﴿ قَالَ يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ ﴾ [الأعراف ١٤٤]

അല്ലാഹു പറഞ്ഞു: ഓ മൂസാ, എന്‍റെ സന്ദേശം നൽകിക്കൊണ്ടും നേർക്കു നേർ സംസാരിച്ചു കൊണ്ടും ഞാൻ നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. (അഅ്റാഫ് 144)


അല്ലാഹുവിൻെറ സംസാരം എങ്ങിനെയായിരിക്കും? അതിനു അക്ഷരവും ശബ്ദവും ഉണ്ടോ? ഏതു ഭാഷയിലായിരിക്കും?  ഇതൊന്നും നമുക്കു അറിയുവാനോ സങ്കൽപിക്കുവാനോ സാധ്യമല്ല.  (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1148)


വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം സലഫുകളുടെ വിശ്വാസങ്ങളോടും രീതിയോടും ചേർന്നു പോകുന്നതല്ല. വചനം (كَلَامٌ) എന്ന ഗുണ വിശേഷത്തെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതു സംബന്ധിച്ചുള്ള അഹ്‌ലുസ്സുന്നഃയുടെ വിശ്വാസം എന്താണെന്നു ചുരുക്കി പറയുന്നത് ഫലപ്രദമായിരിക്കുമെന്ന് കരുതുന്നു.

അല്ലാഹു സംസാരിച്ചു എന്നോ അത് അല്ലാഹുവിൻെറ വചനമാണ് എന്നോ പറയുമ്പോൾ അതു കൊണ്ട് വിവക്ഷിക്കുന്നത് അവന് വചനം (كَلَام) എന്നു പറയുന്ന പൂർണ്ണതയുടെയും സൗന്ദര്യത്തിൻെറയും ഗുണവിശേഷമുണ്ട് എന്നാണ്.

അല്ലാഹുവിൻെറ സ്വിഫാതുകൾ ഖുർആനിലും സുന്നത്തിലും വന്ന അതേപടി സ്വീകരിക്കണം. അതിനെ റദ്ദു ചെയ്ത് അല്ലാഹുവിനെ നിർഗുണനാക്കാൻ (تَعْطِيلُ) പാടില്ല. അതിൻെറ വാക്കുകളിലോ ആശയങ്ങളിലോ ഭേദഗതി വരുത്താനോ വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കാനോ (تَحْرِيفٌ) പാടില്ല. അല്ലാഹു അറിയിച്ചു തന്നിട്ടില്ലാത്ത നിലക്ക് അവയുടെ രൂപം എങ്ങനെയാണെന്ന് (تكييف) നിരൂപിക്കാനോ പറയാനോ പാടില്ല. സൃഷ്ടികളുമായി താരതമ്യപ്പെടുത്തി അവക്ക് തുല്യതയും സാദൃശ്യവും ആരോപിക്കാനോ (تَمْثِيلٌ) പാടില്ല. സ്വിഫാതുകളെ അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽ മനസ്സിലാക്കണം. അവയുടെ അർത്ഥം നമുക്ക് അറിയാം. എന്നാൽ അവയുടെ രൂപം നമുക്ക് അറിയിച്ച് തന്നിട്ടില്ലാത്ത നിലക്ക് അത് അല്ലാഹുവിലേക്ക് ഏൽപിക്കണം. അല്ലാഹു യാതൊരു കാര്യം സ്ഥിരീകരിച്ചുവോ അത് സ്ഥിരീകരിക്കുകയും, യാതൊന്ന് നിഷേധിച്ചുവോ അത് നിഷേധിക്കുകയും യാതൊന്നിനെ കുറിച്ച് മൗനം പാലിച്ചുവോ അതിനെ കുറിച്ച് മിണ്ടാതിരിക്കുകയും വേണം.

സ്വിഫാതുകളെ കുറിച്ച് അവ എങ്ങനെയാണ്, അവയുടെ രൂപമെന്താണ് എന്ന് നബി ﷺ യോ സ്വഹാബിമാരോ ആരും ചോദിച്ചില്ല. അവർ അത് ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും സത്യപ്പെടുത്തുകയും വിശ്വസിക്കുകയുമാണ് ചെയ്തത്. അതേ നിലപാട് പിൻഗാമികളും സ്വീകരിക്കണം. മറിച്ച് അവയുടെ രൂപം എങ്ങനെയാണെന്ന് ആരായുന്ന രീതി മതത്തിലില്ലാത്ത നൂതന പ്രവണതയാണ്, ബിദ്അത്താണ്.

അല്ലാഹു അവൻ ഇഛിക്കുന്നതെന്തും ഇഛിക്കുന്ന പ്രകാരത്തിൽ ഇഛിക്കുന്ന സമയത്ത് ഇഛിക്കുന്നവരോട് സംസാരിക്കും. വചനം എന്ന അവൻെറ ഗുണം അനാദിയാണ്, അനന്തമാണ്. അത് പൂർണ്ണതയാണ്, ന്യൂനതയല്ല. അത് സൗന്ദര്യമാണ്, വിലക്ഷണമല്ല. അടിസ്ഥാനപരമായ ഈ ഗുണത്തെ സത്താപരമെന്ന് (صِفَةٌ ذَاتِيَّةٌ) വിശേഷിപ്പിക്കാം.

എന്നാൽ, അല്ലാഹു ഉദ്ദേശിക്കുമ്പോൾ സംസാരിക്കുന്ന വചനത്തിൻെറ ഓരോരോ ഏകകത്തെ കുറിച്ച് പറയാവുന്നത് അത് അവൻെറ ഇഛയുമായി (مَشِيئَةٌ) ബന്ധപ്പെട്ട കർമ്മപരമായ ഗുണവിശേഷമാണ് (صِفَةٌ فِعْلِيَّةٌ) എന്നതത്രെ.

അല്ലാഹുവിൻെറ ദൃഷ്ടാന്തമാണ് ഭാഷാവൈവിധ്യം. അവനാണ് മനുഷ്യനു ഭാഷാ ശേഷി നൽകിയത്. മനുഷ്യൻ ഉപയോഗിക്കുന്ന ഭാഷകൾ പഠിപ്പിക്കപ്പെട്ടതാണ്. അല്ലാഹു ദൂതന്മാരെ നിയോഗിക്കുന്നത് അഭിസംബോധിത സമൂഹത്തിൻെറ ഭാഷയിലാണ്. അല്ലാഹു വചിക്കുന്നത് ശബ്ദവും ലിപിയുമായിട്ടാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്ന നിരവധി പ്രമാണരേഖകൾ ഖുർആനിലും സുന്നത്തിലുമുണ്ട്. ഉദാഹരണമായി:

وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ. [التوبة 6]

[മുശ്‌രിക്കുകളിൽ ആരെങ്കിലും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്‍റെ വചനം അവന്‍ കേൾക്കുന്നതു വരെ അവനു അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്‌]. (തൗബഃ 6)

عَنْ عَبْدِ اللَّهِ بْنِ أُنَيْسٍ قَالَ: سَمِعْتُ النَّبِيَّ ﷺ يَقُولُ: يَحْشُرُ اللَّهُ العِبَادَ، فَيُنَادِيهِمْ بِصَوْتٍ يَسْمَعُهُ مَنْ بَعُدَ كَمَا يَسْمَعُهُ مَنْ قَرُبَ: أَنَا المَلِكُ، أَنَا الدَّيَّانُ. [البخاري في صحيحه معلقا ووصله في خلق أفعال العباد وأحمد في مسنده وصححه الألباني]

[അബ്‌ദുല്ലാ ബിൻ ഉനൈസ് -رَضِيَ اللهُ عَنْهُ- നിവേദനം. നബി ﷺ പറഞ്ഞു: അന്ത്യ നാളിൽ അല്ലാഹു സൃഷ്ടികളെ ഒരുമിച്ച് കൂട്ടും. സമീപത്തുള്ളവർ കേൾക്കുന്നതു പോലെ വിദൂരത്തള്ളവരും കേൾക്കുന്ന ശബ്ദത്തിൽ അവരോട് ഉച്ചത്തിൽ വിളിച്ചു പറയും: ഞാനാണ് അധികാരസ്ഥൻ, ഞാനാണ് പ്രതിഫലം നൽകുന്നവൻ.] (ബുഖാരി സ്വഹീഹിൽ മുഅല്ലഖായി ഉദ്ധരിച്ചത്)

عن عَبْدِ اللَّهِ بْنَ مَسْعُودٍ، يَقُولُ: قَالَ رَسُولُ اللَّهِ ﷺ: مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ المّ حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ [الترمذي في سننه وصححه الألباني]

[അബ്‌ദുല്ലാ ബിൻ മസ്ഊദ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിൻെറ ഗ്രന്ഥത്തിൽ നിന്ന് ഒരാൾ ഒരക്ഷരം പാരായണം ചെയ്താൽ അത് അവന്നുള്ള ഒരു നന്മയാണ്. നന്മ പത്തിരട്ടിയായിട്ടാണ് നൽകപ്പെടുക. അലിഫ്-ലാം-മീ എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല. മറിച്ച്, അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരവും. മീം വേറെ ഒരക്ഷരവും. (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

മുഹമ്മദ് നബി ﷺ യുടെ മുഅ്ജിസത്തും അവസാന ഗ്രന്ഥവുമായ ഖുർആൻ സൃഷ്ടിയല്ല, അല്ലാഹുവിൻെറ വചനമാണ്. ശബ്ദവും ലിപിയും സഹിതമാണ് അവൻ അതു വചിച്ചത്. അത് ഉപരിയിൽനിന്ന് ഇറക്കപ്പെട്ടതാണ്. അവനിൽനിന്നുള്ളതും അവനിലേക്കു തന്നെ മടങ്ങാനുള്ളതുമാണ്. ഖുർആനിനെ കുറിച്ചുള്ള അഹ്‌ലുസ്സുന്നഃയുടെ വിശ്വാസത്തിൻെറ സംഗ്രഹമാണിത്.

വിശദമായ വായനക്കായി അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനം കാണുക.