﴿ هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انتَظِرُوا إِنَّا مُنتَظِرُونَ  ﴾ [الأنعام  ١٥٨]

[തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്റെ റബ്ബ് തന്നെ വരുന്നതോ, നിന്റെ റബ്ബിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവര്‍ കാത്തിരിക്കുന്നത്‌? നിന്റെ റബ്ബിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്‍മയും സമ്പാദിച്ചു വെക്കുകുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല. പറയുക: നിങ്ങള്‍ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്‌.] (അൻആം 158)


അല്ലാഹുവിനെയും, മലക്കുകളെയും ഈ ജീവിതത്തിൽ വെച്ച് അവർക്കു കാണുവാൻ സാധിക്കുന്ന കാര്യമല്ലാത്തതു കൊണ്ട് അവരതിനെപ്പറ്റി മറുപടി പറയേണ്ടുന്ന ആവശ്യമില്ല. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1058-1059)


വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ പരാമർശം സൂക്ഷ്മമല്ല. അല്ലാഹുവിനെ ഈ ജീവിതത്തിൽ കാണുക സാധ്യമല്ല. പക്ഷെ, മലക്കുകളെ ഈ ജീവിതത്തിൽ കാണുക സാധ്യമാണു താനും. മുൻകാലങ്ങളിലും നബി ﷺ യുടെ കാലത്തും മലക്കുകൾ മനുഷ്യ രൂപത്തിൽ അവരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ട നിരവധി സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, നബി ﷺ യുടെ കാലത്ത് ചോദ്യോത്തര രൂപത്തിൽ ദീൻ പഠിപ്പിക്കാനായി ജിബ്‌രീൽ –عَلَيْهِ السَلَامُ– വന്ന സംഭവം ഏറെ സുവിദിതമാണ്. അതേ പോലെ, ഇബ്റാഹീം –عَلَيْهِ السَلَامُ– യുടെ കാലത്ത് അദ്ദേഹത്തിന് സന്താന സൗഭാഗ്യം കൈവരാൻ പോകുന്നു എന്ന സുവിശേഷം അറിയിക്കാനും, ലൂത്വ് –عَلَيْهِ السَلَامُ– ന്റെ ജനതയെ നശിപ്പിക്കാനുമായി മലക്കുകൾ വന്ന സംഭവവും പ്രഖ്യാതമാണ്.

കൂടാതെ, നബിമാർക്ക് മലക്കുകളെ അവരുടെ തനതു രൂപത്തിൽ കാണാൻ കഴിയും എന്നതിനും തെളിവുകളുണ്ട്. നബി ﷺ ജിബ്‌രീൽ –عَلَيْهِ السَلَامُ– നെ തനതു രൂപത്തിൽ രണ്ടു തവണ കണ്ടിട്ടുണ്ട്. (ഒന്ന്) വഹ്‌യിന്റെ ആദ്യനാളുകളിൽ മക്കയിലെ ജിയാദിൽ വെച്ച്. (രണ്ട്) മിഅ്റാജിന്റെ വേളയിൽ സിദ്റതുൽ മുൻതഹായുടെ അരികിൽ വെച്ച്. നബി ﷺ തന്നെ താൻ കണ്ട രൂപം വർണ്ണിച്ചത്, ജിബ്‌രീലിനു അറുനൂറ് ചിറകുകളുള്ളളതായും, ചക്രവാളം നിറഞ്ഞുനിൽക്കുന്നതായിട്ടുമാണ്.