﴿ لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ ﴾ (256)
അതു കൊണ്ട് ആരെയും നിർബ്ബന്ധിക്കേണ്ടുന്ന ആവശ്യമില്ല. വേണമെന്നുള്ളവർക്ക് വിശ്വസിക്കാം, വേണമെന്നുള്ളവർക്ക് അവിശ്വസിക്കുകയും ചെയ്യാം, 18:29 (فمن شاء فليؤمن ومن شاء فليكفر.. 18:29) രണ്ടിനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/406]
ബഖറഃ 256-ാം സൂക്തം സലഫുകൾ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുള്ളത് യുദ്ധം നിയമമാക്കുന്നതിനു മുമ്പുള്ള പശ്ചാത്തലത്തിൽ വെച്ചുകൊണ്ടാണ്. സലഫുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ട വ്യാഖ്യാനങ്ങളുടെ ആകത്തുക ഇങ്ങനെ സംഗ്രഹിക്കാം:
മുഹമ്മദ് നബി ﷺ ഇസ്‌ലാം ദീനുമായി നിയുക്തനായി. ഇഹപര സൗഭാഗ്യത്തിലേക്കുള്ള വഴി സംശയങ്ങൾ ഒന്നുമേ അവശേഷിപ്പിക്കാതെ അവിടുന്ന് വ്യക്തമാക്കി കൊടുത്തു. അല്ലാഹു നൽകിയ തനതു പ്രകൃതി (فِطْرَةٌ) മലീമസമാക്കാത്ത ഏതൊരാൾക്കും യാതൊരു നിർബ്ബന്ധവുമില്ലാതെ തന്നെ അത് സ്വീകരിക്കാൻ സാധിക്കും. അതിനാൽ ഇസ്‌ലാം ആശ്ലേഷിക്കുന്ന കാര്യത്തിൽ നിർബ്ബന്ധിക്കേണ്ടതില്ല.
ശിർക്കാണ് ഏറ്റവും വലിയ കുഴപ്പം (فِتْنَةٌ); അതിനെക്കാൾ വലിയ കുഴപ്പം വേറെയില്ല. അതാണ് ഏറ്റവും കൊടിയ അക്രമം; അതിനെക്കാൾ വലിയ അക്രമം വേറെയില്ല. പ്രപഞ്ചത്തിൻെറ നിയതമായ വ്യവസ്ഥക്കു തന്നെ വിരുദ്ധമാണത്. സ്രഷ്ടാവായ അല്ലാഹുവിനെയും അവൻെറ ശാസനകളെയും അത് വെല്ലുവിളിക്കുന്നു. താൻ മാത്രം ആരാധിക്കപ്പെടാനുള്ള അല്ലാഹുവിൻെറ അവകാശത്തെയും, തങ്ങളുടെ റബ്ബും ഇലാഹുമായ അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള സൃഷ്ടികളുടെ അവകാശത്തെയും ഒരേ സമയം അത് ചോദ്യം ചെയ്യുന്നു. ഭൂലോകത്ത് സമാനതകളില്ലാത്ത കുഴപ്പങ്ങൾക്കും പീഡനങ്ങൾക്കും അത് കാരണമായിത്തീരുന്നു.
ശിർക്കിനെയും അതിനോടനുബന്ധിച്ചുണ്ടാകുന്ന കുഴപ്പങ്ങളെയും ചെറുക്കാൻ പിന്നീട് അല്ലാഹു യൂദ്ധം നിയമമാക്കി. യുദ്ധം നിയമമാക്കിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട സൂക്തങ്ങൾ ബഖറഃ 256-ാം സൂക്തത്തിന് ഒരു വിശദീകരണവും ഭേദഗതിയുമായിട്ടാണ് സലഫുകൾ മനസ്സിലാക്കുന്നത്. മുസ്‌ലിംകൾക്ക് കഴിവുണ്ടെങ്കിൽ ശിർക്കിനെയും അത് ഉയർത്തുന്ന കുഴപ്പങ്ങളെയും പ്രതിരോധിക്കാൻ എല്ലാ വിഭാഗം മുശ്‌രിക്കുകളോടും വ്യവസ്ഥാപിതമായ മാർഗ്ഗത്തിൽ യുദ്ധം ചെയ്യൽ നിയമമായി. അതിൽപിന്നെ യുദ്ധം ചെയ്യേണ്ട സാഹചര്യം വന്നാൽ ‘മതത്തിൽ നിർബ്ബന്ധമില്ല (لَا إِكْرَاهَ فِي الدِينِ)’ എന്ന സൂക്തം മുൻനിർത്തി യുദ്ധത്തെ അസാധുവായി കാണാൻ പാടില്ല. ബഖറഃ : 193 നു നൽകിയ അടിക്കുറിപ്പ് കൂടി കാണുക.
എന്നാൽ അല്ലാഹു ഇറക്കിയ മുൻകാല ഗ്രന്ഥങ്ങളുടെ അവകാശികളും മജൂസികളും ജിസ്‌യ നൽകുന്ന പക്ഷം അവരോട് യുദ്ധം പാടില്ല. അവർ ശിർക്ക് ചെയ്യുന്നുണ്ടെങ്കിലും ജിസ്‌യഃ നൽകാൻ സന്നദ്ധരാകുന്നതോടെ അനുബന്ധമായ കുഴപ്പങ്ങളിൽനിന്നെല്ലാം പിൻവാങ്ങാനും പതിതരായി കീഴൊതുങ്ങാനും തങ്ങൾ തയ്യാറാണെന്ന് സമ്മതിക്കുകയാണ്.
എന്നാൽ വിശുദ്ധ ഖുർആൻ വിവരണത്തിലെ ‘വേണമെന്നുള്ളവർക്ക് വിശ്വസിക്കാം, വേണമെന്നുള്ളവർക്ക് അവിശ്വസിക്കുകയും ചെയ്യാം, 18:29 (فمن شاء فليؤمن ومن شاء فليكفر.. 18:29) രണ്ടിനും അവർക്ക് സ്വാതന്ത്ര്യമുണ്ട്.‘ എന്ന വിശദീകരണം ശരിയായില്ല. കഹ്ഫ് 29-ാം സുക്തത്തിൽ, വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ഏതുമാകാം എന്നല്ല ധ്വനിപ്പിക്കുന്നത്. മറിച്ച്, മനുഷ്യന് നൽകപ്പെട്ട വരണാധികാരവും ഇഛാസ്വാതന്ത്ര്യവും ദുരുപയോഗം ചെയ്താൽ കടുത്ത നരകശിക്ഷ അവനെ കാത്തിരിപ്പുണ്ട് എന്ന താക്കീതും ഭീഷണിയുമാണത്. ഈ സൂക്തത്തെ കുറിച്ച് ഇബ്‌നു കഥീർ رَحِمَهُ اللهُ പറയുന്നത് കാണുക:
هذا من باب التهديد والوعيد الشديد. [ابن كثير في تفسير القرآن العظيم]
ഇത് കടുത്ത ഭീഷണിയുടെയും താക്കീതിൻെറയും ഇനത്തിൽപെട്ടതാണ്. [ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്]
ശൈഖ് സഅ്ദി رَحِمَهُ اللهُ നൽകിയ വിശദീകരണം കൂടി വായിക്കാം:
وليس في قوله: ﴿فمن شاء فليؤمن ومن شاء فليكفر﴾ الإذن في كلا الأمرين، وإنما ذلك تهديد ووعيد لمن اختار الكفر بعد البيان التام، كما ليس فيها ترك قتال الكافرين. [عبد الرحمن بن ناصر السعدي في تيسير الكريم الرحمن]
«അതിനാൽ ഉദ്ദേശിച്ചവൻ വിശ്വസിക്കട്ടെ, ഉദ്ദേശിച്ചവൻ അവിശ്വസിക്കട്ടെ» എന്ന സൂക്തത്തിൽ രണ്ടിനുമുള്ള അനുവാദമല്ല ഉള്ളത്. മറിച്ച്, കാര്യങ്ങൾ പൂർണ്ണമായും വിവരിച്ചു തന്നതിനു ശേഷം അവിശ്വാസം തെരഞ്ഞെടുക്കുന്നവർക്കുള്ള ശക്തമായ ഭീഷണിയും താക്കീതും മാത്രമാണത്. അതേപോലെ, അവിശ്വാസികളോടുള്ള യുദ്ധം ഒഴിവാക്കാമെന്നും അതിലില്ല. [സഅ്ദി തയ്‌സീറുൽ കരീമിർ റഹ്‌മാനിൽ രേഖപ്പെടുത്തിയത്]
അൾട്രാ സെക്യുലരിസ്റ്റുകളുടെയും അമിത സ്വാതന്ത്ര്യം ആഘോഷിക്കാനിറങ്ങിയ മൂല്യനിരാസകരുടെയും അരുചേരാൻ വേണ്ടി ചില മുസ്‌ലിം എഴുത്തുകാരും പ്രാസംഗികരും മുകളിൽ പറഞ്ഞ രണ്ടു സൂക്തങ്ങളെയും ദുർവ്യാഖ്യാനിക്കാറുണ്ട്. മതം വേണോ വേണ്ടേ, ഏതു മതം വേണം, ഒരാൾ ഇസ്‌ലാം ആശ്ലേഷിച്ചാൽ തന്നെ മതപരമായ കാര്യങ്ങൾ അനുവർത്തിക്കുന്ന കാര്യത്തിൽ നിർബ്ബന്ധിക്കാമോ മുതലായ വിഷയങ്ങളിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ സാധൂകരിക്കാനാണ് അത്തരക്കാർ ഈ സൂക്തങ്ങളെ ദുർവ്യാഖ്യാനിക്കാറുള്ളത്. സത്യത്തിൽ, അത് അവർക്കുള്ള ശക്തമായ താക്കീത് മാത്രമാണ്.
വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇതു വിശദീകരിക്കുമ്പോൾ പാകപ്പിഴകൾ സംഭവിച്ചത് തഫ്‌സീറുൽ മനാറിനെ ഉപജീവിച്ചതു കൊണ്ടാണ്. അതിലുള്ളത് മുഹമ്മദ് അബ്ദു മുന്നോട്ടുവെച്ച അഭിനവ അഖ്‌ലാനിയ്യത്തിൻെറ പ്രലപനങ്ങളാണ്. അക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അധിക വായനക്ക് യുക്തി ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കാണുക.