﴿ بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾ (112)
മുകളിൽ കൊടുത്തിരിക്കുന്ന സൂക്തം പരിഭാഷക്കു വഴങ്ങാത്ത ഒരു വചനമാണ്. അത് വേണ്ടതു പോലെ ഗ്രഹിക്കണമെങ്കിൽ ആദ്യമായി മുഹമ്മദ് നബി ﷺ പ്രബോധനം ചെയ്ത ദീനിൻെറ ഘടനാവിശേഷം മനസ്സിലാക്കേണ്ടതുണ്ട്. അതിനാൽ അതു സംബന്ധിച്ച് ഒരു ലഘുവിവരണം നൽകാം.
അല്ലാഹു മനുഷ്യർക്ക് നൽകിയ മതമാണ് ഇസ്‌ലാം. അതു തന്നെയായിരുന്നു മുഴുവൻ പ്രവാചകന്മാരും പ്രബോധനം ചെയ്തതിരുന്ന ദീൻ. മുഹമ്മദ് നബി ﷺ യിലൂടെ അത് പൂർത്തീകരിക്കപ്പെട്ടു. ഇനിമേൽ പൂർത്തീകരിക്കപ്പെട്ട ഇസ്‌ലാം ദീനല്ലാതെ മറ്റൊന്നും മതമായി അല്ലാഹു സ്വീകരിക്കുകയുമില്ല.
ഇസ്‌ലാം മതത്തിൻെറ ഘടനാവിശേഷം മലക്ക് ജിബ്‌രീൽ عَلَيْهِ السَلَامُ മനുഷ്യരൂപത്തിൽ വന്ന് ചോദ്യോത്തര രീതിയിൽ പഠിപ്പിച്ചതാണ്. പ്രസ്തുത സംഭവം ഇമാം മുസ്‌ലിം തൻെറ സ്വഹീഹീൽ ഉദ്ധരിച്ചിട്ടുണ്ട്. അതിൻെറ പ്രസക്ത ഭാഗം ഇവിടെ ഉദ്ധരിക്കാം:
عَنْ ابْنِ عُمَرَ رَضِيَ اللهُ عَنْهُ قال: حَدَّثَنِي أَبِي عُمَرُ بْنُ الْخَطَّابِ قَالَ: بَيْنَمَا نَحْنُ عِنْدَ رَسُولِ اللهِ ﷺ ذَاتَ يَوْمٍ، إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ ﷺ، فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنِ الْإِسْلَامِ، فَقَالَ رَسُولُ اللهِ ﷺ: الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ ﷺ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلًا، قَالَ: صَدَقْتَ، قَالَ: فَعَجِبْنَا لَهُ يَسْأَلُهُ، وَيُصَدِّقُهُ، قَالَ: فَأَخْبِرْنِي عَنِ الْإِيمَانِ، قَالَ: أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ، قَالَ: صَدَقْتَ، قَالَ: فَأَخْبِرْنِي عَنِ الْإِحْسَانِ، قَالَ: أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ، قَالَ: فَأَخْبِرْنِي عَنِ السَّاعَةِ، قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ، قَالَ: فَأَخْبِرْنِي عَنْ أَمَارَتِهَا، قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ، قَالَ: ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قَالَ لِي: يَا عُمَرُ أَتَدْرِي مَنِ السَّائِلُ؟ قُلْتُ: اللهُ وَرَسُولُهُ أَعْلَمُ، قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ. [مسلم في صحيحه]
ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُ നിവേദനം. എൻെറ പിതാവ് ഉമർ ബിൻ ഖത്താബാണ് എനിക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത്. അദ്ദേഹം പറഞ്ഞു: ഒരു ദിവസം ഞങ്ങൾ നബി ﷺ യുടെ അരികിൽ ഇരിക്കുകയായിരുന്നു. അപ്പോൾ വെളുവെളുത്ത വസ്ത്രവും കറുകറുത്ത രോമവുമായി ഒരാൾ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. യാത്രയുടെ പാടുകളൊന്നും അദ്ദേഹത്തിനുമേൽ കാണാനില്ല. ഞങ്ങളിൽ ഒരാൾക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അടുത്തേക്കിരുന്നു. തൻെറ കാൽമുട്ടുകൾ അവിടുത്തെ കാൽമുട്ടുകളിലേക്ക് ചേർത്തുവെച്ചു. തൻെറ രണ്ടു കൈപ്പത്തികളും അവിടുത്തെ കാൽതുടകളിൽ വെക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു:
ഓ മുഹമ്മദ് ! ഇസ്‌ലാമിനെ കുറിച്ച് താങ്കൾ എനിക്കു പറഞ്ഞു തന്നാലും. അപ്പോൾ നബി ﷺ പറഞ്ഞു: ഇസ്‌ലാം എന്നാൽ അല്ലാഹു അല്ലാതെ ന്യായമായി ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്നും മഹമ്മദ് നബി ﷺ അല്ലാഹുവിൻെറ ദൂതനാണെന്നും നീ സാക്ഷ്യപ്പെടുത്തലാണ്. നമസ്കാരം യഥാവിധം നിലനിർത്തിപ്പോരലും സകാത് നൽകലും റമളാനിൽ നോമ്പെടുക്കലും വഴിയാൽ സാധിക്കുമെങ്കിൽ കഅ്ബാലയത്തിൽ പോയി ഹജ്ജ് നിർവ്വഹിക്കലുമാണ്. അദ്ദേഹം പറഞ്ഞു: താങ്കൾ സത്യമാണ് പറഞ്ഞത്. അപ്പോൾ അദ്ദേഹത്തിൻെറ കാര്യത്തിൽ ഞങ്ങൾക്ക് ആശ്ചര്യം തോന്നി. നബി ﷺ യോട് അദ്ദേഹം ചോദ്യം ഉന്നയിക്കുകയും നബി ﷺ യെ അപ്പാടെ സത്യപ്പെടുത്തുകയും ചെയ്യുന്നു!
അദ്ദേഹം തുടർന്നു: എങ്കിൽ ഈമാനിനെ കുറിച്ച് താങ്കൾ എനിക്കു പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു: നീ അല്ലാഹുവിലും അവൻെറ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കലാണ്. അതേപോലെ, ഖദ്റിലും നീ വിശ്വസിക്കണം, അതു നന്മയാവട്ടെ തിന്മയാവട്ടെ. അപ്പോഴും അദ്ദേഹം പറഞ്ഞു: താങ്കൾ സത്യമാണ് പറഞ്ഞത്.
തുടർന്നു കൊണ്ട് അദ്ദേഹം ചോദിച്ചു: എനിക്ക് ഇഹ്സാനിനെ കുറിച്ച് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു: താങ്കൾ അല്ലാഹുവിനെ നേരിൽ കാണുന്ന പ്രകാരത്തിൽ അവനു മാത്രമായി ഇബാദത്ത് ചെയ്യലാണ്. താങ്കൾ അവനെ കാണുന്നില്ലെങ്കിലും നിശ്ചയമായും അവൻ താങ്കളെ കാണുന്നു.
അനന്തരം അദ്ദേഹം ചോദിച്ചു: എങ്കിൽ അന്ത്യനാളിനെ കുറിച്ച് താങ്കൾ എനിക്ക് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു: ചോദിക്കപ്പെട്ടയാൾ ചോദ്യകർത്താവിനെക്കാൾ അതിനെ കുറിച്ച് അറിവുള്ളവനല്ല. അദ്ദേഹം തുടർന്നു: എങ്കിൽ അതിൻെറ ലക്ഷണങ്ങൾ എനിക്കു പറഞ്ഞ് തന്നാലും. അവിടുന്ന് പ്രതിവചിച്ചു: അടിയാത്തി അവളുടെ ഉടമസ്ഥയെ പ്രസവിക്കലാണ്; ചെരിപ്പു ധരിക്കാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, ആടു മേച്ചുനടക്കുന്ന ഇടയച്ചെക്കന്മാർ ഉത്തുംഗമായ രമ്യഹർമ്യങ്ങൾ മാത്സര്യബുദ്ധിയോടെ പണികഴിപ്പിക്കുന്നത് നീ കാണലാണ്. ഉമർ رضي الله عنه പറയുന്നു: അനന്തരം അദ്ദേഹം സ്ഥലം വിട്ടു. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവിടുന്ന് എന്നോടു ചോദിച്ചു: ഓ ഉമർ ! ആ ചോദ്യകർത്താവ് ആരാണെന്ന് താങ്കൾക്ക് അറിയാമോ? ഞാൻ പറഞ്ഞു: സൂക്ഷ്മമായി അറിയാവുന്നത് അല്ലാഹുവിനും അവൻെറ ദൂതനുമാണ്. അവിടുന്ന് പറഞ്ഞു: അത് ജിബ്‌രീലായിരുന്നു, നിങ്ങൾക്ക് നിങ്ങളുടെ ദീൻ പഠിപ്പിച്ചു തരാനാണ് അദ്ദേഹം വന്നത്. (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ചോദ്യോത്തര രൂപത്തിൽ ഇസ്‌ലാം ദീനിൻെറ സവിശേഷമായ ഘടനയാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. പ്രസ്തുത വിവരണമനുസരിച്ച് അല്ലാഹുവിൻെറ ദീനിന് മൂന്ന് തലങ്ങളുണ്ട്.
(ഒന്ന്) ഇസ്‌ലാം. ഇതാണ് ദീനിൻെറ പ്രാഥമിക തലം. ഇത് പ്രത്യക്ഷമായ അഞ്ചു കാര്യങ്ങളിൽ നിലകൊള്ളുന്നു. അവയെ കുറിച്ച് പൊതുവെ ഇസ്‌ലാം കാര്യങ്ങൾ എന്നു പറയുന്നു.
(രണ്ട്) ഈമാൻ. ഇതാണ് ദീനിൻെറ ദ്വിതീയ തലം. വിശ്വാസ കാര്യങ്ങളുടെ ആറു സ്തംഭങ്ങളിലാണ് അത് നിലകൊള്ളുന്നത്. അവ ഇസ്‌ലാം കാര്യങ്ങൾ പോലെ പ്രത്യക്ഷമായിരിക്കില്ല. കാരണം അറിവും ബോധ്യവും വിശ്വാസവുമായി ബന്ധപ്പെട്ടവയാണ് അവയെല്ലാം.
ഇസ്‌ലാമിക വ്യവഹാരത്തിൽ മേൽ പറഞ്ഞ രണ്ടു സംജ്ഞകളുടെയും (ഇസ്‌ലാം, ഈമാൻ) പ്രയോഗ രീതി എങ്ങനെയാണെന്ന് കൂടി മനസ്സിലാക്കുന്നത് പ്രയോജനകരമായിരിക്കും. അവ രണ്ടും വ്യത്യസ്ത സന്ദർഭങ്ങളിൽ സ്വതന്ത്രമായി ഉപയോഗിക്കുമ്പോൾ രണ്ടിനും ഒരേ വിവക്ഷയായിരിക്കും. അല്ലാഹുവിൻെറ ദീനായ ഇസ്‌ലാമിനെ മതമായി സ്വീകരിച്ചവൻ എന്നതായിരിക്കും രണ്ടിൻെറയും വിവക്ഷ. രണ്ടും ഒരേ സന്ദർഭത്തിൽ ഒരുമിച്ച് ഉപയോഗിക്കുകയാണെങ്കിൽ അവയുടെ വിവക്ഷ വ്യത്യസ്തമായിരിക്കും. മുകളിൽ വിശദീകരിച്ചതു പോലെ, ഇസ്‌ലാം ദീനിൻെറ പ്രാഥമികവും ദ്വിതീയവുമായ തലങ്ങളെയായിരിക്കും അപ്പോൾ വിവക്ഷിക്കുന്നത്. ഒരുമിച്ച് നിൽക്കുമ്പോൾ വിവക്ഷയിൽ ഭിന്നിച്ചു പോവുകയും, ഭിന്നിച്ചു നിൽക്കുമ്പോൾ വിവക്ഷയിൽ ഒരുമിച്ചു നിൽക്കുകയും ചെയ്യുന്ന ശബ്ദാവലികളിൽപെട്ടതാണ് അവ.
(മൂന്ന്) ഇഹ്സാൻ. ഇത് ദീനിൻെറ തൃതീയ തലം. ഇസ്‌ലാം മതത്തിൻെറ ഘടനാപരമായ ശ്രേണിയിൽ അവസാനത്തേത്. ഇത് പൂർണ്ണതയുടെ തലമാണ്. അല്ലാഹുവിനെ നേർക്കുനേരെ കണ്ണുകൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ഒരാൾ അവന് ഇബാദത്ത് ചെയ്താൽ എങ്ങനെയിരിക്കും?! അതിലപ്പറും ആരാധനയിൽ ഏകാഗ്രതയും പൂർണ്ണതയും പുലർത്തുക സാധ്യമല്ലല്ലോ. ഈ പരിപൂർണ്ണതയിൽ അല്ലാഹുവിനെ ആരാധിക്കുന്നതിനാണ് ഇഹ്‌സാൻ എന്ന് പറയുന്നത്. ഇത് പറയാൻ എളുപ്പമാണ്; പക്ഷെ നേടിയെടുക്കാൻ വളരെ പ്രയാസവും. ത്യാഗത്തിലൂടെ ഒരാൾക്ക് ഇത് എത്തിപ്പിടിക്കാൻ കഴിഞ്ഞാൽ അയാൾ അല്ലാഹുവിന്നുള്ള ഉബൂദിയ്യത്ത് നല്ലനിലയിൽ സാക്ഷാൽക്കരിച്ചിരിക്കുന്നു എന്ന് പറയാം. ഇഹ്‌സാനിനു തന്നെ രണ്ടു വശങ്ങളുണ്ട്:
(ഒന്ന്) അദമ്യമായ അഭിനിവേശത്തോടും ആത്മത്വരയോടും കൂടി അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുന്ന അവസ്ഥാ വിശേഷം. (عبادة الشوق والطلب) അതിൽ യാതൊരു വിധ പങ്കത്തിനോ കളങ്കത്തിനോ സ്ഥാനമുണ്ടായിരിക്കുകയില്ല. അത്തരം ഒരു ഇബാദത്തിൽ നിന്ന് ഒരു അടിയന് പിൻവാങ്ങാൻ തോന്നുകയുമില്ല. കാരണം അല്ലാഹുവിനെ നേരിൽ കാണുന്ന മനോനിലയിലാണല്ലോ അദ്ദേഹം.
(രണ്ട്) ഭയപ്പാടോടു കൂടി ആത്മരക്ഷക്കായി പേടിച്ചോടുന്നവൻ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന അവസ്ഥ. (عبادة الخوف والهرب). അല്ലാഹു തന്നെ കാണുന്നു എന്ന മനോനിലയിലായിരിക്കും അദ്ദേഹം. അല്ലാഹുവിനെ കുറിച്ചുള്ള അറ്റമില്ലാത്ത ഭയപ്പാടും, അവൻെറ കോപത്തിന് കാരണമാകുന്ന കാര്യങ്ങളിൽനിന്ന് പേടിച്ചോടി അവനിൽ അഭയം തേടിക്കൊണ്ടുള്ള ആരാധനയുമാണത്.
ഇസ്‌ലാം മതത്തിൻെറ ഈ മൂന്നു തലങ്ങളും മനസ്സിലാക്കിയ ഒരാൾ മേൽ സൂക്തം പാരായണം ചെയ്യുകയും അതിലെ ആശയാവലികൾ പര്യാലോചന നടത്തുകയും ചെയ്യുമ്പോൾ അയാൾക്കു കടന്നുപോകാൻ കഴിയുന്ന അനുഭവ മൂല്യങ്ങൾ വിശദീകരിക്കുക സാധ്യമല്ല !!
〈ഇങ്ങനെയാണു കാര്യം ! ഏതൊരാള്‍ ഇഹ്സാനിൻെറ തലത്തോളം ഉയർന്ന് തൻെറ സ്വത്വം സർവഥാ അല്ലാഹുവിന്ന് സമർപ്പിക്കുന്നു എങ്കിൽ, അവനു തൻെറ റബ്ബിൻെറയടുക്കൽ അതിനനുഗുണമായ പ്രതിഫലം ഉണ്ടായിരിക്കും. അത്തരക്കാര്‍ക്ക് ഭയപ്പെടാനൊന്നുമില്ല; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.〉