﴿ وَالْوَزْنُ يَوْمَئِذٍ الْحَقُّ ۚ فَمَن ثَقُلَتْ مَوَازِينُهُ فَأُولَٰئِكَ هُمُ الْمُفْلِحُونَ  ﴾ [الأعراف ٨]

അന്നേ ദിവസം കര്‍മ്മങ്ങള്‍ തൂക്കികണക്കാക്കും എന്നത് സത്യമാണ്. അപ്പോള്‍ ആരുടെ നന്മകൾ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍ (അഅ്റാഫ് 8)


ന്യായവിധി നാളിൽ വിചാരണക്കായി നീതിയുടെ ത്രാസുകൾ സ്ഥാപിക്കുകയും നന്മ തിന്മകൾ തൂക്കി കണക്കാക്കുകയും ചെയ്യും എന്നതാണ് അഹ്‌ലുസ്സുന്നഃയുടെ  വിശ്വാസം. അല്ലാഹു പറയുന്നത് കാണുക:

﴿ وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ ﴾[الأنبياء ٤٧]

അന്ത്യനാളില്‍ നാം നീതിയുടെ തുലാസുകള്‍ സ്ഥാപിക്കും. അപ്പോള്‍ ആരും ഒട്ടും അനീതിക്ക് ഇരയാവുകയില്ല. ഒരു കടുകുമണിത്തൂക്കമാണെങ്കിലും നാം അത് കൊണ്ടുവരും. വിചാരണ ചെയ്യാൻ നാം തന്നെ മതി. (അൻബിയാഅ് 47)

അല്ലാഹു സ്ഥാപിക്കുന്ന നീതിയുടെ തുലാസിന് രണ്ടു തട്ടുകളുണ്ടായിരിക്കും. മനുഷ്യൻെറ കർമ്മങ്ങൾ തൂക്കി കണക്കാക്കുന്നത് സംബന്ധിച്ച് ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീസുകളിലെ പരാമർശങ്ങളാണ് അതിനു തെളിവ്. അതിന് ഒരു സൂചി (pivot) ഉണ്ടായിരിക്കുമെന്നും അവയിൽനിന്ന് ചില പണ്ഡിതന്മാർ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ അതിനെ കുറിച്ച് വ്യക്തമായ പരാമർശമില്ല.

ആ തുലാസിൽ വെച്ച് നീതിപൂർവ്വകമായി കാര്യങ്ങൾ തൂക്കി കണക്കാക്കും. അത് എത്ര ചെറുതാണെങ്കിലും അല്ലാഹു കൊണ്ടു വരിക തന്നെ ചെയ്യും. അതിൽ വെച്ച് മൂന്നു കാര്യങ്ങൾ തൂക്കി കണക്കാക്കുന്നത് ഹദീസിൽ വിവരിക്കപ്പെട്ടിട്ടുണ്ട്.

(ഒന്ന്) മനുഷ്യൻെറ കർമ്മങ്ങൾ: മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങൾ തൂക്കപ്പെടുമെന്നും അതിൽ ഓരോ കർമ്മത്തിനും അതിൻേറതായ ഘനം കാണിക്കപ്പെടുമെന്നും നബിവചനങ്ങളിൽനിന്ന് മനസ്സിലാക്കാം. നബി ﷺ പറയുന്നത് കാണുക:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، يَقُولُ: قَالَ النَّبِيُّ ﷺ: مَنِ احْتَبَسَ فَرَسًا فِي سَبِيلِ اللَّهِ إِيمَانًا بِاللَّهِ وَتَصْدِيقًا بِوَعْدِهِ، فَإِنَّ شِبَعَهُ وَرِيَّهُ وَرَوْثَهُ وَبَوْلَهُ فِي مِيزَانِهِ يَوْمَ القِيَامَةِ. [البخاري في صحيحه]

അബൂ ഹുറെയ്റഃ –رَضِيَ اللهُ عَنْهُ– നിവേദനം. നബി ﷺ പറയുന്നു: ആരെങ്കിലും അല്ലാഹുവിലുള്ള വിശ്വാസം മുൻനിർത്തിയും അവൻെറ വാഗ്‌ദാനം സത്യപ്പെടുത്തിയും അവൻെറ മാർഗ്ഗത്തിൽ യുദ്ധം ചെയ്യാനായി ഒരു കുതിരയെ നിലനിർത്തുന്നുവെങ്കിൽ അതിൻെറ ഭക്ഷണവും വെള്ളവും കാഷ്ടവും മൂത്രവും എല്ലാം തന്നെ അന്ത്യനാളിൽ അയാളുടെ തുലാസിൽ തൂക്കപ്പെടും (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മറ്റൊരു ഹദീസ് കൂടി കാണുക:

عَنْ أُبَيٍّ عَنِ النَّبِيِّ ﷺ قَالَ: مَنْ تَبِعَ جَنَازَةً حَتَّى يُصَلَّى عَلَيْهَا، وَيُفْرَغَ مِنْهَا، فَلَهُ قِيرَاطَانِ، وَمَنْ تَبِعَهَا حَتَّى يُصَلَّى عَلَيْهَا، فَلَهُ قِيرَاطٌ، وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَهُوَ أَثْقَلُ فِي مِيزَانِهِ مِنْ أُحُدٍ. [أحمد فيي مسنده وصححه الألباني]

ഉബയ്യ് –رَضِيَ اللهُ عَنْهُ– നിവേദനം. നബി ﷺ പറയുന്നു: ഒരു ജനാസക്ക് വേണ്ടി നമസ്കരിക്കുകയും അത് മറമാടിത്തീരുകയും ചെയ്യുന്നതു വരെ ആരെങ്കിലും അതിനെ പിന്തുടർന്നാൽ അവനു രണ്ടു കൂമ്പാരം പ്രതിഫലം ലഭിക്കും. ആരെങ്കിലും നമസ്കരിക്കുന്നതു വരെ മാത്രമാണ് പിന്തുടരുന്നതെങ്കിൽ അവനുള്ള പ്രതിഫലം ഒരു കൂമ്പാരമായിരിക്കും. മുഹമ്മദിൻെറ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം, അത് തുലാസിൽ ഉഹുദ് മലയെക്കാളും ഘനമുള്ളതായിരിക്കും. (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

(രണ്ട്) കർമ്മങ്ങൾ രേഖപ്പെടുത്തപ്പെട്ട ഏടുകൾ: മനുഷ്യൻ ചെയ്യുന്ന നന്മ തിന്മകളെല്ലാം ഒന്നൊഴിയാതെ കൃത്യമായി രേഖപ്പെടുത്തപ്പെടും. കർമ്മങ്ങൾ രേഖപ്പെടുത്തപ്പെട്ട ഏടുകൾ അന്ത്യനാളിൽ തൂക്കപ്പെടുകയും ചെയ്യും. നബി ﷺ പറയുന്നത് കാണുക:

عن عبد الله بن عمرو قال: قال رسول الله ﷺ: إن الله سيخلص رجلا من أمتي على رءوس الخلائق يوم القيامة، فينشر عليه تسعة وتسعين سجلا، كل سجل مثل مد البصر، ثم يقول: أتنكر من هذا شيئا؟ أظلمك كتبتي الحافظون؟ فيقول: لا يا رب، فيقول: أفلك عذر؟ فيقول: لا يا رب، فيقول: بلى؛ إن لك عندنا حسنة، فإنه لا ظلم عليك اليوم، فتخرج بطاقة، فيها أشهد أن لا إله إلا الله، وأشهد أن محمدا عبده ورسوله، فيقول: احضر وزنك، فيقول: يا رب ما هذه البطاقة مع هذه السجلات؟ فقال: إنك لا تظلم، قال: فتوضع السجلات في كفة، والبطاقة في كفة، فطاشت السجلات، وثقلت البطاقة، فلا يثقل مع اسم الله شيء. [الترمذي وابن ماجة في سننهما وصححه الألباني]

അബ്ദുല്ലാ ബിൻ അംറ് -رضي الله عنه- നിവേദനം. നബി ﷺ പറയുന്നു: അന്ത്യനാളിൽ സമസ്ത സൃഷ്ടികളുടെയും മുന്നിൽ വെച്ച് എൻെറ സമുദായത്തിൽപെട്ട ഒരാളെ തെരഞ്ഞു പിടിച്ച് വിചാരണക്ക് ഹാജരാക്കും. അദ്ദേഹത്തിൻേറതായി തൊണ്ണൂറ്റി ഒമ്പത് ഏടുകൾ നിവർത്തപ്പെടും. ഓരോന്നും കണ്ണെത്തുന്നതു വരെ നീണ്ടു കിടക്കുന്ന ഏടുകൾ. പിന്നീട് അല്ലാഹു ചോദിക്കും: ഇതിൽപെട്ട ഏതെങ്കിലും ഒന്ന് നിനക്ക് നിഷേധിക്കാനാകുമോ? ഞാൻ നിശ്ചയിച്ച സൂക്ഷിപ്പുകാരായ എഴുത്തുകാർ നിന്നോട് വല്ല അന്യായവും ചെയ്തുവോ? അദ്ദേഹം പറയും: റബ്ബേ, ഒരിക്കലുമില്ല. പിന്നീട് അല്ലാഹു ചോദിക്കും: നിനക്ക് വല്ല ഒഴികഴിവും ബോധിപ്പിക്കാനുണ്ടോ? അപ്പോൾ അദ്ദേഹം പറയും: റബ്ബേ, ഇല്ല.. അപ്പോൾ അല്ലാഹു പറയും: എന്നാൽ, നമ്മുടെ അടുക്കൽ നിനക്ക് ഒരു നന്മയുണ്ട്. ഇന്ന് നിനക്കെതിരിൽ യാതൊരുവിധ അന്യായവും കാണിക്കപ്പെടുകയില്ല. അങ്ങനെ ഒരു ചീട്ട് പുറത്തെടുക്കപ്പെടും. അതിൽ, അല്ലാഹുവല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു, മുഹമ്മദ് അല്ലാഹുവിൻെറ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അപ്പോൾ അല്ലാഹു പറയും: നിൻെറ കർമ്മങ്ങൾ തൂക്കുന്നതിന് നീ ഹാജരാവുക. അവൻ ചോദിക്കുന്നു: ഈ ഏടുകൾക്കൊപ്പം ഈ ചീട്ടിനെന്തു സാംഗത്യം?  അപ്പോൾ അല്ലാഹു പറയും: നീ അന്യായത്തിന് ഇരയാവുകയില്ല. അങ്ങനെ ഏടുകൾ ഒരു തട്ടിലും ചീട്ട് മറുതട്ടിലും വെക്കും. അപ്പോൾ ഏടുകൾ ഘനമില്ലാതെ പൊങ്ങിപ്പോവുകയും ചീട്ട് ഘനം തൂങ്ങുകയും ചെയ്യും. അല്ലാഹുവിൻെറ നാമത്തിനൊപ്പം ഒന്നും തന്നെ ഘനം തൂങ്ങുകയില്ല. (തിർമുദി, ഇബ്‌നു മാജഃ അവരുടെ സുനനുകളിൽ ഉദ്ധരിച്ചത്)

(മൂന്ന്) കർമ്മങ്ങൾ ചെയ്ത മനുഷ്യൻ: കർമ്മങ്ങളും അവ രേഖപ്പെടുത്തപ്പെട്ട ഏടുകളും തൂക്കപ്പെടുന്നതു പോലെ കർമ്മങ്ങൾ അനുഷ്ഠിച്ച വ്യക്തിയെയും തൂക്കും. താഴെ കൊടുത്ത രണ്ടു നബിവചനങ്ങൾ ഇക്കാര്യം സാധൂകരിക്കുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنْ رَسُولِ اللَّهِ ﷺ قَالَ: إِنَّهُ لَيَأْتِي الرَّجُلُ العَظِيمُ السَّمِينُ يَوْمَ القِيَامَةِ، لاَ يَزِنُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ، وَقَالَ: اقْرَءُوا، ﴿ فَلاَ نُقِيمُ لَهُمْ يَوْمَ القِيَامَةِ وَزْنًا﴾ (الكهف: 105) [البخاري في صحيحه]

അബൂ ഹുറെയ്റഃ –رَضِيَ اللهُ عَنْهُ– നിവേദനം. നബി ﷺ പറയുന്നു: തടിച്ചു കൊഴുത്ത വലിയൊരു മനുഷ്യനെ അന്ത്യനാളിൽ ഹാജരാക്കപ്പെടും. അല്ലാഹുവിൻെറ അടുക്കൽ ഒരു കൊതുകിൻ ചിറകിൻെറ ഘനം പോലും അയാൾക്കുണ്ടാവില്ല. അദ്ദേഹം പറഞ്ഞു: നിങ്ങൾ പാരായണം ചെയ്യൂ: “അന്ത്യനാളിൽ അവർക്ക് നാം ഒരു ഘനവും വരുത്തുകയില്ല” (കഹ്ഫ് 105) (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

عَنِ ابْنِ مَسْعُودٍ، أَنَّهُ كَانَ يَجْتَنِي سِوَاكًا مِنَ الْأَرَاكِ، وَكَانَ دَقِيقَ السَّاقَيْنِ، فَجَعَلَتِ الرِّيحُ تَكْفَؤُهُ، فَضَحِكَ الْقَوْمُ مِنْهُ، فَقَالَ رَسُولُ اللَّهِ : مِمَّ تَضْحَكُونَ؟ قَالُوا: يَا نَبِيَّ اللَّهِ، مِنْ دِقَّةِ سَاقَيْهِ، فَقَالَ: وَالَّذِي نَفْسِي بِيَدِهِ، لَهُمَا أَثْقَلُ فِي الْمِيزَانِ مِنْ أُحُدٍ. [أحمد في مسنده وصححه الألباني]

ഇബ്‌നു മസ്ഊദ് –رَضِيَ اللهُ عَنْهُ– നിവേദനം. അദ്ദേഹം അറാക്ക് വൃക്ഷത്തിൽനിന്ന് ദന്ത ശുദ്ധി വരുത്താനുള്ള കൊമ്പുകൾ പറിക്കുകയായിരുന്നു. അദ്ദേഹത്തിൻെറ ഇരു കണങ്കാലുകളും വളരെ നേർത്തതായിരുന്നു. അങ്ങനെ കാറ്റ് അദ്ദേഹത്തെ ഉലച്ച് കണങ്കാൽ വെളിവാക്കാൻ തുടങ്ങി. അപ്പോൾ ജനങ്ങൾ അദ്ദേഹത്തെ നോക്കി ചിരിച്ചു. നബി ﷺ പറഞ്ഞു: എന്തു കണ്ടാണ് നിങ്ങൾ ചിരിക്കുന്നത്? അവർ പറഞ്ഞു: നബിയേ, അദ്ദേഹത്തിൻെറ ഇരു കണങ്കാലുകളുടെയും ശോഷിപ്പ് കണ്ടിട്ട്. അപ്പോൾ അവിടുന്ന് പറഞ്ഞു: എൻെറ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം,അവ രണ്ടും തുലാസിൽ ഉഹ്ദിനെക്കാളും ഭാരമുള്ളവയായിരിക്കും. (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

നന്മയുടെ തുലാസ് ഘനം തൂങ്ങിയവർ ജീവിത വിജയികളായി സംതൃപ്തിയോടെ സ്വർഗ്ഗത്തിലേക്ക് നയിക്കപ്പെടും. നന്മയുടെ തുലാസ് ലഘുവായവർ സ്വയം നഷ്ടപ്പെട്ടവരായി ശാശ്വതമായ നരക ശിക്ഷയുടെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യും. അല്ലാഹു രക്ഷിക്കട്ടെ, ആമീൻ.