﴿ فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ (152)

«അതിനാൽ, നിങ്ങൾ എന്നെ സ്മരിക്കുവീൻ. എങ്കിൽ ഞാനും നിങ്ങളെ ഓർക്കാം. നിങ്ങള്‍ എന്നോട് നന്ദി ചെയ്യുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കാതിരിക്കുക» [ബഖറഃ 152]

മേൽ സൂക്തത്തിലടങ്ങിയ ആശയാവലികളിലേക്ക് വെളിച്ചം വീശുന്ന കുറച്ചു കാര്യങ്ങൾ കൂടി പറയാം. ദിക്ർ (ذِكْرٌ), ശുക്ർ (شُكْر) എന്നിവയാണ് ഇതിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങൾ.

ദിക്ർ എന്നാൽ
ദിക്റിന് സ്മരണ, ഓർമ്മ എന്നെല്ലാമാണ് സാമാന്യമായി പരിഭാഷ നൽകാറുള്ളത്. ശരാശരി അനുവാചകർ പൊതുവിൽ മനസ്സിലാക്കിവെച്ചിരിക്കുന്നത്, അല്ലാഹുവിനെ സ്മരിക്കുന്നതിനായി നാവുകൊണ്ട് ഉരുവിടുന്ന കീർത്തനങ്ങൾ മാത്രമാണ് ദിക്ർ എന്നാണ്. അത് ദിക്റാണെന്നതിൽ സംശയമില്ല. പക്ഷെ, അതു മാത്രമല്ല ദിക്ർ. എല്ലാ ഇബാദത്തുകളും ദിക്ർ ഉൾക്കൊള്ളുന്നവയാണ്. നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, മതപരമായ വിജ്ഞാന സമ്പാദനം, വിധിവിലക്കുകളുടെ പഠനം, നന്മ കൽപിക്കലും തിന്മ വിലക്കലും തുടങ്ങി പുണ്യകർമ്മങ്ങളെല്ലാം ദിക്ർ ഉൾക്കൊണ്ടിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളുടെ പരമപ്രധാനമായ ഘടകം തന്നെ ദിക്റാണ്. എന്നു മാത്രമല്ല, ആരാധനകളും അനുഷ്ഠാനങ്ങളുമെല്ലാം അല്ലാഹു നിയമമാക്കിയതു പോലും ദിക്ർ നിലനിർത്തുന്നതിനു വേണ്ടിയാണ്. ഉദാഹരണമായി നമസ്കാരത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

﴿ إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴾ (طه 14)

«തീര്‍ച്ചയായും ഞാനാണ് അല്ലാഹു. ഞാനല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. അതിനാല്‍ എന്നെ മാത്രം നീ ആരാധിക്കുകയും, എന്നെ സ്മരിക്കുന്നതിനായി നമസ്കാരം യഥാവിധം നിര്‍വഹിക്കുകയും ചെയ്യുക» [ത്വാഹാ 14]

നമസ്കാരം നിയമമാക്കിക്കൊണ്ട് മൂസാ عَلَيْهِ السَلَامُ ക്ക് അല്ലാഹു നൽകിയ കൽപനയാണ് മുകളിൽ കൊടുത്തത്. നമസ്കാരം നിലനിർത്തുന്നതു തന്നെ അല്ലാഹുവിനെ സ്മരിക്കാനാണെന്ന യാഥാർത്ഥ്യം അതിൽ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചിരിക്കുന്നു.

നടേ സൂചിപ്പിച്ചതു പോലെ, നാവു കൊണ്ട് ഉരുവിടുന്ന തസ്‌ബീഹ്, തഹ്‌മീദ്, തക്ബീർ, തഹ്‌ലീൽ പോലുള്ളവ ശ്രേഷ്ഠമായ ദിക്റുകളാണ്. പക്ഷെ, അവ മാത്രമല്ല ദിക്റുകൾ. വിശ്വാസകാര്യങ്ങൾ, ആരാധനകൾ, അനുഷ്ഠാനമുറകൾ, വിധിവിലക്കുകൾ, ഉപചാരങ്ങൾ, മര്യാദകൾ മുതലായവ ചർച്ച ചെയ്യുന്നതും അഭ്യസിക്കുന്നതും അഭ്യസിപ്പിക്കുന്നതുമെല്ലാം ദിക്ർ തന്നെയാണ്. അവയിലെല്ലാം അടങ്ങിയിരിക്കുന്ന സുപ്രധാന ഘടകം ദിക്ർ ആണല്ലോ. ഇബ്‌നു റജബ് رَحِمَهُ اللهُ നൽകുന്ന അർത്ഥവത്തായ ഒരു വിവരണം താഴെ കൊടുക്കാം.

والمراد بهذا أن مجالس الذكر لا تختص بالمجالس التي يذكر فيها اسم الله بالتسبيح والتكبير والتحميد ونحوه؛ بل تشمل ما ذكر فيه أمر الله ونهيه وحلاله وحرامه وما يحبه ويرضاه، فإنه ربما كان هذا الذكر أنفع من ذلك؛ لأنّ معرفة الحلال والحرام واجبة في الجملة على كل مسلم، بحسب ما يتعلق به في ذلك، وأما ذكر الله باللسان، فإن أكثره يكون تطوعًا، وقد يكون واجبًا كالذكر في الصلوات المكتوبة. [ابن رجب في رسائله]

«ദിക്റിൻെറ സദസ്സുകൾ എന്നതിൻെറ വിവക്ഷ തസ്ബീഹ്, തക്ബീർ, തഹ്‌മീദ് പോലുള്ള കീർത്തനങ്ങളിലൂടെ അല്ലാഹുവിൻെറ നാമം സ്മരിക്കുന്ന സദസ്സുകൾ മാത്രമല്ല. മറിച്ച്, അല്ലാഹുവിൻെറ കൽപനാ വിലക്കുകൾ, ഹലാൽ ഹറാമുകൾ, അവൻ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ കാര്യങ്ങൾ, ഇവയെ കുറിച്ചെല്ലാം അനുസ്മരിക്കുന്ന സദസ്സുകളെ കൂടി അത് ഉൾക്കൊള്ളുന്നു. ചില സന്ദർഭങ്ങളിൽ ഇത്തരം ദിക്‌റുകളായിരിക്കും കൂടുതൽ പ്രയോജനപ്രദം. കാരണം, ഹലാൽ ഹറാമുകൾ മൊത്തത്തിൽ മനസ്സിലാക്കുക എന്നത് ഓരോ മുസ്‌ലിമിനും, അവനുമായി അതിനുള്ള ബന്ധമനുസരിച്ച്, കടമയായിത്തീരുന്നതാണ്. എന്നാൽ നാവു കൊണ്ട് അല്ലാഹുവിനുള്ള കീർത്തനങ്ങൾ ഉരുവിടുന്നത് അധികവും ഐഛികമായിരിക്കും. ഫർള് നമസ്കാരങ്ങളിലെ ദിക്റുകൾ പോലെ ചില നിർബ്ബന്ധ ദിക്റുകളുമുണ്ട്» [ഇബ്‌നു റജബ് തൻെറ റസാഇലിൽ രേഖപ്പെടുത്തിയത്]

ദിക്റിൻെറ ഇനങ്ങളും ഉപാധികളും
അല്ലാഹുവിനെ ഓർമ്മിക്കാനുള്ള (ذِكْرُ اللهِ) മേഖലകൾ പലതാണ്. അവയെ വിവധ ഇനങ്ങളും സംവർഗങ്ങളുമായി തരംതിരിച്ചാണ് പണ്ഡിതന്മാർ ചർച്ച ചെയ്യാറുള്ളത്.

അതേപോലെ, ദിക്റിൻെറ ഉപാധികളിൽ പ്രധാനം മനസ്സും നാവുമാണ്. അതു മുഖേന മൂന്ന് രൂപങ്ങളിൽ ദിക്റിനെ ആവിഷ്കരിക്കാൻ സാധിക്കും.

ദിക്ർ നിലനിർത്തുന്നതിനു വേണ്ടിയാണല്ലോ ആരാധനകളെല്ലാം നിയമമാക്കിയത്. മേൽ വസ്തുതകൾ ഉൾക്കൊണ്ടു കൊണ്ട് ദിക്റിൻെറ ഇനങ്ങളെയും ഉപാധികളെയും സംബന്ധിച്ച്  ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ നൽകിയ ഒരു വിശദീകരണം കാണാം:

ومن ذكره سبحانه وتعالى ذكر آلائه وإنعامه وإحسانه وأياديه ومواقع فضله على عبيده، وهذا أيضاً من أجل أنواع الذكر. فهذه خمسة أنواع وهي تكون بالقلب واللسان تارة، وذلك أفضل الذكر. وبالقلب وحده تارة، وهي الدرجة الثانية، وباللسان وحده تارة، وهي الدرجة الثالثة. فأفضل الذكر ما تواطأ عليه القلب واللسان [ابن القيم في الوابل الصيب]

«അല്ലാഹുവിൻെറ അനുഗ്രഹങ്ങൾ, ആശിസ്സുകൾ, നന്മകൾ, ഔദാര്യങ്ങൾ, അടിയാറുകളുടെമേൽ അവൻ പാരിതോഷികങ്ങൾ ചൊരിഞ്ഞ സ്ഥാനങ്ങൾ എന്നിവയെ കുറിച്ച് സ്മരിക്കുക എന്നത് അവനുള്ള അഞ്ചുതരം ദിക്റുകളാണ്. അവയാണ് ദിക്റിൻെറ സുപ്രധാന ഇനങ്ങൾ. ചിലപ്പോൾ അത്  ഹൃദയം കൊണ്ടും നാവ് കൊണ്ടും ആവിഷ്കരിക്കുന്നു. അതാണ് ഏറ്റവും ശ്രേഷ്ഠമായ ദിക്ർ. ചിലപ്പോൾ ഹൃദയം കൊണ്ട് മാത്രമായിരിക്കും ആവിഷ്കരിക്കുക; അത് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ചിലപ്പോൾ നാവുകൊണ്ട് മാത്രമായിരിക്കും ദിക്ർ ചെയ്യുന്നത്; അത് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ ദിക്ർ ഹൃദയവും നാവും സംയോജിച്ചുകൊണ്ട് ആവിഷ്കരിക്കുന്നതാണ്» [ഇബ്‌നുൽ ഖയ്യിം അൽവാബിലുസ്‌സ്വയ്യിബിൽ രേഖപ്പെടുത്തിയത്]

ദിക്റിൻെറ പ്രവർത്തന ശേഷി
എല്ലാ പുണ്യ കർമ്മങ്ങളുടെയും ആത്മാവ് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാണ്. ആ മൂല്യം ചോർന്നുപോയാൽ അവയെല്ലാം യാന്ത്രികമായ ചടങ്ങുകളായിത്തീരും. അവ മനുഷ്യ ജീവിതത്തെ സ്പർശിക്കുകയോ പരിവർത്തിപ്പിക്കുകയോ ചെയ്യില്ല താനും. ഇസ്‌ലാമിലെ ആചാരാനുഷ്‌ഠാനങ്ങൾ പ്രവർത്തനക്ഷമമാകുന്നത് അവയിൽ ദിക്ർ എന്ന മൂല്യം ഉൾക്കൊള്ളുന്നതുകൊണ്ടാണ്. ഈ മൗലിക യാഥാർത്ഥ്യം  മുഹമ്മദ് നബി ﷺ യോട് നമസ്കാരം നിലനിർത്താൻ കൽപിക്കുന്ന ഖുർആൻ സൂക്തത്തിൽ അനാവരണം ചെയ്ത് കാണിക്കുന്നുണ്ട്.

﴿ اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ ﴾ [العنكبوت 45]

«ഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് നീ ഓതിക്കേള്‍പ്പിക്കുകയും, നമസ്കാരം യഥാവിധം നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തികളെയും നിഷിദ്ധമായ കാര്യങ്ങളെയും തടയുന്നു. അല്ലാഹുവിനെ സ്മരിക്കുക എന്നതാണ് ഏറ്റവും മഹത്തായ കാര്യം, തീർച്ച. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു അറിയുന്നു» [അൻകബൂത്ത് 45]

നമസ്കാരം നിയമമാക്കിയത് അല്ലാഹുവിനെ സ്മരിക്കുന്നതിനു വേണ്ടിയാണ്. ഏറ്റവും വലിയ ദിക്റായ തക്ബീറാണ് (اَللهُ أَكْبَرُ) നമസ്കാരത്തിൽ ആവർത്തിക്കപ്പെടുന്നതും. ദിക്റുകൊണ്ട് സമൃദ്ധവും സാന്ദ്രവുമായ നമസ്കാരം യഥാവിധം നിറവേറ്റുന്ന പക്ഷം അത് നീചവും നിഷിദ്ധവുമായ കാര്യങ്ങളിൽനിന്നെല്ലാം മനുഷ്യനെ തടുക്കുന്നു. അല്ലാഹുവിനെ കുറിച്ച് ശരിയായ ഓർമ്മ നിലനിർത്തുന്നുവെങ്കിൽ ആ ദിക്ർ തക്ക സമയത്ത് ഉണർന്നു പ്രവർത്തിക്കുകയും, മനുഷ്യനെ വേണ്ടാതീനങ്ങളിൽനിന്ന് തടഞ്ഞുവെക്കുകയും ചെയ്യും. ദിക്റിൻെറ പ്രവർത്തന ശേഷി അത്രമേൽ ശക്തമാണ്. മുകളിൽ കൊടുത്ത, സൂറതുൽ അൻകബൂത് 45-ാം സൂക്തത്തെ കുറിച്ച് ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ രേഖപ്പെടുത്തിയ വളരെ പ്രസക്തമായ ഒരു നിരീക്ഷണം താഴെ കൊടുക്കാം:

وفيها أربعة أقوال؛ أَحَدُهَا: أَنَّ ذِكْرَ اللَّهِ أَكْبَرُ مِنْ كُلِّ شَيْءٍ فَهُوَ أَفْضَلُ الطَّاعَاتِ؛ لِأَنَّ الْمَقْصُودَ بِالطَّاعَاتِ كُلِّهَا: إِقَامَةُ ذِكْرِهِ فَهُوَ سِرُّ الطَّاعَاتِ وَرُوحُهَا. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين]

«മേൽ സൂക്തം നാലു കാര്യങ്ങൾ ഉൾക്കൊള്ളുന്നു. (ഒന്ന്) എല്ലാറ്റിനെക്കാളും വലുത് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാണ്. ഏറ്റവും ശ്രേഷ്‌ഠമായ പുണ്യകർമ്മവും അതു തന്നെ. കാരണം, സകലമാന പുണ്യകർമ്മങ്ങൾ കൊണ്ടും ഉദ്ദേശിക്കപ്പെടുന്നത് അവനെ കുറിച്ചുള്ള ഓർമ്മ (ദിക്ർ) നിലനിർത്തലാണ്. അതു തന്നെയാണ് പുണ്യകർമ്മങ്ങളുടെ രഹസ്യവും ആത്മാവും» [ഇബ്‌നുൽ ഖയ്യിം മദാരിജുസ്സാലികീനിൽ രേഖപ്പെടുത്തിയത്]

ദിക്റിൻെറ അനുഭവ തലങ്ങൾ
അല്ലാഹുവിനെ സ്മരിക്കാനുള്ള മേഖലകൾ നേരത്തെ വിശദീകരിച്ചുവല്ലോ. അവയിലേക്ക് നാം ബോധേന്ദ്രിയങ്ങൾ തുറന്നു പിടിക്കുക. സ്വാഭാവികവും സ്വഛവുമായ നിലയിൽ അല്ലാഹുവിനെ കുറിച്ചുള്ള ദിക്ർ നമ്മുടെ അനുഭവ തലങ്ങളിലേക്ക് കടന്നുവരും. സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും പരിപാലകനുമായ അവനെ കുറിച്ചുള്ള ഓർമ്മ ചേതനയിൽ നിറയും. അതിൻെറ സ്വാധീനം വാഗ്‌വിചാരകർമ്മങ്ങളിൽ പ്രതിഫലിക്കും. സ്വത്വവും ജീവിതവും ഈ ഓർമ്മയാലും ബോധത്താലും നയിക്കപ്പെടും. മനോവ്യാപാരങ്ങൾ അല്ലാഹുവിനുള്ള ദിക്റിൽ ഒഴുകിനടക്കും. നാവ് സദാ ദിക്റു കൊണ്ട് പച്ചപിടിച്ചിരിക്കും. കർമ്മങ്ങളത്രയും അല്ലാഹുവിനുള്ള ദിക്റിൻെറ മൂർത്തരൂപമായി മാറും. ഇത്തരം ഒരു അനുഭവമൂല്യത്തിൻെറ പേരാണ് ദിക്ർ. ഇതു തന്നെയാണ് മതാവബോധത്തിൻെറ കേന്ദ്രബിന്ദുവും.

അല്ലാഹുവിൽ അചഞ്ചലമായി വിശ്വസിക്കുകയും അവനെ അളവറ്റ് സ്നേഹിക്കുകയും ചെയ്യുന്ന ഒരു അടിയന് തൻെറ റബ്ബിനെ കുറിച്ച് എങ്ങനെ ഓർക്കാതിരിക്കാൻ കഴിയും? അല്ലാഹു പറയുന്നത് കാണുക:

﴿ يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا ﴾ [الأحزاب 41

«വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി സ്മരിച്ചുകൊണ്ടിരിക്കുക» [അഹ്സാബ് 41]

﴿ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴾ [الأحزاب 35

«ധാരാളമായി അല്ലാഹുവിനെ സ്മരിക്കുന്നവരായ പുരുഷന്‍മാരും സ്ത്രീകളും – അല്ലാഹു അവർക്ക് ഒരുക്കിവെച്ചിരിക്കുന്നത് പാപമോചനവും മഹത്തായ പ്രതിഫലവുമാണ്» [അഹ്സാബ് 35]

﴿ الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴾ [آل عمران 191] 

«നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവിനെ സ്മരിക്കുകയും, ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ഞങ്ങളുടെ റബ്ബേ, ഇതൊന്നും നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല! നിൻെറ വിശുദ്ധി ഉയർത്തിപ്പിടിച്ച് നിന്നെ ഞങ്ങൾ വാഴ്ത്തുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാക്കണേ» [ആലുഇംറാൻ 191]

﴿ وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَافِلِينَ ﴾ [الأعراف 205

«പ്രഭാത പ്രദോഷങ്ങളിൽ (ഖുർആൻ പാരായണം ചെയ്യുമ്പോൾ) താഴ്മയോടും പേടിയോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ നീ നിന്‍റെ റബ്ബിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിൽ ആയിപ്പോകരുത്» [അഅ്റാഫ് 205]

എല്ലായ്‌പ്പോഴും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക എന്നതാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ സ്വഭാവം. വല്ലപ്പോഴും സ്മരിക്കുന്നവന് കപടനായിരിക്കാനേ കഴിയൂ എന്നാണ് അല്ലാഹു ഉണർത്തുന്നത്.

﴿ إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا ﴾ [النساء 142

«കപടന്മാർ തീർച്ചയായും അല്ലാഹുവിനെ കബളിപ്പിക്കാനാണ് നോക്കുന്നത്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്. അവര്‍ നമസ്കാരത്തിന് നിന്നാല്‍ അലസന്മാരായാണ് നിൽക്കുക. അവർ ആളുകളെ കാണിക്കുകയാണ് ചെയ്യുന്നത്; കുറച്ച് മാത്രമേ അവര്‍ അല്ലാഹുവിനെ സ്മരിക്കുകയുള്ളു» [നിസാഅ് 142]

ഇല്ല, കപടന്മാർക്ക് ദിക്റിൻെറ വിലയറിയില്ല. ദിക്റിനെക്കാൾ വലിയ ഒരു മതാനുഭവം വേറെയില്ല. അതിനെക്കാൾ മഹത്തായ ഒരു ആരാധനയുമില്ല. ഏതിനെയും കവച്ചു വെക്കാൻ കഴിവുള്ള, എന്തിനും പകരം നിൽക്കാൻ ശേഷിയുള്ള മതമൂല്യമാണ് ദിക്ർ. നബി ﷺ പറയുന്നത് കാണുക:

عن أبي الدرداء رضي الله عنه قال: قال رسول الله ﷺ: ألا أنبئكم بخير أعمالكم وأزكاها عند مليككم وأرفعها في درجاتكم وخير لكم من إنفاق الذهب والورق وخير لكم من أن تلقوا عدوكم فتضربوا أعناقهم ويضربوا أعناقكم؟ قالوا: بلى يا رسول الله. قال: ذكر الله. [الترمذي وابن ماجه في سننهما، وصححه الألباني] 

«അബുദ്ദർദാഅ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ ചോദിച്ചു:

–  നിങ്ങളുടെ കർമ്മങ്ങളിൽ ഏറ്റവും ഗുണം ചെയ്യുന്ന,
–  സർവ്വാധിപതിയായ നിങ്ങളുടെ മലീകിൻെറയടുക്കൽ ഏറ്റവും പരിശുദ്ധമായ,
–  നിങ്ങൾക്ക് ഏറ്റവും ഉയർന്ന പദവി നേടിത്തരുന്ന,
–  സ്വർണ്ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാളും നിങ്ങൾക്ക് ഉത്തമമായ,
–  നിങ്ങൾ ശത്രുക്കളുമായി മുഖാമുഖം നിന്ന്, അവരുടെ കഴുത്ത് നിങ്ങളും നിങ്ങളുടെ കഴുത്ത് അവരും വെട്ടിനിരത്തുന്നതിനെക്കാളും ഗുണകരമായ

ഒരു കാര്യം ഏതെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടയോ? 

അവർ പറഞ്ഞു: അതെ, അല്ലാഹുവിൻെറ ദുതരേ! തീർച്ചയായും പറഞ്ഞു തരൂ..  

അവിടുന്ന് പറഞ്ഞു: അതെ, അല്ലാഹുവിന്നുള്ള ദിക്ർ തന്നെ!» [തിർമുദിയും ഇബ്‌നുമാജഃയും സുനനുകളിൽ ഉദ്ധരിച്ചത്]


ശുക്ർ (شُكْرٌ) അഥവാ  നന്ദി കാണിക്കുക എന്നതിനെ കുറിച്ച് ഇതിനകം ചില പരാമർശങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. അതൊന്നും ഇവിടെ ആവർത്തിക്കുന്നില്ല. എങ്കിലും ശുക്റിനെ കുറിച്ച് സ്വതന്ത്രമായി മനസ്സിലാക്കാൻ ഉതകുന്ന ഏറ്റവും കുറഞ്ഞ കാര്യങ്ങൾ ഇവിടെ സംഗ്രഹിക്കാം.

അല്ലാഹുവിനോട് അവൻെറ അനുഗ്രഹങ്ങൾക്കും വരദാനങ്ങൾക്കുമാണ് നന്ദി കാണിക്കേണ്ടത്. ജീവൻ, ജന്മം, ജീവിതം, സന്മാർഗ്ഗദർശനം, ഈമാൻ, തഖ്‌വഃ, ഐഹികവും പാരത്രികവുമായ വിജയസൗഭാഗ്യങ്ങൾ, ജീവിത സന്ധാരണം, ക്ഷേമം, സൗഖ്യം.. ഇങ്ങനെ നാം, നമ്മുടേത് എന്ന് പറയുന്ന കാര്യങ്ങളെല്ലാം അല്ലാഹുവിൻെറ ദാനമാണ്.

﴿ وَإِن تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا ۗ إِنَّ اللَّهَ لَغَفُورٌ رَّحِيمٌ﴾ [النحل 18]

«അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത് നിജപ്പെടുത്താനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്» [നഹ്ൽ 18]

സൃഷ്ടികൾ ആസ്വദിക്കുന്ന എല്ലാ തരം അനുഗ്രഹങ്ങൾക്കും അവർ അല്ലാഹുവിനോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ, അതിനൊന്നും പകരം നൽകാൻ കഴിവുള്ളവരല്ല അവർ. അവൻെറ കൽപനകൾ പാലിക്കുകയും വിലക്കുകൾ മാനിക്കുകയും ചെയ്ത് അവനു വണങ്ങി ജീവിക്കുക എന്നതു മാത്രമാണ് അവർക്ക് ചെയ്യാൻ സാധിക്കുക. അത് പ്രത്യുപകാരമല്ല, നാമമാത്രമായ നന്ദിയാണ്. ഓർക്കുക! ശുക്ർ എന്നത് ചെറിയ കാര്യമല്ല. അത് ബന്ധപ്പെട്ടു കിടക്കുന്നത് അനുഗ്രഹങ്ങളുടെ അറ്റമില്ലാത്ത ഒരു മഹാപ്രപഞ്ചവുമായിട്ടാണ്.

ഒരു കർമ്മം ശുക്റാവണമെങ്കിൽ അതിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ ഏവ? നന്ദിയുടെ അടിസ്ഥാന ഘടകങ്ങൾ (أَرْكَانٌ) ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ വിവരിക്കുന്നത് ഇപ്രകാരമാണ്:

وهو مبني على ثلاثة أركان: الاعتراف بها باطناً، والتحدث بها ظاهراً، وتصريفها في مرضاة وليها ومسديها ومعطيها، فإذا فعل ذلك فقد شكرها مع تقصيره في شكرها. [ابن القيم في الوابل الصيب]

ശുക്ർ മൂന്ന് സ്തംഭങ്ങളിലാണ് സ്ഥാപിതമായിരിക്കുന്നത്: അല്ലാഹുവിൻെറ അനുഗ്രഹങ്ങൾ അകമേ അംഗീകരിക്കുക, അവയെ കുറിച്ച് പ്രത്യക്ഷമായി തന്നെ സംസാരിക്കുക, അവ സമ്മാനിച്ച അവയുടെ രക്ഷിതാവിൻെറയും ദായകൻെറയും പ്രീതിയനുസരിച്ച് മാത്രം അവ വിനിയോഗിക്കുക. അങ്ങനെ ചെയ്യുന്ന പക്ഷം അവൻ അതിനു നന്ദി പ്രകാശിപ്പിച്ചു; അവൻെറ നന്ദിയിൽ ചില കുറവുകളുണ്ടെങ്കിൽ പോലും» [ഇബ്‌നുൽ ഖയ്യിം അൽവാബിലുസ്‌സ്വയ്യിബിൽ രേഖപ്പെടുത്തിയത്]

അനുഗ്രഹങ്ങൾ മനസാ നന്ദിപൂർവ്വം ഓർക്കുകയും അംഗീകരിക്കുകയും ചെയ്യുക. താൻ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് നന്ദിപൂർവ്വം നാവുകൊണ്ട് പ്രകീർത്തിക്കുക. തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ അവയുടെ ദാതാവായ അല്ലാഹുവിൻെറ ഇഷ്ടാനുസരണം മാത്രം വിനിയോഗിക്കുക. അങ്ങനെ തൻെറ ബാഹ്യവും ആന്തരികവുമായ തലങ്ങളിൽ നന്ദി പ്രകാശിപ്പിക്കുക.

ദിക്റുകളെല്ലാം ശുക്റാണ്. മനസ്സും നാവും ഒരുമിച്ച് ചെയ്യുന്ന ദിക്ർ ആണെങ്കിലും മനസ്സോ നാവോ തനിച്ച് നിർവ്വഹിക്കുന്ന ദിക്ർ ആണെങ്കിലും എല്ലാം ശുക്ർ തന്നെ. സ്തുതി (حَمْدٌ) ഏറ്റവും മികച്ച ശുക്റായിട്ടാണ് സലഫുകൾ പരിഗണിച്ചിരുന്നത്. ഇബ്‌നു ജരീറുത്ത്വബ്‌രി رحمه الله ഉദ്ധരിക്കുന്ന ഒരു വാക്യം ശ്രദ്ധിക്കുക: 

قال أبو عبد الرحمن الحبُلِّيُّ : ﴿اعملوا آل داود شكرا﴾ الصلاة شكر، والصيام شكر، وكل خير تعمله لله شكر، وأفضل الشكر الحمد. [ابن جرير الطبري في جامع البيان]

“ദാവൂദിൻെറ കുടുംബമേ, നിങ്ങൾ ശുക്ർ ചെയ്യുക” എന്ന വചനത്തിൻെറ വ്യാഖ്യാനമായി മഹാനായ താബിഈവര്യൻ അബൂ അബ്‌ദിറഹ്‌മാൻ അൽ ഹുബുലി പറഞ്ഞു: നമസ്കാരം ശുക്റാണ്, നോമ്പ് ശുക്റാണ്. അല്ലാഹുവിന് വേണ്ടി നീ അനുഷ്ഠിക്കുന്ന സുകൃതങ്ങളെല്ലാം ശുക്റാണ്. ശുക്റിൽ ഏറ്റവും ശ്രേഷ്ഠമായത് സ്തുതിയുമാണ്. [ഇബ്‌നു ജരീർ ജാമിഉൽ ബയാനിൽ ഉദ്ധരിച്ചത്]

സ്തുതിയും (حَمْدٌ) നന്ദിയും (شُكْرٌ) തമ്മിൽ ഒരു താരതമ്യം:
സ്തുതിയുടെ ബന്ധം വിപുലവും ഉപാധി ഏകവുമാണെങ്കിൽ, നന്ദിയുടെ ഉപാധികൾ വിപുലവും ബന്ധം പരിമിതവുമായിരിക്കും. അല്ലാഹുവിൻെറ പൂർണ്ണതകളുടെയും അനുഗ്രഹങ്ങളുടെയും അതിവിപുലമായ ആശയ സഞ്ചയവുമായിട്ടാണ് സ്തുതിയുടെ ബന്ധം. എന്നാൽ സ്തുതി പ്രകടിപ്പിക്കാനുള്ള ഉപാധി ഏകമാണ്; അതാണ് നാവ്.

നന്ദി പ്രകാശിപ്പിക്കാൻ ഒന്നിലധികം ഉപാധികളുണ്ട്. മനസ്സ്, നാവ്, ശരീരാവയവങ്ങൾ; മൂന്നും നന്ദി പ്രകടിപ്പിക്കാനുള്ള ഉപാധികളാണ്. എന്നാൽ നന്ദിയുടെ ബന്ധം അല്ലാഹുവിൻെറ അനുഗ്രഹങ്ങളോട് മാത്രമാണ്.

ശുക്ർ ഉപേക്ഷിക്കുന്നത് നന്ദികേടാണ്. നന്ദികേട് എന്നു കേൾക്കുമ്പോൾ അതിനെ നിസ്സാരമായി കാണരുത്. അത് ചെറിയ കുഫ്റായിട്ടാണ് ഗണിക്കപ്പെടുക. വിഷയത്തിൻെറ ഗൗരവം മനസ്സിലാക്കാൻ ഇബ്‌നു ജരീറുത്ത്വബ്‌രിയെ ഒരിക്കൽ കൂടി ഉദ്ധരിക്കട്ടെ:

قال ابن جرير: وقوله ﴿وقليل من عبادي الشكور﴾ يقول تعال ذكره: وقليل من عبادي المخلصو توحيدي والمفردو طاعتي وشكري على نعمتي عليهم. [ابن جرير في جامع البيان]

«(എൻെറ ദാസന്മാരിൽ തികഞ്ഞ നന്ദിയുള്ളവർ വളരെ വിരളമത്രെ) അല്ലാഹു പറയുന്നത്: എൻെറ ഏകത്വത്തിൽ ഇഖ്‌ലാസ്വിനെയും, എനിക്കുള്ള കീഴ്വണക്കത്തിൽ ഏകത്വത്തെയും, അവർക്കു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളിൽ എനിക്കുള്ള ശുക്റിനെയും സാക്ഷാൽക്കരിച്ചവർ എൻെറ അടിയാറുകളിൽ വളരെ തുഛമാണ്» [ഇബ്‌നു ജരീറുത്ത്വബ്‌രി ജാമിഉൽ ബയാനിൽ രേഖപ്പെടുത്തിയത്]

ഇഖ്‌ലാസ്വിലൂടെ തൗഹീദ് സാക്ഷാൽക്കരിക്കുക. അല്ലാഹുവിന് മാത്രം നൽകിക്കൊണ്ട് കീഴ്വണക്കം പൂർത്തീകരിക്കുക. അനുഗ്രഹങ്ങൾക്ക് മതിയായ രൂപത്തിൽ നന്ദി ചെയ്യുക. ഈ മൂന്ന് കാര്യങ്ങളിലൂടെ മാത്രമേ ഒരാൾക്ക് അല്ലാഹുവിൻെറ ഇഷ്ടദാസൻ (عُبُودِيَّةٌ خَاصَّةٌ) എന്ന പദവി കരസ്ഥമാക്കാൻ കഴിയൂ. അല്ലാഹുവിൻെറ അടിയാറുകളിൽ ഇവ്വിധം ഉബൂദിയ്യത്ത് സാക്ഷാൽക്കരിച്ചവരായി വളരെ കുറച്ചു പേർ മാത്രമേ കാണൂ.

ശുക്ർ കാണിക്കാൻ നാം പിന്തുടരേണ്ട ചില പ്രായോഗിക നടപടികളെ കുറിച്ചു കൂടി പറയാം. നബി ﷺ പറയുന്നു:

عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ: قَالَ رَسُولُ اللهِ ﷺ:  التَّحَدُّثُ بِنِعَمِ اللهِ شُكْرٌ، وَتَرْكُهَا كُفْرٌ، وَمَنْ لَا يَشْكُرِ الْقَلِيلَ لَا يَشْكُرِ الْكَثِيرَ،  وَمَنْ لَا يَشْكُرِ النَّاسَ لَا يَشْكُرِ اللهَ، وَالْجَمَاعَةُ بَرَكَةٌ وَالْفُرْقَةُ عَذَابٌ. [البيهقي في شعب الإيمان وحسنه الألباني]

«നുഅ്മാൻ ബിൻ ബശീർ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിൻെറ അനുഗ്രഹങ്ങളെ കുറിച്ച് തുറന്നു പറയുന്നത് തന്നെ ശുക്റാണ്. അത് ഉപേക്ഷിക്കുന്നത് നന്ദികേടുമാണ്. കുറഞ്ഞതിന് നന്ദി കാണിക്കാത്തവൻ കൂടിയതിനും നന്ദി കാണിക്കുകയില്ല. ജനങ്ങളോട് നന്ദി പ്രകാശിപ്പിക്കാത്തവൻ അല്ലാഹുവിനോട് ശുക്ർ ചെയ്യില്ല. ഐക്യം അനുഗ്രഹമാണ്; ഛിദ്രത ശിക്ഷയും» (ബൈഹഖി ശുഅബുൽ ഈമാനിൽ ഉദ്ധരിച്ചത്)

പ്രസിദ്ധ താബിഈ വര്യനായ ഹസനുൽ ബസ്വ്‌രി رَحِمَهُ اللهُ ബഖറഃ 152-ാം സൂക്തത്തിനു നൽകിയ വ്യാഖ്യാനം ഉദ്ധരിച്ചു കൊണ്ട് ഈ ചർച്ച അവസാനിപ്പിക്കാം:

وقال الحسن البصرى فى قوله: ﴿فاذكرونى أذكركم﴾ قال: اذكرونى،  فيما افترضت عليكم أذكركم فيما أوجبت لكم على نفسى. [ابن كثير في تفسير القرآن]

«(അതിനാൽ, നിങ്ങൾ എന്നെ ഓർക്കുവീൻ. എങ്കിൽ ഞാനും നിങ്ങളെ ഓർക്കാം) എന്ന സൂക്തത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്: ഞാൻ നിങ്ങൾക്ക് നിയമമാക്കിയതിൽ നിങ്ങൾ എന്നെ ഓർക്കുക. എങ്കിൽ, നിങ്ങൾക്ക് നിർബ്ബന്ധമായും നൽകാമെന്ന് ഞാൻ സ്വയം കണക്കാക്കിയതിൽ ഞാൻ നിങ്ങളെയും ഓർക്കാം» [ഇബ്‌നു കഥീർ തഫ്‌സീറിൽ ഉദ്ധരിച്ചത്]

പുതിയവ