﴿ إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ۞ الَّذِينَ يُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ۞ أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ ﴾ [الأنفال ٢-٤]
[അല്ലാഹുവിനെ കുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ വിരണ്ടു പോവുകയും, അവൻെറ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ റബ്ബിൻെറ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. അവർ നമസ്കാരം യഥാവിധം നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ റബ്ബിൻെറയുടത്ത് പല പദവികളുണ്ട്, പാപമോചനവും ഉദാരമായി ലഭിക്കുന്ന ഉപജീവനവുമുണ്ട്.] (അൻഫാൽ 2-4)
ഇതുപോലുള്ള വചനങ്ങളെ അടിസ്ഥാനമാക്കിയാണു സത്യവിശ്യാസം ഏറ്റക്കുറവ് സ്വീകരിക്കുന്നതാണെന്നും, സൽക്കർമ്മങ്ങളും ദൃഷ്ടാന്തങ്ങളും വഴി അതിൽ വർദ്ധനവുണ്ടാകുമെന്നും, പാപങ്ങൾ മൂലം സത്യവിശ്വാസത്തിൽ കുറവു നേരിടുമെന്നുമൊക്കെ ഇമാം ബുഖാരീ (റ) പോലുള്ള മഹാന്മാർ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. വാസ്തവവും അങ്ങനെ തന്നെ. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1208)
വിശുദ്ധ ഖുർആൻ വിവരണത്തിൽ വന്നിരിക്കുന്ന മേൽ പരാമർശം സൂക്ഷ്മമല്ല. കാരണം, വിശ്വാസം കൂടുകയും കുറയുകയും ചെയ്യുമെന്നത് ഇമാം ബുഖാരി -رَحِمَهُ اللهُ- യെ പോലുള്ള മഹാന്മാരുടെ അഭിപ്രായമല്ല, ഇസ്‌ലാമിൻെറ عَقِيدَةٌ (വിശ്വാസം) തന്നെയാണ്. അക്കാര്യം ഊന്നിപ്പറയാതെ ചിലരുടെ അഭിപ്രായമായി ചുരുക്കുന്നത് അഹ്‌ലുസ്സുന്നഃയുടെ വിശ്വാസ കാര്യങ്ങളെ കുറിച്ച് വായനക്കാർക്ക് ഗൗരവം നഷ്ടപ്പെടാൻ കാരണമാകും.
ഈമാനിൻെറ പൊരുളിനെ (مُسَمَّى الإِيمَانِ) കുറിച്ച് അല്ലാഹു അവതരിപ്പിച്ചതും മുഹമ്മദ് നബി ﷺ പഠിപ്പിച്ചതും സ്വഹാബത് പിന്തുടർന്നതും അടുത്ത തലമുറക്ക് കൈമാറിയതും ലോകാവസാനം വരെയുള്ള സത്യത്തിൻെറ കക്ഷികൾ ഉൾക്കൊള്ളേണ്ടതുമായ മൗലികമായ വിശ്വാസ കാര്യങ്ങളാണ് മുകളിൽ കൊടുത്ത മൂന്നു സൂക്തങ്ങളിലുള്ളത്.
അല്ലാഹുവിനെ ഓർക്കുക, അവൻെറ സ്മരണയിൽ ഹൃദയം നടുങ്ങുക എന്നത് ഹൃദയത്തിൻെറ പ്രവർത്തനമാണ്, മനോവ്യാപാരങ്ങളാണ്.
അവൻെറ വചനങ്ങൾ പാരായണം ചെയ്യുക, അവനെ കുറിച്ച് പ്രകീർത്തിക്കുക എന്നത് നാവുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ്.
നമസ്കാരം യഥാവിധം നിർവ്വഹിക്കുക, സകാത്ത് നൽകുക എന്നത് ശരീരാവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനമാണ്.
മേൽ സൂക്തങ്ങളിൽ പരാമർശിച്ചിരിക്കുന്ന മൂന്നു തരം പ്രവൃത്തികളും വിശ്വാസത്തിൻെറ നിർവ്വചന പരിധിയിൽപെടുന്നു. മാത്രമല്ല, സുകൃതം ചെയ്യുമ്പോൾ വിശ്വാസം വർദ്ധിക്കുകയും പാപം ചെയ്യുമ്പോൾ വിശ്വാസം ക്ഷയിക്കുകയും ചെയ്യും. ഇക്കാര്യവും മേൽ സൂക്തങ്ങളിൽ പറഞ്ഞിരിക്കുന്നു. ഇത്രയും വസ്തുതകളാണ് വിശ്വാസത്തിൻെറ പൊരുളായി അഹ്‌ലുസ്സുന്നഃ സ്വീകരിച്ചു പോരുന്നത്. ഇത് ഏതെങ്കിലും ചില മഹാന്മാരുടെ അഭിപ്രായമല്ല, അല്ലാഹു അവതരിപ്പിച്ച മൗലികമായ വിശ്വാസമാണ്.
അധിക വായനക്കായി ഇസ്‌ലാമിക വിശ്വാസ സംഹിത എന്ന ലേഖനം കാണുക.