﴿ إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ ﴾ (173)
〈ഇസ്‌ലാമിക ഭരണകൂടത്തിനെതിരിൽ രാജ്യദ്രോഹം നടത്തുക, കൊള്ളയും കവർച്ചയും നടത്തുക മുതലായ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് നിമിത്തമാണ് നിർബ്ബന്ധിതാവസ്ഥ നേരിട്ടതെങ്കിൽ, ഈ ആനുകൂല്യം അങ്ങിനെയുള്ളവർക്ക് ബാധകമാകുന്നതല്ലെന്ന് ഈ ഉപാധികളെ വ്യാഖ്യാനിച്ചുകൊണ്ട് ചില മഹാന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ, ഇത്തരം അക്രമ പ്രവർത്തനങ്ങൾ തെറ്റായതു കൊണ്ട് ഒരാൾ അയാളുടെ ജീവനെ പട്ടിണിയിട്ട് കൊല്ലുക എന്ന തെറ്റ് ഇല്ലാതാകുന്നു, അതുകൊണ്ട് നിർബ്ബന്ധിതാവസ്ഥയിലുള്ള ഈ ആനുകൂല്യം അവർക്കും ബാധകം തന്നെയാണെന്നുമാണ് ഇബ്‌നു ജരീർ മുതലായവരുടെ അഭിപ്രായം.〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/293)
‘ചില മഹാന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു’ എന്ന പരാമർശം പല കാരണങ്ങളാലും ആക്ഷേപാർഹമാണ്.
ഇത്തരം അപ്രസക്തമായ അഭിപ്രായം ഉദ്ധരിച്ചതു തന്നെ തെറ്റ്. കൂടാതെ, അവതരണത്തിൽ അതിനു പ്രഥമസ്ഥാനം നൽകുകയും ചെയ്തിരിക്കുന്നു. ഇബ്‌നു ജരീറുത്ത്വബ്‌രി رَحِمَهُ اللهُ യും മറ്റു പലരും ചൂണ്ടിക്കാണിച്ചതു പോലെ, നിർബ്ബന്ധിതാവസ്ഥയുടെ ഇളവ് എല്ലാവർക്കും ബാധകമാണ്. അല്ലെന്ന് വാദിക്കുന്നവർ അതിനു രേഖ ഹാജരാക്കേണ്ടി വരും. അങ്ങനെ ഒരു രേഖ ഇല്ലെന്നതാണ് യാഥാർത്ഥ്യം.
കൂടാതെ, ഇവിടെ ശരിയായ പക്ഷം ഇബ്‌നു ജരീറുത്ത്വബ്‌രി ചൂണ്ടിക്കാണിച്ച കാര്യമാണ്. പക്ഷെ, അത് രണ്ടാമത്തെ ഒരു അഭിപ്രായം മാത്രമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പതിവു ശൈലിയിൽ വിത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിരത്തി, അവയിൽ ഏതാണ് ശരി എന്ന് നിർണ്ണയിക്കാതെ പോവുകയും ചെയ്തിരിക്കുന്നു. ഇത് നടേ വ്യക്തമാക്കിയതു പോലെ സലഫുകളുടെ രീതിയുമായി ഒത്തുപോകുന്നതല്ല.