﴿ وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ۗ وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلَّا لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ ۗ وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ ۚ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَّحِيمٌ﴾ (143)

〈അപ്രകാരം, നാം നിങ്ങളെ ഒരു മദ്ധ്യമ (അഥവാ ഉത്തമ) സമുദായമാക്കുകയും ചെയ്തിരിക്കുന്നു; നിങ്ങൾ മനുഷ്യരുടെ മേൽ സാക്ഷ്യം വഹിക്കുന്നവരായിരിക്കുവാനും, നിങ്ങളുടെ മേൽ റസൂൽ സാക്ഷ്യം വഹിക്കുന്നവനായിരിക്കുവാനും വേണ്ടി(യത്രെ അത്).〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/262)

〈وسط (വസത്വ്) എന്ന വാക്കിന്  ‘മദ്ധ്യമം, മദ്ധ്യത്തിലുള്ളത്’ എന്നിങ്ങനെയാണ് വാക്കർത്ഥം. ‘ഉത്തമമായത്, ശ്രേഷ്ഠമായത്, മിതമായത്’ എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങളിൽ അത് ഉപയോഗിക്കപ്പെടുന്നു. സയ്യിദ് ഖുത്വ്‌ബ് ചൂണ്ടിക്കാണിച്ചതു പോലെ, ആ വാക്കിന് ഏതർത്ഥം കൽപിച്ചാലും ശരി, മുസ്‌ലിം സമുദായം ആ വിശേഷണത്തിന് അർഹർതന്നെ… ഈ വിഷയകമായി മർഹൂം സയ്യിദ് ഖുത്തുബ് അദ്ദേഹത്തിൻെറ തഫ്‌സീറിൽ ഈ വചനത്തിൻെറ വ്യാഖ്യാനത്തിൽ വെച്ച് ചെയ്തിട്ടുള്ള ഒരു ദീർഘമായ പ്രസ്താവനയുടെ സാരം ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമായി തോന്നുന്നു. അതിങ്ങനെ വായിക്കാം:-〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/265)

വിശുദ്ധ ഖുർആൻ വിവരണത്തിൽ ബഖറഃ 143-ാം സൂക്തത്തിനു നൽകിയ വ്യാഖ്യാനത്തിൽപെട്ട ഒരു ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

വളരെ സൂക്ഷ്മമായും വസ്തുനിഷ്ഠമായും വ്യാഖ്യാനിക്കേണ്ട അതിമനോഹരമായ ഒരു സൂക്തമാണിത്. ഖേദകരമെന്നു പറയട്ടെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ അതിനു നൽകിയ വ്യാഖ്യാനം വളരെ നിരാശാജനകമാണ്. അതിൽ ഗ്രന്ഥകർത്താക്കൾ ഖുത്വ്‌ബിനെ നിർലോഭം ഉദ്ധരിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നിട്ട്, മതപരമായ കാര്യങ്ങളിൽ ഒന്നിനും ഒരു നിശ്ചയവുമില്ലാതെ, അതുമാവാം, ഇതുമാവാം, ഏതുമാവാം എന്ന നിലയിൽ കടന്നു പോവുകയുമാണ് ചെയ്തിട്ടുള്ളത്. ഈ ശൈലി ഇവിടെ മാത്രമല്ല, പലയിടങ്ങളിലും ആവർത്തിക്കപ്പെട്ടിരിക്കുന്നതായി കാണാം. ഫലമോ വായനക്കാർ എത്തും പിടിയും കിട്ടാതെ നട്ടം തിരിയേണ്ടിവരുന്നു. ഇതല്ല സലഫുകളുടെ വ്യാഖ്യാന രീതി.

ഖുർആൻ വ്യാഖ്യാനിക്കേണ്ടത് ആദ്യമായി ഖുർആനിലുള്ള മറ്റു സൂക്തങ്ങൾ കൊണ്ടു തന്നെയാണ്. ഖുർആൻ സൂക്തങ്ങൾ പരസ്പര പൂരകങ്ങളും ഒന്ന് മറ്റൊന്നിനെ വ്യാഖ്യാനിക്കുന്നതുമാണല്ലോ. രണ്ടാമതായി നബിചര്യയനുസരിച്ചാണ് ഖുർആൻ സൂക്തങ്ങൾ വ്യാഖ്യാനിക്കേണ്ടത്. ഖുർആൻ വിവരിച്ചു കൊടുക്കാനാണ് മുഹമ്മദ് നബി ﷺ യെ അല്ലാഹു നിയോഗിച്ചതു തന്നെ. നബിചര്യ ഖുർആനിൻെറ പ്രായോഗിക വ്യാഖ്യാനമാണ്. മൂന്നാമതായി വഹ്‌യിൻെറ പ്രഥമ അഭിസംബോധിത സമൂഹമായ സ്വഹാബികളാണ് ഖുർആൻ സൂക്തങ്ങൾ വിവരിക്കേണ്ടത്. ഖുർആനിൻെറ മൂലവാക്യങ്ങളും വ്യാഖ്യാനങ്ങളും പ്രയോഗരീതികളും നബി ﷺ ൽനിന്ന് നേരിൽ കണ്ടും കേട്ടും സ്വീകരിച്ചത് അവരാണ്. അവരുടെ ധാരണകളിൽ പിശക് സംഭവിച്ചപ്പോഴെല്ലാം അല്ലാഹു ഇടപെടുകയും വഹ്‌യിലൂടെ അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അതു തന്നെയാണ് അവരുടെ യോഗ്യതയുടെ അടിസ്ഥാനവും. ഈ പ്രാമാണികതയും ആധികാരികതയും അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ആ മഹാസാക്ഷ്യമാണ് മേൽ സൂക്തത്തിൻെറ മുഖ്യമായ ഉള്ളടക്കവും. അതിനാൽ ഈ സൂക്തം വ്യാഖ്യാനിക്കാൻ ആരുടെയും അഭിപ്രായങ്ങൾ ആവശ്യമില്ല. നബി ﷺ തന്നെ വളരെ വ്യക്തമായി ഈ വചനത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. അത്തരം നബിവചനങ്ങളിലൂടെയാണ് ഈ സൂക്തത്തെ വ്യാഖ്യാനിക്കേണ്ടത്.  ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക:

عَنْ أَبِي سَعِيدٍ الخُدْرِيِّ، قَالَ: قَالَ رَسُولُ اللَّهِ ﷺ: يُجَاءُ بِنُوحٍ يَوْمَ القِيَامَةِ، فَيُقَالُ لَهُ: هَلْ بَلَّغْتَ؟ فَيَقُولُ: نَعَمْ، يَا رَبِّ، فَتُسْأَلُ أُمَّتُهُ: هَلْ بَلَّغَكُمْ؟ فَيَقُولُونَ: مَا جَاءَنَا مِنْ نَذِيرٍ، فَيَقُولُ: مَنْ شُهُودُكَ؟ فَيَقُولُ: مُحَمَّدٌ وَأُمَّتُهُ، فَيُجَاءُ بِكُمْ، فَتَشْهَدُونَ، ثُمَّ قَرَأَ رَسُولُ اللَّهِ ﷺ ﴿وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا﴾ [البقرة: 143]- قَالَ: عَدْلًا – ﴿لِتَكُونُوا شُهَدَاءَ عَلَى النَّاسِ، وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا﴾ [البخاري في صحيحه]

〈അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: അന്ത്യനാളിൽ നൂഹ് നബി عَلَيْهِ السَلَامُ ഹാജരാക്കപ്പെടും. എന്നിട്ട് അദ്ദേഹത്തോട് ചോദിക്കപ്പെടും:  നീ ജനങ്ങൾക്ക് സന്ദേശം എത്തിച്ചു കൊടുത്തുവോ? അദ്ദേഹം പറയും: അതെ, റബ്ബേ! അപ്പോൾ അദ്ദേഹത്തിൻെറ സമുദായത്തോട് ചോദിക്കും: അദ്ദേഹം നിങ്ങൾക്ക് എത്തിച്ചു തന്നിരുന്നുവോ? അപ്പോൾ അവർ പറയും: ഒരു മുന്നറിയിപ്പുകാരനും ഞങ്ങൾക്ക് വന്നിട്ടേയില്ല. അപ്പോൾ അദ്ദേഹത്തോട് തന്നെ ചോദിക്കപ്പെടും: നിനക്ക് സാക്ഷികളുണ്ടോ? അദ്ദേഹം പറയും: മുഹമ്മദ് നബി ﷺ യും അദ്ദേഹത്തിൻെറ സമുദായവും. അപ്പോൾ നിങ്ങളെ ഹാജരാക്കും. അങ്ങനെ നിങ്ങൾ സാക്ഷിപറയുകയും ചെയ്യും. പിന്നീട് അല്ലാഹുവിൻെറ റസൂൽ ബഖറഃ 143-ാം സൂക്തം ഓതി: “അപ്രകാരം നിങ്ങളെ നാം ‘വസത്വ്’ ആയ ഒരു സമൂഹമാക്കിയിരിക്കുന്നു”. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘അദ്ൽ ആയവർ‘. “നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാവാൻ; റസൂൽ നിങ്ങൾക്കും സാക്ഷിയായിരിക്കാൻ വേണ്ടി.”〉 [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]

ഇവിടെ وَسَطًا എന്ന പദത്തെ നബി ﷺ തന്നെ വ്യാഖ്യാനിച്ചു. അവിടുന്ന് വ്യാഖ്യാനിച്ചത് عَدْلًا എന്നാണ്. അതിൻെറ അർത്ഥം യോഗ്യരായ നീതിമാന്മാർ എന്നാണ്. അവർ അല്ലാഹുവിൻെറ കോടതിയിൽ പോലും സാക്ഷിപറയാൻ യോഗ്യരാണ്. അത്രമേൽ നീതിമാന്മാരാണവർ. അതേപോലെ, അല്ലാഹുവിൻെറ ദീൻ വഹിക്കാനും വിനിമയം ചെയ്യാനും യോഗ്യരാണ്. അത്രമേൽ പ്രാമാണ്യവും ആധികാരികതയും അവർക്കുണ്ട്. ഇത് അല്ലാഹുവിൻെറ നേരിട്ടുള്ള സാക്ഷ്യപത്രമാണ്.

ഇവിടെ നാം സൂക്ഷ്മമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ﴾وَكَذَلِكَ جَعَلْنَاكُمْ﴿ ‘അപ്രകാരം നിങ്ങളെ നാം ആക്കിയിരിക്കുന്നു’ എന്നതിലുള്ള ‘നിങ്ങളെ‘ എന്ന സർവ്വനാമം ആരെയാണ് സൂചിപ്പിക്കുന്നത്?

  • പ്രഥമമായും സ്വഹാബികളെ തന്നെ. കാരണം, അവരെയാണ് വഹ്‌യിലൂടെ ഒന്നാമതായി അല്ലാഹു അഭിസംബോധന ചെയ്യുന്നത്. അതു കൊണ്ട് അവർക്ക് പ്രഥമസ്ഥാനം (أَوَّلِيَّةٌ) കൈവരുന്നു.
  • മേൽ സൂക്തത്തിൽ പറഞ്ഞ വിശേഷണങ്ങൾക്ക് ഏറ്റവും അർഹതയുള്ളവർ (أَوْلَوِيَّةٌ) സ്വഹാബിമാരാണ്. ഇതിൽ പറഞ്ഞ എല്ലാ യോഗ്യതകളും പൂർത്തീകരിക്കപ്പെട്ടതും അവരിലാണ്.

അതിനാൽ നമുക്ക് അസന്ദിഗ്‌ധമായി തന്നെ പറയാനാവും, പ്രഥമസ്ഥാനം കൊണ്ടും ഏറ്റവും തരപ്പെട്ടവർ എന്ന നിലയിലും (أَوَّلِيًّا وأََوْلَوِيًّا) സ്വഹാബികളെയാണ് ഇവിടെ ‘നിങ്ങളെ’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

പിന്നീട് വരുന്നവർ സ്വഹാബികളെ എത്രത്തോളം അന്യൂനമായ നിലയിലും പൂർണ്ണാർത്ഥത്തിലും പിന്തുടരുന്നുവോ (بِالْمِثْلِيَّةِ) അതിനനുസരിച്ച് അവർ സ്വഹാബികളുടെ കൂടെ അനുബന്ധമായി ചേർക്കപ്പെടും. ഇതാണ് വസ്തുത. അല്ലാഹു പറയുന്നത് കാണുക:

﴿ وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴾ [التوبة 100]

〈ഇസ്‌ലാമിലേക്ക് ആദ്യമായി കടന്നുവന്ന മുഹാജിറുകളും അന്‍സാറുകളും, അന്യൂനമായ നിലയിൽ പൂർണ്ണമായും അവരെ പിൻപറ്റിയവരും –  അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു; അവർ അവനെയും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗീയാരാമങ്ങൾ അവര്‍ക്ക് അവന്‍ ഒരുക്കിവെച്ചിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതു തന്നെയാണ് ഏറ്റവും മഹത്തായ വിജയം.〉 [തൗബഃ 100]

മേൽ സൂക്തം ഒരാവർത്തി കൂടി വായിച്ചു നോക്കൂ! വമ്പിച്ച അഞ്ചു നേട്ടങ്ങൾ.. (1) അല്ലാഹുവിൻെറ പ്രീതി (2) അല്ലാഹുവിനെ കുറിച്ചുള്ള സംതൃപ്തി (3) താഴ്ഭാഗത്തു കൂടെ അരുവികൾ പ്രവഹിക്കുന്ന സ്വർഗ്ഗം (4) സ്വർഗ്ഗലോകത്തെ നിത്യവാസം (5) ഏറ്റവും മഹത്തായ വിജയം. ആർക്കാണ് അല്ലാഹുവിൻെറ ഈ വാഗ്‌ദാനം? ഇസ്‌ലാമിലേക്ക് മുൻകടന്നു വന്ന മുഹാജിറുകൾക്കും അൻസാറുകൾക്കും.

പിന്നെയോ? അവരെ പൂർണ്ണവും അന്യൂനവുമായ നിലയിൽ പിന്തുടരുന്ന പിൻതലമുറക്കാർക്ക്.

യോഗ്യതകൾ യോഗ്യതകളാണ്. അത് അംഗീകരിക്കുന്നതിലാണ് മാഹാത്മ്യം. അടിസ്ഥാനവും അനുബന്ധവുമായ വേർതിരിവുകൾ തിരിച്ചറിയുന്നതിലാണ് കരുത്ത്. ഇനി നാം യോഗ്യരായ സ്വഹാബത്തിൻെറ കൂടെ കൂടാനുള്ള യോഗ്യത നേടാൻ ശ്രമിക്കുക. അതാണ് നമുക്ക് ചെയ്യാനുള്ളത്. അല്ലാതെ, ഖുത്വ്‌ബും മറ്റു അഖ്‌ലാനികളും പറയുന്ന പോലെ, വസത്വിയ്യഃ എന്ന മൂല്യവിശേഷം അതിരുകളും വ്യവസ്ഥകളുമില്ലാതെ പരന്നൊഴുകി പാഴായിപ്പോകുന്ന കാര്യമല്ല.

പുതിയവ