﴿ قُولُوا آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ ﴾ (136)
〈എന്നാലും അവയിൽ ഖുർആനോട് ശരിക്കും യോജിച്ച് കാണുന്ന ഭാഗം സത്യമെന്ന് വിശ്വസിക്കൽ നിർബ്ബന്ധമാണുതാനും. ഖുർആൻെറ പ്രസ്താവനക്ക് വ്യക്തമായും എതിരായി കാണുന്ന ഭാഗം നിരസിക്കുകയല്ലാതെ നിവൃത്തിയുമില്ല. രണ്ടും കൽപിക്കുവാൻ കഴിയാത്ത ഭാഗത്തെപ്പറ്റി – തൗറാത്തും ഇഞ്ചീലും അടങ്ങിയതെന്ന് പറയപ്പെടുന്ന ഇന്നത്തെ ബൈബിളിലെ അധിക ഭാഗവും ഈ വിഭാഗത്തിൽപെട്ടതാണു താനും – മൗനമവലംബിക്കുവാനേ നിവൃത്തിയുള്ളു. അബൂ ഹുറൈറ (റ) യിൽനിന്ന് ബുഖാരീ (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘ഹിബ്‌റു ഭാഷയിൽനിന്ന് വേദക്കാർ തൗറാത്ത് വായിച്ച് മുസ്‌ലിംകൾക്ക് അറബീഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കാറുണ്ടായിരുന്നു. അപ്പോൾ, അല്ലാഹുവിൻെറ റസൂൽ പറഞ്ഞു: നിങ്ങൾ വേദക്കാരെ സത്യമാക്കുകയും അവരെ വ്യാജമാക്കുകയും ചെയ്യരുത്. അല്ലാഹുവിലും അല്ലാഹു അവതരിപ്പിച്ചതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നുവെന്ന് പറയുകയും ചെയ്യുവിൻ.’〉 (വിശുദ്ധ ഖുർആൻ വിരണം, പുറം 1/256-257)
മുൻഗാമികൾക്ക് നൽകപ്പെട്ട ഗ്രന്ഥത്തിൻെറ കാര്യത്തിൽ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട നിലപാട് മേൽ വിവരണത്തിൽ നിഷ്കൃഷ്ടമായി തന്നെ വരച്ചുകാണിച്ചിട്ടുണ്ട്. പക്ഷെ, അതിനു വിപരീതമായി വിശുദ്ധ ഖുർആൻ വിവരണത്തിൽ തന്നെ അത്തരം ഗ്രന്ഥങ്ങളിൽനിന്ന് നിർലോഭം ഉദ്ധരിക്കുന്നത് കാണാം. മൗനം പാലിക്കുക എന്നതിൻെറ വിവക്ഷ അവർ സംസാരിക്കുമ്പോൾ നിശ്ശബ്ദമായിരിക്കുക എന്നതല്ലല്ലോ. രചനകളിൽ മൗനം പാലിക്കുക എന്നാൽ അത്തരം കാര്യങ്ങൾ ഉദ്ധരിക്കാതെ വിട്ടേക്കലാണ്. ദുഃഖകരമെന്നു പറയട്ടെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ ഈ വസ്തുത താത്വികമായി അംഗീകരിക്കുകയും പ്രയോഗതലത്തിൽ നഗ്നമായി ലംഘിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിലെ പല ഭാഗങ്ങളും വായിക്കുമ്പോൾ, ബൈബിൾ കൊണ്ട് എങ്ങനെ ഖുർആൻ വ്യാഖ്യാനിക്കാമെന്ന് കാണിച്ചു തരികയാണോ എന്ന് തോന്നിപ്പോകുന്നു. കാര്യങ്ങൾ യഥാവിധം മാന്യ വായനക്കാർക്കു തന്നെ വിലയിരുത്താൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു. അധിക വായനക്ക് മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കാണുക.