﴿ وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُّبِينٍ ﴾ [الأنعام ٧٤]
ഇബ്രാഹീം തന്‍റെ പിതാവ് ആസറിനോട് പറഞ്ഞ സന്ദര്‍ഭം! ബിംബങ്ങളെയാണോ താങ്കള്‍ ആരാധ്യരായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്നാണ് ഞാന്‍ കാണുന്നത്. (അൻആം 74)
ഇബ്റാഹീം (അ) നബിയുടെ പിതാവിൻെറ പേർ ആസർ (آزر) എന്നാണെന്നത്രെ ഈ വചനത്തിൽനിന്നു വ്യക്തമാകുന്നത്. പക്ഷെ, മിക്ക ഖുർആൻ വ്യാഖ്യാതക്കളും, ചരിത്രകാരന്മാരും പറയുന്നതു അദ്ദേഹത്തിൻെറ സാക്ഷാൽ പേർ – അഥവാ തേരഹ് (تارح) – എന്നായിരുന്നുവത്രെ. ബൈബിളിലും അങ്ങനെത്തന്നെ. ആസർ എന്നത് അദ്ദേഹത്തിൻെറ ഒരു രണ്ടാം പേരോ, സ്ഥാനപ്പേരോ ആയിരുന്നുവെന്നും പറയുന്നു. (അല്ലാഹുവിന്നറിയാം) (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/992)
’ഇബ്റാഹീം നബി –عَلَيْهِ السَلَامُ– തൻെറ പിതാവായ ആസറിനോട് പറഞ്ഞ സന്ദർഭം’ എന്നു പറഞ്ഞു കൊണ്ടാണ് മേൽ സൂക്തം ആരംഭിക്കുന്നത്. എന്നിരിക്കെ, മിക്ക ഖുർആൻ വ്യാഖ്യാതക്കളും, ചരിത്രകാരന്മാരും പറയുന്നതു അദ്ദേഹത്തിൻെറ സാക്ഷാൽ പേർ തേരഹ് എന്നായിരുന്നു, ബൈബിളിൽ പറയുന്നതും അങ്ങനെ തന്നെ എന്ന പരാമർശത്തിൽ വസ്തുതാപരമായ പിശക് മാത്രമല്ല, അത് അഹ്‌ലുസ്സുന്നഃയുടെ വ്യാഖ്യാന രീതിക്ക് വിരുദ്ധമാണെന്ന് കൂടി പറയേണ്ടി വരികയാണ്.
കാരണം മിക്ക ഖുർആൻ വ്യാഖ്യാതാക്കളുടെയും ചരിത്രകാരന്മാരുടെയും അഭിപ്രായം അതല്ല. ഖുർആൻ വ്യാഖ്യാതക്കൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉദ്ധരിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. അതിനർത്ഥം അതാണ് അവരുടെ പക്ഷം എന്നല്ല. അവർ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉദ്ധരിച്ച ശേഷം ശരിയായ പക്ഷം ഏതാണെന്ന് പിന്നീട് നിർണ്ണയിച്ച് (تَرْجِيحٌ) പറഞ്ഞിട്ടുണ്ട്. അതു പ്രകാരം ഇബ്റാഹീം നബി –عَلَيْهِ السَلَامُ– ൻെറ പിതാവിൻെറ പേർ ആസർ എന്നു തന്നെയാണ്. ഉദാഹരണമായി തബ്‌രി –رَحِمَهُ اللهُ– യുടെ വാക്കുകൾ ശ്രദ്ധിക്കുക:
فأولى القولين بالصواب منهما عندي قولُ من قال: هو اسم أبيه، لأن الله تعالى ذكره أخبر أنه أبوه، وهو القول المحفوظ من قول أهل العلم، دون القول الآخر الذي زعم قائلُه أنه نعتٌ. [الطبري في جامع البيان]
അവ രണ്ടിൽ എൻെറയടുക്കൽ ഏറ്റവും ശരിയായ പക്ഷം, ആസർ എന്നത് അദ്ദേഹത്തിൻെറ പിതാവിൻെറ പേരാണ് എന്ന അഭിപ്രായമാണ്. കാരണം അല്ലാഹു തന്നെ ആസർ ഇബ്റാഹീം –عَلَيْهِ السَلَامُ– ൻെറ പിതാവ് ആണെന്നാണല്ലോ പറഞ്ഞത്. അത് അയാളുടെ വിശേഷണമാണ് എന്ന വാദക്കാരുടെ അഭിപ്രായത്തെ അപേക്ഷിച്ച് അത് അയാളുടെ പേരാണ് എന്നതാണ് പണ്ഡിതാഭിപ്രായങ്ങളിൽ പ്രബലവും കുറ്റമറ്റതും. (ത്വബ്‌രി തൻെറ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)
വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്ന വിഷയങ്ങളിൽ ശരി ഏതെന്ന് നിർണ്ണയിക്കാതെ വിട്ടേക്കുക എന്നതാണ് പൊതുവെ വിശുദ്ധ ഖുർആൻ വിവരണത്തിൻെറ കർത്താക്കൾ സ്വീകരിച്ചു പോന്നിട്ടുള്ള രീതി. ഇത് സലഫുകളുടെ രീതിയല്ല. കൂടതൽ മനസ്സിലാക്കാൻ ബഖറഃ : 141 ൻെറ വിശദീകരണം കൂടി മാന്യ വായനക്കാർ പരിശോധിക്കുന്നത് നന്നായിരിക്കും.
എന്നാൽ ഇവിടെ ‘ബൈബിളിലും അങ്ങനെത്തന്നെ’ എന്ന പരാമർശം ധ്വനിപ്പിക്കുന്നത്, ആസർ അയാളുടെ പേരല്ല എന്ന അഭിപ്രായത്തോടാണ് വിശുദ്ധ ഖുർആൻ വിവരണത്തിൻെറ കർത്താക്കൾക്ക് ആഭിമുഖ്യം എന്നാണ്. ഖുർആൻ വ്യാഖ്യാനത്തിന് ബൈബിൾ ഉദ്ധരിക്കുന്നതും ഭിന്നാഭിപ്രായങ്ങളുടെ ബലാബലം കണക്കാക്കുന്നതിന് ബൈബിളിനു സ്ഥാനം നൽകുന്നതും സലഫുകളുടെ രീതിയല്ല.