﴿ هَلْ يَنظُرُونَ إِلَّا أَن يَأْتِيَهُمُ اللَّهُ فِي ظُلَلٍ مِّنَ الْغَمَامِ وَالْمَلَائِكَةُ وَقُضِيَ الْأَمْرُ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ ﴾ (210)
അല്ലാഹു മേഘത്തണലുകളിൽ വരുക എന്നതിന് ഒന്നിലധികം പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടു കാണാം. ഖുർആനിലും നബിവാക്യങ്ങളിലും വന്നിട്ടുള്ള അല്ലാഹുവിൻെറ തിരുനാമങ്ങളെയും ഗുണ വിശേഷണങ്ങളെയും (أسماء الله وصفاته) വ്യാഖ്യാനിക്കുന്നതിൽ പണ്ഡിതന്മാർക്കിടയിൽ അംഗീകരിക്കപ്പെട്ടു വന്നിട്ടുള്ള രണ്ടു വ്യത്യസ്ത നിലപാടുകളാണ് ഇതിനു കാരണം. അതിൻെറ ചുരുക്കം ഇതാണ്: (1) അവക്ക് വ്യാഖ്യാനങ്ങളോ ഉപാധികളോ നൽകാതെ അവയുടെ ബാഹ്യാർത്ഥത്തിൽനിന്ന് മനസ്സിലാകുന്നതു കൊണ്ട് മതിയാക്കുകയും, സാക്ഷാൽ ഉദ്ദേശ്യവും വ്യാഖ്യാനവും അല്ലാഹുവിന്നറിയാമെന്ന് വെച്ച് വിട്ടേക്കുകയും ചെയ്യുക. അവ ഉപയോഗിച്ച സന്ദർഭങ്ങളിൽനിന്ന് അടർത്തിയെടുത്തു കൊണ്ട് അവയെ കൈകാര്യം ചെയ്യാതെയും ഇരിക്കുക. ഇതാണ് മുൻഗാമികളായ മഹാന്മാർ സ്വീകരിച്ചുവന്ന നയം. (2) അല്ലാഹുവിൻെറ മഹത്വത്തിനും പരിശുദ്ധതക്കും എതിരാവാത്ത വിധം സന്ദർഭത്തിനനുസരിച്ച അർത്ഥവ്യാഖ്യാനങ്ങൾ അവക്ക് നൽകുക. ‘മുതകല്ലിമു’കളും (വിശ്വാസശാസ്ത്ര പണ്ഡിതന്മാരും) പിൻഗാമികളിൽ അധിക പക്ഷവും സ്വീകരിച്ചു വരുന്ന മാർഗ്ഗം ഇതാണ്. സാധാരാണക്കാരെ സംബന്ധിച്ചിടത്തോളം ഇതാണ് കൂടുതൽ കരണീയമായി തോന്നുകയെങ്കിലും കൂടുതൽ സുരക്ഷിതവും, അല്ലാഹുവിൻെറ മഹിത മഹത്വത്തോട് കൂടുതൽ യോജിച്ചതും മുൻഗാമികളുടെ നയമത്രെ. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/340]
മുകളിൽ കൊടുത്ത വിവരണത്തിൽ വസ്തുതാപരമായ അപാകങ്ങളുണ്ട്. സലഫുകൾ കാണിച്ചു തന്ന, അഹ്‌ലുസ്സുന്നഃ പിന്തുടരുന്ന രീതിയനുസരിച്ച് അതിനെ പരാവർത്തനം ചെയ്യാം. അനുവാചകർക്ക് കാര്യങ്ങൾ യഥാവിധം മനസ്സിലാക്കാൻ അത് സഹായകമായിരിക്കുമല്ലോ.
‘അല്ലാഹു മേഘത്തണിൽ വരിക’ എന്ന പരാമർശത്തിലുള്ളത് അല്ലാഹുവിൻെറ വരവ് (الْمَجيءُ) എന്ന വിശേഷണമാണ്. അല്ലാഹുവിൻെറ കർമ്മപരമായ ഒരു വിശേഷണമാണത്. ഖുർആനിലും നബിവചനങ്ങളിലും വന്നിട്ടുള്ള അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളും ഉന്നതമായ ഗുണവിശേഷങ്ങളും വ്യാഖ്യാനിക്കാൻ പാടില്ല എന്നതാണ് സലഫുകളുടെ നിലപാട്. അത്തരം പരാമർശങ്ങളെ അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽ മനസ്സിലാക്കണം. അവയുടെ അർത്ഥം (معنى) നമുക്ക് അറിയാം, രൂപം (كيفية) നമുക്ക് അറിയില്ല, അത് അല്ലാഹുവിന്നറിയാം എന്ന് പറയുകയുമാണ് വേണ്ടത്. ഇതാണ് ശരിയായ നിലപാട്. ഇതു തന്നെയാണ് ഏറ്റവും വൈജ്ഞാനികവും ഭദ്രവും സുരക്ഷിതവുമായ മാർഗ്ഗം. ഈ നിലപാടാണ് അഹ്‌ലുസ്സുന്നഃ പിന്തുടരുന്നത്. എന്നാൽ അവയെ അഭീഷ്ടങ്ങൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയും, അല്ലാഹുവിനെ അവൻെറ ഗുണവിശേഷങ്ങളിൽനിന്ന് ഒഴിവാക്കി നിർഗ്ഗുണീകരിക്കുകയും (تَعْطِيلٌ) ചെയ്യുന്ന ഒരു നിലപാടുണ്ട്. ജഹ്‌മികളും വചനശാസ്ത്രത്തിൻെറ (عِلْمُ الْكَلَامِ) ആളുകളും അവരുടെ പിന്തുടർച്ചക്കാരായ മുഅ്തസിലീ-അശ്അരീ-അഖ്‌ലാനീ പോലുള്ള വിഭാഗങ്ങളുമാണ് അങ്ങനെ ചെയ്യാറുള്ളത്. നബി ﷺ യും അനുചരന്മാരും പഠിപ്പിച്ചതിനു വിരുദ്ധമായ ഈ നിലപാട് അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങളിൽ കാണിക്കുന്ന കൃത്യവിലോപം (إلحاد) ആണ്. അത് അല്ലാഹുവിനെ കുറിച്ച് അറിവും ലക്ഷ്യവുമില്ലാതെ അവൻെറ പേരിൽ ദുരാരോപണങ്ങൾ ചമക്കലാണ്. അല്ലാഹു പറയുന്നത് കാണുക:
﴿ وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ﴾ (الأعراف 180)
〈അല്ലാഹുവിന് ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങളുണ്ട്. അതിനാല്‍ ആ നാമങ്ങളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ നാമങ്ങളില്‍ കൃത്യവിലോപം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടേക്കുക. അവര്‍ ചെയ്യുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.〉 [അഅ്റാഫ് 180]
ബഖറഃ : 115 -ാം സൂക്തത്തിനു കീഴിൽ അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ സംബന്ധിച്ച വിശദീകരണം കൂടി വായിക്കുക.
കൂടാതെ, വിശുദ്ധ ഖുർആൻ വിവരണത്തിലുള്ള ‘മുതകല്ലിമുകളും (വിശ്വാസ ശാസ്ത്രപണ്ഡിതന്മാരും)’ എന്ന പരാമർശം വളരെയേറെ തെറ്റിദ്ധാരണാജനകമാണ്. عِلْمُ الْكَلَامِ، اَلْمُتَكَلِّمُونَ എന്ന് പറയുന്നത് ഇസ്‌ലാമിലെ വിശ്വാസപരമായ വിഷയങ്ങൾ (اَلْعَقَائِدُ) ചർച്ച ചെയ്യുന്ന വിജ്ഞാന ശാഖയാണെന്നാണ് അതിൽനിന്ന് വായനക്കാർ മനസ്സിലാക്കുക. അത് വലിയ അബദ്ധം തന്നെ. عِلْمُ الْكَلَامِ നെ കുറിച്ച് ഇബ്‌നു റജബ് رَحِمَهُ اللهُ നൽകിയ വിശദീകരണം മാത്രം ഇവിടെ ഉദ്ധരിക്കാം:
ومن ذلك أعني محدثات الأمور ما أحدثه المعتزلة ومن حذا حذوهم من الكلام في ذات الله تعالى وصفاته بأدلة العقول، وهو أشد خطراً من الكلام في القدر لأن الكلام في القدر كلام في أفعاله وهذا كلام في ذاته وصفاته. [ابن رجب، بيان فضل علم السلف على علم الخلف]
അതിൽപെട്ടതാണ് – അഥവാ നൂതനനിർമ്മിതികളിൽപെട്ടതാണ് – മുഅ്തസിലികളും അവരുടെ മാർഗ്ഗം പിന്തുടർന്നവരും പുതുതായി ഉണ്ടാക്കിയ വചന ശാസ്ത്രം (علم الكلام); അല്ലാഹുവിൻെറ സത്തയെയും ഗുണവിശേഷങ്ങളെയും സംബന്ധിച്ച് ബൗദ്ധികമായ തെളിവുകൾ വെച്ചുകൊണ്ടുള്ള സംവാദങ്ങൾ. അത് ഖദ്റിനെ കുറിച്ചുള്ള സംവാദങ്ങളെക്കാൾ അപകടകരമാണ്. കാരണം ഖദ്റിനെ കുറിച്ചുള്ള സംവാദം അല്ലാഹുവിൻെറ പ്രവർത്തികൾ സംബന്ധിച്ച തർക്കമാണ്. എന്നാൽ ഇത് അവൻെറ സത്തയെയും ഗുണവിശേഷങ്ങളെയും സം ബന്ധിച്ചു തന്നെയുള്ള തർക്കമാണ്. [ഇബ്‌നു റജബ്, ബയാനു ഫള്‌ലി ഇൽമിസ്സലഫ് അലാ ഇൽമിൽ ഖലഫ്]
അധിക വായനക്കായി യുക്തി ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കാണുക.