﴿ وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴾  (186)

〈ഇക്കാരണത്താൽ ഇബ്‌നു ഉമർ (റ) നോമ്പ് തുറക്കുന്ന സമയത്ത് തൻെറ വീട്ടുകാരേയും മക്കളെയും ഒരുമിച്ച് കൂട്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന് രിവായത്ത് ചെയ്യപ്പെട്ടിട്ടുള്ളതും പ്രസ്താവ്യമാകുന്നു.〉 [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/313]

റമളാനിൽ നോമ്പ് നിർബ്ബന്ധമാക്കിയിരിക്കുന്നു. എന്നാൽ രോഗികൾക്കും യാത്രക്കാർക്കും ഇളവുണ്ട്. അവർ മറ്റു ദിവസങ്ങളിൽ നോമ്പെടുത്താൽ മതിയാകും. അല്ലാഹുവിനെ സ്മരിച്ച്, അവൻെറ മഹത്വവും ഏകത്വവും വാഴ്ത്തുന്നതിനു വേണ്ടിയാണ് നോമ്പ് നിയമമാക്കിയിരിക്കുന്നത്. ഇപ്രകാരം റമളാൻ വ്രതത്തെക്കുറിച്ച് പറഞ്ഞതിനു ശേഷമാണ് ദുആ സംബന്ധിച്ച സൂക്തം വരുന്നത്.

ദുആ എന്നത് രണ്ടു തരമാണ്. (1) ഇബാദത്ത് എന്ന അർത്ഥത്തിലുള്ള ദുആ (دُعَاءُ عِبَادَةٍ). നമസ്കാരം, നോമ്പ്, സകാത്, ഹജ്ജ് പോലുള്ള ഇബാദത്തുകളെ കുറിക്കാൻ ദുആ എന്ന പദം ഉപയോഗിക്കും. അത്തരം ധാരാളം സന്ദർഭങ്ങൾ ഖുർആനിലുണ്ട്.  (2) പ്രാർത്ഥന എന്ന അർത്ഥത്തിലുള്ള ദുആ (دُعَاءُ مَسْأَلَةٍ). ചോദിക്കുക, അപേക്ഷിക്കുക, യാചിക്കുക, കേഴുക എന്നൊക്കെയായിരിക്കും അപ്പോൾ ദുആയുടെ അർത്ഥം. ഈ അർത്ഥത്തിലും ദുആ എന്ന പദം നിരവധി സന്ദർഭങ്ങളിൽ ഖുർആനിൽ പ്രയോഗിച്ചിട്ടുണ്ട്. ഇവിടെയും ഈ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ രണ്ട് അർത്ഥങ്ങളും ഒരുമിച്ചും ഉദ്ദേശിക്കപ്പെടാം. കാരണം, ദുആ ഉൾച്ചേരാത്ത ഒരു ആരാധനയുമില്ല. ‘ദുആ തന്നെയാണ് ആരാധന’ (الدُعَاءُ هُوَ الْعِبَادَة) എന്ന് നബി ﷺ യിൽനിന്ന് സ്ഥിരപ്പെട്ട ഒരു രിവായത്തും, ‘ദുആ ആരാധനയുടെ മജ്ജയാണ്’ (الدُعَاءُ مُخُّ الْعِبَادَة) എന്ന് സ്ഥിരപ്പെടാത്ത ഒരു രിവായത്തും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഇക്കാലത്ത് അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുന്നവർ അതിനെ ന്യായീകരിക്കാറുള്ളത് തങ്ങൾ ചെയ്യുന്നത് ദുആ അല്ല, ഇസ്‌തിഗാസഃ മാത്രമാണ് എന്നു പറഞ്ഞുകൊണ്ടാണ്. ഇത്തരം ദുർന്യായങ്ങളൊന്നും അല്ലാഹുവിൻെറ മുന്നിൽ വിലപ്പോവുകയില്ല. മക്കയിലെ മുശ്‌രിക്കുകൾ, താഴെ കൊടുത്തതു പോലെ, ഇതിനെക്കാൾ വലിയ ദുർന്യായങ്ങൾ നിരത്തിയിട്ട് അതൊന്നും വിലപ്പോവുകയുണ്ടായില്ലല്ലോ. അവരുടെ ന്യായവാദങ്ങൾ ഇപ്രകാരമായിരുന്നു:

  1. ഞങ്ങൾ ശിപാർശക്കാരോട് മാത്രമാണ് പറയുന്നത്. അവർ അല്ലാഹുവിനോട് ശിപാർശ പറഞ്ഞ് കാര്യം നേടിത്തരും.
  2. ഞങ്ങൾ മധ്യവർത്തികളെ നിശ്ചയിക്കുക മാത്രമാണ് ചെയ്യുന്നത്. അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിച്ച് തരും.
  3. ഞങ്ങൾ പാപികളാണ്. പുണ്യവാളന്മാരുടെ മറവിലല്ലാതെ ഞങ്ങൾക്ക് രക്ഷപ്പെടാനാവില്ലല്ലോ.
  4. ഞങ്ങൾ അല്ലാഹുവിന് ഒരു പങ്കാളിയെയും നിശ്ചയിക്കുന്നില്ല. അവൻ തന്നെ നിശ്ചയിച്ച ചിലരുണ്ട്. അവരും അവർക്കുള്ള കഴിവുകളുമെല്ലാം അല്ലാഹുവിൻെറ ഉടമസ്ഥതയിലുള്ളതാണ്. അത്തരക്കാരെ മാത്രമേ ഞങ്ങൾ സമീപിക്കുന്നുള്ളു.

ഇതുപോലുള്ള ദുർന്യായങ്ങളൊന്നും വിലപ്പോവുകയുണ്ടായില്ല. ശരിയായ വിശ്വാസത്തിലേക്ക് മടങ്ങാത്തവർ ഭൂലോകത്ത് വെച്ചു തന്നെ ശിക്ഷക്കു വിധേയരായി. പരലോകത്ത് അവരെ കാത്തിരിക്കുന്നത് വേദനയേറിയ നരക ശിക്ഷയും.

അല്ലാഹു ഉയരങ്ങൾക്കെല്ലാം ഉപരിയിൽ, അർശിനും മീതെ, സൃഷ്ടികൾക്ക് അതീതനായുള്ളവനാണ്. അതേസമയം, അവൻ  ‘ബാത്വിൻ’ അഥവാ ഏറ്റവും അടുത്തവനുമാണ്. ആരോരുമറിയാതെ ദൃഷ്ടി റാഞ്ചിയെടുക്കുന്ന കട്ടുനോട്ടങ്ങൾ, ഹൃദയ രഹസ്യങ്ങൾ, വികാര വിചാരങ്ങൾ എല്ലാം അറിയുന്നവനാണ് അല്ലാഹു. അവൻ മനുഷ്യൻെറ ജീവനാഡിയെക്കാളും സമീപസ്ഥനാണ്. ജീവനാഡിയെക്കാളും അടുത്ത അല്ലാഹുവിനും തൻെറ അടിമക്കും ഇടയിൽ ഒരു മധ്യവർത്തിക്ക് നിൽക്കാൻ ഇടമെവിടെ? നബി ﷺ യോട് അല്ലാഹു ആജ്ഞാപിക്കുന്നത് കാണുക:

〈നിന്നോട് എൻെറ ദാസന്‍മാര്‍ എന്നെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ ഏറ്റവും സമീപസ്ഥനാണെന്ന് പറയുക. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കും. എൻെറ ഈ ആഹ്വാനം അവര്‍ ചെവിക്കൊള്ളുകയും  എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. എങ്കിൽ അവര്‍ സന്മാർഗ്ഗം പ്രാപിച്ചേക്കാം.〉 (ബഖറഃ 186)

ഈ സൂക്തത്തിൻെറ പൂർവ്വബന്ധം പരിഗണിച്ചുകൊണ്ട് ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُمَا ചെയ്യാറുണ്ടായിരുന്ന ഒരു നടപടി വിശുദ്ധ ഖുർആൻ വിവരണത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം നോമ്പ് തുറക്കുന്ന സമയത്ത് വീട്ടുകാരെയും മക്കളെയും ഒരുമിച്ച് കൂട്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്നതാണ് അത്. ദീൻ മനസ്സിലാക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും നാം പിന്തുടരേണ്ടത് സലഫുകളുടെ രീതിയാണ്. പ്രമാണങ്ങളിലെ മൂലവാക്യങ്ങൾ മനസ്സിലാക്കിയെടുക്കാനും വ്യാഖ്യാനിക്കാനും ജീവിതത്തിലേക്ക് പകർത്താനും സ്വഹാബത്തിൻെറ ഗ്രാഹ്യം (فَهْمُ الصَحَابَةِ) അവലംബിക്കണം എന്നുള്ളതാണ് അതിൻെറ ആകത്തുക. അവർ എങ്ങനെയാണോ പ്രമാണവാക്യങ്ങൾ ഗ്രഹിച്ചതും വ്യാഖ്യാനിച്ചതും പ്രയോഗവൽക്കരിച്ചതും അതേപടി അവരെ നാം പൂർണ്ണമായും പിന്തുടരണം. എങ്കിൽ മാത്രമേ നാമും അവരെപ്പോലെ സന്മാർഗ്ഗം പ്രാപിക്കുകയുള്ളു. ഇതാണ് സലഫീ മൻഹജ്, അഥവാ അഹ്‌ലുസ്സുന്നഃ പിന്തുടരുന്ന സത്യമാർഗ്ഗം.

എന്നിരിക്കെ, ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُمَا യുടെ മേൽപറഞ്ഞ നടപടിയെ കുറിച്ച് ഒരു വിശകലനം അനിവാര്യമായിത്തീരുന്നു. യഥാർത്ഥത്തിൽ നോമ്പ് തുറക്കുന്ന സമയത്ത് വീട്ടുകാരെയും മക്കളെയും ഒരുമിച്ച് കൂട്ടി പ്രാർത്ഥിക്കുക എന്നത് പിന്തുടരപ്പെടേണ്ട ഒരു ചര്യയല്ല. കാരണം:

  1. നോമ്പ് തുറക്കുന്ന സമയത്തെ പ്രാർത്ഥന സ്വീകരിക്കപ്പെടും; തള്ളപ്പെടില്ല എന്നതു സംബന്ധിച്ച് നബി ﷺ യിൽനിന്ന് ഉദ്ധരിക്കപ്പെട്ട രിവായത്തുകളെല്ലാം ദുർബ്ബലമാണ്. അവയൊന്നും തെളിവിന് യോഗ്യമല്ല. (عند فطره – നോമ്പ് തുറക്കുന്ന സമയത്ത്), (حين يفطر – നോമ്പ് തുറക്കുമ്പോൾ) എന്നീ പദങ്ങളുള്ള റിപ്പോർട്ടുകളുടെ ബലഹീനത  ഇമാം അൽബാനി رَحِمَهُ اللهُ ഒന്നിലധികം സന്ദർഭങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. (الصائم حتى يفطر – നോമ്പുകാരൻ നോമ്പ് തുറക്കുന്നതു വരെ) എന്ന രിവായത്തിനു മാത്രമാണ് ബലമുള്ളത്. അത് ഈ നടപടിക്ക് തെളിവാകുകയുമില്ല.
  2. ബഖറഃ 186-ാം സൂക്തം ഉൾപ്പടെ, ഇവ്വിഷയകമായി വന്നിട്ടുള്ള മൊത്തം പ്രമാണ വാക്യങ്ങളിൽനിന്ന്, നോമ്പ് തുറക്കുന്ന സമയത്ത് വീട്ടുകാരെയും മക്കളെയും കൂട്ടി പ്രാർത്ഥിക്കണമെന്ന് സ്വഹാബിമാർ മനസ്സിലാക്കിയിട്ടില്ല. അങ്ങനെ സ്വഹാബത്ത് മനസ്സിലാക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നുവെങ്കിൽ അത് സ്വഹാബത്തിൻെറ ഗ്രാഹ്യം (فَهْمُ الصَحَابَةِ) എന്ന നിലയിൽ നിർബ്ബന്ധമായും സ്വീകരിക്കേണ്ടിവരുമായിരുന്നു. പക്ഷെ, അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഒരു പ്രശ്നത്തിൽ ഉദ്ധരിക്കപ്പെടുന്ന സ്വഹാബിമാരുടെ ഒറ്റപ്പെട്ട വാക്കോ നടപടിയോ സ്വഹാബത്തിൻെറ ഗ്രാഹ്യമല്ല. അതേപോലെ, സ്വഹാബത്തിൻെറ പൊതുവായ ഗ്രാഹ്യത്തിന് വ്യത്യസ്തമായി ഉദ്ധരിക്കപ്പെടുന്ന ഒറ്റപ്പെട്ട വാക്കോ നടപടിയോ പരിഗണിക്കേണ്ടതുമില്ല. അത് അവരുടെ പൊതുവായ ഗ്രാഹ്യത്തിന് (فَهْمُ الصَحَابَةِ) ദോഷം വരുത്തുകയില്ലെന്നു സാരം.
  3. സ്വഹാബത്തിൻെറ വാക്കുകളും നടപടിക്രമങ്ങളും സംബന്ധിച്ച് വിശദീകരിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. ചർച്ച ചെയ്യുന്ന പ്രശ്നവുമായി അതിന് നേരിട്ട് ബന്ധമില്ലെങ്കിലും വിഷയത്തിൻെറ പൂർത്തീകരണത്തിനു വേണ്ടി അത് ഇവിടെ തന്നെ വിശദീകരിക്കുന്നതായിരിക്കും ഉചിതം. വഹ്‌യിലൂടെ മാത്രം ലഭിക്കുന്ന ഒരു വൃത്താന്തം (تَوْقِيفِيَّةٌ) സ്വഹാബിമാരിൽ ഒരാൾ നബി ﷺ യിലേക്ക് ചേർക്കാതെ പറയാം. പരലോകത്ത് നടക്കുന്ന കാര്യങ്ങൾ, ഉപരിലോകത്തെ കുറിച്ചുള്ള വിശദാംശങ്ങൾ, സ്വർഗ്ഗ നരകങ്ങളുടെ വിവരണങ്ങൾ, കർമ്മങ്ങൾക്ക് ലഭിക്കുന്ന നിശ്ചിത പ്രതിഫലങ്ങൾ മുതലായവ ഉദാഹരണം. അത് സാങ്കേതികമായി സ്വഹാബിയുടെ വാക്ക് (قَوْلُ الصَّحَابِيِّ، أَثَرٌ، مَوْقوفٌ) ആണെങ്കിലും, അതിന് നബി ﷺ യിലേക്ക് ചേർത്ത് ഉദ്ധരിക്കുന്ന ഹദീസിൻെറ പദവി (حُكْمُ الْمَرْفُوعِ) ആണ് കൽപിക്കപ്പെടുക.
  4. മറ്റു തെളിവുകളൊന്നും ലഭ്യമല്ലാത്ത ഒരു പ്രശ്നത്തിൽ സ്വഹാബിമാരിൽ ഒരാൾ ഒരു വിധി പറയുന്നു. അക്കാര്യം മറ്റുള്ള സ്വഹാബിമാർ അറിയുകയും ആരും അതിന് എതിരാവാതിരിക്കുകയും ചെയ്യുന്നു. എങ്കിൽ അത് അവർക്കിടയിൽ നിരാക്ഷേപം അംഗീകരിക്കപ്പെട്ട കാര്യമാണെന്ന് മനസ്സിലാക്കാം. അത് നിരാകരിക്കാവതല്ല, സ്വീകരിക്കേണ്ടതു തന്നെയാണ്.
  5. മതപരമായ ഒരു പ്രശ്നം. അതിൽ സ്വഹാബിമാർക്കിടയിൽ ഭിന്നതയുണ്ട്. അതിനർത്ഥം ഇജ്‌തിഹാദിൽ അവർക്ക് ഏകോപിക്കാൻ സാധിച്ചില്ല എന്നാണ്.  എങ്കിൽ അത് രണ്ടും ഒരു പോലെ ശരിയാണെന്ന നിലപാട് എടുക്കരുത്. അത് തെറ്റാണ്. ഒന്നു മാത്രമേ സത്യമായിരിക്കുകയുള്ളു. ഇക്കാര്യം രണ്ടാം ഖലീഫഃ ഉമർ رَضِيَ اللهُ عَنْهُ തന്നെ അസന്നിഗ്‌ധമായി പ്രസ്താവിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഒന്നിന് മുൻഗണന നൽകുകയാണ് വേണ്ടത്. അതിന് സൂചകങ്ങളും മാനദണ്ഡങ്ങളുമുണ്ട്. അവ ഉപയോഗിച്ച് തെളിവുകളോട് ഏറ്റവും അടുത്ത് നിൽക്കുന്നത് സ്വീകരിക്കുകയും മറ്റുള്ളത് നിരാകരിക്കുകയും ചെയ്യണം. അവരെ സംബന്ധിച്ചിടത്തോളം ഇജ്‌തിഹാദിലുള്ള പിഴവ് അല്ലാഹു പൊറുത്തുകൊടുക്കും. പുറമെ, ഇജ്‌തിഹാദിനുള്ള ഒരു പ്രതിഫലം നൽകുകയും ചെയ്യും. ശരിയായ ഇജ്‌തിഹാദിന് തൗഫീഖ് ലഭിച്ച വ്യക്തിക്ക് രണ്ടു പ്രതിഫലവും!!
  6. മതപരമായ ഒരു പ്രശ്നത്തിൽ വ്യക്തവും സവിശേഷവുമായ തെളിവുകളില്ലെന്നു കരുതുക. അത് ഇജ്‌തിഹാദിന് സാധ്യതയുള്ള വിഷയമാണ് താനും. അത്തരം ഒരു കാര്യത്തിൽ സ്വഹാബിമാരുടെ ഒറ്റപ്പെട്ട ഇജ്‌തിഹാദുകൾ കാണാം. ഇത്തരം സന്ദർഭങ്ങളിൽ നാം അങ്കലാപ്പിലാവേണ്ടതില്ല. രണ്ടു കാര്യം നമ്മുടെ ഓർമ്മയിൽ വേണം. (1) സ്വഹാബികൾ അബദ്ധം സംഭവിക്കാത്തവർ (مَعْصُوم) അല്ല. ആ പദവി നബി ﷺ ക്ക് മാത്രമേയുള്ളു. (2) സ്വഹാബിമാരുടെ ഇജ്‌തിഹാദിലൂടെയുള്ള ഒറ്റപ്പെട്ട വാക്കുകളും നടപടികളും തെളിവല്ല. അത് തെളിവായി കാണണമെന്ന് അല്ലാഹുവോ അവൻെറ ദൂതനോ നിർദ്ദേശിച്ചിട്ടുമില്ല. പരിഗണനാർഹമായ മറ്റു കാര്യങ്ങളുടെ വെളിച്ചത്തിൽ വേണം ഇത്തരം സന്ദർഭങ്ങളിൽ തീരുമാനമെടുക്കാൻ.

ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُمَا നോമ്പ് തുറക്കുന്ന സമയത്ത് വീട്ടുകാരെയും മക്കളെയും ഒരുമിച്ച് കൂട്ടി ദുആ ചെയ്യാറുണ്ടായിരുന്നു എന്ന കാര്യം ഇത്തരം ഒരു ഇജ്‌തിഹാദാണ്. നബി ﷺ അങ്ങനെ ചെയ്തിട്ടില്ല. മറ്റു സ്വഹാബിമാരും അങ്ങനെ ചെയ്തിട്ടില്ല. നോമ്പ് തുറക്കുമ്പോൾ, അല്ലെങ്കിൽ നോമ്പ് തുറക്കുന്ന സമയത്ത് നടത്തുന്ന പ്രാർത്ഥന തള്ളപ്പെടുകയില്ല എന്ന രിവായത്തുകൾ ദുർബ്ബലവുമാണ്. വിഷയത്തിൻെറ നാനാവശങ്ങളും പരിഗണനാർഹമായ മറ്റു കാര്യങ്ങളും വെച്ചുനോക്കുമ്പോൾ ഇത് പിന്തുടരപ്പെടേണ്ട ഒരു ചര്യയല്ല എന്ന് പറയാതെ വയ്യ.

നോമ്പുകാരൻ നോമ്പ് തുറക്കുന്ന സമയത്ത് നടത്തുന്ന പ്രത്യേകമായ പ്രാർത്ഥനയെ കുറിച്ചാണ് മുകളിൽ പറഞ്ഞത്. നോമ്പുകാരൻ നോമ്പുതുറക്കുന്നതു വരെ നടത്തുന്ന പൊതുവായ പ്രാർത്ഥനയെ കുറിച്ചല്ല. അത് തള്ളപ്പെടുകയില്ലെന്നും അതിനു വലിയ സ്വീകാര്യതയുണ്ടെന്നുമുള്ള കാര്യം നാം വിസ്മരിച്ചു കൂടാ. അതിനാൽ നോമ്പുകാർ അവരുടെ ഐഹികവും പാരത്രികവുമായ നന്മക്കു വേണ്ടി അല്ലാഹുവിനോട് നോമ്പുകാലത്ത് ഉള്ളുരുകി പ്രാർത്ഥിക്കണമെന്നു തന്നെയാണ് മേൽ സൂക്തത്തിൻെറ സന്ദർഭം നമ്മെ ഉണർത്തുന്നത്.

പുതിയവ