﴿ إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ ﴾ [الأعراف ٥٤]

«നിശ്ചയമായും നിങ്ങളുടെ റബ്ബ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹുവാണ്. എന്നിട്ട് അവന്‍ അർശിനും ഉപരിയിലായി. അവൻ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടുന്നു. തൻെറ കല്‍പനയ്ക്കു വിധേയമായി വർത്തിക്കുന്ന സൂര്യ ചന്ദ്ര നക്ഷത്രാദികളെ സൃഷ്ടിച്ചതും അവനാണ്. അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവനു മാത്രമാണ്. ലോകങ്ങളുടെ റബ്ബായ അല്ലാഹു ഐശ്വര്യപൂര്‍ണ്ണനായിരിക്കുന്നു». (അഅ്റാഫ് 54)


വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു  നൽകിയിരിക്കുന്ന വ്യാഖ്യാനം സൂക്ഷ്മമല്ല. ആയതിനാൽ വ്യക്തതക്കു വേണ്ടി ثُمَّ اسْتَوَىٰ عَلَى الْعَرْشِ (എന്നിട്ട് അല്ലാഹു അർശിനും ഉപരിയിലായി) എന്ന വചനത്തിന് ഒരു വിശദീകരണം നൽകാം. ഇതിൽ മുഖ്യമായും മൂന്നു കാര്യങ്ങളാണ് ചർച്ച ചെയ്യാനുള്ളത്.

(ഒന്ന്) اسْتَوَىٰ عَلَى الْعَرْشِ (അവൻ അർശിനും ഉപരിയിലായിരിക്കുന്നു) എന്നത് അല്ലാഹുവിൻെറ ഒരു വിശേഷണമാണ്. അവൻെറ നാമ ഗുണവിശേഷങ്ങൾ അടങ്ങിയിരിക്കുന്ന പ്രമാണ വചനങ്ങളെ സലഫുകൾ എങ്ങനെയാണ് മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നത് എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ലോകാവസാനം വരെയുള്ള അഹ്‌ലുസ്സുന്നഃ പിന്തുടരേണ്ടത് അവരുടെ പാതയാണല്ലോ. അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ എങ്ങനെ വായിക്കണം, എങ്ങനെ മനസ്സിലാക്കണം, എങ്ങനെ സ്വീകരിക്കണം എന്നതു സംബന്ധിച്ച് സലഫുകൾ ഉയർത്തിപ്പിടിച്ച വിശ്വാസങ്ങളിൽനിന്നും, പിന്തുടർന്നു പോന്ന നയനിലപാടുകളിൽനിന്നും ലഭ്യമായിട്ടുള്ള പൊതുവായ തത്ത്വങ്ങൾ ആദ്യം ചർച്ച ചെയ്യാം.

(രണ്ട്) അർശിനെ കുറിച്ച് പറയുന്ന പ്രമാണ രേഖകൾ സലഫുകൾ എങ്ങനെ വായിച്ചു, അതിൽനിന്ന് എന്തു മനസ്സിലാക്കി, അർശിനെ കുറിച്ചുള്ള അവരുടെ വിശ്വാസം എന്തായിരുന്നു എന്നതാണ് രണ്ടാമത്തെ ചർച്ചാ വിഷയം.

(മൂന്ന്) اسْتَوَىٰ عَلَى الْعَرْشِ അല്ലാഹു അർശിന്റെ ഉപരിയിൽ ‘ഇസ്തിവാഅ്’ ചെയ്തിരിക്കുന്നു എന്നതിലെ ഇസ്തിവാഇനെ അവർ എങ്ങനെ വായിച്ചു? അതിനെ കുറിച്ച് അവർ എന്ത് മനസ്സിലാക്കി? ‘ഇസ്തിവാഇനെ’ കുറിച്ചുള്ള അവരുടെ വിശ്വാസം എന്തായിരുന്നു? ഇതാണ് മൂന്നാമതായി പരിശോധിക്കാനുള്ളത്.

നാമ ഗുണവിശേഷങ്ങൾ സംബന്ധിച്ച പൊതു തത്ത്വങ്ങൾ

 അല്ലാഹുവിലുള്ള വിശ്വാസത്തിൻെറ ഭാഗമാണ് അവൻെറ ഉൽകൃഷ്ടമായ നാമങ്ങളിലും ഉന്നതമായ ഗുണവിശേഷങ്ങളിലുമുള്ള വിശ്വാസം. ഖുർആനും നബിചര്യയുമാണ് അവയുടെ സ്രോതസ്സ്. അല്ലാഹു തൻെറ ഗ്രന്ഥത്തിലൂടെയോ, തിരുദൂതനായ മുഹമ്മദ് നബി ﷺ തൻെറ നാവിലൂടോയോ അല്ലാഹുവിനെ കുറിച്ച് നടത്തിയ വർണ്ണനകളും വിശേഷണങ്ങളുമായിരിക്കും അവ. അവയിൽ വന്നിരിക്കുന്ന അവൻെറ നാമങ്ങളിലും ഗുണവിശേഷങ്ങളിലും അതേപടി വിശ്വസിക്കണം. അതിൽ കൃത്യവിലോപം സംഭവിക്കാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.

(ഒന്ന് : تَحْرِيفٌ – ഭേദഗതി വരുത്തൽ) അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ പ്രതിപാദിച്ചിരിക്കുന്ന പ്രമാണ രേഖകളിൽ تَحْرِيف നടത്താൻ പാടില്ല. എന്നു വെച്ചാൽ വളച്ചൊടിക്കലോ മാറ്റത്തിരുത്തലുകളോ ഭേദഗതികളോ വരുത്താൻ പാടില്ല എന്നു സാരം. രണ്ടു രൂപത്തിൽ تَحْرِيف വരുത്താം. ഒന്നുകിൽ പദങ്ങളിലും വാക്യങ്ങളിലും വരുത്തുന്ന തിരുത്തലുകൾ (تحريف لفظي). മുൻകാല ഗ്രന്ഥങ്ങളിൽ അത്തരം തിരുത്തുലുകൾ ധാരാളം ഉണ്ടായിട്ടുണ്ടെന്ന് ഖുർആനിൽ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക:

﴿ أَفَتَطْمَعُونَ أَن يُؤْمِنُوا لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلَامَ اللَّهِ ثُمَّ يُحَرِّفُونَهُ مِن بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ﴾ [البقرة 75]

«യഹൂദര്‍ നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിൻെറ വചനങ്ങള്‍ കേള്‍ക്കുകയും, അത് മനസ്സിലാക്കിയ ശേഷം അറിഞ്ഞുകൊണ്ട് അതില്‍ മാറ്റത്തിരുത്തലുകൾ വരുത്തിക്കൊണ്ടിരിക്കുകയുമാണ്». (ബഖറഃ 75)

എന്നാൽ ലോകാവസാനം വരെ നിലനിൽക്കേണ്ട അവസാന ഗ്രന്ഥമായ ഖുർആനിൽ അത്തരം തിരുത്തലുകൾ സാധ്യമല്ല. കാരണം അതിൻെറ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. അല്ലാഹു പറയുന്നു:

﴿ إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴾ [الحجر ٩]

«തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ്». (ഹിജ്ർ 9)

അല്ലെങ്കിൽ, ആശയങ്ങളിൽ വരുത്തുന്ന മാറ്റത്തിരുത്തലുകൾ (تحريف معنوي). തെറ്റായ അർത്ഥകൽപന നടത്തി, വസ്തുതകൾ വളച്ചൊടിച്ച്, പ്രമാണ രേഖകൾ ദുർവ്യാഖ്യാനച്ചു കൊണ്ട് നടത്തുന്ന ഭേദഗതികളാണ് അവ. അത്തരം تَحْرِيف മുൻകാലത്തെന്ന പോലെ മുഹമ്മദ് നബി ﷺ യുടെ സമുദായത്തിലും ധാരാളമായി നടന്നിട്ടുണ്ട്. പിഴച്ച കക്ഷികൾ അത്തരം മാറ്റത്തിരുത്തലുകൾ വലിയ തോതിൽ നടത്താൻ ശ്രമിച്ചിട്ടുള്ളത് അല്ലാഹുവിനെ കുറിച്ച് വർണ്ണിക്കുന്ന പ്രമാണ വചനങ്ങളിലാണ്. ആയതിനാൽ അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ പ്രതിപാദിക്കുന്ന പ്രമാണ വചനങ്ങൾക്ക് അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥം മാത്രമേ കൽപിക്കാവൂ. ബാഹ്യാർത്ഥത്തിൽനിന്ന് മറ്റു അർത്ഥങ്ങളിലേക്ക് അവയെ വ്യതിചലിപ്പിക്കാൻ പാടില്ല. കാരണം ഖുർആനിക ശബ്ദങ്ങൾ ഓരോന്നും അല്ലാഹു പ്രയോഗിച്ചിരിക്കുന്നത് അവയുടെ സവിശേഷമായ അർത്ഥങ്ങളും ധ്വനികളും വ്യക്തമാക്കുന്ന ഉപാധികളോടു കൂടിയാണ്. ഖുർആനിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഏതൊരു ശബ്ദത്തിനും അതിൻെറ ബാഹ്യാർത്ഥം വിട്ട് മറ്റൊരർത്ഥം കൽപിക്കണമെങ്കിൽ രണ്ടു നിബന്ധനകൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്. (ഒന്ന്) ബാഹ്യാർത്ഥത്തിൽനിന്ന് അതിനെ വ്യതിചലിപ്പിക്കേണ്ട അനിവാര്യത. (രണ്ട്) ബാഹ്യാർത്ഥം വിട്ട് പുതുതായി ചാർത്തുന്ന അർത്ഥം ഏതാണോ അതിനെ സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം.

﴿ أَتَىٰ أَمْرُ اللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ﴾ [النحل ١]

«അല്ലാഹുവിൻെറ കല്‍പന വരാനായിരിക്കുന്നു, എന്നാല്‍ നിങ്ങളതിന് ധൃതി കാണിക്കേണ്ടതില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ ഉന്നതനും പരിശുദ്ധനുമാണ് അല്ലാഹു». (നഹ്ൽ 1)

അല്ലാഹുവിൻെറ കൽപന (അന്ത്യനാൾ) വന്നുകഴിഞ്ഞിരിക്കുന്നു എന്നാണ് മേൽ സൂക്തത്തിൻെറ ബാഹ്യാർത്ഥം. (أَتَى) എന്ന ഭൂതകാല ക്രിയയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. പക്ഷെ, അല്ലാഹുവിൻെറ കൽപനയാകുന്ന അന്ത്യനാൾ വന്നു കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ട്  ബാഹ്യാർത്ഥത്തിൽ മാറ്റം വരുത്തേണ്ട അനിവാര്യത നിലനിൽക്കുന്നു. ഇവിടെ അതിൻെറ അർത്ഥം വന്നു കഴിഞ്ഞു എന്നല്ല, ഉറപ്പായും വരും എന്നാണ്. അതിനെ സാധൂകരിക്കുന്ന സാഹചര്യ തെളിവ് അതേ സൂക്തത്തിൽ തന്നെയുണ്ട് താനും. ‘നിങ്ങളതിന് ധൃതി കാണിക്കേണ്ടതില്ല’ എന്ന വചനമാണ് അത്.

ഖുർആനിക ശബ്ദങ്ങളുടെ യഥാതഥവും ബാഹ്യവുമായ അർത്ഥത്തിൽ വല്ല മാറ്റവും വരുത്തണമെങ്കിൽ മുകളിൽ പറഞ്ഞതു  പോലെ അതിനുള്ള നിബന്ധനകൾ പൂർത്തീകരിക്കേണ്ടതുണ്ട്. എന്നാൽ, ആലങ്കാരിക പ്രയോഗങ്ങൾ (metaphor) പോലെ പിന്നീട് വന്ന നൂതനമായ പല ഭാഷാ സങ്കേതങ്ങളും ഖുർആനിൽ മാറ്റത്തിരുത്തലുകൾ നടത്താനുള്ള ശക്തമായ ഉപകരണമായിട്ടാണ് പിഴച്ച കക്ഷികൾ ഉപയോഗിക്കുന്നത്. പ്രമാണങ്ങളിലെ മൂലവാക്യങ്ങൾക്ക് അല്ലാഹുവും അവൻെറ ദൂതനും കൽപിച്ച അർത്ഥങ്ങളും വിവക്ഷകളുമുണ്ട്. ആ അർത്ഥങ്ങളിലും വിവക്ഷകളിലും തന്നെ അവ വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രയോഗവൽക്കരിക്കപ്പെടുകയും വേണം. അതിനെ മറികടന്ന് തെറ്റായ അർത്ഥകലൽപനകളും വ്യാഖ്യാനങ്ങളും ചമക്കാൻ ഖദ്‌രി, ജഹ്‌മി, മുഅ്തസിലി, അശ്അരി, മാതുരീദി, അഖ്‌ലാനി, ഇഖ്‌വാനി, ഇസ്വ്‌ലാഹി പോലുള്ള പിഴച്ച കക്ഷികൾ ആലങ്കാരികം (مَجَازٌ) പോലുള്ള സങ്കേതങ്ങളെ കൂട്ടുപിടിക്കുക പതിവുള്ള കാര്യമാണ്. ഏതൊരു പ്രമാണ വാക്യം തങ്ങളുടെ അഭീഷ്ടങ്ങൾക്ക് വഴങ്ങുന്നില്ലയോ അതിനെ ആലങ്കാരികം എന്നു വിശേഷിപ്പിക്കുകയും പിന്നീട് തന്നിഷ്ടമനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യും. ഇതെല്ലാം തഹ്‌രീഫിൻെറ പരിധിയിലാണ് ഉൾപ്പെടുക.

(രണ്ട് : تَعْطِيلٌ – നിർഗുണീകരണം) അതേ പോലെ, അവൻെറ നാമ ഗുണവിശേഷങ്ങൾ تَعْطِيلٌ ചെയ്യാനും പാടില്ല. അഥവാ, അല്ലാഹു അവന് ഉണ്ടെന്ന് സ്ഥിരീകരിച്ച നാമ ഗുണവിശേഷങ്ങളെ മൊത്തമായോ ഭാഗികമായോ നിഷേധിക്കാനും തദ്വാരാ അവനെ നിർഗുണീകരിക്കാനും പാടില്ല എന്നർത്ഥം. തഅ്ത്വീൽ നടത്തുന്നത് ചിലപ്പോൾ നാമ ഗുണങ്ങളെ നേർക്കുനേർ നിഷേധിച്ചു കൊണ്ടാവാം. അല്ലെങ്കിൽ അവയെ ദുർവ്യാഖാനിച്ചു കൊണ്ടാവാം. രണ്ടും അല്ലാഹുവിനെ നിർഗുണീകരിക്കുന്ന നടപടി തന്നെ.

സ്വാഭാവികമായി തോന്നാവുന്ന ഒരു സംശയം, ഒന്നാമതു പറഞ്ഞ തഹ്‌രീഫും രണ്ടാമതു പറഞ്ഞ തഅ്ത്വീലും തമ്മിലുള്ള വ്യത്യാസമെന്ത് എന്നുള്ളതാണ്. തഹ്‌രീഫ് നടത്തുന്നത് തെളിവുകളിലായിരിക്കും. തഅ്ത്വീൽ നടത്തുന്നത് തെളിവുകൾ സമർത്ഥിക്കുന്ന ആശയങ്ങളിലായിരിക്കും.

ഉദാഹരണമായി, അല്ലാഹു പറയുന്നത് കാണുക: ﴾بَلْ يَدَاهُ مَبْسُوطَتَانِ﴿ «മറിച്ച്, അവൻെറ ഇരു കൈകളും നിവർത്തപ്പെട്ടതാണ്». ഈ വചനത്തെ പിഴച്ച കക്ഷികൾ ദുർവ്യാഖ്യാനിക്കുക, അവൻെറ ശക്തിയും അനുഗ്രഹങ്ങളും എങ്ങും വ്യാപിച്ചു കിടക്കുന്നു എന്നാണ്. ഇത് പ്രമാണരേഖയിൽ നടത്തുന്ന തഹ്‌രീഫ് ആണ്. അതിൻെറ ശരിയായ വിവക്ഷ അല്ലാഹുവിന് രണ്ടു കൈകളുണ്ട്, അവ നിവർത്തപ്പെട്ടവയാണ് എന്നതാണ്. ദുർവ്യാഖ്യാനത്തിലൂടെ അതിൻെറ ശരിയായ വിവക്ഷ നിഷേധിക്കുകയും അല്ലാഹുവിന് രണ്ടു കൈകളുണ്ടെന്ന യാഥാർത്ഥ്യം റദ്ദുചെയ്ത് അവനെ നിർഗുണീകരിക്കുകയും ചെയ്യുന്നു. ഇതാണ് തഅ്ത്വീൽ.

ജഹ്‌മികളെ പോലുള്ളവർ അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങളെ പച്ചയായി നിഷേധിക്കുന്നു. നാമ ഗുണങ്ങളുടെ നിഷേധത്തിലൂടെ അവർ അല്ലാഹുവിനെ നിർഗുണീകരിക്കുന്നു. അശ്അരികളെ പോലുള്ളവർ അപൂർവ്വം ചില സത്താപരമായ ഗുണങ്ങളൊഴികെ മിക്ക ഗുണവിശേഷങ്ങളെയും ദുർവ്യാഖ്യാനിക്കുന്നു. അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥം മാറ്റിത്തിരുത്തുന്നതിലൂടെ അവരും അല്ലാഹുവിനെ ഭാഗികമായി നിർഗുണീകരിക്കുന്നു. മുഫവ്വിളഃ വിഭാഗം അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങളുടെ അർത്ഥമോ യാഥാർത്ഥ്യമോ അവർക്ക് അറിയില്ലെന്നും, അവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്ക് ഏൽപിച്ച് تَفْوِيضٌ ചെയ്യുകയാണെന്നും വാദിക്കുന്നു. ഫലത്തിൽ അവരും അല്ലാഹുവിനെ പൂർണ്ണമായി നിർഗുണീകരിക്കുന്നു. ചുരുക്കത്തിൽ, അല്ലാഹുവിൻെറ നാമ ഗുണങ്ങളെ നിഷേധിക്കുന്നവരും ദുർവ്യാഖ്യാനിക്കുന്നവരും മൊത്തം തഫ്‌വീള് ചെയ്യുന്നവരും ഒരു പോലെ അവനെ അവൻെറ ഉൽകൃഷ്ടമായ നാമങ്ങളിൽനിന്നും ഉന്നതമായ പൂർണ്ണതയുടെ ഗുണവിശേഷങ്ങളിൽനിന്നും ഒഴിവാക്കി നിർഗുണീകരിക്കുന്നു.

അല്ലാഹുവിനെ നിർഗുണീകരിക്കുകയും അവന്നുണ്ട് എന്ന് അവൻ തന്നെ സ്ഥിരീകരിച്ച ഉൽകൃഷ്ടമായ നാമങ്ങളിൽനിന്നും പൂർണ്ണതയുടെ ഗുണവിശേഷങ്ങളിൽനിന്നും അവനെ ഒഴിവാക്കുകയും ചെയ്താൽ, ആരാണ് അല്ലാഹു എന്ന ചോദ്യത്തിന് പിന്നെ ഉത്തരം പറയാനാവില്ല. തീർച്ചയായും അതു കൊണ്ടെത്തിക്കുക ശൂന്യതാവാദത്തിലേക്കായിരിക്കും. എല്ലാം വ്യർത്ഥവും അസംബന്ധവുമാക്കിത്തീർക്കുന്ന മാരകമായ ബൗദ്ധിക ഭ്രംശമാണ് തഅ്ത്വീൽ. ഈ യാഥാർത്ഥ്യത്തിലേക്കാണ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللهُ- വിരൽ ചൂണ്ടുന്നത്.

قَالَ بَعْضُ الْعُلَمَاءِ: الْمُعَطِّلُ يَعْبُدُ عَدَمًا، وَالْمُمَثِّلُ يَعْبُدُ صَنَمًا، الْمُعَطِّلُ أَعْمَى وَالْمُمَثِّلُ أَعْشَى؛ وَدِينُ اللَّهِ بَيْنَ الْغَالِي فِيهِ وَالْجَافِي عَنْهُ. وَقَدْ قَالَ تَعَالَى: ﴿وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا﴾ وَالسُّنَّةُ فِي الْإِسْلَامِ كَالْإِسْلَامِ فِي الْمِلَلِ. [ابن تيمية في مجموع فتاويه]

«പണ്ഡിതരിൽ ചിലർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: നിർഗുണീകരിക്കുന്ന തഅ്ത്വീൽ വാദികൾ ആരാധിക്കുന്നത് ശൂന്യതയെയാണ്. അല്ലാഹുവിനെ സൃഷ്ടികളോട് സമീകരിക്കുന്നവർ ആരാധിക്കുന്നത് വിഗ്രഹത്തെയാണ്. തഅ്ത്വീൽ വാദികൾ പുർണ്ണ അന്ധന്മാരാണെങ്കിൽ സമീകരണ വാദികൾ ഭാഗികമായി ആന്ധ്യം ബാധിച്ചവരാണ്. അല്ലാഹുവിൻെറ ദീൻ തീവ്രതക്കും ജീർണ്ണതക്കും മധ്യെയാണ്. അവൻ പറയുന്നു: «അപ്രകാരം നിങ്ങളെ നാം മധ്യമ സമുദായമാക്കിയിരിക്കുന്നു». മതങ്ങളുടെ വർണ്ണരാജിയിൽ ഇസ്‌ലാമിനുള്ള സ്ഥാനമാണ് ഇസ്‌ലാമിൽ സുന്നത്തിനുള്ളത്». (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

(മൂന്ന് : تَكْيِيفٌ – രൂപം നൽകൽ) അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങളെ تَكْيِيفٌ ചെയ്യാൻ പാടില്ല. അഥവാ അവൻെറ ഒരു ഗുണവിശേഷത്തിനും നാം രൂപം നിരൂപിക്കാൻ പാടില്ല. ഒരു കാര്യം എങ്ങനെയിരിക്കുന്നു എന്ന് പറയുന്നതാണ് ‘തക്‌യീഫ് ‘. كَيْفَ – എങ്ങനെ – എന്ന ചോദ്യവാക്കിൽനിന്നാണ് تَكْيِيفٌ എന്ന പദത്തിൻെറ നിഷ്പാദനം. كَيْفَ എന്ന വാക്ക് ഉപയോഗിച്ചു കൊണ്ടുള്ള ചോദ്യത്തിൻെറ ഉത്തരമായിരിക്കും تَكْيِيفٌ എന്നു സാരം. സൃഷ്ടികൾ സ്വന്തം നിലയിൽ അല്ലാഹുവിൻെറ ഗുണവിശേഷങ്ങൾക്ക് രൂപം നൽകുന്നത് കടുത്ത പാതകമാണ്. ഇതിനർത്ഥം അല്ലാഹുവിൻെറ ഗുണവിശേഷങ്ങൾക്ക് രൂപമില്ല എന്നല്ല. മറിച്ച്, അവൻ നമുക്ക് അവൻെറ ഗുണവിശേഷങ്ങൾ മാത്രമേ അറിയിച്ചു തന്നിട്ടുള്ളു; അവയുടെ രൂപം അറിയിച്ചു തന്നിട്ടില്ല എന്നർത്ഥം. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം. അല്ലാഹുവിൻെറ ഇത്തരം വിശേഷണങ്ങളിൽ കൃത്രിമം കാണിക്കുന്ന ഒരാൾ ചോദിക്കുന്നു: അല്ലാഹു ഒന്നാമത്തെ ആകാശത്തിലേക്ക് ഇറങ്ങിവരും എന്നാണല്ലോ നീ വിശ്വസിക്കുന്നത്. എങ്കിൽ അവൻ എങ്ങനെയാണ് ഇറങ്ങുന്നത്? അവനോട് പറയേണ്ടത്, അല്ലാഹു ഒന്നാമത്തെ ആകാശത്തിലേക്ക് ഇറങ്ങിവരും എന്ന് അറിയിച്ചിട്ടുണ്ട്. അത് ഞാൻ വിശ്വസിക്കുന്നു. എങ്ങനെ ഇറങ്ങും എന്ന് അറിയച്ചിട്ടില്ല. അതിനാൽ അതിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല. അവൻ അറിയിച്ചു തന്നിട്ടില്ലാത്ത കാര്യം നാം സ്വയം നിരൂപിക്കുന്നതാണ് തെറ്റ്. അത് അല്ലാഹുവിൻെറ പേരിൽ വ്യാജം ചമക്കലായി മാറും. അല്ലാഹു പറയുന്നത് കാണുക:

﴿ قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ ﴾ [الأعراف ٣٣]

«പറയുക: എൻെറ റബ്ബ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളും, കുറ്റകൃത്യങ്ങളും, അന്യായമായ കയ്യേറ്റവും, അവൻ യാതൊരു രേഖയും ഇറക്കിത്തന്നിട്ടില്ലാത്ത നിലയിൽ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, നിങ്ങൾക്ക് രേഖാമൂലമുള്ള അറിവ് ലഭിച്ചിട്ടില്ലാത്ത കാര്യം അല്ലാഹുവിൻെറ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌». (അഅ്റാഫ് 33)

﴿ وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا﴾ [الإسراء ٣٦]

«നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തെയും നീ പിന്തുടരരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌». (ഇസ്റാഅ് 36)

ഒരു വസ്തുവിൻെറ രൂപം അറിയാൻ മൂന്ന് മാഗ്ഗങ്ങളേയുള്ളു. ഒന്നുകിൽ അതിനെ നേരിട്ടു കാണണം. അപ്പോൾ അതിൻെറ യഥാർത്ഥ രൂപം മനസ്സിലാക്കാൻ കഴിയും. അല്ലെങ്കിൽ സമാനമായ മറ്റൊന്ന് കണ്ടിരിക്കണം. അപ്പോൾ സമാനമായതിനോട് അതിനെ താരതമ്യം ചെയ്യാൻ സാധിക്കും. അതുമല്ലെങ്കിൽ, സത്യസന്ധനായ ഒരാൾ അത് വിവരിച്ചു തരണം. അല്ലാഹുവിൻെറ ഗുണ വിശേഷണങ്ങളുടെ രൂപം അറിയാൻ ഈ മൂന്നു മാർഗ്ഗങ്ങളും ലഭ്യമല്ല. അതിനാൽ അവയുടെ രൂപം അറിയില്ല, അത് അല്ലാഹുവിലേക്ക് വിടുന്നു എന്നു പറയാനേ നമുക്ക് നിവൃത്തിയുള്ളു.

ഇമാം മാലിക് -رَحِمَهُ اللهُ- യോട് ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി കാണുക:

عَنْ يَحْيَى بْنَ يَحْيَى، يَقُولُ: كُنَّا عِنْدَ مَالِكِ بْنِ أَنَسٍ فَجَاءَ رَجُلٌ فَقَالَ: يَا أَبَا عَبْدِ اللَّهِ، ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾ (طه ٥) فَكَيْفَ اسْتَوَى؟ قَالَ: فَأَطْرَقَ مَالِكٌ بِرَأْسِهِ ‌حَتَّى ‌عَلَاهُ ‌الرُّحَضَاءُ ثُمَّ قَالَ: الِاسْتِوَاءُ غَيْرُ مَجْهُولٍ، وَالْكَيْفُ غَيْرُ مَعْقُولٍ، وَالْإِيمَانُ بِهِ وَاجِبٌ، وَالسُّؤَالُ عَنْهُ بِدْعَةٌ، وَمَا أَرَاكَ إِلَّا مُبْتَدِعًا. فَأَمَرَ بِهِ أَنْ يُخْرَجَ. [البيهقي في الأسماء والصفات]

«യഹ്‌യാ ബിൻ യഹ്‌യാ നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ മാലിക് ബിൻ അനസ് -رَحِمَهُ اللهُ- യുടെ അരികിലായിരിക്കുമ്പോൾ ഒരാൾ വന്നുകൊണ്ട് ചോദിച്ചു: അബൂ അബ്ദില്ലാ, «റഹ്‌മാനായ അല്ലാഹു അർശിൻെറ ഉപരിയിൽ ഇസ്തിവാഅ് ചെയ്തിരിക്കുന്നു» (ത്വാഹാ 5) എന്നാണല്ലോ. എങ്ങനെയാണ് അവൻ ഇസ്തിവാഅ് ചെയ്തത്? നിവേദകനായ യഹ്‌യാ പറയുന്നു: ഇമാം മാലിക് -رَحِمَهُ اللهُ- അപ്പോൾ തൻെറ തല താഴ്‌ത്തിപ്പിടിച്ചു. അങ്ങനെ അദ്ദേഹം വിയർപ്പിൽ മുങ്ങി. പിന്നെ അദ്ദേഹം പറഞ്ഞു: ഇസ്തിവാഅ് അജ്ഞാതമല്ല. എന്നാൽ അതിൻെറ രൂപം ഗ്രാഹ്യവുമല്ല. അതിൽ വിശ്വസിക്കൽ നിർബ്ബന്ധമാണ്. അതിനെ കുറിച്ച് ചോദിക്കൽ നൂതന പ്രവണതയുമാണ്. നിന്നെ ഒരു ബിദ്അത്തുകാരനായിട്ടാണ് ഞാൻ കാണുന്നത്. അങ്ങനെ അയാളെ പുറത്താക്കാൻ കൽപിക്കുകയും ചെയ്തു». (ബൈഹഖി തൻെറ അൽഅസ്മാഉ വസ്സ്വിഫാതിൽ ഉദ്ധരിച്ചത്)

ഇത് ഇമാം മാലികിൻെറ മാത്രം വാക്കായി കാണേണ്ടതില്ല. അദ്ദേഹത്തിൻെറ ഗുരുവര്യനായ റബീഅഃ -رَحِمَهُمَا اللهُ- യിൽനിന്നും ഇതേ കാര്യം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, നബി ﷺ യുടെ പത്നിയായ ഉമ്മുസലമഃ -رَضِيَ اللهُ عَنْهَا- ൽനിന്നുള്ള ഉദ്ധരണി വേറെയുമുണ്ട്. അതിൻെറ നിവേദക പരമ്പരയെ കുറിച്ച് ചില ആക്ഷേപങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇവിടെ വിസ്മരിക്കുന്നില്ല.

عن أم سلمة قالت: الاستواء غير مجهول والكيف غير معقول والإقرار به إيمان والجحود له كفر، أخرجه ابن مردويه. [صديق حسن خان القنوجي في تفسيره فتح البيان في مقاصد القرآن]

«ഉമ്മുസലമഃ -رَضِيَ اللهُ عَنْهَا- നിവേദനം. അവർ പറയുന്നു: ഇസ്തിവാഅ് അജ്ഞാതമല്ല, അതിൻെറ രൂപം ഗ്രാഹ്യവുമല്ല. അത് അംഗീകരിക്കൽ ഈമാനാണ്. അത് നിഷേധിക്കൽ അവിശ്വാസവുമാണ്. ഉദ്ധരണം: ഇബ്‌നു മർദൂയഃ». (സിദ്ദീഖ് ഹസൻ ഖാൻ | ഫത്ഹുൽ ബയാൻ ഫീ മഖാസ്വിദിൽ ഖുർആൻ)

മുകളിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് സംശയരഹിതമായും തെളിയുന്ന വസ്തുത ഇതാണ്: സലഫുകൾ അല്ലാഹുവിൻെറ ഗുണവിശേഷങ്ങൾ പരാമർശിക്കുന്ന പ്രമാണരേഖകളെ അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിലാണ് സ്വീകരിച്ചിരുന്നത്. അവയുടെ യഥാർത്ഥമായ അർത്ഥം സ്ഥിരീകരിക്കുകയും അത് അറിയുമെന്ന് പറയുകയും ചെയ്യും. എന്നാൽ അവയുടെ രൂപം ഗ്രാഹ്യമല്ലാത്തതിനാലും, അല്ലാഹു അറിയിച്ചു തന്നിട്ടില്ലാത്തതിനാലും, അത് അറിയില്ലെന്ന് പറയുകയും അല്ലാഹുവിലേക്ക് ഏൽപിക്കുകയുമാണ് അവർ ചെയ്തിരുന്നത്. ഇതാണ് അഹ്‌ലുസ്സുന്നഃയുടെ ശരിയായ നിലപാട്.

എന്നാൽ, അവയുടെ അർത്ഥമോ യാഥാർത്ഥ്യമോ അറിയില്ല, അവയുടെ രൂപമോ പ്രകാരമോ ഗ്രാഹ്യമല്ല. അവയെ കുറിച്ച് ഒന്നും അറിയില്ല. എല്ലാം അല്ലാഹുവിലേക്ക് വിടുന്നു എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. അവരാണ് മുഫവ്വിളഃ (مُفَوِّضَة). സലഫുകളെ പിന്തുടരുന്നവരും സുന്നത്തിൻെറ അവകാശികളുമാണ് തങ്ങൾ എന്ന് അവർ വാദിക്കാറുണ്ട്. യഥാർത്ഥത്തിൽ അവർ സലഫുകളുടെ വിശ്വാസത്തിന് കടകവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരാണ്. അവരുടെ ഈ വാദഗതി ഖുർആനിനെ കളവാക്കലാണ്, നബി ﷺ യെ വിവരദോഷിയാക്കലാണ്, ഇസ്‌ലാമിൻെറ ശത്രുക്കളായ ദാർശനികന്മാർക്ക് കടന്നു കേറാൻ വഴിയൊരുക്കലാണ്. അല്ലാഹു ഖുർആൻ ഇറക്കിയത് കാര്യങ്ങൾ വ്യവഛേദിച്ചു മനസ്സിലാക്കിത്തരാൻ വേണ്ടിയാണ്. അല്ലാഹുവിൻെറ നാമങ്ങളും ഗുണവിശേഷങ്ങളും അടങ്ങുന്ന നിരവധിയായ വചനങ്ങളെ കുറിച്ച് അവയുടെ അർത്ഥമോ യാഥാർത്ഥ്യമോ രൂപമോ ഒന്നും നമുക്ക് അറിയില്ല; എല്ലാം അല്ലാഹുവിലേക്ക് വിടുന്നു എന്ന് പറയുന്നത് ഖുർആനിനെ കളവാക്കലാണ്. അത്തരം കാര്യങ്ങൾ ഒന്നും നബി ﷺ ക്ക് അറിയുമായിരുന്നില്ല എന്ന് ജൽപിക്കുന്നത് വലിയ ദുരാരോപണമാണ്. അല്ലാഹുവിനെ കുറിച്ച് പറയുന്ന ഒരു കാര്യവും നബി ﷺ ക്ക് അറിയില്ല. അർത്ഥമില്ലാത്ത ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുക മാത്രമാണ് അവിടുന്ന് ചെയ്തിരുന്നത് എന്ന് വരുത്തിത്തീർക്കുന്നത് എന്തുമാത്രം വലിയ തെറ്റാണ്. ഈ നിലപാട് ദാർശനികന്മാർക്കും ഇൽമുൽ കലാമിൻെറ ആളുകൾക്കും ഇസ്‌ലാമിക വിശ്വാസ സംഹിതകളിലേക്ക് കടന്നു കേറാൻ വഴിവെക്കുകയാണ് ചെയ്യുന്നത്. നിങ്ങൾക്കറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ. ദാർശനികന്മാർ തത്ത്വജ്ഞാനികളാണ്. അവർ സംസാരിക്കട്ടെ. അതിനെ കുറിച്ച് അറിവുള്ളവർ അവരാണ് എന്ന നാട്യത്തിൽ അവർ രംഗം വാഴുന്ന സ്ഥിതിയാണുണ്ടാവുക.

വിശ്വാസപരമായ കാര്യങ്ങളിൽ വേണ്ടത്ര അവഗാഹമില്ലാത്തവർ ചിലപ്പോൾ അവരെ അഹ്‌ലുസ്സുന്നഃയായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. യഥാർത്ഥത്തിൽ രണ്ടും രണ്ടു തന്നെയാണ്. മാത്രമല്ല, മുഫവ്വിളഃ വിഭാഗം മുന്നോട്ടു വെക്കുന്ന വാദഗതി ഏറെ ഹീനവും ദുഷിച്ചതുമാണ്. ഇക്കാര്യം ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللهُ- അടിവരയിടുന്നത് കാണുക:

فتبين أن قول أهل التفويض الذين يزعمون أنهم متبعون للسنة والسلف من شر أقوال أهل البدع والإلحاد. [ابن تيمية في درء تعارض العقل والنقل]

«അപ്പോൾ വ്യക്തമാകുന്നത്, ഞങ്ങൾ സുന്നത്ത് പിന്തുടരുന്നു, സലഫുകളെ പിൻപറ്റുന്നു എന്നു ജൽപിക്കുന്ന തഫ്‌വീളുകാരുടെ വാദഗതി ബിദ്അത്തിൻെറയും കൃത്യവിലോപത്തിൻെറയും ആളുകൾ പറയുന്നതിൽ ഏറ്റവും ദുഷിച്ച വാദമുഖമത്രെ». (ഇബ്‌നു തൈമിയ്യഃ | ദർഉ തആറുളിൽ അഖ്‌ലി വന്നഖ്‌ൽ)

(നാല് : تَمْثِيلٌ – സമീകരണം) അല്ലാഹുവിനെയോ അവൻെറ നാമ ഗുണവിശേഷങ്ങളെയോ മറ്റൊന്നുമായും تَمْثِيلٌ ചെയ്യാൻ പാടില്ല. അഥവാ അവനെ സൃഷ്ടികളിൽ ഒന്നിനോടും താരതമ്യം ചെയ്യാനോ സമീകരിക്കാനോ പാടില്ല; മറ്റുള്ളവയോട് സാദൃശ്യപ്പെടുത്തി തുല്യത നിരൂപിക്കാൻ പാടില്ല എന്നു സാരം. മൂന്നാമതായി പറഞ്ഞ تَكْيِيفٌ മായി ഇതിനു ബന്ധമുണ്ട്. ഒരു ഉദാഹരണം ചൂണ്ടിക്കാണിച്ച് അതിനോട് താരതമ്യം ചെയ്തോ സാദൃശ്യപ്പെടുത്തിയോ രൂപം പറയുന്നതാണ് تَمْثِيلٌ. എന്നാൽ تَكْيِيفٌ ൽ അങ്ങനെ ഒരു ഉദാഹരണമോ താരതമ്യമോ ഉണ്ടാവില്ലെന്നു മാത്രം. അപ്പോൾ تَمْثِيلٌ എല്ലാം تَكْيِيفٌ ആയിരിക്കും. എന്നാൽ تَكْيِيفٌ എല്ലാം تَمْثِيلٌ ആയിരിക്കില്ല. പക്ഷെ, രണ്ടും രൂപം നിരൂപിക്കൽ തന്നെ.

അഹ്‌ലുസ്സുന്നഃ വിശ്വസിക്കുന്നത് അല്ലാഹുവിന് ജീവൻ ഉണ്ട്; പക്ഷെ അത് സൃഷ്ടികളുടെ ജീവൻ പോലെയല്ല. അല്ലാഹുവിന് അറിവുണ്ട്; പക്ഷെ അത് സൃഷ്ടികളുടെ അറിവു പോലെയല്ല. അവനു മുഖമുണ്ട്; പക്ഷെ അത് സൃഷ്ടികളുടേത് പോലെയല്ല. അവനു കൈ ഉണ്ട്; പക്ഷെ അത് സൃഷ്ടികളുടേതു പോലെയല്ല. അല്ലാഹുവിൻെറ കാര്യങ്ങളെല്ലാം അവൻെറ മഹത്വത്തിനു നിരക്കുന്ന വിധത്തിലാണ്. അവ അതുല്യവും അദ്വിതീയവുമാണ്. അവ അവനു മാത്രം ഉള്ളവയാണ്. അവക്ക് സൃഷ്ടികളുടേതുമായി താരതമ്യമില്ല. അല്ലാഹു പറയുന്നു:

﴿ لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴾ [الشورى ١١]

«അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു». (ശൂറാ 11)

﴿ وَلَمْ يَكُنْ لَهُ كُفُواً أَحَدٌ ﴾ [الإخلاص 4]

«അവന് തുല്യനായി ആരുമില്ല താനും». (ഇഖ്‌ലാസ്വ് 4)

﴿ هَلْ تَعْلَمُ لَهُ سَمِيّاً ﴾ [مريم 65]

«അവന്ന് പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ». (മർയം 65)

﴿ فَلا تَضْرِبُوا لِلَّهِ الأَمْثَالَ إِنَّ اللهَ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ ﴾ [النحل 74]

«ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നു. നിങ്ങള്‍ ഒന്നും അറിയുന്നില്ല താനും». (നഹ്ൽ 74)

﴿ فَلا تَجْعَلُوا لِلَّهِ أَنْدَاداً وَأَنْتُمْ تَعْلَمُونَ ﴾ [البقرة 22]

«അതിനാല്‍ നിങ്ങൾ ഇതെല്ലാം അറിഞ്ഞു കൊണ്ട് അല്ലാഹുവിന് സമന്‍മാരെ നിശ്ചയിക്കരുത്‌». (ബഖറഃ 22)

അല്ലാഹുവിൻെറ സ്വിഫാതുകൾ ഖുർആനിലും സുന്നത്തിലും വന്ന അതേപടി സ്വീകരിക്കണം. അതിൻെറ വാക്കുകളിലോ ആശയങ്ങളിലോ ഭേദഗതി വരുത്താനോ വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കാനോ (تَحْرِيفٌ) പാടില്ല. അതിനെ റദ്ദു ചെയ്ത് അല്ലാഹുവിനെ നിർഗുണനാക്കാൻ (تَعْطِيلُ) പാടില്ല. അല്ലാഹു അറിയിച്ചു തന്നിട്ടില്ലാത്ത നിലക്ക് അവയുടെ രൂപം എങ്ങനെയാണെന്ന് (تكييف) നിരൂപിക്കാനോ പറയാനോ പാടില്ല. സൃഷ്ടികളുമായി താരതമ്യപ്പെടുത്തി അവക്ക് തുല്യതയും സാദൃശ്യവും ആരോപിക്കാനും (تَمْثِيلٌ) പാടില്ല. അവ നമുക്ക് വന്നുകിട്ടിയ അതേപടി സ്വീകരിക്കുകയും അവയിൽ വിശ്വാസം രേഖപ്പെടുത്തുകയുമാണ് വേണ്ടത്.

عَنْ الْوَلِيدِ بْنِ مُسْلِمٍ، يَقُولُ: سَأَلْتُ الْأَوْزَاعِيَّ وَسُفْيَانَ الثَّوْرِيَّ، وَمَالِكَ بْنَ أَنَسٍ عَنْ هَذِهِ الْأَحَادِيثِ الَّتِي فِيهَا ذِكْرُ الرُّؤْيَةِ، فَقَالُوا: أَمِرُّوهَا كَمَا جَاءَتْ بِلَا كَيْفَ. (اللالكائي في شرح أصول اعتقاد أهل السنة والجماعة)

«വലീദ് ബിൻ മുസ്‌ലിം പറയുന്നു: അല്ലാഹുവിനെ കാണുമെന്ന് പരാമർശമുള്ള നബിവചനങ്ങളെ കുറിച്ച് ഞാൻ ഇമാം ഔസാഈ, സുഫ്‌യാൻ അൽഥൗരി, മാലിക് ബിൻ അനസ് -رَحِمَهُمْ اللهُ- എന്നിവരോട് ചോദിച്ചു. അവരെല്ലാവരും പറഞ്ഞത്, അവക്ക് രൂപം കൽപിക്കാതെ വന്നുകിട്ടിയ അതേ പ്രകാരം നിങ്ങൾ സ്വീകരിച്ചു കൊള്ളുക എന്നാണ്». (അല്ലാലകാഈ | ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്‌ലുസ്സുന്നത്തി വൽജമാഅഃ)

ചുരുക്കത്തിൽ, സ്വിഫാതുകളെ അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽ മനസ്സിലാക്കണം. അവയുടെ അർത്ഥം നമുക്ക് അറിയാം. അർത്ഥവും യാഥാർത്ഥ്യവും നമുക്ക് അറിയില്ല എന്നു പറയരുത്. എന്നാൽ അവയുടെ രൂപം നമുക്ക് ഗ്രാഹ്യമല്ലാത്തതിനാലും അവ നമുക്ക് അറിയിച്ച് തന്നിട്ടില്ലാത്തതിനാലും അല്ലാഹുവിലേക്ക് ഏൽപിക്കാനേ നിർവ്വാഹമുള്ളു. അല്ലാഹു യാതൊരു കാര്യം സ്ഥിരീകരിച്ചുവോ അത് സ്ഥിരീകരിക്കുകയും, യാതൊന്ന് നിഷേധിച്ചുവോ അത് നിഷേധിക്കുകയും യാതൊന്നിനെ കുറിച്ച് മൗനം പാലിച്ചുവോ അതിനെ കുറിച്ച് മിണ്ടാതിരിക്കുകയും വേണം.

സ്വിഫാതുകളെ കുറിച്ച് അവ എങ്ങനെയാണ്, അവയുടെ രൂപമെന്താണ് എന്ന് സ്വഹാബികൾ ആരും ചോദിച്ചില്ല. അവർ അത് ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും സത്യപ്പെടുത്തുകയും വിശ്വസിക്കുകയുമാണ് ചെയ്തത്. അതേ നിലപാട് പിൻഗാമികളും സ്വീകരിക്കണം. മറിച്ച് അവയുടെ രൂപം എങ്ങനെയാണെന്ന് ആരായുന്ന രീതി മതത്തിലില്ലാത്ത നൂതന പ്രവണതയാണ്, ബിദ്അത്താണ്.


 അല്ലാഹുവിൻെറ അർശ്

ഖുർആനിൽ اسْتَوَىٰ عَلَى الْعَرْشِ (അവൻ അർശിനും ഉപരിയിലായിരിക്കുന്നു) എന്ന പരാമർശം ഏഴു സ്ഥലങ്ങളിൽ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. അഅ്റാഫ് 54, യൂനുസ് 3, റഅ്ദ് 2, ത്വാഹാ 5, ഫുർഖാൻ 59, സജ്‌ദഃ 4, ഹദീദ് 4 എന്നിവയാണവ.

അഖിലാണ്ഡങ്ങളെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിച്ചു പരിപാലിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. അവയിൽ ഒന്നിനും മറ്റൊരു സ്രഷ്ടാവോ ഉടമസ്ഥനോ ഇല്ല; അല്ലാഹു മാത്രം. അവൻ ഏകനാണ്, അവനു പങ്കുകാരോ സഹായികളോ ഇല്ല. അവൻെറയടുക്കൽ ഇഛാനുസാരം ശിപാർശ പറയാവുന്നവർ പോലുമില്ല. അല്ലാഹു പറയുന്നു:

﴿ قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ ۞ وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ ﴾ [سبأ 22-23]

«പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ ഒരു ഉറുമ്പിൻെറ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവൻെറ അടുക്കല്‍ ശിപാര്‍ശ പ്രയോജനപ്പെടുകയുമില്ല». (സബഅ് 22-23)

അവൻ ആറു ഘട്ടങ്ങളിലായി ഉപരിലോകങ്ങളെയും കീഴ്‌ലോകങ്ങളെയും സൃഷ്ടിച്ചു. ഭൂലോകത്ത് മനുഷ്യ വർഗ്ഗത്തെ അധിവസിപ്പിച്ചു. അവനു സ്വതന്ത്രമായി ആവിഷ്കരിക്കാൻ കഴിവു നൽകി. അവൻെറ വാഗ്‌വിചാരകർമ്മങ്ങൾക്ക് പ്രതിഫലവും പ്രത്യാഘാതങ്ങളും ചുമത്തി. അങ്ങനെയുള്ള തൻെറ റബ്ബായ അല്ലാഹു എവിടെ എന്നതായിരിക്കില്ലേ ആ മനുഷ്യൻെറ ഏറ്റവും വലിയ ജിജ്ഞാസ?

ഒരു മനുഷ്യന് തൻെറ റബ്ബായ അല്ലാഹുവിനെ അറിയാമോ? അവൻ അല്ലാഹുവിൽ വിശ്വാസം അർപ്പിച്ചവനാണോ? ഇതു പരിശോധിക്കാനുള്ള വഴിയും മറ്റൊന്നല്ല. അല്ലാഹു എവിടെ എന്ന ചോദ്യത്തിന് അവനിൽനിന്ന് ഉത്തരം തേലടലാണ്. ഇക്കാര്യം തെളിയിക്കുന്ന പ്രസിദ്ധമായ ഒരു സംഭവം താഴെ ഉദ്ധരിക്കാം:

عَنْ مُعَاوِيَةَ بْنِ الْحَكَمِ السُّلَمِيِّ، قَالَ: …وَكَانَتْ لِي جَارِيَةٌ تَرْعَى غَنَمًا لِي قِبَلَ أُحُدٍ وَالْجَوَّانِيَّةِ، فَاطَّلَعْتُ ذَاتَ يَوْمٍ فَإِذَا الذِّيبُ قَدْ ذَهَبَ بِشَاةٍ مِنْ غَنَمِهَا، وَأَنَا رَجُلٌ مِنْ بَنِي آدَمَ، آسَفُ كَمَا يَأْسَفُونَ، لَكِنِّي صَكَكْتُهَا صَكَّةً، فَأَتَيْتُ رَسُولَ اللهِ ﷺ فَعَظَّمَ ذَلِكَ عَلَيَّ، قُلْتُ: يَا رَسُولَ اللهِ أَفَلَا أُعْتِقُهَا؟ قَالَ: ائْتِنِي بِهَا، فَأَتَيْتُهُ بِهَا، فَقَالَ لَهَا: أَيْنَ اللهُ؟ قَالَتْ: فِي السَّمَاءِ، قَالَ: مَنْ أَنَا؟ قَالَتْ: أَنْتَ رَسُولُ اللهِ، قَالَ: أَعْتِقْهَا، فَإِنَّهَا مُؤْمِنَةٌ. [مسلم في صحيحه]

«മുആവിയഃ ബിൻ അൽഹകം അസ്സുലമി -رَضِيَ اللهُ عَنْهُ- നിവേദനം. അദ്ദേഹം പറയുന്നു: എനിക്ക് ഉഹുദ്, ജവ്വാനിയ്യഃ ഭാഗങ്ങളിൽ ആടിനെ മേയ്ക്കുന്ന ഒരു അടിമപ്പെണ്ണുണ്ടായിരുന്നു. ഒരു ദിവസം ഞാൻ നോക്കുമ്പോൾ ചെന്നായ അവളുടെ ആട്ടിൻ പറ്റത്തിൽനിന്ന് ഒന്നിനെ പിടിച്ചുകൊണ്ടുപോകുന്നു. ഞാനും ഒരു മനുഷ്യനല്ലേ. അവർക്ക് അരിശം വരുന്നതു പോലെ എനിക്കും അരിശം വന്നു. സന്ദർഭവശാൽ ഞാൻ അവളുടെ മുഖത്ത് ഒരു അടിവെച്ചു കൊടുത്തു. അങ്ങനെ ഞാൻ നബി ﷺ യെ സമീപിച്ചപ്പോൾ അവിടുന്ന് അത് എൻെറ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായി കണ്ടു. ഞാൻ ചോദിച്ചു: എങ്കിൽ അതിനു പരിഹാരമായി അവരെ ഞാൻ മോചിപ്പിക്കട്ടെ? അവിടുന്ന് പറഞ്ഞു. നീ അവരെ കൊണ്ടുവരൂ. ഞാൻ അവരെ ഹാജരാക്കി. അവരോട് അവിടുന്ന് ചോദിച്ചു: അല്ലാഹു എവിടെ? അവർ പറഞ്ഞു: ഉപരിയിൽ. അവിടുന്ന് ചോദിച്ചു: ഞാൻ ആരാണ്? അവർ പറഞ്ഞു: താങ്കൾ അല്ലാഹുവിൻെറ ദൂതൻ. അവിടുന്ന് എന്നോട് പറഞ്ഞു: നീ അവരെ മോചിപ്പിക്കുക, അവർ വിശ്വാസിനിയാണ്». (മുസ്‌ലിം സ്വഹീഹീൽ ഉദ്ധരിച്ചത്)

മേൽ സംഭവം സുതരാം വ്യക്തമാക്കുന്നത് അല്ലാഹു തൻെറ സൃഷ്ടിപ്രപഞ്ചത്തിനകത്ത് എവിടെയുമല്ല. അവയിൽ ലയിച്ച്, സൃഷ്ടിയും സ്രഷ്ടാവും ഒന്നായി നിലക്കൊള്ളുന്ന അവസ്ഥയുമില്ല. മറിച്ച്, സൃഷ്ടികൾക്കെല്ലാം മീതെ, ഉയരങ്ങൾക്കെല്ലാം ഉപരിയിലാണ് അല്ലാഹു. ഇതു സംബന്ധിച്ച് പ്രമാണ രേഖകളിൽ വന്ന മറ്റു പരാമർശങ്ങൾ കൂടി പരിശോധിക്കുമ്പോൾ കുറേക്കൂടി കൃത്യമായ ധാരണ ലഭിക്കും.

അല്ലാഹു നൽകിയ ബോധനങ്ങളിൽ, അവൻ അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ ആവർത്തിക്കപ്പെട്ടിരിക്കുന്നത് اسْتَوَىٰ عَلَى الْعَرْشِ (അവൻ അർശിനും ഉപരിയിലായിരിക്കുന്നു) എന്നാണ്. അതിനാൽ രണ്ടു കാര്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമായിത്തീരുന്നു:

  • എന്താണ് അർശ്?
  • اسْتَوَى എന്നതിൻെറ വിവക്ഷയെന്ത്?

عَرْشٌ എന്ന ശബ്ദത്തിൻെറ യഥാതഥമായ അർത്ഥം കട്ടിൽ, മഞ്ചം, മേൽക്കൂര എന്നൊക്കെയാണെന്ന് അറബി സംസാരിക്കുന്ന ഏതൊരാൾക്കും അറിയാവുന്നതാണ്.  അല്ലാഹുവിൻെറ അർശ് എന്നതിനെ കുറിച്ചാണ് ഇവിടെ ചർച്ച. അതിനെ കുറിച്ച് അല്ലാഹുവിൻെറ ഗ്രന്ഥത്തിലോ നബി ﷺ യുടെ സ്ഥിരപ്പെട്ട ചര്യയിലോ വന്നിട്ടില്ലാത്ത ഒരു കാര്യവും നാം പറയാൻ പാടില്ല. അത്തരം അദൃശ്യകാര്യങ്ങളെ കുറിച്ച് അഭീഷ്ടമനുസരിച്ച് വ്യാഖ്യാനിക്കുക എന്നത് സലഫുകളുടെ രീതിയുമല്ല. ഇമാം ദഹബി -رَحِمَهُ اللهُ- പറയുന്നത് കാണുക:

وكما قَالَ سُفْيَانُ وَغَيرُهُ، قرَاءَتُهَا تَفْسِيرُهَا. [الذهبي في كتاب العلو للعلي الغفار]

«സുഫ്‌യാനും മറ്റും പറഞ്ഞതു പോലെ, അവയുടെ വ്യാഖ്യാനം, അവ അതേപടി വായിക്കുക മാത്രമാണ്». (ദഹബി അൽഉലുവ്വിൽ ഉദ്ധരിച്ചത്)

പ്രാഥമികമായി ഓർക്കേണ്ടത്, മലയാള രചനകളിൽ പൊതുവെ ഉപയോഗിച്ചു കാണാറുള്ള സിംഹാസനം പോലുള്ള പദങ്ങൾ ഒരു നിലയിലും ഈ സംജ്ഞക്ക് പരിഭാഷയായി ചേർക്കാവുന്നവയല്ല. സുഫ്‌യാൻ അൽ ഥൗരി, അബൂ സുർഅഃ അൽറാസീ -رَحِمَهُمَا اللهُ- പോലുള്ള മുൻഗാമികൾ നിർദ്ദേശിച്ചതു പോലെ അതിനെ ‘അർശ്’ എന്നു തന്നെ പറയലാണ് ഏറ്റവും ഉചിതം. ഇത്തരം സംജ്ഞകൾ ലിപ്യന്തരം ചെയ്ത് ഉപയോഗിക്കുന്ന രീതി മലയാളത്തിന് അന്യമല്ലല്ലോ.

അർശിനെ സംബന്ധിച്ചു വന്ന ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളും പരിശോധിക്കുന്ന ഒരു പഠിതാവിന് മനസ്സിലാക്കിയെടുക്കാവുന്ന വസ്തുതകൾ താഴെ സംഗ്രഹിക്കാം.

അർശ് എന്ന പദത്തിൻെറ യാഥാർത്ഥ്യം നമുക്കറിയാം. അതിൻെറ യഥാതഥമായ അർത്ഥം മഞ്ചം, മേൽക്കൂര എന്നൊക്കെയാണ്. അത് അല്ലാഹുവിൻെറ ഒരു സൃഷ്ടിയാണ്; ഏറ്റവും വലിയ സൃഷ്ടി. അതിലും വലിയ സൃഷ്ടി വേറെയില്ല. അത് എല്ലാ സൃഷ്ടികൾക്കും മീതെയാണ്. മറ്റെല്ലാ സൃഷ്ടികളും അതിനു താഴെയും. അപ്പോൾ അത് മുഴു സൃഷ്ടികളുടെയും മീതെ ഒരു  മേൽക്കൂര പോലെയായിരിക്കും. അർശിനു മീതെയാണ് അല്ലാഹു. അവൻ അതിൻെറ ഉപരിയിൽ അവൻെറ മഹത്വത്തിന് നിരക്കും വിധം ‘ഇസ്‌തിവാഅ്’ (استواء) ചെയ്തിരിക്കുന്നു.

അനാദിയും അനന്തനുമായ അല്ലാഹു ഉള്ളവനാണ്, ഉണ്ടായവനല്ല. അവനു മുമ്പ് എന്ന ഒരു അവസ്ഥയില്ല. കാരണം അവനു തുടക്കമില്ല, അവൻ അനാദിയാണ്. അവനു ശേഷം എന്ന ഒരു അവസ്ഥയുമില്ല. കാരണം, അവനു ഒടുക്കമില്ല. അവൻ അനന്തനാണ്. അവൻ ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ അർശ് ഉണ്ടായിരുന്നു. അർശ് വെള്ളത്തിനു മീതെയാണ് സ്ഥിതി ചെയ്തിരുന്നത്. അല്ലാഹു പറയുന്നത് കാണുക:

وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَاءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِن بَعْدِ الْمَوْتِ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ ﴾ [هود ٧]

«ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനാണ് അവൻ – അവൻെറ അര്‍ശ് വെള്ളത്തിനു മീതെയായിരുന്നു – നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടിയാണത്. മരണ ശേഷം നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്ന് നീ പറഞ്ഞാല്‍ തീർച്ചയായും അവിശ്വാസികൾ പറയും: ഇത് വ്യക്തമായ മാരണമല്ലാതെ മറ്റൊന്നുമല്ല». (ഹൂദ് 7)

ആറു ഘട്ടങ്ങളിലായി ആകാശ ഭൂമികളെ അല്ലാഹു സൃഷ്ടിക്കുമ്പോൾ തന്നെ അവിടെ അർശ് ഉണ്ടായിരുന്നുവെന്നും അത് സ്ഥിതി ചെയ്തിരുന്നത് വെള്ളത്തിനു മീതെയായിരുന്നുവെന്നും മേൽ സൂക്തം വ്യക്തമാക്കുന്നു. ഈ വസ്തുത കുറച്ചു കൂടി വ്യക്തമാക്കുന്ന ഒരു നബിവചനം കാണുക:

عَنْ عِمْرَانَ بْنِ حُصَيْنٍ قَالَ: إِنِّي كُنْتُ عِنْدَ رَسُولِ اللَّهِ ﷺ إِذْ جَاءَ قومٌ منْ بَني تميمٍ فَقَالَ: اقْبَلُوا الْبُشْرَى يَا بَنِي تَمِيمٍ، قَالُوا: بَشَّرْتَنَا فَأَعْطِنَا، فَدَخَلَ نَاسٌ مِنْ أَهْلِ الْيَمَنِ، فَقَالَ: اقْبَلُوا الْبُشْرَى يَا أَهْلَ الْيَمَنِ إِذْ لَمْ يَقْبَلْهَا بَنُو تَمِيمٍ، قَالُوا: قَبِلْنَا جِئْنَاكَ لِنَتَفَقَّهَ فِي الدِّينِ، وَلِنَسْأَلَكَ عَنْ أَوَّلِ هَذَا الْأَمْرِ مَا كَانَ؟ قَالَ: كَانَ اللَّهُ، وَلَمْ يَكُنْ شَيْءٌ قَبْلَهُ، وَكَانَ عَرْشُهُ عَلَى الْمَاءِ، ثُمَّ خَلَقَ السَّمَاوَاتِ وَالْأَرْضَ، وَكَتَبَ فِي الذِّكْرِ كلَّ شيءٍ. ثُمَّ أَتَانِي رَجُلٌ فَقَالَ: يَا عِمْرَانُ، أَدْرِكْ ناقتَكَ، فقدْ ذهبتْ، فانطلقتُ أطلبُها، وايمُ اللَّهِ؛ لَوَدِدْتُ أَنَّهَا قَدْ ذَهَبَتْ وَلَمْ أَقُمْ. [البُخَارِيّ في صحيحه]

«ഇംറാൻ ബിൻ ഹുസ്വൈൻ -رضِيَ اللهُ عَنْهُ- നിവേദനം. അദ്ദേഹം പറയുന്നു: ഞാൻ നബി ﷺ യുടെ അടുത്തുള്ളപ്പോഴാണ് ബനൂ തമീം ഗോത്രത്തിൽപെട്ട ഒരു പറ്റം ആളുകൾ വന്നത്.

അവിടുന്ന് പറഞ്ഞു: ബനൂ തമീമുകാരേ, നിങ്ങൾ ഈ സുവിശേഷം സ്വീകരിക്കൂ..

അവർ പറഞ്ഞു: താങ്കൾ ഞങ്ങളെ സന്തോഷ വാർത്ത അറിയിച്ചുവല്ലോ. അതിനാൽ ഞങ്ങൾക്കുള്ളത് നൽകിയാലും..

അപ്പോൾ യമനിൽനിന്നുള്ള ഒരു പറ്റം ആളുകൾ വന്നു.

അവരോട് അവിടുന്ന് പറഞ്ഞു: യമൻകാരേ, ബനൂ തമീം ഈ സുവിശേഷം സ്വീകരിച്ചിട്ടില്ലാത്ത നിലയിൽ നിങ്ങൾ ഈ സൂവിശേഷം സ്വീകരിക്കൂ..

അവർ പറഞ്ഞു: ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഞങ്ങൾ താങ്കളുടെ അടുത്ത് വന്നത് മതകാര്യങ്ങളിൽ അവഗാഹം നേടാനും, കാര്യത്തിൻെറ തുടക്കത്തെ കുറിച്ച്, ആദിയിൽ എന്താണ് ഉണ്ടായിരുന്നത് എന്ന് ചോദിച്ചറിയാനുമാണ്.

അവിടുന്ന് പറഞ്ഞു: അല്ലാഹു ഉള്ളവനായിരുന്നു. അവനു മുമ്പ് എന്ന് പറയാൻ ഒന്നുമില്ല. അവൻെറ അർശ് വെള്ളത്തിനു മീതെയായിരുന്നു. പിന്നീട് അവൻ ആകാശ ഭൂമികളെ സൃഷ്ടിക്കുകയും ലൗഹിൽ എല്ലാം രേഖപ്പെടുത്തുകയും ചെയ്തു.

അപ്പോൾ എൻെറയടുക്കൽ ഒരാൾ വന്നിട്ട് പറഞ്ഞു: ഇംറാൻ, താങ്കളുടെ ഒട്ടകത്തെ പിടിക്കൂ. അത് ഓടിപ്പോയിരിക്കുന്നു. അങ്ങനെ ഞാൻ അതിനെ തേടി പുറപ്പെട്ടു. അല്ലാഹു തന്നെ സത്യം! പിന്നീട് ഞാൻ കൊതിച്ചു പോയി, അത് ഓടിപ്പോയാലും ശരി ഞാൻ എഴുന്നേറ്റു പോയിട്ടില്ലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്ന്». (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

സ്വർഗ്ഗം സ്ഥിതി ചെയ്യുന്നത് അർശിനു താഴെയാണ്. സ്വർഗ്ഗത്തിൻെറ മേൽക്കൂരയായിട്ടാണ് അർശ് നിലക്കൊള്ളുന്നത്. നബി ﷺ പറയുന്നത് കാണുക:

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ﷺ، قَالَ: … فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الفِرْدَوْسَ، فَإِنَّهُ أَوْسَطُ الجَنَّةِ، وَأَعْلَى الجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الجَنَّةِ. [البخاري في صحيحه]

«അബൂ ഹുറെയ്റഃ -رضِيَ اللهُ عَنْهُ- നിവേദനം. നബി ﷺ പറയുന്നു: നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ അവനോട് ഫിർദൗസ് തന്നെ ചോദിക്കുക. അതാണ് സ്വർഗ്ഗത്തിൻെറ മധ്യമസ്ഥാനം, സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന ഭാഗം. അതിനു മീതെയാണ് റഹ്‌മാനായ അല്ലാഹുവിൻെറ അർശ്. അവിടെ നിന്നാണ് സ്വർഗ്ഗത്തിലെ നദികൾ ഉത്ഭവിക്കുന്നത്». (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

സ്വർഗ്ഗവും നരകവും അല്ലാഹുവിൻെറ സൃഷ്ടികളാണ്. അവ രണ്ടും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വർഗ്ഗം മീതെയും നരകം താഴെയുമാണ്. സ്വർഗ്ഗത്തിൻെറ മേൽക്കൂരയായി വർത്തിക്കുന്നത് അർശാണ്. ഇമാം അഹ്‌മദ് -رَحِمَهُ الله- പറയുന്നത് കാണുക:

وأما العرش؛ فلا يبيد ولا يذهب، لأنه سقف الجنة.[أحمد بن حنبل في الرد على الجهمية والزنادقة]

«എന്നാൽ അർശ് നശിക്കുകയോ ഇല്ലാതായിപ്പോവുകയോ ചെയ്യില്ല. കാരണം അതാണ് സ്വർഗ്ഗത്തിൻെറ മേൽക്കൂര». (അഹ്‌മദ് ബിൻ ഹൻബൽ അർറദ്ദു അലൽ ജഹ്‌മിയ്യഃയിൽ രേഖപ്പെടുത്തിയത്)

ഒരേ സമയം അർശ് വെള്ളത്തിനു മീതെയാണെന്നും അത് സ്വർഗ്ഗത്തിൻെറ മേൽക്കൂരയാണെന്നും പറയുമ്പോൾ ചിലർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടായേക്കാം. പ്രമാണവചനങ്ങളിൽനിന്ന് ഗ്രഹിക്കാവുന്നത് അർശ് വെള്ളത്തിനു മീതെയായിരുന്നു. പിന്നീട് അല്ലാഹു സ്വർഗ്ഗം സൃഷ്ടിച്ചപ്പോൾ അതിനെ സംവിധാനിച്ചത് അർശ് അതിൻെറ മേൽക്കൂരയാകുന്ന വിധത്തിലാണ് എന്നതാണ്. ആനുഷംഗികമായി സൂചിപ്പിക്കട്ടെ, ഇത്തരം അദൃശ്യ കാര്യങ്ങളിൽ അല്ലാഹു അറിയിച്ച് തന്നതിനപ്പറുമുള്ള വിശദാംശങ്ങളിലേക്ക് ആഴ്‌ന്നിറങ്ങുന്നത് ഒരു വിശ്വാസിക്ക് ഭൂഷണമല്ല.

അർശിനു കീഴിലാണ് കുർസിയ്യ്. അല്ലാഹുവിൻെറ പാദസ്ഥാനമായിട്ടാണ് ഇബ്‌നു അബ്ബാസ് -رضِيَ اللهُ عَنْهُ- അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ സ്വഹാബത്തിൽനിന്ന് ഉദ്ധരിക്കുന്ന വാക്കിന് (أَثَرٌمَوْقُوفٌ) നബി ﷺ യിൽനിന്ന് നിവേദനം ചെയ്യുന്ന ഹദീസിൻെറ സ്ഥാനവും വിലയുമുണ്ടായിരിക്കും. ഇതാണ് ഹദീസ് നിരൂപകരുടെ നിലപാട്. അദ്ദേഹം പറയുന്നത് കാണുക:

عَنِ ابْنِ عَبَّاسٍ قَالَ: الْكُرْسِيُّ مَوْضِعُ الْقَدَمَيْنِ، وَالْعَرْشُ لا يُقَدِّرُ أَحَدٌ قَدْرَهُ. [ابْنُ خُزَيْمَةَ فِي التَّوْحِيدِ وصححه الألباني]

«അല്ലാഹുവിൻെറ ഇരു പാദങ്ങളുടെയും സ്ഥാനമാണ് കുർസിയ്യ്. അർശിൻെറ വലിപ്പം ഒരാൾക്കും കണക്കാക്കുക സാധ്യമല്ല». (ഇബ്‌നു ഖുസൈമഃ അത്തൗഹീദിൽ ഉദ്ധരിച്ചത്)

അർശിനു കീഴിലാണ് കുർസിയ്യ്. അതിനും കീഴിലാണ് ഏഴാകാശങ്ങൾ. അവ തമ്മിലുള്ള അനുപാതം ഒരു ഹദീസിൽ വിശദീകരിച്ചത് കാണുക. അവയുടെ വലിപ്പവും പെരുമയും മനസ്സിലാക്കാൻ അത് ഉപകരിക്കും.

ما السموات السبع في الكرسي إلا كحلقة ملقاة بأرض فلاة وفضل العرش على الكرسي كفضل تلك الفلاة على تلك الحلقة. [الألباني في الصحيحة]

«കുർസിയ്യിനു താഴെയുള്ള ഏഴാകാശങ്ങൾ മരുഭൂമിൽ ഇട്ടിരിക്കുന്ന ഒരു വട്ടക്കണ്ണി പോലെ മാത്രമേയുള്ളു. കുർസിയ്യിനെക്കാൾ അർശിനുള്ള മികവ് ആ വട്ടക്കണ്ണിയെക്കാൾ മരുഭൂമിക്കുള്ള മികവു പോലെയാണ്». (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

അല്ലാഹുവിൻെറ സൃഷ്ടികളുടെ വലിപ്പവും വൈപുല്യവും അവാച്യമാണ്, അവർണ്ണനീയമാണ്. അവയെ കുറിച്ച് ഒരു പൂർണ്ണ ചിത്രം നമുക്ക് ഭാവനയിൽ ഒതുക്കാൻ പോലുമാവില്ല. അല്ലാഹുവേ, നിൻെറ വിശുദ്ധിയെ ഞാൻ ഉയർത്തിപ്പിടിക്കുന്നു, നിൻെറ അപദാനങ്ങൾ ഞാൻ വാഴ്ത്തുന്നു. അവയെ ഒന്നും നീ വൃഥാ സൃഷ്ടിച്ചതല്ല!

അപ്പോൾ ഇവിടെ ഉയർന്നു വരുന്ന മറ്റൊരു ചോദ്യമുണ്ട്: അല്ലാഹു ആദ്യം സൃഷ്ടിച്ചത് ഏതാണ്?  അർശാണോ അതോ വെള്ളമോ? അതോ മറ്റു വല്ലതുമോ? നബി ﷺ പറയുന്നത് കാണുക:

إن أول شيء خلقه الله تعالى القلم وأمره أن يكتب كل شيء يكون. [الألباني في الصحيحة]

«അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് ഖലം (പേന) ആണ്. ഉണ്ടാവാൻ പോകുന്ന എല്ലാം രേഖപ്പെടുത്താൻ അതിനോട് അവൻ കൽപിച്ചു». (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

മേൽ ഹദീസു പ്രകാരം ഖലമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്. എന്നാൽ, അർശും വെള്ളവും ഉണ്ടായിരിക്കെ, പിന്നീട് നടത്തിയ ആദ്യ സൃഷ്ടി മാത്രമാണ് ഖലം എന്ന് അതിനു വിവക്ഷ നൽകുന്നവരുണ്ട്. ചുരുക്കത്തിൽ, ആദ്യ സൃഷ്ടികൾ ഖലം, അർശ്, വെള്ളം എന്നിവയാണെന്ന കാര്യത്തിൽ എല്ലാവരും യോജിക്കുന്നു. അവയിൽ ആദ്യത്തേത് ഏതെന്ന കാര്യത്തിൽ പരിഗണനീയമായ മൂന്നു പക്ഷങ്ങളുണ്ട് താനും:

1-   ഖലം ആണ് ആദ്യമായി സൃഷ്ടിക്കപ്പെട്ടത്. ഇബ്‌നു ജരീർ അത്ത്വബ്‌രി, ഇബ്‌നുൽ ജൗസി, അൽബാനി -رَحِمَهُمْ اللهُ- പോലുള്ളവർ ഈ പക്ഷക്കാരാണ്.

2-   അർശാണ് ആദ്യമായി സൃഷ്ടിക്കപ്പെട്ടത്. ഇബ്‌നു തൈമിയ്യഃ, ഇബ്‌നുൽ ഖയ്യിം  പോലുള്ളവർ -رَحِمَهُمْ اللهُ- ഈ പക്ഷം ശരിവെക്കുന്നു.

3- വെള്ളമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്. ഇബ്‌നു മസ്ഊദ് -رَضِيَ اللهُ عَنْهُ- നു പുറമെ മുൻഗാമികളിൽപെട്ട മറ്റു ചിലരും ഈ അഭിപ്രായത്തെ പിന്തുണക്കുന്നു.

ചുരുക്കത്തിൽ, മനുഷ്യർ കീഴ്‌ലോകത്ത് ഭൂമിയിൽ ജീവിക്കുന്നു. ഭൂമിക്കുമേൽ ഒന്നിനു മീതെ മറ്റൊന്നായി ഏഴാകാശങ്ങൾ. അവക്കു മീതെ കുർസിയ്യ്. അതിനു മുകളിൽ വെള്ളം. ആ വെള്ളത്തിനു മീതെ അർശ്. സ്വർഗ്ഗത്തിൻെറ മേൽക്കൂരയായി, എല്ലാ സൃഷ്ടികൾക്കും മീതെ ഏറ്റവും അവസാനത്തെ, ഏറ്റവും വലിയ സൃഷ്ടിയായി അർശ് നിലകൊള്ളുന്നു. ഏഴാകാശങ്ങൾക്കും മീതെ, ഉയരങ്ങൾക്കെല്ലാം ഉപരിയിൽ, അർശിനും മീതെ അത്യുന്നതനായ അല്ലാഹു അവൻെറ മഹത്വത്തിന് നിരക്കും വിധം ‘ഇസ്തിവാഅ്’ ചെയ്തിരിക്കുന്നു.


അല്ലാഹു അർശിന് ഉപരിയിൽ ഇസ്തിവാഅ് ചെയ്തിരിക്കുന്നു

 നടേ വ്യക്തമാക്കിയതു പോലെ, അല്ലാഹു അർശിന് ഉപരിയിൽ ഇസ്തിവാഅ് ചെയ്ത കാര്യം ഖുർആനിൽ ഏഴു തവണ ആവർത്തിച്ചിരിക്കുന്നു. اسْتَوَى എന്ന ക്രിയയുടെ കൂടെ عَلَى എന്ന ഉപസർഗം ചേരുമ്പോൾ അതിൻെറ ഭാഷാർത്ഥമായി മുർഗാമികൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത് عَلَا – اسْتَقَرَّ – ارْتَفَعَ – صَعِدَ എന്നീ നാലു പദങ്ങളാണ്. ഇവയിൽ عَلَا – ارْتَفَعَ – صَعِدَ എന്നിവക്ക് ഏറെക്കുറെ സമാനമായ അർത്ഥമാണുള്ളത്. മീതെയായി, ഉയർന്നു, ആരോഹണം ചെയ്തു എന്നൊക്കെ അവക്ക് മലയാളത്തിൽ പരിഭാഷ നൽകാവുന്നതാണ്. اسْتَقَرَّ എന്നതിന് സ്ഥിരമായിത്തീരുക, ഉറക്കുക എന്നൊക്കെയാണ് അർത്ഥം. അപ്പോൾ اسْتَوَىٰ عَلَى الْعَرْشِ എന്ന വാക്യം അവൻ അർശിൻെറ ഉപരിയിൽ ആയി എന്ന ആശയമാണ് നൽകുക. ഉന്നതി, ഉപരി എന്ന ആശയത്തിനു പുറമെ സ്ഥിരമാവുക, ഉറക്കുക എന്ന ആശയം കൂടി ചേരുന്നു. അല്ലാഹു സൃഷ്ടികൾക്കെല്ലാം മീതെ, അർശിനും ഉപരിയിലാണ് എന്ന ആശയമാണ് സലഫുകൾ ഇതിൽനിന്നു മനസ്സിലാക്കിയത്. അറബി ഭാഷാ പരിജ്ഞാനമുള്ള ഏതൊരാൾക്കും മുൻവിധിയും പക്ഷപാതവുമില്ലെങ്കിൽ ഇക്കാര്യം ഗ്രഹിക്കാൻ പ്രയാസമുണ്ടാവില്ല. ഇതു തന്നെയാണ് ഇവ്വിഷയകമായി അഹ്‌ലുസ്സുന്നഃ നാളിതുവരെ സ്വീകരിച്ചു പോരുന്ന വിശ്വാസവും. ഈ യാഥാർത്ഥ്യം നിഷേധിക്കാൻ പാടില്ല. അതിനെ വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കാവതുമല്ല.  ഇസ്തിവാഇനെ കുറിച്ച് ഒന്നുമറിയില്ല, എല്ലാം അല്ലാഹുവിലേക്ക് ഏൽപിക്കുന്നു എന്നു പറഞ്ഞ് ഖുർആനിനെ കളവാക്കാനോ റസൂലിനെ വിവരദോഷിയാക്കാനോ പാടുള്ളതുമല്ല.

എന്നാൽ അല്ലാഹു ഇസ്തിവാഅ് ചെയ്തത് എങ്ങനെയാണ് എന്ന ചോദ്യം അപ്രസക്തമാണ്. ഇത്തരം ഗൈബിയായ വിഷയങ്ങളിൽ അല്ലാഹു അറിയിച്ചു തന്നത് അതേപടി സ്വീകരിക്കുക, അതിൽ വിശ്വാസം രേഖപ്പെടുത്തുക. അറിയിച്ചു തരാത്ത കാര്യങ്ങളിൽ കടന്നു ചിന്തിക്കുകയോ, കടന്നു പറയുകയോ ചെയ്യാതിരിക്കുക. തനിക്കു നൽകപ്പെട്ട സർഗ്ഗശേഷിയുടെയും ബൗദ്ധികക്ഷമതയുടെയും പരിമിതികളെ കുറിച്ച് ഓർക്കുക. അതാണ് സച്ചരിതരായ സലഫുകൾ വിട്ടേച്ചു പോയ മാതൃക. അതു തന്നെയാണ് അല്ലാഹുവിൻെറ വിനീത ദാസന്മാർക്ക് പിന്തുടരാനുള്ള മാർഗ്ഗവും

ഇസ്തിവാഇനെ കുറിച്ച് ഇമാം മാലിക്, അദ്ദേഹത്തിൻെറ ഗുരുവര്യനായ റബീഅഃ, നബി ﷺ യുടെ പത്നിയായ ഉമ്മുസലമഃ -رَحِمَهُمْ اللهُ وَرَضِيَ عَنْهُمْ أَجْمَعِينَ- എന്നിവർ പറഞ്ഞത് മുകളിൽ വിശദീകരിച്ചുവല്ലോ. അവർ പറഞ്ഞതിൻെറ പൊരുളും ഇതു തന്നെയാണ്. ഇസ്തിവാഅ് ഒട്ടും ദുർഗ്രാഹ്യമായ ഒരാശയമല്ല, പക്ഷെ അതിൻെറ രൂപം നമുക്ക് ഗ്രഹിക്കാനാവില്ല. അത് അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുമില്ല. ഇസ്തിവാഇനെ കുറിച്ച് പ്രമാണങ്ങളിൽ വന്നത് അതേപടി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമ. അതിനെ നിഷേധിക്കൽ അവിശ്വാസമാണ്. അവയെ വളച്ചൊടിക്കുന്നതും അതിനെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ അറിയില്ലെന്നു പറഞ്ഞ് തഫ്‌വീള് ചെയ്യുന്നതും അതിൻെറ രൂപം അന്വേഷിക്കുന്നതും തെറ്റായ നൂതന പ്രവണതയും ബിദ്അത്തുമാണ്.

അല്ലാഹു ഉന്നതനാണ്; സത്താപരമായും ഗുണവിശേഷങ്ങളിലും അപദാനങ്ങളിലും എല്ലാം അവൻ അത്യുന്നതൻ തന്നെ. അല്ലാഹുവിൻെറ ഈ ഔന്നത്യത്തെ കുറിക്കാൻ عُلُوٌّ എന്ന ശബ്ദമാണ് പ്രമാണങ്ങളിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ഇത് ആശയപരമാണ്. അവൻെറ സത്തയുമായി ബന്ധപ്പെട്ട ഒരു അനാദിയായ ഗുണവിശേഷമാണത്. അവൻ അർശിനു ഉപരിയിലാണ് എന്ന വിശേഷണം അവൻെറ ഔന്നത്യമെന്ന സത്താപരമായ ഗുണവിശേഷണത്തിനു മറ്റൊരു അർത്ഥം കൂടി ചേർക്കുന്നു. അർശിനു ഉപരിയിലുള്ള അവൻെറ ഇസ്തിവാഅ് അവൻെറ മഹത്വത്തിനു നിരക്കും വിധമാണ്. അവൻ ഒന്നാമത്തെ ആകാശത്തിലേക്ക് അവരോഹണം ചെയ്യുമ്പോൾ അർശിൻെറ ഉപരിയിൽനിന്ന് ഒഴിയുന്നു എന്നതിനർത്ഥമില്ല. അവൻ ഒന്നാമത്തെ ആകാശത്തിലേക്ക് ഇറങ്ങുന്നതും അവൻെറ മഹത്വത്തിനു നിരക്കുന്ന വിധത്തിലാണ്.  അതിനെയൊന്നും സൃഷ്ടികളുടെ ആരോഹണവും അവരോഹണവുമായി താരതമ്യം ചെയ്യാവതല്ല.

അവൻ ആകാശ ഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചു. പിന്നീട് അർശിനു ഉപരിയിൽ ഇസ്തിവാഅ് ചെയ്തു. ഇത് അവൻെറ ഹിതവുമായി ബന്ധപ്പെട്ട കർമ്മപരമായ ഒരു ഗുണവിശേഷം (صفة فعلية) ആണ്. അവൻ ഉദ്ദേശിക്കുമ്പോൾ അവൻ ഉദ്ദേശിക്കുന്ന വിധേന അവൻ ഇസ്തിവാഅ് ചെയ്യും. ആകാശ ഭൂമികൾ സൃഷ്ടിക്കുന്നതിന് മുമ്പും, അതിനു ശേഷവും അവൻ അർശിനു ഉപരിയിൽ തന്നെയാണ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനു ശേഷം അർശിൽ ഇസ്തിവാഅ് ചെയ്ത കാര്യമാണ് ഇവിടെ എടുത്തു കാണിക്കുന്നത്.

മുഅ്തസിലികളെയും അശ്അരികളെയും പോലെ യുക്തി ഉപയോഗിച്ച് ഖുർആൻ വ്യാഖ്യാനിക്കുന്ന പിഴച്ച കക്ഷികൾ ഇത്തരം സൂക്തങ്ങളെ വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കുകയാണ് പതിവ്. اسْتَوَى عَلَى എന്നതിന് اسْتَوْلَى عَلَى അഥവാ ആധിപത്യം സ്ഥാപിച്ചു എന്നാണ് അവർ അർത്ഥം കൽപിക്കാറുള്ളത്. ഈ അർത്ഥ കൽപന ഭാഷാ തത്ത്വങ്ങളുമായോ ഇസ്‌ലാമിക മൂല്യങ്ങളുമായോ ചേർന്നുനിൽക്കുന്നതല്ല. ഈ തെറ്റായ അർത്ഥം സ്വീകരിക്കുന്ന പക്ഷം ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനു മുമ്പ് അർശിനുമേൽ അല്ലാഹുവിന് ആധിപത്യമുണ്ടായിരുന്നില്ലെന്ന് സമ്മതിക്കേണ്ടിവരും. കൂടാതെ, اسْتَوَى عَلَى എന്നത് ആധിപത്യം സ്ഥാപിച്ചു എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ടെന്ന് തെളിയിക്കാൻ അത്തരക്കാർ ഉന്നയിക്കുന്ന തെളിവ് അതീവ ദുർബ്ബലമാണ്. അഖ്‌തലിന്റേതായി പറയപ്പെടുന്ന താഴെ കൊടുത്തിരിക്കുന്ന ഒരു പദ്യശകലമാണ് അവർ കൊണ്ടുവരാറുള്ളത്:

قد استوى بشر على العراق   …   من غير سيف أو دم مهراق

ഖഡ്‌ഗം പ്രയോഗിക്കാതെയും രക്തം ചൊരിയാതെയും ബിശ്ർ ഇറാഖിൽ ആധിപത്യം നേടി

ഇത് തെളിവിനു കൊള്ളില്ലെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. കാരണം, ഇത് അഖ്തലിന്റേതാണെന്ന് തെളിയിക്കാനാവില്ല. അറിയപ്പെടാത്ത ആരോ പറഞ്ഞ ഒരു പാഴ്‌വാക്ക് മാത്രമാണിത്. അഖ്‌തലിന്റേതാണ് ഇതെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ അത് തെളിവിന് യോഗ്യമായിത്തീരുന്നില്ല. കാരണം, അറബി ഭാഷക്ക് അപചയം സംഭവിച്ചതിനു ശേഷം ജീവിച്ച കവിയാണ് അഖ്‌തൽ. അദ്ദേഹത്തിൻെറ പ്രയോഗങ്ങൾ ഭാഷയിൽ തെളിവല്ല. കൂടാതെ, അദ്ദേഹം ഒരു ക്രൈസ്തവനായിരുന്നു; ഇസ്‌ലാമിൻെറ ആശയാവലികളുമായി ഒട്ടും ബന്ധമില്ലാത്ത വ്യക്തിയാണെന്ന കാര്യവും സ്മർത്തവ്യമാണ്.