﴿ لِّلَّذِينَ يُؤْلُونَ مِن نِّسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَاءُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ﴾ (226)
ശപഥത്തിൽനിന്നു മടങ്ങുകയാണു അഭികാമ്യമെങ്കിലും – മുൻവചനങ്ങളിൽനിന്നും ഹദീസുകളിൽനിന്നും അറിയാവുന്നതു പോലെ – സത്യം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം كفارة അവൻ നൽകേണ്ടതുണ്ടു താനും. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും അതു തന്നെ. ‘വിവാഹം മോചനം ചെയ്‌വാൻ തീർച്ചയാക്കിയാൽ’ എന്നു പറഞ്ഞതിൻെറ അടിസ്ഥാനത്തിൽ നാലു മാസം കഴിയുമ്പോഴും അവൻ ശപഥത്തിൽനിന്നു മടങ്ങാത്ത പക്ഷം, അത് കേവലം വിവാഹമോചനമായിത്തീരുകയില്ലെന്നും, നിയമാനുസൃതം വിവാഹമോചനം വേറെത്തന്നെ നടത്തേണ്ടതുണ്ടെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. നാലു മാസം കഴിയുന്നതോടെ ഭാര്യ ത്വലാഖായി (വിവാഹമോചിതയായി) പോകുമെന്നത്ര ഉമർ, ഉസ്മാൻ, അലി (റ) മുതലായ ചില സഹാബികളുടെയും മറ്റും അഭിപ്രായം. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/360]
വിശുദ്ധ ഖുർആൻ വിവരണത്തിലെ പതിവു ശൈലി ഇവിടെയും ആവർത്തിച്ചിരിക്കുന്നു. മതപരമായ ഒരു പ്രശ്നം ചർച്ച ചെയ്യുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉദ്ധരിക്കുകുയും അതിൽ ഏതാണ് ശരി എന്ന് നിർണ്ണയിക്കാതെ പോവുകയും ചെയ്യുക എന്നതാണല്ലോ അത്. ഖുർആൻ പരിഭാഷകളുടെ മുഖ്യഅനുവാചകരായ സാധാരണക്കാർ ഒരു തീരുമാനത്തിലും എത്താൻ കഴിയാതെ നട്ടംതിരിയേണ്ടിവരുന്നു എന്നതാണ് അതിൻെറ ഫലം.
ഒരു പ്രശ്നത്തിൽ സലഫുകൾ ഭിന്നാഭിപ്രായക്കാരാണെങ്കിൽ അവരുടെ അഭിപ്രായങ്ങളെല്ലാം ഒരു പോലെ ശരി എന്ന നിലപാട് ഏതായിരുന്നാലും വിശുദ്ധ ഖുർആൻ വിവരണത്തിൻെറ രചയിതാക്കൾക്ക് ഉണ്ടെന്നു കരുതാൻ ന്യായമില്ല. ഒന്നു ശരിയും മറ്റെല്ലാം തെറ്റുമാണ്. ഈ നിലപാട് മുൻഗാമികളോടുള്ള അനാദരവായി കാണേണ്ടതില്ല. ഇജ്‌തിഹാദിലുള്ള അബദ്ധം പൊറുക്കപ്പെടുന്നതും അതിന് ഒരു പ്രതിഫലം നൽകപ്പെടുന്നതുമായിരിക്കും. അതേ സമയം സുബദ്ധത്തിന് ഇരട്ട പ്രതിഫലവും. ഉദ്ധരിക്കുന്ന പക്ഷങ്ങളിൽ ഏതാണ് ശരി എന്ന് നിർണ്ണയിക്കാതെ പോകുന്നത് അഹ്‌ലുസ്സുന്നഃയുടെ രീതിയല്ല; അത് വായനക്കാർക്ക് ഉപകരിക്കുകയുമില്ല.
ഈ പ്രശ്നത്തിൽ, ശപഥം (إِيلَاءٌ) ചെയ്ത വ്യക്തി നാലു മാസം കഴിഞ്ഞിട്ടും മടങ്ങുന്നില്ലെങ്കിൽ അത് വിവാഹമോചനമാവുകയില്ല, നിയമാനുസൃതം വിവാഹമോചനം വേറെത്തന്നെ നടത്തണം എന്നുള്ളതാണ് ശരി. തെളിവുകളുടെ ബലാബലം പരിശോധിക്കുമ്പോൾ അങ്ങനെ മാത്രമേ പറയാൻ കഴിയൂ. ഇക്കാര്യം പത്തിലധികം സ്വഹാബിമാരിൽനിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. മറിച്ചുള്ള പക്ഷങ്ങൾ ശരിയല്ല.