﴿ اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ﴾ (15)

വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം കാണുക:

”(അല്ലാഹു അവരെ പരിഹസിക്കും) എന്നു പറഞ്ഞതിൻെറ താത്പര്യം അവരുടെ പരിഹാസ പ്രവർത്തനങ്ങളുടെ പേരിൽ ശിക്ഷാ നടപടി എടുക്കമെന്നത്രെ.” (വിശുദ്ധ ഖുർആൻ വിവരണം 1/134)

ഇത് ദുർവ്യാഖ്യാനമാണ്. അശ്അരികളാണ് ഇങ്ങനെ പറയാറുള്ളത്. സലഫുകൾ ഈ സൂക്തത്തെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുള്ളത് അതിൻെറ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിലാണ്. അല്ലാഹു അവരെ പരിഹസിക്കും എന്നു

തന്നെയാണ് അതിന് അവർ നൽകാറുള്ള വ്യാഖ്യാനം.

അശ്അരികളുടെ വാദം പരിഹാസം (اِسْتِهْزَاء) എന്നത് അല്ലാഹുവിലേക്ക് ചേർക്കാവുന്ന കാര്യമല്ലെന്നാണ്. പൂർണ്ണതയും സൗന്ദര്യവും ധ്വനിപ്പിക്കുന്ന വിശേഷണമല്ലാത്തതിനാൽ (اِسْتِهْزَاء) എന്നതിന് മറ്റൊരർത്ഥം കൽപിക്കേണ്ടതുണ്ട് എന്നവർ ജൽപിക്കുന്നു. അതിനാൽ ശിക്ഷാ നടപടി എടുക്കുക എന്ന് അവർ അതിനെ ദുർവ്യാഖ്യാനിക്കുന്നു. ഖുർആൻ സൂക്തങ്ങൾ ഇപ്രകാരം ഓരോരുത്തരും അവരവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിക്കാവതല്ല.

പരിഹാസം (اِسْتِهْزَاء) പൂർണ്ണതയും സൗന്ദര്യവും ധ്വനിപ്പിക്കുന്ന വിശേഷണമായിത്തീരുന്ന സന്ദർഭങ്ങളുണ്ട്. അല്ലാത്ത സന്ദർഭങ്ങളുമുണ്ട്. ഉചിതമായ സന്ദർഭത്തിലാണ് ‘അല്ലാഹു അവരെ പരിഹസിക്കും’ എന്ന പരാമർശം ഖുർആനിൽ വന്നിരിക്കുന്നത്. ഉചിതമല്ലാത്ത സന്ദർഭങ്ങളിലല്ല അത്തരം വിശേഷണങ്ങൾ പറയപ്പെട്ടിരിക്കുന്നതെന്ന കാര്യം വ്യവഛേദിച്ചു മനസ്സിലാക്കേണ്ടതാണ്.  ഇക്കാര്യത്തെ കുറിച്ച് ശൈഖ് ഇബ്‌നു ഉഥൈമീൻ رَحِمَهُ اللهُ നൽകിയ അർത്ഥവത്തായ ഒരു വിശദീകരണം ഇപ്രകാരം വായിക്കാം:

وإذا كانت الصفة كمالاً في حال، ونقصا في حال لم تكن جائزة في حق الله، ولا ممتنعة على سبيل الإطلاق، فلا تُثْبَت له إثباتا مطلقا، ولا تُنْفَى عنه نفيا مطلقا، بل لا بد من التفصيل، فتجوز في الحال التي تكون كمالاً، وتمتنع في الحال التي تكون نقصا، وذلك كالمكر، والكيد، والخداع، ونحوها، فهذه الصفات تكون كمالاً إذا كانت في مقابلة من يعاملون الفاعل بمثلها، لأنها حينئذٍ تدل على أن فاعلها قادر على مقابلة عدوه بمثل فعله، أو أشد، وتكون نقصا في غير هذه الحال، ولهذا لم يذكرها الله تعالى من صفاته على سبيل الإطلاق، وإنما ذكرها في مقابلة من يعاملونه ورسله بمثلها، كقوله تعالى: ﴿وَمَكَرُوا وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَاكِرِينَ﴾ وقوله: ﴿إِنَّهُمْ يَكِيدُونَ كَيْداً وَأَكِيدُ كَيْداً﴾ ، وقوله: ﴿وَالَّذِينَ كَذَّبُوا بِآياتِنَا سَنَسْتَدْرِجُهُمْ مِنْ حَيْثُ لا يَعْلَمُونَ وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ﴾ وقوله: ﴿إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ﴾ وقوله: ﴿قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ اللَّهُ يَسْتَهْزِئُ بِهِمْ﴾ [ابن عثيمين في القواعد المثلى في صفات الله وأسمائه الحسنى]

[ഏതൊരു വിശേഷണം ഒരു സന്ദർഭത്തിൽ പൂർണ്ണതയും മറ്റൊരു സന്ദർഭത്തിൽ ന്യൂനതയും ആയിത്തീരുന്നുവോ അത് അല്ലാഹുവിൻെറ കാര്യത്തിൽ നിരുപാധികം അനുവദനീയമെന്നോ അനനുവദനീയമെന്നോ പറയാവതല്ല. അത് അവൻെറ കാര്യത്തിൽ നിരുപാധികമായി സ്ഥിരീകരിക്കുവാനോ  നിരുപാധികമായി നിരാകരിക്കുവാനോ പാടില്ല. ഇവിടെ ഒരു വിശദീകരണം അനിവാര്യമാണ്. അഥവാ, പൂർണ്ണതയായിത്തീരുന്ന സന്ദർഭത്തിൽ അത് അനുവദനീയമാകും; ന്യൂനതയായിത്തീരുന്ന സന്ദർഭത്തിൽ അത് അനനുവദനീയവുമായിരിക്കും. അതിനുള്ള ഉദാഹരണങ്ങളാണ് ഗൂഢാലോചന (مَكْر), തന്ത്രം (كَيْد), വഞ്ചന (خِدَاع) മുതലായവ. ഈ വിശേഷണങ്ങൾ അത് ചെയ്യുന്നവർക്ക് എതിരിൽ ഒരുവൻ പ്രയോഗിക്കുമ്പോൾ അവ പൂർണ്ണവും സുന്ദരവുമായിരിക്കും. കാരണം, അതുകൊണ്ട് അർത്ഥമാക്കുന്നത്, അങ്ങനെ ചെയ്യുന്നവൻ ശത്രു ചെയ്യുന്ന അതേ പ്രവൃത്തി കൊണ്ടോ അതിലും കഠിനമായതു കൊണ്ടോ അവനെ നേരിടാൻ കഴിവുള്ളവനാണ് എന്നതത്രെ. ഇത്തരം ഒരു സന്ദർഭത്തിലല്ല അത് ചെയ്യുന്നതെങ്കിൽ അത് ന്യൂനതയുമായിരിക്കും. അതു കൊണ്ടാണ് അല്ലാഹു അവയെ നിരുപാധികമായി അവൻെറ വിശേഷണമായി പറയാതിരുന്നത്. മറിച്ച്, തന്നോടും തൻെറ ദൂതന്മാരോടും ഇങ്ങനെ ചെയ്യുന്നവർക്കെതിരിൽ മാത്രമാണ് അവൻ അത് പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, അല്ലാഹു പറയുന്നു:

അവര്‍ (സത്യനിഷേധികള്‍) ഗൂഢാലോചന (مَكْر) നടത്തി. അല്ലാഹുവും അതു തന്നെ (مَكْر) പ്രയോഗിച്ചു. അത് (مَكْر) ഏറ്റവും നന്നായി പ്രയോഗിക്കുന്നവനാകുന്നു അല്ലാഹു. (ആലു ഇംറാൻ 54)

തീര്‍ച്ചയായും അവര്‍ ഭയങ്കരമായി തന്ത്രം (كَيْد) പ്രയോഗിച്ചു കൊണ്ടിരിക്കും. ഞാനും നന്നായി തന്ത്രം (كَيْد) പ്രയോഗിച്ചു കൊണ്ടിരിക്കും. (ത്വാരിഖ് 15-16)

എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാകട്ടെ, അവരറിയാത്ത വിധത്തിൽ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്. അവർക്കു ഞാൻ സാവകാശം നൽകുകയാണ് ചെയ്യുന്നത്. തീർച്ചയായും എൻെറ തന്ത്രം വളരെ സുശക്തമാണ്. (അഅ്റാഫ് 182-183)

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. (നിസാഅ് 142)

അവിശ്വാസികൾ (അവരുടെ പിശാചുക്കളോട്) പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ അവരെ (വിശ്വാസികളെ) കളിയാക്കുക മാത്രമായിരുന്നു. എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാണ്. (ബഖറഃ 14-15)] (ഇബ്‌നു ഉഥൈമീൻ | അൽഖവാഇദുൽ മുഥ്‌ലാ)

ചില വിശേഷണങ്ങൾ ഇങ്ങനെയാണ്. നിരുപാധികമായി അല്ലാഹുവിനെ വിശേഷിപ്പിക്കാവുന്നവയല്ല അവ. എന്നാൽ സോപാധികമായി അവയെ അല്ലാഹുവിൻെറ വിശേഷണമായി പറയുകയുമാവാം. നിരുപാധികമായി അവ അല്ലാഹുവിലേക്ക് ചേർത്തു പറയുമ്പോൾ ഒരു ന്യൂനതയായിത്തീരുമെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ സോപാധികമായി അവനിലേക്ക് ചേർക്കുമ്പോൾ അത് പൂർണ്ണതയുടെയും സൗന്ദര്യത്തിൻെറയും വിശേഷണങ്ങളായിത്തീരുന്നു. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെയും അംഗീകരിക്കാതെയും ഖുർആൻ സൂക്തങ്ങളെ ദുർവ്യാഖ്യാനിക്കുന്ന അശ്അരികളുടെ നിലപാട് നാം തള്ളിക്കളയുക തന്നെ വേണം.

പുതിയവ