﴿ وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِن يَرَوْا كُلَّ آيَةٍ لَّا يُؤْمِنُوا بِهَا ۚ حَتَّىٰ إِذَا جَاءُوكَ يُجَادِلُونَكَ يَقُولُ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ ﴾ [الأنعام ٢٥]

നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലർ അവരുടെ കൂട്ടത്തിലുണ്ട്‌. അത് ഗ്രഹിക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങൾക്ക് നാം മൂടികള്‍ വെക്കുകയും അവരുടെ കാതുകളില്‍ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നിൻെറയടുക്കല്‍ തര്‍ക്കിക്കാൻ വരികയാണെങ്കിൽ ആ സത്യനിഷേധികള്‍ പറയും; ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ലെന്ന്. (അൻആം 25)


അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങളും, കാര്യകാരണ വ്യവസ്ഥകളും അനുസരിച്ചുണ്ടാകുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചു പറയുമ്പോൾ, അല്ലാഹുവിൻെറ പ്രവൃത്തിയാണതെന്നുള്ള നിലക്കു ഖുർആനിൽ പലപ്പോഴും അവയെ അല്ലാഹുവിനോടു ചേർത്തു കൊണ്ടു പ്രസ്താവിച്ചു കാണാവുന്നതാണ്. സത്യം ഗ്രഹിക്കണമെന്ന ഉദ്ദേശ്യമില്ലാതെയും, നിഷേധ ബുദ്ധിയും മർക്കടമുഷ്ടിയും കൈവിടാതെയും സത്യം മനസ്സിലാക്കുവാൻ സാധ്യമല്ലെന്നുള്ളതു അല്ലാഹു നിശ്ചയിച്ച ഒരു നടപടിച്ചട്ടമാണെന്ന തത്വമാണ് ഇതിൽ അന്തർഭവിച്ചിരിക്കുന്നത്. ഖുർആനിലും ഹദീസിലും ഇത്തരം പ്രയോഗങ്ങൾ കാണുമ്പോൾ ഈ യാഥാർത്ഥ്യം ഓർമ്മിച്ചിരിക്കേണ്ടതാകുന്നു. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/965)

മേൽ സൂക്തം മാത്രമല്ല സമാനമായ മറ്റു പല സൂക്തങ്ങളും വിശുദ്ധ ഖുർആൻ വിവരണത്തിൽ വ്യാഖ്യാനിച്ചിരിക്കുന്നത് സലഫുകളുടെ രീതിയിലല്ല, മറ്റു പല രീതികളിലുമാണ്. ചിലപ്പോൾ ആലങ്കാരിക പ്രയോഗം എന്നു പറഞ്ഞ് അനുചിതമായ പല ആശയങ്ങളും അവയുടെ കീഴിൽ കൊണ്ടുവരും. മറ്റു ചിലപ്പോൾ, അല്ലാഹു പ്രയോഗിച്ചിരിക്കുന്ന വാക്കുകളോടോ അവയുടെ യഥാതഥമായ അർത്ഥങ്ങളങ്ങളോടോ നീതിപുലർത്താത്ത കുറേ കാര്യങ്ങൾ ആലങ്കാരികമെന്ന് പറയാതെ തന്നെ വ്യാഖ്യാനമെന്നോണം വിവരിക്കും. എന്നാൽ അവയുടെ ശരിയായ അർത്ഥവും വ്യാഖ്യാനവും എന്താണ്? അവയെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? അത്തരം സൂക്തങ്ങൾ കൊണ്ട് അല്ലാഹുവും റസൂലും എന്താണ് വിവക്ഷിച്ചിരിക്കുന്നത്? ഇത് മനസ്സിലാക്കാൻ സലഫുകളിലേക്ക് മടങ്ങുക തന്നെ വേണം.

ഖുർആനിൽ പ്രയോഗിച്ചിരിക്കുന്ന മുഴുവൻ വാക്കുകളും സലഫുകൾ അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽ മാത്രമാണ് മനസ്സിലാക്കിയിരുന്നത്. അവയെ ആലങ്കാരിക പ്രയോകങ്ങളായി അവരാരും വ്യാഖ്യാനിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണ് താനും. ഇതു സംബന്ധിച്ച് ഒരു വിവരണം നിസാഅ് : 32 ൽ കൊടുത്തിട്ടുണ്ട്. വായനക്കാർ അതു കൂടി പരിശോധിക്കുമല്ലോ.

മുകളിൽ കൊടുത്ത അൻആം 25-ാം സൂക്തത്തിൽ പറഞ്ഞതു പോലുള്ള കാര്യങ്ങൾ ഖുർആനിൻെറ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ചിട്ടുണ്ട്. ഉദാഹരണമായി,

അല്ലഹു അവനുദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുന്നു (നഹ്ൽ 93), അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചു കളഞ്ഞു. (സ്വഫ്ഫ് 5), അല്ലാഹുവേ, ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിച്ചു കളയരുതേ (ആലു ഇംറാൻ 8), അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് സീൽ (ختم) വെച്ചു (ബഖറഃ 7, അൻആം 46), അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് സീൽ (طبع) വെച്ചു (നിസാഅ് 155, അഅ്റാഫ് 100, 101), അല്ലാഹു അവരുടെ ഹൃദയങ്ങൾക്കുമേൽ മൂടികൾ (أكنة) വെച്ചു (അൻആം 25, ഇസ്റാഅ് 46, അൽ കഹ്ഫ് 48), അല്ലാഹു ചെവിയിൽ അടപ്പ് (وقر) വെച്ചു (അൻആം 25, ഇസ്റാഅ് 46, അൽ കഹ്ഫ് 57), അല്ലാഹു അവരുടെ ദൃഷ്ടിയുടെ മേൽ മൂടി (غشاوة) വെച്ചു (ബഖറഃ 7, ജാഥിയ 23), അവരുടെ മനസ്സുകളും ദൃഷ്ടികളം തകിടം മറിക്കും (അൻആം 110), അല്ലാഹു ഒരു മനുഷ്യനും അവൻെറ ഹൃദയത്തിനും ഇടയിൽ മറയിടും (അൻഫാൻ 24) പോലുള്ളവ.

മുകളിൽ സൂചിപ്പിച്ചതും സൂചിപ്പിക്കാത്ത മറ്റു സമാന സൂക്തങ്ങളും സലഫുകൾ മനസ്സിലാക്കിയത് അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽ മാത്രമാണ്. മറ്റെന്തെങ്കിലും അർത്ഥങ്ങളിലേക്ക് അവയെ അവർ തിരിച്ചുവിട്ട (تحريف) ഒരു സന്ദർഭം പോലുമില്ല. അല്ലാഹു വഴിപിഴപ്പിച്ചു, അല്ലാഹു മനസ്സുകൾ വ്യതിചലിപ്പിച്ചു, അല്ലാഹു ചെവിയിൽ അടപ്പിട്ടു… പോലുള്ളവ അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിലാണ് അവർ മനസ്സിലാക്കിയതും വ്യാഖ്യാനിച്ചതും. ഇത്തരം കാര്യങ്ങൾ അല്ലാഹുവിലേക്ക് ചേർത്തു പറയുന്നത് അവയെ മുൻനിർണ്ണയം നടത്തി കണക്കാക്കിയതും സൃഷ്ടിച്ചതും (خلقا وقدرا) അല്ലാഹുവാണ് എന്ന അർത്ഥത്തിലാണ്. നിങ്ങളെയും നിങ്ങളുടെ ചെയ്തികളെയും സൃഷ്ടിച്ചത് അല്ലാഹുവാണ് (സ്വാഫ്ഫാത്ത് 96) എന്ന സൂക്തം ഈ വസ്തുതയെ സാധൂകരിക്കുന്നു.

മുകളിൽ സൂചിപ്പിച്ചതു പോലുള്ള സൂക്തങ്ങളിൽ അവൻെറ ഉദ്ദേശ്യത്തെ കുറിച്ച് പറയുന്നത് പ്രാപഞ്ചികവും വിധി നിർണ്ണയപരവുമായ (الإرادة الكونية القدرية) ഒരു തലത്തിലാണ്. അതിനെ ശർഇയ്യായ ഉദ്ദേശ്യങ്ങളും കൽപനകളുമായി (الإرادة الشرعية) കൂട്ടിക്കുഴക്കാൻ പാടില്ല. അല്ലാഹുവിൻെറ പ്രാപഞ്ചികമായ ഉദ്ദേശ്യത്തിലും മുൻനിർണ്ണയത്തിലും സൃഷ്ടിപ്പിലും ഉൾപ്പെട്ട ഇത്തരം കാര്യങ്ങൾ, മനുഷ്യർക്കു അല്ലാഹു വിട്ടുനൽകിയ ഇഛാസ്വാതന്ത്ര്യവും വരണാധികാരവും ഉപയോഗിച്ച് അവർ സ്വയം വരിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നു. അതിന് ഉത്തരവാദികൾ അവർ മാത്രമാണു താനും. ദോഷകരമെന്നു നമുക്ക് തോന്നാവുന്ന ഇത്തരം കാര്യങ്ങളെല്ലാം അവൻെറ പ്രാപഞ്ചികമായ ഉദ്ദേശ്യത്തിലും സൃഷ്ടിപ്പിലും ഉൾപ്പെടുത്തിയത് അവൻെറ വിശാലമായ രൂപരേഖയുടെയും ഹിക്‌മത്തിൻെറയും ഭാഗമായാണ്. അല്ലാഹുവിനെ സംബന്ധിച്ച് പറയുമ്പോൾ അവയൊന്നും തിന്മയല്ല, നന്മയാണ്. സൃഷ്ടികളുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ മാത്രം ആപേക്ഷികവും പരിമിതവുമായ അർത്ഥത്തിൽ അവ തിന്മയായിത്തീരുന്നു. അതു കൊണ്ടു തന്നെ തിന്മ അല്ലാഹുവിലേക്ക് ചേർക്കാവതുമല്ല. വിശദാംശങ്ങൾക്ക് നിസാഅ് : 79 കൂടി കാണുക.