﴿ قُلْ أَتُحَاجُّونَنَا فِي اللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ وَنَحْنُ لَهُ مُخْلِصُونَ ﴾ (139)
〈ഞങ്ങൾ അവനോട് നിഷ്കളങ്കന്മാരുമത്രെ.〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/258)
〈ആരാധനയിലാവട്ടെ, മതശാസനകളിലാവട്ടെ, കളങ്കവും കാപട്യവും കലർത്തുന്ന പതിവ് ഞങ്ങൾക്കില്ല, നിങ്ങൾക്കാണുള്ളത്.〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/259)
ഇവിടെ مُخْلِصُونَ എന്ന പദത്തിനു നൽകിയ പരിഭാഷ ശ്രദ്ധിക്കുക: ‘നിഷ്കളങ്കന്മാരുമത്രെ’. ഈ പരിഭാഷ മൂലപദത്തോട് അടുത്തു നിൽക്കുന്നതാണെങ്കിലും ഇഖ്‌ലാസ്വ് (إِخْلَاصٌ) എന്ന ആശയത്തെ മതിയായ രൂപത്തിൽ പ്രതിഫലിപ്പിക്കുന്നില്ല. അത് സ്വതന്ത്രമായി വേറെ തന്നെ വിശദീകരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ വായനക്കാർക്ക് തദ്വിഷയകമായി ശരിയായ ധാരണ ലഭിക്കുകയുള്ളു.
ഇഖ്‌ലാസ്വ് എന്നാൽ തനിച്ചാക്കുക, മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കുക, യാതൊരു വിധ കലർപ്പോ കളങ്കമോ ചേർക്കാതിരിക്കുക എന്നൊക്കെയാണ് ഭാഷാർത്ഥം. അല്ലാഹുവിനോട് കാണിക്കുന്ന ഇഖ്‌ലാസ്വാണല്ലോ ഇവിടുത്തെ ചർച്ചാ വിഷയം. അപ്പോൾ ഇഖ്‌ലാസ്വ് എന്നതിൻെറ വിവക്ഷ എല്ലാ അർത്ഥത്തിലും, മുഴുവൻ തലങ്ങളിലും അവനെ ഏകനാക്കുക, തനിച്ചാക്കുക എന്നതത്രെ. അവൻെറ കാര്യത്തിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും, അവനു സമർപ്പിക്കുന്ന ഇബാദത്തുകളിൽ എന്തെങ്കിലും കലർപ്പോ കളങ്കമോ വരുത്താതിരിക്കുകയും ചെയ്യുക എന്നു സാരം. ചുരുക്കത്തിൽ പൂർണ്ണാർത്ഥത്തിലുള്ള തൗഹീദാണ് ഇഖ്‌ലാസ്വ്.
ഇഖ്‌ലാസ്വ് പൂർത്തീകരിക്കണമെങ്കിൽ ഒരു അടിയൻ അനിവാര്യമായും പാലിച്ചിരിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അവയെ കുറിച്ചുള്ള ഒരു സംഗ്രഹം താഴെ കൊടുക്കാം:
(ഒന്ന്) അല്ലാഹുവിൻെറ സത്തയിലോ നാമ ഗുണവിശേഷങ്ങളിലോ അധികാരാവകാശങ്ങളിലോ പ്രവർത്തനങ്ങളിലോ മറ്റാരെയെങ്കിലും പങ്കുചേർക്കുന്നതിനെ സാമാന്യമായി കൊടിയ ശിർക്ക് (شرك أكبر) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇഖ്‌ലാസ്വിൻെറ അടിത്തറ തന്നെ തകർക്കുന്ന ഇത്തരം കൊടിയ ശിർക്കിൽനിന്ന് മുക്തമാവുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. അല്ലാഹു പറയുന്നു:
﴿ وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴾ (الزمر65)
〈തീര്‍ച്ചയായും നിനക്കും നിനക്ക് മുമ്പുള്ളവര്‍ക്കും ബോധനം നൽകപ്പെട്ട കാര്യം, നീ അല്ലാഹുവിൽ പങ്കുചേര്‍ക്കുന്ന പക്ഷം ഉറപ്പായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും, നിശ്ചയമായും നീ പരാജിതരിൽ അകപ്പെടുകയും ചെയ്യും എന്നതാണ്.〉 [സുമർ 65]
﴿ قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ (الكهف: 110)
〈പറയുക: ഞാന്‍ നിങ്ങളെപ്പോലെയുളള ഒരു മനുഷ്യന്‍ മാത്രമാണ്. പക്ഷെ, നിങ്ങളുടെ ആരാധ്യൻ ഏക ഇലാഹ് (ആയ അല്ലാഹു) മാത്രമാണെന്ന് എനിക്ക് ബോധനം ലഭിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ വല്ലവനും തൻെറ റബ്ബുമായി കണ്ടുമുട്ടേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ അവന്‍ സുകൃതം ചെയ്യട്ടെ, തന്‍റെ റബ്ബിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ.〉 (കഹ്ഫ് 110)
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ ..﴾ (البينة 5)
〈ദീൻ (ആയി അനുഷ്ഠിക്കുന്ന കാര്യങ്ങൾ) അല്ലാഹുവിന് തനിച്ചാക്കിക്കൊണ്ട് അവനു മാത്രം ഇബാദത്ത് ചെയ്യാനല്ലാതെ അവരോട് കൽപിച്ചിട്ടില്ല…〉 (ബയ്യിനഃ 5)
(രണ്ട്) അനുഗ്രഹങ്ങൾ അവയുടെ ദാതാവായ അല്ലാഹുവിലേക്ക് ചേർക്കുന്നതിനു പകരം അവൻ ഏർപ്പെടുത്തിയ കാരണങ്ങളിലേക്ക് ചേർക്കുക, പൂർവ്വികർ, മഹാന്മാർ, പുണ്യസ്ഥലങ്ങൾ പോലുള്ളതിനെക്കൊണ്ട് ആണയിടുക, അകമേ വിശ്വാസമില്ലെങ്കിലും ശിർക്കിൻെറ ബാഹ്യരൂപങ്ങൾ അനുവർത്തിക്കുക… ഇതുപോലുള്ള കാര്യങ്ങൾക്കാണ് ചെറിയ ശിർക്ക് (شرك أصغر) എന്ന് പറയുന്നത്. ഇഖ്‌ലാസ്വിൻെറ അനിവാര്യമായ പൂർണ്ണതക്ക് (الكمال الواجب) ലോപം വരുത്തുന്ന ഇത്തരം ചെറിയ ശിർക്ക് തീർത്തും വർജ്ജിക്കുക.
﴿ إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا ﴾ (النساء 48)
〈തന്നോട് പങ്കുചേര്‍ക്കുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുന്നതുമാണ്. ആര്‍ അല്ലാഹുവിനോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.〉 [നിസാഅ് 48]
ശ്രദ്ധിക്കുക! ഈ സൂക്തത്തിൻെറ പരിധിയിൽ കൊടിയ ശിർക്കും ചെറിയ ശിർക്കും ഉൾപ്പെടുമെന്നാണ് പ്രാമാണികരായ ഇമാമുകൾ പറഞ്ഞിരിക്കുന്നത്. രണ്ടും പൊറുക്കപ്പെടാത്ത പാപമാണ്. കൊടിയ ശിർക്ക് ചെയ്യുന്നുവൻ മതത്തിൽനിന്ന് പുറത്ത് പോകും. അതിൽ മരണപ്പെട്ടാൽ നരകത്തിൽ ശാശ്വതമായി വസിക്കേണ്ടി വരികയും ചെയ്യും. ചെറിയ ശിർക്ക് അല്ലാഹു പൊറുക്കാത്ത പാപമാണ്. സ്വീകാര്യയോഗ്യമായ നിലയിൽ പശ്ചാത്തപിക്കാത്ത പക്ഷം അതിനുള്ള ശിക്ഷ അനുഭവിച്ചേ മതിയാകൂ. പക്ഷെ, ദീനിൽനിന്ന് പുറത്ത് പോവുകയോ നരകത്തിൽ ശാശ്വതമാവുകയോ ചെയ്യേണ്ടിവരില്ലെന്നു മാത്രം.
(മൂന്ന്) അല്ലാഹുവിനെ മാത്രം ആശ്രയിക്കുക. ആശ്രയമരുളാൻ ആത്യന്തികമായി അവൻ മാത്രമേയുള്ളു. മറ്റെല്ലാം അവൻ നിശ്ചയിച്ച ഉപകരണങ്ങൾ മാത്രം. അതിനാൽ എല്ലാം അവനിൽ ഭരമേൽപിക്കുക. ഏത് ചെറുതും വലുതുമായ കാര്യസാധ്യത്തിനു വേണ്ടിയും അവനിലേക്ക് മാത്രം തിരിയുക. ഉപാധികളിലേക്കും ഉപകരണങ്ങളിലേക്കും മനസ്സ് പായാതിരിക്കുക. അവനോട് മാത്രം സാഹായാർത്ഥന നടത്തുക. ആത്യന്തികമായി സഹായം നൽകാൻ അവനു മാത്രമേ കഴിയൂ. മറ്റാരോടും സഹായം തോടാതിരിക്കുക. മനസ്സിൻെറ ഭാവങ്ങളിൽ, മിഴിയുടെ ചലനങ്ങളിൽ, നാവിൻെറ ഇടർച്ചകളിൽ സദാ അല്ലാഹുവിനോടുള്ള ഈ ആശ്രിതത്വവും സഹായാർത്ഥനയും നിറയുക. താൻ സ്വയംപര്യാപ്തനല്ല, അല്ലാഹുവിനെ ആശ്രയിക്കാതെ ഒരു നിമിഷാർദ്ധം പോലും തനിക്ക് നിലനിൽപില്ല എന്ന ബോധ്യത്തിൽ സദാ അവനോട് കേഴുക. ഇതാണ് സഹായാർത്ഥന (استعانة) യുടെ പൊരുൾ.
ഹുങ്ക് കൊണ്ട് അല്ലാഹുവിനെ വിട്ടുകളയുകയും, അഹം തന്നെ ദൈവമെന്ന് കരുതി ദേഹേഛക്ക് ആത്മപൂജ നടത്തി നിർവൃതിയടയുകയും, ഭൗതിക സുഖഭോഗങ്ങളുടെ അടിമയായിത്തീരുകയും ചെയ്യുന്ന ഒരു വല്ലാത്ത മാനസികാവസ്ഥയുണ്ട്. അത് അല്ലാഹുവിനോടുള്ള അശ്രിതത്വത്തിൻെറ നിരാസവും സഹായാർത്ഥനയിലുള്ള ശിർക്കുമാണ്. ഇങ്ങനെയാണ് പണ്ഡിത ഭാഷ്യം. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رحمه الله യുടെ ഒരു വിവരണം ഫാതിഹഃക്ക് നൽകിയ അടിക്കുറിപ്പിലുണ്ട്. സാന്ദർഭിക പ്രസക്തി മുൻനിർത്തി അത് ഇവിടെ ആവർത്തിക്കുകയാണ്:
وَكَثِيرًا مَا يَقْرِنُ النَّاسُ بَيْنَ الرِّيَاءِ وَالْعُجْبِ فَالرِّيَاءُ مِنْ بَابِ الْإِشْرَاكِ بِالْخَلْقِ وَالْعُجْبُ مِنْ بَابِ الْإِشْرَاكِ بِالنَّفْسِ وَهَذَا حَالُ الْمُسْتَكْبِرِ فَالْمُرَائِي لَا يُحَقِّقُ قَوْلَهُ ﴿إيَّاكَ نَعْبُدُ﴾ وَالْمُعْجَبُ لَا يُحَقِّقُ قَوْلَهُ: ﴿وَإِيَّاكَ نَسْتَعِينُ﴾ فَمَنْ حَقَّقَ قَوْلَهُ ﴿إيَّاكَ نَعْبُدُ﴾ خَرَجَ عَنْ الرِّيَاءِ وَمَنْ حَقَّقَ قَوْلَهُ ﴿وَإِيَّاكَ نَسْتَعِينُ﴾ خَرَجَ عَنْ الْإِعْجَابِ وَفِي الْحَدِيثِ الْمَعْرُوفِ: “ثَلَاثٌ مُهْلِكَاتٌ: شُحٌّ مُطَاعٌ وَهَوًى مُتَّبَعٌ وَإِعْجَابُ الْمَرْءِ بِنَفْسِهِ”.[ابن تيمية في مجموع فتاويه]
[മിക്കപ്പോഴും ജനങ്ങൾ നാട്യത്തെയും അഹന്തയെയും ഒരുമിച്ചു ചേർത്താണ് പറയാറുള്ളത്. നാട്യം (رِيَاءٌ) സൃഷ്ടികളെ പങ്കാളികളാക്കുക എന്ന ഇനത്തിലും, അഹന്ത ആത്മത്തെ പങ്കാളിയാക്കുക എന്ന ഇനത്തിലുമാണ് ഉൾപ്പെടുക. ഇത് ഒരു അഹങ്കാരിയുടെ അവസ്ഥയാണ്. നാട്യക്കാരൻ ﴾إيَّاكَ نَعْبُدُ﴿ നിനക്കു മാത്രം ഇബാദത്ത് ചെയ്യുന്നു എന്ന വചനത്തെ സാക്ഷാൽകരിക്കുന്നില്ല. അഹംഭാവി ﴾وَإِيَّاكَ نَسْتَعِينُ﴿ നിന്നോടു മാത്രം സഹായം തേടുന്നു എന്ന വചനത്തെയും സാക്ഷാൽകരിക്കുന്നില്ല. ﴾إيَّاكَ نَعْبُدُ﴿ എന്ന വചനത്തെ സാക്ഷാൽകരിച്ചവൻ നാട്യത്തിൽനിന്ന് രക്ഷപ്പെട്ടു. ﴾وَإِيَّاكَ نَسْتَعِينُ﴿ എന്ന വചനത്തെ സാക്ഷാൽകരിച്ചവൻ അഹന്തയിൽനിന്നും രക്ഷപ്പെട്ടു. പ്രശസ്തമായ ഒരു നബിവചനത്തിൽ ഇപ്രകാരം കാണാം: “മൂന്നു കാര്യങ്ങൾ വിനാശകരമാണ്: വിധേയത്വം കാണിക്കപ്പെടുന്ന സങ്കുചിതത്വം, പിന്തുടരപ്പെടുന്ന അഭീഷ്ടം, അഹത്തിൻെറ കാര്യത്തിൽ ഒരാൾ കാണിക്കുന്ന ഡംഭ്.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)
അന്തര്യാമിയായി വർത്തിക്കുന്ന ഈ ശിർക്കൻ മനോവ്യാപാരം മിക്കപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയിൽ പോലും വന്നു കൊള്ളണമെന്നില്ല. മാരകമായ ഈ അവസ്ഥ ഇഖ്‌ലാസ്വിൻെറ ലംഘനമാണ്; ഇഖ്‌ലാസ്വിൻെറ പൂർത്തീകരണത്തിന് അതിൽനിന്ന് തീർത്തും മുക്തമാകേണ്ടത് അനിവാര്യവുമാണ്.
(നാല്) പ്രത്യക്ഷത്തിൽ വിനീതനായ ഒരു വിശ്വാസിയായി നടിക്കുക, അകമേ അഹങ്കാരത്തിൻെറയും അവിശ്വാസത്തിൻെറയും ഇരട്ട ഗോപുരം പേറുക. ഇതാണ് نِفَاقٌ അഥവാ കാപട്യം. ഇഖ്‌ലാസ്വിനെ തകർത്തെറിയുന്ന ഈ നിഫാഖിൽനിന്ന് രക്ഷപ്പെടുക. അല്ലാഹു പറയുന്നു:
﴿ إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا ۞ إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَاعْتَصَمُوا بِاللَّهِ وَأَخْلَصُوا دِينَهُمْ لِلَّهِ فَأُولَٰئِكَ مَعَ الْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ اللَّهُ الْمُؤْمِنِينَ أَجْرًا عَظِيمًا ﴾ (النساء 145-146)
〈തീര്‍ച്ചയായും കപടന്മാർ നരകത്തിൻെറ ഏറ്റവും അടിയിലെ തട്ടിലായിരിക്കും. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുകയില്ല. വിശ്വാസത്തിലേക്ക് മടങ്ങുകയും, തകരാറുകൾ പരിഹരിക്കുകയും, അല്ലാഹുവിനെ പരിപൂർണ്ണമായി അവലംബിക്കുകയും തങ്ങളുടെ ദീൻ കലർപ്പില്ലാതെ അല്ലാഹുവിന് മാത്രമാക്കുകയും ചെയ്തവരൊഴികെ. അവര്‍ വിശ്വാസികളോടൊപ്പമായിരിക്കും. അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലമാണ് നൽകാനിരിക്കുന്നത്.〉 [നിസാഅ് 145-146]
കാപട്യം ഒരു വല്ലാത്ത വിപത്തു തന്നെയാണ്. പ്രത്യക്ഷത്തിൽ മുസ്‌ലിമായി നടിക്കുകയും, മുസ്‌ലിംകളോടൊപ്പം സഹവസിച്ച് ആനുകൂല്യങ്ങൾ പറ്റുകയും, അവസരവാദികളും ദ്വിമുഖികളുമായി പെരുമാറുകയും ചെയ്യുന്നവരാണവർ. കളവ് പറയൽ, കരാർ ലംഘനം, ചതിപ്രയോഗം, അശ്ലീലം പറയൽ ആഭാസത്തരം കാണിക്കൽ ഇതൊക്കെയാണ് മുനാഫിഖിൻെറ ലക്ഷണങ്ങൾ. ചിലർ പൂർണ്ണമായും മുനാഫിഖായി മാറുമ്പോൾ മറ്റു ചിലർ കാപട്യത്തിൻെറ വിശേഷ ലക്ഷണങ്ങളിൽ ചിലതുമായി ജീവിക്കുന്നു. കാപട്യം പിടികൂടുന്നതിനെ കുറിച്ച് നാം എപ്പോഴും ജാഗരൂകരായിരിക്കണം. സമുന്നതരായ സ്വഹാബിമാർ നമുക്ക് മുന്നിൽ വരച്ചുവെച്ച മഹനീയ മാതൃക അങ്ങനെയാണ്. ഉമർ رَضِيَ اللهُ عَنْهُ പോലും തന്നെ കാപട്യം പിടികൂടുമോ എന്ന് ആശങ്കപ്പെടാറുണ്ടായിരുന്നു. മുപ്പത് സ്വഹാബിമാരുമായി ഇടപഴകാൻ ഭാഗ്യം ലഭിച്ച പ്രശസ്ത താബിഈവര്യൻ ഇബ്‌നു അബീ മുലൈകഃ رَحِمَهُ اللهُ പറയുന്നത് കാണുക:
وَلَقَدْ أَدْرَكْتُ كَذَا وَكَذَا مِنْ أَصْحَابِ النَّبِيِّ ﷺ مَا مَاتَ رَجُلٌ مِنْهُمْ إِلَّا وَهُوَ يَخْشَى عَلَى نَفْسِهِ النِّفَاقَ [اللالكائي في شرح أصول اعتقاد أهل السنة والجماعة]
〈നബി ﷺ യുടെ അനുചരന്മാരിൽനിന്ന് ഇത്രയിത്ര ആളുകളെ എനിക്ക് കണ്ടുമുട്ടാൻ സാധിച്ചിട്ടുണ്ട്. അവരിൽ ഒരാൾ പോലും സ്വന്തം കാര്യത്തിൽ കാപട്യത്തെ ഭയപ്പെട്ടു കൊണ്ടല്ലാതെ മരണപ്പെട്ടുപോയിട്ടില്ല.〉 [ലാലകാഈ ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്‌ലിസ്സുന്നഃ വൽജമാഅഃയിൽ ഉദ്ധരിച്ചത്]
(അഞ്ച്) മതപരമായ കാര്യങ്ങൾ അനുവർത്തിക്കുന്നത് അല്ലാഹുവിൻെറ കോപത്തിൽനിന്ന് രക്ഷപ്പെടാനും അവൻെറ പ്രീതി കരസ്ഥമാക്കാനും വേണ്ടിയാണ്. അതു മുഖേന പരലോകത്ത് നരകശിക്ഷയിൽനിന്ന് രക്ഷപ്പെടാനും സ്വർഗ്ഗത്തിൽ പ്രവേശിക്കാനും സാധിക്കണം. സ്വർഗ്ഗത്തിൽ വെച്ച് അവൻെറ തിരുമുഖം (وجه الله) ദർശിക്കാനുള്ള മഹാഭാഗ്യം ലഭിക്കുകയും വേണം. അതാണ് ഏറ്റവും വലിയ നേട്ടം. മറ്റൊന്നും അതിനോളം വരില്ല. കാര്യം ഇങ്ങനെയാണെന്നിരിക്കെ അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ഒരു കാര്യവും മറ്റുള്ളവർ കാണട്ടെ എന്ന് വെക്കരുത്. അതാണ് رِيَاءٌ അഥവാ ലോകമാന്യം. ഇത് തൗഹീദിനു കളങ്കമാണ്; ചെറിയ ശിർക്കാണ്. ഇഖ്‌ലാസ്വ് പൂർത്തീകരിക്കണമെങ്കിൽ അനിവാര്യമായും പരിവർജ്ജിക്കേണ്ടതാണ്. അല്ലാഹു പറയുന്നത് കാണുക:
﴿ فَوَيْلٌ لِّلْمُصَلِّينَ ۞ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ۞ الَّذِينَ هُمْ يُرَاءُونَ ﴾ (الماعون 4-6)
〈എന്നാൽ നമസ്കാരക്കാർക്കാണു വിനാശകരമായ വൈൽ എന്ന നരകം. അവർ തങ്ങളുടെ നമസ്കാരത്തിൽ ശ്രദ്ധയില്ലാത്തവരാണ്. അവർ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചെയ്യുന്നവരാണ്.〉 [മാഊൻ 4-6]
ഇത്തരം ഗോപ്യമായ ശിർക്കിനെ കുറിച്ച് നബി ﷺ നൽകിയ താക്കീത് കാണുക:
عن محمود بن لبيد قال: خرج النبي ﷺ فقال: يا أيها الناس إياكم وشرك السرائر، قالوا يا رسول الله: وما شرك السرائر؟ قال: يقوم الرجل فيصلي فيزين صلاته جاهدا لما يرى من نظر الناس إليه فذلك شرك السرائر. [ابن خزيمة في صحيحه وحسنه الألباني]
〈മഹ്‌മൂദ് ബിൻ ലബീദ് നിവേദനം. അദ്ദേഹം പറയുന്നു: ഒരിക്കൽ നബി ﷺ പുറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു: അല്ലയോ ജനങ്ങളേ, നിങ്ങൾ ഗോപ്യമായ ശിർക്കിനെ സൂക്ഷിക്കണം! അവർ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, എന്താണ് ഗോപ്യമായ ശിർക്ക്? അവിടുന്ന് പറഞ്ഞു: ഒരാൾ വന്നുനിന്ന് നമസ്കാരം തുടങ്ങുന്നു. ജനം തന്നെ വീക്ഷിക്കുന്നു എന്ന് കാണുമ്പോൾ അയാൾ പണിപ്പെട്ട് തൻെറ നമസ്കാരം ഭംഗിയാക്കുന്നു. അതു തന്നെയാണ് ഗോപ്യമായ ശിർക്ക്.〉 [ഇബ്‌നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്]
(ആറ്) അല്ലാഹുവിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ കേളിക്ക് വേണ്ടി കൂടി ഉപയോഗിക്കാറുണ്ട്. താൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ കേൾക്കട്ടെ. അവർ അതിനെ കുറിച്ച് പ്രശംസിക്കട്ടെ. അതു മുഖേന തനിക്കു പ്രശസ്തി കൂടി കൈവരട്ടെ. ഇത് തൻെറ ഉദ്ദേശ്യശുദ്ധി കളങ്കപ്പെടുത്തുന്ന മായമാണ്, ഗോപ്യമായ ശിർക്കാണ്, ചെറിയ ശിർക്കിൻെറ ഇനങ്ങളിൽ ഒന്നാണ്. ഇഖ്‌ലാസ്വ് പൂർത്തീകരിക്കണമെങ്കിൽ കേളിയുടെ (سُمْعَةٌ) ഈ ഭ്രാന്ത് ഉപേക്ഷിച്ചേ മതിയാകൂ.
സ്വാഭാവികമായ ഒരു സംശയം, ലോകമാന്യവും കേളിയും (رِيَاءٌ – سُمْعَةٌ) തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടും ചെറിയ ശിർക്കാണ്; ഗോപ്യമായ ശിർക്കിൻെറ ഭിന്നപ്രകാരങ്ങളാണ്. ലോകമാന്യം ജനങ്ങളെ കാണിക്കാനും, കേളി ജനങ്ങളെ കേൾപ്പിക്കാനും വേണ്ടിയുള്ളതായിരിക്കും. ശ്രദ്ധിക്കുക! ഇത്തരക്കാർ അല്ലാഹുവിനെയും അവൻെറ പ്രീതിയെയും തീരെ ഉദ്ദേശിക്കുന്നില്ല എന്ന് ധരിക്കരുത്. മറിച്ച്, അല്ലാഹുവിനു വേണ്ടി തന്നെയാണ് ഈ കാര്യങ്ങൾ ചെയ്യുന്നത്. പക്ഷെ, അതിൽ ഇത്തരം കളങ്കങ്ങൾ ചേർക്കുന്നു എന്നു മാത്രം. അതാണല്ലോ ശിർക്ക് അഥവാ പങ്കുചേർക്കൽ. കിതാബുത്തൗഹീദിൻെറ വിശദീകരണത്തിൽ ശൈഖ് സുലൈമാൻ رحمه الله പറയുന്നത് കാണുക:
الفرق بين الرياء وبين السمعة: أن الرياء هو العمل لرؤية الناس، والسمعة لأجل سماعهم، فالرياء يتعلق بحاسة البصر، والسمعة بحاسة السمع. [سليمان بن عبد الله بن محمد بن عبد الوهاب في تيسير العزيز الحميد]
〈ലോകമാന്യവും കേളിയും തമ്മിലുള്ള വ്യത്യാസം ലോകമാന്യം ജനങ്ങളെ കാണിക്കാൻ വേണ്ടിയുളളതും കേളി ജനങ്ങളെ കേൾപ്പിക്കാൻ വേണ്ടിയുള്ളതുമാണ്. ലോകമാന്യം കാഴ്ചശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു; കേളി കേൾവിശക്തിയുമായും.〉 [ശൈഖ് സുലൈമാൻ ബിൻ അബ്ദില്ലാഹ് തയ്‌സീറുൽ അസീസിൽ ഹമീദിൽ രേഖപ്പെടുത്തിയത്]
ഇപ്രകാരം, ഒരാൾ അല്ലാഹുവിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ ലോകമാന്യമോ പ്രശസ്തിയോ കൂടി ഉദ്ദേശിച്ചാൽ അത് അല്ലാഹു സ്വീകരിക്കുകയില്ല. പൂർണ്ണവും പരിശുദ്ധവുമല്ലാത്ത, വീതം വെച്ചതും കളങ്കം ചാർത്തിയതുമായ കർമ്മങ്ങൾ അവന് ആവശ്യമില്ല. അത് ചെറിയ ശിർക്കാണ്. നബി ﷺ പറയുന്നത് കാണുക:
عن جندب قال: قال النبي ﷺ مَنْ سَمَّعَ سَمَّعَ اللَّهُ بِهِ، وَمَنْ يُرَائِي يُرَائِي اللَّهُ بِهِ. [البخاري في صحيحه]
〈ജുൻദുബ് رضي الله عنه നിവേദനം. നബി ﷺ പറഞ്ഞു: ആർ കേളിക്കു വേണ്ടി ചെയ്യുന്നുവോ അവൻെറ കാര്യത്തിൽ അല്ലാഹു കേളിവരുത്തും. ആർ ലോകമാന്യം കാണിക്കുന്നുവോ അവൻെറ കാര്യം അല്ലാഹു ലോകരെ കാണിക്കലാക്കിത്തീർക്കും.〉 [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]
(ഏഴ്) അല്ലാഹുവിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ തീർത്തും പരിശുദ്ധമായിരിക്കണം. അതിൽ തൻെറ കീർത്തി, സൽപ്പേര്, യശസ്സ് പോലുള്ളവ കലരാൻ പാടില്ല. വളരെ സങ്കീർണ്ണമായ ഒരു മേഖലയാണിത്. അല്ലാഹുവിൻെറ മാർഗ്ഗത്തിൽ സമരം ചെയ്യുന്ന ഒരു യോദ്ധാവ് അല്ലാഹുവിൻെറ പ്രതിഫലം കാംക്ഷിക്കുന്നതോടൊപ്പം ഒരു സൽപ്പേരു കൂടി ആഗ്രഹിക്കുന്നത് തെറ്റാണോ എന്നു സംശയിക്കാം. അതെ, അതു വലിയ തെറ്റു തന്നെയാണ്. തെറ്റു മാത്രമല്ല ശിർക്കാണ്; ഇഖ്‌ലാസ്വിനു ഭംഗം വരുത്തുന്ന ചെറിയ ശിർക്ക്. ഒരു ഹദീസ് കാണുക:
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ ﷺ، فَقَالَ: أَرَأَيْتَ رَجُلًا غَزَا يَلْتَمِسُ الْأَجْرَ وَالذِّكْرَ، مَالَهُ؟ فَقَالَ رَسُولُ اللَّهِ ﷺ: لَا شَيْءَ لَهُ، فَأَعَادَهَا ثَلَاثَ مَرَّاتٍ، يَقُولُ لَهُ رَسُولُ اللَّهِ ﷺ: لَا شَيْءَ لَهُ، ثُمَّ قَالَ: إِنَّ اللَّهَ لَا يَقْبَلُ مِنَ الْعَمَلِ إِلَّا مَا كَانَ لَهُ خَالِصًا، وَابْتُغِيَ بِهِ وَجْهُهُ. (النسائي في سننه وصححه الألباني)
〈അബൂ ഉമാമഃ رضي الله عنه നിവേദനം. ഒരാൾ നബി ﷺ യുടെ അരികിൽ വന്നുകൊണ്ട് ചോദിച്ചു: പ്രതിഫലവും കീർത്തിയും കാംക്ഷിച്ചുകൊണ്ടാണ് ഒരാൾ യുദ്ധം ചെയ്യുന്നതെങ്കിൽ അയാൾക്ക് എന്ത് ലഭിക്കുമെന്നാണ് താങ്കൾ കാണുന്നത്? അപ്പോൾ നബി ﷺ പറഞ്ഞു: അയാൾക്ക് ഒന്നുമുണ്ടായിരിക്കില്ല. അയാൾ മൂന്നു തവണ അതേ ചോദ്യം ആവർത്തിച്ചു. അപ്പോഴെല്ലാം നബി ﷺ അദ്ദേഹത്തോട് പറഞ്ഞുകൊണ്ടിരുന്നു: അയാൾക്ക് ഒന്നുമുണ്ടായിരിക്കില്ല. പിന്നീട് അവിടുന്ന് വിശദീകരിച്ചു: കർമ്മങ്ങളിൽനിന്ന് ഒന്നും അല്ലാഹു സ്വീകരിക്കുകയില്ല, അവനു മാത്രമായി, അവൻെറ മുഖം കാംക്ഷിച്ചുകൊണ്ട് ചെയ്യുന്നതല്ലാതെ.〉 [നസാഇ സുനനിൽ ഉദ്ധരിച്ചത്]
ഇഖ്‌ലാസ്വിനു ഭംഗം വരുത്തുന്ന കാര്യങ്ങൾ ഒരിക്കലും ചെറുതായി കാണരുത്. അത്തരക്കാരുടെ പരിണതി എന്തായിരിക്കും എന്ന് വരച്ചു കാണിക്കുന്ന ഒരു ഹദീസ് അൽപം സുദീർഘമാണെങ്കിലും ഇവിടെ ഉദ്ധരിക്കാം:
عن شُفَيٍّ الْأَصْبَحِيّ قال: أَنَّهُ دَخَلَ مَسْجِدَ الْمَدِينَةِ فَإِذَا هُوَ بِرَجُلٍ قَدِ اجْتَمَعَ عَلَيْهِ النَّاسُ فقَالَ: مَنْ هَذَا؟ قَالُوا: أَبُو هُرَيْرَةَ قَالَ: فَدَنَوْتُ مِنْهُ حَتَّى قَعَدْتُ بَيْنَ يَدَيْهِ وَهُوَ يُحَدِّثُ النَّاسَ فَلَمَّا سَكَتَ وَخَلَا قُلْتُ لَهُ: أَنْشُدُكَ بِحَقِّي لَمَا حَدَّثْتَنِي حَدِيثًا سَمِعْتَهُ مِنْ رَسُولِ اللَّهِ ﷺ عقلتَهُ وعلمتَهُ فقَالَ أَبُو هُرَيْرَةَ: أَفْعَلُ لَأُحَدِّثَنَّكَ حَدِيثًا حَدَّثَنِيهِ رسول الله ﷺ عَقَلْتُه وعَلِمْتُه ثُمَّ نَشَغَ أَبُو هُرَيْرَةَ نَشْغَةً فَمَكَثَ قَلِيلًا ثُمَّ أَفَاقَ فقَالَ: لَأُحَدِّثَنَّكَ حَدِيثًا حَدَّثَنِيهِ رسول الله ﷺ وأنا وَهُوَ فِي هَذَا الْبَيْتِ مَا مَعَنَا أَحَدٌ غَيْرِي وَغَيْرُهُ ثُمَّ نَشَغَ أَبُو هُرَيْرَةَ نَشْغَةً أُخْرَى فَمَكَثَ كَذَلِكَ ثُمَّ أَفَاقَ فَمَسَحَ عَنْ وَجْهِهِ فقَالَ: أفعلُ لَأُحَدِّثَنَّكَ حَدِيثًا حَدَّثَنِيهِ رَسُولُ اللَّهِ ﷺ وَأَنَا وَهُوَ فِي هَذَا الْبَيْتِ مَا مَعَهُ أَحَدٌ غَيْرِي وَغَيْرُهُ ثُمَّ نَشَغَ نَشْغَةً شَدِيدَةً ثُمَّ مَالَ خَارًّا عَلَى وَجْهِهِ وَاشْتَدَّ بِهِ طَوِيلًا ثُمَّ أَفَاقَ فقَالَ: حَدَّثَنِي رَسُولُ اللَّهِ ﷺ: أَنَّ اللَّهَ تَبَارَكَ وَتَعَالَى إِذَا كَانَ يَوْمُ الْقِيَامَةِ يَنْزِلُ إِلَى الْعِبَادِ لِيَقْضِيَ بَيْنَهُمْ وَكُلُّ أُمَّةٍ جاثيةٌ فَأَوَّلُ مَنْ يَدْعُو بِهِ رَجُلٌ جَمَعَ الْقُرْآنَ وَرَجُلٌ يُقتل فِي سَبِيلِ اللَّهِ وَرَجُلٌ كَثِيرُ الْمَالِ فَيَقُولُ اللَّهُ تبارك وتعالى للقارىء: أَلَمْ أُعَلِّمْكَ مَا أَنْزَلْتُ عَلَى رَسُولِي ﷺ؟ قَالَ: بَلَى يَا رَبِّ قَالَ: فَمَاذَا عَمِلْتَ فِيمَا عَلِمْتَ؟ قَالَ: كُنْتُ أَقُومُ بِهِ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ فَيَقُولُ اللَّهُ تَبَارَكَ وَتَعَالَى لَهُ: كذبتَ وَتَقُولُ لَهُ الْمَلَائِكَةُ: كذبتَ وَيَقُولُ اللَّهُ: بَلْ أَرَدْتَ أَنْ يقال: فلان قارىء فَقَدْ قِيلَ ذَاكَ، وَيُؤْتَى بِصَاحِبِ الْمَالِ فَيَقُولُ اللَّهُ لَهُ: أَلَمْ أوسِّع عَلَيْكَ حَتَّى لَمْ أَدَعْكَ تَحْتَاجُ إِلَى أَحَدٍ؟ قَالَ: بَلَى يَا رَبِّ قَالَ: فَمَاذَا عَمِلت فِيمَا آتَيْتُكَ؟ قَالَ: كُنْتُ أصِلُ الرَّحِمَ وَأَتَصَدَّقُ؟ فَيَقُولُ اللَّهُ لَهُ: كَذَبْتَ وَتَقُولُ الْمَلَائِكَةُ لَهُ: كَذَبْتَ وَيَقُولُ اللَّهُ: بل إنما أردت أن يقال: فُلَانٌ جَوَادٌ فَقَدْ قِيلَ ذَاكَ، وَيُؤْتَى بِالَّذِي قُتِلَ فِي سَبِيلِ اللَّهِ فيُقال لَهُ: فِي مَاذَا قُتِلْتَ؟ فَيَقُولُ: أُمِرْتُ بِالْجِهَادِ فِي سَبِيلِكَ فَقَاتَلْتُ حَتَّى قُتِلْتُ فَيَقُولُ اللَّهُ لَهُ: كَذَبْتَ وَتَقُولُ لَهُ الْمَلَائِكَةُ: كَذَبْتَ وَيَقُولُ اللَّهُ: بَلْ أردت أن يقال: فلان جريء فَقَدْ قِيلَ ذَاكَ، ثُمَّ ضَرَبَ رَسُولُ اللَّهِ ﷺ رُكْبَتِي فقَالَ: يَا أَبَا هُرَيْرَةَ أُولَئِكَ الثَّلَاثَةُ أَوَّلُ خَلْقِ اللَّهِ تُسَعَّرُ بِهِمُ النَّارُ يَوْمَ الْقِيَامَةِ. [ابن حبان في صحيحه، وصححه الألباني]
〈ശുഫയ്യ് അൽ അസ്വ്‌ബഹി നിവേദനം.
അദ്ദേഹം ഒരിക്കൽ മദീനാ പള്ളിയിൽ പ്രവേശിച്ചു. അപ്പോഴതാ അവിടെ ഒരാൾ; അദ്ദേഹത്തിനു് ചുറ്റും ജനം ഒരുമിച്ച് കൂടിയിരിക്കുന്നു.
ഇതാരാണ്? അദ്ദേഹം ചോദിച്ചു:
അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ, അവർ മറുപടി പറഞ്ഞു:
അദ്ദേഹം പറയുന്നു: അപ്പോൾ ഞാൻ അദ്ദേഹത്തിൻെറ അരികിൽ ചെന്ന് മുന്നിലിരുന്നു. അദ്ദേഹം ജനങ്ങൾക്ക് ഹദീസ് പറഞ്ഞു കൊടുക്കുകയാണ്.
അങ്ങനെ സംസാരം നിർത്തി ജനങ്ങൾ പിരിഞ്ഞ് അദ്ദേഹം തനിച്ചായപ്പോൾ ഞാൻ പറഞ്ഞു: എനിക്കുള്ള സവിശേഷാവകാശം മുൻനിർത്തി താങ്കോളോട് ചോദിക്കുകയാണ്, നബി ﷺ യിൽനിന്ന് താങ്കൾ കേൾക്കുകയും ഗ്രഹിക്കുകയും അറിഞ്ഞ് ബോധ്യപ്പെടുകയും ചെയ്ത ഒരു ഹദീസ് താങ്കൾ എനിക്ക് പറഞ്ഞു തന്നാലും.
അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ പറഞ്ഞു: ഉറപ്പായും ഞാൻ ചെയ്യാം. നബി ﷺ എനിക്ക് പറഞ്ഞുതരികയും ഞാൻ ഗ്രഹിക്കുകയും അറിഞ്ഞ് ബോധ്യപ്പെടുകയും ചെയ്ത ഒരു ഹദീസ് തീർച്ചയായും ഞാൻ താങ്കൾക്ക് പറഞ്ഞു തരാം.
പിന്നീട് അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ ഒരു നെടുവീർപ്പിടുകയും അൽപം കഴിഞ്ഞ് മനഃസാന്നിധ്യം വീണ്ടെടുത്തുകൊണ്ട് പറയുകയും ചെയ്തു: നബി ﷺ യും ഞാനും ഈ വീട്ടിലായിരിക്കെ, അദ്ദേഹവും ഞാനുമല്ലാതെ മറ്റാരും ഞങ്ങളുടെ കൂടെ ഇല്ലാത്തപ്പോൾ അവിടുന്ന് എനിക്ക് പറഞ്ഞു തന്ന ഒരു ഹദീസ് ഞാൻ താങ്കൾക്ക് ഉറപ്പായും പറഞ്ഞുതരാം.
പിന്നെയും അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ ഒരു നെടുവീർപ്പിടുകയും അൽപം കഴിഞ്ഞ് മനഃസാന്നിധ്യം വീണ്ടെടുത്ത് തൻെറ മുഖമൊന്ന് തുടക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: ഞാൻ ചെയ്യാം. നബി ﷺ യും ഞാനും ഈ വീട്ടിലായിരിക്കെ, അദ്ദേഹവും ഞാനുമല്ലാതെ മറ്റാരും ഞങ്ങളുടെ കൂടെ ഇല്ലാത്തപ്പോൾ അവിടുന്ന് എനിക്ക് പറഞ്ഞു തന്ന ഒരു ഹദീസ് ഉറപ്പായും ഞാൻ താങ്കളെ പറഞ്ഞു കേൾപ്പിക്കാം.
പിന്നെ അദ്ദേഹം അതിശക്തമായ ഒരു നെടുവീർപ്പിടുകയും മുഖം കുത്തി ചെരിഞ്ഞു വീഴുകയും ചെയ്തു. ആ വിഷമാവസ്ഥ ഏറെ നീണ്ടുപോയി. പിന്നെ അദ്ദേഹം മോഹാലസ്യത്തിൽനിന്ന് ഉണർന്ന് ഇപ്രകാരം പറഞ്ഞു: നബി ﷺ എന്നോട് പറഞ്ഞു: അന്ത്യനാളിൽ അടിയാറുകൾക്കിടയിൽ തീർപ്പ് കൽപിക്കാൻ അല്ലാഹു അവരിലേക്ക് ഇറങ്ങിവരും. അപ്പോൾ ഓരോ സമുദായവും കാൽമുട്ടിൽ നിൽക്കുകയായിരിക്കും.
അപ്പോൾ ആദ്യമായി വിളിക്കുന്നത് ഖുർആൻ മനഃപാഠമാക്കിയ ഒരാളെയും അല്ലാഹുവിൻെറ മാർഗ്ഗത്തിലുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരാളെയും ധനാഢ്യനായ ഒരാളെയും ആയിരിക്കും.
അങ്ങനെ അല്ലാഹു ഖുർആൻ മനഃപാഠമാക്കിയ ആളോട് പറയും: എൻെറ ദൂതനു ഞാൻ അവതരിപ്പിച്ചത് നിനക്കു ഞാൻ പഠിപ്പിച്ചു തന്നില്ലേ?
അതെ, റബ്ബേ! തീർച്ചയായും.. അദ്ദേഹം മറുപടി പറയും
അല്ലാഹു ചോദിക്കും: നീ നേടിയ അറിവു കൊണ്ട് എന്താണ് നീ പ്രവർത്തിച്ചത്?
അയാൾ പറയും: രാപ്പകലുകളുടെ നീണ്ട യാമങ്ങളിൽ അത് പാരായണം ചെയ്ത് ഞാൻ നമസ്കരിക്കാറുണ്ടായിരുന്നു.
അപ്പോൾ അല്ലാഹു അയാളോട് പറയും: നീ കള്ളമാണ് പറയുന്നത്.
മലക്കുകളും അയാളോട് പറയും: നീ കള്ളമാണ് പറയുന്നത്.
അപ്പോൾ അല്ലാഹു പറയും: മറിച്ച്, നിൻെറ ഉദ്ദേശ്യം ഇന്നയാൾ നന്നായി ഖുർആൻ പാരായണം ചെയ്യുന്നവനാണ് എന്ന് പറയപ്പെടാനായിരുന്നു. അത് പറയപ്പെട്ടുവല്ലോ.
അങ്ങനെ ധനാഢ്യനായ വ്യക്തിയെ ഹാജരാക്കും. എന്നിട്ട് അല്ലാഹു അദ്ദേഹത്തോട് ചോദിക്കും: ഒരാളുടെ അടുത്തേക്കും യാതൊരാവാശ്യത്തിനും വിടാത്ത വിധം നിനക്കു ഞാൻ സമൃദ്ധിയേകിയില്ലേ?
അയാൾ പറയും: അതെ, റബ്ബേ! തീർച്ചയായും..
അല്ലാഹു ചോദിക്കും: നിനക്കു ഞാൻ നൽകിയതിൽ നീ എന്താണ് പ്രവർത്തിച്ചത്?
അയാൾ പറയും: ഞാൻ കുടുംബ ബന്ധം പുലർത്തുകയും ദാനധർമ്മം നടത്തുകയും ചെയ്തിരുന്നു.
അല്ലാഹു പറയും: മറിച്ച്, നിൻെറ ഉദ്ദേശ്യം ഇന്നയാൾ ധർമ്മിഷ്ഠൻ എന്ന് പറയപ്പെടണമെന്നായിരുന്നു. അത് അങ്ങനെ പറയപ്പെട്ടുവല്ലോ.
അങ്ങനെ അല്ലാഹുവിൻെറ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവനെ ഹാജരാക്കും. അയാളോട് ചോദിക്കപ്പെടും: എന്തു കാര്യത്തിനാണ് നീ കൊല്ലപ്പെട്ടത്?
അയാൾ പറയും: നിൻെറ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യാനാണ് എന്നോട് കൽപിച്ചിരുന്നത്. അങ്ങനെ ഞാൻ കൊല്ലപ്പെടുന്നതു വരെ യുദ്ധം ചെയ്തു.
അപ്പോൾ അല്ലാഹു അയാളോട് പറയും: നീ കള്ളമാണ് പറയുന്നത്
അപ്പോൾ അല്ലാഹു പറയും: നീ ഉദ്ദേശിച്ചത് ഇന്നയാൾ ധീരനാണ് എന്ന് പറയപ്പെടാനായിരുന്നു. അത് പറയപ്പെട്ടു കഴിഞ്ഞുവല്ലോ.
അനന്തരം നബി ﷺ എൻെറ കാൽമുട്ടിൽ തട്ടിയിട്ട് പറഞ്ഞു: ഓ അബൂ ഹുറെയ്റഃ, ആ മൂവർ! അല്ലാഹുവിൻെറ സൃഷ്ടികളിൽനിന്ന് അന്ത്യനാളിൽ ആദ്യമായി നരകം കത്തിക്കപ്പെടുക അവരെക്കൊണ്ടായിരിക്കും.〉 [ഇബ്‌നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിച്ചത്]
(എട്ട്) പരലോക വിജയത്തിനു വേണ്ടി അനുഷ്ഠിക്കുന്ന കാര്യങ്ങൾ മുഖേന ഭൗതിക നേട്ടങ്ങൾ കൈപ്പറ്റുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നത് ഇഖ്‌ലാസ്വിനു ഭംഗം വരുത്തുന്ന കാര്യമാണ്. അത്തരക്കാർക്ക് പരലോകത്ത് ഒരു വിഹിതവും ഉണ്ടാവില്ലെന്നാണ് നബി ﷺ താക്കീത് ചെയ്തിരിക്കുന്നത്.
عَنْ أُبَيِّ بْنِ كَعْبٍ، قَالَ: قَالَ رَسُولُ اللَّهِ ﷺ: بَشِّرْ هَذِهِ الْأُمَّةَ بِالسَّنَاءِ، وَالرِّفْعَةِ، وَالنَّصْرِ، وَالتَّمْكِينِ فِي الْأَرْضِ، فَمَنْ عَمِلَ مِنْهُم عَمَلَ الْآخِرَةِ لِلدُّنْيَا، لَمْ يَكُنْ لَهُ فِي الْآخِرَةِ نَصِيبٌ. [أحمد في مسنده وصححه الألباني]
〈ഉബയ്യ് ബിൻ കഅ്ബ് رضي الله عنه നിവേദനം. ഒരിക്കൽ നബി ﷺ പറഞ്ഞു: ഈ സമുദായത്തിന് തിളക്കവും ഉയർച്ചയും വിജയവും ഭൂമിയിൽ ആധിപത്യവും ഉണ്ടാകാൻ പോകുന്ന എന്ന സന്തോഷവാർത്ത അറിയിക്കുക. എന്നാൽ അവരിൽ ആരെങ്കിലും പരലോകത്തിനു വേണ്ടിയുള്ള ഒരു കർമ്മം ഐഹിക നേട്ടത്തിനായി ചെയ്താൽ അവന് പരലോകത്ത് ഒരു വിഹിതവും ഉണ്ടായിരിക്കില്ല.〉 [അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്]
ഇങ്ങനെ അല്ലാഹുവിനെ എല്ലാ അർത്ഥത്തിലും മുഴുവൻ തലങ്ങളിലും ഏകനാക്കുക. അവനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മുകളിൽ സൂചിപ്പിച്ചതു പോലുള്ള കളങ്കങ്ങളും കലർപ്പുകളും ചേരാതെ അവനു വേണ്ടി, അവൻെറ വജ്ഹ് തേടിക്കൊണ്ട്, അവനു മാത്രമായി അനുഷ്ഠിക്കുക. ഇതാണ് ഇഖ്‌ലാസ്വിൻെറ വിവക്ഷ.
ഇത്രമേൽ പരിശുദ്ധവും, യാതൊരു വിധ കലർപ്പോ കളങ്കമോ ചേരാത്തതും, അല്ലാഹുവിന് മാത്രമായി അവൻെറ മുഖം കാംക്ഷിച്ചു കൊണ്ട് ചെയ്യുന്നതുമായ കാര്യങ്ങളേ അവനു വേണ്ടു. അതാണ് خَالِص ആയ പ്രവർത്തനം. അല്ലാത്തതൊന്നും അല്ലാഹു സ്വീകരിക്കാൻ പോകുന്നില്ല.
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ ﷺ: قَالَ اللهُ تَبَارَكَ وَتَعَالَى: أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ، مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي، تَرَكْتُهُ وَشِرْكَهُ. [مسلم في صحيحه]
〈അബൂ ഹുറെയ്റഃ رضي الله عنه നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: പങ്കാളികൾക്കായി വീതംവെച്ച് കൊടുക്കന്നത് ഒട്ടും ആവശ്യമില്ലാത്ത ധന്യനാണു ഞാൻ. ആരെങ്കിലും ഒരു കർമ്മം അനുഷ്ഠിക്കുകയും അതിൽ എൻെറ കൂടെ മറ്റുള്ളവരെ പങ്കുചേർക്കുകയും ചെയ്താൽ അവനെയും അവൻ വീതംവെച്ചതിനെയും ഞാൻ ഉപേക്ഷിച്ചതു തന്നെ.〉 (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
സാന്ദർഭികമായി ഒരു കാര്യം കൂടി ഉണർത്തട്ടെ. പ്രമാണങ്ങളിലെ മൂലവാക്യങ്ങൾ നമ്മുടെ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് വിവർത്തനം ചെയ്യുക എന്നതിലാണു കാര്യം. അതാണ് നബി ﷺ അനുചരന്മാരെ അഭ്യസിപ്പിച്ചിരുന്നത്. അതു തന്നെയാണ് حِكْمةٌ ൻെറ വിവക്ഷയും. അപ്പോൾ നാം ഒരു ആത്മവിമർശനം നടത്തിയേ പറ്റൂ. ബാഹ്യമോ ആന്തരികമോ ആയ സ്ഥാനങ്ങളിൽ ആത്മത്തിനോ അപരത്തിനോ യാതൊരു പങ്കാളിത്തവും നൽകാതെ പൂർണ്ണ പരിശുദ്ധിയോടെ അല്ലാഹുവിന് മാത്രം സമർപ്പിക്കാൻ നമ്മുടെ കൈവശം എന്തുണ്ട്? ഒരു നല്ല കാര്യം ചെയ്യാം. അതിലൂടെ നമുക്ക് ഒരു സൽപേരും കിട്ടിയാൽ കൂടുതൽ നല്ലതല്ലേ? ഇത്തരം ഒരു സംശയത്തിൽ പിശാച് വീഴ്ത്തിക്കളയാത്തവർ വളരെ ചുരുക്കമാണ്. state of the art, well to do, photo ops.. ഇങ്ങനെ ഇഖ്‌ലാസ്വിനു ഭംഗം വരുത്തുന്ന നൂതനമായ എന്തെല്ലാം കളങ്കങ്ങളാണ് നമ്മുടെ മുന്നിൽ വെല്ലുവിളി ഉയർത്തുന്നത്? പ്രസ്ഥാനത്തിനു വേണ്ടി, പ്രസ്ഥാനത്തിൻെറ സൽപേരിനു വേണ്ടി എന്നു പറഞ്ഞാൽ എത്ര മാരകമായ കളങ്കങ്ങളും വിശുദ്ധമാകും; അല്ലാഹുവിൻെറ മുന്നിൽ ഇത്തരം മറിമായങ്ങൾ ഒന്നും വിലപ്പോവുകയില്ലെന്ന് മാത്രം ഓർത്തുവെക്കുന്നത് നന്നായിരിക്കും.
ചുരുക്കത്തിൽ, ഇത്രമേൽ ആശയമൂല്യങ്ങളുള്ള ഒരു സംജ്ഞയാണ് ഇഖ്‌ലാസ്വ്. മലയാളത്തിലേക്ക് ഒറ്റവാക്കിൽ അതിനെ വിവർത്തനം ചെയ്യുക സാധ്യമല്ല. ആത്മാർത്ഥത, നിഷ്കളങ്കത പോലുള്ള പദങ്ങളൊന്നും ഈ ലക്ഷ്യം നിറവേറ്റാൻ പര്യാപ്തമല്ല. അതു കൊണ്ട് ഇങ്ങനെ വിശദീകരിക്കുകയേ നിർവ്വാഹമുള്ളു.