﴿ وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ ﴾ [الأنفال ٣٠]
[നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ സൂത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം. അവര്‍ സൂത്രം പ്രയോഗിക്കുന്നു. അല്ലാഹുവും സൂത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് സൂത്രം പ്രയോഗിക്കുന്നവരില്‍ ഏറ്റവും മികച്ചവന്‍.] (അൻഫാൽ 30)
പക്ഷെ, ഗുഹാമുഖത്തു എട്ടുകാലി വലകെട്ടിയിരുന്നതു കണ്ടപ്പോൾ, അതിൽ ആരുമില്ലെന്ന് സമാധാനിച്ച് അവർ വിട്ടുപോവുകയാണു ചെയ്തത്. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1231)
ഗുഹാമുഖത്ത് എട്ടുകാലി വലകെട്ടിയിരുന്നു, അതു കണ്ടാണ് ഖുറൈശികൾ മടങ്ങിപ്പോയത് എന്നത് സ്ഥിരപ്പെടാത്ത സംഭവമാണ്. ഇത്തരം ദുർബ്ബലമായ ഉദ്ധരണികൾ കൊണ്ട് ഖുർആൻ സൂക്തങ്ങളെ വ്യാഖ്യാനിക്കരുതായിരുന്നു. എട്ടുകാലിയുടെയും പ്രാവിൻെറയും സാന്നിധ്യം സംബന്ധിച്ചുള്ള ഉദ്ധരണികളെ കുറിച്ച് ഇമാം അൽബാനി -رَحِمَهُ اللهُ- പറയുന്നത് കാണുക:
واعلم أنه لا يصح حديث في عنكبوت الغار والحمامتين على كثرة ما يذكر ذلك في بعض الكتب والمحاضرات التى تلقى بمناسبة هجرته صلى الله عليه وسلم إلى المدينة، فكن من ذلك على علم. [الألباني في الضعيفة]
[അറിയുക! മദീനഃയിലേക്ക് നബി ﷺ നടത്തിയ ഹിജ്റഃയോട് അനുബന്ധിച്ചുള്ള രചനകളിലും പ്രസംഗങ്ങളിലും ധാരാളമായി പരാമർശിക്കപ്പെടാറുണ്ടെങ്കിലും ഗുഹയിൽ എട്ടുകാലിയുടെയോ പ്രാവിൻെറയോ സാന്നിധ്യമുണ്ടായിരുന്നു എന്നു പറയുന്ന സ്വീകാര്യ യോഗ്യമായ ഒരു ഹദീസുമില്ല. അതിനെ കുറിച്ച് നീ വ്യക്തമായ ധാരണയുള്ളവനായിരിക്കുക.] (അൽബാനി ളഈഫഃയിൽ രേഖപ്പെടുത്തിയത്)
യഥാർത്ഥത്തിൽ, ശത്രുക്കളെ തിരിച്ചുവിട്ടത് എട്ടുകാലിയോ പ്രാവോ ആയിരുന്നില്ല, മലക്കുകളായിരുന്നു എന്നതാണ് സത്യം. “നിങ്ങൾ കാണാത്ത സൈന്യങ്ങളെ കൊണ്ട് അല്ലാഹു അദ്ദേഹത്തിനു ശക്തി പകർന്നു” ﴾وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا﴿ (തൗബഃ 40) എന്നാണ് ഖുർആനിൽ വിശദീകരിക്കപ്പെട്ടിട്ടുള്ളത്. പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ ബഗവി -رَحِمَهُ اللهُ- അപ്രകാരം തന്നെ അത് വ്യക്തമാക്കിയിട്ടുമുണ്ട്:
وهم الملائكة نزلوا يصرفون وجوه الكفار وأبصارهم عن رؤيته. [البغوي في تفسيره]
[നബി ﷺ യെ കാണാതിരിക്കാൻ അവിശ്വാസികളുടെ മുഖങ്ങളും ദൃഷ്ടികളും തിരിച്ചു കളയാൻ വേണ്ടി ഭൂലോകത്തേക്ക് ഇറങ്ങി വന്ന മലക്കുകളാണ് ആ സൈന്യം.] (ബഗവി തൻെറ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)
ഖുർആനിൽ പരാമർശിച്ചതും ബഗവി -رَحِمَهُ اللهُ- വ്യക്തമാക്കിയതുമായ ഈ വസ്തുതയെ സാക്ഷീകരിക്കുന്ന ഒരു നബിവചനം ത്വബ്റാനി ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. അബൂബക്ർ -رَضِيَ اللهُ عَنْهُ- ഗുഹാമുഖത്ത് ഒരാൾ നിൽക്കുന്നതു കണ്ട് നബി ﷺ യോട് പറയുന്നു: അല്ലാഹുവിൻെറ ദൂതരേ, തീർച്ചയായും അയാൾ നമ്മെ കാണുക തന്നെ ചെയ്യും. അപ്പോൾ നബി ﷺ പറയുന്നു:
كَلَّا إِنَّ مَلَائِكَةً تَسْتُرُنَا بِأَجْنِحَتِهَا. [الطبراني في الكبير]
ഇല്ല, മലക്കുകൾ അവരുടെ ചിറകുകൾ കൊണ്ട് നമ്മെ മറച്ചു പിടിക്കുന്നുണ്ട്, തീർച്ച. (ത്വബാറാനി അൽ മുഅ്ജമുൽ കബീറിൽ ഉദ്ധരിച്ചത്)
പരാമൃഷ്ട വിഷയത്തെ കുറിച്ച് ലഭ്യമായ തെളിവുകൾ വെച്ച് പറയാവുന്ന കാര്യം ഇതാണ്. കൂടാതെ, അവർ സൂത്രം പ്രയോഗിക്കുന്നു. അല്ലാഹുവും സൂത്രം പ്രയോഗിക്കുന്നു. അവനാണ് സൂത്രം പ്രയോഗിക്കുന്നവരിൽ മികച്ചവൻ എന്നതു സംബന്ധിച്ചുള്ള വിശദീകരണത്തിന് നിസാഅ് : 142 കാണുക.