﴿ فَلَمَّا جَنَّ عَلَيْهِ اللَّيْلُ رَأَىٰ كَوْكَبًا ۖ قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَا أُحِبُّ الْآفِلِينَ ﴾ [الأنعام ٧٦ ]
അങ്ങനെ രാത്രി മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അപ്പോൾ പറഞ്ഞു: ഇതാണ് എന്‍റെ രക്ഷിതാവ്! അങ്ങനെ അത് അസ്തമിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. (അൻആം 76)
ഇബ്‌റാഹീം –عَلَيْهِ السَّلاَمُ– തൻെറ പിതാവിനോടും അവിടുത്തെ ജനങ്ങളോടും നടത്തിയ തൗഹീദീ പ്രബോധനത്തെ തെറ്റായി വ്യാഖ്യാനിക്കുകയും തീർത്തും ഇസ്‌ലാമിക വിരുദ്ധമായ ചില ആവിഷ്കാര രീതികൾക്ക് അത് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇന്ന് സമൂഹത്തിൽ ശക്തമാണ്. മതവിരുദ്ധമോ മതേതരമോ ആയ കലാ മൂല്യങ്ങളെയും ആവിഷ്കാര രീതികളെയും ഇസ്‌ലാമികവൽക്കരിക്കാനുള്ള ഈ വെമ്പൽ മതമൂല്യങ്ങളുടെ നിരാസത്തിലേക്കാണ് ചെന്നെത്തുന്നത്. അതിൻെറ ഭാഗമായാണ് ഇസ്‌ലാമിക സിനിമ, ഇസ്‌ലാമിക നാടകം, ഇസ്‌ലാമിക അഭിനയം എന്നൊക്കെ നാം കേട്ടുകൊണ്ടിരിക്കുന്നത്. ചിലപ്പോൾ ഇസ്‌ലാമികത്തിനു പകരം ഹലാൽ സ്ഥാനം പിടിച്ചെന്നു വരും. കൂടുതൽ സങ്കടകരമായ വസ്തുത ഇത്തരം ആവിഷ്കാര രീതികളെ മതപ്രബോധനത്തിനുള്ള ഫലപ്രദമായ മാർഗ്ഗമായി അവതരിപ്പിക്കുന്നു എന്നതാണ്.
ഇബ്റാഹീം –عَلَيْهِ السَّلاَمُ– കൈക്കൊണ്ട നടപടിയെന്താണെന്ന് ആദ്യം പരിശോധിക്കാം. രാത്രി മൂടിയപ്പോൾ നക്ഷത്രങ്ങളെ ചൂണ്ടി അവയാണ് തൻെറ ആരാധ്യനെന്ന് പറഞ്ഞു. അവ അസ്തമിച്ചപ്പോൾ അസ്തമിച്ചു പോകുന്നവയെ ഞാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് അവയെ ആരാധിക്കുന്നതിലുളള പൊള്ളത്തരം വ്യക്തമാക്കി. പിന്നീട് ചന്ദ്രൻ ഉദിച്ചു പൊങ്ങിയപ്പോൾ അതാണ് എൻെറ ആരാധ്യൻ എന്നായി. അങ്ങനെ അത് അസ്തമിച്ചപ്പോൾ സദാ നിലകൊള്ളുന്ന ഒന്നിനെ മാത്രമേ ആരാധിക്കാവൂ എന്ന നിലപാടെടുത്തു. പിന്നീട് സൂര്യൻ ഉദയം ചെയ്തപ്പോൾ അതാണ് എൻെറ റബ്ബ്, അതാണ് ഏറ്റവും വലുത് എന്നു പറഞ്ഞു. അത് അസ്തമിച്ചപ്പോൾ തൻെറ ജനങ്ങളോട് അവയെ ആരാധിക്കുന്നതിലുള്ള വങ്കത്തം വ്യക്തമാക്കുകയും സൃഷ്ടികളെ ആരാധിക്കുന്നതിൽനിന്ന് ഞാൻ തീർത്തും ഒഴിവാണെന്ന് പറയുകയും ചെയ്തു.
ഇബ്റാഹീം –عَلَيْهِ السَّلاَمُ– കൈക്കൊണ്ട ഈ നടപടിയെ കുറിച്ച് പരമാവധി പറയാവുന്നത് അദ്ദേഹം തൻെറ ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുമ്പോൾ വക്രോക്തി (تَوْرِيَةٌ) പ്രയോഗിച്ചു എന്നതു മാത്രമാണ്. ഒരു കാര്യം നേരെ ചൊവ്വെ പറയുന്നതിനു പകരം അൽപം വളച്ചു പറയുന്ന രീതി ചില സന്ദർഭങ്ങളിൽ ഫലപ്രദമായിരിക്കും. അത് അദ്ദേഹം ചെയ്തു എന്നു മാത്രമേ അതിനർത്ഥമുള്ളു. അതിനപ്പുറം ഈ സംഭവത്തെ വലിച്ചു നീട്ടി അതിനെ ഒരു ഇസ്‌ലാമിക സിനിമ, ഇസ്‌ലാമിക അഭിനയം, ഇസ്‌ലാമിക കല എന്നൊക്കെ വിശദീകരിക്കുന്നത് വല്ലാത്ത കടുംകൈയാണ്.
കൂടാതെ, ഇത്തരം ആവിഷ്കാര രീതികളെ പ്രബോധന മാധ്യമമാക്കണമെങ്കിൽ അതിന് ഇബ്റാഹീം –عَلَيْهِ السَّلاَمُ– യുടെ ഈ നടപടി മതിയാവില്ല. മുഹമ്മദ് നബി ﷺ യുടെ മാതൃക തന്നെ വേണം. പ്രബോധനത്തിനുള്ള മാർഗ്ഗങ്ങളും ഉപാധികളും അല്ലാഹു നിർണ്ണയിച്ചു തന്നിരിക്കുന്നു. അവൻ നിർണ്ണയിച്ചു തന്നിട്ടില്ലാത്തവയെല്ലാം അപനിർമ്മിതികളാണ്. അവ തള്ളപ്പെടേണ്ടവയുമാണ്. അവിടുന്ന് പറഞ്ഞു:
إنه لم يكن نبي قبلي إلا كان حقا عليه أن يدل أمته على خير ما يعلمه لهم، وينذرهم شر ما يعلمه لهم. [مسلم في صحيحه]
തൻെറ സമുദായത്തിന് നന്മയാണെന്ന് അറിയുന്ന എല്ലാം അവരെ അറിയിക്കലും അവർക്ക് തിന്മയാണെന്ന് അറിയുന്നതിനെ കുറിച്ചെല്ലാം താക്കീത് നൽകലും ബാധ്യതയായിട്ടല്ലാതെ എനിക്ക് മുമ്പ് ഒരു നബിയും ഉണ്ടായിട്ടില്ല. (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ما بقي شيء يقرب من الجنة ويباعد من النار إلا وقد بين لكم. [الطبراني في الكبير وصححه الألباني]
സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന, നരകത്തിൽനിന്ന് അകറ്റുന്ന യാതൊന്നും നിങ്ങളോട് വിശദീകരിക്കാതെ വിട്ടുപോയിട്ടില്ല. (ത്വബ്റാനി അൽ മുഅ്ജമുൽ കബീറിൽ ഉദ്ധരിച്ചത്)
അപ്പോൾ, ഒരു കാര്യം ഇസ്‌ലാമികം എന്നു വിശേഷിപ്പിക്കണമെങ്കിൽ അതിന് മുൻമാതൃക വേണം. നബി ﷺ യും സ്വഹാബത്തും ചെയ്യാത്ത ഏതൊരു നടപടിയും നൂതനകാര്യമായും അപനിർമ്മിതിയായും മാത്രമേ കാണാൻ കഴിയൂ. വിശിഷ്യാ പ്രബോധനത്തിനുള്ള മാർഗ്ഗങ്ങളും മാധ്യമങ്ങളും നമുക്ക് പുതുതായി ആവിഷ്കരിക്കാൻ പാടുള്ളതല്ല. വിശദമായ പഠനം ഉദ്ദേശിക്കുന്ന അറബി വായനക്കാർക്കായി സൗദി അറേബ്യയിലെ യുവ പണ്ഡിതനായിരുന്ന ശൈഖ് അബ്ദുസ്സലാം ബർജസ് –رَحِمَهُ اللهُ– എഴുതിയ الحجج القوية على أن وسائل الدعوة توقيفية എന്ന കൃതി ശിപാർശ ചെയ്യുന്നു.
മാത്രമല്ല, എന്നാൽ ഹലാൽ സിനിമകൾ എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്നവയിൽ ഇതര സിനിമകളിലേതു പോലുള്ള എല്ലാ വൃത്തികേടുകളും ഉണ്ടെന്നത് വായനക്കാർക്ക് പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്. യാഥാർത്ഥ്യം ഒട്ടുമേ ഇല്ലാത്ത സംഭവങ്ങൾ ചമച്ചുണ്ടാക്കുകയും, വ്യാജവും കളവും അതിഭാവുകത്വം കലർത്തി അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് അതിലും നടക്കുന്നത്. കൂടാതെ, അവയിൽ കാണപ്പെടുന്ന സാമൂഹ്യ വിപത്തുകൾ നിരവധിയാണ്. ഉദാഹരണമായി സൂക്ഷ്മതയുടെ തരിമ്പുപോലുമില്ലാത്ത സ്ത്രീ പുരുഷ സംഗമങ്ങളും കൂടിയാടലുകളും, എതിർ ലിംഗങ്ങളുമായുള്ള താദാത്മീകരണവും അനുകരണവും, ഇസ്‌ലാമിക മൂല്യങ്ങളുടെ ഇകഴ്ത്തലുകളും ഇസ്‌ലാമികേതര മൂല്യങ്ങളുടെ മഹത്വവൽക്കരണവും.. ഇങ്ങനെ പോകുന്നു അവയുടെ പട്ടിക.
ചുരുക്കത്തിൽ, ഇസ്‌ലാമിക മുല്യങ്ങളുടെ ആസൂത്രിതമായ നിരാസമാണ് അവയിൽ കാണപ്പെടുന്നത്. മനുഷ്യ മഹത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന, മാന്യതയുടെ എല്ലാ അതിർവരമ്പുകളും തട്ടിനിരത്തുന്ന കാര്യങ്ങളാണ് ഇസ്‌ലാമിക കലയുടെ പേരിൽ എഴുന്നള്ളിക്കപ്പെടുന്നത്.
സിനിമയുടെയും അഭിനയ കലയുടെയും ഊടും പാവുമായി വർത്തിക്കുന്നത് കളവും വ്യാജവുമാണ്. അതിനെ ഇബ്‌റാഹീം –عَلَيْهِ السَّلاَمُ– മായി ബന്ധിപ്പിക്കുന്നത് എന്തു മാത്രം വലിയ പാതകമല്ല! അദ്ദേഹം നടത്തിയ ചില വക്രോക്തികൾ പോലും അല്ലാഹുവിൻെറ കോപത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തെ അന്ത്യനാളിൽ കാണപ്പെടുക. വിചാരണ തുടങ്ങാൻ അല്ലാഹുവിനോട് ശിപാർശ ചെയ്യണമെന്ന് ജനം അദ്ദേഹത്തോട് ആവശ്യപ്പെടുമ്പോൾ അദ്ദേഹം പറയുന്നത് നോക്കൂ.
فَيَقُولُ لَهُمْ: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنِّي قَدْ كُنْتُ كَذَبْتُ ثَلاَثَ كَذِبَاتٍ – فَذَكَرَهُنَّ أَبُو حَيَّانَ فِي الحَدِيثِ – نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى مُوسَى فَيَأْتُونَ.. الحديث [البخاري في صحيحه]
“അപ്പോൾ അദ്ദേഹം അവരോട് പറയും: എൻെറ റബ്ബ് അത്യധികം കോപിച്ചിരിക്കുകയാണിന്ന്, അതു പോലെ മുമ്പൊരിക്കലും കോപിച്ചിട്ടില്ല, ഇനിയൊരിക്കലും കോപിക്കുകയുമില്ല. ഞാൻ മൂന്ന് കളവുകൾ പറഞ്ഞിട്ടുള്ളതാണ്. – നിവേദകനായ അബൂ ഹയ്യാൻ അത് വിവരിച്ചിട്ടുണ്ട് – എൻെറ കാര്യമേ.. എൻെറ കാര്യമേ.. എൻെറ കാര്യമേ.. നിങ്ങൾ മറ്റുള്ളവരെ സമീപിക്കൂ. നിങ്ങൾ മൂസായുടെ അടുക്കൽ പോകൂ. അങ്ങനെ അവർ അദ്ദേഹത്തിൻെറ അടുത്തേക്ക് പോകും.”
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: لَمْ يَكْذِبْ إِبْرَاهِيمُ عَلَيْهِ السَّلاَمُ إِلَّا ثَلاَثَ كَذَبَاتٍ، ثِنْتَيْنِ مِنْهُنَّ فِي ذَاتِ اللَّهِ عَزَّ وَجَلَّ، قَوْلُهُ ﴿ إِنِّي سَقِيمٌ ﴾ [الصافات: 89]. وَقَوْلُهُ: ﴿ بَلْ فَعَلَهُ كَبِيرُهُمْ هَذَا﴾ [الأنبياء: 63]. وَقَالَ: بَيْنَا هُوَ ذَاتَ يَوْمٍ وَسَارَةُ، إِذْ أَتَى عَلَى جَبَّارٍ مِنَ الجَبَابِرَةِ، فَقِيلَ لَهُ: إِنَّ هَا هُنَا رَجُلًا مَعَهُ امْرَأَةٌ مِنْ أَحْسَنِ النَّاسِ، فَأَرْسَلَ إِلَيْهِ فَسَأَلَهُ عَنْهَا، فَقَالَ: مَنْ هَذِهِ؟ قَالَ: أُخْتِي، فَأَتَى سَارَةَ قَالَ: يَا سَارَةُ: لَيْسَ عَلَى وَجْهِ الأَرْضِ مُؤْمِنٌ غَيْرِي وَغَيْرَكِ، وَإِنَّ هَذَا سَأَلَنِي فَأَخْبَرْتُهُ أَنَّكِ أُخْتِي، فَلاَ تُكَذِّبِينِي، فَأَرْسَلَ إِلَيْهَا فَلَمَّا دَخَلَتْ عَلَيْهِ ذَهَبَ يَتَنَاوَلُهَا بِيَدِهِ فَأُخِذَ، فَقَالَ: ادْعِي اللَّهَ لِي وَلاَ أَضُرُّكِ، فَدَعَتِ اللَّهَ فَأُطْلِقَ، ثُمَّ تَنَاوَلَهَا الثَّانِيَةَ فَأُخِذَ مِثْلَهَا أَوْ أَشَدَّ، فَقَالَ: ادْعِي اللَّهَ لِي وَلاَ أَضُرُّكِ، فَدَعَتْ فَأُطْلِقَ، فَدَعَا بَعْضَ حَجَبَتِهِ، فَقَالَ: إِنَّكُمْ لَمْ تَأْتُونِي بِإِنْسَانٍ، إِنَّمَا أَتَيْتُمُونِي بِشَيْطَانٍ. [البخاري في صحيحه]
അബൂ ഹുറെയ്റഃ –رَضِيَ اللَّهُ عَنْهُ– നിവേദനം. ഇബ്‌റാഹീം –عَلَيْهِ السَّلاَمُ–മൂന്നു കളവുകളല്ലാതെ പറഞ്ഞിട്ടില്ല. അവയിൽ അല്ലാഹുവിൻെറ ഭാഗത്തെ സംബന്ധിക്കുന്ന രണ്ടെണ്ണം, അദ്ദേഹം പറഞ്ഞ: (ഞാൻ രോഗിയാണ് – സ്വാഫ്ഫാത്ത് 89), (അല്ല, അവയിലെ മുഖ്യ വിഗ്രഹമാണ് ഇത് ചെയ്തത് – അൻബിയാഅ് 63) എന്നിവയാണ്. അബൂ ഹുറെയ്റഃ –رَضِيَ اللَّهُ عَنْهُ– തുടരുന്നു: അദ്ദേഹവും സാറയും സ്വേഛാധിപതികളിൽ ഒരാളുടെ അരികിലെത്തി. ജനങ്ങളിൽ ഏറ്റവും സൌന്ദര്യമുള്ള ഒരു പുരുഷനും സ്ത്രീയും ഇവിടെ എത്തിയിരിക്കുന്നു എന്ന് അദ്ദേഹത്തിന് വിവരം നൽകപ്പെട്ടു. അപ്പോൾ രാജാവ് അദ്ദേഹത്തിൻെറ അടുക്കലേക്ക് ആളെ വിട്ടു. അങ്ങനെ കൂടെയുള്ള സ്ത്രീയെ കുറിച്ച് രാജാവ് ചോദിച്ചു: ഇവർ ആരാണ്? അദ്ദേഹം പറഞ്ഞു: എൻെറ സഹോദരിയാണ്. അങ്ങനെ അദ്ദേഹം സാറയുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: ഓ സാറാ, ഞാനും നീയുമല്ലാതെ ഭൂമുഖത്ത് വിശ്വാസികളായി മറ്റാരുമില്ല. രാജാവ് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് നീ എൻെറ സഹോദരിയാണ് എന്നാണ്. നീ എന്നെ കളവാക്കരുത്. അങ്ങനെ രാജാവ് സാറയുടെ അടുത്തേക്ക് ആളെ വിട്ടു. അവർ രാജാവിൻെറ അടുത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം അവരെ തൻെറ കൈകൊണ്ട് പിടിക്കാൻ നോക്കി. അങ്ങനെ രാജാവിനു അനങ്ങാനാവാത്ത ഒരു അവസ്ഥ പിടികൂടി. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങൾ എനിക്കു വേണ്ടി ദുആ ചെയ്യൂ. ഇനി ഞാൻ നിങ്ങളെ ഉപദ്രവിക്കുകയില്ല. അവർ അല്ലാഹുവിനോട് ദുആ ചെയ്യുകയും ആ വിപത്തിൽനിന്ന് അദ്ദേഹം മുക്തനാക്കപ്പെടുകയും ചെയ്തു. അദ്ദേഹം രണ്ടാമതും അവരെ പിടിക്കാൻ നോക്കി. അപ്പോൾ ആദ്യ തവണ ബാധിച്ചതു പോലെയോ അതിനെക്കാൾ കഠിനമായ നിലയിലോ അദ്ദേഹത്തെ ആപത്ത് പിടികൂടി. അദ്ദേഹം വീണ്ടു അവരോട് പറഞ്ഞു: നിങ്ങൾ എനിക്കു വേണ്ടി ദുആ ചെയ്യൂ. ഇനി ഞാൻ ഒരിക്കലും നിങ്ങളെ ഉപദ്രവിക്കുകയില്ല. അവർ അല്ലാഹുവിനോട് ദുആ ചെയ്യുകയും വീണ്ടും വിപത്തിൽനിന്ന് അദ്ദേഹം മുക്തനാക്കപ്പെടുകയും ചെയ്തു. അപ്പോൾ അദ്ദേഹം തൻെറ പാറാവുകാരിൽ ചിലരെ വിളിച്ചു. എന്നിട്ട് പറഞ്ഞു: നിങ്ങൾ എനിക്ക് ഒരു മനുഷ്യനെയല്ല കൊണ്ടു തന്നിരിക്കുന്നത്, നിങ്ങൾ കൊണ്ടു തന്നിരിക്കുന്നത് ഒരു പിശാചിനെ മാത്രമാണ്. (ബുഖരി സ്വഹീഹിൽ ഉദ്ധരിച്ചത്)
വസ്തുത ഇങ്ങനെയായിരിക്കെ ഹലാൽ സിനിമക്ക് ഇബ്റാഹീം –عَلَيْهِ السَّلاَمُ– യെ കൂട്ടുപിടിക്കുന്നവർ ഏറെ വൈകാതെ ഹലാൽ മദ്യത്തിനും ഖുർആനിൽ തെളിവു കണ്ടെത്തുമെന്നു വേണം കരുതാൻ.