﴿ هُوَ الَّذِي خَلَقَكُمْ مِنْ طِينٍ ثُمَّ قَضَى أَجَلًا وَأَجَلٌ مُسَمًّى عِنْدَهُ ثُمَّ أَنْتُمْ تَمْتَرُونَ ﴾ [الأنعام ٢]

അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്‌. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു. (അൻആം 2)

അപ്പോൾ, മണ്ണിൽനിന്നു ഉൽപാദിക്കുന്ന സസ്യലതാതികൾ ഭക്ഷിച്ചുണ്ടാകുന്ന മനുഷ്യ ബീജത്തിൽ – ഇന്ദ്രിയത്തിൽ – നിന്നു മനുഷ്യരെ സൃഷ്ടിച്ചുവെന്നും ഉദ്ദേശ്യമാകാവുന്നതാണ്. الله أعلم (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/955)

വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്ത മേൽ വ്യാഖ്യാനം ഒട്ടും സാംഗത്യമില്ലാത്തതാണ്. നീട്ടിവലിച്ച ഇത്തരം വിശദീകരണങ്ങൾ ഖുർആനിൻെറ പ്രഭ കെടുത്തിക്കളയാനേ ഉപകരിക്കൂ. എന്നാൽ ഇബ്‌നു ജരീർ അത്ത്വബ്‌രി –رَحِمَهُ اللهُ– നൽകിയ വ്യാഖ്യാനം കാണുക:

هو الذي خلقكم أيها الناس من طين، وإنما يعني بذلك تعالى ذكره: أنَّ الناس وَلدُ مَنْ خلقه من طين، فأخرج ذلك مخرج الخطاب لهم، إذ كانوا وَلَده. [ابن جرير في جامع البيان]

ജനങ്ങളേ, അവനാണ് നിങ്ങളെ കളിമണ്ണിൽനിന്നും സൃഷ്ടിച്ചത്. അതു കൊണ്ട് അല്ലാഹു വിവക്ഷിക്കുന്നത്, അവൻ കളിമണ്ണിൽനിന്ന് സൃഷ്ടിച്ചവൻെറ സന്തതികളാണ് ജനങ്ങളെല്ലാം എന്നത്രെ. അവരെല്ലാം അദ്ദേഹത്തിൻെറ മക്കളായി എന്നതിനാൽ ആ വിധത്തിൽ അവരെ അഭിസംബോധന ചെയ്തെന്നു മാത്രം. (ഇബ്‌നു ജരീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ത്വബ്‌രി –رَحِمَهُ اللهُ– കൊടുത്ത മേൽ വിശദീകരണം സലഫുകളിൽപെട്ട ഖുർആൻ വ്യാഖ്യാതാക്കൾ അതിനു നൽകിയ വ്യാഖ്യാനങ്ങളുടെ സംഗ്രഹമാണ്. മുൻഗാമികളുടെ ഇതു പോലുള്ള വസ്തുതാപരവും സമുചിതവും ആകർഷകവുമായ വിശദീകരണങ്ങളുള്ളപ്പോൾ അവയായിരുന്നു വിശുദ്ധ ഖുർആൻ വിവരണത്തിൽ ഉദ്ധരിക്കേണ്ടിയിരുന്നത്.