﴿ يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴾ (21)
വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം ഇപ്രകാരമാണ്.
“ഈ വചനങ്ങളിൽ കണ്ടതു പോലെ ആദ്യം അല്ലാഹുവിൻെറ സൃഷ്ടികർത്തൃത്വവും (خالقية) രക്ഷാകർത്തൃത്വവും (ربوبية) ഉറപ്പിച്ച ശേഷം, ആ അടിസ്ഥാനത്തിൽ അവൻെറ ആരാധ്യത്വവും (ألوهية) – അഥവാ ദൈവത്വവും – സ്ഥാപിക്കുക ഖുർആനിൽ പലപ്പോഴും കാണാവുന്ന ഒരു പതിവാകുന്നു.” (വിശുദ്ധ ഖുർആൻ വിവരണം പുറം 1/140)
തൗഹീദിനെ കുറിച്ചും തൗഹീദിൻെറ വിഭാഗങ്ങളെ കുറിച്ചും സച്ചരിതരായ മുൻഗാമികളുടെ രീതിയിലല്ല ഇവിടെ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. അഹ്‌ലുസ്സുന്നഃ നൽകാറുള്ള വിവരണം സുവിദിതമാണ്. അല്ലാഹു ഏകനും അതുല്യനുമാണ്. അവൻെറ ഏകത്വത്തിന് മൂന്ന് ഭാഗങ്ങളുണ്ട് – രക്ഷാകർത്തൃത്വത്തിലുള്ള ഏകത്വം (تَوْحِيدُ الرُبُوبِيَّة), ആരാധ്യതയിലുള്ള ഏകത്വം (تَوْحِيدُ الأُلُوهِيَّة), നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വം (تَوْحِيدُ الأَسْمَاءِ وَالصِفَات). സൃഷ്ടികർത്തൃത്വം എന്നത് രക്ഷാർത്തൃത്വത്തിൽ ഉൾപ്പെടുന്ന ഒരു കാര്യം മാത്രമാണ്. ഇവിടെ സൃഷ്ടികർത്തൃത്വം മാത്രമല്ല, സൃഷ്ടികളെ പരിപാലിക്കുക, അവർക്കാവശ്യമായ വിഭവങ്ങൾ നൽകുക പോലുള്ള രക്ഷാകർത്തൃത്വത്തിൻെറ മറ്റു വശങ്ങൾ കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. മുശ്‌രിക്കുകൾ തത്ത്വത്തിൽ അംഗീകരിച്ചിരുന്ന രക്ഷാകർത്തൃത്വം മുന്നിൽ വെച്ചു കൊണ്ടാണ് അല്ലാഹുവിനെ മാത്രമായി ആരാധിക്കണം എന്ന പരമസത്യം ഇവിടെ ഉന്നയിക്കുന്നത്.
തൗഹീദ് പോലെ മൗലിക പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സലഫുകളുടെ രീതി പിന്തുടർന്നില്ലെങ്കിൽ അത് അവ്യക്തകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കും. ഇവ്വിഷയകമായി കൂടുതൽ അറിയാൻ ഇസ്‌ലാമിക വിശ്വാസ സംഹിത എന്ന ലേഖനം വായിക്കുക.
കൂടാതെ, ഇതേ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ മറ്റൊരു സ്ഖലിതം കൂടി സംഭവിച്ചിട്ടുണ്ട്. അല്ലാഹുവിനെ കുറിച്ച് താഴെ കൊടുത്ത വിധത്തിൽ ഒരു പരാമർശം കാണാം:
“അവയുടെ പിന്നിൽ സ്ഥിതി ചെയ്യുന്ന മഹാ അദൃശ്യ ശക്തിയിലേക്കും…” (വിശുദ്ധ ഖുർആൻ വിവരണം പുറം 1/140)
ഇത് അല്ലാഹുവിനെ കുറിച്ച് പറയാൻ പാടില്ലാത്തതാണ്. അവനെ കുറിച്ച് അവൻ തന്നെ തൻെറ ഗ്രന്ഥത്തിലൂടയെയോ, തൻെറ ദൂതൻെറ നാവിലൂടെയോ പറഞ്ഞതു മാത്രമേ പറയാൻ പാടുള്ളു. അതാണ് സുരക്ഷിതം. അല്ലാത്ത വർണ്ണനകളെല്ലാം അല്ലാഹുവിൻെറ പേരിൽ വ്യാജം ചമക്കലും ദുരാരോപണവുമാണ്. അത് വളരെ ഗുരുതരമായ പാപമാണ്. മുകളിലെ ഉദ്ധരണിയിൽ പറഞ്ഞതു പോലെ ‘മഹാ അദൃശ്യ ശക്തി’ എന്ന ഒരു നാമം അവനില്ല. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്, മഹാശക്തിയുള്ളവനാണ്, പ്രബലനാണ്. ഈ അർത്ഥങ്ങൾ ലഭിക്കുന്ന നാമങ്ങൾ ഖുർആനിലുണ്ട്. പക്ഷെ അവൻ ഒരു ‘മഹാ അദൃശ്യ ശക്തി’യാണെന്ന് പറയുന്നത് ശരിയല്ല. അവനെ ഒരു അദൃശ്യ ശക്തി എന്നു വിളിക്കുന്നതിനെ സാധൂകരിക്കാവുന്ന രേഖകളൊന്നും പ്രമാണങ്ങളിലില്ല.
ഈ വിഷയത്തിൽ വ്യക്തമായ ഒരു ധാരണ മനസ്സിലാക്കാൻ അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനം കൂടി വായിക്കുക.