﴿ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ﴾ (178)

〈’അറിയപ്പെട്ടത്, പരിചയപ്പെട്ടത്’ എന്നൊക്കെയാണതിന് വാക്കർത്ഥം. ഇമാം റാഗിബ് (റ) പ്രസ്താവിച്ചത് പോലെ ബുദ്ധി മുഖേനയോ, മതനിയമങ്ങൾ മുഖേനയോ നല്ല വഴക്കമായി അറിയപ്പെട്ട എല്ലാ കാര്യത്തിനും ‘മഅ്റൂഫ്’ എന്ന് പറയപ്പെടും. ഇതിൻെറ നേരെ വിപരീതമാണ് منكر (മുൻകർ) ഈ വസ്തുതകൾ കണക്കിലെടുത്തുകൊണ്ട് معروف ‘സദാചാരം, ആചാരം, മര്യാദ’ എന്നിങ്ങനെയും منكر ന് ദുരാചാരം, ദുർമര്യാദ, വെറുക്കപ്പെട്ടത്, അപരിചിതം’ എന്നിങ്ങിനെയും സന്ദർഭോചിതം അർത്ഥം കൽപിക്കപ്പെട്ടു വരുന്നു. 〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/299)

വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ പരാമർശം പുണ്യപാപങ്ങളെ കുറിച്ചുള്ള ഒരു ചർച്ചയിലേക്ക് വാതിൽ തുറക്കുകയാണ്. ഏറെ മൗലികവും സൂക്ഷ്മതയോടെ വിശകലനം ചെയ്യേണ്ടതുമായ വിഷയമാണത്. മുകളിൽ കൊടുത്ത വിവരണം സൂക്ഷ്മമോ വസ്തുനിഷ്ഠമോ അല്ലെന്ന് ആദ്യമേ പറയട്ടെ. എന്നാൽ മഅ്റൂഫും മുൻകറും ഒരുമിച്ച് പരാമർശിച്ച ചില സൂക്തങ്ങളുണ്ട്. അവിടെ വെച്ച് അത് ചർച്ച ചെയ്യുന്നതായിരിക്കും കൂടുതൽ ഉചിതമെന്നു കരുതുന്നു. 

മേൽ സൂക്തത്തിൻെറ ശരിയായ വിവക്ഷ മനസ്സിലാക്കാൻ ഇബ്‌നു ജരീർ അത്ത്വബ്‌രി رَحِمَهُ اللهُ  ‘മഅ്റൂഫി‘നു നൽകിയ വിശദീകരണം മാത്രം ഇവിടെ ഉദ്ധരിക്കാം:

وأما معنى قوله ﴿ فاتباع بالمعروف﴾ فإنه يعنى: فاتباع على ما أوجبه الله له من الحق قبل قاتل وليه من غير أن يزداد عليه ما ليس له عليه في أسنان الفرائض أو غير ذلك أو يكلفه ما لم يوجبه الله له عليه [ابن جرير الطبري في جامع البيان]

〈’മഅ്റൂഫോടു കൂടി അനന്തര നടപടികൾ കൈക്കൊള്ളേണ്ടതും’ എന്ന വചനത്തിൻെറ വിവക്ഷ: തീർച്ചയായും അത് അർത്ഥമാക്കുന്നത് തൻെറ ബന്ധുവിൻെറ ഘാതകന് (പ്രതിക്രിയയുടെ കാര്യത്തിൽ വിട്ടുവീഴ്ച നൽകുന്ന പക്ഷം) അവനോട് അല്ലാഹു തനിക്ക് നിയമ പ്രകാരം നൽകിയ അവകാശം മാത്രം ആവശ്യപ്പെടേണ്ടതും, പ്രായശ്ചിത്തമായി നൽകുന്ന മൃഗങ്ങളുടെ വയസ്സിൻെറ കാര്യത്തിലും മറ്റും തനിക്ക് അവനിൽനിന്നും അവകാശപ്പെട്ടതിലധികം കൂട്ടി ചോദിക്കാൻ പാടില്ലാത്തതും, അല്ലാഹു തനിക്ക് അവനിൽനിന്നും നിയമമാക്കിയതല്ലാതെ യാതൊന്നും അവനുമേൽ ചുമത്താൻ പാടില്ലാത്തതുമാണ്.〉[ഇബ്‌നു ജരീർ ജാമിഉൽ ബയാനിൽ രേഖപ്പെടുത്തിയത്]

ഇവിടെ مَعْرُوف എന്നതിന് ഇബ്‌നു ജരീർ رَحِمَهُ اللهُ നൽകുന്ന അർത്ഥം അല്ലാഹു നിശ്ചയിക്കുന്നത്, അല്ലാഹു നിയമമാക്കുന്നത് എന്നാണ്. അതിനപ്പുറം മനുഷ്യ ബുദ്ധിക്ക് നല്ലതായി തോന്നുന്നതോ നല്ല വഴക്കമായി അറിയപ്പെടുന്നതോ ആയ കാര്യങ്ങളെ മഅ്റൂഫിൽ ഉൾപ്പെടുത്തിയാൽ അത് ദീനിൻെറ മൗലികമായ ആശയങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കും. പ്രമാണവാക്യങ്ങളെ തന്നിഷ്ടമനുസരിച്ച് ദുർവ്യാഖ്യാനിക്കുന്നവരാണ് ഇത്തരം വിവക്ഷകൾ ചമക്കാറുള്ളത്. അത് സലഫുകളുടെ രീതിക്ക് വിരുദ്ധമാണ് താനും.

പുതിയവ