﴿ كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ ﴾ (180)

〈…ഇബ്‌നു കഥീർ (റ) ചെയ്ത ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നു. അത് ഇങ്ങനെ ഉദ്ധരിക്കാം: ഒസ്യത്തിൻെറ നിയമം ഒരു നിർബന്ധ നിയമം തന്നെ ആയിരുന്നു എന്നാണ് ചിലർ പറയുന്നത്. അത് തന്നെയാണ് ആയത്തിൻെറ വാചകങ്ങളിൽനിന്ന് വ്യക്തമാകുന്നതും. അപ്പോൾ, ഖുർആൻ വ്യാഖ്യാതാക്കളിൽ അധികമാളുകളും ഫുഖഹാക്കളിൽ കാര്യപ്പെട്ടവരായ ആളുകളും പറയുന്നതു പോലെ, ഇത് – ഒസ്യത്തിൻെറ ഈ ആയത്ത് – അനന്തരാവകാശത്തിൻെറ ആയത്ത് മുഖേന ‘മൻസൂഖാ’യി (കാലഹരണപ്പെട്ടതായി)രിക്കണമെന്ന് തീർച്ചപ്പെടുന്നു. കാരണം, അനന്തരാവകാശികളായി വരുന്ന മാതാപിതാക്കൾക്കും അടുത്ത കുടുംബങ്ങൾക്കും ഒസ്യത്ത് ചെയ്യുന്നതിൻെറ നിർബ്ബന്ധം ദുർബ്ബലപ്പെട്ടുപോയിട്ടുണ്ടെന്ന് ‘ഇജ്‌മാഉ്’ (പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായം) ഉള്ളതാകുന്നു. അത്രയുമല്ല, ‘എല്ലാ അനന്തരാവകാശികൾക്കും അവരുടെ അവകാശം അല്ലാഹു കൊടുത്തിട്ടുണ്ട്. എനി ഒരു അനന്തരാവകാശിക്കും ഒസ്യത്തില്ല’ എന്ന് മേലുദ്ധരിച്ച ഹദീസു മൂലം അത് വിരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അപ്പോൾ അനന്തരാവകാശത്തിൻെറ ആയത്ത് ഒരു സ്വതന്ത്ര നിയമം തന്നെയാകുന്നു. (അത് ഒസ്യത്തിൻെറ വിശദീകരണമല്ല.)… അത് മുഖേന ഒസ്യത്തിൻെറ ഈ വിധി പാടെ നിർത്തൽ ചെയ്യപ്പെട്ടിരിക്കുന്നു. എനി, അനന്തരാവകാശികളല്ലാത്ത ബന്ധുക്കളുടെ കാര്യമാണ് ബാക്കിയുള്ളത്. അവർക്ക് സ്വത്തിൻെറ മൂന്നിലൊരു ഭാഗത്തിൽനിന്ന് ഒസ്യത്ത് ചെയ്യുന്നത് ഒരു വേണ്ടപ്പെട്ട കാര്യവുമാകുന്നു.〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/303-304)

മേൽ സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയ വിശദീകരണം അവ്യക്തവും ആശയക്കുഴപ്പങ്ങൾ ഉളവാക്കുന്നതുമാണ്. മൂന്ന് കാര്യങ്ങൾ ശരിയായ വിധത്തിൽ വിവരിച്ചെങ്കിൽ മാത്രമേ ഈ സൂക്തം വേണ്ടതു പോലെ മനസ്സിലാക്കാൻ സാധിക്കുകയുള്ളു. നസ്ഖ് (نَسْخٌ), വസ്വിയ്യത്ത് (وَصِيّةٌ), അനന്താരാവകാശം (مِيرَاثٌ) എന്നിവയാണ് അവ.

നസ്ഖിനെ കുറിച്ച് ബഖറഃ : 106-ാം സൂക്തത്തിന് നൽകിയ അടിക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.

ഇനി വസ്വിയ്യത്തിനെ കുറിച്ച് പറയാം. തൻെറ കാലശേഷം തൻെറ സ്വത്തിൽനിന്ന് ഒരു വിഹിതം ബന്ധുക്കൾക്കോ അല്ലാത്തവർക്കോ നന്മയുടെ മറ്റു മാർഗ്ഗങ്ങളിലോ ചെലവഴിക്കാനായി ഉടമ്പടി ഏൽപിക്കുന്നതിനാണ് വസ്വിയ്യത്ത് എന്ന് സാമാന്യമായി പറയാറുള്ളത്. സാമ്പത്തിക കാര്യത്തിൽ മാത്രമല്ല സാമ്പത്തികേതര കാര്യങ്ങളിലും വസ്വിയ്യത്ത് പ്രസക്തമാണ്. കാരണം, വസ്വിയ്യത്ത് മുഖേന മറ്റുള്ളവരുടെ സാമ്പത്തികവും അല്ലാത്തതുമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. തൻെറ കാലശേഷം ഉടലെടുത്തേക്കാവുന്ന ഭിന്നതകളും കലഹങ്ങളും ഒഴിവാക്കാൻ സാധിക്കുന്നു. പിന്മുറക്കാർക്ക് നേർവഴി നടക്കാൻ പ്രചോദനം ലഭിക്കുന്നു. ഉദാഹരണമായി, മരണാസന്നനായ പിതാവ് വസ്വിയ്യത്ത് കൈമാറുമ്പോൾ അതിൽ ഭാര്യമാരോടും മക്കളോടും തൻെറ കാലശേഷം നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും, അവനോടൊപ്പം ആരെയും പങ്കുചേർക്കരുതെന്നും, രഹസ്യമായിട്ടായാലും പരസ്യമായിട്ടായാലും അല്ലാഹുവിൻെറ കൽപനകൾ പാലിക്കണമെന്നും വിലക്കുകൾ മാനിക്കണമെന്നും, പരസ്പര ധാരണയുടെ കണ്ണികൾ ശക്തിപ്പെടുത്തി ഒരുമയോടെ ജീവിക്കണമെന്നും ഉടമ്പടി ചെയ്താൽ അത് അവർക്ക് ശിഷ്ടകാല ജീവിതത്തിൽ ഒരു പ്രകാശവും പ്രചോദനവുമായിരിക്കും. മഹാനായ പ്രവാചകൻ യഅ്ഖൂബ് عَلَيْهِ السَلَامُ മരണശയ്യയിൽ  വെച്ച് മക്കൾക്ക് ഇതുപോലെ ഒരു വസ്വിയ്യത്ത് നൽകിയത് ഖുർആനിൽ പരാമർശിച്ചിട്ടുള്ളതുമാണ്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا: أَنَّ رَسُولَ اللَّهِ ﷺ قَالَ: مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَيْءٌ يُوصِي فِيهِ، يَبِيتُ لَيْلَتَيْنِ إِلَّا وَوَصِيَّتُهُ مَكْتُوبَةٌ عِنْدَهُ. [البخاري في صحيحه]

〈ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُمَا നിവേദനം. നബി ﷺ പറഞ്ഞു: താൻ വസ്വിയ്യത്ത് ചെയ്യേണ്ട എന്തെങ്കിലും ഒന്ന് തൻെറ ബാധ്യതയിലുണ്ടെങ്കിൽ അത് രേഖപ്പെടുത്തിയിട്ടല്ലാതെ രണ്ടു രാവുകൾ ഒരു മുസ്‌ലിം കഴിച്ചുകൂട്ടാവതല്ല.〉 [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]

അനന്തര സ്വത്തിൻെറ കാര്യത്തിൽ മാത്രമല്ല, സാമ്പത്തികമോ സാമ്പത്തികേതരമോ ആയ കാര്യങ്ങളിലെല്ലാം തന്നെ വസ്വിയ്യത്ത് ബാധകമാണെന്നും, അത് കാലവിളംബം വരുത്താൻ പോലും പാടില്ലാത്ത കടമയാണെന്നും മേൽ ഹദീസ് വ്യക്തമാക്കുന്നു. മറ്റൊരു ഹദീസ് കൂടി കാണുക:

عَنْ سَعْدِ بْنِ أَبِي وَقَّاصٍ رَضِيَ اللَّهُ عَنْهُ، قَالَ: جَاءَ النَّبِيُّ ﷺ يَعُودُنِي وَأَنَا بِمَكَّةَ، وَهُوَ يَكْرَهُ أَنْ يَمُوتَ بِالأَرْضِ الَّتِي هَاجَرَ مِنْهَا، قَالَ: يَرْحَمُ اللَّهُ ابْنَ عَفْرَاءَ، قُلْتُ: يَا رَسُولَ اللَّهِ، أُوصِي بِمَالِي كُلِّهِ؟ قَالَ: لاَ، قُلْتُ: فَالشَّطْرُ، قَالَ: لاَ، قُلْتُ: الثُّلُثُ، قَالَ: فَالثُّلُثُ، وَالثُّلُثُ كَثِيرٌ، إِنَّكَ أَنْ تَدَعَ وَرَثَتَكَ أَغْنِيَاءَ خَيْرٌ مِنْ أَنْ تَدَعَهُمْ عَالَةً يَتَكَفَّفُونَ النَّاسَ فِي أَيْدِيهِمْ، وَإِنَّكَ مَهْمَا أَنْفَقْتَ مِنْ نَفَقَةٍ، فَإِنَّهَا صَدَقَةٌ، حَتَّى اللُّقْمَةُ الَّتِي تَرْفَعُهَا إِلَى فِي امْرَأَتِكَ، وَعَسَى اللَّهُ أَنْ يَرْفَعَكَ، فَيَنْتَفِعَ بِكَ نَاسٌ وَيُضَرَّ بِكَ آخَرُونَ. وَلَمْ يَكُنْ لَهُ يَوْمَئِذٍ إِلَّا ابْنَةٌ. [البخاري في صحيحه]

സഅ്ദ് ബിൻ അബീ വഖാസ്വ് رَضِيَ اللهُ عَنْهُ നിവേദനം.
ഞാൻ മക്കയിലായിരിക്കുമ്പോൾ രോഗസന്ദർശനത്തിനായി നബി ﷺ എൻെറ അടുത്ത് വന്നു.

എവിടെ നിന്ന് ഹിജ്റ പോയോ ആ സ്ഥലത്ത് വെച്ച് ഒരാൾ മരിക്കുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.
(മക്കയിൽ വെച്ച് മരണപ്പെട്ട സഅ്ദ് ബിൻ ഖൗലഃയെ ഉദ്ദേശിച്ച്) അവിടുന്ന് പറഞ്ഞു: അഫ്റായുടെ മകന്  അല്ലാഹു റഹ്‌മത്ത് ചൊരിയട്ടെ.

ഞാൻ ചോദിച്ചു: അല്ലാഹുവിൻെറ റസൂലേ, എൻെറ സ്വത്ത് മുഴുവനായും ഞാൻ (ദാനമായി) വസ്വിയ്യത്ത് ചെയ്യട്ടെ?
അവിടുന്ന് പറഞ്ഞു: അരുത്.

ഞാൻ ചോദിച്ചു: എന്നാൽ പാതി?
അവിടുന്ന് പറഞ്ഞു: അരുത്.

ഞാൻ ചോദിച്ചു: മൂന്നിലൊന്ന്?
അവിടുന്ന് പറഞ്ഞു: എന്നാൽ മൂന്നിലൊന്ന്; മൂന്നിലൊന്ന് തന്നെ അധികമാണ്. താങ്കളുടെ അനന്തരാവകാശികളെ ധന്യരായ നിലയിൽ വിട്ടേക്കലാണ്, ജനങ്ങളോട് അവരുടെ കൈകളിലുള്ളത് യാചിച്ചുനടക്കുന്ന വിധം അവരെ പരാശ്രിതരാക്കി വിട്ടേക്കുന്നതിനെക്കാൾ ഉത്തമം.

നീ നൽകുന്ന ചെലവ്, അത് എന്തു തന്നെയായാലും – നിൻെറ ഭാര്യയുടെ വായിലേക്ക് നീ എത്തിച്ചു കൊടുക്കുന്ന ഉരുള വരെ – ഒരു ദാനധർമ്മമാണ്. അല്ലാഹു താങ്കൾക്ക് വലിയ ഉയർച്ച നൽകിയേക്കാം. അങ്ങനെ താങ്കളെക്കൊണ്ട് ഒരു വിഭാഗത്തിന് ഉപകാരവും മറ്റുള്ളവർക്ക് ഉപദ്രവവും വന്നേക്കാം.

അന്ന് സഅ്ദ് ബിൻ അബീ വഖാസ് رَضِيَ اللهُ عَنْهُ വിന് ഒരു പുത്രി മാത്രമേ ഉണ്ടായിരുന്നുള്ളു.〉 [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]

ഒരാൾ തൻെറ സ്വത്ത് ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യുകയാണെങ്കിലും, മരണനാനന്തരം നൽകാൻ വസ്വിയ്യത്ത് ചെയ്യുകയാണെങ്കിലും അദ്ദേഹം പാലിച്ചിരിക്കേണ്ട മുൻഗണനകളും തോതുകളും മേൽ ഹദീസ് സുതരാം വ്യക്തമാക്കുന്നുണ്ട്. ഏതായാലും, ഹദീസുകളിൽ പറയുന്ന ഒരു പ്രാധാന്യം വസ്വിയ്യത്തിന് ആരും തന്നെ ജീവിതത്തിൽ നൽകാറില്ലെന്നത് ഒരു ദുഃഖസത്യമാണ്. വസ്വിയ്യത്ത് രേഖപ്പെടുത്തി വെച്ച എത്ര പേർ നമുക്കിടയിലുണ്ട് എന്നൊരു ആത്മപരിശോധന നടത്തിയാൽ ഇക്കാര്യം ബോധ്യപ്പെടും. യഥാവിധം വസ്വിയ്യത്ത് രേഖപ്പെടുത്താത്തതിൻെറ പേരിൽ അനന്തരാവകാശികൾക്കിടയിൽ സവിശേഷമായും, സമൂഹത്തിൽ പൊതുവായും വലിയ ഭിന്നതകളും സംഘർഷങ്ങളുമാണ് ഉണ്ടാവാറുള്ളത്.

ഇനി അനന്തരാവകാശ നിയമങ്ങളെ കുറിച്ച് കൂടി അൽപം ചില കാര്യങ്ങൾ പറയാം. യഥാർത്ഥത്തിൽ മുസ്‌ലിം ദായക്രമം നിയമ വിദ്യാർത്ഥികൾക്ക് എന്നും ഒരു വിസ്മയമാണ്. സുറത്തുന്നിസാഇലെ കേവലം മൂന്ന് സൂക്തങ്ങളിൽ ദായക്രമം സംബന്ധിച്ച അടിസ്ഥാന പ്രശ്നങ്ങളെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഖുർആൻ മനുഷ്യ രചനയല്ല, അല്ലാഹുവിൻെറ വചനമാണെന്നതിന് തെളിവായി ഇത് മാത്രം മതി.

അനന്തരാവകാശികൾ എന്നതിൻെറ നിർവ്വചന പരിധിയിൽ ഉൾപ്പെടുന്നത് രക്തബന്ധത്തിലും വൈവാഹികബന്ധത്തിലും അടിമ ഉടമബന്ധത്തിലും ഉള്ളവരാണ്. പക്ഷെ, ഒരാൾ മരണപ്പെട്ടാൽ അവകാശികളുടെ പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും അയാളുടെ അനന്തരസ്വത്തിൽനിന്നും വിഹിതം ലഭിക്കുകയില്ല. അവരിൽ ചിലർ മറ്റു ചലിരെക്കാൾ അനന്തരാവകാശത്തിന് കൂടുതൽ അർഹതയുള്ളവരായിരിക്കും. ഏതവസ്ഥയിലും അനന്തരം ലഭിക്കുന്നവരെ ആദ്യവലയത്തിലും, ഏറ്റവും അടുത്ത ബന്ധുക്കളില്ലെങ്കിൽ അനന്തരം ലഭിക്കുന്നവരെ ദ്വിതീയ വലയത്തിലും, ഒന്നും രണ്ടും വലയത്തിൽ ആരുമില്ലാതെ വരുന്ന സാഹചര്യത്തിൽ അനന്തരം ലഭിക്കുന്ന അകന്ന ബന്ധുക്കളെ തൃതീയ വലയത്തിലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നിശ്ചിത വിഹിതം ലഭിക്കുന്നവരും (أَهْلُ الْفُرُوضِ) നിശ്ചിത വിഹിതം നൽകി ശേഷിക്കുന്ന സ്വത്ത് പൂർണ്ണമായി വീതിച്ചെടുക്കുന്നവരും (الْعَصَبَةُ) ഇങ്ങനെ രണ്ടു തരം അവകാശികൾ അക്കൂട്ടത്തിലുണ്ട്.

സവിശേഷമായ ഈ ദായക്രമം അനുസരിച്ച്, അനന്തര സ്വത്ത് ഭാഗംചെയ്യേണ്ടി വരുന്ന അവകാശികളുടെ വിന്യാസ ക്രമങ്ങൾ ബഹുമുഖമായിരിക്കുമല്ലോ. സാധാരണ ഗതിയിൽ വരാവുന്ന രൂപങ്ങൾ  നബി ﷺ യുടെ കാലത്ത് തന്നെ ആവർത്തിച്ച് വന്നിട്ടുള്ളതാണ്. അത്തരം സന്ദർഭങ്ങളിൽ അനന്തര സ്വത്ത് എങ്ങനെ ഭാഗം ചെയ്യണമെന്നത് അവിടുന്ന് തന്നെ കാണിച്ചു തന്നിട്ടുണ്ട്. എന്നാൽ ഒരു തലമുറയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത, രണ്ടാം തലമുറയിൽ മാത്രം സംഭവിച്ചേക്കാവുന്ന അത്യപൂർവ്വമായ ചില കേസുകൾ വരാം. ഉത്തരാധികാരികളായ ഖുലഫാക്കുളുടെയും സ്വഹാബത്തിൻെറയും കാലത്ത് അങ്ങനെയുള്ള ചില കേസുകൾ ഉണ്ടായിട്ടുണ്ട്. അവയുടെ കാര്യത്തിൽ തീർപ്പുകൽപിക്കാൻ ആവശ്യമായ അവലംബ രേഖകൾ ഖുർഅനിലും സുന്നത്തിലും കണ്ടെത്താൻ സാധിക്കും. അവയുടെ വെളിച്ചത്തിൽ സ്വഹാബികൾ അത്തരം പ്രശ്നങ്ങളുടെ വിധി ഇജ്‌മാഇലൂടെ ഏകോപിച്ച് നിർദ്ധാരണം ചെയ്തിട്ടുള്ളതുമാണ്.

അല്ലാഹു ശരീഅത്ത് നിയമങ്ങൾ ഇറക്കുന്നതിനു മുമ്പ് അനന്തര സ്വത്ത് ലഭിച്ചിരുന്നത് സഖ്യത്തിലേർപ്പെട്ടവർ, ദത്തെടുത്തവർ പോലുള്ള അനർഹരായ പല കക്ഷികൾക്കുമായിരുന്നു. ശരീഅത്ത് നിയമങ്ങൾ അവതരിപ്പിച്ചത് ഒറ്റയടിക്കല്ല, ക്രമപ്രവൃദ്ധമായിട്ടാണ്. അതിൻെറ ഭാഗമായി ബന്ധുക്കളുടെ അർഹതയെ കുറിച്ച് അടിവരയിട്ടു, പുരുഷന്മാരെ പോലെ സ്ത്രീകൾക്കും അനന്തര സ്വത്തിനവകാശമുണ്ടെന്ന യാഥാർത്ഥ്യം ഉയർത്തിക്കാണിച്ചു, ബന്ധുക്കളിൽ ചിലർക്ക് മറ്റു ചിലരെക്കാൾ മുൻഗണനയുണ്ടെന്ന കാര്യം ഉണർത്തി, മരണാസന്നരായവർ അനന്തര സ്വത്ത് വിട്ടേച്ചു പോകുന്ന പക്ഷം മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും വസ്വിയ്യത്ത് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തു.

〈നിങ്ങളിൽ ആർക്കെങ്കിലും മരണം ആസന്നമായാൽ, സമ്പത്ത് വിട്ടേച്ചു പോകുന്ന പക്ഷം, മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ന്യായമായ നിലയിൽ വസ്വിയ്യത്ത് ചെയ്യുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മമാലുക്കൾക്ക് ഒരു കടമയത്രെ അത്‌.〉 (ബഖറഃ 180)

ഈ ഘട്ടത്തിൽ, വസ്വിയ്യത്തിലൂടെ മാത്രമാണ് അനന്തര സ്വത്ത് കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. അടുത്ത ഘട്ടത്തിൽ അനന്തരാവകാശ വിധികൾ ഉൾക്കൊള്ളുന്ന സൂക്തങ്ങൾ അവതരിച്ചു. അതു മുഖേന ബന്ധുക്കളിൽനിന്ന് ചിലരെ അനന്തരാവകാശികളായി നിശ്ചയിച്ചു. ആർക്കെല്ലാം നിശ്ചിത വിഹിതം നൽകണം, ആർക്കെല്ലാം ശേഷിക്കുന്നത് പൂർണ്ണമായി നൽകണം എന്ന് വ്യവസ്ഥ ചെയ്തു. നിശ്ചിത വിഹിതം നൽകേണ്ടവർക്ക് എത്ര നൽകണം എന്നതും നിർണ്ണയിച്ചു.

ഇതോടു കൂടി വസ്വിയ്യത്തിൻെറ ആയത്ത് (ബഖറഃ 180) ഭേദഗതിക്ക് (نَسْخٌ) വിധേയമായി. വസ്വിയ്യത്തിൻെറ ആയത്ത് അപ്പാടെ ദുർബ്ബലപ്പെടുത്തപ്പെട്ടു എന്ന് അതിനർത്ഥമില്ല. അനന്തരാവകാശികളായി പറയപ്പെട്ടിട്ടില്ലാത്ത ചില ബന്ധുക്കൾക്ക് വിഹിതം നൽകേണ്ട സാഹചര്യങ്ങളുണ്ടാവാം. ഉദാഹരണമായി, പുത്രന്മാരോടൊപ്പം പൗത്രന്മാർക്ക് അനന്തരം ലഭിക്കില്ല. മരിച്ചു പോയ മകൻെറ കുട്ടിക്ക് അനന്തരം നൽകാനുള്ള വ്യവസ്ഥ വസ്വിയ്യത്തിലാണുള്ളത്. ഇതു പോലുള്ള സാഹചര്യങ്ങളും, മറ്റു തരത്തിലുള്ള ന്യായത്തിൻെറയും നന്മയുടെയും താൽപര്യങ്ങളും അഭിസംബോധന ചെയ്യപ്പെടാനുള്ള കൽപനയായി വസ്വിയ്യത്തിൻെറ ആയത്ത് പ്രാബല്യത്തോടെ നിലകൊള്ളുന്നു. ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا അടക്കമുള്ള സലഫുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ട വ്യാഖ്യാനം ഇങ്ങനെയാണ്. അഹ്‌ലുസ്സുന്നഃ അംഗീകരിക്കുന്ന തഫ്‌സീറു ഇബ്‌നി കഥീർ, തഫ്‌സീറു ത്ത്വബ്‌രി പോലുള്ള ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലും ഈ ആശയമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

വിശുദ്ധ ഖുർആൻ വിവരണം പരിശോധിക്കുമ്പോൾ മറ്റു പല സൂക്തങ്ങളുടെയും വ്യാഖ്യാനത്തിൽ സംഭവിച്ചതു പോലെ, ഇവിടെയും വ്യത്യസ്ത അഭിപ്രായങ്ങൾ ഉദ്ധരിച്ചു പോവുക മാത്രമാണ് ചെയ്തിട്ടുള്ളത്. വിഷയം അവ്യക്തമായി കിടക്കുകയും വായനക്കാർക്ക് ആശയക്കുഴപ്പം മാത്രം ലഭിക്കുകയും ചെയ്യുന്ന ഈ രീതി സലഫുകളുടെ രീതിയിൽനിന്ന് അകന്നതിൻെറ ഫലമാണെന്ന് പറയാതെ വയ്യ.

പുതിയവ