﴿ حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ ﴾  (238)

മേൽ സുക്തത്തിലെ الصَّلَاة الْوُسْطَىٰ യുടെ വ്യാഖ്യാനം അസ്വ്‌ർ നമസ്കാരം എന്നാണ്. ഇത് വിശുദ്ധ ഖുർആൻ വിവരണത്തിൽ ഒരു അഭിപ്രായമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, അതാണ് ശരിയായ വ്യാഖ്യാനം എന്ന് നിർണ്ണയിച്ചിട്ടില്ല. ഇക്കാര്യത്തിൽ സന്ദേഹത്തിനു വകയില്ല. ഖന്‌ദഖ് യുദ്ധ ദിവസം നബി ﷺ ക്കും അനുചരന്മാർക്കും സൂര്യൻ അസ്തമിക്കുന്നതു വരെ അസ്വ്‌ർ നമസ്കരിക്കാൻ കഴിഞ്ഞില്ല. അതിൽ പരിതപിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞത് ഇമാം ബുഖാരി رَحِمَهُ اللهُ ഉദ്ധരിക്കുന്നുണ്ട്:

عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ، أَنَّهُ قَالَ يَوْمَ الخَنْدَقِ: مَلَأَ اللَّهُ عَلَيْهِمْ بُيُوتَهُمْ وَقُبُورَهُمْ نَارًا، كَمَا شَغَلُونَا عَنْ صَلاَةِ الوُسْطَى حَتَّى غَابَتِ الشَّمْسُ. [البخاري في صحيحه]

അലി رَضِيَ اللَّهُ عَنْهُ നിവേദനം. ഖന്‌ദഖ് യുദ്ധദിവസം നബി ﷺ ഇപ്രകാരം പറഞ്ഞു: അവരുടെമേൽ അവരുടെ വീടുകളിലും ഖബ്റുകളിലും അല്ലാഹു തീ നിറക്കട്ടെ; സൂര്യൻ അസ്തമിക്കുന്നതു വരെ സ്വലാതുൽ വുസ്ത്വായിൽനിന്ന് അവർ നമ്മെ വ്യാപൃതരാക്കിയതു പ്രകാരം. [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]

കൂടാതെ, മേൽ സൂക്തം അവസാനിപ്പിക്കുന്നത് وَقُومُوا لِلَّهِ قَانِتِينَ എന്നു പറഞ്ഞു കൊണ്ടാണ്. എന്താണ് ഖുനൂത് (قُنُوتٌ)? സലഫുകൾ അതിനു നൽകിയ വിശദീകരണത്തിൽ മൂന്ന് കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത്. (1) دَوَامُ الطَاعَةِ – അല്ലാഹുവിന്നുള്ള കീഴ്‌വണക്കത്തിലും അനുസരണയിലും സദാ ഉറച്ചുനിൽക്കുക (2) اَلْخُشُوعُ والذِلَّةُ – പൂർണ്ണമായ ഒതുക്കവും താഴ്മയും പുലർത്തുക (3) طُولُ الْقِيَامِ – ദീർഘ ദീർഘമായി നിന്നു നമസ്കരിക്കുക. ഈ വചനത്തിൽ അല്ലാഹു കൽപിക്കുന്നത്, നിങ്ങൾ അല്ലാഹുവിന്ന് വേണ്ടി നമസ്കരിക്കണം. അത് ഖുനൂത്തിൻെറ അവസ്ഥയിലായിരിക്കുകയും വേണം എന്നാണ്. അപ്പോൾ അല്ലാഹുവിന് നമസ്കരിക്കുന്ന ഒരു അടിയൻ നമസ്കാരത്തിലും നമസ്കാരത്തിനു പുറത്തും സദാ അല്ലാഹുവിന്ന് കീഴ്‌വണങ്ങുന്നവനും അവനെ അനുസരിക്കുന്നവനുമായിരിക്കണം. നമസ്കാരത്തിൽ ഒതുക്കവും താഴ്മയും പുലർത്തണം. നമസ്കാരത്തിൽ പറഞ്ഞിരിക്കുന്ന വ്യവഹാരങ്ങളല്ലാതെ മറ്റൊന്നും പറയാനോ പ്രവർത്തിക്കാനോ പാടില്ല. ആദ്യ കാലത്ത് നസ്കാരത്തിനിടെ സ്വഹാബിമാർ പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. മേൽ സൂക്തം അവതരിച്ചപ്പോൾ അന്യ സംസാരങ്ങൾ വിലക്കി, അതിൽനിന്നും മൗനം പാലിക്കാൻ കൽപിച്ചു എന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. കൂടാതെ, ദീർഘമായി നിന്നു നമസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. നബി ﷺ പറയുന്നത് കാണുക:

أَفْضَلُ الصَّلَاةِ طُولُ الْقِيَامِ. [الحميدي في مسنده وصححه الألباني]

ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം ദീർഘമായി നിൽക്കുന്നതാണ്. [ഹുമൈദി മുസ്‌നദിൽ ഉദ്ധരിച്ചത്]

ചുരുക്കത്തിൽ, സദാ അല്ലാഹുവിന്ന് കീഴ്‌വണങ്ങുന്നവനായി പരിപൂർണ്ണമായ ഒതുക്കത്തോടും താഴ്മയോടും കൂടി ദീർഘമായി നിന്നുകൊണ്ട് നമസ്കരിക്കണം എന്നാണ് അല്ലാഹു കൽപിച്ചിരിക്കുന്നത്.

പുതിയവ