﴿ اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ ﴾ [البقرة 255]
«അല്ലാഹു – അവനല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല; അവൻ ഹയ്യാണ്, ഖയ്യൂമാണ്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുന്നില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാം അവൻേറതാണ്. അവൻെറ അനുവാദം കൂടാതെ അവൻെറയടുക്കല്‍ ശുപാര്‍ശ ചെയ്യാനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവൻെറ അറിവില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നതല്ലാതെ യാതൊന്നും അവർക്കറിയാൻ കഴിയില്ല. അവൻെറ കുർസിയ്യ് ആകാശഭൂമികളെ മുഴുവനും ഉൾക്കൊള്ളാൻ വിശാലമായിരിക്കുന്നു. അവയെ സംരക്ഷിക്കുക അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ». [ബഖറഃ 255]
മുകളിൽ കൊടുത്ത ബഖറഃ 255-ാം സൂക്തമാണ് ആയത്തുൽ കുർസിയ്യ്. അല്ലാഹുവിൻെറ കുർസിയ്യിനെ കുറിച്ച് അതിൽ പരാമർശമുള്ളതിനാലാണ് ആ പേരു വന്നത്. കുർസിയ്യ് എന്നാൽ അല്ലാഹുവിൻെറ പാദസ്ഥാനം എന്നു വിവക്ഷ.
قال ابن عباس رضي الله عنهما: إنه موضع قدمي الله عز وجل. [ابن خزيمة في التوحيد والحاكم في المستدرك والدارقطني في كتاب الصفات، وقال الألباني: إسناده صحيح، رجاله كلهم ثقات]
ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا പറയുന്നു: «അത് അല്ലാഹുവിൻെറ ഇരുപാദങ്ങളുടെയും സ്ഥാനമാണ്». [ഇബ്‌നു ഖുസൈമഃ തൌഹീദിലും ഹാക്കിം മുസ്‌തദ്റകിലും ദാറഖുത്വ്‌നി സ്വിഫാതിലും ഉദ്ധരിച്ചത്]
സവിശേഷതകൾ ഏറെയുള്ള സൂക്തമാണ് ആയത്തുൽ കുർസിയ്യ്. ഖുർആനിലെ ഏറ്റവും മഹത്തായ സൂക്തം ഏതെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളു; ആയത്തുൽ കുർസിയ്യ്!
عَنْ أُبَيِّ بْنِ كَعْبٍ، قَالَ: قَالَ رَسُولُ اللهِ ﷺ: يَا أَبَا الْمُنْذِرِ، أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللهِ مَعَكَ أَعْظَمُ؟ قَالَ: قُلْتُ: اللهُ وَرَسُولُهُ أَعْلَمُ. قَالَ: يَا أَبَا الْمُنْذِرِ أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللهِ مَعَكَ أَعْظَمُ؟ قَالَ: قُلْتُ: ﴿اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ﴾ [البقرة 255]، قَالَ: فَضَرَبَ فِي صَدْرِي، وَقَالَ: وَاللهِ لِيَهْنِكَ الْعِلْمُ أَبَا الْمُنْذِرِ. [مسلم في صحيحه]
ഉബയ്യു ബിൻ കഅ്ബ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: «അബുൽ മുൻദിർ, താങ്കൾക്ക് വശമുള്ള അല്ലാഹുവിൻെറ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം ഏതാണ്?»
അദ്ദേഹം പറയുന്നു: അല്ലാഹുവിനും അവൻെറ ദൂതനുമാണ് സൂക്ഷ്മമായി അറിയുക എന്നു ഞാൻ മറുപടി നൽകി
അവിടുന്ന് വീണ്ടും ചോദിച്ചു: «അബുൽ മുൻദിർ, താങ്കൾക്ക് വശമുള്ള അല്ലാഹുവിൻെറ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം ഏതാണ്?»
അദ്ദേഹം പറയുന്നു: «അല്ലാഹു – അവനല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല; അവൻ ഹയ്യാണ്, ഖയ്യൂമാണ്» [ബഖറഃ 255] എന്നു ഞാൻ പറഞ്ഞു.
അദ്ദേഹം പറയുന്നു: അപ്പോൾ എൻെറ നെഞ്ചിൽ തട്ടിക്കൊണ്ട് അവിടുന്ന് പറഞ്ഞു: «അല്ലാഹു സത്യം! ഈ അറിവ് താങ്കളെ ആമോദിപ്പിക്കട്ടെ». [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]
മുഴുപ്രപഞ്ചങ്ങളുടെയും ഏകനായ റബ്ബും ഇലാഹും ആരാണോ അവൻെറ അടിസ്ഥാന നാമമാണ് അല്ലാഹു. മറ്റെല്ലാ നാമങ്ങളും അതിൻെറ അനുബന്ധമായി വരുന്നവയാണ്. അതാണ് اِسْمُ الْجَلَالَةِ എന്നു പറയുന്ന മഹത്വത്തിൻെറ നാമം. ആ നാമത്തെ മറികടക്കാൻ ആർക്കും കഴിയില്ല. അവനൊഴികെയുള്ള എല്ലാം അവൻെറ സൃഷ്ടികൾ. അവൻെറ ഉടമസ്ഥതക്കും അധീശത്വത്തിനും കീഴൊതുങ്ങി മാത്രം നിലക്കൊള്ളാൻ കഴിയുന്ന വിനീത ദാസന്മാർ. അതിനാൽ അല്ലാഹ് എന്ന മഹത്വത്തിൻെറ നാമം സൃഷ്ടികൾക്കുള്ള ഏറ്റവും വലിയ സുരക്ഷയും കാവലുമായി നിലകൊള്ളുന്നു. അതുള്ളപ്പോൾ കീഴ്‌ലോകത്തോ ഉപരിലോകത്തോ ഉള്ള യാതൊരു സൃഷ്ടിക്കും അതിനെ മറികടന്ന് മനുഷ്യന് ഒരു ഉപദ്രവവും വരുത്താൻ കഴിയില്ല.
അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങൾ ആർക്കും നിജപ്പെടുത്തുക സാധ്യമല്ല. അക്കൂട്ടത്തിൽ اِسْمُ اللهِ الأَعْظَمُ എന്നു പറയുന്ന ഏറ്റവും ബൃഹത്തായ ഒരു നാമം വേറെയുണ്ട്. അതും ആയത്തുൽ കുർസിയ്യിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. ആ നാമത്തെയും അതിൻെറ സവിശേഷതയെയും സംബന്ധിച്ച് നബി ﷺ വർണ്ണിക്കുന്നത് കാണുക:
وَعَنْ أَنَسٍ قَالَ: كُنْتُ جَالِسًا مَعَ النَّبِيِّ ﷺ فِي الْمَسْجِدِ وَرَجُلٌ يُصَلِّي فَقَالَ: اللَّهُمَّ إِنِّي أَسْأَلُكَ، بِأَنَّ لَكَ الْحَمْدَ، لَا إِلَهَ إِلَّا أَنْتَ، الْحَنَّانُ، الْمَنَّانُ، بَدِيعُ السَّمَاوَاتِ وَالْأَرْضِ، يَا ذَا الْجَلَالِ وَالْإِكْرَامِ، يَا حَيُّ، يَا قَيُّومُ، أَسْأَلُكَ، فَقَالَ النَّبِيُّ ﷺ: دَعَا اللَّهَ بِاسْمِهِ الْأَعْظَمِ، الَّذِي إِذَا دُعِيَ بِهِ أَجَابَ، وَإِذَا سُئِلَ بِهِ أَعْطَى. [التِّرْمِذِيُّ وَأَبُو دَاوُدَ وَالنَّسَائِيُّ وَابْنُ مَاجَهْ في سننهم وصححه الألباني]
അനസ് رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: ഒരാൾ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നബി ﷺ യോടൊപ്പം പള്ളിയിൽ ഇരിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം പ്രാർത്ഥിച്ചു:
അല്ലാഹുവേ, ഞാൻ നിന്നോട് യാചിക്കുന്നു.. എന്തെന്നാൽ നിശ്ചയമായും നിനക്കാണ് സർവ്വ സ്തുതിയും, നീയല്ലാതെ ന്യായമായി ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല, നീയാണ് വാത്സല്യനിധിയായ ഹന്നാൻ, അനുഗ്രങ്ങൾ ചൊരിയുന്ന മന്നാൻ, ആകാശ ഭൂമികളെ മാതൃകയില്ലാതെ സൃഷ്ടിച്ചവൻ, മഹത്വത്തിൻെറയും ആദരവിൻെറയും ഉടയവനായ يَا ذَا الْجَلَالِ وَالْإِكْرَامِ ! ഹയ്യും ഖയ്യൂമും ആയവനേ! നിന്നോട് ഞാൻ കേഴുന്നു..
അപ്പോൾ നബി ﷺ പറഞ്ഞു: «യാതൊന്നു വിളിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ അല്ലാഹു ഉത്തരം ചെയ്യുകയും, യാതൊന്നു വിളിച്ചുകൊണ്ട് ചോദിച്ചാൽ അവൻ നൽകുകയും ചെയ്യുമോ അങ്ങനെയുള്ള അവൻെറ അതിബൃഹത്തായ പേരുവിളിച്ചു കൊണ്ടാണ് അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചിരിക്കുന്നത്». [തിർമുദി, അബൂദാവൂദ്, നസാഈ, ഇബ്‌നു മാജഃ എന്നിവർ സുനനുകളിൽ ഉദ്ധരിച്ചത്]
അഖിലാണ്ഡങ്ങളുടെയും റബ്ബും ഇലാഹുമായവൻ. അവൻെറ മഹത്വമേറിയ അടിസ്ഥാന നാമം الله. അതിബൃഹത്തായ നാമം اَلْحَيُّ الْقَيُّومُ. അതിനു പുറമെ വേറെ രണ്ടു നാമങ്ങൾ الْعَلِيُّ الْعَظِيمُ. അല്ലാഹുവിനോട് രക്ഷക്കും നന്മക്കും വേണ്ടി കേഴുന്ന ഒരു അടിയാന് സദാ ഉരുവിടുവാൻ ഏറ്റവും ഉചിതമായ വചനമേത്? ഉപരിലോകങ്ങളിലോ കീഴ്‌ലോകങ്ങളിലോ ഉള്ള ആർക്കും മറികടക്കാനോ ഉപദ്രവിക്കാനോ കഴിയാത്ത മഹത്വത്തിൻെറ നാമവും, യാതൊരു നാമത്തിൽ വിളിച്ചാൽ അവൻ കേൾക്കുകയും ആ പ്രാർത്ഥന സ്വീകരിക്കുകയും ചോദിച്ചത് നൽകുകയും ചെയ്യുമോ ആ അതിബൃഹത്തായ നാമവും, പിന്നെ ഉൽകൃഷ്ടമായ മറ്റു രണ്ടു നാമങ്ങളും അങ്ങനെ മൊത്തം അഞ്ചു നാമങ്ങളുള്ള ഈ വചനത്തെക്കാൾ ഉചിതമായ മറ്റൊന്ന് വേറെയില്ല.
പ്രഭാതങ്ങളിൽ, പ്രദോഷങ്ങളിൽ, അഞ്ചു നേരത്തെ നിർബ്ബന്ധ നമസ്കാരങ്ങൾക്കു ശേഷം, ഉറങ്ങാൻ പോകുമ്പോൾ എല്ലാം ഈ സൂക്തം ചൊല്ലി അല്ലാഹുവിനോട് കേഴുക. എങ്കിൽ ഒരു പിശാചിനും നമ്മെ സമീപിക്കാനാവില്ല. അല്ലാഹുവിൻെറ അനുമതിയാൽ എല്ലാവിധ പൈശാചികമായ ദോഷബാധകളിൽനിന്നും നാം സുരക്ഷിതരായിരിക്കും, തീർച്ച. സർവ്വൈശ്വര്യങ്ങളും നമുക്ക് കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: وَكَّلَنِي رَسُولُ اللَّهِ ﷺ بِحِفْظِ زَكَاةِ رَمَضَانَ فَأَتَانِي آتٍ فَجَعَلَ يَحْثُو مِنَ الطَّعَامِ فَأَخَذْتُهُ، فَقُلْتُ: لَأَرْفَعَنَّكَ إِلَى رَسُولِ اللَّهِ ﷺ – فَذَكَرَ الحَدِيثَ – فَقَالَ: إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الكُرْسِيِّ، لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ، وَلاَ يَقْربُكَ شَيْطَانٌ حَتَّى تُصْبِحَ، فَقَالَ النَّبِيُّ ﷺ: صَدَقَكَ وَهُوَ كَذُوبٌ ذَاكَ شَيْطَانٌ. [البخاري في صحيحه]
അബൂ ഹുറെയ്റഃ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ ഫിത്വ്‌ർ സകാത് സൂക്ഷിക്കാൻ എന്നെ ഏൽപിച്ചു. അങ്ങനെ ഒരാൾ എൻെറയരികിൽ വന്ന് ഭക്ഷ്യവസ്തുക്കൾ വാരിയെടുക്കാൻ തുടങ്ങി. അപ്പോൾ ഞാൻ അവനെ പിടികൂടി. എന്നിട്ട് പറഞ്ഞു: നിന്നെ ഞാൻ നബി ﷺ യുടെ അടുക്കൽ ഹാജരാക്കുക തന്നെ ചെയ്യും – തുടർന്ന് ആ സംഭവം വിവരിച്ചു – അപ്പോൾ അവൻ പറഞ്ഞു: ഉറങ്ങാൻ വേണ്ടി നീ നിൻെറ വിരിപ്പിലെത്തിയാൽ ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക. എങ്കിൽ അല്ലാഹുവിങ്കൽനിന്നുള്ള ഒരു കാവലാൾ നിൻെറ കൂടെ ഉണ്ടായിക്കൊണ്ടേയിരിക്കും; പുലരുന്നതു വരെ ഒരു പിശാചും നിന്നെ സമീപിക്കുകയുമില്ല. അപ്പോൾ നബി ﷺ പറഞ്ഞു: «അവൻ താങ്കളോട് സത്യമാണ് പറഞ്ഞത്; അവനാണെങ്കിലോ ഏറ്റവും വലിയ കള്ളനും. അത് ശ്വൈത്വാനാണ്». [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്]
ഇഹലോകത്തു വെച്ച് എല്ലാ വിധ പിശാചുക്കളിൽനിന്നും പൈശാചികതകളിൽനിന്നും സംരക്ഷണം ലഭിക്കാനും, പരലോകത്ത് എത്തിയാൽ നരകത്തിൽനിന്ന് രക്ഷനേടി സ്വർഗ്ഗത്തിൽ പ്രവേശിക്കാനും ആയത്തുൽ കുർസിയ്യ് കാരണമായിത്തീരുന്നു.
عن أبي أمامة الباهلي رضي الله عنه قال: قال رسول الله ﷺ: من قرأ آية الكرسي في دبر كل صلاة لم يحل بينه وبين دخول الجنة إلا الموت. [ابن السني في عمل اليوم والليلة وصححه الألباني]
അബൂ ഉമാമഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: «എല്ലാ നമസ്കാര ശേഷവും ഒരാൾ ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ മരണമല്ലാതെ മറ്റൊരു തടസ്സവും ഉണ്ടായിരിക്കില്ല». [ഇബ്‌നു സ്സുന്നി അമലുൽ യൗമി വല്ലെയ്‌ലഃയിൽ ഉദ്ധരിച്ചത്]
മഹിതമായ ആശയങ്ങളുടെ തീരം കാണാത്ത സാഗരമാണ് ഈ സൂക്തം. അത് നീന്തിക്കേറുക സാധ്യമല്ല. അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങളുടെ കീഴടക്കാനാവാത്ത കൊടുമുടിയാണത്. എന്നാലും പരിമിതമായ തോതിലെങ്കിലും അതിലേക്ക് ഒന്ന് എത്തിനോക്കാൻ ശ്രമിക്കാം.
അല്ലാഹു: ഈ മഹദ് സൂക്തം ആരംഭിക്കുന്ന ഉൽകൃഷ്ടമായ ശബ്ദം. ഇതിൽ പരാമർശിക്കപ്പെട്ട അഞ്ചു നാമങ്ങളിൽ ആദ്യത്തേത്. മുഴുപ്രപഞ്ചങ്ങളുടെയും ഏകനായ സ്രഷ്ടാവും ആരാധ്യനുമായവൻെറ അടിസ്ഥാന നാമം. മഹത്വത്തിൻെറ നാമം – اِسْمُ الْجَلَالَةِ – എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഈ പദത്തിന് ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا നൽകിയ വിവക്ഷ ഇങ്ങനെയാണ്: الله: ذوالألوهية والعبودية على خلقه أجمعين – الطبري അല്ലാഹു: മുഴു സൃഷ്ടികളുടെയും ആരാധ്യതയും ഉബൂദിയ്യത്തും അവകാശപ്പെട്ടവൻ – ത്വബ്‌രി. ഉലൂഹിയ്യഃ അഥവാ ന്യായമായും ആരാധിക്കപ്പെടാനുള്ള അർഹത എന്ന ഗുണവിശേഷം എല്ലാ അർത്ഥതലങ്ങളോടും കൂടി ഉൾക്കൊള്ളുന്ന നാമം – അല്ലാഹ്!
لَا إِلَهَ إِلَّا هُوَ – അവനല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല: ഇസ്‌ലാമിലേക്ക് കടന്നുവരണമെങ്കിൽ നിർബ്ബന്ധമായും പ്രഖ്യാപിക്കേണ്ട സത്യസാക്ഷ്യത്തിൻെറ വചനം. മുഴുവൻ നബിമാരും പ്രബോധനം ചെയ്ത അടിസ്ഥാന സന്ദേശം. അല്ലാഹുവിനെ സ്മരിക്കാൻ, പ്രാർത്ഥിക്കാൻ, ആരാധിക്കാൻ ഏറ്റവും ശ്രേഷ്ഠമായ വചനം.
ഭൂലോകത്ത് ആരാധിക്കപ്പെടുന്ന ദൈവങ്ങൾക്ക് കൈയും കണക്കുമില്ല. എല്ലാം അന്യായമായി ആരാധിക്കപ്പെടുന്ന വ്യാജന്മാർ. അവയൊന്നും സൃഷ്ടിക്കുന്നില്ല, ഉടമപ്പെടുത്തുന്നില്ല, നിയന്ത്രിച്ചു പരിപാലിക്കുന്നില്ല. രക്ഷാകത്തൃത്വത്തിൽ അവർക്കൊരു പങ്ക് പോലുമില്ല. അല്ലെങ്കിൽ അതിന് സഹായികളായി നിൽക്കുക പോലും ഉണ്ടായിട്ടില്ല. സ്വതന്ത്രമായ ഒരു ശിപാർശക്കു പോലും അവകാശമില്ലാത്തവർ. സ്വന്തം കാര്യം രക്ഷിച്ചെടുക്കാൻ കഴിയാത്ത ദുർബ്ബലർ. മറിച്ച്, എല്ലാം അവകാശപ്പെട്ടത് അല്ലാഹുവിനു മാത്രം. എങ്കിൽ ന്യായമായും ആരാധിക്കപ്പെടേണ്ടതും അവൻ മാത്രം. അന്യായമായി ആരാധിക്കപ്പെടുന്ന വ്യാജന്മാരെ തീർത്തും നിരാകരിച്ച് അകം ശുദ്ധീകരിക്കുകയും, ആ ഹൃദയ വിശുദ്ധിയിൽ അല്ലാഹുവിനെ മാത്രം റബ്ബും ഇലാഹുമായി സ്ഥാപിക്കുകയും ചെയ്യുക. ശേഷം അവനെ കൂടുതൽ കൂടുതൽ അറിയാൻ ശ്രമിക്കുക. അറിയുന്തോറും അവനോടുള്ള സ്നേഹവും പ്രതീക്ഷയും ഭയവും വർദ്ധിച്ചു കൊണ്ടേയിരിക്കും. അപ്പോൾ എല്ലാ കാര്യങ്ങൾക്കും അവനുമായി ബന്ധപ്പെട്ട്, അവനെ മാത്രം ആശ്രയിച്ച്, അവനിൽ ഭരമേൽപിച്ച് മുന്നോട്ടു പോവുക എന്നത് ഒരു സപര്യയായി മാറും. അവനെ റബ്ബും ഇലാഹുമായി സ്വീകരിക്കുന്ന ഒരാളും പാഴാവുകയില്ല. ഇഹത്തിലോ പരത്തിലോ നഷ്ടകാരികളിൽപ്പെടുകയുമില്ല.
الحي القيوم : ഇതാണ് اسم الله الأعظم എന്നു പറയുന്ന അല്ലാഹുവിൻെറ അതിബൃഹത്തായ നാമം. അൽ ബഖറ 255, ആലു ഇംറാൻ 2, ത്വാഹാ 111 എന്നീ മൂന്നു സൂക്തങ്ങളിലാണ് ഈ നാമം ആവർത്തിച്ചിരിക്കുന്നത്. ഇത് രണ്ടു നാമങ്ങൾ കൂടിച്ചേർന്നതാണ്:
ഒന്നാമത്തേത് الحي എന്നതാണ്. ജീവനുള്ളവൻ, അമരനായവൻ എന്നൊക്കെയാണ് അതിൻെറ സാരം. അല്ലാഹു ജീവനുള്ളവനാണ്. പക്ഷെ അവൻെറ ജീവൻ സൃഷ്ടികളുടേതു പോലെയല്ല. ഇല്ലാതിരുന്ന ഒരു അവസ്ഥയിൽനിന്ന് പിന്നീട് ഉണ്ടായിത്തീർന്നതല്ല. അവൻ ആദിയിലേ ഉള്ളവനാണ്; ഉണ്ടായവനല്ല. അവൻെറ ജീവൻ സൃഷ്ടികളുടേതു പോലെ മറ്റൊന്നിനെ ആശ്രയിക്കുന്നതോ, പിന്നീട് നശിച്ചുപോകുന്നതോ അല്ല. അവൻ അമരനും അന്ത്യമില്ലാത്തവനുമാണ്. അവൻെറ ജീവനു പരിമിതികളില്ല. അത് അപരിമേയവും നിരുപമവുമാണ്. അതിനാൽ ഏതെങ്കിലും ഒരു സൃഷ്ടിയെ കുറിച്ച് ഹയ്യ് എന്നു വിശേഷിപ്പിച്ചാൽ അതു ഭാഷാപരം മാത്രമായിരിക്കും. പൊരുളിൽ രണ്ടും തമ്മിൽ യാതൊരു സാദൃശ്യവുമില്ല. അവ തമ്മിൽ താരതമ്യം പോലും സാധ്യമല്ല. ഈ നാമം അല്ലാഹുവിൻെറ സത്താപരമായ എല്ലാ നാമങ്ങളെയും ഗുണവിശേഷങ്ങളെയും ഉൾക്കൊള്ളുന്നുമുണ്ട്. അവൻ എല്ലാം അറിയുന്നവനാണ് (عَلِيمٌ), എല്ലാം കേൾക്കുന്നവനാണ് (سَمِيعٌ), എല്ലാം കാണുന്നവനാണ് (بَصِيرٌ), എല്ലാറ്റിനും കഴിവുള്ളവനാണ് (قَدِيرٌ) ഇങ്ങനെയുള്ള സത്താപരമായ എല്ലാ നാമങ്ങളെയും, അവയിൽ ഉൾച്ചേർന്നിരിക്കുന്ന ഗുണവിശേഷങ്ങളെയും اَلْحَيُّ എന്ന നാമം ഉൾക്കൊള്ളുന്നു. അത് സത്താപരമായ അവൻെറ പൂർണ്ണതയെ കുറിക്കുന്നു.
അല്ലാഹുവിൻെറ അതിബൃഹത്തായ നാമത്തിൻെറ രണ്ടാം ഭാഗം القيوم എന്നുള്ളതാണ്. സ്വയം നിലനിൽക്കുകയും അതോടൊപ്പം മറ്റുള്ളവരെ നിലനിർത്തുകയും ചെയ്യുന്നവൻ എന്നാണ് അതിൻെറ അർത്ഥം. അല്ലാഹു സ്വയം നിലക്കൊള്ളുന്നവനാണ്. അവൻ ആരെയും ആശ്രയിക്കുന്നില്ല. അവൻെറ നിലനിൽപ് അത്രമേൽ സ്വതന്ത്രമാണ്. അവൻ പരിപൂർണ്ണ നിരാശ്രയനുമാണ്. അതേ സമയം മുഴുവൻ ചരാചരങ്ങളെയും അവൻ സൃഷ്ടിക്കുകയും നിലനിർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. മുഴുസൃഷ്ടികളും അവരുടെ എല്ലാ കാര്യങ്ങൾക്കും അവനെ സദാ ആശ്രയിക്കുന്നു. അവൻ നിലനിർത്തുന്നതു കൊണ്ടു മാത്രമാണ് അവ സൃഷ്ടികളായി അവശേഷിക്കുന്നത്. അവൻെറ ആശ്രയമില്ലാതെ അവയ്‌ക്കൊന്നിനും ഒരു നിമിഷാർദ്ധം പോലും നിലനിൽക്കാനാവില്ല. اَلْقَيُّومُ എന്നത് അവൻെറ കർമ്മപരമായ മുഴുവൻ വിശേഷണങ്ങളെയും ഉൾക്കൊള്ളുന്നു. അത് അവൻെറ അധീശത്വത്തിലുള്ള പൂർണ്ണതയെ സൂചിപ്പിക്കുകയും ചെയ്യുന്നു.
لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ – അവനെ മയക്കമോ ഉറക്കമോ ബാധിക്കുകയില്ല: ഉറക്കം, മയക്കം, വിശ്രാന്തി, വിശ്രമം എന്നതെല്ലാം സൃഷ്ടികളുടെ ഗുണങ്ങളാണ്. സ്രഷ്ടാവായ അല്ലാഹുവിനോട് യോജിക്കുന്നവയല്ല. അതൊന്നും അവനെ പിടികൂടുകയില്ല എന്നത് അവൻെറ സത്താപരമായ പൂർണ്ണതയെയാണ് സൂചിപ്പിക്കുന്നത്. സത്താപരമായ അവൻെറ പൂർണ്ണത മാത്രമല്ല, സൃഷ്ടികളുടെ മേലുള്ള അവൻെറ നിരീക്ഷണവും നിയന്ത്രണവും എത്രമേൽ പൂർണ്ണവും നിശിതവുമാണെന്നതിലേക്കു കൂടി ഇത് വെളിച്ചം വീശുന്നു. നബി ﷺ പറയുന്നത് കാണുക:
عَن أبي مُوسَى قَالَ: قَامَ فِينَا رَسُولُ اللَّهِ ﷺ بِخَمْسِ كَلِمَاتٍ فَقَالَ: إِنَّ اللَّهَ عز وَجل لَا يَنَامُ، وَلَا يَنْبَغِي لَهُ أَنْ يَنَامَ، يَخْفِضُ الْقِسْطَ وَيَرْفَعُهُ، يُرْفَعُ إِلَيْهِ عَمَلُ اللَّيْلِ قَبْلَ عَمَلِ النَّهَارِ، وَعَمَلُ النَّهَارِ قَبْلَ عَمَلِ اللَّيْل، حجابه النُّور. [مسلم في صحيحه]
അബൂ മൂസാ رَضِيَ اللهُ عَنْهُ നിവേദനം. അദ്ദേഹം പറയുന്നു: അഞ്ചു വചനങ്ങളുമായി നബി ﷺ ഞങ്ങളെ അഭിസംബോധന ചെയ്തു. അവിടുന്ന് പറഞ്ഞു: «നിശ്ചയമായും അല്ലാഹു ഉറങ്ങുന്നില്ല; അവന് ഉറങ്ങേണ്ട കാര്യവുമില്ല. അവൻ നീതിയുടെ ത്രാസ് താഴ്‌ത്തുകയും ഉയർത്തുകയും ചെയ്യുന്നു. രാത്രിയിലെ കർമ്മങ്ങൾ പകലിലെ കർമ്മങ്ങൾക്ക് മുമ്പ് അവങ്കലേക്ക് ഉയർത്തപ്പെടുന്നു. പകലിലെ കർമ്മങ്ങൾ രാത്രിയിലെ കർമ്മങ്ങൾക്ക് മുമ്പും അവനിലേക്ക് ഉയർത്തപ്പെടുന്നു. അവൻെറ മറ പ്രകാശമാണ്». [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്]
لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ – ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാം അവൻേറതു മാത്രമാണ്: ആകാശങ്ങൾ ഏഴെണ്ണമുണ്ടെന്ന വസ്തുത ഖുർആനിൽ ഖണ്ഡിതമായി പറഞ്ഞിട്ടുള്ളതാണ്. അതു പോലെ, ഏഴു ഭൂമികളുണ്ടെന്ന കാര്യം ഖുർആനിൽ വ്യംഗ്യമായും [ത്വലാഖ് 12] ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസിൽ വ്യക്തമായും പരാമർശമുണ്ട്. അവയുടെ ഘടനാവിശേഷവും വലിപ്പവുമെല്ലാം മനുഷ്യഭാവനകൾക്കപ്പുറമാണ്. ഉപരിലോകങ്ങളിലുള്ള നിവാസികളുടെ ബാഹുല്യവും വിശേഷണങ്ങളും അവാച്യമാണ്. ഉപരിലോകത്തെ സംബന്ധിച്ച് പ്രമാണങ്ങളിൽ വന്ന പരാമർശങ്ങളുടെ അപാരത വരച്ചു കാണിക്കുക പ്രയാസമാണ്. അത്തരം ഒരു സാഹസികതക്ക് മുതിരുന്നില്ല. മനുഷ്യൻെറ ബോധമണ്ഡലങ്ങളെ പിടിച്ചുലക്കുകയും സ്തബ്ധമാക്കിക്കളയുകയും ചെയ്യുന്ന കാര്യങ്ങളാണ് അവയിലധികവും. രണ്ട് ഉദാഹരണങ്ങൾ മാത്രം ചുണ്ടിക്കാണിക്കാം:
﴿ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ.. ﴾ [المدثر 31]
«നിൻെറ റബ്ബിൻെറ സൈന്യങ്ങളെ കുറിച്ച് അവനല്ലാതെ അറിയുകയില്ല..» [മുദ്ദഥിർ 31]
عن أبي ذر رضي الله عنه عن النبي قال: ما فيها موضع قدر أربع أصابع إلا ملك واضع جبهته ساجدا لله.. [الحاكم في المستدرك والألباني في الصحيحة]
«അവിടെ – ഉപരിലോകത്ത് – നാലു വിരൽ വെക്കാനുള്ള സ്ഥലമുണ്ടെങ്കിൽ അല്ലാഹുവിന് സുജൂദ് ചെയ്യാൻ ഒരു മലക്ക് അവിടെ തൻെറ നെറ്റിത്തടം വെച്ചിട്ടല്ലാതെയില്ല..» [ഹാകിം മുസ്തദ്റകിൽ ഉദ്ധരിച്ചത്, അൽബാനി സ്വഹീഹയിൽ ഉൾപ്പെടുത്തിയത്]
مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ – പ്രത്യേകമായ അനുമതി കൂടാതെ അവൻെറയടുക്കൽ ശിപാർശ ചെയ്യാൻ ആരുണ്ട്: എന്താണ് ശിപാർശ? شَفْعٌ എന്നതിൻെറ ഭാഷാർത്ഥം ഇരട്ട എന്നാണ്. ദോഷം തടുക്കാനോ ഉപകാരം നേടാനോ വേണ്ടി മറ്റൊരാൾ കൂടി ഇടപെട്ടു സംസാരിക്കുന്നതാണ് ശിപാർശ. ആവശ്യക്കാരനു പുറമെ മറ്റൊരാൾ കൂടി അല്ലാഹുവിനോട് അപേക്ഷിക്കുന്നതിനാണ് ഇവിടെ ശിപാർശ എന്ന് പറയുന്നത്. അന്ത്യനാളിൽ വിചാരണ തുടങ്ങാൻ മുഹമ്മദ് നബി ﷺ അല്ലാഹുവിനോട് അവൻെറ അനുമതി പ്രകാരം പ്രാർത്ഥിക്കുന്നു. ഇത് ദോഷം ഒഴിവാക്കാൻ വേണ്ടിയുള്ള ശിപാർശയാണ്. സ്വർഗ്ഗം വിധിക്കപ്പെട്ടവർക്കു വേണ്ടി അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ നബി ﷺ നടത്തുന്ന ശിപാർശ ഉപകാരം നേടുന്നതിനു വേണ്ടിയുള്ളതാണ്.
അല്ലാഹുവിൻെറ അടുക്കൽ സ്വതന്ത്രമായി ശിപാർശ പറയാൻ ആർക്കും കഴിയില്ല. അവൻെറ പ്രത്യേകമായ അനുമതി പ്രകാരം മാത്രമേ ആർക്കും ശിപാർശ പറയാൻ കഴിയൂ. ശിപാർശയുടെ അധികാരം പൂർണ്ണമായും അവനു മാത്രമാണ്. യഥാർത്ഥത്തിൽ, അല്ലാഹു ഇഷ്ടപ്പെടുന്ന ദാസന്മാർക്ക് അവൻ നൽകുന്ന ഒരു ആദരമാണ് ശിപാർശ. ആർക്ക്, ആരുടെ കാര്യത്തിൽ, എന്ത് ശിപാർശ പറയാം എന്നത് അല്ലാഹുവിൻെറ തീരുമാനമാണ്. അതു കൊണ്ടാണ് ശിപാർശ മുഴുവനും അല്ലാഹുവിന്നാണ് എന്ന് പറയുന്നത്. അവൻ പറയുന്നത് കാണുക:
﴿ قُل لِّلَّهِ الشَّفَاعَةُ جَمِيعًا لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ثُمَّ إِلَيْهِ تُرْجَعُونَ ﴾ [الزمر 44]
«പറയുക: അല്ലാഹുവിന്ന് മാത്രമാകുന്നു ശിപാര്‍ശ മുഴുവനും. അവന്നാണ് ആകാശ ഭൂമികളുടെ സർവ്വാധിപത്യവും. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും». [സുമർ 44]
﴿ يَوْمَئِذٍ لَّا تَنفَعُ الشَّفَاعَةُ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَرَضِيَ لَهُ قَوْلًا ﴾ [طه 109]
«അന്നേ ദിവസം, മുഴുവൻ കാരുണ്യത്തിൻെറയും ഉടമയായ റഹ്‌മാൻ ആർക്ക് അനുമതി നല്‍കുകയും, ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ ശിപാര്‍ശ പ്രയോജനപ്പെടുകയില്ല». [ത്വാഹാ 109]
അല്ലാഹുവിൻെറ സമീപസ്ഥരായ നബിമാർ, മലക്കുകൾ, സ്വാലിഹുകൾ പോലുള്ളവർക്ക് അവൻ പ്രത്യേകമായി അനുവാദം നൽകിയാൽ, അവൻ തൃപ്തി അറിയിച്ച കാര്യത്തിൽ മാത്രം ശിപാർശ ചെയ്യാൻ കഴിയും. അല്ലാതെ, സ്വതന്ത്രമായി ശിപാർശ ചെയ്യാൻ കഴിയുന്ന ആരുമില്ല. അവർ ശിപാർശ പറയുന്ന കാര്യം അല്ലാഹു തൃപ്തിപ്പെട്ട് അംഗീകരിച്ചതായിരിക്കണം. അവർ ഉദ്ദേശിക്കുന്ന കാര്യങ്ങളിലെല്ലാം ഇഷ്ടം പോലെ ശിപാർശ ചെയ്യാൻ അവർക്കാവില്ല. ഈ രണ്ടു കാര്യവും മേൽ സൂക്തത്തിൽ സുതരാം വ്യക്തമാക്കുന്നു. താഴെ കൊടുക്കുന്ന സൂക്തത്തിലുള്ളത്, ആരുടെ കാര്യത്തിൽ ശിപാർശ ചെയ്യാമെന്നത് അല്ലാഹുവാണ് നിശ്ചയിക്കുന്നത്, അവൻ തൃപ്തിപ്പെടാത്തവരുടെ കാര്യത്തിൽ ആർക്കും ശിപാർശ ചെയ്യാനാവില്ല.
﴿ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ ﴾ [الأنبياء 28]
«അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശിപാര്‍ശ പറയുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ ആശങ്കയിലുമാണ്». [അൻബിയാഅ് 28]
അല്ലാഹുവിൻെറ ആധിപത്യത്തിൻെറ പൂർണ്ണതയാണ് ഈ ഭാഗം അനാവരണം ചെയ്യുന്നത്. പ്രത്യേകമായ അനുമതി കൂടാതെ അവൻെറയടുക്കൽ ആർക്കും ശിപാർശ പോലും ചെയ്യാനാവില്ല എന്നു പറയുമ്പോൾ അവൻെറ ആധിപത്യം ഏതു നിലയിലുള്ളതാണെന്ന് ആലോചിച്ചു നോക്കൂ. അതു തന്നെ അവൻ തൃപ്തിപ്പെട്ടവരുടെ കാര്യത്തിലും അവൻ അനുവദിക്കുന്ന വിഷയത്തിലും മാത്രം!!
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ – അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതും അവന്‍ അറിയുന്നു: അല്ലാഹുവിൻെറ സത്താപരമായ ഒരു ഗുണവിശേഷമാണ് അറിവ്. അവൻ ദൃശ്യവും അദൃശ്യവും, മറഞ്ഞതും തെളിഞ്ഞതും എല്ലാം അറിയുന്നവനാണ്. വർണ്ണനകൾക്കു വഴങ്ങാത്ത അതിവിപുലമായ സൃഷ്ടി പ്രപഞ്ചത്തിൻെറ കാര്യങ്ങൾ മൊത്തമായും സൂക്ഷ്മമായും അവൻ അറിയുന്നു. നടന്നു കൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതും വരാനിരിക്കുന്നതും എല്ലാം അവനെ സംബന്ധിച്ചിടത്തോളം വ്യക്തവും സൂക്ഷ്മവുമായ അറിവാണ്. സ്ഥലകാലങ്ങളും ത്രിമാനങ്ങളും സൃഷ്ടികളുടെ മേൽ അടിച്ചേൽപിക്കുന്ന പരിമിതികൾ ഒന്നും തന്നെ അവയുടെ സ്രഷ്ടാവായ അല്ലാഹുവിന് ബാധകമല്ല. സൃഷ്ടികൾക്ക് കഴിഞ്ഞതെല്ലാം ഓർമ്മകളാണ്. വരാനിരിക്കുന്നത് പ്രതീക്ഷകളോ ഉത്ക്കണ്ഠകളോ ആണ്. നടന്നുകൊണ്ടിരിക്കുന്നത് മാത്രം അനുഭവങ്ങളും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എല്ലാം സമ്പൂർണ്ണമായ അറിവാണ്. അവൻ അറിവു കൊണ്ടും കഴിവു കൊണ്ടും സകലതിനെയും ചൂഴ്‌ന്നു നിൽക്കുന്നു. അവൻ പറയുന്നത് കാണുക:
﴿ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴾ [الأنعام 59]
«അവൻെറ പക്കലാകുന്നു അദൃശ്യങ്ങളുടെ ഖജനാവുകള്‍; അവനല്ലാതെ അവയെ കുറിച്ച് അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയുടെ ഇരുട്ടുകള്‍ക്കുള്ളിലെ ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ യാതൊരു വസ്തുവുമാകട്ടെ, വ്യക്തമായ ഒരു ഗ്രന്ഥത്തിൽ എഴുതപ്പെടാതെ പോയിട്ടില്ല». [അൻആം 59]
ചുരുക്കത്തിൽ, അല്ലാഹുവിൻെറ അറിവ് അപാരമാണ്. അത് പൂർണ്ണവും സമഗ്രവും കൃത്യവും സൂക്ഷ്മവുമാണ്. അതിന് തുടക്കമോ ഒടുക്കമോ ഇല്ല. അതിൻെറ ആഴവും പരപ്പും മനുഷ്യ ഭാവനക്ക് വഴങ്ങുന്നതല്ല. ഒരു ഭാഷക്കും അതിനെ കുറിച്ച് കൃത്യമായി ആവിഷ്‌കരിക്കാനുമാവില്ല.
وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ – അല്ലാഹുവിൻെറ അറിവില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നതല്ലാതെ യാതൊന്നും സൃഷ്ടികൾക്ക് അറിയാൻ കഴിയില്ല: മനുഷ്യരുടെ ഗ്രാഹ്യശേഷിക്കു തന്നെ ധാരാളം പരിമിതികളുണ്ട്. അവർക്ക് എല്ലാം ഗ്രഹിക്കാനുള്ള കഴിവ് നൽകപ്പെട്ടിട്ടില്ല. കൂടാതെ അവർക്ക് നൽകപ്പെട്ട അറിവ് വളരെ തുഛവും ആപേക്ഷികവുമാണ്. അത് തുടക്കവും ഒടുക്കവുമുള്ള പരിമിതമായ അറിവാണ്. അത് സ്വതന്ത്രമോ നിരപേക്ഷമോ അല്ല. അവൻ അറിയിച്ചു തന്നതല്ലാതെ മറ്റൊന്നും അറിയാൻ സൃഷ്ടികൾക്ക് മാർഗ്ഗമില്ല. അറിയിച്ചു തന്നതോ വളരെ തുഛവും. അല്ലാഹു പറയുന്നു:
﴿ وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا ﴾ [الإسراء 85]
«ആത്മാവിനെ കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. പറയുക: ആത്മാവ് എൻെറ റബ്ബിൻെറ കാര്യത്തില്‍പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല». [ഇസ്‌റാഅ് 85]
ഓരോ മനുഷ്യനും ആത്മാവുണ്ട്. പക്ഷെ, എന്താണ് ആത്മാവ്? ഒരാൾക്കുമറിയില്ല. അറിയില്ല എന്നതു പോകട്ടെ, അതിനെ കുറിച്ച് പറഞ്ഞു തന്നാൽ അത് മനസ്സിലാക്കാനുള്ള ഗ്രാഹ്യശേഷി പോലും മനുഷ്യനില്ല. ബുദ്ധിക്കും ഭാവനക്കും ബന്ധപ്പെടുത്താൻ പ്രാഗ്‌രൂപമോ മുൻമാതൃകയോ ഇല്ലാത്ത കാര്യങ്ങളിൽ അവൻ അന്ധാളിച്ചു പോകുന്നു. സ്വന്തം ആത്മാവിൻെറ കാര്യം ഇങ്ങനെയാണെങ്കിൽ അദൃശ്യ ലോകത്തെ സ്ഥിതിവിശേഷങ്ങളെ കുറിച്ച് പറയാനുണ്ടോ? അതിനുമപ്പുറമല്ലേ അല്ലാഹുവിൻെറ സത്താപരവും അല്ലാത്തതുമായ കാര്യങ്ങൾ? അറിവിൻെറയും കഴിവിൻെറയും കൊടുമുടികൾ കീഴടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ തൻെറ പരിമിതികളെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചാൽ അവൻ സ്വയം ചീറ്റിപ്പോകുന്നത് എത്ര ദയനീയമായിട്ടായിരിക്കും?! പക്ഷെ, നാം ഒന്ന് മനസ്സിലാക്കുക. അല്ലാഹു അറിവ് നൽകിയ നല്ല ദാസന്മാർ ഒരിക്കലും അഹങ്കരിക്കുകയില്ല. അറിവിനനുസരിച്ച് വിനയം വർദ്ധിക്കുയും, അങ്ങനെ അവൻെറ മുന്നിൽ അവർ താണു വണങ്ങുകയുമാണ് ചെയ്യുക. അത്തരക്കാർക്ക് അല്ലാഹു ഉയർച്ച നൽകും. അവർ അല്ലാഹുവിൻെറ മഹത്വത്തെ സദാ വാഴ്ത്തുകയും ചെയ്യും. അല്ലാഹു പറയുന്നത് കാണുക:
﴿ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ ﴾ [يوسف 76]
«നാം ഉദ്ദേശിക്കുന്നവരെ പല പദവികളിലായി നാം ഉയര്‍ത്തും. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്». [യൂസുഫ് 76]
وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ – അവൻെറ കുർസിയ്യ് ആകാശഭൂമികളെ മുഴുവനും ഉൾക്കൊള്ളാൻ വിശാലമായിരിക്കുന്നു: കുർസിയ്യിനെ കുറിച്ചും അതിൻെറ വലിപ്പത്തെ സംബന്ധിച്ചുമാണല്ലോ ഇവിടെ പരാമർശിക്കുന്നത്. അത് അദൃശ്യലോകത്തെ കാര്യങ്ങളിൽപെട്ടതാണ്. അതിനാൽ അല്ലാഹുവോ അവൻെറ ദൂതനോ അറിയിച്ചു തന്നതല്ലാതെ മറ്റൊന്നും നമുക്ക് അതിനെ കുറിച്ച് അറിയാൻ നിർവ്വാഹമില്ല. വഹ്‌യിലൂടെ ലഭിച്ച കാര്യം അതേപടി സ്വീകരിക്കുക. അത് സത്യപ്പെടുത്തുക. അതിൽ വിശ്വാസം രേഖപ്പെടുത്തുക. വഹ്‌യിൽ പറയാത്ത യാതൊന്നും സ്വന്തമായി നിരൂപിക്കാതിരിക്കുക. ഇതാണ് ഇത്തരം കാര്യങ്ങളിലുള്ള സലഫുകളുടെ രീതി.
എന്താണ് കുർസിയ്യ് എന്നതു സംബന്ധിച്ച് ഈ സമുദായത്തിലെ അഗ്രേസരനായ പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا പറഞ്ഞത് അല്ലാഹുവിൻെറ ഇരു പാദങ്ങളുടെയും സ്ഥാനം എന്നാണ്. അക്കാര്യം നാം മുകളിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിലപ്പുറം മറ്റൊന്നും വഹ്‌യിലൂടെ നമുക്ക് കിട്ടിയിട്ടില്ല. അതിൽ മതിയാക്കുകയും അപ്പുറത്തേക്ക് കടന്നു ചിന്തിക്കാതിരിക്കുകയും ചെയ്യുക. അതാണ് സലഫുകൾ കാണിച്ചുതന്ന മാതൃക. എന്നാൽ അതിൻെറ വലിപ്പത്തെ കുറിച്ച് നബി ﷺ യിൽനിന്ന് സ്ഥിരപ്പെട്ട ഒരു റിപ്പോർട്ട് വന്നിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം:
عَنْ أبِي ذرٍّ الْغِفَّارِي رَضِيَ اللهُ عَنْهُ عَنْ النبِيِّ قال: ما السموات السبع في الكرسي إلا كحلقة ملقاة بأرض فلاة، وفضل العرش على الكرسي كفضل تلك الفلاة على تلك الحلقة. [محمد بن أبي شيبة في كتاب العرش، وصححه الألباني]
അബൂ ദർ അൽ ഗിഫ്ഫാരി رَضِيَ اللهُ عَنْهُ നബി ﷺ യെ ഉദ്ധരിച്ചു കൊണ്ട് പറയുന്നു: «കുർസിയ്യിനകത്തെ ഏഴാകാശങ്ങൾ ഒരു മണലാരണ്യത്തിൽ കിടക്കുന്ന വട്ടക്കണ്ണിപോലെ മാത്രമാണ്. അർശിന് കുർസിയ്യിനു മേലുള്ള മികവ് ആ വട്ടക്കണ്ണിയുടെമേൽ ആ മണലാരണ്യത്തിനുള്ള മികവ് പോലെയും». [മുഹമ്മദ് ബിൻ അബീ ശൈബഃ കിതാബുൽ അർശിൽ ഉദ്ധരിച്ചത്]
നമുക്ക് ലഭ്യമായിട്ടുള്ള രേഖകളനുസരിച്ച് സൃഷ്ടികളിൽ ഏറ്റവും വലുതും ഏറ്റവും മുകളിലുള്ളതും അർശാണ്. അതിനും ഉപരിയിലാണ് അല്ലാഹു. കുർസിയ്യ് അർശിൻെറയും താഴെയാണ്. കുർസിയ്യിനും താഴെയാണ് ഏഴാകാശങ്ങൾ.അവക്കിടയിൽ മറ്റൊന്നുമില്ലെന്ന് തെറ്റിദ്ധരിക്കരുത്. അവ തമ്മിലുള്ള വലിപ്പ വ്യത്യാസത്തിൻെറ അനുപാതമാണ് മുകളിൽ കൊടുത്ത ഹദീസിലുള്ളത്. അത് കേൾക്കുക, സത്യപ്പെടുത്തുക, വിശ്വസിക്കുക, അതിനു സർവഥാ കീഴ്‌പ്പെടുക എന്നതല്ലാതെ മറ്റൊന്നും നമുക്ക് കരണീയമല്ല. അനന്തം, അപാരം എന്നു പറയാനല്ലാതെ അതിൻെറ കൃത്യമായ ഒരു ചിത്രം നമുക്ക് ഭാവനയിൽ കൊണ്ടുവരാൻ പോലും സാധ്യമല്ല. അത് മനുഷ്യ ബുദ്ധിയുടെയും ഭാവനയുടെയും പരിമിതിയാണ്.
وَلَا يَئُودُهُ حِفْظُهُمَا – അവയെ സംരക്ഷിക്കുക അവന്ന് ഒട്ടും ഭാരമുള്ളതല്ല: അല്ലാഹുവിൻെറ അർശ് – ഏറ്റവും വലുതും അവസാനത്തേതുമായ സൃഷ്ടി, പിന്നെ കുർസിയ്യ്. അതിനു താഴെ ഒന്നിനു മീതെ മറ്റൊന്നായി ഏഴാകാശങ്ങൾ. അതിനു താഴെ സമാനമായ ഏഴു ഭൂമികൾ. അവയുടെ വലിപ്പവും മഹത്വവും അവാച്യമാണ്. മനുഷ്യഭാവനക്ക് അതീതമാണ്. അവ തമ്മിലുള്ള വലിപ്പ വ്യത്യാസത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഹദീസും നാം കണ്ടു. അങ്ങനെ ഉപരിലോകങ്ങളിലും കീഴ്‌ലോകങ്ങളിലും അവക്കിടയിലും അല്ലാഹു വിന്യസിച്ചിരിക്കുന്ന ജീവീയവും അജീവീയവും, ദൃശ്യവും അദൃശ്യവും, സൂക്ഷ്മവും സ്ഥൂലവും, ഗോചരവും അഗോചരവും ആയ വസ്തുക്കൾ, വസ്തുതകൾ.. അവയെ എല്ലാം അല്ലാഹു സംരക്ഷിച്ച് നിർത്തുകയും നിയന്ത്രിച്ച് പരിപാലിക്കുകയും ചെയ്യുന്നു. ഘോര വനാന്തരങ്ങളിൽ എവിടെയെങ്ങാനും ഒരു ഇല പഴുത്തു ചാടിയാൽ, സമുദ്രാന്തർഭാഗങ്ങളിൽനിന്ന് ഒരു കുമിള പൊങ്ങി പൊലിഞ്ഞു പോയാൽ അതെല്ലാം അവൻെറ അറിവിനും നിയന്ത്രണത്തിനും ആസൂത്രണത്തിനും ഉദ്ദേശത്തിനും അനുസരിച്ച് മാത്രമായിരിക്കും. അവനല്ലാതെ ആർക്ക് അവയെ സംരക്ഷിച്ച് നിർത്താൻ കഴിയും?!
﴿ إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَن تَزُولَا وَلَئِن زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّن بَعْدِهِ ۚ إِنَّهُ كَانَ حَلِيمًا غَفُورًا ﴾ [فاطر 41]
«നിശ്ചയമായും അല്ലാഹുവാണ് ആകാശങ്ങളെയും ഭൂമിയെയും നീങ്ങിപ്പോകാതെ പിടിച്ചു നിര്‍ത്തുന്നത്. അവ നീങ്ങിപ്പോകുകയാണെങ്കില്‍ അവനു പുറമെ യാതൊരാള്‍ക്കും അവയെ പിടിച്ചു നിര്‍ത്താനാവില്ല. തീര്‍ച്ചയായും അവന്‍ ഏറെ സഹിക്കുന്നവനും പൊറുക്കുന്നവനുമാകുന്നു». [ഫാത്വിർ 41]
وَهُوَ الْعَلِيُّ – അവന്‍ ഉന്നതനാണ്: അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളിൽപെട്ടതാണ് الْعَلِيُّ എന്നത്. ഉന്നതൻ എന്നാണ് അതിൻെറ ഭാഷാർത്ഥം. അതിൽ ഉൾച്ചേർന്നിരിക്കുന്ന പൂർണ്ണതയുടെയും സൗന്ദര്യത്തിൻെറയും ഗുണവിശേഷം ഔന്നത്യം എന്നുള്ളതും. അവൻ സത്താപരമായും ഗുണപരമായും ഏറ്റവും ഉന്നതനാണ് എന്ന യാഥാർത്ഥ്യത്തെയാണത് തെളിയിച്ചു കാണിക്കുന്നത്.
അല്ലാഹു സത്താപരമായി ഉന്നതനാണെന്നു പറഞ്ഞാൽ അതിൻെറ വിവക്ഷ അവൻ സൃഷ്ടികൾക്ക് അതീതനാണ്. മുഴുസൃഷ്ടികൾക്കും മുകളിൽ, ഉയരങ്ങൾക്കെല്ലാം മീതെ, അർശിൻെറയും ഉപരിയിലാണ് എന്നാണ്. അല്ലാതെ, ചില പിഴച്ച കക്ഷികളും മറ്റു ചില മതസ്ഥരും കരുതുന്നതുപോലെ അവൻ സൃഷ്ടികളിൽ വിലയം പ്രാപിച്ച് കിടക്കുന്ന സർവ്വവ്യാപിയായ ഒരു ആശയമല്ല. അവൻ സൃഷ്ടികളുമായി കൂടിക്കലർന്നു നിൽക്കുന്നവനുമല്ല. എന്നാൽ അറിവു കൊണ്ടും കഴിവു കൊണ്ടും അധികാരം കൊണ്ടുമാണ് അവൻ മുഴുവൻ സൃഷ്ടികളെയും ചൂഴ്ന്നുനിൽക്കുന്നത്. സത്താപരമായി അവൻ ഉപരിയിലാണെന്ന കാര്യം ഖുർആനിലും സുന്നത്തിലുമുള്ള ആയിരത്തിലധികം രേഖകളിൽ സ്ഥിരപ്പെട്ടതാണ്. അതിൽ മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു. കളങ്കപ്പെടാത്ത മനുഷ്യബുദ്ധിക്ക് അത് മാത്രമേ അംഗീകരിക്കാനും സാധിക്കുകയുള്ളു. മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ ശുദ്ധപ്രകൃതി തേടുന്ന അദമ്യമായ തേട്ടവും അപരിഹാര്യതയും കൂടിയാണത്. അല്ലാഹു പറയുന്നത് കാണുക:
﴿ الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ ۞ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَىٰ ﴾ [طه 5-6]
«മുഴുവൻ കാരുണ്യത്തിനും ഉടമയായ അല്ലാഹു അർശിൻെറയും ഉപരിയിലായിരിക്കുന്നു. അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം». [ത്വാഹാ 5-6]
﴿ أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ﴾ [ملك 16]
«ഉപരിയിലുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞു കൊണ്ടിരിക്കും». [മുൽക് 16]
ഗുണപരമായും ആശയപരമായുമുള്ള അല്ലാഹുവിൻെറ ഔന്നത്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് അവൻെറ ഗുണവിശേഷങ്ങൾ ഏറ്റവും ഉന്നതവും പരിപൂർണ്ണവുമാണ്, അതിനപ്പുറം ഒരു ഔന്നത്യമോ പൂർണ്ണതയോ ഇല്ല എന്നാണ്. ഗുണവിശേഷങ്ങൾ കൊണ്ടും കഴിവുകൾ കൊണ്ടും അത്രയും ഉന്നതിയിലും പൂർണ്ണതയിലും എത്താൻ അവനല്ലാതെ മറ്റാർക്കുമാവില്ല. അല്ലാഹു പറയുന്നത് കാണുക.
﴿وَلَهُ الْمَثَلُ الْأَعْلَىٰ فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ﴾ [الروم 27]
«ഏറ്റവും ഉന്നതമായ ഗുണവിശേഷങ്ങൾ അവനുള്ളതാകുന്നു. അവന്‍ അജയ്യനും സൂക്ഷ്മജ്ഞാനിയായ അധികാരസ്ഥനുമാണ്». [റൂം 27]
الْعَظِيمُ – അവൻ വലിയവനാണ്: الْعَظِيمُ എന്നതും അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളിൽപെട്ടതാണ്. വലിയവൻ, മഹത്വമുള്ളവൻ എന്നൊക്കെയാണ് അതിൻെറ ഭാഷാർത്ഥം.
അല്ലാഹുവിൻെറ വലിപ്പത്തിനും മഹത്വത്തിനും ഭൗതികമായ മാനങ്ങൾക്കപ്പുറം ധാരാളം അർത്ഥങ്ങളും തലങ്ങളുമുണ്ട്. അവയെ പൂർണ്ണമായി ഗ്രഹിക്കാനുള്ള ബൗദ്ധികക്ഷമത മനുഷ്യനു നൽകപ്പെട്ടിട്ടില്ല. അവയെല്ലാം സ്പർശിക്കാനുള്ള ഭാഷാശേഷിയും അവനില്ല.
അല്ലാഹുവിൻെറ മഹത്വത്തിലും വലിപ്പത്തിലും ഉയർന്നു നിൽക്കുന്നത് അവൻെറ ഏകത്വം തന്നെയാണ്. അല്ലാഹുവിനെ മഹത്വപ്പെടുത്തുക എന്നാൽ അവൻെറ ഏകത്വം ഉയർത്തിപ്പിടിക്കുക എന്നാണർത്ഥം. അവൻെറ മഹത്വവും വലിപ്പവും അവനു മാത്രം അവകാശപ്പെട്ടതാണ്. അത്രയും വലിയവനും മഹാനുമായി ആരുമില്ല. വലിപ്പം കൊണ്ടും മഹത്വം കൊണ്ടും അവൻ ഏകനും അതുല്യനുമായിരിക്കുന്നു.
﴿هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ﴾ (الحديد 3)
«അവൻ ആദിയും അന്തിമനും ഉപരിയിലുള്ളവനും ഉള്ളായവനുമാണ്. അവൻ സർവ്വ കാര്യങ്ങളെ കുറിച്ചും സൂക്ഷ്മജ്ഞനുമാണ്». (ഹദീദ് 3)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ ﷺ، كَانَ يَدْعُو عِنْدَ النَّوْمِ: اللَّهُمَّ رَبَّ السَّماوَاتِ السَّبْعِ، وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، مُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْقُرْآنِ، فَالِقَ الْحَبِّ وَالنَّوَى، لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، أَنْتَ الْأَوَّلُ لَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ لَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ لَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ لَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ، وَأَغْنِنَا مِنَ الْفَقْرِ. [أحمد في مسنده وصححه الألباني]
അബൂ ഹുറെയ്റഃ رضي الله عنه നിവേദനം. നബി ﷺ ഉറങ്ങാൻ പോകുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
«ഏഴാകാശങ്ങളുടെയും റബ്ബേ, മഹത്തായ അർശിൻെറ റബ്ബേ, ഞങ്ങളുടെ റബ്ബേ, സർവ്വചരാചരങ്ങളുടെയും റബ്ബേ, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ച (റബ്ബേ), ധാന്യമണിയും വിത്തും പിളർക്കുന്ന (റബ്ബേ),
നീ അല്ലാതെ ന്യായമായി ആരാധിക്കപ്പെടേണ്ടവനായി ആരുമേ ഇല്ല. ഏതൊന്നിൻെറയെല്ലാം കുടുമ നീ പിടിച്ചിരിക്കുന്നുവോ അവയുടെയെല്ലാം ദോഷങ്ങളിൽനിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.
നീ ആദിയാണ്, നിനക്ക് മുമ്പ് ഒന്നുമില്ല. നീ അന്തിമനാണ്, നിനക്ക് ശേഷം ഒന്നുമേ ഇല്ല. നീ മീതെയുള്ളവനാണ്, നിനക്കുപരിയിൽ ഒന്നുമില്ല. നീ ഉള്ളായവനാണ്, നിന്നെക്കാൾ അടുത്തവനായി ആരുമില്ല.
ഞങ്ങളുടെ ഋണബാധ്യതകൾ നീ തീർത്തു തരികയും, ദാരിദ്ര്യത്തിൽനിന്ന് ഞങ്ങൾക്ക് നീ ഐശ്വര്യമേകുകയും ചെയ്യണേ».] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)
മുകളിൽ കൊടുത്ത ഖുർആൻ സൂക്തവും നബിവചനവും തെര്യപ്പെടുത്തുന്നത് അല്ലാഹു സ്ഥലകാലങ്ങളെയാകമാനം ചൂഴ്ന്നുനിൽക്കുന്നു എന്നാണ്. സ്ഥലവും കാലവും അവൻെറ രണ്ടു സൃഷ്ടികൾ മാത്രം. അവയെ മാത്രമല്ല മുഴു സൃഷ്ടികളെയും അവൻ ചൂഴ്ന്നുനിൽക്കുന്നു എന്നതാണു സത്യം. അവ ദൃശ്യാദൃശ്യ പ്രപഞ്ചങ്ങളോ, അവയിലുള്ള വസ്തുക്കളോ വസ്തുതകളോ പ്രതിഭാസങ്ങളോ എന്തുമായിക്കൊള്ളട്ടെ, അവൻ സമസ്ത സൃഷ്ടികളെയും ചൂഴ്ന്നുനിൽക്കുന്നു. അവൻെറ അറിവും കഴിവും നിയന്ത്രണവും അധീശത്വവും എല്ലാറ്റിനെയും വലയം ചെയ്തിരിക്കുന്നു.
﴿ أَلَا إِنَّهُمْ فِي مِرْيَةٍ مِّن لِّقَاءِ رَبِّهِمْ أَلَا إِنَّهُ بِكُلِّ شَيْءٍ مُّحِيطٌ ﴾ (فصلت 54)
«അറിയുക! അവരുടെ റബ്ബിനെ കണ്ടുമുട്ടുമോ എന്ന സംശയത്തിലാണവർ. ശ്രദ്ധിക്കുക! അവൻ എല്ലാറ്റിനെയും ചൂഴ്ന്നുനിൽക്കുന്നവനാണ്». (ഫുസ്സ്വിലത് 54)
﴿ إِنَّمَا إِلَٰهُكُمُ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ وَسِعَ كُلَّ شَيْءٍ عِلْمًا ﴾ (طه 98)
«നിങ്ങൾ ന്യായമായും ആരാധിക്കേണ്ടവൻ അല്ലാഹു മാത്രമാണ്. അവനല്ലാതെ നിങ്ങൾക്ക് ഒരു ആരാധ്യനുമില്ല. അറിവിനാൽ അവൻ എല്ലാറ്റിനെയും ചൂഴ്‌ന്നു നിൽക്കുന്നു». (ത്വാഹാ 98)
അവൻ എല്ലാറ്റിനെയും ചൂഴ്‌ന്നുനിൽക്കുന്നു; എന്നാൽ അവൻ സൃഷ്ടികളിൽ വ്യാപിച്ചു കിടക്കുന്നവനല്ല. മറിച്ച്, സൃഷ്ടികൾക്കതീതനും സൃഷ്ടികൾക്കെല്ലാം ഉപരിയിലുമാണവൻ. ചൂഴ്‌ന്നുനിൽക്കുക (إِحَاطَة) എന്ന പരാമർശത്തെ അദ്വൈതത്തിലേക്കോ, സർവ്വവ്യാപിയെന്ന തെറ്റായ സങ്കൽപത്തിലേക്കോ വഴിമാറ്റിക്കളയരുത്. അവൻ എല്ലാറ്റിനെയും ചൂഴ്‌ന്നുനിൽക്കുന്നത് അവൻെറ അറിവ്, കഴിവ്, ഉടമസ്ഥത, അധികാരം, നിയന്ത്രണം ഇത്യാദി ഗുണങ്ങളിലൂടെയാണ്. الْعَظِيمُ എന്ന നാമം അവൻെറ ഏകത്വം ഉയർത്തിപ്പിടിക്കുകയും, അവൻെറ മഹത്വവും വലിപ്പവും വരച്ചുകാണിക്കുകയും ചെയ്യുന്നു.
ആയത്തുൽ കുർസിയ്യിലെ മുഖ്യ പ്രതിപാദ്യ വിഷയം അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളും ഉന്നതമായ ഗുണവിശേഷങ്ങളുമാണ്. തൻെറ അടിയാറുകൾക്ക് അല്ലാഹുവിനെ അറിയാനും മനസ്സിലാക്കാനുമുള്ള ഏറ്റവും നല്ല മാർഗ്ഗം അവൻെറ നാമ ഗുണവിശേഷങ്ങൾ പഠിക്കുക എന്നതു തന്നെയാണ്. ശൈഖ് ഉഥൈമീൻ رَحِمَهُ الله ആയത്തുൽ കുർസിയ്യിനെ കുറിച്ച് പറയുന്നത് കാണുക:
وهذه الآية تتضمن من أسماء الله خمسة وهي: الله، الحي، القيوم، العلي، العظيم، وتتضمن من صفات الله ستاً وعشرين صفة. [محمد بن صالح العثيمين في شرح العقيدة الواسطية]
ഈ സൂക്തം അല്ലാഹുവിൻെറ അഞ്ചു നാമങ്ങൾ ഉൾക്കൊള്ളുന്നു. അവ:
الله - അല്ലാഹു الحي - അൽ ഹയ്യ് القيوم - അൽ ഖയ്യൂം العلي - അൽ അലിയ്യ് العظيم - അൽ അള്വീം
എന്നിവയാണ്. കൂടാതെ, അല്ലാഹുവിൻെറ ഗുണവിശേഷങ്ങളിൽപെട്ട ഇരുപത്തിയാറ് സ്വിഫാതുകളും അതിലുണ്ട്. [ഇബ്‌നു ഉഥൈമീൻ ശർഹുൽ അഖീദത്തിൽ വാസ്വിത്വിയ്യയിൽ രേഖപ്പെടുത്തിയത്]
ആയത്തുൽ കുർസിയ്യിൽ പരാമർശിച്ചിട്ടുള്ള ഇരുപതിൽപരം ഗുണവിശേഷങ്ങളിൽ ചിലതു മാത്രം പരിശോധിക്കാം.
1- ഉലൂഹിയ്യഃ അഥവാ ന്യായമായും ആരാധിക്കപ്പെടാനുള്ള അല്ലാഹുവിൻെറ അർഹത. ഇതാണ് ഈ സൂക്തത്തിൽ പരാമർശിച്ച ഒന്നാമത്തെ ഗുണവിശേഷം. അല്ലാഹു എന്ന നാമത്തിൽ തന്നെ അത് ഉൾച്ചേർന്നിരിക്കുന്നു.
2- മുഴുസൃഷ്ടികളുടെയും ആരാധന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ് – اِنْفِرَادُ اللهِ بِالْأُلُوهِيَّةِ – എന്ന ഗുണവിശേഷം. لَا إِلَهَ إِلَّا هُوَ എന്ന വാചകത്തിലാണ് ഈ സ്വിഫത് ഉൾക്കൊണ്ടിരിക്കുന്നത്.
3- ജീവൻ എന്ന ഗുണവിശേഷം. اَلْحَيُّ എന്ന നാമത്തിലാണ് ഈ സ്വിഫത് ഉൾച്ചേർന്നിരിക്കുന്നത്.
4- സ്വയം നിലനിൽക്കുകയും അതോടൊപ്പം മറ്റുള്ളവയെ എല്ലാം നിലനിർത്തുകയും ചെയ്യുക എന്ന ഗുണവിശേഷം. اَلْقَيُّومُ എന്ന നാമത്തിലാണ് ഇത് ഉൾച്ചേർന്നിരിക്കുന്നത്.
5- മയക്കവും ഉറക്കവും പിടികൂടാത്തവൻ. لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ എന്ന വാചകത്തിലാണ് അല്ലാഹുവിൻെറ സത്താപരമായ പൂർണ്ണതയെ കുറിക്കുന്ന ഈ സ്വിഫത് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
6- അല്ലാഹുവിൻെറ പൂർണ്ണവും സമഗ്രവുമായ ആധിപത്യം. ഏഴാകാശങ്ങൾ, ഏഴു ഭൂമികൾ, ഉപരിലോകങ്ങൾ, കീഴ്‌ലോകങ്ങൾ, അവയിലുള്ളവ, അവക്കിടയിലുള്ളവ.. അങ്ങനെ എല്ലാമെല്ലാം അവൻെറതാണ്. അവയിൽ അവൻെറ ആധിപത്യം ആത്യന്തികമാണ്. لَهُ مَا فِي السَمَاوَاتِ وَمَا فِي الْأرْضِ എന്ന വചനത്തിൽ ഈ സ്വിഫത് ഉൾക്കൊണ്ടിരിക്കുന്നു.
7- മുഴുസൃഷ്ടികളുടെയും മേലുള്ള അല്ലാഹുവിൻെറ മാത്രം ആധിപത്യം. لَهُ مَا فِي السَمَاوَاتِ وَمَا فِي الْأرْضِ എന്ന വാക്യത്തിൽ ആഖ്യയും ആഖ്യാതവും മറിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ പ്രയോഗിക്കുമ്പോൾ മാത്രം എന്ന ആശയം ലഭിക്കുന്നു.
8- അല്ലാഹുവിൻെറ ശക്തവും സമ്പൂർണ്ണവുമായ ആധിപത്യം. ഈ ഗുണവിശേഷം مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بَإِذْنِهِ എന്ന വചനത്തിലാണുള്ളത്.
9- അല്ലാഹുവിനെ കുറിച്ച് അവൻെറ അടുക്കൽ എന്ന് വിശേഷപ്പിക്കാം. عِنْدِيَّةٌ അവൻെറ ഒരു സ്വിഫതായി മേൽ വാചകത്തിൽ പരാമർശിച്ചിരിക്കുന്നു.
10- അനുമതി – إَذْنٌ – നൽകുക എന്ന ഗുണവിശേഷം. مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بَإِذْنِهِ എന്ന വാചകത്തിൽ തന്നെ അപ്രകാരം അല്ലാഹുവിനെ വിശേഷിപ്പിച്ചിരിക്കുന്നു.
11- സമഗ്രമായ അറിവ് എന്ന വിശേഷണം. يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ എന്ന വാചകത്തിലാണ് ഈ സ്വിഫത് അല്ലാഹുവിനുണ്ടെന്ന് പറയുന്നത്.
12- കഴിഞ്ഞതൊന്നും മറക്കുകയില്ല എന്നത് അല്ലാഹുവിനുള്ള വിശേഷണമാണ്. ഈ സ്വിഫത് يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ എന്ന വചനത്തിലാണ് പറയപ്പെട്ടിരിക്കുന്നത്.
13- വരാനുള്ളതൊന്നും അറിയാതിരിക്കുകയില്ല എന്നതും അല്ലാഹുവിനുള്ള ഗുണവിശേഷമാണ്. يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ എന്ന വചനത്തിൽ തന്നെയാണ് ഇതും പറഞ്ഞിരിക്കുന്നത്.
14- അല്ലാഹുവിൻെറ വലിപ്പത്തിൻെറയും മഹത്വൻെറയും പൂർണ്ണത. وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ എന്ന വചനത്തിൽ അത് ഉൾക്കൊള്ളുന്നു.
15- കുർസിയ്യ് എന്ന സ്വിഫത്. അത് അല്ലാഹുവിൻെറ ഇരു പാദങ്ങളുടെയും സ്ഥാനമാണ്. وَسِعَ كُرْسِيُّهُ السَمَاوَاتِ وَالْأَرْضِ എന്ന വചനത്തിലാണ് അത് സ്ഥിരീകരിച്ചിരിക്കുന്നത്.
16- അല്ലാഹുവിൻെറ മഹത്വം എന്ന ഗുണവിശേഷം. وَسِعَ كُرْسِيُّهُ السَمَاوَاتِ وَالْأَرْضِ എന്ന വചനം ഈ സ്വിഫത് ഉൾക്കൊള്ളുന്നു.
17- അല്ലാഹുവിൻെറ അപാരമായ കഴിവ്. وَسِعَ كُرْسِيُّهُ السَمَاوَاتِ وَالْأَرْضِ എന്ന വചനം തന്നെയാണ് ഈ സ്വിഫതും ഉൾക്കൊള്ളുന്നത്.
18- അല്ലാഹുവിൻെറ അപാരമായ ശക്തി. وَسِعَ كُرْسِيُّهُ السَمَاوَاتِ وَالْأَرْضِ എന്ന വചനത്തിൽ തന്നെയാണ് ഈ സ്വിഫതും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
19- അല്ലാഹുവിൻെറ സമ്പൂർണ്ണമായ അറിവ്. وَلَا يَؤُدُهُ حِفْظُهُمَا എന്ന വചനത്തിൽ ഈ ഗുണം സ്ഥിരീകരിച്ചിരിക്കുന്നു.
20- അല്ലാഹുവിൻെറ സമ്പൂർണ്ണമായ കാരുണ്യം. وَلَا يَؤُدُهُ حِفْظُهُمَا എന്ന വചനത്തിൽ ഈ ഗുണവും സ്ഥിരീകരിച്ചിരിക്കുന്നു.
21- അല്ലാഹുവിൻെറ സമ്പൂർണ്ണമായ സംരക്ഷണം. മേൽ വചനം ഈ സ്വിഫതു കൂടി ഉൾക്കൊള്ളുന്നു.
22- َഅല്ലാഹുവിൻെറ ഔന്നത്യം – عُلُوُّ اللهِ. അവൻെറ സത്താപരവും ഗുണപരവുമായ ഔന്നത്യം ഇവിടെ ഉദ്ദേശിക്കപ്പെടുന്നു. اَلْعَلِيُّ എന്ന നാമത്തിലാണ് ഈ ഗുണവിശേഷം ഉൾച്ചേർന്നിരിക്കുന്നത്.
23- അല്ലാഹുവിൻെറ മഹത്വം. اَلْعَظِيمُ എന്ന നാമത്തിലാണ് ഈ ഗുണവിശേഷം ഉൾച്ചേർന്നിരിക്കുന്നത്.
ഈ കുറിപ്പ് തയ്യാറാക്കിയത് آيَةُ الْكُرْسِيِّ ക്ക് ശൈഖ് സഅ്ദിയും ശൈഖ് ഉഥൈമീനും رَحِمَهُمَا اللهُ നൽകിയ വിവരണത്തെ അടിസ്ഥാനമാക്കിയാണ്. സച്ചരിതരായ സലഫുകൾ പ്രസ്തുത സൂക്തത്തിനു നൽകിയ വ്യാഖ്യാനത്തിൻെറ സംഗ്രഹം കൂടിയാണത്. അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ സംബന്ധിച്ച് അഹ്‌ലുസ്സുന്നഃ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന കാര്യങ്ങളിലേക്ക് അത് വെളിച്ചം വീശുന്നു. എന്നാൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇതു സംബന്ധിച്ച് നൽകിയ വിവരണങ്ങളിൽ പലതും സലഫുകളുടെ രീതിയോട് യോജിക്കുന്നതല്ല. ഉദാഹരണമായി താഴെ കൊടുത്തിരിക്കുന്ന ഭാഗം കാണുക:
ഇവിടെ അതുകൊണ്ട് വിവക്ഷ എന്താണെന്നുള്ളതിൽ ഖുർആൻ വ്യാഖ്യാതക്കൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ കാണാം. അല്ലാഹുവിൻെറ സിംഹാസനമാകുന്ന അർശും (العرش) കുർസിയ്യും (الكرسي) ഒന്നു തന്നെയാണെന്നും, രണ്ടും വെവ്വേറെയാണെന്നും പറയപ്പെടുന്നു. ഓരോന്നിനും അനുകൂലമായ ചില രിവായത്തുകളും ഉദ്ധരണികളും എടുത്തുകാണിക്കാറുണ്ടെന്നല്ലാതെ, തക്കതായ തെളിവുകളൊന്നും ഇല്ല. അല്ലാഹുവിൻെറ ഭരണാധിപത്യത്തെയും അധികാര മഹത്വത്തെയും, ജ്ഞാന വിശാലതയെയും കുറിക്കുന്ന ഒരു ഉപമാലങ്കാര വാക്കാണ് അതെന്ന് പലരും പറയുന്നു. അപ്പോൾ ആകാശഭൂമികളും അവയിലുള്ളതുമെല്ലാം അല്ലാഹുവിൻെറ ഭരാധികാരത്തിലും, അവൻെറ അറിവിലും ഒതുങ്ങിനിൽക്കുന്നവയാണ് എന്നായിരിക്കും ഈ വാക്യത്തിലെ ആശയം ചുരുക്കത്തിൽ. എന്നാൽ, അല്ലാഹുവിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഖുർആനിൽ നിന്നോ, നബിവാക്യങ്ങളിൽനിന്നോ വ്യക്തമായ വിവരം ലഭിക്കാത്തപ്പോൾ ഭാഷാപരമായ അർത്ഥത്തെ മാത്രം ആധാരമാക്കി നമുക്കു അനുമാനം നടത്തിക്കൂടാത്തതാണ്. അതുകൊണ്ടു കുർസിയ്യിൻെറയും അതു വിശാലമാണെന്നു പറഞ്ഞതിൻെറയും യാഥാർത്ഥ്യം എന്തെന്നു അല്ലാഹുവിനറിയാം എന്നു വെച്ചു നമുക്കു സമാധാനിക്കുകയാണ് നല്ലത്. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/404]
ശരിയും തെറ്റും വേർതിരിക്കാതെ, വ്യാഖ്യാതാക്കൾക്കിടയിലുള്ള ഭിന്നാഭിപ്രായങ്ങൾ ഉദ്ധരിച്ചു പോകുന്നത് അഹ്‌ലുസ്സുന്നയുടെ രീതിയല്ല. ഇക്കാര്യം ബഖറഃ : 141 നു നൽകിയ അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അർശും കുർസിയും ഒന്നല്ല, രണ്ടാണ്. ഇതിന് തക്കതായ തെളിവുകളുമുണ്ട്. അക്കാര്യം ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുള്ളതും അതിൽ ചിലത് നാം ഈ കുറിപ്പിൽ തന്നെ ഉദ്ധരിച്ചിട്ടുള്ളതുമാണ്.
കുർസിയ്യിനെ കുറിച്ച് ഉപമാലങ്കാരം എന്ന് വിശേഷിപ്പിക്കാറുള്ളത് പിഴച്ച കക്ഷികളാണ്. അവരുടെ അഭിപ്രായം എടുത്തു പറയുകയും, അത് ഖണ്ഡിക്കാതെ വിടുകയും ചെയ്തത് വലിയ വീഴ്ച തന്നെയാണ്. ഖുർആനിലെ ഇത്തരം പ്രയോഗങ്ങളെ ആലങ്കാരികമെന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് ഒരു വിശദീകരണം നിസാഅ് : 32 ൽ കൊടുത്തിട്ടുണ്ട്. കൂടുതൽ വ്യക്തത ആവശ്യമുള്ളവർക്ക് അതു കൂടി വായിച്ചു നോക്കാവുന്നതാണ്.
അതേ പോലെ, ഹദീസുകളിലും സ്വഹാബത്തിൻെറ വിവരണങ്ങളിലും വന്നിട്ടുള്ള കാര്യങ്ങൾ അവഗണിക്കുകയും എന്നിട്ട് അതിൻെറ യാഥാർത്ഥ്യം അല്ലാഹുവിന്നറിയാം എന്ന് പറഞ്ഞ് ഒഴിയുകയും ചെയ്യുന്നത് സലഫുകളുടെ രീതിയല്ല. അത് മുഫവ്വിളഃ വിഭാഗത്തിൻെറ പിഴച്ച നയമാണ്.
കൂടാതെ അല്ലാഹുവിൻെറ ഔന്നത്യത്തെ (عُلُوٌّ) കുറിച്ച് വിശദീകരിക്കുമ്പോൾ അവൻെറ സത്താപരമായ ഔന്നത്യത്തിൻെറ (الْعُلُوُّ الذَاتِيُّ) കാര്യം പരാമർശിക്കുന്നതേയില്ല. ഇക്കാര്യം വിട്ടുകളയാൻ പാടില്ലാത്തതായിരുന്നു.
എന്നാൽ ഇബ്‌നു കഥീർ رَحِمَهُ اللهُ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഇടക്ക് ഉദ്ധരിക്കുന്നുമുണ്ട്. അത് തെറ്റും ശരിയും കൂട്ടിക്കുഴച്ച് വായനക്കാരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കാനേ ഉപകരിക്കൂ. ആകയാൽ മാന്യവായനക്കാർ ഈ സൂക്തത്തിൻെറ വ്യാഖ്യാനം വായിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അപേക്ഷിക്കുന്നു.
ചുരുക്കത്തിൽ, ഖുർആൻ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം. അതിലുള്ളത് അവൻെറ സമ്പൂർണ്ണമായ വചനങ്ങൾ. അവയിൽ ഏറ്റവും മഹത്തായ വചനം ആയത്തുൽ കുർസിയ്യ്. അതിലെ പ്രതിപാദ്യ വിഷയം അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളും, പൂർണ്ണതയെയും സൗന്ദര്യത്തെയും കുറിക്കുന്ന അവൻെറ ഉന്നതമായ ഗുണവിശേഷങ്ങളും. വിശ്വാസിയായ ഒരു മനുഷ്യന് ഇത് ഒരു ദിക്ർ ആണ് – ഇഹത്തിലും പരത്തിലും പരിപൂർണ്ണമായ സംരക്ഷണത്തിനും ഉദവിക്കുമുള്ള ദിക്ർ. ഇത് സദാ അകം നിറഞ്ഞു നിൽക്കുകയും നാവുകൊണ്ട് ഉരുവിട്ടുകൊണ്ടിരിക്കുകയും അതിൻെറ താൽപര്യമനുസരിച്ച് അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കുകയും ജീവിതചര്യ ചിട്ടപ്പെടുത്തുകയും ചെയ്യുക. അതിലേ കാര്യമുള്ളു. അല്ലാതെ, ചുമരുകൾ അലങ്കരിക്കാനുള്ള ചമയമല്ല ആയത്തുൽ കുർസിയ്യ് എന്നു നാം തിരിച്ചറിയുക.