﴿ وَقَالُوا كُونُوا هُودًا أَوْ نَصَارَىٰ تَهْتَدُوا ۗ قُلْ بَلْ مِلَّةَ إِبْرَاهِيمَ حَنِيفًا ۖ وَمَا كَانَ مِنَ الْمُشْرِكِينَ ﴾ (135)
〈പറയുക: ‘(അതല്ല,) പക്ഷെ, ഋജുമനസ്കനായിരുന്ന ഇബ്‌റാഹീമിൻെറ മാർഗ്ഗം. [അതാണ് ഞങ്ങൾ പിൻപറ്റുക]. അദ്ദേഹം ‘മുശ്‌രിക്കു’ [ബഹുദൈവ വിശ്വാസി]കളിൽ പെട്ടവനായിരുന്നതുമില്ല.’〉 (വിശുദ്ധ ഖുർആൻ വിരണം, പുറം 1/254)
ഹനീഫ് എന്ന ഖുർആനിക സംജ്ഞയുടെ ശരിയായ വിവക്ഷ പരിഭാഷയിൽ ചോർന്നു പോയിരിക്കുന്നു! ഋജുമനസ്കൻ എന്നത് ഹനീഫ് എന്നതിനു നിർദ്ദേശിക്കാവുന്ന ഒരു സമമൂല്യ ശബ്ദമല്ല. മലയാള ഭാഷയുടെ പരിമിതികൾ കാരണം അടിസ്ഥാന ആശയങ്ങൾ വായനക്കാർക്ക് ലഭിക്കാതെ പോകരുതല്ലോ. അതിനു വേണ്ടി അത്തരം സംജ്ഞകളുടെ ആശയമൂല്യങ്ങൾ സ്വതന്ത്രമായി വിവരിക്കാവുന്നതാണ്.
ഇബ്‌റാഹീം عليه السلام നെ കുറിച്ച് പറയുന്ന സന്ദർഭങ്ങളിലാണ് ഈ പദം അധികവും പ്രയോഗിച്ചിട്ടുള്ളത്. അദ്ദേഹം ഹനീഫ് ആയിരുന്നു, ഹനീഫ് ആയ നിലയിൽ ഇബ്‌റാഹീമിൻെറ മാർഗ്ഗം നിങ്ങൾ പിൻപറ്റുക, ഹനീഫ് ആയിക്കൊണ്ട് എൻെറ മുഖം ആകാശ ഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിലേക്ക് തിരിച്ചിരിക്കുന്നു… പോലുള്ള പ്രയോഗങ്ങളിൽ ഹനീഫ് എന്നതു കൊണ്ട് വിവക്ഷിച്ചിരിക്കുന്നതെന്താണ്?
അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന മുഴുവൻ ത്വാഗൂത്തുകളെയും അവർക്ക് സമർപ്പിക്കപ്പെടുന്ന സകലമാന ആരാധനകളെയും അവയെ ആരാധിക്കുന്ന മുഴുവൻ മുശ്‌രിക്കുകളെയും പൂർണ്ണമായും വർജ്ജിക്കുകയും. ശിർക്കിൻെറ ഭാഗം തന്നെ പരിപൂർണ്ണമായി വിട്ടൊഴിയുകയും ചെയ്യുക. എന്നിട്ട്, അല്ലാഹുവിനെ മാത്രം റബ്ബും ഇലാഹുമായി അംഗീകരിക്കുകയും അവന് മാത്രമായി യാതൊരു വിധ കലർപ്പുമില്ലാതെ ഇബാദത്ത് ചെയ്യുകയും, ഇബാദത്തുകൾ അവൻ നിർദ്ദേശിക്കുന്ന വിധത്തിൽ മാത്രം നിർവ്വഹിക്കുകയും ചെയ്യുക എന്ന തൗഹീദിൻെറ പക്ഷത്ത് അചഞ്ചലമായി നിലയിറപ്പിക്കുകയും ചെയ്യുക. ഈ മാർഗ്ഗത്തിൻെറ പേരാണ് ഹനീഫിയിയ്യഃ. ഇതൊരു പക്ഷത്തെ, അഥവാ തൗഹീദിൻെറ പക്ഷത്തെയാണ് സൂചിപ്പിക്കുന്നത്. സത്യത്തിൻെറയോ അസത്യത്തിൻെറയോ പക്ഷമില്ലാത്ത നിഷ്‌പക്ഷം എന്ന നാട്യം ഹനീഫിയ്യത്തല്ല. വ്യക്തമായും ശക്തമായും തൗഹീദിനു പക്ഷംപിടിക്കുന്നതാണ് ഈ മാർഗ്ഗം. തൗഹീദിൻെറ പക്ഷത്തു നിൽക്കാത്ത ഒരാൾ സ്വാഭാവികമായും ശിർക്കിൻെറ പക്ഷത്തായിപ്പോവുക തന്നെ ചെയ്യും. കാരണം, ആരാധന മനുഷ്യപ്രകൃതിയുടെ അപ്രതിഹതമായ ഒരു ത്വരയാണ്. അവിടെ ഒരു ശൂന്യത നിലനിൽക്കുകയില്ല. ഒന്നുകിൽ ന്യായമായും ആരാധിക്കപ്പെടേണ്ട അല്ലാഹു. അല്ലെങ്കിൽ, ഏതെങ്കിലും ത്വാഗൂത്ത്. വിഗ്രഹരൂപിയായ ഒരു ത്വാഗൂത്തില്ലെങ്കിൽ അമൂർത്തമായ അഹത്തെയെങ്കിലും അവൻ അനിവാര്യമായും ആരാധിക്കുന്നുണ്ടാകും. ആരാധനയാവാൻ വിളക്കു കത്തിച്ച് പൂജിക്കുകയോ വിനയാന്വിതമതായ സപര്യ നടത്തുകയോ വേണ്ടതില്ല. നിസ്സഹായതകളിൽ, വിഹ്വലതകളിൽ തിരിഞ്ഞുനിൽക്കുന്ന മനസ്സിൻെറ ഭാവങ്ങളിൽ ആരാധനയുടെ നിറച്ചാർത്തു കാണാം. എൻെറ ജീവിതം! എൻെറ നിയമം!! എന്ന അഹങ്കാരത്തിലും സ്ഫുരിക്കുന്നത് മറ്റൊന്നല്ല.
ഒരു മുസ്‌ലിം ഹനീഫായിരിക്കണം. നിറമോ വർണ്ണമോ ഇല്ലാത്ത നിഷ്‌പക്ഷം എന്ന കപടനാട്യം അവൻെറ വഴിയല്ല. മറിച്ച് വ്യക്തമായി പരമസത്യമായ തൗഹീദിൻെറ ഭാഗത്തു നിൽക്കാൻ അവൻ ബാധ്യസ്ഥനാണ്. സ്വർഗ്ഗത്തിലേക്കുള്ള വഴിയാണത്. വളരെ വിലപിടിപ്പുള്ള ചരക്കാണ് സ്വർഗ്ഗം. അതിനു നൽകേണ്ടതോ ജീവൻെറ വിലയും.