﴿ أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ ﴾ (157)
〈അക്കൂട്ടർ – അവരിൽ അവരുടെ റബ്ബിങ്കൽനിന്നുള്ള അനുഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടർ തന്നെയാണ്, സന്മാർഗ്ഗം പ്രാപിച്ചവരും.〉 (വിശുദ്ധ ഖുർആൻ വിവരണം 1/275)
‘സ്വലാത്’ (صَلَاةٌ) എന്ന പദം ഖുർആനിൽ പ്രയോഗിച്ചിരിക്കുന്നത് പല അർത്ഥങ്ങളിലാണ്. അല്ലാഹുവിന്ന് സമർപ്പിക്കുന്ന നിർബ്ബന്ധമോ ഐഛികമോ ആയ നമസ്കാരങ്ങളാണ് അവയിൽ ഒന്നാമത്തേത്.
രണ്ടാമത്തേത്, നബി ﷺ ക്ക് വേണ്ടി മുസ്‌ലിംകൾ നമസ്കാരത്തിലും നമസ്കാരത്തിനു പുറത്തും നടത്തുന്ന പ്രത്യേക പ്രാർത്ഥനയെ സൂചിപ്പിക്കുന്ന സ്വലാത് ആണ്. അതിൽ ഏറ്റവും പ്രശസ്തമായ ഇബ്‌റാഹീമീ സ്വലാതിൻെറ ഒരു രൂപം താഴെ കൊടുക്കാം.
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ. [البخاري في صحيحه]
അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിൻെറ ബന്ധുക്കൾക്കും നീ പാപമോചനം നൽകിയ പോലെ, മുഹമ്മദിനും മുഹമ്മദിൻെറ ബന്ധുക്കൾക്കും നീ പാപമോചനമേകണേ. അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിൻെറ ബന്ധുക്കൾക്കും നീ നിത്യവും സമൃദ്ധവുമായ നന്മയേകിയതു പോലെ മുഹമ്മദിനും മുഹമ്മദിൻെറ ബന്ധുക്കൾക്കും നീ നിത്യവും സമൃദ്ധവുമായ നന്മ നൽകണേ. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
മൂന്നാമതായി, സൂറത്തുൽ അഹ്സാബിൽ അല്ലാഹുവും മലക്കുകളും നബി ﷺ ക്ക് സ്വലാത്ത് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിൻെറ വിവക്ഷ സലഫുകളായ മുഫസ്സിറുകൾ വിവരിക്കുന്നത് ഇപ്രകാരമാണ്:
﴿إِنَّ اللهِ وَمَلاَئِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ (الأحزاب: 56) قَالَ أَبُو العَالِيَةِ: صَلاَةُ اللهِ؛ ثَنَاؤُهُ عَلَيْهِ عِنْدَ المَلاَئِكَةِ، وَصَلاَةُ المَلاَئِكَةِ الدُّعَاءُ. [البخاري في صحيحه تعليقا]
〈”തീര്‍ച്ചയായും അല്ലാഹുവും അവൻെറ മലക്കുകളും നബിക്ക് സ്വലാത് ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും പറയുക”. (അഹ്സാബ് 56). അബുൽ ആലിയഃ പറയുന്നു: അല്ലാഹുവിൻെറ സ്വലാത് എന്നാൽ മലക്കുകളുടെ അടുക്കൽ വെച്ച് അദ്ദേഹത്തെ പുകഴ്ത്തലാണ്. മലക്കുകളുടെ സ്വലാത് എന്നാൽ പ്രാർത്ഥനയുമാണ്.〉 [ബുഖാരി സ്വഹീഹിൽ നിവേദക പരമ്പരയില്ലാതെ ഉദ്ധരിച്ചത്]
നാലാമതായി, ബഖറഃ 157-ാം സൂക്തത്തിൽ കാണാവുന്നതു പോലെ, മറ്റുള്ളവർക്കു വേണ്ടിയുള്ള സ്വലാതിനെ കുറിച്ച് വന്ന പരാമർശങ്ങളാണ്. അതിൻെറ വിവക്ഷ അവരുടെ പാപമോചനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയാണ്. ഇബ്‌നു ജരീർ رَحِمَهُ اللهُ പറയുന്നത് കാണുക:
لهم صلوات، يعني مغفرة، وصلوات الله على عباده غفرانه لعباده، كالذي روي عن النبي ﷺ أنه قال: اللهم صل على آل أبي أوفى، يعني اغفر لهم. [أبو جعفر الطبري في جامع البيان]
〈അവർക്ക് സ്വലാതുകളുണ്ടാവട്ടെ, അഥവാ പാപമോചനമുണ്ടാവട്ടെ. തൻെറ അടിയാറുകൾക്ക് അല്ലാഹു നൽകുന്ന സ്വലാതുകൾ അവർക്ക് നൽകുന്ന പാപമോചനമാണ്. ഇതേ പോലെയാണ് നബി ﷺ യിൽനിന്നുള്ള ഉദ്ധരണിയും. അവിടുന്ന് പറഞ്ഞു: ഇബ്‌നു അബീ ഔഫക്കും കുടുംബത്തിനും നീ സ്വലാത് നൽകണേ! അഥവാ അവർക്ക് നീ പാപമോചനം നൽകണേ!〉 [ത്വബ്‌രി ജാമിഉൽ ബയാനിൽ ഉദ്ധരിച്ചത്]
ചർച്ചയിലിരിക്കുന്ന മേൽ സൂക്തത്തിൽ അല്ലാഹുവിനോട് ചോദിക്കേണ്ടതും അവൻ നൽകുന്നതുമായ മൂന്ന് മൗലിക വരദാനങ്ങളെ കുറിച്ചും പരാമർശമുണ്ടെന്നത് ശ്രദ്ധേയമാണ്. ക്ഷമാശാലികൾക്ക് മഗ്‌ഫിറത്ത്, റഹ്‌മത്ത്, ഹിദായത്ത് എന്നിവയുണ്ടാകും എന്നാണ് പറയുന്നത്; അത് ഉണ്ടാവട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.