﴿ فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴾ (137)
〈എന്നിട്ട്, നിങ്ങൾ ഏതൊന്നിൽ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതിൽ അവരും വിശ്വസിച്ചുവെങ്കിൽ, അവർ സന്മാർഗ്ഗം പ്രാപിച്ചു കഴിഞ്ഞു… തികച്ചും ന്യായയുക്തവും, വർഗ്ഗീയതയോ, കക്ഷിത്വമോ തീണ്ടാത്തതുമായ ഈ വിശ്വാസസിദ്ധാന്തം സ്വീകരിക്കുവാൻ വേദക്കാർ തയ്യാറുണ്ടെങ്കിൽ, അവരും സന്മാർഗ്ഗം പ്രാപിക്കും.〉 (വിശുദ്ധ ഖുർആൻ വിരണം, പുറം 1/255-256)
ഇവിടെ മൂന്ന് കാര്യങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്.
(ഒന്ന്) നിങ്ങൾ ഏതൊന്നിൽ വിശ്വസിച്ചിരിക്കുന്നുവോ എന്നതിൻെറ ഉദ്ദേശ്യം സ്വഹാബികൾ ഏതൊന്നിൽ വിശ്വസിച്ചിരിക്കുന്നുവോ എന്നു തന്നെ വേണം മനസ്സിലാക്കാൻ. കാരണം, നിങ്ങൾ എന്ന സർവ്വനാമം കൊണ്ട് ഒന്നാമതായും ഏറ്റവും അർഹപ്പെട്ടത് എന്ന നിലയിലും (أَوَّلِيًّا وأََوْلَوِيًّا) ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വഹ്‌യിൻെറ പ്രഥമ അഭിസംബോധിതരായ സ്വഹാബിമാരെയാണ്.
(രണ്ട്) بِمِثْلِ എന്നതിനെയാണ് അപ്രകാരമുള്ളതിൽ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. مِثْلِيَّة നെ കൃത്യമായി പ്രകാശിപ്പിക്കാൻ പര്യാപ്തമല്ല ഈ പരിഭാഷ. തത്തുല്യമായത്, സമമൂല്യമായത് എന്നൊക്കെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വഹാബിമാരുടെ വിശ്വാസം എന്താണോ തത്തുല്യമായ കാര്യം അഥവാ അതേ കാര്യം തന്നെ മറ്റുള്ളവരും വിശ്വസിക്കണം. സ്വഹാബത്തിനെ അന്യൂനമായ വിധത്തിലും പരിപൂർണ്ണമായ തോതിലും പിന്തുടരുകയും വേണം. അപ്പോൾ മാത്രമേ സന്മാർഗ്ഗം പ്രാപിക്കുകയുള്ളു. ഉദാഹരണമായി, അല്ലാഹുവിൻെറ നാമഗുണ വിശേഷങ്ങൾ സംബന്ധിച്ച് എന്താണോ വഹ്‌യിലൂടെ സ്ഥിരപ്പെടുത്തിയത് അതു മാത്രം സ്ഥിരപ്പെടുത്തുകയും, എന്താണോ വഹ്‌യിലൂടെ നിരസിക്കപ്പെട്ടത് അത് അതേ വിധം നിരാകരിക്കുകയും, വഹ്‌യ് മൗനം അവലംബിച്ച കാര്യങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുക എന്നതാണ്. ഇതേ നിലപാട് അതേ വിധത്തിൽ പിന്തുടരുന്നവരാണ് സന്മാർഗ്ഗം പ്രാപിക്കുക. സ്വഹാബികളുടെ രീതി അല്ലാഹുവിൻെറ മുഖം, കൈ (وجه، يد) പോലുള്ള സ്വിഫാതുകളെ കുറിച്ച് അവയുടെ അർത്ഥം നമുക്കറിയാം, എന്നാൽ രൂപം നമുക്ക് അറിയില്ല, അത് അല്ലാഹുവിന്നറിയാം എന്നു പറഞ്ഞ് അവനു വിട്ടേക്കുക എന്നതാണ്. എന്നാൽ പിൻഗാമികളിൽ ചിലർ അത്തരം വിശേഷണങ്ങളെ സന്ദർഭത്തിനനുസരിച്ച് വ്യാഖ്യാനിക്കാറുണ്ട്. അത്തരക്കാർ ഈ ആയത്തിൽ നിർദ്ദേശിച്ചിരിക്കുന്നതു പോലെ സ്വഹാബത്ത് വിശ്വസിച്ചതിന് തത്തുല്യമായതിൽ വിശ്വസിക്കുന്നവരല്ല. അതു കൊണ്ടു തന്നെ അവർ സന്മാർഗ്ഗം പ്രാപിക്കുകയുമില്ല.
ദീൻകാര്യങ്ങൾ, സ്വഹാബത്ത് സ്വീകരിച്ചതു തന്നെ യാതൊരു വിധ മാറ്റവുമില്ലാതെ മറ്റുള്ളവരും സ്വീകരിക്കണം. അതിൽ മാറ്റങ്ങൾ വരുത്തുമ്പോഴാണ് മുസ്‌ലിംകൾക്കിടയിൽ അഭിപ്രായ ഭിന്നതയും കക്ഷിത്വവും ഉടലെടുക്കുന്നത്. ഇപ്രകാരം സ്വഹാബത്തിൻെറ മാർഗ്ഗത്തിൽനിന്ന് വ്യതിചലിക്കുന്ന കക്ഷികളെല്ലാം നരകത്തിലാണ്. നബി ﷺ പറയുന്നത് കാണുക:
عَنْ مُعَاوِيَةَ بْنِ أَبِي سُفْيَانَ رَضِيَ اللهُ عَنْهُ أَنَّهُ قَالَ: أَلَا إِنَّ رَسُولَ اللَّهِ ﷺ قَامَ فِينَا فَقَالَ: أَلَا إِنَّ مَنْ قَبْلَكُمْ مِنْ أَهْلِ الْكِتَابِ افْتَرَقُوا عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَإِنَّ هَذِهِ الْمِلَّةَ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ، ثِنْتَانِ وَسَبْعُونَ فِي النَّارِ، وَوَاحِدَةٌ فِي الْجَنَّةِ، وَهِيَ الْجَمَاعَةُ. [أبو داود في سننه، والترمذي في سننه بلفظ:] وَتَفْتَرِقُ أُمَّتِي عَلَى ثَلَاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلَّا مِلَّةً وَاحِدَةً، قَالُوا: وَمَنْ هِيَ يَا رَسُولَ اللَّهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي. [أورده الألباني في الصحيحة برقم 1348]
〈മുആവിയ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു, ഒരിക്കൽ നബി ﷺ ഞങ്ങൾക്കിടയിൽ എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു: അറിയുക! നിങ്ങൾക്ക് മുമ്പുള്ള ഗ്രന്ഥാവകാശികൾ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. നിശ്ചയമായും ഈ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി വേർപിരിയും. എഴുപത്തിരണ്ടും നരകത്തിലാണ്, ഒന്ന് സ്വർഗ്ഗത്തിലുമാണ്. അതാണ് അൽ ജമാഅഃ. (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്). തിർമുദി സുനനിൽ ഉദ്ധരിച്ചത്: എൻെറ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. ഒരേ ഒരു വിഭാഗമൊഴിച്ച് മറ്റെല്ലാവരും നരകത്തിലാണ്. അവർ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ! ആരാണ് അവർ? അവിടുന്ന് പറഞ്ഞു: ഞാനും എൻെറ അനുചരന്മാരും ഏതിലാണോ അതിൽ നിലകൊള്ളുന്നവർ.〉
(മൂന്ന്) വിശ്വാസ സിദ്ധാന്തം, വേദക്കാർ എന്നീ പ്രയോഗങ്ങൾ അനുചിതവും അബദ്ധവുമാണ്. വിശദീകരണം ആവശ്യമുള്ളവർ അധ്യായങ്ങൾക്കു നൽകിയ മുഖവുരയിലെ ഭാഗം-3, 4 വായിച്ചു നോക്കേണ്ടതാണ്.