﴿ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ   (279)

വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വിശദീകരണമനുസരിച്ച്, പലിശ ഇടപാടിൽനിന്ന് മടങ്ങിയിട്ടില്ലെങ്കിൽ അവരോട് യുദ്ധം ചെയ്യണം, ഒറ്റയൊറ്റ വ്യക്തികളാണെങ്കിൽ കൊല ചെയ്യണം എന്നു കാണുന്നു. ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا യിൽനിന്നുള്ള രിവായത്തുകളാണ് അതിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഇവിടെ രണ്ടു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:

(ഒന്ന്) പലിശ ഇടപാട് നടത്തുന്നവരെ കണ്ടാൽ നിരുപാധികം പിടികൂടി കൊല്ലുക എന്നതാണ് ഇസ്‌ലാമിൻെറ നയം എന്ന് ഇതു വായിച്ച് ആരും തെറ്റിദ്ധരിക്കരുത്. ഇസ്‌ലാമിലെ ശിക്ഷാവിധികൾ നടപ്പിലാക്കണമെങ്കിൽ അതിനു നിശ്ചയിച്ച നിബന്ധനകൾ പൂർത്തീകരിക്കണം. തടസ്സങ്ങളായി പറയപ്പെട്ട കാര്യങ്ങൾ ഇല്ലാതാവണം. നിർദ്ദേശിക്കപ്പെട്ട വ്യവസ്ഥകൾ പാലിക്കണം. ഇസ്‌ലാമിക ഭരണത്തിൻ കീഴിൽ മാത്രമേ ശിക്ഷാ വിധികൾ നടപ്പിലാക്കാൻ പാടുള്ളു. ഓരോ ശിക്ഷാ വിധിക്കും പ്രത്യേകമായ നടപടിക്രമങ്ങൾ നിശ്ചയിച്ചിരിക്കുന്നു. അവ കൃത്യമായി പാലിക്കേണ്ടതുണ്ട്. കുറ്റവാളിയായ ഒരു വ്യക്തിയെ എങ്ങനെയെങ്കിലും ശിക്ഷിക്കുക എന്നതല്ല, ശരിയായ ശിക്ഷണ നടപടികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയും വ്യക്തിയെ നന്നാക്കിത്തീർക്കുകയും ചെയ്യുക എന്നതിനാണ് ഇസ്‌ലാം മുൻഗണന നൽകുന്നത്. ഇത്തരം ശിക്ഷണ നടപടികൾക്കൊന്നും സ്വാധീനിക്കാൻ കഴിയാത്ത വിധം ദൂഷിതമായ ചില വ്യക്തികളെ ശിക്ഷിച്ചുകൊണ്ടല്ലാതെ സാമൂഹ്യ ഭദ്രത ഉറപ്പുവരുത്താനാവില്ലെന്നു വരുമ്പോൾ ശിക്ഷാ നടപടികളിലേക്ക് കടക്കുക. ഇതാണ് ഇസ്‌ലാമിൻെറ നയം. ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നവർ ഇക്കാര്യം സൗകര്യപൂർവ്വം വിസ്മരിക്കുകയോ ബോധപൂർവ്വം മറച്ചുപിടിക്കുകയോ ചെയ്യുകയാണ് പതിവ്.

(രണ്ട്)പലിശ വാങ്ങുന്നതിനോടുള്ള ഒരാളുടെ നിലപാട് ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. അത് ഒരു തെറ്റാണ് എന്ന് അയാൾ അംഗീകരിക്കുന്നു. താൻ അല്ലാഹുവിനെ ധിക്കരിക്കുകയും, പാപം ചെയ്യുകയുമാണ് എന്നാണ് അയാൾ കരുതുന്നു. എങ്കിൽ അയാൾ മതപരിത്യാഗിയല്ല. അത്തരക്കാരുടെ കാര്യത്തിൽ ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا യുടെ വാക്ക് ബാധകമാവുകയുമില്ല. മറിച്ച്, പലിശയെ അയാൾ നിയമാനുസാരമായി (اِسْتِحْلَالٌ) കാണുകയും, അല്ലാഹുവിൻെറ നിയമ വ്യവസ്ഥയിൽ മാറ്റത്തിരുത്തലുകൾ വരുത്തുകയും, അങ്ങനെ ആവാമെന്ന് കരുതുകയും ചെയ്യുന്നുവെങ്കിൽ പ്രശ്നം മറ്റൊന്നായിത്തീരുന്നു. അത് അല്ലാഹുവിൻെറ നിയമവ്യവസ്ഥയെ അട്ടിമറിക്കലാണ്. അവൻെറ അധികാരാവകാശങ്ങളിലേക്കുള്ള കയ്യേറ്റമാണ്. അത് മതപരിത്യാഗമാണ്. അവരുടെ കാര്യത്തിലാണ് ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُمَا യുടെ വ്യാഖ്യാനം ബാധകമാകുന്നത്. സലഫുകൾ اِسْتِحْلَالٌ ൻെറ കാര്യം ഗൗരവമായിട്ടാണ് കണ്ടിരുന്നത്. അത് ഒരു ധിക്കാരത്തെ (مَعْصِيَةٌ) മതപരിത്യാഗത്തിലേക്ക് എത്തിക്കും എന്നത് അവർക്കിടയിൽ അറിയപ്പെട്ട കാര്യമാണ്. രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കൾക്ക് ഇത് മനസ്സിലാകാതെ പോവുകയോ, അല്ലെങ്കിൽ അത് സൗകര്യംപൂർവ്വം മറച്ചുപിടിക്കുകയോ ചെയ്യാറുണ്ട്.  ഇബ്‌നു ജരീറുത്ത്വബ്‌രി തന്നെ മേൽ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (فأقام على أكل الربا مستحلا له – ابن جرير الطبري – പലിശയെ നിയമാനുസാരമായി കണ്ട് അതു ഭക്ഷിക്കുന്നതിൽ അയാൾ നിലക്കൊള്ളുകയും ചെയ്തു) എന്ന പരാമർശം അതാണ് വ്യക്തമാക്കുന്നത്.

മാഇദഃ 44, 45, 47 സൂക്തങ്ങളുടെ വിവരണത്തിൽ വിശദമായി ഈ വിഷയം പ്രതിപാദിക്കുന്നുണ്ട്.

പുതിയവ