﴿ وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِ مِنْ خِطْبَةِ النِّسَاءِ أَوْ أَكْنَنتُمْ فِي أَنفُسِكُمْ ۚ عَلِمَ اللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّا أَن تَقُولُوا قَوْلًا مَّعْرُوفًا ۚ وَلَا تَعْزِمُوا عُقْدَةَ النِّكَاحِ حَتَّىٰ يَبْلُغَ الْكِتَابُ أَجَلَهُ ۚ وَاعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي أَنفُسِكُمْ فَاحْذَرُوهُ ۚ وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ ﴾ (235)
كتاب നിയമം കൊണ്ട് ഇവിടെ വിവക്ഷ ഇദ്ദയാകുന്നു. ഭർത്താക്കളുടെ മരണത്തെ തുടർന്ന് ഇദ്ദയിലിരിക്കുന്ന സ്ത്രീകളുടെ നിശ്ചിത കാലം അവസാനിക്കും മുമ്പായി അവരോട് വിവാഹാഭ്യർത്ഥന നടത്തുകയോ, വിവാഹത്തെ കുറിച്ച് രഹസ്യമായി വല്ല വാഗ്ദാനങ്ങളും നടത്തുകയും ഇദ്ദ കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്ന് നിശ്ചയം ചെയ്യുകയോ പാടില്ലെന്ന് അല്ലാഹു ഈ വചനം മുഖേന കൽപിക്കുന്നു.〉 [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/379]
വിവാഹ മുക്തയായ സ്ത്രീ പുനർവിവാഹത്തിനു മുമ്പ് മൂന്ന് ആർത്തവചക്രം ഇദ്ദഃ (عِدّةٌ) കാലാവധി പൂർത്തിയാക്കണം. യുവതി, വൃദ്ധ, ആർത്തവ വിരാമം സംഭവിച്ചവർ, സംഭവിക്കാത്തവർ എല്ലാവരും ഇതിൽ സമമാണ്. വിവാഹ പരിത്യക്തയായ സ്ത്രീ ഗർഭിണിയാണെങ്കിൽ ഇദ്ദഃ കാലാവധി പ്രസവം വരെയായിരിക്കും.
ഭർത്താവ് മരണപ്പെട്ട വിധവയുടെ ഇദ്ദഃ നാലു മാസവും പത്തു ദിവസവുമാണ്. അവർ ഇദ്ദയോടൊപ്പം ഇഹ്ദാദ് (إِحْدَادٌ) കൂടി ആചരിക്കണം. ഇദ്ദഃ പുനർവിവാഹത്തിനു വേണ്ടി കാത്തുനിൽക്കേണ്ട കാലാവധിയാണെങ്കിൽ ഇഹ്ദാദ് ഭർത്താവ് മരിച്ചതിലുള്ള ദുഃഖാചരണം കൂടിയാണ്.
ഇഹ്ദാദ് ആചരിക്കുന്ന വിധവ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ ചേർക്കാം:
1- വിധവ നാലു മാസം പത്തു ദിവസം ഇഹ്ദാദ് കാലാവധി ആചരിക്കേണ്ടത്, ഭർത്താവ് മരണപ്പെടുമ്പോൾ അദ്ദേഹത്തിൻെറ കൂടെ ജീവിച്ചിരുന്ന വീട്ടിലായിരിക്കണം. അത്യവാശ്യത്തിനല്ലാതെ അവിടെനിന്ന് പുറത്ത് പോകരുത്.
2- മോടിയും അലങ്കാരവുമില്ലാത്ത സാധാരണ വസ്ത്രം ധരിക്കണം.
3- ആഘോഷങ്ങളിൽനിന്നും ആഹ്ളാദങ്ങളിൽനിന്നും വിട്ടുനിൽക്കണം.
4- പുകയ്ക്കുന്നതോ പുരട്ടുന്നതോ അടിക്കുന്നതോ ആയ യാതൊരു വിധ സുഗന്ധവും ഉപയോഗിക്കാതിരിക്കണം. ആർത്തവക്കുളിക്ക് ശേഷം ഇതിൽ വിട്ടുവീഴ്ചയുണ്ട്.
5- സ്വർണ്ണം, വെള്ളി, ഡയമണ്ട് പോലെ വിലപിടിപ്പുള്ള യാതൊരു വിധ ആഭരണവും അണിയാതിരിക്കണം.
6- സുറുമയെഴുതുക, ഹെന്നയിടുക പോലുള്ള അലങ്കാര പ്രയോഗങ്ങൾ ഒഴിവാക്കണം.
വിവഹമുക്തയായ സ്ത്രീ പുനർവിവാഹത്തിന് ശാരീരികവും മാനസികവും വൈകാരികവുമായി തയ്യാറാകുന്നതിനുള്ള കാലയളവാണ് ഇദ്ദഃ. വിധവയെ സംബന്ധിച്ചിടത്തോളം ഭർത്താവിൻെറ മരണം ഏൽപിച്ച ആഘാതത്തിൽനിന്ന് മുക്തമാകേണ്ടതുമുണ്ട്.
വിധവകളുടെ പുനരിധവാസവും പുനർവിവാഹവും ഏറെ പ്രതിഫലമുള്ള കാര്യമാണ്. നബി ﷺ പറയുന്നത് കാണുക:
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ النَّبِيُّ ﷺ: السَّاعِي عَلَى الأَرْملَةِ وَالمِسْكِينِ، كَالْمُجَاهِدِ فِي سَبِيلِ اللَّهِ، أَوِ القَائِمِ اللَّيْلَ الصَّائِمِ النَّهَارَ. [البخاري في صحيحه]
അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: വിധവകൾക്കും പതിതർക്കും വേണ്ടി പരിശ്രമിക്കുന്നവർ അല്ലാഹുവിൻെറ മാർഗ്ഗത്തിൽ സമരം ചെയ്യുന്ന യോദ്ധാവിനെ പോലെയോ, അല്ലെങ്കിൽ രാത്രി നമസ്കരിക്കുകയും പകൽ നോമ്പെടുക്കുകയും ചെയ്യുന്നവനെപ്പോലെയോ ആണ്. [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]
ബഖറഃ 235-ാം സൂക്തം ആരംഭിക്കുന്നത് ഇഹ്ദാദ് ആചരിക്കുന്ന വിധവകളുടെ പുനർവിവാഹത്തെ കുറിച്ച് ആലോചിക്കുന്നതിൽ കുറ്റബോധം ആവശ്യമില്ലെന്ന് ഉണർത്തിക്കൊണ്ടാണ്. അത് മനസ്സിൽ കുറിച്ചിടുന്നതിലും അവർക്ക് സൂചന നൽകുന്നതിലും അവരോട് നല്ലവാക്ക് പറയുന്നതിലും അനൗചിത്യമില്ല. അവർക്ക് ആശ്വാസവും വൈകാരിക പിന്തുണയും നൽകുന്ന കാര്യങ്ങളാണ് അവയെല്ലാം. എന്നാൽ അവരോട് രഹസ്യമായി വിവാഹ വാഗ്‌ദാനം നടത്തുന്നത് അൽപം കടന്ന നടപടിയാണ്. അവർ കടന്നുപോയിക്കൊണ്ടിരിക്കുന്ന വൈകാരികാവസ്ഥയുമായി അത് ഒത്തു പോവുകയില്ല.