﴿وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ﴾ (30)

മനുഷ്യൻ അല്ലാഹുവിൻെറ സൃഷ്ടി. ഏറെ ആദരണീയൻ. ജിന്നുകളുടെ പിൻഗാമിയായി വരികയും ഭൂമിയിൽ ആധിപത്യം വാഴുകയും ചെയ്തവൻ. നട്ടെല്ലിൽ നിവർന്നു നിൽക്കുന്ന ജീവി. ആലേഖന വിദ്യ പഠിപ്പിക്കപ്പെട്ടവൻ. സാഹിത്യ ഭാഷയിൽ പ്രസംഗിക്കാനും മനോഹരമായ കവിതകൾ രചിക്കാനും കഴിവുള്ളവൻ. കരയിലും കടലിലും വാനിലും വാഹനം ഉപയോഗിക്കുന്നവൻ. ഇഛാസ്വാതന്ത്ര്യവും വരണാധികാരവും നൽകപ്പെട്ടവൻ. സ്വയം നിർമ്മിക്കാനും ആവിഷ്കരിക്കാനും കഴിവുള്ളവൻ. വിശേഷ ബുദ്ധിയും യുക്തിയും നൽകപ്പെട്ടവൻ. വാഗ്‌വിചാരകർമ്മങ്ങൾക്ക് സൃഷ്ടിപരവും സംഹാരാത്മകവുമായ അനന്ത സാധ്യതകൾ ചാർത്തപ്പെട്ടവൻ. ആകാശ ഭൂമികളും മാമലകളും ഏറ്റെടുക്കാതെ ആശങ്കപ്പെട്ടു പിന്മാറിയ അമാനത്ത് ചുമലിലേറ്റിയവൻ, ശബ്ദവും ലിപിയും ഉപയോഗിച്ച് ബൗദ്ധിക നാഗരിക സാംസ്കാരിക വികാസങ്ങളെയും പുരോഗതികളെയും അടുത്ത തലമുറക്ക് കൈമാറുന്നവൻ… ഇങ്ങനെ മനുഷ്യനെ കുറിച്ച് വിശേഷിപ്പിക്കാൻ ഒരു പാട് കാര്യങ്ങളുണ്ട്. സ്രഷ്ടാവായ അല്ലാഹു അവനെ വിശേഷിപ്പിക്കാൻ ഉപോയഗിച്ച പദം ഖലീഫഃ എന്നാണ്. മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിൽ അധിവസിപ്പിക്കാൻ ഉദ്ദേശിച്ച സമയത്ത് അല്ലാഹു മലക്കുകളോട് പറഞ്ഞു:

[നിൻെറ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം: ഞാൻ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിയോഗിക്കുകയാണോ‌? ഞങ്ങൾ നിന്നെ സ്തുതിക്കുന്നതോടൊപ്പം നിൻെറ വിശുദ്ധി ഉയർത്തിപ്പിടിക്കുന്നു. നിൻെറ പരിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവന്‍ പറഞ്ഞു: നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം.] (ബഖറഃ 30)

രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കൾ അവരുടെ രാഷ്ട്രീയ അജണ്ടകൾക്ക് മതപരമായ പിൻബലം കണ്ടെത്താനായി മേൽ സൂക്തത്തെ ദുർവ്യാഖ്യാനിക്കാറുണ്ട്. ഖലീഫ എന്ന പദത്തിന് അല്ലാഹുവിൻെറ പ്രതിനിധി എന്നാണ് അവർ തെറ്റായി അർത്ഥകൽപന നടത്താറുള്ളത്. അല്ലാഹുവിൻെറ ഭൂമിയിൽ അല്ലാഹുവിൻെറ ഭരണം നടപ്പിലാക്കാൻ അല്ലാഹു നിശ്ചയിച്ച പ്രതിനിധി എന്നാണ് അവർ മനുഷ്യനെ വിശേഷപ്പിക്കാറുള്ളത്. ഭൂലോകത്ത് അധിവസിക്കുന്ന മനുഷ്യൻെറ പ്രഥമവും പ്രമുഖവുമായ ദൗത്യം അല്ലാഹുവിൻെറ നിയമം നടപ്പിലാക്കലും മതാധിഷ്ഠിതമായ ഭരണം സ്ഥാപിക്കലുമാണെന്ന് അവർ വാദിക്കുന്നു. പ്രമാണങ്ങളുടെ പിൻബലമില്ലാത്ത തെറ്റായ ഈ വാദത്തെ ശരിയായ വിധത്തിൽ ഖണ്ഡിക്കാതെ വായനക്കാരെ കൂടുതൽ ആശയക്കുഴപ്പത്തിൽ തളച്ചിടുന്ന വിധത്തിലാണ് വിശുദ്ധ ഖുർആൻ വിവരണത്തിൽ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. ഉദാഹരണമായി അതിലുള്ള ഒരു പരാമർശം കാണുക:

(2) അല്ലാഹുവിൻെറ ശാസനകൾക്കു വിധേയരായവർക്കിടയിൽ അദ്ദേഹം അല്ലാഹുവിനു പകരം വിധി കൽപിക്കുന്നതു കൊണ്ട് അദ്ദേഹത്തിന് ഖലീഫ എന്നു പറഞ്ഞതാണ്. ഇബ്‌നു മസ്ഊദ്, ഇബ്‌നു അബ്ബാസ്, സൂദ്ദീ (റ) എന്നിവരിൽനിന്നു നിവേദനം ചെയ്യപ്പെട്ടതു ഇതാണ്. (വിശുദ്ധ ഖുർആൻ വിവരണം പുറം 1/152)

മനുഷ്യൻ അല്ലാഹുവിൻെറ പ്രതിനിധിയാണെന്ന് വ്യക്തമാക്കുന്ന ഒരു പരാമർശവും ഖുർആനിലോ സ്ഥിരപ്പെട്ട ഹദീസുകളിലോ വന്നിട്ടില്ല.

അതേ പോലെ,  ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ് رَضِيَ الله عَنْهُمْ പോലുള്ള സ്വഹാബിമാരിൽനിന്നോ മറ്റു സച്ചരിതരായ മുൻഗാമികളിൽനിന്നോ മനുഷ്യൻ അല്ലാഹുവിൻെറ പ്രതിനിധിയാണെന്ന് വ്യക്തമാക്കുന്ന സ്വീകാര്യ യോഗ്യമായ വചനങ്ങളൊന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.

സലഫുകളുടെ ചില വചനങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് ഇബ്‌നു ജരീർ അത്ത്വബ്‌രി അങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അത് തന്നെയും അദ്ദേഹം മുൻഗണന നൽകിയ അഭിപ്രായമല്ല. ആ അഭിപ്രായമാണ് സ്വഹാബികളുടെ വചനം എന്ന രൂപത്തിൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഉദ്ധരിച്ചിട്ടുള്ളത്.

മനുഷ്യനെ അല്ലാഹുവിൻെറ പ്രതിനിധിയെന്നോ അല്ലാഹുവിൻെറ പിൻഗാമിയെന്നോ വിശേഷിപ്പിക്കുന്നത് കടുത്ത അപരാധവും അസംബന്ധവുമാണ്. കാരണം അല്ലാഹുവിന് ആരെയും തൻെറ പ്രതിനിധിയോ പകരക്കാരനോ ആക്കേണ്ട കാര്യമില്ല. ഒരുത്തൻെറ അഭാവത്തിലാണ് മറ്റൊരാളെ പ്രതിനിധിയാക്കേണ്ടി വരിക. അങ്ങനെ ഒരു അഭാവം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സംഗതമേ അല്ല. അല്ലാഹു പ്രതിനിധിയെയോ പകരക്കാരനെയോ നിശ്ചയിച്ചു എന്നു വാദിക്കുന്നത് അവൻെറ മഹത്വത്തെയും പൂർണ്ണതയെയും ഇകഴ്ത്തലാണ്.

മാത്രമല്ല, മനുഷ്യന് അല്ലാഹുവിനെ പ്രതിനിധീകരിക്കാനുള്ള കഴിവില്ല. അല്ലാഹുവിൻെറ പകരക്കാരനായി നിലകൊള്ളാനും അവൻെറ ഏതെങ്കിലും ഒരു കാര്യം ഏറ്റെടുക്കാനുമുള്ള കഴിവ് ആർക്കും അവൻ നൽകിയിട്ടുമില്ല. ഇക്കാര്യം വിശുദ്ധ ഖുർആൻ വ്യാഖ്യാനത്തിലും പറഞ്ഞു പോയിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം.

അല്ലാഹു ആരെയെങ്കിലും ഖലീഫയാക്കി എന്നു പറഞ്ഞാൽ ആ ഖലീഫ സാധാരണ അർത്ഥത്തിൽ അവൻെറ പിൻഗാമിയോ പ്രതിനിധിയോ ആയിരിക്കുവാൻ നിവൃത്തിയില്ല. കാരണം, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം – ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയതു പോലെ –  ഒരർത്ഥത്തിലുള്ള അഭാവവും അവനുണ്ടാകുകയില്ല. അവൻെറ ഏതെങ്കിലും ഒരു അധികാരമോ പ്രവർത്തിയോ ബാധ്യതയോ മറ്റൊരാൾക്ക് വിട്ടുകൊടുക്കുകയോ ഏൽപിച്ചുകൊടുക്കുകയോ ചെയ്യുന്ന പ്രശ്നവുമില്ല. (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/150)

റാഗിബിനെ ഉദ്ധരിച്ചു കൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന കാര്യം വസ്തുതാപരവും പ്രമാണബദ്ധവുമാണ്. പക്ഷെ, ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ് പോലുള്ള സ്വഹാബിമാരിൽനിന്ന് മറിച്ച് റിപ്പോർട്ടുകളുണ്ടെന്ന് പറയുമ്പോൾ വായനക്കാർ ആശയക്കുഴപ്പത്തിലാകുന്നു. യഥാർത്ഥത്തിൽ അവരിൽ നിന്ന് അങ്ങനെ വ്യക്തമായ ഒരു പരാമർശം ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഖുർആനിലോ ഹദീസിലോ സലഫുകളുടെ വചനങ്ങളിലോ മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നു എന്ന ആശയത്തിനു സ്ഥിരീകരണമില്ല എന്നതാണ് സത്യം. ഇക്കാര്യം നാം മുകളിൽ വിശദീകരിച്ചുവല്ലോ.

മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നു എന്ന ആശയം അടിസ്ഥാനപരമായി തന്നെ തെറ്റാണ്. ആ ആശയത്തെ നിരാകരിക്കുന്നതിനു പുറമെ, അല്ലാഹുവിൻെറ ഖലീഫഃ (خَلِيفَةُ اللهِ) എന്ന പ്രയോഗത്തെ തന്നെയും സലഫുകൾ നിരാകരിക്കാറുണ്ടായിരുന്നു. ഒരാൾ അബൂബക്കർ رَضِيَ اللهُ عَنْهُ നെ അല്ലാഹുവിൻെറ ഖലീഫ എന്ന് അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്:

عَنِ ابْنِ أَبِي مُلَيْكَةَ قَالَ: قِيلَ لِأَبِي بَكْرٍ رَضِيَ اللَّهُ عَنْهُ: يَا خَلِيفَةَ اللَّهِ قَالَ: أَنَا خَلِيفَةُ مُحَمَّدٍ ﷺ، وَأَنَا رَاضٍ بِذَلِكَ، يَعْنِي فَكَرِهَ أَنْ يُقَالَ: يَا خَلِيفَةَ اللَّهِ عَزَّ وَجَلَّ. [الآجري في الشريعة]

[ഇബ്‌നു അബീ മുലൈകഃ നിവേദനം. ഒരാൾ അബൂബക്കർ رَضِيَ اللَّهُ عَنْهُ നോട് പറയുകയുണ്ടായി. അല്ലാഹുവിൻെറ ഖലീഫാ! അദ്ദേഹം പ്രതികരിച്ചു: ഞാൻ മുഹമ്മദ് ﷺ യുടെ ഖലീഫയാണ്. ഞാൻ അതിൽ തൃപ്തനുമാണ്. അദ്ദേഹം ഉദ്ദേശിച്ചത്, അല്ലാഹുവിൻെറ ഖലീഫഃ (خَلِيفَةُ اللهِ) എന്ന് വിളിക്കുന്നതിനെ അദ്ദേഹം വെറുക്കുന്നു എന്നാണ്.] (ആജുരി ശരീഅഃയിൽ ഉദ്ധരിച്ചത്)

ഇവിടെ അല്ലാഹുവിൻെറ ഖലീഫഃ (خَلِيفَةُ اللهِ) എന്ന പ്രയോഗത്തിൽ മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നു എന്ന ആശയം ഉദ്ദേശിക്കപ്പെട്ടു എന്ന് ഉറപ്പിക്കാൻ നിർവ്വാഹമില്ല. പക്ഷെ, ആ പ്രയോഗം പോലും അബൂബക്കർ رَضِيَ اللَّهُ عَنْهُ നെ പോലുള്ള സ്വഹാബിമാർ വെറുത്തിരുന്നു എന്ന് സാരം. അതാണ് പ്രഗത്ഭ താബിഈ വര്യനായ ഇബ്‌നു അബീ മുലൈകഃ رَحِمَهُ اللهُ വിശദീകരിക്കുന്നത്.

മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുക എന്ന ആശയത്തെയും ഖലീഫതുല്ലാഹി (خَلِيفَةُ اللهِ) എന്ന പ്രയോഗത്തെയും സംബന്ധിച്ച് ഇബ്‌നു തൈമിയ്യഃ رَحِمَهُ الله നൽകുന്ന വിശദീകരണം കാണുക:

وَالْخَلِيفَةُ لَا يَكُونُ خَلِيفَةً إِلَّا مَعَ مَغِيبِ الْمُسْتَخْلِفِ أَوْ مَوْتِهِ، فَالنَّبِيُّ ﷺ إِذَا كَانَ بِالْمَدِينَةِ امْتَنَعَ أَنْ يَكُونَ لَهُ خَلِيفَةٌ فِيهَا، كَمَا أَنَّ سَائِرَ مَنِ اسْتَخْلَفَهُ النَّبِيُّ ﷺ لَمَّا رَجَعَ انْقَضَتْ خِلَافَتُهُ، وَكَذَلِكَ سَائِرُ وُلَاةِ الْأُمُورِ إِذَا اسْتَخْلَفَ أَحَدُهُمْ عَلَى مِصْرِهِ فِي مَغِيبِهِ بَطَلَ اسْتِخْلَافُهُ ذَلِكَ إِذَا حَضَرَ الْمُسْتَخْلِفُ، وَلِهَذَا لَا يَصْلُحُ أَنْ يُقَالَ: إِنَّ اللَّهَ يَسْتَخْلِفُ أَحَدًا عَنْهُ، فَإِنَّهُ حَيٌّ قَيُّومٌ شَهِيدٌ مُدَبِّرٌ لِعِبَادِهِ، مُنَزَّهٌ عَنِ الْمَوْتِ وَالنَّوْمِ وَالْغَيْبَةِ، وَلِهَذَا لَمَّا قَالُوا لِأَبِي بَكْرٍ: يَا خَلِيفَةَ اللَّهِ، قَالَ: لَسْتُ خَلِيفَةَ اللَّهِ، بَلْ خَلِيفَةُ رَسُولِ اللَّهِ، وَحَسْبِي ذَلِكَ، وَاللَّهُ تَعَالَى يُوصَفُ بِأَنَّهُ يَخْلُفُ الْعَبْدَ، كَمَا قَالَ ﷺ: «اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الْأَهْلِ»، وَقَالَ فِي حَدِيثِ الدَّجَّالِ: «وَاللَّهُ خَلِيفَتِي عَلَى كُلِّ مُسْلِمٍ». [ابن تيمية في منهاج السنة النبوية]

[പ്രതിനിധിയാക്കുന്നവൻെറ അഭാവത്തിലോ അയാളുടെ മരണത്തിലോ മാത്രമേ പ്രതിനിധിയാക്കപ്പെട്ടവൻ പ്രാതിനിധ്യം വഹിക്കുന്നവനായിത്തീരുകയുള്ളു. നബി ﷺ മദീനയിലുള്ളപ്പോൾ അവിടെ തനിക്ക് ഒരു പ്രതിനിധി ഉണ്ടാകുമായിരുന്നില്ല. നബി ﷺ പ്രതിനിധി ആക്കിയവരുടെയെല്ലാം പ്രാതിനിധ്യം അവിടുന്ന് മടങ്ങി വരുന്നതോടെ അവസാനിക്കുമായിരുന്നു. അതേ പോലെ, മറ്റു ഭരണാധികാരികളും അവരുടെ അഭാവത്തിൽ ആരെയെങ്കിലും അവരുടെ പട്ടണത്തിൽ പ്രതിനിധിയാക്കിയാൽ അവർ സന്നിഹിതരാകുമ്പോൾ പ്രാതിനിധ്യം നൽകപ്പെട്ടവരുടെ പ്രാതിനിധ്യം അസാധുവാകുമായിരുന്നു. അതു കൊണ്ടു തന്നെ അല്ലാഹു ആരെയെങ്കിലും തൻെറ പ്രതിനിധിയാക്കി എന്ന് പറയാൻ പാടില്ല. കാരണം അവൻ ജീവത്തായവനും മുഴു സൃഷ്ടിജാലങ്ങളെയും നിലനിർത്തുന്നവനും സദാ സന്നിഹിതനും സൃഷ്ടികളെ നിയന്ത്രിച്ചു പരിപാലിക്കുന്നവനും, മരണം, ഉറക്കം, അഭാവം എന്നിവയിൽനിന്ന് മുക്തനായവനുമാണ്. അതുകൊണ്ടാണ് അവർ അബൂബക്കർ رَضِيَ اللهُ عَنْهُ നെ ഖലീഫതുല്ലാഹ് (خليفة الله) എന്ന് വിളിച്ചപ്പോൾ ഞാൻ അല്ലാഹുവിൻെറ ഖലീഫയല്ല, നബി ﷺ യുടെ ഖലീഫയാണ്, എനിക്ക് അതു മതി എന്നു പറഞ്ഞത്. എന്നാൽ അല്ലാഹുവിനെ അടിയാൻെറ കാര്യങ്ങൾ ഏറ്റെടുക്കുന്ന ഖലീഫഃ എന്നു വിശേഷിപ്പിക്കാം. നബി ﷺ പറയുന്നു. ”അല്ലാഹുവേ, നീയാണ് യാത്രയിലെ കൂട്ടാളിയും കുടുംബത്തിൻെറ കാര്യം ഏറ്റെടുക്കുന്ന ഖലീഫയും”. ദജ്ജാലിനെ കുറിച്ചുള്ള ഹദീസിൽ അവിടുന്ന് പറഞ്ഞു; ”അല്ലാഹുവാണ് ഓരോ മുസ്‌ലിമിൻെറയും കാര്യം ഏറ്റെടുക്കുന്ന എൻെറ ഖലീഫഃ] (ഇബ്‌നു തൈമിയ്യഃ മിൻഹാജുസ്സുന്നഃയിൽ രേഖപ്പെടുത്തിയത്)

ഇമാം അൽബാനി رَحِمَهُ اللهُ പറയുന്നത് കാണുക:

وهذه الزيادة خليفة الله ليس لها طريق ثابت، ولا ما يصلح أن يكون شاهدا لها، فهي منكرة كما يفيده كلام الذهبي السابق، ومن نكارتها أنه لا يجوز في الشرع أن يقال: فلان خليفة الله، لما فيه من إيهام ما لا يليق بالله تعالى من النقص والعجز، [الألباني في سلسلة الأحاديث الضعيفة والموضوعة وأثرها السيئ في الأمة]

[അല്ലാഹുവിൻെറ പ്രതിനിധി (خَلِيفَةُ اللهِ) എന്ന ഈ അധിക വചനം, അതിന് സ്ഥിരപ്പെട്ട ഒരു പരമ്പരയില്ല. അതിന് ഉപോൽബലകമായി കണക്കാക്കാവുന്ന മറ്റു തെളിവുകളുമില്ല. നേരത്തെ ഉദ്ധരിച്ച ദഹബിയുടെ പരാമർശത്തിലുള്ളതു പോലെ അത് സ്ഥിരപ്പെട്ട ഹദീസിന് വിരുദ്ധമായി വന്നിട്ടുള്ള ദുർബ്ബലമായ (مُنْكَرَة) ഉദ്ധരണിയാണ്. അതിൻെറ ന്യൂനതകളിൽ (نَكَارَة) പെട്ടതാണ് ശർഇൽ ഒരു വ്യക്തിയെ കുറിച്ചും അല്ലാഹുവിൻെറ ഖലീഫഃ എന്നു പറയാൻ പാടില്ല എന്നത്. കാരണം അത് അല്ലാഹുവിൻെറ മഹത്വത്തിനു നിരക്കാത്ത ന്യൂനതകളും കഴിവുകേടുകളും ദ്യോതിപ്പിക്കുന്നു.] (അൽബാനി ളഈഫഃയിൽ രേഖപ്പെടുത്തിയിത്)

മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുക എന്ന ആശയം പ്രചരിപ്പിച്ചിരുന്നത് അദ്വൈത വാദികളായ സൂഫികളാണ്. ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു.

وَقَدْ ظَنَّ بَعْضُ الْقَائِلِينَ الْغَالِطِينَ كَابْنِ عَرَبِيٍّ أَنَّ الْخَلِيفَةَ هُوَ الْخَلِيفَةُ عَنْ اللَّهِ، مِثْلُ نَائِبِ اللَّهِ؛ وَزَعَمُوا أَنَّ هَذَا بِمَعْنَى أَنْ يَكُونَ الْإِنْسَانُ مُسْتَخْلَفًا. [ابن تيمية في الفتاوى الكبرى] 

[ഇബ്‌നു അറബിയെ പോലുള്ള ചില തെറ്റായ ചിന്താഗതിക്കാർ കരുതുന്നത് ഖലീഫഃ എന്നാൽ അല്ലാഹുവിൻെറ പകരക്കാരൻ എന്ന അർത്ഥത്തിലുള്ള അല്ലാഹുവിൻെറ പ്രതിനിധി എന്നാണ്. മനുഷ്യനെ ഖലീഫയാക്കി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഈ ആശയമാണെന്ന് അവർ വാദിക്കുന്നു.] (ഇബ്‌നു തൈമിയ്യഃ ഫതാവൽ കുബ്റായിൽ രേഖപ്പെടുത്തിയത്)

എന്നാൽ ചിലർ ഭരണാധികരിയെ (മനുഷ്യരെ മൊത്തത്തിലല്ല) ഖലീഫതുല്ലാ എന്ന് വിശേഷിപ്പിക്കാറുണ്ട്. ആ പ്രയോഗം പോലും അബൂബക്കർ رَضِيَ اللهُ عَنْه നെ പോലുള്ളവർ ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റു ചിലർ അല്ലാഹു മനുഷ്യനു നൽകിയ ആദരവിനെ സൂചിപ്പിക്കാനും ഖലീഫതുല്ലാഹ് എന്ന് പറയാറുണ്ട്. ഇതെല്ലാം അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും മാത്രമാണ്. സൂക്ഷ്മമോ പ്രമാണബദ്ധമോ അല്ല.

ചുരുക്കത്തിൽ, മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നു എന്ന ആശയം മൗലികമായി തന്നെ തെറ്റാണ്; അല്ലാഹുവിൻെറ മഹത്വത്തിന് നിരക്കാത്തതും മനുഷ്യന് ഒരിക്കലും സാധിക്കാത്തതുമായ കാര്യമാണ്. മനുഷ്യൻ ഭൂമുഖത്ത് ജിന്നിൻെറ പിൻഗാമിയാണ്. തലമുറ തലമുറയായി സംസ്കാരം കൈമാറുന്ന വർഗ്ഗമാണ്. ഭൂമിയിൽ ആദരവും ആധിപത്യവും നൽകപ്പെട്ടവനുമാണ്. അല്ലാതെ, ഭൂമിയിൽ അല്ലാഹുവിൻെറ നിയമം നടപ്പിലാക്കാനും അവൻെറ ഭരണം സ്ഥാപിക്കാനും നിയുക്തനായ അല്ലാഹുവിൻെറ പ്രതിനിധിയോ പകരക്കാരനോ അല്ല.

പുതിയവ