﴿ وَاتَّبَعُوا مَاتَتْلُوالشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴾ (102)

വിശുദ്ധ ഖുർആൻ വിവരണത്തിൽ ബഖറഃ 102-ാം സൂക്തത്തിനു വ്യാഖ്യാനം എഴുതിയിരിക്കുന്നത് ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലാണ്. ഒരു ശരാശരി വായനക്കാരന് സിഹ്റിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയും അതിൽനിന്ന് ലഭിക്കുകയില്ല. മറിച്ച്, അവിടെ നൽകിയ വിവരണങ്ങൾ വായനക്കാരെ കൂടുതൽ അങ്കലാപ്പിൽ അകപ്പെടുത്തുകയാണ് ചെയ്യുന്നത്. ആയതിനാൽ മേൽ സൂക്തത്തിലും സമാനമായ മറ്റു പ്രമാണവാക്യങ്ങളിലും പരാമർശിക്കപ്പെട്ടിരിക്കുന്ന സിഹ്റിൻെറ വിവക്ഷയെന്ത്, അതിൻെറ ഇസ്‌ലാമിക വിധിയെന്ത്, അത് സൃഷ്ടിക്കുന്ന മതപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ എന്തൊക്കെ എന്നതു സംബന്ധിച്ച്  ഒരു ലഘുവിവരണം അനിവാര്യമായിത്തീരുന്നു.

സിഹ്ർ എന്ന പദത്തിൻെറ നിരുക്തം, നിഷ്പാദനം, അർത്ഥവിജ്ഞാനീയം മുതലായ കാര്യങ്ങളെ കുറിച്ചുള്ള ചർച്ചക്ക് ഇവിടെ പ്രസക്തിയില്ല. അതേപോലെ, മേൽ ധാതുവിൻെറ പ്രാഥമികമായ അർത്ഥം, കാലാന്തരത്തിൽ അതിനു വന്നുചേർന്ന അർത്ഥഭേദങ്ങൾ, അതിൻെറ വിവിധങ്ങളായ പ്രയോഗ രീതികൾ തുടങ്ങിയ ഭാഷാ ചർച്ചകളൊന്നും സാധാരണക്കാരായ സത്യാന്വേഷികൾക്ക് ആവശ്യമുള്ള കാര്യങ്ങളുമല്ല.

എന്നാൽ സിഹ്റിനെ കുറിച്ചുള്ള ചർച്ചകളിൽ പൊതുവെ കണ്ടുവരുന്ന തൊറ്റായ ചില പ്രവണതകൾ ഇവയാണ്:

  1. മേൽ സൂക്തത്തിലും സമാനമായ മറ്റു വചനങ്ങളിലും പരാമർശിച്ചിരിക്കുന്ന സിഹ്റിലേക്ക് അതിലുൾപ്പെടാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കുക.
  2. കാര്യങ്ങൾ കൂട്ടിക്കുഴച്ച് വിഷയം സങ്കീർണ്ണവൽക്കരിക്കുക.
  3. ഭാഷാപരമായ സാധ്യതകൾ വെച്ച് തങ്ങളുടെ തെറ്റായ അനുമാനങ്ങൾ സമർത്ഥിക്കാൻ ശ്രമിക്കുക.
  4. ഭാഷാപരമായി മാത്രം സിഹ്ർ എന്ന് പറയാവുന്ന ചില കാര്യങ്ങളുടെ മറവിൽ, പരാമൃഷ്ട സൂക്തത്തിലും സമാനമായ പ്രമാണവാക്യങ്ങളിലും പറഞ്ഞിരിക്കുന്ന സിഹ്റിൻെറ യാഥാർത്ഥ്യത്തെയോ, സ്വാധീനത്തയോ അല്ലെങ്കിൽ സിഹ്റിനെ തന്നെയോ നിഷേധിക്കുക.
  5. സിഹ്ർ സ്ഥിരീകരിക്കുന്നത് അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിക്കുക.
  6. സിഹ്റിനെ നിഷേധിക്കൽ പുരോഗമനവും നവോത്ഥാനവുമാണെന്ന് നടിക്കുക. 

കൈവിരുത്, കൺകെട്ടുവിദ്യ, വശീകരണം പോലുള്ള കാര്യങ്ങളെ കുറിച്ച് വ്യവഹരിക്കാൻ അറബി ഭാഷയിൽ സിഹ്ർ എന്ന ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ അത്തരം കാര്യങ്ങളെയും, ബഖറഃ 102-ാം സൂക്തത്തിലും സമാനമായ പ്രമാണവാക്യങ്ങളിലും പറഞ്ഞിരിക്കുന്ന സിഹ്റിനെയും ഒന്നായി കാണാൻ പറ്റില്ല. രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. നാം ഇവിടെ ചർച്ച ചെയ്യുന്നത് ബഖറഃ 102-ാം സൂക്തത്തിൽ പരാമർശിച്ച സിഹ്റിനെ (ആഭിചാര വേല, മാരണം) കുറിച്ചാണ്. അല്ലാതെ, അറബി ഭാഷയിൽ സിഹ്ർ എന്ന പദം ഏതെല്ലാം കാര്യങ്ങളെ കുറിച്ച് വ്യവഹരിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ ആ വിഷയങ്ങളെ കുറിച്ചെല്ലാമുള്ള ഒരു ഭാഷാ ചർച്ചയല്ല ഇത്. 

ഖുർആനിക ശബ്‌ദാവലികളുടെയെല്ലാം കാര്യം ഇങ്ങനെ തന്നെയാണ്. അവക്കെല്ലാം ഒന്നിലധികം അർത്ഥങ്ങളുണ്ടായിരിക്കും. എന്നാൽ പ്രമാണവാക്യങ്ങളിൽ അത് ഏതർത്ഥത്തിലും വിവക്ഷയിലുമാണോ പ്രയോഗിച്ചിരിക്കുന്നത് അതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. അത് പഠിക്കുന്നതിലേ കാര്യമുള്ളു. കാര്യങ്ങൾ കൂട്ടിക്കുഴക്കുന്നത് ശരിയായ രീതിയല്ല. വിഷയങ്ങൾ വ്യവഛേദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്.

ആദ്യമായി, സലഫുകളിൽപെട്ട പ്രാമാണികരായ മുഫസ്സിറുകൾ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം പരിശോധിക്കാം. അവരുടെ വ്യാഖ്യാനം ഇങ്ങനെ സംഗ്രഹിക്കാം:

സിഹ്ർ അല്ലാഹു ഇറക്കിയ ഒരു ഫിത്നഃ അഥവാ പരീക്ഷണമാണ്. ഹാറൂത് മാറൂത് എന്നീ മലക്കുകൾ മുഖേന പുരാതന ബാബിലോണിയയിലാണ് അത് ഇറക്കപ്പെട്ടത്. സിഹ്റുമായി വന്ന അവർ, തങ്ങൾ ഒരു ഫിത്നഃയാണെന്നും, സിഹ്ർ മുഖേന നിങ്ങൾ കുഫ്റിലും അവിശ്വാസത്തിലും അകപ്പെടാൻ ഇടവരരുതെന്നും താക്കീത് ചെയ്തതിനു ശേഷമല്ലാതെ ആർക്കും അത് പഠിപ്പിച്ചു കൊടുത്തിരുന്നില്ല. ജനം അവരിൽനിന്ന് പഠിച്ചിരുന്നത് ഇണകളെ തമ്മിൽ  തെറ്റിച്ച് വേർപിരിക്കാവുന്ന തരത്തിലുള്ള ക്ഷുദ്രവേലകളായിരുന്നു; ഒരു തരത്തിലും ഉപകാരപ്രദമല്ലാത്ത, തീർത്തും വിനാശകരമായ കാര്യങ്ങൾ മാത്രം. അല്ലാഹുവിൻെറ അനുമതി പ്രകാരമേ സിഹ്ർ ബാധിക്കുകയും ഏതെങ്കിലും തരത്തിലുള്ള ദ്രോഹം വരുത്തുകയും ചെയ്യുകയുള്ളു. അത്തരം ക്ഷുദ്രവേലകൾ അഭ്യസിക്കുന്നതും അഭ്യസിപ്പിക്കുന്നതും, മറ്റൊരാൾക്കെതിരിൽ പ്രയോഗിക്കുന്നതും പ്രയോഗിപ്പിക്കുന്നതും കുഫ്റും പരലോകം നഷ്ടപ്പെടുത്തിക്കളയുന്ന കാര്യവുമാണ്. ഇക്കാര്യത്തെ കുറിച്ച് തികഞ്ഞ അറിവും ബോധ്യവും നേടിയതിനു ശേഷം മാത്രമായിരുന്നു അവർ സിഹ്ർ സ്വായത്തമാക്കിയിരുന്നത്.  

എന്നിരുന്നാലും മനുഷ്യരിലും ജിന്നുകളിലുംപെട്ട പിശാചുക്കൾ സിഹ്ർ അഭ്യസിച്ചു. വൈരനിര്യാതനത്തിനും ഹീനമായ സുഖഭോഗങ്ങൾക്കും വേണ്ടി അവരത് പ്രയോഗിക്കാൻ തുടങ്ങി. ജൂതന്മാർ ഇക്കാര്യത്തിൽ കുറേ കൂടി മുന്നിലായിരുന്നുവെന്നാണ് ചരിത്രം.

സിഹ്ർ എന്ന് പറയുമ്പോൾ സാമാന്യമായി വിവക്ഷിക്കപ്പെടുന്നത് മുകളിൽ പറഞ്ഞ ആഭിചാര ക്രിയകളും ക്ഷുദ്രവേലകളുമാണ്. അതിനെ കുറിച്ചാണ് ഖുർആനിലും സുന്നത്തിലും വിശദീകരിക്കപ്പെട്ടിട്ടുള്ളത്. അത് വൻപാപവും കുഫ്റുമാണ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നത് കാണുക:

فهم يعلمون أن السحر لا ينفع في الآخرة ولا يقرب إلى الله، وأن من اشتراه ما له في الآخرة من خلاق، فإن مبناه على الشرك والكذب والظلم، مقصود صاحبه الظلم والفواحش. [ابن تيمية في كتاب النبوات ص 33]

〈സിഹ്ർ പരലോകത്ത് ഉപകരിക്കുകയില്ല. അത് അല്ലാഹുവിൻെറ സാമീപ്യം നേടിത്തരികയുമില്ല. ആരെങ്കിലും അത് സ്വായത്തമാക്കിയാൽ അവനു പരലോകത്ത് ഒരു വിഹിതവും ഉണ്ടായിരിക്കുകയുമില്ല. ശിർക്കും വ്യാജവും അതിക്രമവുമാണ് അതിൻെറ അടിസ്ഥാനം. അതിൻെറ പ്രയോക്താക്കാൾ ലക്ഷ്യമാക്കുന്നത് അക്രമവും നീചവൃത്തികളുമാണ്.〉 (ഇബ്‌നു തൈമിയ്യഃ അന്നുബുവ്വാത്തിൽ രേഖപ്പെടുത്തിയത്)

സിഹ്ർ അഭ്യസിക്കുന്നതും പ്രയോഗിക്കുന്നതും ജോത്സ്യന്മാരാണ്. തങ്ങൾക്ക് അദൃശ്യകാര്യങ്ങൾ അറിയുമെന്ന് അവർ വാദിക്കുകയും, പാമരന്മാർ അത് വിശ്വസിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, ഗൈബ് അറിയുന്നവനായി അല്ലാഹു മാത്രമേ ഉള്ളു. ഉപരിലോകങ്ങളിലോ കീഴ്‌ലോകങ്ങളിലോ ഗൈബ് അറിയുന്നവരായി മറ്റാരുമില്ല. ഇക്കാര്യം നംല് 65-ാം സൂക്തത്തിൽ അല്ലാഹു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഗൈബ് അറിയുമെന്ന് ഒരാൾ വാദിച്ചാൽ അയാൾ ത്വാഗൂത്തും, അത് വിശ്വസിക്കുന്നവർ അല്ലാഹുവിൽ പങ്കുചേർക്കുന്നവരുമാണ്.

ജോത്സ്യന്മാർ അദൃശ്യകാര്യങ്ങൾ അറിയുമെന്ന് അവകാശപ്പെടുന്നതിനു പിന്നിലുള്ള രഹസ്യത്തെ കുറിച്ചും, അവരും ജിന്നുകളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടിനെ സംബന്ധിച്ചും വിശദീകരിക്കുന്ന ഒരു ഹദീസ് കാണുക:

حَدَّثَنَا الحُمَيْدِيُّ، حَدَّثَنَا سُفْيَانُ، حَدَّثَنَا عَمْرٌو، قَالَ: سَمِعْتُ عِكْرِمَةَ، يَقُولُ: سَمِعْتُ أَبَا هُرَيْرَةَ، يَقُولُ: إِنَّ نَبِيَّ اللَّهِ ﷺ قَالَ: إِذَا قَضَى اللَّهُ الأَمْرَ فِي السَّمَاءِ، ضَرَبَتِ المَلاَئِكَةُ بِأَجْنِحَتِهَا خُضْعَانًا لِقَوْلِهِ، كَأَنَّهُ سِلْسِلَةٌ عَلَى صَفْوَانٍ، فَإِذَا فُزِّعَ عَنْ قُلُوبِهِمْ قَالُوا: مَاذَا قَالَ رَبُّكُمْ؟ قَالُوا لِلَّذِي قَالَ: الحَقَّ، وَهُوَ العَلِيُّ الكَبِيرُ، فَيَسْمَعُهَا مُسْتَرِقُ السَّمْعِ، وَمُسْتَرِقُ السَّمْعِ هَكَذَا بَعْضُهُ فَوْقَ بَعْضٍ – وَوَصَفَ سُفْيَانُ بِكَفِّهِ فَحَرَفَهَا، وَبَدَّدَ بَيْنَ أَصَابِعِهِ – فَيَسْمَعُ الكَلِمَةَ فَيُلْقِيهَا إِلَى مَنْ تَحْتَهُ، ثُمَّ يُلْقِيهَا الآخَرُ إِلَى مَنْ تَحْتَهُ، حَتَّى يُلْقِيَهَا عَلَى لِسَانِ السَّاحِرِ أَوِ الكَاهِنِ، فَرُبَّمَا أَدْرَكَ الشِّهَابُ قَبْلَ أَنْ يُلْقِيَهَا، وَرُبَّمَا أَلْقَاهَا قَبْلَ أَنْ يُدْرِكَهُ، فَيَكْذِبُ مَعَهَا مِائَةَ كَذْبَةٍ، فَيُقَالُ: أَلَيْسَ قَدْ قَالَ لَنَا يَوْمَ كَذَا وَكَذَا: كَذَا وَكَذَا، فَيُصَدَّقُ بِتِلْكَ الكَلِمَةِ الَّتِي سَمِعَ مِنَ السَّمَاءِ. [البخاري في صحيحه]

〈അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നിശ്ചയമായും നബി ﷺ പറയുകയുണ്ടായി: അല്ലാഹു ഉപരിയിൽ ഒരു കാര്യം ഉത്തരവായാൽ അതിനു വണക്കമായി മലക്കുകൾ ചിറകടിക്കും. അത് (അല്ലാഹുവിൻെറ വചനം അവർ കേൾക്കുന്നത്) മാർദ്ദവമേറിയ പാറപ്പുറത്ത് ഒരു ചങ്ങല വലിക്കുന്നതു പോലെയിരിക്കും. അവരുടെ ഹൃദയത്തിൽ നിന്ന് ഭയം നീങ്ങിക്കഴിയുമ്പോൾ അവർ ചോദിക്കും നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത്? ചോദിച്ചവരോട് അവർ പറയും: പരമസത്യം ! അവൻ അത്യൂന്നതനും വലിയവനുമാണ് !! അപ്പോൾ കട്ടുകേൾക്കാനിരിക്കുന്ന (ജിന്ന്) അത് ശ്രവിക്കാനിടവരുന്നു. കട്ടുകേൾക്കുന്നവർ ഇപ്രകാരം ഒരാൾക്കു മീതെ മറ്റൊരാൾ എന്ന നിലയിലായിരിക്കും. [സുഫ്‌യാൻ തൻെറ കൈപ്പത്തി ചെരിച്ചുപിടിച്ച് വിരലുകൾ അകറ്റിക്കൊണ്ടത് കാണിച്ചു കൊടുത്തു]. അങ്ങനെ അവൻ ഒരു വാക്ക് കേൾക്കുകയും അത് തൻെറ താഴെയുള്ളവന് കൊടുക്കുകയും ചെയ്യുന്നു. പിന്നെ മറ്റെയാൾ തനിക്കു താഴെയുള്ളവന് കൊടുക്കുന്നു. അങ്ങനെ അത് സിഹ്ർ ചെയ്യുന്നവൻെറയോ ജോത്സ്യൻെറയോ നാവിൽ ഇട്ടുകൊടുക്കുന്നു. ചിലപ്പോൾ അത് കൈമാറുന്നതിനു മുമ്പ് തന്നെ ഉൽക്ക അവനെ പിടികൂടിയെന്നു വരും. ചിലപ്പോൾ അത് അവനെ പിടികൂടുന്നതിന് മുമ്പ് തന്നെ ഇട്ടുകൊടുത്തെന്നും വരും. അങ്ങനെ അവൻ (ജോത്സ്യൻ) അതിനോടൊപ്പം നൂറു നുണകൾ കൂട്ടിപ്പറയും. അപ്പോൾ ഒരു സംസാരമുണ്ടാകും: അയാൾ ഇന്നിന്ന ദിവസങ്ങളിൽ ഇന്നിന്ന കാര്യങ്ങൾ നമ്മോട് പറഞ്ഞില്ലേ ! അങ്ങനെ ആകാശത്തിൽനിന്ന് കേൾക്കാൻ കഴിഞ്ഞ ആ ഒരു വാക്ക് കൊണ്ട് അയാൾ സത്യപ്പെടുത്തപ്പെടും.〉 (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മുകളിലുദ്ധരിച്ച ഹദീസ് സിഹ്ർ ചെയ്യുന്ന ജോത്സ്യന്മാരും കട്ടുകേൾക്കുന്ന ജിന്നുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നുകാണിക്കുന്നു. തങ്ങൾക്ക് അദൃശ്യകാര്യങ്ങൾ അറിയാം എന്ന ജോത്സ്യന്മാരുടെ അവകാശ വാദത്തിൻെറ നിജസ്ഥിതി മനസ്സിലാക്കിത്തരുന്നു. അവർ എങ്ങനെയാണ് പാമരജനങ്ങളെ വിഡ്ഢികളാക്കി കളവു വ്യാപാരം കൊഴുപ്പിക്കുന്നതെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.

സ്വന്തം നിലയിലോ മറ്റുള്ളവർക്കു വേണ്ടിയോ ആണ് ജോത്സ്യന്മാർ ആഭിചാരവേലകൾ നടത്താറുള്ളത്. ശത്രു സംഹാരത്തിനും വൈരനിര്യാതനത്തിനും നീചമായ സുഖഭോഗങ്ങൾക്കും നികൃഷ്ടമായ ഇഛാപൂർത്തീകരണത്തിനും വേണ്ടി അവർ ചെയ്തു കൂട്ടുന്ന ക്രൂരതകളും വൈകൃതങ്ങളും അത്രമേൽ ഭയാനകവും അറപ്പുളവാക്കുന്നതുമാണ്. പരലോകത്ത് യാതൊരു വിഹിതവുമില്ലാത്തവരും ഒരിക്കലും സ്വർഗ്ഗപ്രവശനം ലഭിക്കാത്തവരുമായ അവിശ്വാസികളാണവർ.

സിഹ്റിൽ ശിർക്കും കുഫ്റും ഉൾച്ചേർന്നിരിക്കുന്നു എന്നതിനു പുറമെ അത് ഒരു സാമൂഹ്യ വിപത്തുകൂടിയാണ്. അതിനാൽ ഇത്തരം ജ്യോത്സ്യന്മാരെ സമീപിക്കുന്നതും അവരോട് കാര്യങ്ങൾ ആരായുന്നതും അത് സത്യപ്പെടുത്തുന്നതും വൻപാപവും കുഫ്റുമായിട്ടാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. നബി ﷺ പറയുന്നത് കാണുക:

عن صفية عن بعض أزواج النبي ﷺ عن النبي ﷺ قال: من أتى عرافا فسأله عن شيء لم تقبل له صلاة أربعين ليلة. [مسلم في صحيحه]

〈സ്വഫിയ്യ رَضِيَ اللهُ عَنْهَا നിവേദനം. നബി ﷺ യുടെ പത്നിമാരിൽ ഒരാൾ നബി ﷺ യെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു: അവിടുന്നു പറയുകയുണ്ടായി: ആരെങ്കിലും ഒരു ജോത്സ്യനെ സമീപിച്ച് വല്ലതും ആരാഞ്ഞാൽ അവൻെറ നാൽപതു ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

عن جابر بن عبد الله عن النبي ﷺ قال: من أتى كاهنا فصدقه بما يقول فقد كفر بما أنزل على محمد. [البزار في مسنده]

〈ജാബിർ ബിൻ അബ്ദില്ലാ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും ജോത്സ്യൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ അയാൾ മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു.〉 (ബസ്സാർ മുസ്‌നദിൽ ഉദ്ധരിച്ചത്)

സത്യാന്വേഷിയായ ഏതൊരാൾക്കും ബഖറഃ 102-ാം സൂക്തത്തിൽ പറഞ്ഞിരിക്കുന്ന സിഹ്‌റിനെ കുറിച്ച് മനസ്സിലാക്കാൻ മുകളിൽ കൊടുത്ത വിവരണം തന്നെ മതി. എന്നാൽ അഭീഷ്ടങ്ങൾ പിന്തുടരുന്ന ചില തന്നിഷ്ടക്കാരുണ്ട്. അവരെ സത്യം ബോധ്യപ്പെടുത്തുക ദുഷ്കരം തന്നെ. ശൈഖ് അൽബാനി رَحِمَهُ اللهُ  പറയുന്നത് കാണുക:

طالب الحق يكفيه دليل، وصاحب الهوى لا يكفيه ألف دليل، الجاهل يُعلّم وصاحب الهوى ليس لنا عليه سبيل. [الألباني]

〈സത്യാന്വേഷിക്ക് ഒരു തെളിവ് തന്നെ മതിയാകും. തന്നിഷ്ടക്കാരന് ആയിരം തെളിവുകൾ പോലും മതിയാവുകയില്ല. വിവരമില്ലാത്തവനാണെങ്കിൽ അറിവ് പഠിപ്പിച്ചു കൊടുക്കാം. തന്നിഷ്ടക്കാരൻെറ കാര്യത്തിൽ നമുക്ക് ഒരു പോംവഴിയുമില്ല.〉 (അൽബാനി)

സിഹ്റിന് ‘ഹഖീഖത്ത്’ ഉണ്ടോ?
മുകളിൽ വിശദീകരിച്ച പ്രമാണബദ്ധമായ യാഥാർത്ഥ്യങ്ങൾ മറികടക്കാൻ കഴിയാതെ വരുമ്പോൾ തന്നിഷ്ടക്കാരായ വ്യാജവാദികൾ നടത്തുന്ന ഒരു ജൽപനമാണ് സിഹ്റിന് ‘ഹഖീഖത്ത്’ ഇല്ലെന്ന വാദം. ‘ഹഖീഖത്ത്’ എന്നാൽ യാഥാർത്ഥ്യം എന്നാണ് അർത്ഥം. പക്ഷെ, അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. കാരണം, ‘ഹഖീഖത്ത്’ ഇല്ലെന്ന ശീർഷകത്തിൽ സിഹ്റ് ബാധിക്കുകയില്ലെന്ന് സമർത്ഥിക്കാനാണ് അവർ പാഴ്‌ശ്രമം നടത്താറുള്ളത്. സിഹ്ർ ബാധിക്കുകയില്ല, അഥവാ സിഹ്റിന് تَأْثِيرٌ ഇല്ല എന്നത് വ്യാജവാദികളുടെ മറ്റൊരു ജൽപനമാണ്.

സിഹ്റിന് ‘ഹഖീഖത്ത്’ ഉണ്ടോ എന്നത് വിശകലനമർഹിക്കാത്ത ഒരു അനാവശ്യ ചർച്ചയാണ്. നബി ﷺ യോ സലഫുകളോ ഇങ്ങനെ ഒരു വരണ്ട ചർച്ച നടത്തിയത് കാണാനും കഴിയില്ല. ഈ സംശയാലുക്കളുടെ രോഗനിവാരണത്തിനായി ഒരു ഉദ്ധരണി കാണുക:

قَالَ الْإِمَامُ الْمَازِرِيُّ رَحِمَهُ اللَّهُ مَذْهَبُ أَهْلِ السُّنَّةِ وَجُمْهُورِ عُلَمَاءِ الْأُمَّةِ عَلَى إِثْبَاتِ السِّحْرِ وأن له حقيقة كحقيقة غيره من الأشياء الثابتة خِلَافًا لِمَنْ أَنْكَرَ ذَلِكَ وَنَفَى حَقِيقَتَهُ وَأَضَافَ ما يقع منه إلى خيالات باطلة لاحقائق لَهَا. [النووي في شرح مسلم]

〈ഇമാം മാസിരി رَحِمَهُ اللَّهُ പറഞ്ഞു: അഹ്‌ലുസ്സുന്നഃയും സമുദായത്തിലെ ഭൂരിഭാഗം പണ്ഡിതന്മാരും സിഹ്റിനെ സ്ഥിരീകരിക്കുകയും. സ്ഥിരപ്പെട്ട മറ്റു കാര്യങ്ങൾക്കുള്ള ഹഖീഖത്ത് പോലെ അതിനും ഹഖീഖത്തുണ്ട് എന്നുറപ്പിക്കുകയും ചെയ്യുന്ന പക്ഷത്താണ്. അതിനെ നിഷേധിക്കുകയും അതിൻെറ ഹഖീഖത്ത് നിരാകരിക്കുകയും അങ്ങനെയുള്ള സംഭവങ്ങളെ യാഥാർത്ഥ്യങ്ങളില്ലാത്ത വ്യാജ ഭാവനകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നവർക്ക് എതിരാണ് അവരുടെ നിലപാട്.〉 (നവവി, ശർഹു മുസ്‌ലിമിൽ ഉദ്ധരിച്ചത്)

സിഹ്റിൽ വിശ്വസിക്കലും സിഹ്ർ ഉണ്ടെന്ന് വിശ്വസിക്കലും
സിഹ്ർ ഉണ്ടെന്ന് വിശ്വസിച്ചാൽ അത് കുഫ്റാകുമെന്നാണ് ചില വ്യാജവാദികൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. സിഹ്റിന് ഹഖീഖത്ത് (യാഥാർത്ഥ്യം) ഉണ്ടെന്നോ അത് ഫലിക്കുമെന്നോ കരുതുന്നതും അങ്ങനെ തന്നെ.  ഈ വ്യാജവാദം ജനങ്ങളിൽ അടിച്ചേൽപിക്കാനാണ് അവർ ശ്രമിക്കുന്നത്. അതിനു വേണ്ടി ചില ഹദീസുകളെ അവർ ദുർവ്യാഖ്യാനിക്കാറുണ്ട്. അതിൻെറ നിജസ്ഥിതി പരിശോധിക്കാം.

عن أبي موسى أن النبي ﷺ قال: ثلاثة لا يدخلون الجنة: مدمن خمر وقاطع رحم ومصدق بالسحر… [أحمد في مسنده وصححه الألباني]

〈അബൂ മൂസാ رَضِيَ اللهُ عَنْهُ നിവേദനം. നിശ്ചയമായും നബി ﷺ പറഞ്ഞിരിക്കുന്നു: മൂന്നു വിഭാഗങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല: മുഴുക്കുടിയൻ, കുടുംബ ബന്ധം വിഛേദിക്കുന്നവൻ, സിഹ്ർ സത്യപ്പെടുത്തുന്നവൻ…〉 (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

لا يدخل الجنة مدمن خمر ولا مؤمن بسحر، ولا قاطع رحم. [الألباني في الصحيحة]

〈മുഴുക്കുടിയനോ സിഹ്റിൽ വിശ്വസിക്കുന്നവനോ കുടുംബ ബന്ധം വിഛേദിക്കുന്നവനോ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.〉 (അൽബാനി സ്വഹീഹയിൽ ഉൾപ്പെടുത്തിയത്)

‘സിഹ്ർ സത്യപ്പെടുത്തുക’, ‘സിഹ്റിൽ വിശ്വസിക്കുക’ എന്നീ പരാമർശങ്ങളുടെ ശരിയായ അർത്ഥം അറിയാത്തതോ, അല്ലെങ്കിൽ ബോധപൂർവ്വം വക്രീകരിക്കുന്നതോ ആണ് ഇവർ വഴിതെറ്റാനുള്ള കാരണം. അതിൻെറ ശരിയായ വിവക്ഷയെന്ത് എന്ന് പരിശോധിക്കാം.

സിഹ്ർ ചെയ്യുന്ന വ്യക്തി പറഞ്ഞുകൊടുക്കുന്ന അദൃശ്യകാര്യങ്ങൾ സത്യപ്പെടുത്തുക എന്നതാണ് ഇതിൻെറ ശരിയായ വിവക്ഷ. ഇക്കാര്യം മറ്റു ഹദീസുകളിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ബസ്സാർ, ബൈഹഖി, അബൂ യഅ്‌ലാ എന്നിവർ ഉദ്ധരിച്ച ഹദീസുകളിൽ അത് കാണാം. ജാബിർ رَضِيَ اللهُ عَنْهُ ൽനിന്നുള്ള രിവായത് മുകളിൽ ഉദ്ധരിച്ചിട്ടുമുണ്ട്. അത് ഇപ്രകാരമാണ്: “നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും ജോത്സ്യൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ അയാൾ മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു.

സിഹ്ർ ഉണ്ടെന്നോ, സിഹ്റിന് ഹഖീഖത് ഉണ്ടെന്നോ വിശ്വസിക്കുന്നതല്ല കുഫ്ർ. മറിച്ച്, സിഹ്ർ ചെയ്യുന്ന വ്യക്തി പറഞ്ഞുകൊടുക്കുന്ന അദൃശ്യകാര്യങ്ങൾ സത്യപ്പെടുത്തുന്നതും വിശ്വസിക്കുന്നതുമാണ് കുഫ്ർ. ശൈഖ് ഇബ്‌നു ഉഥൈമീൻ رحمه الله പറയുന്നത് കൂടി കാണുക:

والمصدق به هو المصدق بما يخبر به المنجمون فإذا قال المنجم سيحدث كذا وكذا وصدق به فإنه لا يدخل الجنة لأنه صدق بعلم الغيب لغير الله قال تعالى: قل لا يعلم من في السماوات والأرض الغيب إلا الله (النمل 65) [ابن عثيمين في القول المفيد على كتاب التوحيد] 

〈ജോത്സ്യന്മാർ പറഞ്ഞുകൊടുക്കുന്ന കാര്യം സത്യപ്പെടുത്തുന്നവൻ എന്നതാണ് സിഹ്ർ സത്യപ്പെടുത്തുന്നവൻ എന്നതിൻെറ വിവക്ഷ. ഇന്നിന്ന കാര്യങ്ങൾ സംഭവിക്കുമെന്ന് ജോത്സ്യൻ പറഞ്ഞുകൊടുക്കുകയും അത് ഒരാൾ സത്യപ്പെടുത്തുകയും ചെയ്യുന്ന പക്ഷം അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. കാരണം, അദൃശ്യകാര്യങ്ങൾ അല്ലാഹു അല്ലാത്തവർക്കും അറിയാം എന്നാണ് അവൻ സത്യപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു: “പറയുക, ഉപരിലോകങ്ങളിലോ കീഴ്‌ലോകങ്ങളിലോ ഗൈബ് അറിയുന്ന ആരുമില്ല; അല്ലാഹു ഒഴികെ.” (നംല് 65).〉 (ശൈഖ് ഇബ്‌നു ഉഥൈമീൻ, അൽ ഖൗലുൽ മുഫീദിൽ രേഖപ്പെടുത്തിയത്)

അഭീഷ്ടങ്ങൾ പിന്തുടരുന്ന തന്നിഷ്ടക്കാർ എങ്ങനെയാണ് കാര്യങ്ങൾ വക്രീകരിക്കുന്നത് എന്നു കൂടി ഇതിൽനിന്നും മാന്യ വായനക്കാർ മനസ്സിലാക്കുമല്ലോ. ജനങ്ങളുടെ വിവേകത്തെയും ശുദ്ധപ്രകൃതിയെയും ദുഷിപ്പിച്ച് അവരെ വഴിതെറ്റിക്കുന്ന ഈ കുടില തന്ത്രങ്ങളെ നാം കരുതിയിരിക്കുക തന്നെ വേണം.

മുഹമ്മദ് നബി ﷺ ക്ക് സിഹ്ർ ബാധിച്ചു
ഭൗതികതയുടെ അതിപ്രസരം കാരണം എല്ലാവരും ഉൽപതിഷ്ണു ചമയാനുള്ള വ്യഗ്രതയിലാണ്. ഇത് മനോരോഗമാണോ എന്നു പോലും ചിലപ്പോൾ തോന്നിപ്പോകും. പുരോഗമനവാദിയാവണമെങ്കിൽ സിഹ്റിനെ നിഷേധിക്കണം. അതിനു വേണ്ടി സിഹ്റിന് ‘ഹഖീഖത്ത്’ ഇല്ലെന്നു പറയാം. അപ്പോൾ പിന്നെ, അത് ആരെയും ബാധിക്കുകയില്ലെന്നു വാദിക്കാമല്ലോ. അതുവെച്ചുകൊണ്ട് നബി ﷺ ക്ക് ഒരിക്കലും സിഹ്ർ  ബാധിച്ചിട്ടില്ലെന്നും പറയാൻ എളുപ്പമാണ്. അപ്പോൾ ബാധിച്ചു എന്നു പറയുന്ന ഹദീസുകളോ? അത് വ്യാജമാണെന്നു തട്ടിവിടാം. ഇതാണ് ഈ രോഗത്തിൻെറ ലക്ഷണങ്ങൾ. 

നബി ﷺ ക്ക് സിഹ്ർ ബാധിക്കുകയില്ല എന്നു സമർത്ഥിക്കാൻ രണ്ട് ഖുർആൻ സൂക്തികളെ ഇവർ ദുർവ്യാഖ്യാനിക്കാറുണ്ട്. അവ താഴെ കൊടുക്കാം.

﴿ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴾ (الإسراء 47)

〈അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം ! സിഹ്ർ ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് അക്രമികള്‍ പറയുന്ന സന്ദര്‍ഭം !!〉 (ഇസ്‌റാഅ് 47)

﴿ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴾ (الفرقان 8)

〈അക്രമികൾ പറയുന്നത്, സിഹ്ർ ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്നാണ്.〉 (ഫുർഖാൻ 8)

നബി ﷺ യെ കളവാക്കാനും പരിഹസിക്കാനും മക്കാ മുശ്‌രിക്കുകൾ പറഞ്ഞിരുന്ന ന്യായം ഇതാണ്: സിഹ്ർ ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത്.  നബി ﷺ ക്ക് സിഹ്ർ ബാധിച്ചു എന്നു സമ്മതിച്ചാൽ മക്കാ മുശ്‌രിക്കുകളുടെ ആരോപണം ശരിയാണെന്നു വരില്ലേ? അഭീഷ്ടങ്ങൾ പിന്തുടരുന്ന തന്നിഷ്ടക്കാർ ഇളക്കിവിടുന്ന സംശയമാണിത്.

പ്രത്യക്ഷത്തിൽ ഇതു ശരിയാണെന്നു തോന്നാം. കാര്യം അങ്ങനെയല്ല. അതിൻെറ സത്യാവസ്ഥ മനസ്സിലാക്കാൻ യഥാർത്ഥത്തിൽ മക്കാ മുശ്‌രിക്കുകളുടെ ആരോപണം എന്തായിരുന്നു എന്ന് പരിശോധിക്കണം.

﴿ وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ إِلَّا أَن قَالُوا أَبَعَثَ اللَّهُ بَشَرًا رَّسُولًا ﴾ (الإسراء 94)

〈ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെയാണോ ദൂതനായി നിയോഗിച്ചിരിക്കുന്നത് എന്ന അവരുടെ വാക്ക് മാത്രമായിരുന്നു.〉 (ഇസ്റാഅ് 94)

അല്ലാഹു സന്മാർഗ്ഗവുമായി ദൂതന്മാരെ നിയോഗിക്കുകയാണെങ്കിൽ മനുഷ്യരെയല്ല മലക്കുകളെയാണ് നിയോഗിക്കേണ്ടിയിരുന്നത് എന്നാണ് അവർ വാദിച്ചിരുന്നത്. മനുഷ്യനായ ഒരു ദൂതൻ എന്നത് അവർ അംഗീകരിക്കുമായിരുന്നില്ല.

﴿ وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا ﴾ (الفرقان 7)

〈അവര്‍ പറഞ്ഞു: “ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നുവല്ലോ! അദ്ദേഹത്തിന്, തൻെറ കൂടെ മുന്നറിയിപ്പുകാരനായി നിൽക്കാൻ എന്തുകൊണ്ട് ഒരു മലക്കിനെ ഇറക്കിക്കൊടുക്കുന്നില്ല?!〉 (ഫുർഖാൻ 7)

മുഹമ്മദ് നബി ﷺ മനുഷ്യനായിപ്പോയി എന്നതാണ് അവരുടെ അടിസ്ഥാന പ്രശ്നം. ദൂതനായി അവർ അംഗീകരിക്കുക മലക്കിനെ മാത്രമാണ്. അല്ലാതെ മുഹമ്മദ് ﷺ ക്ക് സിഹ്ർ ബാധിച്ചു എന്നതല്ല അടിസ്ഥാന പ്രശ്നം. അല്ലാഹു അതിന് മറുപടി നൽകുന്നത് കാണുക:

﴿ وَلَوْ جَعَلْنَاهُ مَلَكًا لَّجَعَلْنَاهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ ﴾ ( الأنعام 9)

〈ഇനി നാം ഒരു മലക്കിനെ നിശ്ചയിക്കുകയാണെങ്കില്‍ തന്നെ, അദ്ദേഹത്തെ നാം ഒരു പുരുഷ രൂപത്തിലാണ് അയക്കുമായിരുന്നത്. അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ അപ്പോഴും അവര്‍ക്ക് നാം സംശയത്തിനടവരുത്തും.〉 (അൻആം 9)

എന്തുകൊണ്ടാണ് ഭൂലോകവാസികളിലേക്ക് മലക്കുകളെ നബിമാരായി നിയോഗിക്കാതിരിക്കുന്നത് എന്ന് അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട്.

﴿ قُل لَّوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ السَّمَاءِ مَلَكًا رَّسُولًا ﴾ (الإسراء 95)

〈പറയുക: ഭൂലോകത്തുള്ളത് ശാന്തരായി നടന്നു പോകുന്ന മലക്കുകളായിരുന്നു എങ്കിൽ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.〉 (ഇസ്റാഅ് 95)

ഭൂലോകവാസികൾ മനുഷ്യരാണ്. മനുഷ്യർക്ക് സവിശേഷമായ പ്രകൃതമാണ് അല്ലാഹു നൽകിയിരിക്കുന്നത്. അവരിലേക്ക് നബിയും റസൂലുമായി നിയോഗിക്കപ്പെടാൻ അനുയോജ്യർ മനുഷ്യർ തന്നെയാണ്, മലക്കുകളല്ല. വസ്തുത ഇങ്ങനെയാണെങ്കിലും മനുഷ്യനായ ഒരു റസൂലിനെ അവർ അംഗീകരിക്കാൻ ഒരുക്കമായിരുന്നില്ല. അല്ലാഹു ദൂതനെ അയക്കുകയാണെങ്കിൽ മലക്കിനെ അയക്കണമായിരുന്നു. മുഹമ്മദ് അങ്ങാടിയിലൂടെ നടക്കുന്നു, ഭക്ഷണം കഴിക്കുന്നു, വിവാഹം ചെയ്യുന്നു, സന്താനങ്ങൾക്ക് ജന്മം നൽകുന്നു, രോഗവും സിഹ്റും ബാധിക്കുന്നു. ഇതെല്ലാം മനുഷ്യർക്ക് പറഞ്ഞതാണല്ലോ. അതിനാൽ മനുഷ്യനായ മുഹമ്മദിനെ നബിയും റസൂലുമായി സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. ഇതായിരുന്നു അവരുടെ വാദം. അല്ലാതെ, മുഹമ്മദിന് സിഹ്ർ ബാധിച്ചിരിക്കുന്നു. അതിനാൽ അദ്ദേഹത്തെ നബിയും റസൂലുമായി സ്വീകരിക്കാൻ പറ്റില്ല എന്നതായിരുന്നില്ല അവർ അടിസ്ഥാന പ്രശ്നമായി ഉന്നയിച്ചിരുന്നത്.

മുഹമ്മദ് നബി ﷺ  ഓതിക്കേൾപ്പിക്കുന്ന അനന്യമായ ഖുർആൻ സൂക്തങ്ങളെ കുറിച്ചും, അദ്ദേഹം സമർപ്പിച്ചിരുന്ന അനിതരമായ മതമൂല്യങ്ങളെ കുറിച്ചും നിങ്ങൾ എന്ത് പറയുന്നു? അത് മനുഷ്യ സാധ്യമായ കാര്യങ്ങളല്ലല്ലോ? അല്ലാഹു നൽകിയതല്ലേ? ഈ ചോദ്യത്തിന് തൽക്കാലം രക്ഷപ്പെടാനായി അവർ പറഞ്ഞിരുന്ന മറുപടിയാണ് അദ്ദേഹത്തിന് സിഹ്ർ ബാധിച്ചിരിക്കുന്നു, അതിൻെറ ഫലമാണിതെല്ലാം എന്നത്. ഖുർആൻ സൂക്തങ്ങൾ സിഹ്ർ ആണെന്നു പ്രസ്താവനയിറക്കിയ വലീദിന് പോലും നന്നായി അറിയാമായിരുന്നു അത് സിഹ്ർ അല്ലെന്ന്.

അറബി ഭാഷയറിയുന്നവർക്ക് മുകളിൽ പറഞ്ഞ വസ്തുത ഭാഷാപ്രയോഗത്തിൽനിന്നു തന്നെ ഗ്രഹിക്കാൻ കഴിയും. رَجُلًا مَسْحُورًا എന്നത് ഒരു നാമവും (qualified noun) നാമവിശേഷണവും (qualifying adjective) ചേർന്ന സംഘാതമാണ്. ഇതിലെ അടിസ്ഥാന പദം رَجُلًا (മനുഷ്യൻ, പുരുഷൻ) എന്ന നാമമാണ്. അഥവാ നിങ്ങൾ ഒരു മനുഷ്യനെയാണ് പിന്തുടരുന്നത്. എങ്ങനെയാണ് ഒരു മനുഷ്യൻ നബിയും റസൂലുമാവുക ! നബിയും റസൂലും ആകണമെങ്കിൽ മലക്ക് ആയിരിക്കണമല്ലോ. ഇതാണ് അവരുടെ പ്രസ്താവനയുടെ പൊരുൾ. مَسْحُورًا എന്നത് മേൽ നാമത്തെ വിശേഷിപ്പിക്കാനുള്ള വിശേഷണ പദമാണ്. ഒരു ഉദാഹണത്തിലൂടെ കാര്യം വ്യക്തമാക്കാം: നീ ഒരു നീളമുള്ള കുപ്പായം ധരിക്കുക എന്ന് പറഞ്ഞാൽ അതിലെ കുപ്പായം എന്ന നാമത്തെ മാറ്റി നീളമുള്ളതിൽ പിടിച്ച് തൂങ്ങാൻ പറ്റുമോ?

യഥാർത്ഥത്തിൽ സിഹ്ർ ബാധിച്ചവൻ എന്ന വിശേഷണം ഒന്നാമതായി മുഹമ്മദ് മനുഷ്യനാണെന്ന ആശയത്തിനാണ് അടിവരയിടുന്നത്. രണ്ടാമതായി ഖുർആൻ എന്ന മഹാവിസ്മയം അദ്ദേഹം ഓതിക്കേൾപ്പിക്കുന്നത് സിഹ്ർ ബാധിച്ചതിൻെറ ഫലമാണെന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിക്കുന്നത്. ഇവിടെ അടിസ്ഥാന പദമായ رَجُلًا (മനുഷ്യൻ, പുരുഷൻ) എന്ന നാമത്തെ മാറ്റി നിർത്തുകയും, നാമവിശേഷണമായ مَسْحُورًا എന്ന പദത്തെ മാത്രം മുൻനിർത്തി തെറ്റായ ആശയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നത് അഭീഷ്ടവും പക്ഷപാതുമല്ലെങ്കിൽ കടുത്ത വങ്കത്തമെങ്കിലുമാണ്.

ഇനി നമുക്ക് നബി ﷺ ക്ക് സിഹ്ർ ബാധിച്ചു എന്നു പറയുന്ന ഹദീസിലേക്ക് വരാം.

عَنْ عَائِشةَ قَالَتْ: سُحِرَ النَّبِيُّ ﷺ، حَتَّى كَانَ يُخَيَّلُ إِلَيْهِ أَنَّهُ يَفْعَلُ الشَّيْءَ وَمَا يَفْعَلُهُ، حَتَّى كَانَ ذَاتَ يَوْمٍ دَعَا وَدَعَا، ثُمَّ قَالَ:  أَشَعَرْتِ أَنَّ اللَّهَ أَفْتَانِي فِيمَا فِيهِ شِفَائِي، أَتَانِي رَجُلاَنِ: فَقَعَدَ أَحَدُهُمَا عِنْدَ رَأْسِي وَالآخَرُ عِنْدَ رِجْلَيَّ، فَقَالَ أَحَدُهُمَا لِلْآخَرِ مَا وَجَعُ الرَّجُلِ؟ قَالَ: مَطْبُوبٌ، قَالَ: وَمَنْ طَبَّهُ؟ قَالَ لَبِيدُ بْنُ الأَعْصَمِ، قَالَ: فِي مَاذَا، قَالَ: فِي مُشُطٍ وَمُشَاقَةٍ وَجُفِّ طَلْعَةٍ ذَكَرٍ، قَالَ فَأَيْنَ هُوَ؟ قَالَ: فِي بِئْرِ ذَرْوَانَ، فَخَرَجَ إِلَيْهَا النَّبِيُّ ﷺ، ثُمَّ رَجَعَ فَقَالَ لِعَائِشَةَ حِينَ رَجَعَ: نَخْلُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ. فَقُلْتُ اسْتَخْرَجْتَهُ؟ فَقَالَ: لاَ، أَمَّا أَنَا فَقَدْ شَفَانِي اللَّهُ، وَخَشِيتُ أَنْ يُثِيرَ ذَلِكَ عَلَى النَّاسِ شَرًّا، ثُمَّ دُفِنَتِ البِئْرُ. (البخاري ومسلم في صحيحهما)

〈ആയിശ رَضِيَ اللهُ عَنْهَا നിവേദനം. നബി ﷺ ക്ക് ആരോ സിഹ്ർ ചെയ്തു. അങ്ങനെ നബി ﷺ ക്ക് അവിടുന്ന് ചെയ്യാത്ത കാര്യം ചെയ്തുവെന്ന് തോന്നുന്ന അവസ്ഥയുണ്ടായി. ഒരു ദിവസം അവിടുന്ന് ആവർത്തിച്ചാവർത്തിച്ച് ദുആ ചെയ്തുകൊണ്ടിരുന്നു. പിന്നീട് പറഞ്ഞു: എനിക്ക് ശമനം ലഭിക്കുന്ന കാര്യത്തിൽ അല്ലാഹുവിൻെറ തീർപ്പ് വന്നിരിക്കുന്നു എന്നത് നീ അറിഞ്ഞോ? എൻെറ അടുക്കൽ രണ്ട് ആളുകൾ വന്നു. ഒരാൾ എൻെറ ശിരസ്സിന് സമീപവും അപരൻ എൻെറ ഇരുകാലുകൾക്കരികിലും ഇരുന്നു.

ഒരാൾ മറ്റെയാളോട് ചോദിച്ചു: ഇദ്ദേഹത്തിൻെറ രോഗമെന്താണ്?

അദ്ദേഹം പറഞ്ഞു: സിഹ്ർ ബാധയാണ്.

അയാൾ തുടർന്നു: ആരാണ് അദ്ദേഹത്തിന് സിഹ്ർ ചെയ്തത്?

അദ്ദേഹം പറഞ്ഞു: ലബീദ് ബിൻ അഅ്സ്വം.

അയാൾ വീണ്ടും ചോദിച്ചു: എന്തിലാണ് ചെയ്തത്?

അദ്ദേഹം പറഞ്ഞു: ചീർപ്പ്, കൊഴിഞ്ഞ മുടി, ഈത്തപ്പനക്കുലയുടെ കൂമ്പാള എന്നിവയിൽ.

അയാൾ തുടർന്നു: അത് എവിടെയാണ്?

അദ്ദേഹം പറഞ്ഞു: ദർവാൻ കിണറ്റിൽ.

അങ്ങനെ നബി അവിടേക്ക് പുറപ്പെട്ടു. അൽപം കഴിഞ്ഞ് തിരിച്ചു വരികയും ചെയ്തു. തിരിച്ചു വന്നപ്പോൾ അവിടുന്ന് ആയിശ رَضِيَ اللهُ عَنْهَا യോട് പറഞ്ഞു: അവിടെയുള്ള ഈത്തപ്പനകൾ പിശാചുക്കളുടെ തല പോലെയുണ്ട്.

അപ്പോൾ ഞാൻ ചോദിച്ചു: താങ്കൾ അത് പുറത്തെടുത്തോ? അവിടുന്ന് പറഞ്ഞു: ഇല്ല. എന്തായാലും എനിക്ക് അല്ലാഹു ശമനം നൽകിയല്ലോ. അത് ജനങ്ങൾക്ക് വല്ല തിന്മയും ഇളക്കിവിടുമോ എന്നു ഞാൻ ഭയപ്പെട്ടു. പിന്നീട് ആ കിണർ മൂടപ്പെടുകയും ചെയ്തു.〉 (ബുഖാരിയും മുസ്‌ലിമും സ്വഹീഹുകളിൽ ഉദ്ധരിച്ചത്)

ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച متفق عليه ആയ ഹദീസാണിത്. ഹദീസ് വിജ്ഞാനീയത്തിൽ സാമാന്യമായ പരിജ്ഞാനമെങ്കിലുമുള്ളവർക്ക് അതിൻെറ സ്വീകാര്യതയെ കുറിച്ച് മറ്റൊരു വാക്ക് ആവശ്യമായി വരില്ല. അറിവുമില്ല, സത്യാന്വേഷണ ബുദ്ധിയുമില്ല; പകരം അഭീഷ്ടങ്ങളും അതിലൂന്നിയ യുക്തിയുമാണ് കൈമുതലെങ്കിൽ അവരെ സത്യം ബോധ്യപ്പെടുത്താൻ നമുക്ക് പോംവഴികളൊന്നുമില്ല.

ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസ് സ്വീകാര്യമല്ലെന്നു പറയുന്നതിൻെറ അടിസ്ഥാനമെന്താണ്?

ഖുർആനിന് എതിരാണെന്ന് ചിലർ ജൽപിക്കാറുണ്ട്. അതിനു വേണ്ടി അവർ ദുർവ്യാഖ്യാനിക്കാറുള്ള ഇസ്റാഅ് 47, ഫുർഖാൻ 8 എന്നീ സൂക്തങ്ങളുടെ ശരിയായ അർത്ഥവും വിവക്ഷയും മുകളിൽ വിശദീകരിച്ചല്ലോ. അതിൽനിന്നും സത്യാന്വേഷികൾക്ക് ബോധ്യമാകും, ഈ വാദം അടിസ്ഥാന രഹിതമാണെന്ന്.

ഈ ഹദീസ് തെളിഞ്ഞ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നാണ് പിന്നീട് അവർക്ക് പറയാനുണ്ടാവുക. ആരുടെ ബുദ്ധിക്കാണ് ഇത് നിരക്കാത്തത്? സലഫുകൾ എന്ന് വിശേഷിപ്പിക്കാറുള്ള ഉത്തമരായ മൂന്ന് തലമുറക്കരുടെയും, അവരെ പൂർണ്ണാർത്ഥത്തിൽ പിന്തുടരുന്ന അഹ്‌ലുസ്സുന്നഃക്കാരുടെയും ബുദ്ധി സർവഥാ സ്വീകരിച്ചു പോന്ന വസ്തുതയാണിത്. അവരാരും ഈ ഹദീസിൻെറ കാര്യത്തിൽ യാതൊരു വിധ വിയോജിപ്പും രേഖപ്പെടുത്തിയിട്ടില്ല. അഭീഷ്ടങ്ങൾ പിന്തുടരുന്ന തന്നിഷ്ടക്കാരുടെ ബുദ്ധിയാണെങ്കിൽ ഒന്നേ പറയേണ്ടൂ. ദീനിൽ ഒരു കാര്യം സ്ഥിരീകരിക്കാൻ അവരുടെ തെളിഞ്ഞതോ മറഞ്ഞതോ ആയ ബുദ്ധിക്ക് നിരക്കേണ്ട കാര്യമില്ല.

സിഹ്ർ ബാധിക്കുക എന്നത് മറ്റു രോഗങ്ങൾ ബാധിക്കുന്നതു പോലെ തന്നെ നുബുവ്വത്തിൻെറ പദവിയോട് നിരക്കാത്ത കാര്യമൊന്നുമല്ല. നബിമാർക്ക് രോഗവും സിഹ്റും ബാധിക്കാം. നബി ﷺ ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സിഹ്റും ബാധിച്ചിട്ടുണ്ട്. അയ്യൂബ് നബി عَلَيْهِ السَلَام ന് കടുത്ത രോഗം ബാധിച്ചിട്ടുണ്ട്. മൂസാ عَلَيْهِ السَلَام ന് സിഹ്റ് ബാധിച്ചിട്ടുണ്ട്. ഫിർഔൻ മൂസാ عَلَيْهِ السَلَام നോട് പറഞ്ഞു: “മൂസാ! നിനക്ക് സിഹ്ർ ബാധിച്ചിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്.” (ഇസ്റാഅ് 101). പ്രവചകന്മാരുടെ എതിരാളികൾക്ക് എന്തും ആരോപിക്കാം. അതിൽ കഴമ്പുണ്ടായിരിക്കണമെന്നില്ല. മുഹമ്മദ് നബി ﷺ യെ കുറിച്ച് അവർ ആരോപിച്ചു: “ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നുവല്ലോ” (ഫുർഖാൻ 7)  അവരുടെ ആരോപണം നിരാകരിക്കാൻ വേണ്ടി നബി ﷺ ഭക്ഷണം ഉപേക്ഷിക്കണോ? അങ്ങാടിയിൽ പോകാതിരിക്കണോ? ഇവർ എന്തു വങ്കത്തമാണ് എഴുന്നള്ളിക്കുന്നത്! ഇതാണോ ഉൽപതിഷ്ണുക്കളുടെ തെളിഞ്ഞ ബുദ്ധി!!

ഇവരുടെ സംശയങ്ങൾ അവസാനിക്കുകയില്ല. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസാണെങ്കിലും അതിലും ചില പിഴവുകൾ സംഭവിച്ചു കൂടേ, ഇനിയും ഒരു നിരൂപണത്തിനു സാധ്യതയില്ലേ എന്ന് അവർ ചോദിക്കാറുണ്ട്. ഹദീസ് വിജ്ഞാനീയങ്ങളെ കുറിച്ചുള്ള അജ്ഞതയിൽനിന്നേ ഇങ്ങനെ ഒരു സംശയം ഉത്ഭവിക്കുകയുള്ളു. ബുഖാരിയുടെയും മുസ്‌ലിമിൻെറയും ഹദീസുകൾ പരിണത പ്രജ്ഞരായ നിരൂപകന്മാർ വേണ്ടത്ര വിശകലനം ചെയ്തിട്ടുള്ളതാണ്. ഈ ഹദീസിനെ വിമർശിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഒരു പഴുത് അവർക്കാർക്കും ചൂണ്ടിക്കാണിക്കാൻ സാധിച്ചിട്ടില്ല. അവർ വിമർശനം ഉന്നയിച്ച ഹദീസുകളുടെ പട്ടികയിൽ ഈ ഹദീസ് ഉൾപ്പെട്ടിട്ടുമില്ല.

അടുത്തത്, നബി ﷺ ക്ക് സിഹ്ർ ബാധിച്ചാൽ അത് പ്രബോധനത്തെ ബാധിക്കുകയില്ലേ എന്ന സംശയമാണ്.  നബി ﷺ ക്ക് സിഹ്ർ ബാധിച്ചത് എത്രത്തോളമായിരുന്നു എന്ന് രിവയാത്തുകളിൽ വന്നിട്ടുണ്ട്. തൻെറ പത്നിമാരിൽ ചിലരെ സമീപിച്ചെന്ന് നബി ﷺ ക്ക് തോന്നും. യഥാർത്ഥത്തിൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടാവില്ല. ചിലപ്പോൾ ജ്വരപീഡ പോലുള്ള അനുഭവങ്ങളുമുണ്ടാകും. ഇത്രയേ നബി ﷺ ക്ക് ബാധിച്ചിരുന്നുള്ളു. അല്ലാതെ പ്രബോധനത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊന്നും ഉണ്ടായിരുന്നില്ല. മുഹമ്മദ് നബി ﷺ ക്ക് മാത്രമല്ല, മുൻകാല നബിമാർക്കും രോഗവും സിഹ്റും ബാധിച്ചിട്ടുണ്ട്. മൂസാ عليه السلام ന് സിഹ്ർ ബാധിച്ച കാര്യം ഖുർആനിലുണ്ട്.  

﴿ قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ۞ فَأَوْجَسَ فِي نَفْسِهِ خِيفَةً مُّوسَىٰ ۞ قُلْنَا لَا تَخَفْ إِنَّكَ أَنتَ الْأَعْلَىٰ ﴾ [طه 66-68]

〈അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങൾ ഇട്ടുകൊള്ളുക. അപ്പോഴതാ അവരുടെ സിഹ്ർ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. അപ്പോള്‍ മൂസായ്ക്ക് തന്‍റെ മനസ്സില്‍ ഭയപ്പാടുണ്ടായി. നാം പറഞ്ഞു: പേടിക്കരുത്! തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്‍.〉 [ത്വാഹാ 66-68]

﴿ قَالَ أَلْقُوا ۖ فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجَاءُوا بِسِحْرٍ عَظِيمٍ ﴾ [الأعراف 116]

〈മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ അവർ ഇട്ടപ്പോൾ ആളുകളുടെ  കണ്ണുകളെ സിഹ്റിൽ അകപ്പെടുത്തുകയും അവരിൽ ഭീതി ജനിപ്പിക്കുകയും ചെയ്തു. വലിയ സിഹ്ർ തന്നെയാണ് അവർ കൊണ്ടുവന്നത്‌.〉 [അഅ്റാഫ് 116]

മുഹമ്മദ് നബി ﷺ ക്ക് ബാധിച്ചത് അവിടുന്ന് ഭാര്യമാരിൽ ചിലരുമായി സംസർഗ്ഗം ചെയ്തു എന്നു തോന്നും; യഥാർത്ഥത്തിൽ ചെയ്തിട്ടുണ്ടാവില്ല താനും. കൂടാതെ, പനി ബാധിച്ച ശേഷം ഉണ്ടാവാറുള്ളതു പോലെ ചില പീഡകളും അനുഭവപ്പെട്ടിരുന്നു. ഇതൊന്നും പ്രബോധനത്തിനു തടസ്സമാകുന്ന കാര്യങ്ങളല്ലെന്ന് പറയേണ്ടതില്ലല്ലോ.

സമാനമായ കാര്യങ്ങൾ മൂസാ عليه السلام ന് ബാധിച്ചത് ഖുർആനിൽ തന്നെ വിശദീകരിച്ചതാണ് നാം മുകളിൽ കൊടുത്തത്. ജോത്സ്യന്മാർ ഇട്ട കയറുകൾ സർപ്പങ്ങളായി അദ്ദേഹത്തിനു തോന്നി. അതു മുഖേന ഭയപ്പാടുണ്ടാവുകയും ചെയ്തു. ഇത് ഖുർആനിൽ തന്നെയാണല്ലോ അസന്നിഗ്‌ധമായി പ്രസ്താവിച്ചിട്ടുള്ളത്. മാത്രമല്ല മൂസാ عليه السلام ൻെറ പ്രതിയോഗിയായ ഫിർഔനിൻെറ ആരോപണം അദ്ദേഹം സിഹ്റിൻെറ വലയിലാണ് എന്നതായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് സിഹ്ർ ബാധിച്ചു. കയറുകൾ സർപ്പങ്ങളായി തോന്നി. അതുമൂലം ഭയപ്പാടുണ്ടാവുകയും ചെയ്തു. മുഹമ്മദ് നബിക്കും മൂസാ നബിക്കും عليهما السلام ബാധിച്ചത് തുല്യമായ കാര്യങ്ങളാണ്. മൂസാ عليه السلام ന് ബാധിച്ച കാര്യം ഖുർആനിലും, മുഹമ്മദ് നബി ﷺ ക്ക് ബാധിച്ച കാര്യം ഹദീസിലുമാണ് വന്നിട്ടുള്ളത്. ഹദീസിലുള്ളത് തള്ളുകയാണെങ്കിൽ ഖുർആനിലുള്ളതും തള്ളേണ്ടിവരും. ഖുർആനും ഹദീസും അന്ത്യനാൾ വരെ അവിഭാജ്യമായി നിലനിൽക്കുന്ന വഹ്‌യാണ്; അവ പരസ്പര പൂരകങ്ങളാണ്. അതിനെ ഒരു ഏകകമായിട്ടാണ് കണക്കാക്കേണ്ടത്. ഹദീസിൽനിന്ന് ഒരു ഭാഗം തള്ളിയാൽ സമാനമായത് ഖുർആനിൽനിന്നും തള്ളേണ്ടിവരും.

സംശയ രോഗത്തിൻെറ അലകൾ അടങ്ങാൻ പോകുന്നില്ല; ഇനിയും ബാക്കിയുണ്ട്: അല്ലാഹു പറഞ്ഞിട്ടില്ലേ, ‘താങ്കളെ നാം സംരക്ഷിക്കുമെന്ന്’?  (وَاللهُ يَعْصِمُكَ مِنَ النَاسِ – المائدة 67). അതെ, ജനങ്ങളിൽനിന്ന് സംരക്ഷിക്കും എന്നാണ് പറഞ്ഞത്. പ്രബോധന പ്രവർത്തനം പൂർത്തീകരിക്കാൻ വിസമ്മതിക്കുന്ന പ്രതിയോഗികളായ ജനങ്ങളിൽനിന്ന് സംരക്ഷിക്കുമെന്നാണ് അല്ലാഹുവിൻെറ വാഗ്‌ദാനം. അല്ലാതെ രോഗങ്ങൾ വരില്ല, സിഹ്ർ ബാധിക്കില്ല എന്ന് അതിന് അർത്ഥമില്ല.

കാര്യം ഇത്രത്തോളം വ്യക്തമാണ്. എന്നിരുന്നാലും സംശയം തീരാത്ത ചിലരുണ്ട്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസാണെങ്കിലും  ഇതിൻെറ നിവേദക പരമ്പരയിൽ ഹിശാം എന്ന ഒരു വ്യക്തിയില്ലേ. അദ്ദേഹം സ്വീകാര്യനാണോ? പ്രസ്തുത ഹദീസിനെ കുറിച്ച് മൊത്തത്തിലും, നിവേദക പരമ്പരയിലുള്ള ഹിശാമിനെ കുറിച്ചും ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ നൽകുന്ന പഴുതടച്ച ഒരു വിശദീകരണമുണ്ട്. അത് കൂടി വായിച്ച് നമുക്ക് ഈ ചർച്ച ഉപസംഹരിക്കാം.

وهذا الحديث ثابت عند أهل العلم بالحديث متلقى بالقبول بينهم، لا يختلفون في صحته، وقد اعتاص على كثير من أهل الكلام وغيرهم وأنكروه أشد الإنكار، وقابلوه بالتكذيب، وصنف بعضهم فيه مصنفا مفردا حمل فيه على هشام، وكان غاية ما أحسن القول فيه من قال، غلط واشتبه عليه الأمر ولم يكن من هذا شيء، قال: لأن النبي صلى الله عليه وسلم لا يجوز أن يسحر، فإن كونه مسحورا تصديق لقول الكفار إن تتبعون إلا رجلا مسحورا (الإسراء 47) قالوا: وهذا كما قال فرعون لموسى عليه السلام: إني لأظنك يا موسى مسحورا (الإسراء 101) وقال قوم صالح له: إنما أنت من المسحرين (الشعراء 153) وقال قوم شعيب له: إنما أنت من المسحرين (الشعراء 185) قالوا: فالأنبياء لا يجوز عليهم أن يسحروا، فإن ذلك ينافي حماية الله لهم وعصمتهم من الشياطين، وهذا الذي قاله هؤلاء مردود عند أهل العلم، فإن هشاما من أوثق الناس وأعلمهم، ولم يقدح فيه أحد من الأئمة بما يوجب رد حديثه، فما للمتكلمين ولهذا الشأن؟ وقد رواه غير هشام عن عائشة رضي الله عنها، وقد اتفق أصحاب الصحيحين على تصحيح هذا الحديث، ولم يتكلم فيه أحد من أهل الحديث بكلمة واحدة، والقصة مشهورة عند أهل التفسير والسنن والحديث والتاريخ والفقهاء، وهؤلاء أعلم بأحوال رسول الله ﷺ وأيامه من المتكلمين. [ابن القيم في بدائع الفوائد]

〈ഈ ഹദീസ്, ഹദീസ് വിജ്ഞാനീയങ്ങളിൽ അവഗാഹമുള്ള പണ്ഡിതന്മാരുടെ അടുക്കൽ സ്ഥിരപ്പെട്ടതും അവർക്ക് സ്വീകാര്യ യോഗ്യമായിട്ടുള്ളതുമാണ്. അതിൻെറ സ്വീകാര്യതയുടെ കാര്യത്തിൽ ഒരു ഭിന്നതയുമില്ല. വചനശാസ്ത്രത്തിൻെറ (عِلْمُ الْكَلَامِ) ആളുകളിൽ പലർക്കും അതു പോലെ മറ്റുചിലർക്കും ഇത് വഴങ്ങിയിട്ടില്ല. അവരാണ് അതിനെ ശക്തമായി നിഷേധിക്കുകയും, കളവാണെന്നു പറഞ്ഞ് എതിർക്കുകയും ചെയ്തിട്ടുള്ളത്. അവരിൽ ചിലർ തദ്വിഷയകമായി സ്വതന്ത്രമായ ഒരു കൃതി തന്നെ രചിക്കുകയും, അതിൽ ഹിശാമിനെ കടന്നാക്രമിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് അവർക്കതിൽ പരമാവധി പറയാൻ കഴിഞ്ഞിട്ടുള്ളത്,  അദ്ദേഹത്തിന് അബദ്ധം പിണയുകയും ആശയക്കുഴപ്പം സംഭവിക്കുകയും ചെയ്തു, അദ്ദേഹം പറയുന്നതു പോലെ ഒന്നും സംഭവിച്ചിട്ടേയില്ല എന്നാണ്. അതിനു കാരണമായി അവർ പറയുന്നത്, നബി ﷺ ക്ക് സിഹ്റ് ബാധിക്കാൻ പാടില്ലെന്നതാണ്. സിഹ്റ് ബാധിച്ചു എന്നു പറയുന്നത്, ‘നിങ്ങൾ സിഹ്ർ ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് പിന്തുടരുന്നത്’ (ഇസ്റാഅ് 47) എന്ന അവിശ്വാസികളുടെ വാദം സത്യപ്പെടുത്തലാണ്. അവർ പറയുന്നു: ഇത് ഫിർഔൻ മൂസാ നബി عَلَيْهِ السَلًام യോട് പറഞ്ഞതു പോലെയാണ്: “മൂസാ! നിനക്ക് സിഹ്ർ ബാധിച്ചിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്.” (ഇസ്റാഅ് 101) സ്വാലിഹ് നബി عليه السلام യുടെ ജനത അദ്ദേഹത്തോട് പറഞ്ഞു: “തീർച്ചയായും നീ സിഹ്ർ ബാധിച്ചവരിൽപെട്ടവനാണ്.” (ശുഅറാ 153) ശുഐബ് നബി عليه السلام യുടെ ജനത അദ്ദേഹത്തോട് പറഞ്ഞു: “തീർച്ചയായും നീ സിഹ്ർ ബാധിച്ചവരിൽപെട്ടവനാണ്.” (ശുഅറാ 185). അവർ പറയുന്നത് നബിമാർക്ക് സിഹ്ർ ബാധിക്കാൻ പാടില്ലെന്നാണ്;  ബാധിക്കുമെന്ന് പറയുന്നത് അവർക്ക് അല്ലാഹു നൽകുന്ന പരിരക്ഷയുടെയും പിശാചിൽനിന്നുള്ള സംരക്ഷണത്തിൻെറയും നിരാസമാകും എന്നാണ്. യഥാർത്ഥത്തിൽ അവർ ഉന്നയിച്ച വാദമുഖങ്ങളൊന്നും പണ്ഡിതന്മാരുടെ അടുക്കൽ സ്വീകാര്യമല്ല. ജനങ്ങളിൽ ഏറ്റവും യോഗ്യനും അറിവുള്ള വ്യക്തിയുമാണ് ഹിശാം. തൻെറ ഹദീസ് തള്ളേണ്ട വിധത്തിലുള്ള ഒരു വിമർശനവും അദ്ദേഹത്തെ കുറിച്ച് ഇമാമുകളാരും നടത്തിയിട്ടില്ല. വചനശാസ്ത്രത്തിൻെറ ആളുകൾക്ക് ഇതിൽ (ഹദീസ് നിരൂപണത്തിൽ) എന്തിരിക്കുന്നു കാര്യം?! അവർക്കെന്തറിയാം! ഹിശാം അല്ലാത്ത നിവേദകന്മാർ തന്നെ ഇത് ആയിശ رَضِيَ اللهُ عَنْهَا ൽനിന്നും ഉദ്ധരിച്ചിട്ടുണ്ട്. രണ്ടു സ്വഹീഹുകളുടെ കർത്താക്കളായ ബുഖാരിയും മുസ്‌ലിമും ഇത് സ്വീകാര്യ യോഗ്യമാണെന്ന കാര്യത്തിൽ യോജിക്കുകയും ചെയ്തിരിക്കുന്നു. ഹദീസ് പണ്ഡിതന്മാരിൽ ഒരാളും ഇതിനെതിരിൽ ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ല. ഈ സംഭവം ഖുർആൻ വ്യാഖ്യാതാക്കൾ, നബിചര്യയിലും ഹദീസിലും അവഗാഹമുള്ള പണ്ഡിതന്മാർ, ചരിത്രകാരന്മാർ, ഫുഖഹാക്കൾ എന്നിവരുടെ അടുക്കലും പ്രസിദ്ധമാണ്. അവരാണ് വചനശാസ്ത്രത്തിൻെറ ആളുകളെക്കാൾ നബി ﷺ യുടെ സ്ഥിതിഗതികളെയും അവിടുത്തെ ജീവിതത്തിലെ സംഭവ വികാസങ്ങളെയും സംബന്ധിച്ച് നന്നായി അറിയുന്നവർ.〉 (ഇബ്‌നുൽ ഖയ്യിം ബദാഇഉൽ ഫവാഇദിൽ രേഖപ്പെടുത്തിയത്) 


മേൽ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ തന്നെ തെറ്റിദ്ധാരണയുളവാക്കുന്ന മറ്റൊരു ഭാഗമുണ്ട്:

〈ഉദ്ദേശിച്ചതു പോലെയുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുവാൻ കഴിവുള്ളവരാണ് മലക്കുകൾ… മതകാര്യങ്ങൾ ചോദിച്ചറിയുന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് കാണിച്ചു തരുവാൻ വേണ്ടി വന്നതായിരുന്നു അദ്ദേഹമെന്നും നബി (സ) പറഞ്ഞതായി മുസ്‌ലിം (റ) ഉദ്ധരിച്ച ഒരു പ്രസിദ്ധ ഹദീസിലും കാണാം.〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/220-221)

ഉദ്ദേശിച്ചതു പോലെയുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുവാൻ കഴിവുള്ളവരാണ് മലക്കുകൾ എന്ന് പറയുമ്പോൾ ആർ ഉദ്ദേശിച്ചതു പോലെ എന്ന കാര്യം വ്യക്തമാക്കേണ്ടതാണ്. അല്ലാഹു ഉദ്ദേശിച്ചതു പോലെ എന്നാണ് അർത്ഥമാക്കുന്നതെങ്കിൽ ശരി തന്നെ. മറിച്ച്, മലക്കുകൾ ഉദ്ദേശിക്കുന്നതു പോലെ എന്നാണ് അർത്ഥമാക്കുന്നതെങ്കിൽ അത് വസ്തുതാപരമല്ലെന്ന് ഉണർത്തുന്നു.

കൂടാതെ, ജിബ്‌രീൽ വന്നത് മതകാര്യങ്ങൾ ചോദിച്ചറിയുന്നത് എങ്ങനെ എന്ന് കാണിച്ചു തരാനല്ല. മതത്തെ കുറിച്ച് പഠിപ്പിക്കാനാണ്. ഇതു സംബന്ധിച്ചുള്ള ഒരു വിശദീകരണം ബഖറഃ 112-ാം സൂക്തത്തിനു നൽകിയ അടിക്കുറിപ്പിൽ കാണാം.

ഈ സൂക്തത്തിൻെറ വ്യാഖ്യാനത്തിലും പതിവു പോലെ ഖുത്ബിനെ ഉദ്ധരിക്കുകയും ഉപജീവിക്കുകയും ചെയ്തിട്ടുണ്ട്. അത് തെറ്റും അനുചിതവുമാണെന്ന് വീണ്ടും ഉണർത്തുന്നു. ഇതു സംബന്ധിച്ചുള്ള അധിക വായനക്ക് യുക്തി ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കാണുക.

പുതിയവ