹു അവനെ ശപിക്കുകയും സ്വർഗ്ഗലോകത്തുനിന്ന് ഇറക്കിവിടുകയും ചെയ്തു. മനുഷ്യർക്ക് അവരെ അങ്ങോട്ട് കാണാൻ കഴിയില്ലെങ്കിലും അവർക്ക് മനുഷ്യരെ ഇങ്ങോട്ട് കാണാൻ സാധിക്കും. എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവൻ ആര്? അന്ത്യനാൾ വരെ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ പിഴപ്പിക്കും. മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തു കൂടെയും ഇടതു ഭാഗത്തു കൂടെയും ഞാൻ അവരെ സമീപിക്കും. അവരിൽ മഹാഭൂരിഭാഗത്തെയും ഞാൻ നന്ദികെട്ടവരാക്കിത്തീർക്കും. അവനാണ് മനുഷ്യരുടെ പ്രഖ്യാപിത ശത്രു. അവനെ ഒരുഗ്ര ശത്രുവായി തന്നെ മനുഷ്യർ കണക്കിലെടുക്കണം. ജിന്നു വർഗ്ഗത്തിൻെറ പൊതു സ്വഭാവം ഇങ്ങനെയാണെങ്കിലും അവരിൽ മുസ്‌ലിംകളുണ്ട്, മഹാ അക്രമികളുമുണ്ട് എന്ന വസ്തുത വിസ്മരിക്കേണ്ടതില്ല. ആരാണ് മുസ്‌ലിം, ആരാണ് അതിക്രമി എന്നു വേർതിരിക്കാൻ നമുക്ക് മാർഗ്ഗമില്ല. അല്ലാഹു വഹ്‌യിലൂടെ അറിയിച്ചാലല്ലാതെ അത് മനസ്സിലാക്കിയെടുക്കാൻ വേറെ വഴികളില്ല. അവർക്ക് മനുഷ്യരെ പിഴപ്പിക്കാൻ പല മാർഗ്ഗങ്ങളുണ്ട്. അവയിലൊന്നാണ് മേൽ സൂക്തത്തിൽ പറഞ്ഞ പരസ്പരമുള്ള സുഖമെടുപ്പ് (الاسْتِمْتَاعُ). എന്താണ് അതിൻെറ വിവക്ഷയെന്നു നോക്കാം. ഇബ്‌നു ജരീർ –رَحِمَهُ اللهُ– പറയുന്നത് കാണുക:
فأما استمتاع الإنس بالجن، فكان كما:- ١٣٨٩٠- حدثنا القاسم قال، حدثنا الحسين قال، حدثني حجاج، عن ابن جريج قوله: ﴿ ربنا استمتع بعضنا ببعض ﴾ ، قال: كان الرجل في الجاهلية ينزل الأرض فيقول: أعوذ بكبير هذا الوادي، فذلك استمتاعهم، فاعتذروا يوم القيامة.
وأما استمتاع الجن بالإنس، فإنه كان فيما ذكر، ما ينال الجنَّ من الإنس من تعظيمهم إيّاهم في استعاذتهم بهم، فيقولون: قد سدنا الجِنّ والإنس. [الطبري في جامع البيان]
മനുഷ്യർ ജിന്നുകളെ കൊണ്ട് സുഖസൗകര്യങ്ങൾ എടുത്തിരുന്നു എന്നതു സംബന്ധിച്ച് ഇബ്‌നു ജുറൈജ് പറഞ്ഞത്, “അല്ലാഹുവേ, ഞങ്ങൾ പരസ്പരം സുഖസൗകര്യങ്ങൾ ആസ്വദിക്കുകയുണ്ടായി” എന്ന വചനത്തിൻെറ വിവക്ഷ ഇതാണ്: അന്താരാള കാലത്ത് ഒരാൾ ഒരു പ്രദേശത്ത് വന്നിറങ്ങിയാൽ ഇങ്ങനെ പറയും: ഈ താഴ്‌വരയിലെ ജിന്നു മുഖ്യനോട് ഞാൻ രക്ഷ ചോദിക്കുന്നു. അതാണ് അവർ ആസ്വദിച്ചിരുന്ന സുഖസൗകര്യം. അതുകൊണ്ടാണ് അന്ത്യനാളിൽ ജിന്നുകൾ ഒഴികഴിവ് പറയുന്നത്.
എന്നാൽ ജിന്നുകൾ മനുഷ്യരെ കൊണ്ട് സുഖം അനുഭവിച്ചിരുന്നു എന്നത് സംബന്ധിച്ച് പറയപ്പെട്ടത്, മനുഷ്യർ ജിന്നുകളോട് സംരക്ഷണം ചോദിക്കുന്നതിലൂടെ അവരെ മഹത്വപ്പെടുത്തുമ്പോൾ അവർക്ക് ലഭിച്ചിരുന്ന അനുഭൂതിയാണ്. അപ്പോൾ അവർ പറയും: ഞങ്ങൾ ജിന്നുകളുടെയും മനുഷ്യരുടെയും നേതാവായിരിക്കുന്നു. (ത്വബ്‌രി തഫ്‌സീറിൽ ഉദ്ധരിച്ചത്)
ഈ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ ഇബ്‌നു കഥീർ –رَحِمَهُ اللهُ– പറയുന്നത് കാണുക:
وَأَمَّا اسْتِمْتَاعُ الْجِنِّ بِالْإِنْسِ فَإِنَّهُ كَانَ – فِيمَا ذُكِرَ – مَا يَنَالُ الْجِنُّ مِنَ الْإِنْسِ مِنْ تَعْظِيمِهِمْ إِيَّاهُمْ فِي اسْتِعَانَتِهِمْ بهم، فيقولون: قد سدنا الإنس والجن. [ابن كثير في تفسيره]
എന്നാൽ ജിന്നുകൾ മനുഷ്യരെ കൊണ്ട് സുഖം അനുഭവിച്ചിരുന്നു എന്നത് സംബന്ധിച്ച് പറയപ്പെട്ടത്, മനുഷ്യർ ജിന്നുകളോട് സഹായം ചോദിക്കുന്നതിലൂടെ അവരെ മഹത്വപ്പെടുത്തുമ്പോൾ അവർക്ക് ലഭിച്ചിരുന്ന അനുഭൂതിയാണ്. അപ്പോൾ അവർ പറയും: ഞങ്ങൾ മനുഷ്യരുടെയും ജിന്നുകളുടെയും നേതാവായിരിക്കുന്നു. (ഇബ്‌നു കഥീർ തഫ്‌സീറിൽ ഉദ്ധരിച്ചത്)
ഏറ്റവും ഒടുവിലായി മലയാളികളിൽ ഒരു വിഭാഗം അകപ്പെട്ടിരിക്കുന്ന വലിയ ഫിത്നഃയാണ്, ഹാജറുള്ള മുസ്‌ലിം ജിന്നിനോട് അവൻെറ കഴിവിൻെറ പരിധിയിൽപെട്ട അനുവദനീയമായ കാര്യങ്ങളിൽ സഹായം ചോദിക്കാം എന്നത്. ഈ വാദമുഖത്തിൽ ഉന്നയിക്കുന്ന ഒരു കാര്യവും നമുക്ക് തിട്ടപ്പെടുത്താനാവാത്തതാണ്. ഹാജരുണ്ടോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല, കാരണം അവർക്കു നമ്മെ കാണാമെങ്കിലും നമുക്ക് അവരെ കാണാനാവില്ല. വഹ്‌യ് നിലച്ചുപോയ നിലക്ക് ഒരു ജിന്ന് മുസ്‌ലിമാണോ അല്ലയോ എന്നറിയാനും ഒരു നിവൃത്തിയുമില്ല. ജിന്നിൻെറ കഴിവിൻെറ പരിധിയെത്രയാണെന്നതിന് നമ്മുടെ പക്കൽ ഒരു രേഖയുമില്ല. മൊത്തത്തിൽ ഈ പ്രമേയം ഭാവനാധിഷ്ഠിതവും കുതർക്കങ്ങളിൽനിന്ന് ഉടലെടുത്തതുമാണ്. ഇതിനൊട്ടും കൃത്യതയില്ല.
കൂടാതെ, ഇതിന് തെളിവായി ഉന്നയിക്കാറുള്ള ഉദ്ധരണികൾ അവയുടെ നിവേദക പരമ്പര വിലയിരുത്തുമ്പോൾ അതീവ ദുർബ്ബലമാണെന്നു കാണാം. മുൻഗാമികളും ആധുനികരുമായ ഹദീസ് നിരൂപകന്മാർ അവ ദുർബ്ബലമാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. അവയുടെ ഉള്ളടക്കം ഇസ്‌ലാമിൻെറ അടിസ്ഥാന തത്ത്വങ്ങൾക്ക് കടകവിരുദ്ധവുമാണ്. സൂറത്തുൽ ജിന്നിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ആശയങ്ങളോട് ഇത് ഒത്തു പോകുന്നുമില്ല.
നബി ﷺ യുടെയും അനുചരന്മാരുടെയും ചര്യകളും മാതൃകകളും, അതുപോലെ ഉത്തമ നൂറ്റാണ്ടുകാരുടെ ചരിത്രവും പാരമ്പര്യവും മേൽ വാദഗതിയെ തീർത്തും നിരാകരിക്കുന്നു. നബി ﷺ തൻെറ കൂട്ടാളിയായ ജിന്ന് മുസ്‌ലിമാണെന്ന് അല്ലാഹു അറിയിച്ചു കൊടുത്തിട്ടും തൻെറ ജീവിതത്തിൽ ഒരിക്കൽ പോലും ആ കൂട്ടാളിയോട് സഹായം ചോദിക്കുകയുണ്ടായിട്ടില്ല. അത് അനുവദനീയമാണെങ്കിൽ, അവിടുന്ന് തൻെറ ജീവിതത്തിലെ നിർണ്ണായക സന്ദർഭങ്ങളിൽ ഒരിക്കലെങ്കിലും ആ സാധ്യത ഉപയോഗപ്പെടുത്തണമായിരുന്നു. അതുണ്ടായിട്ടില്ല. ഉദാഹരണമായി, അഹ്‌സാബ് യുദ്ധത്തിൽ ഒരു രാത്രി മറുഭാഗത്ത് എന്ത് സംഭവിക്കുന്നു എന്നറിഞ്ഞു വരാൻ വേണ്ടി സ്വഹാബിമാരോട് ആവശ്യപ്പെട്ടു. അതിന് മുതിരുന്ന വ്യക്തി പരലോകത്ത് തൻെറ കൂടെയായിരിക്കുമെന്ന വാഗ്‌ദാനവും അവിടുന്ന് നൽകി. മൂന്നു തവണ ആവശ്യപ്പെട്ടിട്ടും ഒരാളും അവിടെ പോയി വരാൻ ധൈര്യപ്പെട്ടില്ല. അവസാനം ഹുദൈഫഃ –رَضِيَ اللهُ عَنْهُ– വിനെ പേരെടുത്ത് വിളിച്ചപ്പോഴാണ് അദ്ദേഹം പോയത്. ഇത്രയൊന്നും പ്രയാസപ്പെടേണ്ടതുണ്ടായിരുന്നില്ല, നബി ﷺ ക്ക് തൻെറ ജിന്നിൽ പെട്ട കൂട്ടാളിയോട് സഹായം ചോദിക്കാമായിരുന്നു.
ജനങ്ങളെ പിഴപ്പിക്കാനുള്ള പിശാചുക്കളുടെ മറ്റൊരു ദുർബോധനമാണ് ഇമാം അഹ്‌മദ് തൻെറ ഹജ്ജ് യാത്രയിൽ വഴി തെറ്റുകയും അപ്പോൾ ജിന്നുകളോട് സഹായം തേടി വഴി കണ്ടെത്തി എന്നുള്ളതുമായ കെട്ടുകഥ. ജനങ്ങളെ പിഴപ്പിക്കാൻ ഫിത്നഃയുമായി നടക്കുന്ന ചിലർ സൂത്രത്തിൽ കടത്തിക്കൂട്ടിയ ഒരു കെട്ടുകഥയാണിത്.
എന്നാൽ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ –رَحِمَهُ اللهُ– തൻെറ കൃതികളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചിലരുടെ വ്യക്തിപരമായ അനുഭവങ്ങൾ (مُشَاهَدَات) മാത്രമാണ്. അത്തരം വൈയക്തികമായ അനുഭവങ്ങൾ (مُشَاهَدَات) ദീനിൽ തെളിവല്ലെന്നതാണ് അദ്ദേഹത്തിൻെറ തന്നെ ഉറച്ച നിലപാട്. മാത്രമല്ല, അദ്ദേഹത്തെ ശരിയാംവണ്ണം വായിക്കാനറിയാത്ത ചിലർ സാങ്കൽപികമായോ, സാങ്കേതികമായോ അദ്ദേഹം പറയുന്ന ചില പ്രസ്താവനകൾ മുന്നിൽ വെച്ച് അദ്ദേഹവും ജിന്നിനോട് സഹായം ചോദിക്കുന്നത് അനുവദനീയമാണെന്ന് വാദിക്കാറുണ്ട്. സമകാലിക ലോകത്ത് അദ്ദേഹത്തെ ഏറ്റവും നന്നായി വായിക്കുന്നവർ അറേബ്യയിലെ ലജ്‌നതുൽ ഇഫ്‌താഇലെ മുതിർന്ന പണ്ഡിതന്മാരാണ്. അവർ നൽകിയ ഫത്‌വയിൽ പറയുന്നത് അദ്ദേഹത്തിന് അങ്ങനെ ഒരു വാദം ഇല്ലെന്നു തന്നെയാണ്.
ചുരുക്കത്തിൽ, ജിന്നുകൾ നമ്മെപ്പോലെയുള്ള ദൃശ്യലോക ജീവികളല്ല. മനുഷ്യർ പരസ്പരം ഇടപഴകുന്നതു പോലെ അവരുമായി നമുക്ക് ഇടപഴകാനുമാവില്ല. അവരോട് സഹായം ചോദിക്കുന്നത് അവരെ മഹത്വവൽക്കരിക്കലും വന്ദിക്കലുമാണ്. അത് ശിർക്കുമാണ്. മറിച്ച് അവരോട് സഹായം ചോദിക്കാമെന്നതിന് രേഖാപരമായ ഒരു തെളിവോ ഇസ്‌ലാമിക ജീവത ചരിത്രത്തിൽ ഒരു പാരമ്പര്യമോ ഇല്ല.
ഇവ്വിഷയകമായി, കേരളക്കാരനായ നമ്മുടെ ഒരു സഹോദരൻ അറബിയിൽ إعانة الرحمن في إثبات شركية الاستعانة بالجان എന്ന പേരിൽ ഒരു ലഘുലേഖ തയ്യാറാക്കിയിട്ടുള്ളതും, അത് അറേബ്യയിലെ മുതിർന്ന പണ്ഡിതന്മാരെ കേൾപ്പിച്ച് അംഗീകാരം വാങ്ങിയിട്ടുള്ളതുമാണ്. മലയാള വായനക്കാർക്ക് കൂടി അതു ലഭ്യമാവട്ടെ എന്നു നാം പ്രത്യാശിക്കുകയാണ്.